(രചന: അംബിക ശിവശങ്കരൻ)
ഞായറാഴ്ച ആയതുകൊണ്ട് തന്നെ പതിവിലും വൈകിയാണ് ദേവൻ ഉറക്കം ഉണർന്നത്. ഉറക്കച്ചടവിൽ കണ്ണും തിരുമ്മി ദേവൻ അവിടമാകെ തന്റെ ഭാര്യ ഗൗരിയെ തിരഞ്ഞു. ഒടുക്കം വരാന്തയിൽ ഇട്ടിരുന്ന മേശയിൽ എന്തോ കുത്തിക്കുറിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്.
കുളിച്ച് സെറ്റും മുണ്ടും ഉടുത്ത് നനവാർന്ന മുടി വിരിച്ചിട്ടാണ് ഇരിപ്പ്. തലനേരാം വണ്ണം തുവർത്താത്തതുകൊണ്ട് തന്നെ മുടിയിഴയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റു വീണുകൊണ്ടിരിന്നു. അവനത് കണ്ടതും ദേഷ്യം വന്നു.
“എന്റെ ഗൗരി..രാവിലെ തന്നെ നിനക്ക് വേറൊരു പണിയുമില്ലേ? ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ് എഴുന്നേറ്റ് വരുമ്പോൾ ഈ സാധനവും വെച്ച് ഇവിടെ ഇരിക്കരുത് എന്ന്.. തലമുടി പോലും നേരം വണ്ണം തുവർത്താതെ ഇതാണോ ഇപ്പോൾ തിരക്ക്? തലയിൽ വെള്ളം ഇറങ്ങി പനിയും പിടിച്ച് ഇനി കിടന്നോ..”
“ഇന്ന് ഞായറാഴ്ച അല്ലെ ദേവേട്ടാ.. എവിടേക്കും പോകാൻ ഒന്നും ഇല്ലല്ലോ.. പിന്നെന്തിനാ എന്നെ വഴക്ക് പറയണത്? ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ട് ആർക്കും ഒരു ഉപദ്രവം ഇല്ലല്ലോ..” അവൾ കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി.
” എഴുന്നേറ്റ് വരുമ്പോൾ ഒരു ചായ ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണോ? എന്റെ ഭാര്യയോട് അല്ലാതെ കണ്ടവരുടെ ഭാര്യമാരോട് പോയി ചോദിക്കാൻ പറ്റുമോ? ” അവനും തന്റെ ഭാഗം ന്യായീകരിച്ചു.
അന്നേരമാണ് കയ്യിൽ ഒരു കപ്പ് ചായയുമായി ദേവന്റെ അമ്മ അവിടേക്ക് വന്നത്.
“രാവിലെ തന്നെ തുടങ്ങിയോടാ ദേവാ…അവളുടെ വയറ്റിൽ എന്റെ പേരക്കുട്ടി വളരുന്നുണ്ട് മറക്കണ്ട ..അവളെ വേദനിപ്പിച്ചാൽ അത് എന്റെ കുഞ്ഞിനെ കൂടിയാണ് ബാധിക്കുന്നത്. ആ കുഞ്ഞിന്റെ വരവ് മാത്രമാണ് ഈ വയസൻകാലത് എനിക്ക് ഏക സന്തോഷം. അതുകൊണ്ടുതന്നെ ഗൗരിയെ പൊന്നുപോലെ നോക്കണം നീയ് … നിന്റെ മുരടൻ സ്വഭാവം കാണിക്കേണ്ട സമയം അല്ല ഇത് അവൾക്ക് ഇഷ്ടമുള്ളത് എന്തോ അത് അവൾ ചെയ്തോട്ടെ..”
അമ്മയുടെ വരവ് തീരെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാവാം അവൻ ചെറുതായി ഒന്ന് ചമ്മി.
” എന്റെ അമ്മേ ഞാനൊരു കളി പറഞ്ഞതല്ലേ..ഇവളോടല്ലാതെ ഞാൻ പിന്നെ ആരോടാണ് വഴക്കിടുകയും പിണങ്ങുകയും ഒക്കെ ചെയ്യേണ്ടത്?? ”
അവനത് പറയുമ്പോൾ അമ്മയുടെ പുറകിൽ നിന്നുകൊണ്ട് അവൾ കുണുങ്ങി കുണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി.
“മതി മതി കിന്നാരം പറഞ്ഞത് ഇനി സംസാരിച്ച് നിന്ന് ചായ ചൂടാറേണ്ട.. ഈ ചായ കുടിച്ചിട്ട് നീ വേഗം കുളിച്ചു വാ എന്നിട്ട് വേഗം രണ്ടാളും കൂടി അമ്പലത്തിലേക്ക് ചെല്ല്. ഇന്ന് ഗൗരിയുടെ പിറന്നാളല്ലേ അത് മറന്നു പോയോ നീ? ദേവിയുടെ മുന്നിൽ ചെന്ന് അമ്മയ്ക്കും കുഞ്ഞിനും വേണ്ടി മനസ്സുരുകി പ്രാർത്ഥിക്ക്…” അത്രയും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ചായ അവന് നേരെ നൽകിക്കൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.
“ഓഹോ അപ്പൊ വെറുതെയല്ല രാവിലെ തന്നെ കുളിയും കഴിഞ്ഞ് തെറ്റും മുണ്ടും ഒക്കെ ഉടുത്ത് സുന്ദരിയായി ഇരിക്കുന്നത്. അപ്പോൾ ഇന്നായിരുന്നല്ലേ എന്റെ പ്രിയ മാനസിയുടെ ജന്മദിനം ഞാനതങ്ങ് വിട്ടുപോയി സോറി..”
അവളെ അനുനയിപ്പിക്കാൻ എന്നോണം അവൻ അവളുടെ ചാരയായി ചെന്നിരുന്നു.
“അയ്യടാ മോനെ.. ഇനി കൂടുതൽ സോപ്പ് ഇടുകയൊന്നും വേണ്ട. അല്ലെങ്കിലും ഭാര്യമാരോട് സ്നേഹമുള്ള ഭർത്താക്കന്മാർ മാത്രമേ അവരുടെ ജന്മദിനം ഒക്കെ ഓർത്തു വയ്ക്കാറുള്ളൂ.. എനിക്കും ഉണ്ട് ഒരു മുരടൻ ഭർത്താവ് ആകെ വാ തുറക്കുന്നത് അത് ചെയ്യരുത് ഇത് ചെയ്യരുത് നിക്കരുത് നടക്കരുത് എന്ന് പറയാൻ മാത്രമല്ലേ..” അവൾ കള്ള പരിഭവം നടിച്ചപ്പോൾ അവന് സത്യത്തിൽ ചിരി വന്നു.
” നീ തന്നെ അതു പറയണം എന്റെ ഗൗരി.. ഞാൻ മുരടൻ ആയതുകൊണ്ടാണല്ലോ നിന്റെ വയറ്റിൽ ഇപ്പോൾ എന്റെ കുഞ്ഞ് വളരുന്നത്.”
അതും പറഞ്ഞ് അവൻ സാരിയുടെ ഇടയിലൂടെ കയ്യിട്ട് അവളുടെ വയറ്റിൽ ഒന്നു നുള്ളി. അവൾ ആ നിമിഷം കുതറി മാറി. ശേഷം അമ്മ കണ്ടു കാണുമോ എന്ന വ്യാകുലതയോടെ ചുറ്റും നോക്കി.
“ഒന്ന് പോണുണ്ടോ ദേവേട്ടാ.. അമ്മ കാണുമെന്ന് ഒരു വിചാരവുമില്ല. വേഗം പോയി കുളിച്ചു വാ ഇനിയും സംസാരിച്ചു നിന്നാൽ അമ്പലത്തിന്റെ നട അടക്കും പറഞ്ഞേക്കാം..”
” അതിനു നിന്നോടാരാ കിന്നരിക്കാൻ വന്നേ..ഞാൻ എന്റെ മോളെ ഒന്ന് തൊട്ടതല്ലേ..എന്റെ മോൾ ഒന്ന് വരട്ടെ.. നിനക്കുള്ളത് ഇനി ഞങ്ങൾ ഒരുമിച്ച് തരാം. ”
അവളെ കളിയാക്കിക്കൊണ്ട് കുളിക്കാനായി ബാത്റൂമിലേക്ക് പോകാൻ ഒരുങ്ങവെയാണ് പുറകിൽ നിന്ന് അവൾ വീണ്ടും വിളിച്ചത്.
” ദേവേട്ടാ..ഇതൊന്നു വായിച്ചു നോക്കുമോ? ഞാൻ ഇന്ന് എഴുതിയ പുതിയ കവിതയാണ്. ” ഒരു കൊച്ചു കുട്ടിയെ പോലെ അവൾ തന്റെ ഭർത്താവിനോട് കെഞ്ചി.
” നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ ഗൗരി.. നിനക്കറിയില്ലേ എനിക്ക് ഇതൊന്നും ഇഷ്ടമല്ല എന്ന്.. “തനിക്ക് നേരെ നീട്ടിയ എഴുത്ത് ഒന്നു വായിച്ചു നോക്കാൻ പോലും മുതിരാതെ അവൻ ബാത്റൂമിലേക്ക് നടന്നു. അവന്റെ ആ പ്രവർത്തിയിൽ അവൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി. മനോഹരമായി വിടർന്ന ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് പെട്ടെന്നായിരുന്നു.
പെട്ടെന്ന് തന്നെ ദേവൻ കുളിച്ചിറങ്ങി രണ്ടാളും റെഡിയായി പുറത്തേക്ക് ഇറങ്ങാൻ നേരമാണ് വഴിപാടുകളുടെ ഒരു നീണ്ട ലിസ്റ്റുമായി അമ്മ വന്നത്.
“ദേവാ ഇന്ന് വെള്ളിയാഴ്ചയാണ് അമ്പലത്തിൽ നല്ല തിരക്കുണ്ടാകും അവളെ നല്ലതുപോലെ നോക്കിയേക്കണേ..”
“ഇല്ല ഞാൻ അമ്മയുടെ മരുമകളെ ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചു പോരാൻ പോകുവാ..”
” വാ തുറന്നാൽ ഈ ചെക്കൻ വേണ്ടാത്തതേ പറയൂ.. അവൻ തമാശയായാണ് പറഞ്ഞതെങ്കിലും അമ്മയുടെ വക ശകാരമാണ് കേട്ടത്. തന്റെ ഭർത്താവിന്റെ കൈപിടിച്ച് അമ്മയോട് യാത്രയും പറഞ്ഞ് നടക്കാൻ ഒരുങ്ങുവെയാണ് മുറ്റത്ത് പത്രത്തോടൊപ്പം തന്റെ പ്രിയപ്പെട്ട വാരിക ‘കമലദളം’ കിടക്കുന്നത് കണ്ടത്.
അത് കണ്ട മാത്രയിൽ തന്നെ അവൾ മുറ്റത്തേക്ക് ഓടിച്ചെന്നു. അവളുടെ ഓട്ടം ദേവന്റെ ശകാരം വീണ്ടും തുടങ്ങി.
“എങ്ങോട്ടാ ഗൗരി നീ ഈ ബെല്ലും ബ്രേക്കുമില്ലാതെ ഓടുന്നത്? ഈ സമയത്ത് ഇങ്ങനെ ഓടാനും ചാടാനും ഒന്നും പാടില്ലെന്ന് അറിയില്ലേ? അത് അവിടെ കിടന്നാൽ ആരെങ്കിലും എടുത്തുകൊണ്ടു പോകുമോ? വന്നിട്ടായാലും എടുത്താൽ പോരെ?”
അവന്റെ ശകാരങ്ങളുടെ ലിസ്റ്റ് നീണ്ടതും അവൾ അത് അവിടെ തന്നെ ഉപേക്ഷിച്ചു. മുഖം താഴ്ത്തിക്കൊണ്ട് വീണ്ടും അവന്റെ കൈ ചേർത്തു പിടിച്ചു.
” മുഖം വാടാൻ വേണ്ടി പറഞ്ഞതല്ല.. വയറ്റിൽ നമ്മുടെ കുഞ്ഞു വളരുന്നതല്ലേ ഓടുകയും ചാടുകയും ഒക്കെ ചെയ്താൽ ആർക്കാണ് അതിന്റെ കേട്? ” അവനവളെ ആശ്വസിപ്പിച്ചു.
“അതിലെ കഥകളും കവിതകളും ഒക്കെ എന്ത് രസമാണെന്ന് അറിയോ ദേവേട്ടാ.. നമ്മൾ അറിയാതെ വായിച്ചിരുന്നു പോകും. ദേവേട്ടൻ വായിച്ചു നോക്കാഞ്ഞിട്ടാണ്..”
” ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ നീയ്..? എപ്പോൾ നോക്കിയാലും ഉണ്ട് കഥയും കവിതയും. ” അവൻ വീണ്ടും തന്റെ മുരടൻ സ്വഭാവം പുറത്തെടുത്തു.
“വേറെ വല്ല ഭർത്താക്കന്മാരും ആയിരുന്നെങ്കിൽ ഭാര്യയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച് അവളിൽ ആത്മാഭിമാനം കൊണ്ടേനെ… ഇത് മുരടനാ.. തനി മുരടൻ..”
അവൾ പിറുപിറുത് കൊണ്ട് മുറുകെ പിടിച്ചിരുന്ന അവന്റെ കൈത്തലം വിടുവിച്ചു. അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴും നടവരമ്പിന്റെ രണ്ടു ഭാഗത്തും ഉള്ള പാഠഭംഗി ആസ്വദിച്ച് കൊണ്ട് അവൻ നടന്നു. ഭഗവതിയുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോഴും അവളുടെ പ്രാർത്ഥന മുഴുവൻ ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു. പോരുന്ന വഴിയോരം കണ്ണിമാങ്ങകൾ വീണു കിടക്കുന്നത് കണ്ടു അവൾ നിർബന്ധം പിടിച്ച് അത് ദേവനെ കൊണ്ട് പറക്കിപ്പിച്ചു.
“എന്ത് കൊതിയാ ഗൗരീ ഇത്.. ഗർഭിണികൾക്ക് എന്താ പച്ചമാങ്ങയോട് ഇത്ര കൊതി?” അവളുടെ ആവേശം കണ്ട് അവൻ ചോദിച്ചു.
” അത് ആണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. അനുഭവിച്ചു തന്നെ അറിയണം. ” മാങ്ങ തിന്ന് കണ്ണിറുക്കിക്കൊണ്ട് അവൾ പറഞ്ഞു.
തിരികെ വീടിന്റെ പടി കയറിയതും സുഹൃത്ത് അമൃതയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു.
” കണ്ടോ സ്വന്തം ഭർത്താവ് പോലും മറന്ന പിറന്നാൾ വിഷ് ചെയ്യാൻ എന്റെ സുഹൃത്ത് വിളിക്കുന്നത് കണ്ടോ.. ഇത്ര നേരമായിട്ടും നിങ്ങൾക്ക് എന്നെ ഒന്ന് വിഷ് ചെയ്യാൻ തോന്നിയോ മനുഷ്യ..? ” അവൾ അവനെ കൊച്ചാക്കി കൊണ്ട് ഫോൺ എടുത്തു.
” ഹലോ ഗൗരി ഹാപ്പി ബർത്ത് ഡേ.. ”
“താങ്ക്സ് അമ്മു..
” ബർത്ത് ഡേ വിഷ് ചെയ്യുന്നതിനേക്കാൾ ഉപരി നിന്റെ കവിതയെ പറ്റി പറയാനാണ് കേട്ടോ ഞാൻ വിളിച്ചത്… ഗംഭീരമായിട്ടുണ്ട്.. അഭിനന്ദനങ്ങൾ. ”
“കവിതയോ?” അമ്പരപ്പോടെ തന്നെ അവൾ ചോദിച്ചു.
” അതെ ഇന്നത്തെ വാരികയിൽ ഫോട്ടോ സഹിതം നിന്റെ കവിത അച്ചടിച്ച് വന്നിട്ടുണ്ട്.’ഗൗരി ദേവനന്ദൻ’.
ഒന്നും മനസ്സിലാകാതെ അവൾ ഒരു നിമിഷം നിന്നെങ്കിലും അമൃതയോട് തിരികെ വിളികാം എന്ന് പറഞ്ഞ് അവൾ വേഗം ഫോൺ വച്ചു. ശേഷം ധൃതിയിൽ ചെന്ന് മേശപ്പുറത്ത് ഇരുന്നിരുന്ന വാരിക എടുത്ത് താളുകൾ മറിച്ച് നോക്കി.
” എന്താ ഗൗരി..എന്തിനാ നീ ഇങ്ങനെ വെപ്രാളം പിടിക്കുന്നത്? ”
അന്നേരമാണ് താളുകൾക്കിടയിൽ തന്റെ കവിതയും ഫോട്ടോയും അവളുടെ കണ്ണിലുടക്കിയത്. കണ്ടതൊന്നും വിശ്വസിക്കാനാകാതെ അവൾ ഞെട്ടി തരിച്ചു നിന്നു. അപ്പോഴും അവന്റെ മുഖത്തെ പുഞ്ചിരി മായാതെ തന്നെ നിന്നു.
“ദേവേട്ടാ ഇത്… എങ്ങനെ…?” വാക്കുകൾ കിട്ടാതെ തപ്പി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.
” ഇടയ്ക്കെപ്പോഴോ പ്രിയതമയുടെ ഡയറിയിലൂടെ കണ്ണോടിച്ചപ്പോൾ നിന്റെ മുരടൻ ഭർത്താവിന് ഇതങ്ങ് വല്ലാതെ ബോധിച്ചു. നിനക്കൊരു സർപ്രൈസ് തരാനാണ് നിന്റെ സമ്മതം വാങ്ങാതെ ആ മുരടൻ ഇത് അവർക്ക് അയച്ചുകൊടുത്തത്. ”
“അപ്പോ ദേവേട്ടൻ…” അവളുടെ കണ്ണ് നിറഞ്ഞു.
” നിന്റെ എഴുത്തുകൾ ഞാൻ വായിക്കാറുണ്ട്, ആസ്വദിക്കാറുണ്ട്. നിന്റെ ഈ പിണക്കം കാണാനല്ലേ ഞാൻ അതൊക്കെ പറയാതിരിക്കുന്നത്. ”
ഒരു നിമിഷം അവൾ എന്ത് പറയണം എന്നറിയാതെ നിന്നു. ഇതിലും വലിയൊരു പിറന്നാൾ സമ്മാനം തനിക്ക് ഇനി ജീവിതത്തിൽ കിട്ടാനുണ്ടോ എന്ന് പോലും അവൾ സംശയിച്ചു.
” സോറി ദേവേട്ടാ… ” വാക്കുകൾ കിട്ടാതെ നിറഞ്ഞ കണ്ണുകളോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒപ്പിയെടുത്ത് അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.