മനസ്സിനൊപ്പം
(രചന: Jils Lincy)
ഹോസ്പിറ്റലിൽ നിന്നിറങ്ങി വണ്ടിയിൽ കയറുമ്പോഴും സാം ഒന്നും മിണ്ടിയില്ല…
ഞാനാകട്ടെ ഒരു തരം മരവിപ്പിൽ അമർന്നിരിക്കുകയായിരുന്നു.. കാറിലെ വിൻഡോ താഴ്ത്തി ഞാൻ പുറത്തേക്ക് നോക്കി.. സന്ധ്യയാകുന്നു… പക്ഷികൾ കൂട്ടമായി പറന്നു പോകുന്നുണ്ട്…
ആകാശം നീലയും ചുവപ്പും ചേർന്ന നിറത്തിൽ ഒരു വലിയ കളർ ചിത്രം പോലെ തോന്നി… കാഴ്ചകൾ മറഞ്ഞു പോവുകയാണ് ജീവിതം പോലെ…
“ഗ്ലാസ് പൊക്കി വെക്ക് വെറുതെ തണുപ്പ് അടിക്കണ്ട” സാം പറഞ്ഞു.. ഇവിടെ അടുത്ത് നല്ലൊരു restaurant ഉണ്ട് നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോയാലോ.. വീട്ടിലെത്തുമ്പോഴേക്കും വൈകും..
ഞാനൊന്നും മിണ്ടിയില്ല… അല്ലെങ്കിലും എനിക്ക് തീരെ വിശക്കുന്നുണ്ടായിരുന്നില്ല..
സാധാരണ ഞാനും സാമും കൂടി എവിടെയെങ്കിലും പോയാൽ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാമെന്ന് ഞാൻ പറഞ്ഞാലും സാം സമ്മതിക്കാറില്ല…
ഇപ്പോൾ വീടെത്തും, ഇനി വീട്ടിൽ നിന്ന് കഴിച്ചാൽ പോരേ..?? എന്ന സാമിന്റെ ചോദ്യത്തിൽ തന്നെ എന്റെ വിശപ്പ് താനെ കെട്ടു പോകും…..
പലപ്പോഴും എനിക്ക് സാമിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു…
എല്ലാത്തിനും കണക്ക് സൂക്ഷിച്ചു ജീവിക്കുന്ന ഒരു ഭർത്താവിന്റെ കൂടെയുള്ള ജീവിതം എത്ര കടുപ്പമേറിയതാണെന്ന് മനസ്സിലാക്കണമെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം…..
ഒരു രൂപ പോലും അനാവശ്യമായി ചിലവാക്കാൻ എന്നെ സമ്മതിപ്പിക്കുമായിരുന്നില്ല….
പഠിക്കുന്ന കാലത്ത് എത്ര കഷ്ടപ്പെട്ടായാലും പഠിക്കണം ജോലി മേടിക്കണം എന്നായിരുന്നു ആഗ്രഹം…
ജോലി കിട്ടി കഴിഞ്ഞാൽ ഇഷ്ടമുള്ളതെല്ലാം വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കാമല്ലോ എന്നായിരുന്നു ചിന്ത….
പക്ഷേ വിവാഹം കഴിഞ്ഞതിനു ശേഷമായിരുന്നു ജോലി കിട്ടിയത്…… പിന്നെ വീട്.. കാർ…. മക്കൾ..അവരുടെ വിദ്യാഭ്യാസം… അതിനിടയിൽ കിട്ടുന്നതൊന്നും തികയാതെയായി….
പിന്നെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സാം കുട്ടികളുടെ പേരിൽ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി… ചിട്ടിയായിട്ടും… Fixed ഡെപ്പോസിറ് ആയിട്ടും ഒക്കെ…. തനിക്കിതിനൊന്നും ഇഷ്ടമുണ്ടായിരുന്നില്ല…..
ജീവിതം അതിന്റെ പൂർണ അർത്ഥത്തിൽ ആസ്വദിക്കുക എന്നതായിരുന്നു എന്റെ ഒരു പോളിസി…. കഠിനമായി അധ്വാനിക്കുക…
പിന്നെ ചെറിയ സന്തോഷങ്ങളുമായി ജീവിതതിന്റെ രസം ആവോളം നുകരുക…. മനുഷ്യനായി ജനിക്കുക എന്നത് തന്നെ ഈ സുന്ദര ഭൂമിയിലെ ഒരസുലഭ അവസരമല്ലേ…
അല്ലാതെ ഒരായുഷ്കാലം മുഴുവൻ ജോലിയെടുത്തു കൊട്ടാരം പോലെ വീട് കെട്ടി പൊക്കുന്നതിനോടോ..
ഒരു ജന്മം മുഴുവൻ അലഞ്ഞു രണ്ടു തലമുറക്ക് ജീവിക്കാൻ ഉണ്ടാക്കി വെക്കുന്നതിനോടോ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല…
താമസിക്കാനായി ഒരു ചെറിയ വീട്.. ഭേദപ്പെട്ട ഒരു ജോലി നേടുക.. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. ഒരു നല്ല ഹെൽത്ത് പോളിസി എടുക്കുക പിന്നെ.
നിറയെ യാത്രകൾ ചെയ്യുക…ഇഷ്ടമുള്ള ബുക്സ് വായിക്കുക.. മനസ്സിനണങ്ങിയ വസ്ത്രം ധരിക്കുക… സിനിമകൾ കാണുക….
പൊട്ടി ചിരിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കാതിരിക്കുക അങ്ങനെ അങ്ങനെ എന്റെ മാത്രം സ്വപ്‌നങ്ങൾ…
പക്ഷേ സാം നേരെ തിരിച്ചായിരുന്നു…. എന്റെ സ്വപ്നങ്ങൾ ഒക്കെ സാഹിത്യം പഠിച്ചവരുടെ ചില ഭ്രാന്തായി ആൾ ചിരിച്ചു തള്ളി….
ചെറിയ വീടിന് പകരം കൊട്ടാരം തന്നെ പണിതു…. അതിനുള്ളിൽ ഞാൻ ഓടി നടന്ന് ജോലി എടുത്ത് ഞാൻ എന്റെ യാത്രാ മോഹം പൂർത്തിയാക്കി…
ബുക്സ് വായിക്കാനായി ഒരു വലിയ ലൈബ്രറി തന്നെ ഉണ്ടായിരുന്നു പക്ഷേ ഒന്നു മറിച്ചു നോക്കാൻ പോലും സമയം കിട്ടിയിരുന്നില്ല….
പിന്നെ ഇഷ്ടമുള്ള വസ്ത്രങ്ങൾ …. ജോലി എടുക്കുന്ന പൈസ മുഴുവൻ തുണികടയിൽ കൊണ്ട് പോയി കളയാനാണെങ്കിൽ പണി എടുക്കുന്നത് എന്തിനാ എന്ന സ്ഥിരം ചോദ്യം എല്ലായ്പോഴും ആൾ ചോദിച്ചിരുന്നു…
അത് കൊണ്ട് തന്നെ ചെറിയ വിലയിലുള്ള വസ്ത്രങ്ങളിലേക്ക് ഞാൻ തന്നെ സ്വയം മാറി….
ജീവിതം മുൻപോട്ട് പൊയ്കൊണ്ടേയിരുന്നു… തികച്ചും യന്ത്രികമായി….
ഭർത്താവിന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ ഞാൻ മാതൃകാ ഭാര്യയും ഉത്തമ കുടുംബിനിയും ആയിരുന്നു…. പക്ഷേ എന്റെ മനസ്സിൽ ഞാൻ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു…..
സാം ഭേദപെട്ട ഭർത്താവും നല്ല അച്ഛനും ആയിരുന്നു… പക്ഷേ എനിക്ക് നല്ല സുഹൃത്തായിരുന്നില്ല.. കാമുകനായിരുന്നില്ല…
പോകെ പോകെ സാമ്പത്തികം മാത്രമായി ഞങ്ങൾക്കിടയിലെ സംസാര വിഷയം അല്ല അദ്ദേഹത്തിന് അത് മാത്രമായിരുന്നു മുഖ്യം….
ഇക്കണോമിക്സ് പഠിച്ചയാളും സാഹിത്യം പഠിച്ച ഭാര്യയും തമ്മിലുള്ള അന്തരം ഞങ്ങളുടെ ഇടയിൽ നിഴലിച്ചു കിടന്നു…. ഒരിക്കലും ചേരില്ല എന്ന വാശി പോലെ…
മാ റി ടത്തിൽ വന്ന ഒരു ചെറിയ തടിപ്പ് ഞാനാണത് ആദ്യം കണ്ടു പിടിച്ചത്… സാമിനോട് പറഞ്ഞപ്പോൾ അതത്ര ഗൗനിച്ചില്ല…
പക്ഷേ ഞാൻ ഹോസ്പിറ്റലിൽ കാണിച്ചു പെട്ടന്ന് തന്നെ അവർ മറ്റൊരു ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തു…. കുറെ ടെസ്റ്റുകൾ.. അവസാനം പേടിച്ച പോലെ തന്നെ കാൻസർ third സ്റ്റേജ്….
ഫൈനൽ റിസൾട്ട് ഇന്നാണ് കിട്ടിയത്….. സാം കൂടെ വന്നിരുന്നു.. റിസൾട്ട് നോക്കി കാൻസർ… എന്ന് ഡോക്ടർ പറയുമ്പോൾ ഞാൻ സാമിന്റെ മുഖത്തേക്ക് നോക്കി…
മുൻപില്ലാത്തവണ്ണം ആ മുഖത്ത് വിയർപ്പ് തുള്ളികൾ ഉരുണ്ടു വരുന്നതും പേടിയുടെയും നിസ്സഹായതയുടെയും
വികാരം നിഴലിക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ ആശ്വാസമാണ് തോന്നിയത് ഇത്രയും നാൾ പ്രകടിപ്പിക്കാത്ത സ്നേഹം ഇപ്പോൾ ഭയമായി പുറത്തു വന്നിരിക്കുന്നു…..
മരിക്കാൻ ഞാൻ തെല്ലും ഭയപ്പെട്ടിരുന്നില്ല… പക്ഷേ 35 വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കാതെ ഉള്ള മരണം എന്നെ ഭയപ്പെടുത്തിയിരുന്നു…..
വാ.. ഇറങ്ങു… ഭക്ഷണം കഴിച്ചിട്ട് പോകാം സാം പറഞ്ഞു…. ഞാൻ പുറത്തിറങ്ങവേ സാം പതുക്കെ എന്റെ കയ്യിൽ പിടിച്ചു….
ഞാനാകെ അമ്പരന്ന് പോയി, വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ പോലും തന്റെ കൈ ചേർത്ത് നടക്കാത്ത ആളാണ്….
നല്ല restaurant ശാന്തമായ അന്തരീക്ഷം… ഇളം സംഗീതം നല്ല ഭക്ഷണം… ഞാൻ എനിക്കഭിമുഖമായിരുന്ന സാമിന്റെ മുഖത്തേക്ക് നോക്കി…… എത്ര ഒതുക്കി വെച്ചിട്ടും തിരിച്ചറിയാൻ കഴിയുന്ന സങ്കട തിര തള്ളൽ ആ മുഖത്ത് ഞാൻ കണ്ടു….
സാം” ഞാൻ പതുക്കെ വിളിച്ചു…. കണ്ണുകളുയർത്തി എന്നെ നോക്കവേ ഞാൻ പറഞ്ഞു.. എനിക്ക് വിഷമമൊന്നുമില്ല….
ചികിത്സയിൽ എനിക്ക് പ്രതീക്ഷ ഉണ്ട്… പക്ഷേ ഈ ജീവിതം ഇത് ഞാനാഗ്രഹിച്ചതല്ലായിരുന്നു…. എന്റെ സങ്കല്പത്തിലെ ഭർത്താവ് അല്പം കൂടി റൊമാന്റിക് ആയിരുന്നു….
ജീവിതം അല്പം കൂടി അടിപൊളിയായിരുന്നു.. സാമിനെന്നോട് സ്നേഹമുണ്ടെന്നുള്ളത് എന്റെ ഒരു വിശ്വാസം മാത്രമാണ്… കാരണം എനിക്കതൊരിക്കലും ഫീൽ ചെയ്തിട്ടില്ല….
അത് പറയവേ അല്പം സ്വരമിടറി പോയി… പ്രകടിപ്പിക്കാത്ത സ്നേഹവും ചിലവാക്കാത്ത സമ്പാദ്യവും ഒരു പോലെയാണ് സാം… ഉണ്ടെന്ന് പറയാം അത്ര തന്നെ….
ഇത്രയും നാൾ എന്റെ ജീവിതം അനശ്ചിതത്തിൽ ആയിരുന്നു… പക്ഷേ ഇനി അങ്ങനെയല്ല…. മരണം എന്റെ കൂടെ വരാൻ തയ്യാറെടുത്തിരിക്കുന്നു….
ഞാൻ കുറച്ചു തീരുമാനങ്ങളെടുത്തിരിക്കുന്നു….
അതിതാണ്.. ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കുക…. സാം.. നമ്മൾ ജീവിക്കാതെ കൂട്ടി വെച്ചിരിക്കുന്ന സമ്പാദ്യം കൊണ്ട് ഒരു നിമിഷം പോലും ആയുസ്സിനെ പിടിച്ചു വെക്കാൻ സാധിക്കില്ല…. എനിക്ക് ഞാനായി ജീവിക്കണം…
കുറച്ചു നാളത്തേക്കെങ്കിലും… അത് പറയുമ്പോൾ എത്ര പിടിച്ചു നിർത്തിയിട്ടും എന്റെ സ്വരമിടറി കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഉരുണ്ടു വീണു….
സാമെന്നെ ചേർത്തു പിടിച്ചു… പതുക്കെ തലോടി… എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം… എന്ന് ആദ്യമായി അലിവോടെ പറഞ്ഞു..
ചികിത്സ തുടങ്ങി…. സാമും മക്കളും ഏറെ മാറിപ്പോയി…. എനിക്ക് ചുറ്റും അവർ സുന്ദരമായ ലോകം സൃഷ്ടിച്ചു….
പഠിക്കാൻ പറയാതെ തന്നെ മക്കൾ പഠിക്കാൻ തുടങ്ങി…. ഒരു കാലത്ത് എന്റെ മാത്രം ഇടമായിരുന്ന അടുക്കള ഇന്ന് വീട്ടിലെ എല്ലാവരുടെയും favourite ഇടമായി…..
ചികിത്സയുടെ ഇടവേളകളിൽ ഞങ്ങൾ യാത്രകൾ പോയി..നല്ല സിനിമകൾ കണ്ടു…ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…
തമാശകൾ പറഞ്ഞു പൊട്ടി ചിരിച്ചു.. ഗൗരവക്കാരനായ അച്ഛനിൽ നിന്ന് സ്നേഹവാനായ ഭർത്താവിലേക്കും പിന്നെ flexible ആയ അച്ഛനിലേക്കും സാം മാറിപ്പോയി….
ഒരു വൈകുന്നേരം എന്റെ അടുത്ത് വന്നിരുന്ന് കീമോ ചെയ്ത് മുടി കൊഴിഞ്ഞ എന്റെ മൊട്ട തലയിൽ പതുക്കെ വിരലോടിച്ചു എന്റെ കവിളിൽ ഒരുമ്മ തന്ന് സാം ചോദിച്ചു ….
ഇപ്പോൾ ഞാൻ നിന്റെ സങ്കല്പത്തിലെ ഭർത്താവായോ? ഏറെക്കുറെ എന്ന് പറഞ്ഞു ആ കയ്യിൽ ഒരു ചെറു നുള്ള് കൊടുത്തു ഞാൻ വെറുതെ ആഗ്രഹിച്ചു…
ഈ രോഗം അല്പം കൂടി നേരത്തെ വന്നിരുന്നെങ്കിൽ എന്ന്… പിന്നെ ആ തോളിൽ തല വെച്ച് പതുക്കെ കണ്ണുകളടച്ചു പ്രാർത്ഥിച്ചു… ഇനിയീ ജീവിതം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന്…