മകൾക്കായ്
(രചന: Jainy Tiju)
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജീവിതം തകർന്നുവീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാൻ.. ഒരു തെറ്റും ചെയ്യാതെ കൊ ല പാതകിയെന്നു വിളിക്കപ്പെട്ടവനാണ് ഞാൻ.
അതും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ ഭാര്യയെ കൊ ന്നു എന്ന് പഴി കേൾക്കേണ്ടി വന്നവൻ. എനിക്കെതിരെ സാക്ഷിയായത് എന്റെ സ്വന്തം മകളായിരുന്നു..
തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള ഒരു ആറു വയസ്സുകാരിയുടെ വാക്കുകൾ വീട്ടുകാരും നാട്ടുകാരും അധികാരികളും മുഖവിലക്കെടുത്തപ്പോൾ ഞാൻ ദുഷ്ടനായ ഭർത്താവായി,
സ്വന്തം ഭാര്യയെ കുറ്റബോധമില്ലാതെ കൊ ന്നു കളഞ്ഞ നികൃഷ്ടനായി.
എന്റെ സ്വപ്ന, പേരുകേട്ട തറവാട്ടിലെ ഏക പെൺസന്തതി. അതുകൊണ്ട് തന്നെ വാശിക്കാരിയായിരുന്നു അവൾ.
ജാതകത്തിലുള്ള ചേർച്ചയും എന്റെ ജോലിയും കണ്ടിട്ടാണ് അവരുടെ പകുതി പോലും ആസ്തിയില്ലാതിരുന്നിട്ടും അവളെ എനിക്ക് വിവാഹം കഴിച്ചു തന്നത്.
അവൾക്കെന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി എന്നൊരു കാരണം കൂടി ഉണ്ടായിരുന്നു.
ജീവനുതുല്യം ഞാൻ അവളെ സ്നേഹിച്ചു. എന്റെ വീട്ടുകാരും വളരെ നന്നായി തന്നെയാണ് അവളോട് പെരുമാറിയിരുന്നത്..
നിസ്സാര കാര്യങ്ങൾക്കായിരുന്നു അവളുടെ പിണക്കങ്ങളും പൊട്ടിത്തെറികളും.
കുറച്ചു കഴിയുമ്പോൾ പക്വതയും പാകതയും വരുമെന്നു കരുതിയെങ്കിലും ഒരു കുഞ്ഞുണ്ടായിട്ടും അതിനു മാറ്റമുണ്ടായില്ല. ആരോടാ എന്താ പറയണ്ടേ എന്നൊരു നിശ്ചയമില്ലാത്ത പോലെ.
പലപ്പോഴും എന്റെ നിയന്ത്രണം വിട്ടുപോയിട്ടുണ്ടെങ്കിലും കുടുംബത്തെ സമാധാനം ഓർത്തു ഞാൻ ക്ഷമിച്ചു.
എന്നെ ഏറ്റവും വേദനിപ്പിച്ചിരുന്നത് അവൾ സ്വന്തം വീട്ടിൽ എന്റെ വീട്ടുകാരെ പറ്റി വളരെ മോശമായാണ് പറഞ്ഞിരുന്നത് എന്നതാണ്.
ഒരു നശിച്ച ദിവസം അച്ഛനുമായി അവൾ എന്തോ പറഞ്ഞു തെറ്റി. അച്ഛനെ അവൾ എന്തൊക്കെയോ പറഞ്ഞത് അമ്മക്ക് ഭയങ്കര ദേഷ്യമായി. പെങ്ങളും കുടുംബവും അന്ന് അവിടെ ഉണ്ടായിരുന്നു.
ഇതെല്ലാം കണ്ടുനിന്ന അവരും ഇടപെട്ടതോടെ വലിയ വഴക്കായി. എല്ലാവരെയും നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു. കയ്യിൽ നിന്ന് പോയി എന്ന് തോന്നിയതോടെ നിയന്ത്രണം വിട്ടു ഞാനവളെ അടിച്ചു.
അടികൊണ്ട് അവൾ വീണപ്പോൾ എല്ലാവരും പേടിച്ചു പോയി. എന്റെ മോളും പെങ്ങളുടെ കുഞ്ഞും കരഞ്ഞതോടെ പെങ്ങൾ അവരെയും കൂട്ടി പുറത്തേക്ക് പോയി.
കുട്ടികളുടെ മനസ്സ് മാറ്റാനായി അവൾ അവരെക്കൊണ്ട് രണ്ടുവീട് അപ്പുറത്തുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി.
ഞാൻ സ്വപ്നയെ പിടിച്ചു കൊണ്ടുപോയി റൂമിലിട്ട് ദേഷ്യത്തിൽ വാതിലടച്ചു പുറത്തേക്ക് വന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പെ ട്രോ ളിന്റെ മ ണവും സ്വപ്നയുടെ അ ല റിക്കരച്ചിലും കേട്ടാണ് ഞങ്ങൾ വീടിനു പുറകു വശത്തേക്കോടിയത്.
ഞാൻ ചെല്ലുമ്പോൾ ഒരു തീ ഗോളമായി എന്റെ സ്വപ്ന.. കരഞ്ഞു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടിയതും അളിയൻ കയറിപ്പിടിച്ചു.
എങ്കിലും ചെറുതായി എനിക്കും പൊള്ളാലേറ്റു. അവർ വെള്ളമൊഴിച്ചു തീകെടുത്താൻ ശ്രമിച്ചു എങ്കിലും വൈകിപ്പോയിരുന്നു. തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞിരുന്നു എന്റെ സ്വപ്ന.
തകർന്നുപോയിരുന്നു ഞാൻ. പക്ഷെ, അവളുടെ വീട്ടുകാർ വിവരം അറിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.
ഞാനും എന്റെ വീട്ടുകാരും കൂടി കൊ ന്നതാണ് എന്നായി അവർ.ആ സംശയത്തിന് ആക്കം കൂട്ടിയത് എന്റെ പൊന്നുമോളുടെ നിഷ്കളങ്കമായ വാക്കുകളായിരുന്നു.
“അച്ഛൻ അമ്മയെ അ ടിച്ചപ്പോ അമ്മ വീണു… പിന്നൊന്നും മിണ്ടിയില്ല… ഞാൻ കരഞ്ഞപ്പോൾ ആന്റി എന്നെയും കിച്ചുവിനെയും വല്യമ്മമ്മടെ വീട്ടിലേക്ക് കൊണ്ടോയി.. ” ഇതായിരുന്നു മോളുടെ വാക്കുകൾ.
അതോടെ എനിക്കെന്തോ കൈയബദ്ധം പറ്റിയെന്നും തെളിവ് നശിപ്പിക്കാൻ ഞാനും എന്റെ വീട്ടുകാരും കൂടി അവളെ പെട്രോളോഴിച്ചു കത്തിച്ചു എന്നും നാട്ടുകാരും അവളുടെ ബന്ധുക്കളും വിശ്വസിച്ചു.
പോലീസിൽ കംപ്ലയിന്റ് ചെയ്തു. അവളുടെ ശരീരം അടക്കം ചെയ്യാൻ അവളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതോടെ എന്റെ കുഞ്ഞിനേയും അവർ കൊണ്ടുപോയി.
ആളുകൾ പലതരം കഥകളും പറഞ്ഞു തുടങ്ങി . ഈ മരണത്തിലെ ലോജിക് ചർച്ച ചെയ്തു. എന്തിനു ഞാൻ രണ്ടു ലിറ്റർ പെട്രോൾ വാങ്ങി വീട്ടിൽ വെച്ചു? കുഞ്ഞിനെ അവിടെ നിന്നും എന്തിനു മാറ്റി?
ആരെങ്കിലും ആ ത്മഹത്യാ ചെയ്യാൻ വീടിന്റെ പുറകിലുള്ള തുറസ്സായ സ്ഥലം തിരഞ്ഞെടുക്കുമോ? എന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള ഉത്തരം ഞാൻ അവളെ കൊന്നതാണ് എന്ന് തന്നെയായി.
അങ്ങനെ നാട്ടിൽ ജനസമ്മതിയുള്ളവനും കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപകനുമായ ഞാൻ വെറുമൊരു കൊ ലപാതകിയായി.
പിന്നീട് ഞാൻ അനുഭവിച്ച വേദനകൾ, പീഡനങ്ങൾ, പരിഹാസങ്ങൾ… ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും.
സ്ഥലത്തെ പ്രമാണിയായ ഗോപിനാഥമേനോന്റെ പണത്തിന്റെ ബലം കേസിനും ഉണ്ടായിരുന്നു. ഞാൻ അറസ്റ്റിലായി.അതിനിടയിൽ അവർ മോളെക്കൊണ്ട് മൊഴി കൊടുപ്പിച്ചു.
” അച്ഛൻ അമ്മയോട് എപ്പോഴും വഴക്കുണ്ടാക്കും. അപ്പൊ അച്ഛൻ അമ്മയെ തല്ലും. എനിക്ക് അച്ഛനെ പേടിയാ. അച്ഛൻ എന്നെയും കൊല്ലും ”
എന്ന് പറഞ്ഞ് മോളു കരഞ്ഞെന്നു കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി.
ഞാൻ നെഞ്ചിൽ കിടത്തിയുറക്കിയിരുന്ന എന്റെ മകൾ, അവൾക്കെന്നെ പേടിയാണത്രെ. എന്റെ സങ്കടം കണ്ടപ്പോൾ അച്ഛൻ പറഞ്ഞു,
“കുഞ്ഞുങ്ങളുടെ മനസ് ഒരു തെളിഞ്ഞ കണ്ണാടിപോലെയാ. അതിൽ നമ്മൾ കോറിയിടുന്ന ചിത്രങ്ങളാണ് പ്രതിഫലിക്കുക.
അവർ നിന്റെ മോളുടെ മനസ്സിൽ വിഷം നിറച്ചിരിക്കുന്നു. അവളുടെ മനസ്സിൽ നീ അവൾക്ക് അമ്മയില്ലാതാക്കിയവനാണ്. ഉടനെയൊന്നും അവളെ തിരുത്താൻ നമുക്കാവില്ല. കാലം തിരുത്തട്ടെ.”
പിന്നെയും എന്തൊക്കെയോ പറഞ്ഞു അച്ഛൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
എന്തായാലും കൊ ലപാതകക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല.
പക്ഷെ, ഗാർഹികപീഡനത്തിനും ആ ത്മഹത്യാ പ്രേരണക്കും കേസെടുത്തു. എന്നെ മൂന്നു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. അതോടെ കോളേജിൽ നിന്ന് എന്നെ ഡിസ്മിസ് ചെയ്തു.
പിന്നീട് എല്ലാവരോടും എനിക്ക് വെറുപ്പായി. വീട്ടുകാരോടും കൂട്ടുകാരോടും എന്തിന്, ഈ ലോകത്തോട് തന്നെ.
ഇത്രയെല്ലാം സഹിക്കാൻ ഞാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. അവൾ എന്നോട് ചെയ്ത ദ്രോഹമായിട്ടാണ് എനിക്ക് തോന്നിയത്.
എല്ലാവരും എന്നോടാണ് നീതികേട് പ്രവർത്തിച്ചത്. എന്നിട്ടും അനുഭവിക്കുന്നത് ഞാൻ. പിന്നെ പിന്നെ ഞാൻ അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു തുടങ്ങി.
ആ വഴക്കിൽ ഞാൻ കൂടി അവളെ ഒറ്റപ്പെടുത്തി എന്നവൾക്ക് തോന്നിയിരിക്കണം. അപ്പോഴവളെ അടിച്ചു എങ്കിലും പിന്നീട് അവളെ പറഞ്ഞു മനസിലാക്കാമെന്നു ഞാൻ കരുതി.
അവളെ നിയന്ത്രിക്കാനാണ് എളുപ്പം എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ, അവളെനിക്ക് അതിനുള്ള അവസരം തന്നില്ല.
അവളുടെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് മകളെ വിവാഹം കഴിപ്പിച്ച വീട്ടിൽ നിന്ന് വിളിച്ച് അവൾ ആ ത്മ ഹത്യ ചെയ്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?
എന്റെ സഹോദരിയാണെങ്കിലും ഞങ്ങൾ ഇങ്ങനെയേ പെരുമാറൂ.
എല്ലാം എന്റെ വിധി.എന്റെ മകൾക്ക് വേണ്ടി ഇനിയെനിക്ക് ജീവിക്കണം. മൂന്നുവർഷം എല്ലാം സഹിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ അമ്മുമോളുടെ മുഖമായിരുന്നു. അത് വെറുതെയാണെന്ന് ഞാൻ അറിഞ്ഞില്ല.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ആദ്യം പോയത് മോളെ കാണാനായിരുന്നു. അവളെ പറഞ്ഞു തിരുത്താം എന്നെനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.
അവരെന്നെ ആട്ടിയിറക്കി. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവരുടെ മകളുടെ മരണത്തിനു ഉത്തരവാദി ഞാനാണല്ലോ.
പക്ഷെ, എന്നെ ഏറ്റവും വേദനിപ്പിച്ചത് മോളെന്നെ കാണാൻ തയ്യാറായില്ല എന്നതാണ്. അവൾക്കെന്നെ വെറുപ്പാണെന്ന്, പേടിയാണെന്ന്. ചങ്ക് തകർന്നാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്.
നാട്ടിലും സ്വന്തം വീട്ടിൽ പോലും ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങി എന്ന് തോന്നിയപ്പോൾ നാടുവിട്ടു. ബാംഗ്ലൂർ, ഹൈദരാബാദ് അങ്ങനെ പലസ്ഥലങ്ങൾ.
പല ജോലികൾ. ആരെയും കോൺടാക്ട് ചെയ്യണമെന്ന് തോന്നിയില്ല. വീണ്ടും മടുപ്പ്. പതിനാല് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നു. അപ്പോഴേക്കും എന്റെ മോളുടെ വിവാഹം കഴിഞ്ഞിരുന്നു.
അറിയിക്കാൻ എന്നെ പറ്റി ആർക്കും അറിയില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്നെ അറിയിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നതുമില്ല.
കല്യാണക്കുറിയിൽ പോലും എന്റെ പേരുണ്ടായിരുന്നില്ലത്രേ. ഗ്രാൻഡ് ഡോട്ടർ ഓഫ് ഗോപിനാഥമേനോൻ എന്നായിരുന്നത്രെ അവർ കൊടുത്തത്.
എന്റെ മോളുടെ മനസ്സിൽ പോലും ഇല്ലാത്ത ഒരച്ഛന്റെ പേരെന്തിനു കല്യാണക്കുറിയിൽ?
പിന്നീട് ഞാൻ തിരിച്ചു പോയില്ല. നാട്ടിൽ തന്നെ കൂടി. അച്ഛനുമമ്മക്കും വയ്യാതായിരിക്കുന്നു.
അവരുടെ കണ്ണുനീരിൽ ഞാൻ വാശി ഉപേക്ഷിച്ചു. എന്നെങ്കിലും എന്റെ മകൾ എന്നെ മനസ്സിലാക്കുമെന്നും അന്നവൾ എന്നെ തേടി വരും എന്നൊരു പ്രതീക്ഷ എനിക്കുണ്ട്.
കഴിഞ്ഞ ആഴ്ച എനിക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു. എന്റെ മോളുടെ ഭർത്താവ് ആയിരുന്നു .അവൻ ഒരുപാട് സംസാരിച്ചു. എന്റെ മോൾക്കിപ്പോ എന്നോട് വെറുപ്പില്ലെന്ന്.
സംഭവിച്ചതെല്ലാം മനസ്സിലാക്കാൻ അവൾക്ക് ഇപ്പോൾ കഴിയുന്നുണ്ടെന്ന്.. മറ്റുള്ളവരുടെ വാക്കുകേട്ട് എന്നെ വെറുത്തതിലും അകറ്റിനിർത്തിയതിലും മനസ്ഥാപമുണ്ടെന്ന്.
ഒരുപാട് സന്തോഷം തോന്നി അതെല്ലാം കേട്ടപ്പോൾ. എന്തായാലും ആ മോന്റെ നല്ല മനസ്സ്. എന്റെ മോൾക്ക് ഈ അച്ഛനെ മനസ്സിലാക്കാൻ മരുമകൻ വേണ്ടി വന്നു. പരാതിയില്ല.
അവളുടെ വെറുപ്പ് മാറിയല്ലോ. അത് മതി. ഈ അച്ഛന്റെ നിരപരാധിത്വം അവൾ മനസ്സിലാക്കിയല്ലോ. അത് മതി. അതിനു വേണ്ടിയാണല്ലോ ഞാൻ ഇതുവരെ കാത്തിരുന്നത്.
ഇന്നലെ എന്റെ മോൾ എന്നോട് സംസാരിച്ചു.. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ രണ്ടുപേർക്കും അധികം വാക്കുകൾ കിട്ടിയില്ല..
അവരിന്നു എന്നെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞ് അവൻ ഫോൺ വെച്ചു.
തത്കാലം അമ്മാവനും മുത്തച്ഛനും ഒന്നും അറിയണ്ട എന്നും പറഞ്ഞു. ആരും അറിയണ്ട. എനിക്കവരെ ഒന്ന് കണ്ടാൽ മതി..
രാവിലെ മുതൽ സമയം പോകുന്നില്ല.. കുട്ടികളെ കാണുന്നുമില്ല. അമ്മയാണെങ്കിൽ ഭയങ്കര സന്തോഷത്തിലാണ്.
വയ്യാഞ്ഞിട്ട് കൂടി കുട്ടികൾക്കു വേണ്ടി എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്. നെഞ്ചിനെന്തോ ഒരു പിടുത്തം പോലെ.
നെഞ്ചിലെന്തോ ഭാരം കയറ്റിവെച്ച പോലെ. അമിതമായ സന്തോഷം കൊണ്ടാവണം. അല്ലെങ്കിൽ എന്നെക്കാണുമ്പോൾ അവളുടെ പ്രതികരണം എന്താവുമെന്ന ആകാംക്ഷ കൊണ്ടാവാം.
ചിലപ്പോൾ “അച്ഛാ ” എന്നൊരു വിളിയുമായി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ഓടിവന്നേക്കും. അല്ലെങ്കിൽ കാലം വളർത്തിയ അകൽച്ചയിൽ പതറി പതിയെ അടുത്തുവന്നേക്കാം.
ഈ ചിന്തകൾക്കിടയിൽ, പതിനേഴു വർഷത്തെ എന്റെ കണ്ണുനീരിനും കാത്തിരുപ്പിനും വിരാമമിട്ടുകൊണ്ട് അവരുടെ കാർ ഗേറ്റ് കടന്നു മുറ്റത്തേക്ക് കയറുന്നത് കണ്ട് വർധിച്ചു നെഞ്ചിടിപ്പോടെ ഞാൻ നിന്നു…