പലപ്പോഴും ഭ്രാന്ത് കൂടി അയാൾ റോഡ് സൈഡിലൂടെ ഓടുന്നതൊക്കെ അവർ കണ്ടിട്ടുണ്ട് എന്ന്… ഇവിടെയായി അങ്ങനെയൊന്നും ഉണ്ടാവാറില്ല എന്ന്….

(രചന: J. K)

വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം മുതൽ അമ്മയുടെ മുഖം ആകെ പ്ലാനമായത് കണ്ടു കൊണ്ടാണ് അമ്മയോട് ചോദിച്ചത് എന്ത് പറ്റി എന്ന്….

ഏയ് ഒന്നുമില്ല എന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞുമാറി പക്ഷേ എനിക്കറിയാമായിരുന്നു എന്തോ കാര്യമായ പ്രശ്നം ഉണ്ട് എന്ന് ഞാൻ കുറെ ചോദിച്ചിട്ടും അമ്മ ഒന്നും വിട്ടു പറഞ്ഞില്ല

അതുകൊണ്ടാണ് ഞാൻ മറ്റാരോടെങ്കിലും ചോദിക്കാം എന്ന് തീരുമാനിച്ചത്…

കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു എല്ലാവരുടെയും മുഖത്ത് ഒരു വിഷാദം…

അമ്മായിയെ കണ്ടപ്പോൾ അമ്മായിയോട് ചോദിച്ചു അമ്മായി എന്നോട് എന്തായാലും തുറന്നു പറയും എന്ന് എനിക്കറിയാമായിരുന്നു..

“””അത്… പ്രവീണിന് എന്തോ മാനസിക പ്രശ്നം ഉണ്ട് എന്ന് അച്ഛനോട് ഇന്ന് ഉച്ചയ്ക്ക് ആരോ വിളിച്ചു പറഞ്ഞത്രേ…

അയാൾ എത്രയോ കാലമായി അതിന് മരുന്ന് കഴിക്കുന്നുണ്ട് എന്ന്…. അത് അറിഞ്ഞത് മുതൽ ഇവിടെ എല്ലാവർക്കും ആദിയാണ് ഇതിപ്പോ കല്യാണത്തിന്റെ തലേദിവസം വരെ എത്തിയില്ലേ…

ഇനി എന്ത് ചെയ്യും എന്ന് ഓർത്താണ് നടക്കുന്നത് അച്ഛനും അമ്മാവന്മാരും കൂടി അതിനെ പറ്റി ചോദിക്കാൻ വേണ്ടിയിട്ടാണ് പോവാൻ നിൽക്കുന്നത് “””‘

അത് കേട്ടത് ദിവ്യ ആകെ ഭയന്നുപോയി…

അവൾ പെണ്ണുകാണാൻ വന്നത് മുതൽ ഉണ്ടായ സംഗതികൾ ഓർത്തു പ്രവീൺ അന്ന് വന്ന് തന്നോട് സംസാരിച്ചതാണ് പക്ഷേ അയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ല…

അയാൾക്ക് ഇഷ്ടമായി ഇനി എന്റെ തീരുമാനം എന്താണെന്ന് വെച്ചാൽ വീട്ടുകാരെ അറിയിക്കൂ എന്ന് പറഞ്ഞ് അന്ന് പോയി എനിക്ക് ഇഷ്ടമാണ് എന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ അവർ തന്നെയാണ് ഈ വിവാഹം ഉറപ്പിച്ചതും…

ചെറിയതോതിൽ ഒരു നിശ്ചയം കഴിച്ചു. അതിനുശേഷം ഫോൺവിളികളിലൂടെ ഞങ്ങൾ തമ്മിൽ അടുത്തിരുന്നു…..

അത്ര കൂടുതലൊന്നും വിളിക്കില്ല ഒരു ദിവസം എപ്പോഴെങ്കിലും കുറച്ചുനേരം വിളിച്ചാൽ ആയി…

പക്ഷേ അപ്പോഴും തനിക്ക് ഇങ്ങനെയൊന്നും സംശയം പോലും തോന്നിയിട്ടില്ല എന്ന് ഓർത്തു ദിവ്യ..

അവൾ വേഗം അച്ഛന്റെ
യും അമ്മാവന്മാരുടെയും അടുത്തേക്ക് ചെന്നു….

“””‘ എന്താ അച്ഛാ ആരാ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ ആദ്യം അയാൾ മകളെ ഒന്ന് നോക്കി. അവൾ എല്ലാം അറിഞ്ഞിട്ടുണ്ട് എന്ന് അയാൾക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ എല്ലാം പറഞ്ഞു…..

വിളിച്ചു പറഞ്ഞത് പ്രവീണിന്റെ ഒരു നാട്ടുകാരൻ തന്നെയാണ് വിജയേട്ടന്റെ മകളാണ് എന്ന് അറിഞ്ഞില്ല അറിഞ്ഞതുകൊണ്ട് വിളിച്ചു പറയുകയാണ് എന്ന് പറഞ്ഞ് പറഞ്ഞതാണ്….

“” പലപ്പോഴും ഭ്രാന്ത് കൂടി അയാൾ റോഡ് സൈഡിലൂടെ ഓടുന്നതൊക്കെ അവർ കണ്ടിട്ടുണ്ട് എന്ന്… ഇവിടെയായി അങ്ങനെയൊന്നും ഉണ്ടാവാറില്ല എന്ന്….

അങ്ങനെയാണെങ്കിൽ പോലും വലിയ ചതിയല്ലേ അവർ ചെയ്തത്… ഇതൊന്നും അറിയിക്കാതെ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ അല്ലേ അവർ നോക്കിയത്…”‘

അച്ഛൻ ദേഷ്യം കൊണ്ട് വിറക്കുകയാണ് എന്തുചെയ്യണമെന്നറിയാതെ നിന്നു ദിവ്യ…

എല്ലാം ഞങ്ങൾ പോയി സംസാരിച്ച് ഇടപാട് തീർത്തിട്ട് വരാം…

അത് കേട്ടപ്പോൾ അവൾക്ക് എന്തോ പാവം തോന്നി അയാളോട്…

പിന്നെ മെല്ലെ പറഞ്ഞു….

“”” മാനസികരോഗം എന്നു പറയുന്നത് ആർക്കും എപ്പോഴും വരുന്ന ഒരു അവസ്ഥയല്ലേ…. ഒരുപക്ഷേ വിവാഹത്തിന് ശേഷമാണ് അങ്ങനെ വരുന്നതെങ്കിലോ… അപ്പോൾ ഞാൻ തന്നെ വേണ്ടേ സഹിക്കാനും കൂടെ നിൽക്കാനും… “””

ദിവ്യ പറഞ്ഞത് കേട്ട് അച്ഛൻ അവളെ നോക്കി പക്ഷേ മോളെ… അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരാൾക്ക് തലവച്ചു കൊടുക്കണം അയാൾ ഭ്രാന്ത് കൂടി നിന്നെ എന്തെങ്കിലും ചെയ്യില്ല എന്നുപോലും ആർക്കും പറയാൻ പറ്റില്ല…

ഒന്നുമില്ലെങ്കിലും അവർക്ക് ഒന്ന് പറയുകയെങ്കിലും ചെയ്യാമായിരുന്നു. ഇതിനെപ്പറ്റി അത് ആ മാന്യത പോലും അവർ കാണിച്ചില്ല…..

“””” ഓരോരുത്തരും അവരവരുടെ കാര്യങ്ങളിൽ സ്വാർത്ഥരല്ലേ അച്ഛ….. ഈ വിവാഹം നടക്കുന്നെങ്കിൽ നടക്കട്ടെ എന്ന് അവരും കരുതിക്കാണും നമ്മളായാലും അത് തന്നെയല്ലേ ചെയ്യുക….

നിങ്ങൾ ഇപ്പോൾ അവിടെ ചെന്ന് എന്താണ് പറയാൻ പോകുന്നത്.. മാനസികരോഗിയായ അയാളെ എനിക്ക് വേണ്ട എന്ന് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ ദോഷം മാത്രമല്ലേ ഉണ്ടാകു..

ഒരുപക്ഷേ അത് അയാളുടെ മാനസിക നില കൂടുതൽ തകരാറിലാക്കാം… എന്നിട്ട് മറ്റൊരു വിവാഹം ഞാൻ കഴിക്കേണ്ടിവരും അതിലും വേറെ വലിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ?? “””

ദിവ്യ പറഞ്ഞത് കേട്ട് മറുപടിയൊന്നും പറയാനില്ലാതെ അയാൾ നിന്നു..

പ്രവീണേട്ടനെ വിളിച്ച് ഞാനൊന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ദിവ്യ ഫോൺ എടുത്തു കൊണ്ടുപോയി….

ഉണ്ടായതെല്ലാം അയാളോട് തുറന്നു പറഞ്ഞപ്പോൾ അയാളുടെ ശബ്ദത്തിലെ പകർച്ച അവൾക്ക് അറിയാനുണ്ടായിരുന്നു പെട്ടെന്ന് ഫോൺ അയാളുടെ അമ്മ വാങ്ങി..

“””എന്റെ കുട്ടിക്ക് ഇപ്പോൾ യാതൊരു കുഴപ്പവുമില്ല എത്രയോ കാലം മുമ്പാണ് അതൊക്കെ ഉണ്ടായത് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾ അത് പറയാതിരുന്നത്..

അമ്മ ഉറപ്പു നൽകാൻ മോൾക്ക് ഇതുകൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന്..

എന്റെ കുട്ടിക്ക് സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ…. അവനെ ജീവനായിരുന്നു അവന്റെ അച്ഛനെ പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതായപ്പോൾ ആ കുഞ്ഞു മനസ്സിന്റെ താളം ഒന്ന് തെറ്റി അത്രയേ ഉള്ളൂ..

ഒരിക്കൽ അങ്ങനെ ആയതുകൊണ്ട് നാട്ടുകാരുടെ മുന്നിലും അവൻ വീണ്ടും വീണ്ടും ഒരു മാനസിക രോഗിയായി ചിത്രീകരിക്കപ്പെട്ടു… അമ്മ പറയാനുള്ളതെല്ലാം പറഞ്ഞു ഇനി എന്താണെന്ന് വെച്ചാൽ മോൾക്ക് തീരുമാനിക്കാം എന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു “”””

അച്ഛനും അത് പൂർണ്ണമായി എന്റെ തീരുമാനത്തിന് വിട്ടു തന്നു…

ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്നില്ല എന്നായിരുന്നു എന്റെ തീരുമാനം…

ഒരു അസുഖത്തിന്റെയോ മറ്റോ പേര് പറഞ്ഞ് ഒരാളുടെ ജീവിതം ഇല്ലാതാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല….

പ്രത്യേകിച്ചും പ്രവീണേട്ടനെ അയാളോട് ഞാൻ സംസാരിച്ചതാണ് യാതൊരുവിധ പ്രശ്നങ്ങളും അയാളിൽ എനിക്ക് കണ്ടെത്താനായില്ല പിന്നെ ആരോ ഒരാൾ പറഞ്ഞു എന്നുവച്ച്, നമ്മൾ നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യം അങ്ങനെ അല്ല എന്ന് വിശ്വസിക്കേണ്ട ആവശ്യമില്ലല്ലോ….

അങ്ങനെ എന്റെ ഉറപ്പിന്മേൽ ഈ വിവാഹം കഴിഞ്ഞു..

വലതുകാൽ വെച്ച് ചെന്ന് വീട്ടിൽ എന്നെ താഴ്ത്തും തലയിലും വയ്ക്കാതെ എല്ലാവരും കൊണ്ട് നടന്നു എല്ലാം അറിഞ്ഞിട്ടും വിവാഹത്തിൽനിന്ന് പിന്മാറാത്ത എന്റെ മനസ്സായിരുന്നു അതിന് കാരണം….

പ്രവീൺ ഏട്ടനും എന്നോട് ഒരുപാട് സ്നേഹമായിരുന്നു…

ഒരുപക്ഷേ ഇതെല്ലാം എനിക്ക് നഷ്ടപ്പെടുത്താമായിരുന്നു.. ഒരു നിമിഷത്തെ തീരുമാനം കൊണ്ട്…

പക്ഷേ ആലോചിച്ച് ഒരുപാട് വട്ടം ഉറപ്പിച്ച് ഞാൻ ഈ തീരുമാനം എടുത്തത് തെറ്റില്ല എന്ന് എനിക്ക് ബോധ്യമുള്ളത് കൊണ്ട് മാത്രമാണ്….

ചിലരെയെങ്കിലും നമ്മൾ സ്വാർത്ഥത മറന്ന് ജീവിതത്തിൽ ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിക്കണം അപ്പോൾ അറിയാം നമ്മൾ കേട്ടതൊന്നും ആയിരുന്നില്ല സത്യം എന്ന്….

Leave a Reply

Your email address will not be published. Required fields are marked *