(രചന: മഴമുകിൽ)
വിനുവേട്ട നമുക്ക് മോനെയും കൊണ്ട് സൺഡേ ഔട്ടിങ്നു പോകാം…. കുറെ നാളായി നമ്മൾ പുറത്തൊക്കെ പോയിട്ട്.
തിരക്കായതുകൊണ്ടല്ലേ സുലു… അല്ലെങ്കിൽ നമ്മൾ പോകാറുള്ളതല്ലേ….
എനിക്കറിയാം വിനുവേട്ടന് ഓഫീസിൽ തിരക്കാണെന്നു…. അതാണ് ഞാനൊന്നും മിണ്ടാത്തത്.. എന്നാലും മോനു അതൊന്നും മനസ്സിലാവാനുള്ള പ്രായമല്ലല്ലോ….
ഇപ്പോൾ കുറെ നാളായില്ലേ നമ്മൾ അവനെയും കൂട്ടി ഒന്നു പുറത്തേക്ക് പോയിട്ട് അതുകൊണ്ട് ഈ വരുന്ന ഞായറാഴ്ച നമുക്കൊന്ന് പുറത്തേക്കൊക്കെ പോകാം ഏട്ടാ…
സുലുവിനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് കിച്ചുമോന്റെ കവിളിലും ഉമ്മ വെച്ച് വിനു ഓഫീസിലേക്ക് തിരിച്ചു.
വിനുവും കിച്ചുവും സുലുവും മൂന്നുപേരും വളരെ സന്തോഷത്തോടു കൂടിയാണ് കഴിഞ്ഞു പോരുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. പക്ഷേ വീട്ടുകാർ സമ്മതിച്ചു നടത്തി കൊടുത്തു. വിനു എൻജിനീയറാണ്…
ഞായറാഴ്ച രാവിലെ ഇരുവരും ഒന്നിച്ച് മോനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. പാർക്കിൽ പോയി ഏറെ നേരം ചെലവഴിച്ചതിനുശേഷം പുറത്തുനിന്നും ഫുഡ് കഴിച്ചു….
അതിനുശേഷം ഒരു സിനിമയ്ക്കായി കയറി… ഫിലിം കഴിഞ്ഞിറങ്ങി ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് സുലുവിന്റെ കൂടെ പഠിച്ചിരുന്ന റിമിയെ കാണാനിടയായത്.
മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം വർഷങ്ങൾക്കുശേഷമാണ് അവർ തമ്മിൽ കാണുന്നത്…
തടിച്ചുരുണ്ട് പൊക്കം കുറഞ്ഞു വെളുത്തിട്ടാണ് റിമി.. കോളേജിൽ പഠിച്ചിരുന്ന കാലത്ത് രണ്ടുപേരും ചങ്ക് ആയിരുന്നു..
അപ്രതീക്ഷിതമായി സുലുവിനെ കണ്ടപ്പോൾ റിമിക്കും സന്തോഷം അടക്കാനായില്ല. ഇരുവരും കെട്ടിപ്പുണർന്ന് ഏറെ നേരം നിന്നു.
എത്രകാലമായി നമ്മൾ തമ്മിൽ കണ്ടിട്ട് നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല. നീ തനിച്ചാണോ വന്നത്. സുലു റിമിയോട് .ചോദിച്ചു…
ഞാനും അനിയത്തിയും അമ്മയും കൂടിയാണ് വന്നത്…
സുലു ഒന്നു കൂടി അവളെ സൂക്ഷിച്ചു നോക്കിയേ എവിടെ നിന്റെ ഹസ്ബൻഡ്..
ജോസേട്ടൻ അങ്ങ് ദുബായിലാണ്…. ഇപ്പോൾ ലീവ് കഴിഞ്ഞു പോയതേയുള്ളൂ. ഇനി ഒരു വർഷം കൂടി കഴിഞ്ഞായിരിക്കും വരുന്നത്.
എന്തായാലും നിന്നെ കണ്ടത് വലിയ സന്തോഷം.
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഫോൺ നമ്പറുകൾ കൈമാറി. കിച്ചു മോനെ വാരിയെടുത്തു… മോൻ നിന്നെ പോലെ തന്നെയുണ്ട്… സുലു പുഞ്ചിരിച്ചുകൊണ്ട് വിനുവിനെ പരിചയപ്പെടുത്തി…
ആരോടും പെട്ടെന്ന് ഇണങ്ങുന്ന സ്വഭാവ പ്രകൃതമായിരുന്നു വിനുവിന്.. അതുകൊണ്ടുതന്നെ റിമിയുമായി വളരെ പെട്ടെന്ന് പരിചയത്തിലായി വിനു.
ഒരു ദിവസം നീ വീട്ടിലേക്ക് വാ നമുക്ക് വിശദമായി സംസാരിക്കാം ഒരുപാട് വർഷത്തെ കാര്യങ്ങൾ പറയുവാനുണ്ട്.. വീടും അഡ്രസ്സും ഒക്കെ വിശദമായി തന്നെ സുലു റിമിക്ക് പറഞ്ഞു കൊടുത്തു
നീ വരുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ ലൊക്കേഷൻ ഷെയർ ചെയ്തു തരാം… ഇരുവരും വളരെ സന്തോഷത്തോടുകൂടിയാണ് യാത്ര പറഞ്ഞിറങ്ങിയത്.
രാത്രിയിൽ ഉറങ്ങാൻ നേരം സുലുവിന് വലിയ സന്തോഷമായിരുന്നു പഴയ സുഹൃത്തിനെ കണ്ടതിന്റെ..
കോളേജിൽ പഠിച്ചിരുന്നപ്പോൾ എല്ലാ കുസൃതിത്തരവും ഞങ്ങൾ ഒന്നിച്ചായിരുന്നു വിനുവേട്ടാ.. അന്നുമുതലേ എന്റെ ഏറ്റവും വലിയ ഫ്രണ്ട് അവളാണ്..
വിവാഹത്തിന് വിളിച്ചപ്പോൾ അവൾ ഇവിടെ ഇല്ലായിരുന്നു അവളുടെ വിവാഹം കഴിഞ്ഞ് ഹസ്ബൻഡിന്റെ കൂടെ അബ്രോഡ് ആയിരുന്നു.. അതുകൊണ്ട് പങ്കെടുക്കാൻ പറ്റിയില്ല എന്ന് പറഞ്ഞ് അവൾ എനിക്ക് കാർഡ് അയച്ചിരുന്നു…
ഇന്നിപ്പോൾ പ്രതീക്ഷിക്കാതെ അവളെകണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു വിനുവേട്ടാ….
വിനുവേട്ടൻ ഇങ്ങനെ താങ്ങി തൂങ്ങിയിരുന്നാൽ എങ്ങനെയാണ്.. വേഗം പോയി ചിക്കൻ വാങ്ങിയിട്ട് വാ….
നിന്റെ കൂട്ടുകാരി വരുന്നതിന് എന്നെ എന്തിനാ ഇങ്ങനെ ഓടിക്കുന്നത് എന്തൊക്കെ വേണമെന്ന് ഇന്നലെ ചോദിച്ച് നമ്മൾ വാങ്ങിയതല്ലേ അപ്പോഴൊന്നും ഈ ചിക്കൻ മെനുവിൽ ഇല്ലായിരുന്നല്ലോ പിന്നെ ഇതെവിടുന്ന്……
ഞാൻ മറന്നു പോയി വിനുവേട്ടാ അവൾക്ക് ചിക്കൻ എന്ന് പറഞ്ഞാൽ ജീവനാണ്… കുറച്ച് ചിക്കൻ കൂടി വാങ്ങി കറി വെക്കുകയും ഫ്രൈ ആക്കുകയും ചെയ്യാം…
ഇങ്ങനെ താങ്ങി തൂങ്ങി ഇരിക്കാതെ ഒന്ന് വേഗം പോയിട്ട് വാ…..
ഞാൻ ഈ കൈലി ഒന്നു മാറി വരട്ടെ…. വിനു നേരെ അകത്തേക്ക് പോയി…
ചിക്കനുമായി വന്നു കഴിഞ്ഞപ്പോഴേക്കും….. അകത്തുനിന്ന് പൊട്ടിച്ചിരിയുടെ ബഹളം കേൾക്കുന്നു…..
വിനു അടുക്കളയിലേക്ക് ചെന്നു…..
കൂട്ടുകാരിമാർ രണ്ടുപേരുംകൂടി വാതോരാതെ ബഹളം വയ്ക്കുകയാണ്… കുറെ വർഷത്തെ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടല്ലോ…
റിമി എപ്പോൾ എത്തി….
ഞാൻ വന്നിട്ട് ഒരു 10 മിനിറ്റ് ആയി വിനുവേട്ടാ…
ഞാൻ വരുന്നു എന്ന കാര്യം പറഞ്ഞ് ഇവൾ വിനുവേട്ടനെ ഓടിക്കുകയാണ് അല്ലേ….
അതൊന്നും സാരമില്ല എനിക്ക് സന്തോഷമേയുള്ളൂ….
കിച്ചുവും റിമിയുമായി വേഗത്തിൽ കൂട്ടായി… അടുക്കളയിൽ ബാക്കി പാചകങ്ങൾ ഒക്കെ രണ്ടുപേരും ചേർന്നായിരുന്നു…
ഏകദേശം ഒന്നരമണിയോടുകൂടി ഭക്ഷണം കഴിക്കാൻ ഇരുന്നു ഡൈനിങ് ടേബിളിലും കൊച്ചു വർത്തമാനവും ചിരിയും കളിയുമായി കടന്നുപോയി….
വൈകുന്നേരത്തോടെ കൂടി റിമി യാത്ര പറഞ്ഞു….
ഇനി എപ്പോൾ വേണമെങ്കിലും നിനക്ക് ഇവിടേക്ക് വരാം പോകുന്നതിനു മുമ്പ് സുലു അതും കൂടി പറഞ്ഞു….
പിന്നീട് ഇടയ്ക്കിടയ്ക്ക് റിമി ആ വീട്ടിലെ നിത്യ സന്ദർശകയായി മാറി.
അവർ ഒന്നിച്ച് ചേർന്ന് ട്രിപ്പുകളൊക്കെ പോകാൻ തുടങ്ങി…. വൺഡേ ഔട്ടിംഗ് ആണെന്ന് മാത്രം…. ചില ദിവസങ്ങളിൽ റിമി ഇവരോടൊപ്പം വീട്ടിൽ തങ്ങാനും തുടങ്ങി… അങ്ങനെ അവരുടെ സൗഹൃദം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു…
വിനുവിന്റെ കോൾ കണ്ടിട്ടാണ് സുലു ഫോൺ അറ്റൻഡ് ചെയ്തത്…
സുലു എനിക്ക് ഒരു അർജന്റ് മീറ്റിംഗ് രണ്ടുദിവസം ഞാനിവിടെ കാണില്ല. മുംബൈക്ക് പോയെ പറ്റൂ വൈകുന്നേരം എന്റെ ഒന്ന് രണ്ട് ജോഡി ഡ്രസ്സുകൾ എടുത്ത് നി പാക്ക് ചെയ്തു വെച്ചേക്ക്…
ഇതെന്താ വിനുവേട്ടാ ഒരു മുന്നറിയിപ്പുമില്ലാതെ…
ഓഫീസിലുള്ള സലിം ആണ് പോകേണ്ടിയിരുന്നത് പക്ഷേ അവൻ എന്തോ അർജന്റ് കാര്യം കൊണ്ട് ലീവാണ്.
അതുകൊണ്ട് അടുത്തത് എന്നോട് പോകാനാണ് പറഞ്ഞിരിക്കുന്നത്. പോകാതിരിക്കാൻ കഴിയില്ല രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ നീ എങ്ങനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യുക…
വിനുവേട്ടൻ അറിയാമല്ലോ ഇന്നുവരെ നമ്മൾ അങ്ങനെ മാറി നിന്നിട്ടുണ്ടോ… വിനുവേട്ടൻ ഇല്ലാതെ തനിയെ നിൽക്കാൻ എനിക്ക് പേടിയാണ്….
പക്ഷേ എനിക്ക് പോകാതിരിക്കാൻ കഴിയില്ല..
സുലുവിന് ആകെ സങ്കടമായി ഇതിനുമുമ്പ് മീറ്റിങ്ങിനും മറ്റും പോകുമ്പോൾ സുലുവിനെയും കുഞ്ഞിനെയും കൂടി കൊണ്ടുപോകും. അതും നേരത്തെ അറേഞ്ച്മെന്റ്സ് ഒക്കെ ചെയ്തിട്ടുണ്ടാവും.
ഇതിപ്പോൾ പ്രതീക്ഷിക്കാത്ത വന്നതായതുകൊണ്ടാണ് വിനുവേട്ടൻ ഒറ്റയ്ക്ക് പോകേണ്ടി വരുന്നത്….
ഏറെ നേരം ചിന്ത കുഴപ്പത്തിൽ ഇരുന്ന സുലു വേഗം ഫോണെടുത്ത് വിനുവിനെ വിളിച്ചു…
വിനുവേട്ടൻ പൊയ്ക്കോ എനിക്ക് പ്രശ്നമൊന്നുമില്ല ഞാനും മോനും ഇവിടെ നിന്നോളം…
ഞാൻ മാനേജരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് നീ ഒന്ന് സമാധാനപ്പെട്..
അതല്ല വിനുവേട്ടൻ ഞാൻ കാര്യമായി പറഞ്ഞതാണ്.. ഞാൻ റിമിയെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു അവൾ ഇവിടെ വന്ന് നിൽക്കാമെന്നാണ് പറയുന്നത്.
അതെന്തായാലും നന്നായി..
ഞാൻ നിന്നോട് അങ്ങനെ പറയുന്നത് ശരിയാണോ…
വിനു ഓഫീസിൽ നിന്നും വരുമ്പോൾ തന്നെ സുലു യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തു വച്ചിരുന്നു. കിച്ചുവിനെയും സുലുവിനെയും ചേർത്തുപിടിച്ച് ചുംബിച്ചു.
ആ കാഴ്ചയും കണ്ടുകൊണ്ടാണ് റിമി വന്നത്.
ആഹാ കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ടും ഇപ്പോഴുമുണ്ടോ യാത്ര പോകുമ്പോൾ ഉള്ള കെട്ടിപ്പിടിയും ഉമ്മയും ഒക്കെ….
രണ്ടുദിവസം സുലുവിനോടൊപ്പം റിമി കൂട്ടായി നിന്നു. പക്ഷേ കുഞ്ഞു കിച്ചുവിന് അച്ഛനെ കാണാത്തതിന്റെ സങ്കടത്തിൽ. പനിയായി…
അവനെയും കൊണ്ട് ആ പാതിരാത്രിയിൽ തന്നെ ഹോസ്പിറ്റലിൽ പോകേണ്ടിവന്നു. ഉള്ളതുകൊണ്ട് തന്നെ സു ലുവിന് വലിയ ഉപകാരമായി എല്ലാം… ആപത്തിൽ ഉപകരിക്കുന്ന ഏറ്റവും നല്ല സുഹൃത്തായി മാറി റിമി…
വിനു തിരികെ നാട്ടിലെത്തുമ്പോഴേക്കും അവരുടെ ബന്ധം പതിവിലും കൂടുതൽ ദൃഢം ആയിരുന്നു… റിമിക്ക് ആ വീട്ടിൽ എപ്പോൾ വേണമെങ്കിലും കയറിയിറങ്ങാം എന്ന് അവസ്ഥയായി.
ഒരു ദിവസം രാവിലെ വിനു മൊബൈൽ മറന്നു വെച്ച് ഓഫീസിലേക്ക് ഇറങ്ങി.. തുടരെത്തുടരെ നോട്ടിഫിക്കേഷൻ വരുന്ന ശബ്ദം കേട്ടാണ് സുലു മൊബൈൽ നോക്കിയത്.
അതിൽ റിമിയുടെ ഫോണിൽ നിന്നുള്ള കുറെയധികം മെസ്സേജുകൾ സുലുവിന്റെ കണ്ണിൽപ്പെട്ടു..
അവൾ വേഗം മൊബൈൽ ഓപ്പൺ ചെയ്ത് മെസ്സേജുകൾ നോക്കിയതിൽ നിന്ന് പലതരത്തിലുള്ള ഇക്കിളി മെസേജുകൾ ഉൾപ്പെടെയുള്ളവ റിമിയുടെ മൊബൈലിൽ നിന്നും വിനുവിന്റെ മൊബൈലിലേക്ക് വന്നിട്ടുണ്ട് വിനു അതിനെല്ലാം കൃത്യമായി റിപ്ലൈയും കൊടുത്തിട്ടുണ്ട്.
മൊബൈലും കയ്യിൽ പിടിച്ച് സുലു അങ്ങനെ തന്നെ നിന്നുപോയി ഏറ്റവും അടുത്ത കൂട്ടുകാരി തന്നെ തന്റെ ജീവിതത്തിൽ ചതിവ് കാട്ടിയല്ലോ എന്ന ചിന്ത അവളെ വല്ലാതെ ഉലച്ചു… അവൾ വേഗം മൊബൈൽ താഴേക്ക് വച്ചു..
അല്പനേരം കഴിഞ്ഞപ്പോഴേക്കും കാറിന്റെ ഒച്ച കേട്ട് അവൾ ഉമ്മറത്തേക്ക് വന്നു.. കാറിൽ നിന്ന് വിനുവേഗത്തിൽ ഇറങ്ങുന്നതും മൊബൈൽ മറന്നു വെച്ചു എന്ന് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു ഫോണും എടുത്തുകൊണ്ടുപോയി
അടുത്ത ഒരാഴ്ചകാലം വിനുവിനെ സുലു ശ്രദ്ധിക്കാൻ തുടങ്ങി…. അവളോട് എന്തെങ്കിലും ചോദിക്കുന്നതിനേക്കാൾ ഉപരി.. എല്ലാ തെളിവോടും കൂടി അവരെ രണ്ടുപേരെയും പിടിക്കണം എന്നായിരുന്നു അവരുടെ വിചാരം..
തന്റെ ഭർത്താവ് ഇത്രയും തരംതാഴ്ന്നു പോകും എന്നതിനെ കുറിച്ച് അവൾ ഓർത്തത് പോലുമില്ല..സ്വന്തം കൂടപ്പിറപ്പിനെ പോലെ കരുതി കൂടെ കൂട്ടിയവർ തന്നെ തന്റെ ജീവിതത്തിന് ഭാരമാ യി മാറി..
ഫോണിലെ മെസ്സേജ് അനുസരിച്ച് അവർ തമ്മിൽ കാണാൻ സാധ്യതയുള്ള ഇടത്തേക്ക് പോകാൻ തന്നെ സുലു തീരുമാനിച്ചു..
രാവിലെ പതിവ് പോലെ വിനു പോയതിന്റെ പിന്നാലെ കുഞ്ഞിനെയും കൊണ്ട് സുലു ഇറങ്ങി…..
ആദ്യമേ തന്നെ സുലുവിന്റെയും, വിനുവിന്റെയും വീട്ടുകാരെ വിവരം അറിയിച്ചു….
വിനുവിന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ റിമി സ്വർഗം പിടിച്ചടക്കിയ സന്തോഷത്തിൽ ആയിരുന്നു…… ചിലപ്പോൾ എനിക്ക് തോന്നും സുലുവിനോട് ചെയ്യുന്നത് തെറ്റാണെന്നു…….
പക്ഷെ….വിനുവിനെ ഇനിയെനിക്ക് പിരിയാൻ കഴിയില്ല…. അത്രയും ഞാൻ ഇഷ്ടപെടുന്നു…..
റിമി…. സുലു ഇതെന്തെങ്കിലും അറിയുമ്പോൾ…….
അതൊന്നും അറിയില്ല…… വിനു ഇങ്ങനെ ഭയക്കാതെ…..
ഡോർ നോക് ചെയ്യുന്നത് കേട്ടപ്പോൾ വിനു എഴുന്നേറ്റു ഡോറിനടുത്തു പോയി അപ്പോഴേക്കും റിമി ബെഡ്ഷീറ് വാരി മൂടി…
ഡോർത്തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നവരെ കണ്ട് വിനു ഞെട്ടിപ്പോയി…
അച്ഛനും അമ്മയും…. അമ്മായിയും അമ്മാവനും…… പിന്നാലെ വന്നവരെ വിനുവിന് മനസിലായില്ല…
സുലുവും ബാക്കിയുള്ളവരും റൂമിലേക്കുകയറി… ബെഡിൽ കിടക്കുന്ന റിമി……
സുലു കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞു നിന്നു….
പിന്നാലെകയറിയ… റിമിയുടെ അമ്മയും….. ഭർത്താവിന്റെ അച്ഛനും അമ്മയും….,..
ബെഡ്ഷീറ് വാരിപുതച്ചു നിൽക്കുന്ന മകളുടെ കവിളിൽ അമ്മ മാറി മാറി അടിച്ചു……
ഇങ്ങനെ ഒരുത്തിയാണോ നീ…. സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ……. ഇതെല്ലാം ഇപ്പോൾ അറിഞ്ഞത് നന്നായി…. എന്റെ മോനു ഇനി നിന്നെ വേണ്ടാ…..
വിനുവിന്റെ അമ്മ അവന്റെ അടുത്തേക്ക് വന്നു…. കവിളിൽ ആഞ്ഞടിച്ചു… ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൻ വേണ്ടാ.അച്ഛൻ അമ്മ എന്നൊരു ബന്ധം പറഞ്ഞു ഇനി ആ വീട്ടിലേക്കു വന്നുപോകരുത്…..
സുലു നിറഞ്ഞ കണ്ണുകളുമായി വിനുവിന്റെ അടുത്തേക്ക് വന്നു…..
എന്റെ മോനു ഇങ്ങനെ ഒരച്ഛൻ വേണ്ടാ…… ഞങ്ങളുടെ ജീവിതത്തിൽ ഇനി നിങ്ങൾക്ക് സ്ഥാനമില്ല… ഇനിയുള്ള ജീവിതം അവൾക്കൊപ്പം എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് ജീവിക്കാം…..
എനിക്ക് എന്റെ മകൻ മാത്രം മതി. കണ്മുന്നിൽ സ്വന്തം ജീവിതം തകർന്നടിയുന്നത് വിനു നോക്കി നിന്നു.