ഓ ഇവരാണോ വിരുന്നുകാർ……. ദേ ആ ചെക്കന്റെ മോന്ത കണ്ടില്ലേ…. കറുത്ത് കാരിമാക്കാൻ പോലെ… മൂക്കള ഒലിപ്പിച്ച്…. അയ്യേ……” സൈതു അറപ്പോടെ

വലിയപെരുന്നാൽ
(രചന: Jomon Joseph)

“ഒന്ന് മര്യാദക്ക് തേച്ചു കൂടെ ഉമ്മാ….. ഇതു മൊത്തം ചുക്കി ചുളുങ്ങി….. ഇതിട്ടുകൊണ്ട് എങ്ങനാ മൂത്തമ്മാന്റെ വീട്ടിൽ പോണേ…..”

“ഉമ്മാന്റെ പെണ്ണൊന്നു തേച്ചു നോക്കിയേ…. പ്രായം 17 ആയില്ലേ…. അടുത്ത കൊല്ലം കഴിഞ്ഞാൽ നിക്കാഹ് കഴിക്കേണ്ട പെണ്ണാണ്…. നീ എന്തെങ്കിലുമൊക്കെ ചെയ്തു പഠിക്കു എന്റെ സൈതു……”
ഉമ്മാ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു.

“കാലത്ത് തന്നെ എങ്ങടും പോവണ്ട….. ഉച്ചത്തെ ഊണ് കഴിച്ചിട്ടു എങ്ങോട്ടും പോയാൽ മതി….. ഇന്നു നമുക്ക് കുറച്ചു വിരുന്നുകാർ കൂടിയുണ്ട്…….”
ഉമ്മാ തുടർന്നു…

“വിരുന്നുകാരോ …. അതാരാണുമ്മ……”
സൈതു ചോദിച്ചു….

“അതു പിന്നെ നീ മറന്നോ എന്നു അറിയില്ല…….

ദേ പറഞ്ഞു തീരും മുന്നേ ആൾക്കാർ എത്തിയല്ലോ…. വാ കയറി വാ അമ്മിണി….. വാ മക്കളെ…….

“ഓ ഇവരാണോ വിരുന്നുകാർ……. ദേ ആ ചെക്കന്റെ മോന്ത കണ്ടില്ലേ…. കറുത്ത് കാരിമാക്കാൻ പോലെ… മൂക്കള ഒലിപ്പിച്ച്…. അയ്യേ……”
സൈതു അറപ്പോടെ ഉമ്മയോട് പറഞ്ഞു….

” നീ കഴിഞ്ഞ കാലങ്ങൾ മറക്കരുത് പെണ്ണെ…… ഇവര് ചെയ്ത ഉപകാരങ്ങളും…… ”

……………………………

“ഉമ്മാ….. എനിക്ക് പേടിയാകുന്നു…… നമ്മുടെ ഒന്നാമത്തെ നില പകുതിയിൽ കൂടുതൽ മുങ്ങിക്കഴിഞ്ഞു…… അയലത്തെ വീട്ടുകാർ എല്ലാം വീടൊഴിഞ്ഞു അവരുടെ ബന്ധുക്കളുടെ വീടുകളിൽ പോയി……നമ്മൾ എവിടേക്ക് പോകും ഉമ്മാ…..”

“അറിയില്ല മോളെ… ഈ ഉമ്മാക്ക് ഒരു എത്തും പിടിയും കിട്ടണില്ല……. ഒരു അറിയിപ്പ് കിട്ടിയാൽ ഉടൻ നമുക്ക് ഇവിടുന്നു ഇറങ്ങണം…..”ഒരു ആയുസിന്റെ സമ്പാദ്യമായ വീട് വെള്ളം കയറി മുങ്ങുന്നത് കണ്ടു കരഞ്ഞുകൊണ്ട് ഉമ്മാ പറഞ്ഞു…..

“ആലുവ ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ നിങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്….. ഇടാനുള്ള
കുപ്പായങ്ങൾ മാത്രം എടുത്തു വേഗം
ഇറങ്ങിക്കോളൂ….”
ആരുടെയോ ശബ്ദം ഉയർന്നു…..

പാതി നനഞ്ഞ കുറച്ചു കുപ്പാങ്ങളുമായി വെള്ളത്തിലൂടെ പുറത്തേക്കു ഇറങ്ങി…..

“ഉമ്മാ എങ്ങനാ…. എങ്ങനാ നമ്മൾ ഒരു സ്കൂളിൽ…… എത്രപകൽ എന്നോ രാത്രിയെന്നോ അറിയാതെ…….എനിക്ക് വയ്യ ഉമ്മാ….. അതിലും ഭേദം മരിക്കുന്നതല്ലേ……”
സൈതു ഉമ്മയോട് ചോദിച്ചു….

“ദാ അവിടെ വച്ചുകൊള്ളു…. എന്നിട്ട് ഭക്ഷണം കഴിക്കാൻ ആ ക്യൂവിലേക്കു ചെല്ലു……”
ഒരു സാമൂഹിക പ്രവർത്തകന്റെ നിർദേശം കേട്ടു……

“ഉപ്പുമാവ്………. അയ്യേ… ജീവിതത്തിൽ ഇതുവരെ കഴിക്കാത്ത സാധനം……”അവൾ മനസ്സിൽ ആലോചിച്ചുകൊണ്ട് പാത്രം നീട്ടി…….
വിശപ്പിന്റെ വേദനയിൽ ആ പാത്രം കാലിയായത് അവൾ അറിഞ്ഞില്ല…..

വൈകുന്നേരം ആവുമ്പോഴേക്കും അവളുടെ ശരീരം തളർന്നിരുന്നു… മനസ് മുഴുവൻ രാത്രിയെക്കുറിച്ചുള്ള ഭയമായിരുന്നു…….. ഉമ്മയെ കെട്ടിപ്പിടിച്ച് അവൾ ഉറക്കെ കരഞ്ഞു…..

“എന്താ മോളെ കരയുന്നത്….. എന്താ വയ്യായ്ക വല്ലതും….”അടുത്ത് നിന്ന ഒരു സ്ത്രീ ചോദിച്ചു…….

അവൾ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…. എണ്ണ കറുപ്പ് നിറം ആണെങ്കിലും ഐശ്വര്യമുള്ള മുഖം, മൂക്കിനെക്കാൾ വലിയ മൂക്കുത്തി……തലമുടിയിൽ നരയുടെ കുഞ്ഞു മുളകൾ അവിടവിടെ കാണാം…..

“ഇവൾ ആദ്യമായാണ് വീടുവിട്ടു നിൽക്കുന്നത്… അതും ഇത്രയും ആളുകളുടെ ഇടയിൽ………”ഉമ്മാ അവരോടു പറഞ്ഞു…..

“ഞാൻ ഇവിടെ സാമൂഹിക പ്രവർത്തനത്തിനായി വന്നതാണ്…. എന്റെ പേര് അമ്മിണി……… വീട് 5 km അപ്പുറത്താണ്… നല്ലൊരു മഴപെയ്താൽ പൊളിഞ്ഞു വീഴാവുന്ന ഒരു വീട്ടിൽ ആണ് താമസം…. ഒരു മകളും അച്ഛൻ ഇല്ലാത്ത രണ്ടു കുട്ടികളും ഉണ്ട് അവിടെ……… എല്ലാവരും എന്നെ പോലെ തന്നെ………. ജാതിയുടെ വേർതിരിവ് ഇല്ലെങ്കിൽ, വർണത്തിനെ താരതമ്യം ചെയ്യില്ലെങ്കിൽ നിങ്ങൾക്ക് എന്റെ വീട് പൊളിഞ്ഞു വീഴും വരെ അവിടെ കഴിയാം…..”
അതു പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു….അപ്പോഴേക്കും എന്റെ ഉമ്മയുടെ കൈകൾ അവരുടെ കയ്കളെ ചേർത്ത് പിടിച്ചിരുന്നു…..

കുറെ ദിവസങ്ങൾ അവരോടൊപ്പം അവിടെ കഴിഞ്ഞു….. എന്റെയും ഉമ്മയുടെയും വയറു നിറയും വരെ അവർ ആഹാരം വിളമ്പി….. പലപ്പോഴും ആ അമ്മ ആഹാരം കഴിച്ചോ എന്നു പോലും ചോദിക്കുവാൻ ഞാൻ മറന്നുപോയി……. ഉടുത്തു മാറിയ കുപ്പാങ്ങൾ ഭംഗിനോക്കാൻ ഞാൻ ഓർത്തില്ല…. തുന്നലും കീറലും ഞാൻ കണ്ടില്ല. ആ കുപ്പായങ്ങൾ എല്ലാം ആ അമ്മയുടെ മകളുടേതായിരുന്നു……

മഴവെള്ളത്തിന്റെ ഒരോതുള്ളികൾ ഇറ്റിറ്റു വീണു ചോരുന്ന ആ കൊച്ചു വീട്ടിൽ ആകെയുള്ള ഒരു ചെറിയ കട്ടിലിൽ ചോരാത്ത ഒരു മൂലയിൽ ഞാനും ഉമ്മയും ഉറങ്ങി…….
ആരൊക്കെയോ ഉപയോഗിച്ച സോപ്പുതേച്ചു ഞാൻ കുളിച്ചപ്പോഴും, ആരൊക്കെയോ തുടച്ച തോർത്തിട്ട് ഞാൻ തല തുടച്ച്ചപ്പോഴും യാതൊരു അറപ്പും എനിക്കു തോന്നിയില്ല……..

മഴ മാറി മാനം തെളിഞ്ഞു തുടങ്ങിയപ്പോൾ ആ വീടുവിട്ടിറങ്ങിയ ഞങ്ങളുടെ കയ്യിൽ അവർ ദാനമായി തന്ന ഉടുത്തിരുന്ന ആ വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

“ഇന്നാ ഇതിരിക്കട്ടെ എന്നു പറഞ്ഞു ആ അമ്മ എന്റെ ഉമ്മയുടെ കൈകളിലേക്ക് കുറച്ചു പണം നീട്ടുമ്പോൾ എന്റെ ഉമ്മാ വിതുമ്പിപ്പൊട്ടിയ വാക്കുകളിൽ അവരോടു ചോദിച്ചു
“ഈ കടമൊക്കെ ഞാൻ എങ്ങനെ തീർക്കും അമ്മിണിയെ” എന്നു…..
കെട്ടിപ്പിടിച്ച് കരയുന്ന അവരെ കണ്ടു ഞാനും കരഞ്ഞു…….

…………………………

” എന്റെ പ്രാണൻ പിടക്കുന്നു ഉമ്മാ……ഒരു നിമിഷം ഞാൻ എല്ലാം മറന്നുപോയി…. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ മറന്നു ഞാൻ വീണ്ടും പഴയ അഹങ്കാരിയായിപ്പോയി…. സോറി ഉമ്മാ……

“അതു സാരമില്ല മോളെ…..”

അവൾ ആവേശത്തിൽ പുറത്തേക്കു ചെന്നു

“അമ്മ വാ കയറി വാ……”
അമ്മിണിയുടെ കയ് പിടിച്ചു അവൾ അകത്തേക്ക് കയറി.
അമ്മിണിയും മക്കളും ആ വീടിനു ചുറ്റും ഒന്ന് കണ്ണോടിച്ചു..

“ഇത്രയും വലിയ വീട്ടിൽ കഴിഞ്ഞ നിങ്ങൾ ആണോ അന്നെന്റെ കുടിലിൽ…..”അമ്മിണിയുടെ വാക്കുകൾ ഇടറി…

“ഇതു വീടാണെങ്കിൽ അതു സ്വർഗ്ഗമല്ലേ അമ്മിണി…. സ്വർഗത്തിൽ കിട്ടിയ സന്തോഷവും സമാധാനവും മറ്റെവിടെയും ഇതുവരെ കിട്ടിയിട്ടില്ല…”

അവർ അകത്തേ കസേരയിൽ പോയി ഇരുന്നു….
സൈതു അവരെ ഒന്ന് നോക്കി…. പഴയതാണെങ്കിലും വൃത്തിയുള്ള നിറം മങ്ങിയ കുപ്പായങ്ങൾ……
ഊണ് കഴിക്കും നേരം ആർത്തിയോടെ ആ കുട്ടികൾ ഇറച്ചിയും മീനും മറ്റും കഴിക്കുന്നത്‌ അവൾ നോക്കി നിന്നു…. സന്തോഷത്തോടെ അവരെ നോക്കി അവൾ ചിരിച്ചു.

ഇറങ്ങാൻ നേരം ഉമ്മാ അകത്തെ മുറിയിലേക്ക് കയറിപ്പോകുന്നത് ഞാൻ കണ്ടു. കയ്യിൽ ഇരുന്ന ഒരു ചെപ്പിൽ നിന്നും ഒരു പവൻ തോന്നുന്ന ഒരു മാലയെടുത്തു അമ്മിണിയമ്മയുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. കയ്കൊണ്ടു തട്ടാൻ ശ്രമിച്ച്ചപ്പോൾ കയ് പിടിച്ചു ഹൃദയത്തിൽ വച്ചു ഉമ്മാ പറഞ്ഞു…
“എനിക്ക് ചെയ്ത ഉപകാരങ്ങൾക്ക് പ്രത്യുപകാരം അല്ലാട്ടോ….. അതു ഞാൻ മരിച്ചാലും തീരൂല്ല…. ഇതു നിനക്ക് ഒരു തരി പൊന്നു ദേഹത്തു കാണണം എന്ന മോഹം…………”

സൈതു അവളുടെ മുറിയിൽ തേച്ച് മടക്കി വച്ച ആ പുതിയ കുപ്പായം എടുത്തു അമ്മിണിയമ്മയുടെ മകളുടെ നേരെ നീട്ടി…
“ഇതു ചേച്ചിക്ക് വേണ്ടി ഞാൻ വാങ്ങിയതാണ്….”
വളരെ സന്തോഷത്തോടെ അവർ അതു വാങ്ങി…….ആ സമയം അമ്മ എന്നെ നോക്കി ചിരിച്ചു.

അവർ പടിയിറങ്ങും നേരം സൈതു ഉമ്മയോട് ചോദിച്ചു…. “ഇനി ഞാനും പൊയ്ക്കോട്ടേ ഉമ്മാ, മൂത്തുമ്മാടെ വീട്ടിലേക്കു……”

“വൈകുന്നേരം അല്ലെ അങ്ങടേക്കു ബസ്….”
ഉമ്മാ ചോദിച്ചു….

“അയ്യോ അവിടേക്കല്ലുമ്മ, ഈ മൂത്തുമ്മടെ വീട്ടിലേക്കാണ്……”

അമ്മിണിയുടെയും മക്കളുടെയും കൂടെ അവൾ വലിയ പെരുന്നാൾ ദിനം അവിടേക്കു യാത്രയായി…………..

Leave a Reply

Your email address will not be published. Required fields are marked *