വീട്ടുജോലി എന്താ മോശമാണോ..?
(രചന: Sheeba Joseph)
അപ്പൂ.. നീ എഴുന്നേൽക്കുന്നില്ലെ.?
സ്കൂളിൽ പോകണ്ടേ നിനക്ക്..?
“എന്തൊരു ഉറക്കമാ അപ്പു ഇത്..”
“വേഗം എഴുന്നേറ്റു റെഡിയാകാൻ നോക്ക്…”
അപ്പു വേഗം എഴുന്നേറ്റു റെഡിയാകാൻ തുടങ്ങി…
ഇന്നുച്ചയ്ക്ക് സ്കൂളിൽ കൊണ്ടുപോകാൻ എന്നാമ്മെ കറി..?
“കടുമാങ്ങ അച്ചാർ ഉണ്ട്…”
ഒരു മുട്ട കൂടി പൊരിച്ച് വയ്ക്കാം കേട്ടോ.?
രാവിലെ എന്നാമ്മെ കഴിക്കാൻ.?
“അതമ്മ, ഇന്ന് ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ട് .”
ഉപ്പുമാവ് ആണോ..?
എനിക്ക് വേണ്ട…
എനിക്ക് ചോറ് മതി..?
സുമ, അപ്പുവിനെ ഒന്നു സൂക്ഷിച്ചു നോക്കി.
“അവൾക്കറിയാം.. അവന്റെ കടുമാങ്ങ അച്ചാറിനോടുള്ള കൊതി. ”
“കടുമാങ്ങ അച്ചാർ ഉണ്ടേൽ പിന്നെ അവന് ചോറു മാത്രം മതി, പലഹാരം ഒന്നും തന്നെ വേണ്ട.”
സുമ ഒരു പാത്രത്തിൽ കുറച്ച് ചോറും, മുട്ട പൊരിച്ചതും, കടുമാങ്ങ അച്ചാറും കൂടി എടുത്ത് അപ്പുവിന് കൊടുത്തു.
അമ്മ എനിയ്ക്ക് ഉരുള ആക്കി വച്ചു താ.?
” ചെറുക്കന് പുന്നാരം കളി ഇച്ചിരി കൂടുന്നുണ്ട് കേട്ടോ.?
“ആറാം ക്ലാസ്സിലായി, ഇപ്പോഴും കുഞ്ഞാണെന്നാ വിചാരം”
അമ്മ എനിയ്ക്ക് ഉരുളയാക്കി വച്ച് തന്നാൽ മതി, ഞാൻ എടുത്ത് കഴിച്ചോളാം.
ഹൊ…. ചെറുക്കൻ്റെ ഒരു കാര്യം..!
സുമ അച്ചാറും മുട്ട പൊരിച്ചതും ചോറും കൂടി ചേർത്ത് കുഞ്ഞുരുളകളാക്കി പാത്രത്തില് എടുത്തു വച്ചുകൊടുത്തു.
“അപ്പു ഓരോ ഉരുളകൾ എടുത്ത് ആസ്വദിച്ച് കഴിക്കുന്നത് നോക്കി അവൾ നിന്നു.”
“അപ്പൂന് കൂട്ടായി അമ്മയും, അമ്മയ്ക്ക് കൂട്ടായി അപ്പുവും മാത്രമേ ഉള്ളൂ.”
അപ്പുവിന്റെ അച്ഛൻ, അവൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചുപോയി.”
അപ്പുവും സുമയും കൂടിയാണ് എന്നും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. അപ്പുവിനെ സ്കൂളിൽ ആക്കിയിട്ടു സുമ ജോലി സ്ഥലത്തേക്ക് പോകും.
സ്കൂളിലേയ്ക്ക് കയറുന്നതിനിടയിൽ അപ്പു തിരിഞ്ഞു നിന്ന് സുമയോട് പറഞ്ഞു.?
അമ്മേ…
വെള്ളിയാഴ്ചയാണ് പാരൻ്റ്‌സ് മീറ്റിംഗ്…
ഓർമ്മയുണ്ടല്ലോ അല്ലേ.?
“ഉണ്ട് മോനെ, അമ്മ വരാം..”
അപ്പുവിനെ, സ്കൂളിലേയ്ക്ക് ആക്കിയിട്ട് സുമ ജോലിയ്ക്ക് പോയി.
“കുറച്ച് ദൂരെ ഒരു സ്ഥലത്ത്, ഒരു വീട്ടിൽ വീട്ടുപണിയാണ് അവൾക്ക്.”
ആഹ.. ഇന്ന് നീ നേരത്തെ എത്തിയൊ സുമേ?
“ങാ ചേച്ചി..”
“ഇന്ന് വീട്ടിൽ നിന്ന് കുറച്ച് നേരത്തേ ഇറങ്ങി.”
ഇന്ന് വീടെല്ലാമൊന്ന് തുടച്ചു വൃത്തിയാക്ക്… വീട് തുടച്ചു കഴിഞ്ഞ്, രണ്ടു തേങ്ങാ കൂടി പൊതിച്ച് ചിരകി വയ്ക്കണം കേട്ടോ.?
ചേച്ചി വെള്ളിയാഴ്ച ഞാൻ പണിയ്ക്ക് വരില്ല കേട്ടോ.!
അതെന്താ…?
എന്ത് പറ്റി?
“അന്ന് നീ വരാതിരുന്നാൽ ശരിയാവില്ല.”
അന്നു സന്ദീപ് വരുന്ന ദിവസമാണ്. !
“കാനഡയിൽ പഠിത്തത്തിന് പോയിട്ട്, മൂന്നാം വർഷമാ അവൻ നാട്ടിൽ വരുന്നത്. ”
അവന് വല്ലതും വായിക്കു രുചിയായിട്ട് ഉണ്ടാക്കി കൊടുക്കണ്ടേ. ?
അന്ന് നീ വന്നില്ലേ ഞാൻ വേറെ ആളെ വയ്ക്കും കേട്ടോ. ?
“പിന്നെ പണി പോയി എന്നും പറഞ്ഞു കരഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.”
അല്ലാ.. നിനക്കെന്താ, ഈ വെള്ളിയാഴ്ച ഇത്ര അത്യാവശ്യം.?
“അന്ന് മോൻ്റെ സ്കൂളിൽ പേരൻ്റ്സ് മീറ്റിംഗ് ആണ് ചേച്ചീ.”
ഓ അതാണോ ഇത്ര വലിയ കാര്യം.!
“അതിനൊന്നും പോയില്ലേലും ഒരു കുഴപ്പവുമില്ല.”
നീ അന്ന്, പണിയ്ക്കു വരാന്‍ നോക്ക്.?
” എന്തെങ്കിലുമൊക്കെ കാര്യമായിട്ട് വച്ച് ഉണ്ടാക്കണം. ”
നീയിന്ന്, വീട്ടിൽ പോകുമ്പോൾ രാവിലെ ഉണ്ടാക്കിയ പലഹാരത്തിന്റെ ബാക്കി അവിടെ ഇരിപ്പുണ്ട്, അതുകൂടി എടുത്തുകൊണ്ടു പൊയ്ക്കോ.?
നിൻ്റെ കൊച്ചു സ്കൂളിൽ നിന്ന് വരുമ്പോൾ വല്ലതും കഴിക്കാൻ കൊടുക്കണ്ടേ.?
ശരി ചേച്ചി….
അപ്പു, സ്കൂളിൽ നിന്ന് വരുന്നതിന് മുൻപ് തന്നെ സുമ വീട്ടിലെത്തി.
സ്കൂളിൽ നിന്നും വന്നയുടനെ അപ്പു അമ്മയോട് ചോദിച്ചു.?
അമ്മേ..
അമ്മ, വെള്ളിയാഴ്ച പേരൻ്റ്സ് മീറ്റിങ്ങിന് വരത്തില്ലേ?
മീറ്റിങ്ങിന് വന്നില്ലേ, വരാത്തതിൻ്റെ കാരണം എഴുതി കൊടുക്കണമെന്ന് ടീച്ചർ പറഞ്ഞു.?
മോനെ അമ്മയ്ക്ക് വരാൻ പറ്റില്ലടാ.!
” വെള്ളിയാഴ്ച അവിടുത്തെ ചേട്ടൻ കാനഡയിൽ നിന്നും വരുവാണ്. അമ്മയ്ക്ക് അവിടെ ഒരുപാട് പണിയുണ്ട്.”
“അയ്യോ അമ്മേ, എല്ലാവരുടെ പേരൻ്റ്സും അന്ന് മീറ്റിങ്ങിന് വരും.”
അമ്മയ്ക്ക് വരാൻ പറ്റാത്ത കൊണ്ടല്ലെ മോനെ.?
മോനൊരു കാര്യം ചെയ്യ്, അമ്മയ്ക്ക് ജോലിയ്ക്ക് പോകണം എന്ന് എഴുതി കൊടുക്ക്.
“ശരിയമ്മേ.. ഞാൻ എഴുതി കൊടുക്കാം. ”
അവൻ ഒരു പേപ്പർ എടുത്ത്, അമ്മയ്ക്ക് ജോലിയ്ക്ക് പോകേണ്ടതു കൊണ്ട് പിടിഎ മീറ്റിങ്ങിന് വരാൻ സാധിക്കില്ല എന്ന് വൃത്തിയായി എഴുതി..
“അതിൻ്റെ അടിയിൽ സുമയുടെ ഒപ്പും ഇടീപ്പിച്ച് ആ പേപ്പർ വൃത്തിയായി മടക്കി ബുക്കിനുള്ളിൽ വച്ചു.”
അടുത്ത ദിവസം, പതിവ് പോലെ സ്കൂളിലേക്ക് യാത്രയായി.
ടീച്ചർ ക്ലാസിലെത്തി എല്ലാവരുടെയും ഹാജർ വിളിച്ചു, എന്നിട്ട് എല്ലാവരോടും കൂടിയായി ചോദിച്ചു.
എല്ലാവരുടെയും പേരൻ്റ്സ് മീറ്റിങ്ങിനു വരില്ലേ.?
പേരൻ്റ്സ് വരാത്ത കുട്ടികൾ, അവര് വരാത്തത്തിൻ്റെ കാരണം എഴുതി കൊണ്ടുവന്നിട്ടുണ്ടോ?.
ആരുടെയൊക്കെ പേരൻ്റ്സ് ആണ് അന്നു വരാത്തത്.?
അവരൊക്കെയൊന്ന് എഴുന്നേറ്റ് നിന്നേ.?
അപ്പു ഉൾപ്പെടെ, അഞ്ച് കുട്ടികൾ എഴുന്നേറ്റു നിന്നു. ടീച്ചർ ഓരോരുത്തരെയായി വിളിച്ച് അവരുടെ കയ്യിലിരിക്കുന്ന പേപ്പർ വാങ്ങി പരിശോധിച്ചു. ഓരോരുത്തരോടും കാരണം അന്വേഷിച്ചു.
അവസാനമാണ്, അപ്പുവിൻ്റെ പേപ്പർ മേടിച്ചത്.
“അതിൽ ജോലിക്ക് പോകാനുള്ളത് കൊണ്ട് അമ്മയ്ക്ക് വരാൻ സാധിക്കില്ല എന്ന് എഴുതിയിരിക്കുന്നത് കണ്ടു.”
അപ്പു, നിൻ്റെ അമ്മയ്ക്ക് എന്താണ് ജോലി.?
“ടീച്ചറെ, അമ്മ ഒരു സ്ഥലത്ത് വീട്ടുപണിയ്ക്ക് പോവുകയാണ്.”
“ഓ അതാണോ നിൻ്റെ അമ്മയുടെ ഇത്ര വലിയ ജോലി.”
“ജോലിക്ക് പോകുന്നതുകൊണ്ടാണ് വരാൻ പറ്റാത്തതെന്ന് കണ്ടപ്പോൾ, ഞാൻ കരുതി, നിൻ്റെ അമ്മയ്ക്ക് എന്തെങ്കിലും സർക്കാർ ഉദ്യോഗമാണെന്ന്.”
ഇത് കേട്ട് കുട്ടികളെല്ലാവരും ഉച്ചത്തിൽ ചിരിച്ചു.
“അയ്യേ, അപ്പുവിന്റെ അമ്മ വീട്ടുജോലിക്കാരിയാണോ.?
“കുട്ടികൾ അവനെ കളിയാക്കി ചിരിച്ചു.”
അപ്പു ഒന്നും മിണ്ടിയില്ല, അവൻ തലതാഴ്ത്തി നിന്നു.
“സ്കൂളിൽ നിന്ന് വന്ന അപ്പുവിന്‍റെ മുഖം വല്ലാതെ സങ്കടപ്പെട്ടാണ് ഇരുന്നത്”
എന്തുപറ്റി മോനെ.?
“പേരൻ്റ്സ് മീറ്റിങ്ങിന് അമ്മ വരാത്തതിൻ്റെ കാരണം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാവരും എന്നെ കളിയാക്കി.”
അതെന്തിനാ മോനെ?
“അമ്മയുടെ ജോലി വീട്ടുപണിയാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു.”
അതെന്താ അമ്മേ വീട്ടുപണി എന്ന് പറഞ്ഞാൽ അത്ര മോശം ജോലിയാണോ.?
“സുമയ്ക്ക്, എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ”
തനിയ്ക്ക്, ജോലി ചെയ്താലേ ജീവിയ്ക്കാൻ പറ്റൂ.?
വിദ്യാഭ്യാസം കുറവായതുകൊണ്ട് തനിയ്ക്ക് പറ്റുന്ന ജോലിക്കല്ലേ പോകാൻ പറ്റൂ.
“സുമയ്ക്ക് കരച്ചിൽ വന്നു. ”
ജോലിക്ക് പോകാതിരുന്നാൽ എങ്ങനെ ജീവിക്കാനാ. ?
വേറേ ആര് സഹായിക്കാനാ?
ഞങ്ങൾക്ക് വേറേ ആരുമില്ലല്ലോ?
എങ്കിലും, അപ്പുവിനെ സമാധാനിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ആരു പറഞ്ഞു, വീട്ടുപണി മോശം ജോലിയാണെന്ന്.”
ആ ജോലിക്ക് പോയി കിട്ടുന്ന പൈസ കൊണ്ടല്ലേ നമ്മൾ ജീവിക്കുന്നത്.?
പിന്നെന്തിനാ എല്ലാരും എന്നെ കളിയാക്കിയത്.?
“അവര് പോകാൻ പറ. മോൻ അതൊന്നും കാര്യമാക്കണ്ട.”
അപ്പൂന് ശരിയ്‌ക്കും സങ്കടമായി.
അമ്മേ, നാളെ ഞാൻ സ്കൂളിൽ പോകുന്നില്ല. ?
“എനിക്ക് വയ്യ, എല്ലാവരും ഇനിയും എന്നെ കളിയാക്കും.”
“മോനു വിഷമമാണെങ്കിൽ നാളെ പോകണ്ട കേട്ടോ. ”
നാളെ പണിയ്ക്ക് പോകുമ്പോൾ അമ്മയുടെ കൂടെ മോനും കൂടി പോരെ. അവിടെ കുസൃതി ഒന്നും കാണിക്കാതെ അടങ്ങിയിരുന്നാൽ മതി.
നാളെ, അവിടുത്തെ ചേട്ടൻ കാനഡയിൽ നിന്ന് വരുന്നുണ്ട്.!
മോൻ ഓർക്കുന്നുണ്ടോ, സന്ദീപ് ചേട്ടനെ.?
എനിക്കറിയാം നല്ല ചേട്ടനാ.!
ങാ.. സുമേ നീ എത്തിയോ.?
“നീ വേഗം അടുക്കളയിലോട്ട് ചെല്ല്. അവിടെ പിടിപ്പത് പണിയുണ്ട്.”
“സന്ദീപ് ഇന്നലെ രാത്രി എത്തി കേട്ടോ.”
എന്നിട്ട്, എന്തിയെ ചേച്ചി സന്ദീപ്.?
“അവൻ കിടന്നു ഉറക്കവാടി, യാത്രാക്ഷീണം കാണില്ലേ. ഒന്നുറങ്ങി എണീറ്റ് വരട്ടെ.”
മോനെ അപ്പു, നീ ഇന്ന് സ്കൂളിൽ പോയില്ലേ.?
“ഇല്ല”
അതെന്നാ പോകാഞ്ഞത്?
“ഞാൻ പിടിഎ മീറ്റിങ്ങിന് ചെല്ലാത്ത സങ്കടം കൊണ്ടാണ് ചേച്ചീ അവൻ പോകാഞ്ഞത്.”
അയ്യോ…ഇവിടെ അത്യാവശ്യം പണി ഉള്ളതുകൊണ്ടല്ലേ സുമേ നിന്നോട് വരാൻ പറഞ്ഞത്.
മോൻ വിഷമിക്കണ്ട കേട്ടോ…?
“സാരമില്ല, മോനിന്ന് ഇവിടെയിരുന്നു കളിയ്ക്ക്.”
സന്ദീപ് ചേട്ടൻ എഴുന്നേൽക്കുമ്പോൾ ചേട്ടൻ്റെ അടുത്ത് പോയിരുന്നു വർത്തമാനം ഒക്കെ പറഞ്ഞ് ഇരിക്കാം.
ഹലോ, സുമചേച്ചി എന്തുണ്ട് വിശേഷം?
ആഹാ, സന്ദീപ് ഉറങ്ങി എണീറ്റോ.?
എത്ര കാലമായി കണ്ടിട്ട്.?
ഇത് നമ്മുടെ അപ്പു അല്ലേ..?
ഇവനങ്ങ് പൊക്കം വച്ച് കേട്ടോ.!
നീ ഇന്ന് സ്കൂളിൽ പോയില്ലേ മോനെ.?
” ഇല്ല ”
എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്.?
“അത് പിന്നെ, അമ്മ പിടിഎ മീറ്റിങ്ങിന് വരാത്തതിന്റെ കാരണം ഞാൻ എഴുതി കൊടുത്തപ്പോൾ, ക്ലാസ്സിലെ പിള്ളേരും ടീച്ചറുമെല്ലാം എന്നെ കളിയാക്കി.”
നീ, എന്ത് കാരണം ആണ് എഴുതികൊടുത്തത്.?
“അമ്മയുടെ ജോലി വീട്ടുപണി ആണെന്ന് പറഞ്ഞപ്പോൾ അവരെല്ലാം എന്നെ കളിയാക്കി ചിരിച്ചു.”
അതെന്തിനാ അവർ കളിയാക്കി ചിരിച്ചത്.?
“അത് അവർക്ക് വിവരമില്ലാഞ്ഞിട്ടാ അപ്പു.”
വീട്ടു ജോലി എന്ന് പറയുന്നത് മോശം ജോലിയാണോ?
“അതും ഒരു ജോലി അല്ലേ.”
നീ എന്ത് വർത്തമാനമാടാ സന്ദീപേ കൊച്ചിനോട് പറഞ്ഞു കൊടുക്കുന്നത്.?
“വീട്ടുജോലീന്ന് പറഞ്ഞാൽ അതെന്നാ അത്ര അന്തസ്സുള്ള ജോലിയാണോ.”
“എൻ്റമ്മേ….അമ്മയെപ്പോലുള്ളവർ ഇങ്ങനെ ചിന്തിക്കുന്നതു കൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത്.!
ഈ ഞാൻ തന്നെ, കാനഡയിലെ പാർട്ട് ടൈം ജോലി ആയിട്ട് എന്തെല്ലാം ജോലി ചെയ്യുന്നു. അതൊക്കെ അവിടെ അഭിമാനമാണ്.
“നമ്മൾക്ക് ഇഷ്ടമുള്ള ജോലി നമ്മൾ ചെയ്യുന്നു. എല്ലാം ജോലിയാണ്, ഏത് ജോലി ചെയ്താലും ശമ്പളം കിട്ടും അത്രയേ ഉള്ളൂ, അതുകൊണ്ടാണ് ഞാൻ അവിടെ നന്നായി ജീവിക്കുന്നത്. ”
“ഞാൻ ഹോട്ടലിൽ ക്ലീൻ ചെയ്യാനും,
പാത്രം കഴുകാനും ഒക്കെ പോകാറുണ്ട്…..”
“അവിടെയൊന്നും അതൊരു നാണക്കേട് അല്ല. ആരും അതൊന്നും കേട്ടാൽ കളിയാക്കി ചിരിക്കത്തുമില്ല. ”
“അവിടെയൊന്നും ആരും മറ്റുളളവർ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് തിരക്കാറേയില്ല .”
എല്ലാവരും, അതൊക്കെ തന്നെയാണ് അവിടെ ചെയ്യുന്നത്.?
“എല്ലാം ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ടമ്മേ.”
അപ്പു, നമ്മുടെ നാട്ടിലെ ആളുകൾക്ക് വിവരമില്ലാത്തത് കൊണ്ടാണ് ചില ജോലികളുടെ പേര് കേൾക്കുമ്പോൾ തന്നെ അവർ കളിയാക്കുന്നത്.
“നീ നാണക്കേട് ഒന്നും വിചാരിക്കേണ്ട കാര്യമില്ല കേട്ടൊ.
“അമ്മ ജോലി ചെയ്ത് കിട്ടുന്ന പൈസ കൊണ്ടല്ലേ നിന്നെ പഠിപ്പിക്കുന്നത്….
ആഹാരം മേടിച്ചു തരുന്നത്…”
നിങ്ങൾ ജീവിക്കുന്നത് ആ ജോലി ചെയ്ത് കിട്ടുന്ന കാശു കൊണ്ടല്ലേ..?
“പിന്നെങ്ങനെ അത് മോശമാകും.”
ഇപ്പൊ തന്നെ, അപ്പുവിന്റെ അമ്മ
ഇവിടെ ജോലിക്ക് വരാതിരിക്കുവാണെന്നുണ്ടെങ്കിൽ ഈ പണിയെല്ലാം ഞങ്ങൾ ഒറ്റയ്ക്ക് തന്നെ ചെയ്യും.
അപ്പുവിൻ്റെ അമ്മ ചെയ്യുന്ന അതേ ജോലി തന്നെ ഞങ്ങളും ചെയ്യേണ്ടിവരും. അപ്പോൾ പിന്നെ, അതങ്ങനെയാണ് മോശം പണിയാകുന്നത്.?
“ഞങ്ങൾക്ക് പൈസ ഉള്ളതുകൊണ്ടാണ് പുറത്തുനിന്ന് വേറൊരാളെ വച്ച് ജോലി ചെയ്യിപ്പിക്കുന്നത്. ”
“അത് വേറൊരാൾ, ചെയ്യുമ്പോൾ അതവർക്കൊരു വരുമാനമാർഗ്ഗവും ആണ്.”
ആ പണി അപ്പുവിന്റെ അമ്മ ചെയ്യുന്നതു കൊണ്ടല്ലേ പൈസ കിട്ടുന്നത്.?
“എല്ലാ ആളുകളും ജോലി ചെയ്യുന്നത് പൈസക്ക് വേണ്ടിയാണ്. എല്ലാ ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ട്. നീ ഇനി അതിലൊന്നും ഒരു നാണക്കേട് വിചാരിക്കേണ്ട കേട്ടോ.”
“സന്ദീപ് ചേട്ടൻ, പറഞ്ഞത് കേട്ടപ്പോൾ അപ്പുവിന് സന്തോഷമായി. അവൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.”
“സന്ദീപിന്റെ വാക്ക് കേട്ടപ്പോൾ സുമയ്ക്ക് അഭിമാനം തോന്നി.’
വീട്ടുപണി ആണേലും താൻ ജോലി ചെയ്ത് സമ്പാദിക്കുന്നതിൽ അവൾക്ക് അഭിമാനം തോന്നി.
താനും, ഒരു കുടുംബം നോക്കി നടത്തുന്നില്ലേ.?
“ആരുടെയും ആശ്രയം ഇല്ലാതെ സ്വന്തം വരുമാനം കൊണ്ട് ഒരു കുഞ്ഞിനെ വളർത്തുന്നില്ലേ.”
സുമയ്ക്ക്, ആദ്യമായി തന്റെ ജീവിതത്തിൽ ഒരു അഭിമാനം തോന്നിയ നിമിഷം ആയിരുന്നു….