മെഹഫിൽ
(രചന: Navas Amandoor)
മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ കണ്ണുകളിൽ നനവ് പടർത്തുമെങ്കിൽ മെഹഫിൽ നിങ്ങളെ സങ്കടപ്പെടുത്തും.
അഴിഞ്ഞു കിടക്കുന്ന മുടി മാടി ഒതുക്കി കെട്ടി കട്ടിലിന്റെ അരികിൽ ഇരിക്കുന്ന നെസിയോട് ഒരുപാട് വട്ടം പറയണോ വേണ്ടയോ എന്ന്
ചിന്തിച്ചതിനു ശേഷമാണ് മടിച്ചു മടിച്ചു ഷാനു വാക്കുകൾ തപ്പി എടുത്തു മറ്റൊരു നിക്കാഹിന് സമ്മതം ചോദിച്ചത്.
“അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നെസി.. സൈറയും മോനും ഒറ്റക്കായി… ഞാൻ… ഞാൻ.. കെട്ടിക്കൊട്ടെ… അവളെ…? ”
“നിങ്ങക്ക് എന്താ പ്രാന്തായൊ.. കൂട്ടുകാരൻ മരിച്ചന്നു കരുതി അയാളെ ഭാര്യയെ കെട്ടാൻ. ”
“തമാശയല്ല.. ചില രാത്രിയിൽ അവൻ വരാറുണ്ട് സ്വപ്‌നത്തിൽ മോനെയും സൈറയെയും നോക്കണം.. അവരെ തനിച്ചാക്കരുതെന്ന് പറയും. ”
ഷാനു കണ്ണ് തുടച്ചു നെസിയെ നോക്കി. നെസിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.
“നിങ്ങൾ മാത്രം ഉള്ളോ അവന്റെ കൂട്ടുകാരൻ.കെട്ടാൻ നടക്കുന്നു. പണ്ട് തന്നെ എനിക്കിഷ്ടല്ല.. എന്റെ ഒപ്പം ഉണ്ടാവണ്ടേ സമയങ്ങളെ തട്ടിയെടുക്കുന്ന നിങ്ങളെ ആ കൂട്ടുകാരനെ. ”
ഷാനു പിന്നെയോന്നും പറഞ്ഞില്ല. അല്ലങ്കിലും ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല. ഒരു ഭാര്യയും സമ്മതിക്കില്ല ഇങ്ങനെയൊരു കാര്യം.
ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നു ഷാനുവും ഫൈസലും. കല്യാണവും ഒരേ ടൈം. അവനു ഒരു ആൺ കുട്ടി ഉണ്ടായപ്പോൾ ഷാനു വിന് പെൺ കുട്ടിയും.
മോൻ ഉണ്ടായി മാസങ്ങൾ കഴിഞ്ഞപ്പോളായിരുന്നു ഫൈസൽ ഒരു അപകടത്തിൽ ഇല്ലാണ്ടായത്.
അവൻ പോയപ്പോൾ എന്റെ ശരീരത്തിലെ ഒരു അവയവം നഷ്ടമായതു പോലെയാണ് ഷാനുവിന് തോന്നിട്ടുള്ളത്. ഇരട്ടകളെ പോലെ നടന്ന കൂട്ടുകാർ.
ഷാനു മിക്കപ്പോഴും പള്ളിക്കാട്ടിൽ ഉറങ്ങുന്ന ഫൈസലിന്റെ അടുത്ത് പോകും.
അവനോട് സംസാരിക്കും. ചിലപ്പോൾ കൂറേ നേരം അവന്റെ അരികിൽ അങ്ങനെ നിൽക്കും അവന്റെ ഖബറിന്റെ മേലെ വളർന്നു നിൽക്കുന്ന മൈലാഞ്ചി ചെടിയുടെ ഇലകളിൽ തലോടുമ്പോൾ കണ്ണ് നിറയും.
കഴിഞ്ഞ ദിവസം ഫൈസലിന്റെ മോൻ സിനാനെ കണ്ടപ്പോൾ മുതൽ മനസ്സിൽ തോന്നിയ ചിന്തയാണ് സൈറയെയും കൂടെ കൂട്ടണം.
സിനാൻ ഫൈസലിനെ വരച്ചു വെച്ചപോലെ.. അവന്റെ ചിരി പോലും മോന് കൊടുത്തിട്ടാണ് ഫൈസൽ പോയത്.
സൈറയെ അവൻ സ്വന്തമാക്കിയത് അനാഥലയത്തിൽ നിന്നുമാണ്. അതുകൊണ്ട് തന്നെ അവൾക്ക് അങ്ങോട്ട് തിരിച്ചു പോകാൻ കഴിയില്ല
അവന്റെ വീട്ടുകാർ ക്ക് എങ്ങനെയെങ്കിലും അവളെ ഒഴിവാക്കിക്കിട്ടാനുള്ള കാത്തിരിപ്പിലാണ്. ഈ അവസ്ഥയിൽ ഏറ്റവും ഉചിതം ഇത് തന്നെയാണ്. ഷാനു സൈറ യെ കൂടി നിക്കാഹ് ചെയ്യുക.
“വട്ടൻ ഉറങ്ങിയില്ലേ…? ”
“ഇല്ല.. ഞാൻ ഓരോന്ന് ചിന്തിച്ചു അങ്ങനെ… ഉറക്കം വന്നില്ല. ഉറങ്ങിയാൽ അവൻ വരും.. അവന്റെ സൈറയെയും മോനെയും നോക്കണേന്ന് പറയും. ”
“അതൊക്ക വെറുതെ തോന്നുന്നതാണ്. ഇപ്പോൾ തന്നെ നിങ്ങൾ പല സഹായവും അവൾക് ചെയുന്നുണ്ടെന്ന് എനിക്കറിയാം..
ഇന്ന് പറഞ്ഞത് പോലെ ഇനി പറഞ്ഞാൽ.. ഞാനും മോളും ഇവിടെന്ന് ഇറങ്ങും പറഞ്ഞില്ലെന്നു വേണ്ട. ”
ശാസനയോടെയുള്ള ഭീഷണിമുഴക്കി അവൾ ഉറങ്ങി. കുറച്ചു നേരത്തിനെ ശേഷം ഷാനുവും ഉറങ്ങി.
“ഷാനു.. നീ കൂടെ കൂട്ടിക്കോ സൈറയെ.. അവൾക്ക് എന്റെ വീട് നരകതുല്ല്യമാണ്.. നീ എടുത്തോ എന്റെ പൊന്ന് മോനെ. ”
ഷാനു ഉറക്കത്തിൽ നിന്നും ഫൈസലിന്റെ വാക്കുകൾ കേട്ടു ഉണർന്നു.
രാവിലെ വീണ്ടും നെസിയോട് പറഞ്ഞു.
“നീ ഒന്നൂടെയൊന്ന് ചിന്തിച്ചു പറ… മോളെ. ”
“ഇക്കാ.. ഞാൻ ഇന്നലെ പറഞ്ഞു.. ഇതിനുള്ള മറുപടി.. ഇനി എന്താ വേണ്ടതെന്ന് എനിക്ക് അറിയാം. ”
പിന്നേ കുറച്ചു ദിവസം ഷാനു ഈ കാര്യം മിണ്ടിയില്ല.
പടച്ചോൻ എങ്ങനെയാണ് അവരുടെ വിധി എഴുതി വെച്ചതെന്ന് അറിയില്ലല്ലൊ.എല്ലാം ആ വിധി പോലെയല്ലെ നടക്കു. നെസിയുടെ സമ്മതം കിട്ടാത്തതു കൊണ്ട് സൈറയോട് ഇത് വരെ ഒന്നും പറഞ്ഞില്ല.
മനസ്സിനെ ശാന്തമാക്കാൻ ഷാനു പള്ളിക്കാട്ടിലെ ആറടി മണ്ണിലുറങ്ങുന്ന കൂട്ടുകാരനോട് സംസാരിക്കാൻ പോയി.
അവന്റെ അരികിൽ നിൽക്കുന്ന നേരത്ത് മൊബൈലിൽ ഒരു കാൾ വന്നു. ഒരു കൈ മൈലാഞ്ചി ചെടിയുടെ ഇലയിൽ തലോടി മൊബൈൽ ചെവിയിലേക്ക് ചേർത്തു.
“ഷാനു.. നിങ്ങൾ എത്രയും വേഗം.. സിറ്റി ഹോസ്പിറ്റലിലേക്ക് വാ.. സൈറ ക്ക് എന്തോ പറയാനുണ്ട്.. അവൾക്ക് കുറച്ചു സീരിയസാണ്. ”
അത് കേട്ടതും മൈലാഞ്ചി ചെടിയിൽ നിന്നും കൈ വലിച്ചു കൂട്ടുകാരനെ ഒന്നൂടെ നോക്കി ഷാനു പള്ളിക്കാട്ടിൽ നിന്നും പുറത്തിറങ്ങി പെട്ടന്ന് ഹോസ്പിറ്റലിലേക്ക് പോന്നു.
ഐസിയുടെ ഉള്ളിൽ ഓക്സിജൻ മാസക്ക് കൊണ്ട് മുഖം മറച്ചു സൈറ ജീവിശ്വാസത്തിന് വേണ്ടി വലിക്കുന്ന ശബ്ദം ആ നിശബ്ദതയിൽ കേൾക്കുന്നുണ്ട്.
കണ്ണുകൾ ഉരുളുന്നു.. നെഞ്ചു ഉയർന്ന് പൊങ്ങി. ഷാനുവിനെ ഇടക്കിടെ നോക്കി.അവൾക്ക് ഇപ്പൊ ഒന്നും പറയാൻ കഴിയില്ലന്ന് ഷാനുവിന് തോന്നിയപ്പോൾ പുറത്തറിങ്ങി.
ഫൈസലിന്റെ വാപ്പ അവന്റെ അടുത്ത് വന്നു ഒരു കവർ വെച്ചു നീട്ടി. ഷാനു അതിനുള്ളിലെ പേപ്പറിൽ എഴുതിയത് വായിച്ചു.
“ഷാനുക്കാ നിങ്ങളെ എന്റെ ഇക്കാക്ക് വല്ല്യ ഇഷ്ടമായിരുന്നു. എപ്പോഴും നിങ്ങളെ പറ്റി പറയും. എനിക്ക് അറിയാം.. ആ ഇഷ്ടം കൊണ്ടാണ് എന്നെ നിക്കാഹ് ചെയ്യണമെന്ന് തോന്നിയത്.. അല്ലേ…?
അത് വേണ്ട.. എന്റെ ജീവിതത്തിൽ എന്റെ ഫൈസലിക്ക മാത്രം ഉണ്ടാവുള്ളൂ എന്നും.. ഷാനുക്ക ഞങ്ങളെ മോനെ എടുത്തോ..
എന്നിട്ട് നിങ്ങളെ മോനായി വളർത്തിക്കൊ.. ഞാൻ എന്റെ ഇക്കയുടെ അടുത്തേക്ക് പോകുവാ.. പറ്റുമെങ്കിൽ.. എന്റെ ഖബർ.. ഇക്കാടെ അടുത്ത് തന്നെ….. ”
ഷാനു ചോദിചിട്ടില്ല സൈറയോട് എന്നിട്ടും സൈറ അത് മനസ്സിലാക്കി.
താങ്ങാൻ കഴിയുന്നതിനെക്കാൾ ഏറെ സങ്കടങ്ങൾ പടച്ചോൻ കൊടുത്തത് കൊണ്ടായിരിക്കും സൈറയുടെ ഹൃദയം ഇത്രയും വേഗം പൊട്ടി ഹൃദയാഘതമായത്.
അവൾ എഴുതി വെച്ചത് പോലെ സൈറയുടെ ഇക്കാടെ അടുത്ത് അവൾക്കും ഒരു ഖബർ ഒരുക്കി.
ഫൈസലിന്റെ ഖബറിന്റെ മേലെ വളർന്നു കാറ്റിൽ തലയാട്ടിയ മൈലാഞ്ചി ചെടിയുടെ കൊമ്പ് ഒടിച്ചു സൈറയുടെ ഖബറിന്റെ ഇരുവശങ്ങളിൽ കുഴിച്ചിട്ടു.
പള്ളിക്കാട്ടിൽ നിന്നും സിനാന്റെ കൈപിടിച്ചു ഷാനു. വീട്ടിലെത്തിയപ്പോൾ നെസി ഓടി വന്ന് സിനാനെ കെട്ടിപ്പിടിച്ചു. അവന്റെ മുഖത്ത് തുരുതുരാ മുത്തം വെച്ചു.. പൊട്ടി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി.
“നീ എന്റെ ഇക്കാനെ കിനാവ് കാണണ്ട. അങ്ങേര് നിന്നെ നിക്കാഹ് ചെയ്യണമെന്ന് പറഞ്ഞ് നടക്കുന്നതു നീയും കൂടി അറിഞ്ഞിട്ടായിരിക്കുമല്ലേ.
തന്തയും തള്ളയും ഇല്ലാണ്ട് വളർന്ന നിനക്കോന്നും മനസ്സിലാവില്ല.. കുടുംബത്തിന്റെ വില. ”
“ഇല്ല… നെസി.. ഞാൻ… എനിക്കോന്നും അറിയില്ല. ഷാനുക്ക എന്നോടൊന്നും പറഞ്ഞിട്ടില്ല.
എനിക്ക് എന്റെ ഫൈസലിക്കാടെ സ്ഥാനത്ത് ഒരിക്കലും വേറെ ആളെ കാണാൻ ഈ ജന്മം കഴിയില്ല.”
നെസിക്ക് നന്നായി അറിയാം ഇങ്ങനെ ഒരു സംസാരം അന്ന് ഉണ്ടായിട്ടില്ലങ്കിൽ സൈറ ഒരുപക്ഷെ സിനാന്റെ ഒപ്പം ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന്. വിധിയാണ് എന്നോ എഴുതിവെച്ച വിധി…