(രചന: ഞാൻ ഗന്ധർവ്വൻ)
“മിക്കവാറും ദിവസങ്ങളിൽ നിന്റെ ഭാര്യ രാത്രിയിലാണ് വീട്ടിലേക്ക് കയറി വരാനുള്ളത്… അവളെ കുറിച്ച് അയൽവാസികളും നാട്ടുകാരും മുനവെച്ച വർത്താനം പറയുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്”
ഫോണിലൂടെയുള്ള ഉമ്മയുടെ സംസാരം ആസിഫിനെ വല്ലാതെ വേദനിപ്പിച്ചു
“അവള് ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയല്ലേ ഉമ്മാ. കല്യാണത്തിന് മുന്നേ അവൾ എന്നോട് പറഞ്ഞിരുന്നതല്ലേ അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു ജോലി നേടുക എന്നതാണ് എന്ന്. അപ്പൊ ഞാൻ കൂടെ നിക്കാം എന്ന് വാക്ക് കൊടുത്തിട്ടല്ലേ അവൾ എന്റെ ഭാര്യ ആയത്”
ആസിഫിന്റെ വർത്താനം ഉമ്മയെ ചൊടിപ്പിച്ചു
“ആ… അതുതന്നെയാണ് ഇവിടെ എല്ലാവരും പറയുന്നത്. എന്റെ മോനെ അവൾ കല്യാണത്തിന് മുന്നേ തന്നെ പറഞ്ഞ് മയക്കി കയ്യിലെടുത്തു എന്ന്.
അപ്പുറത്തെ വീട്ടിലെ കോയാക്കാന്റെ പെണ്ണുങ്ങള് പറയാ, ന്റെ താത്താ ഇങ്ങളെ മോൻ വെറും പെൺകൊന്തൻ ആണല്ലോ എന്ന്. ഇതൊക്കെ കേൾക്കുമ്പോൾ ന്റെ തൊലി ഉരിയാ…
നിക്ക് സങ്കടം വരൂലേ, അന്നെ പെറ്റ ഉമ്മയല്ലേ ഞാൻ. ന്റെ മോനെ കുറിച്ച് നാട്ടുകാര് അതുമിതും പറയുന്നത് ന്റെ കാതിൽ കേൾക്കുമ്പോൾ നിക്ക് സഹിക്കോ”
ഒന്ന് നിറുത്തിയിട്ട് ഉമ്മ തുടർന്നു
“അല്ലേലും അവള് ജോലിക്ക് പോയിട്ടുവേണോ നമ്മുടെ കുടുംബം കഴിയാൻ…? അന്റെ മറ്റ് ഇക്കമാരുടെ പെണ്ണുങ്ങൾക്കൊന്നും വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടാണോ അവര് ജോലിക്ക് പോവാത്തേ… അല്ല, അന്റെ ഇക്കമാരുടെ നട്ടെല്ലിന് ഉറപ്പുണ്ട്, അവർ വരച്ച വരയിൽ നിക്കും ഭാര്യമാർ… നിന്റെ കാര്യം അതല്ലല്ലോ”
ഇത്രേം കേട്ടപ്പോൾ ആസിഫ് ഒന്ന് നെടുവീർപ്പിട്ടു
“ന്റെ ഉമ്മാ, എന്റെ ഭാര്യ ജോലിക്ക് പോവുന്നതിൽ എനിക്ക് യാതൊരു പരാതിയുമില്ല. പിന്നെ, അവൾ ജോലി കഴിഞ്ഞ് രാത്രിയിലാണ് വീട്ടിലേക്ക് കയറി വരുന്നത് എന്ന് ഉമ്മ എന്ത് അർഥത്തിലാണ് പറഞ്ഞതെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്.
ജോലി കഴിഞ്ഞ് ആണുങ്ങൾ രാത്രിയിൽ വന്നാൽ ഒരു കുഴപ്പോം ഇല്ല, പെണ്ണുങ്ങൾക്ക് എന്തിനാ ഉമ്മാ ടൈമിംഗ് വെക്കുന്നേ…? പിന്നെ, ഇത്താത്തമാരുടെ കാര്യം, പഠിച്ച പെണ്ണുങ്ങളെ വീട്ടിലിരുത്തി അടുക്കളയിൽ തളച്ചിടുന്നതാണ് ആണത്തമെങ്കിൽ ആ ആണത്തം എനിക്ക് വേണ്ടുമ്മാ”
ഒന്ന് നിറുത്തിയിട്ട് ആസിഫ് തുടർന്നു
“എന്നെ പെറ്റ ഉമ്മയാണ് ഇങ്ങള്, എനിക്ക് ഇങ്ങളെ ജീവനുമാണ് പക്ഷേ, എന്റെ ആ ഇഷ്ടം എന്നെമാത്രം വിശ്വസിച്ചു എന്റെ പാതിയായി ജീവിക്കുന്ന ഭാര്യയെ കുറ്റം പറഞ്ഞ് ഇല്ലാണ്ടാക്കരുത്.
എന്റെ ഭാര്യ ചെയ്യാത്ത ഒരുകാര്യം പറഞ്ഞ് അവളെ വേദനിപ്പിച്ചാൽ ഞാൻ അവളുടെ കൂടെയേ നിക്കൂ. അത് ഉമ്മ ആയാലും ശരി ആരായാലും ശരി. ഉമ്മാക്ക് വേണ്ടി തെറ്റ് ചെയ്യാത്ത ഭാര്യയെ തല്ലുന്ന, തെറി വിളിക്കുന്ന ഒരു ഭർത്താവാവാൻ എനിക്ക് പറ്റില്ല ഉമ്മാ”
ആസിഫ് പറഞ്ഞ് തീർന്നതും ഉമ്മ കരയാൻ തുടങ്ങി
“അല്ലാഹ്… കണ്ടില്ലേ, എന്റെ വയറിൽ തന്നെ ജനിച്ചല്ലോ ഇങ്ങനൊരു മോൻ… പെണ്ണിന്റെ സുഖം കിട്ടിയപ്പോൾ പെറ്റ തള്ളയെ മറന്നു. കല്യാണത്തിന് മുന്നേവരെ എന്നെ എന്ത് സ്നേഹം ആയിരുന്നു. അവള് വന്നതിന് ശേഷം എന്റെ മോനെ കൈവിഷം കൊടുത്ത് മയക്കിയില്ലേ… ന്റെ പടച്ചോനേ, എനിക്ക് സഹിക്കാൻ പറ്റണില്ലേ…”
“ന്റെ പൊന്നുമ്മാ, ഇങ്ങള് അവരും ഇവരും പറയുന്നത് കേട്ട് ഇങ്ങനെ ഏഷണി ഉണ്ടാക്കാൻ വിളിക്കല്ലാതെ ഞങ്ങളോട് ഒന്ന് മനസ്സ് തുറന്ന് സ്നേഹത്തോടെ സംസാരിച്ച് നോക്കിയേ…
അപ്പൊ അവിടെ സ്നേഹം മാത്രേ ഉണ്ടാവൂ. ഇത് കല്യാണം കഴിഞ്ഞാൽ കുറച്ച് ബോൾഡായ ഭാര്യമാരുള്ള ഭർത്താക്കന്മാരൊക്കെ പെൺകോന്തനാണ് എന്ന് മുദ്ര കുത്തി വെച്ചിരിക്കാണ് സ്വന്തം വീട്ടുകാർ തന്നെ.
ഭാര്യയുടെ കൂടെ ഷോപ്പിങ്ങിന് പോയാൽ, സിനിമക്ക് പോയാൽ, ടൂർ പോയാൽ, ഭാര്യ ജോലിക്ക് പോയാൽ… പിന്നെ ആ മകനെ ചില ഉമ്മമാർക്ക് കണ്ണെടുത്താൽ കണ്ടൂടാ. അത് ഞങ്ങൾ മക്കളുടെ കുഴപ്പല്ല…”
ആസിഫ് പറഞ്ഞ് തീരുന്നതിനു മുന്നേ ദേഷ്യം പിടിച്ച് ഉമ്മ ഫോൺ കട്ട് ചെയ്തു. അപ്പോൾ ജോലി കഴിഞ്ഞ് ഉമ്മയുടെ സ്വന്തം മോൾ ടീച്ചർ ആരിഫ എത്തിയിരുന്നു. മോളെ കണ്ടതും ഉമ്മ ഓടിപ്പോയി അവളുടെ കയ്യിലെ ഭാഗ് മേടിച്ചു
“ന്തിനാ ന്റെ കുട്ടി ഇങ്ങനെ ബാഗും താങ്ങി നടക്കുന്നേ… ഓനോട് പറഞ്ഞ് ഒരു കാർ വാങ്ങിക്ക്”
ടീച്ചർ ഉമ്മയെ നോക്കി
“ഉമ്മ ഇന്ന് സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു. അതാ വൈകിയേ, സമയം രാത്രിയായി. എനിക്കിനി ഒന്നിനും വയ്യ. ആകെ ടെയേർഡാണ്. ഇങ്ങള് തിന്നാൻ എന്തേലും ഉണ്ടാക്കിതാ”
ഇത് കേട്ടപ്പോൾ ഉമ്മക്കങ്ങ് ദേഷ്യം വന്നു
“നീയിനി അടുക്കളയിൽ ഒന്നും കേറാൻ നിക്കേണ്ട. ജോലിയാവുമ്പോ മീറ്റിംഗ് ഒക്കെ ഉണ്ടാകും. രാത്രി എട്ടല്ലേ ആയുള്ളൂ. ന്റെ മോൾ ഫ്രഷായി വാ. ഉമ്മ ഫുഡ് ഉണ്ടാക്കി തരാം”
ഇതും പറഞ്ഞ് ഉമ്മ തന്റെ മോനേയും മരുമോളെയും മനസ്സിൽ പ്രാകി പറഞ്ഞ് തന്റെ പുന്നാര മോൾക്ക് ഫുഡ് ഉണ്ടാക്കാൻ അടുക്കളയിലേക്ക് ഓടി… എന്താലേ…