തൊട്ടുരുമി ഇരിക്കാനും, അറിയാത്ത ഭാവത്തിൽ അയാളുടെ വിരലുകളെ തലോടാനും, മറുപടിയൊരു ചിരിയാണെങ്കിലും നാൽപ്പതായിട്ടും നിങ്ങളെന്താ വിവാഹം കഴിക്കാത്തതെന്ന് ആവർത്തിച്ച്

(രചന: ശ്രീജിത്ത് ഇരവിൽ)

അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു പെണ്ണിന്റെയോ പൂവിന്റെയോ ഗന്ധം പോലും വന്നില്ല. വിഷയം പ്രേമമാകുമ്പോൾ താനെത്ര ദരിദ്രനാണെന്ന് അയാൾ ഓർത്തൂ..

മുറിയിൽ മുഴുവൻ വാക്കുകളെ തടഞ്ഞ് കുത്തി വരഞ്ഞ കടലാസ് ചുരുളുകളാണ്. കൃത്യമായ ആകൃതിയോ ആശയമോ ഇല്ലാത്ത തന്റെ ചിന്തകളാണ് അതെന്ന് തോന്നിയപ്പോൾ അയാൾ എഴുത്ത് നിർത്തി.

ജീവിതം കൊണ്ട് കണ്ട് കൊള്ളാത്തതായ ഒരു വിഷയം പോലും അയാൾക്ക് എഴുതാൻ സാധിക്കാറില്ല. വളരേ ആഴത്തിൽ നീട്ടി വലിച്ചെഴുതാൻ തനിക്കൊരു പ്രേമം ഇല്ലല്ലോയെന്ന ദുഃഖത്തിൽ അയാൾ മുന്നിലെ മേശയിൽ തല ചായ്ച്ച് ലജ്ജിച്ചു.

‘സാറെ.. ഒരു സ്ത്രീ കാണാൻ വന്നിട്ടുണ്ട്…’

എന്നും പറഞ്ഞ് വീട്ടുജോലിക്കാരൻ കതകിൽ മുട്ടി തിരിച്ചുപോയി. അഴിഞ്ഞ് തുടങ്ങിയ മുണ്ടെടുത്ത് നാഭിക്ക് താഴെ കുത്തിതിരുകി നരച്ച തോർത്തെടുത്ത് തോളത്തുമിട്ട് അയാൾ ഉമ്മറത്തേക്ക് നടന്നു.

‘ഹാ.. ആരായിത്.. കേറിയിരിക്കൂ..’

അതുകേട്ടപ്പോൾ വന്ന സ്ത്രീയുടെ ചുണ്ടുകളെ ഒരു പുഞ്ചിരി വന്ന് മുറിച്ചു.

അവർ എന്തൊക്കെയോ സംസാരിച്ചു. ഈ ഭൂമിയിൽ മറ്റൊന്നും തന്നെ ആനന്ദിപ്പിക്കുന്നില്ലായെന്ന ഭാഷയിലാണ് വളരേ ഉന്മേഷത്തോടെയും ഉത്സാഹത്തോടേയും അവൾ അയാളുമായുള്ള സംസാരത്തിൽ ഏർപ്പെട്ടത്.

രണ്ട് വർഷം മുമ്പൊരു അക്കാദമി അവാർഡ് വേളയിൽ വെച്ച് ഓട്ടോഗ്രാഫിന് വേണ്ടി അയാളുമായി അടുത്തതാണ് അവൾ.

തുടർന്നും കാണാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു. സൗഹൃദമെന്ന വടവൃക്ഷത്തിൽ സാവധാനം അവൾക്ക് മാത്രം കാണാൻ പാകം പ്രേമത്തിന്റെ പൂവള്ളികൾ ചുറ്റി പടരുകയായിരിന്നു. തന്റെ പ്രേമ കാഴ്ച്ചകൾ അവൾ അയാളോട് പറഞ്ഞതുമില്ല.

തൊട്ടുരുമി ഇരിക്കാനും, അറിയാത്ത ഭാവത്തിൽ അയാളുടെ വിരലുകളെ തലോടാനും, മറുപടിയൊരു ചിരിയാണെങ്കിലും നാൽപ്പതായിട്ടും നിങ്ങളെന്താ വിവാഹം കഴിക്കാത്തതെന്ന് ആവർത്തിച്ച് ചോദിക്കാനും അവൾ ഇങ്ങനെ ഇടക്ക് വരാറുണ്ട്. ഒരിക്കൽ പോലും അവളെ ആ ഉമ്മറത്തെ ഇരുത്തിയിൽ നിന്ന് അകത്തേക്ക് അയാൾ ക്ഷണിച്ചിട്ടില്ല.

എന്നാൽ ഇത്തവണ അവളുടെ വരവിൽ വൈദ്യൻ കല്പിച്ചതും പ്രേമം രോഗി ഇച്ഛിച്ചതും പ്രേമമെന്ന സന്തോഷത്തിലായിരുന്നു അയാൾ. അവൾക്ക് തന്നോടുള്ള ഉണർവ് അയാൾക്ക് അറിയാമായിരുന്നു. ഇടപെട്ട പെണ്ണുങ്ങളിൽ എല്ലാം തിരഞ്ഞെങ്കിലും നോവലിന് അടിസ്ഥാനമായി ഒരു സവിശേഷ ബന്ധവും അയാൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

അത്തരത്തിലൊരു പ്രേമത്തിന്റെ വൈദ്യുതി അയാളുടെ തലയിൽ രൂപം കൊണ്ടില്ലായെന്ന് പറയുന്നതാകും ശരി. അയാളുടെ നോട്ടവും ഉന്നവും എപ്പോഴും തന്നെ പുകഴ്ത്തുന്നവരുടെ ഇടയിൽ തലയുയർത്തി ഒരു അർത്ഥവുമില്ലാതെ പുഞ്ചിരിക്കുകയെന്നത് മാത്രമാണ്…

അകത്തേക്ക് ഇരിക്കാമെന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു. വളരേ സന്തോഷത്തോടെ അവൾ അനുഗമിച്ചു. ഭക്ഷണമൊക്കെ കഴിച്ചിട്ട് പോയാൽ മതിയെന്നും പറഞ്ഞ് അയാൾ തന്റെ മുറിയിലെ കട്ടിലിൽ അവളെ ആംഗ്യം കൊണ്ട് ഇരുത്തി.

തന്റെ ആഗ്രഹം പോലെ അയാളും തന്നെ ഇഷ്ട്ടപ്പെടുന്നുവെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും. ആ തോന്നൽ അവളെയൊരു അടിമയും അയാളെയൊരു മാന്ത്രികനുമാക്കി. അവളോട് ചിരിച്ചുകൊണ്ട് അയാൾ കതകിന്റെ കുറ്റി കൂടി ഇട്ടപ്പോൾ അവളാകെ വിയർത്തുപോയി.

‘നീയെന്തിനാ ഇങ്ങനെ പേടിക്കുന്നേ…?’

അവളെ മുട്ടി ഇരുന്നുകൊണ്ട് ആ വിയർത്ത കഴുത്തിലൂടെ കൈകൾ ഉരസ്സി പിൻകഴുത്തിൽ പിടിച്ച് കൊണ്ടാണ് അയാളത് ചോദിച്ചത്. അതൊരു ചുംബനത്തിലേക്ക് പോകാനുള്ള നീക്കമാണെന്ന് അറിഞ്ഞതുപോലെ അവളുടെ കണ്ണുകളപ്പോൾ താനേ അടഞ്ഞു.

പുക തട്ടി നിറം മങ്ങിയ അയാളുടെ കരിവാളിച്ച ചുണ്ടുകൾ അവളുടെ പഴുത്ത മുളകുപോലെയുള്ള ചുണ്ടുകളിലേക്ക് അമർന്നു. അവൾ എതിർത്തില്ല. എതിർക്കാത്തത് കൊണ്ട് മാത്രം അയാൾ മുഷിഞ്ഞ് പിന്തിരിഞ്ഞു. അവൾ കണ്ണുകൾ തുറക്കുമ്പോഴേക്കും അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കസേരയിൽ ചെന്നിരുന്നിരുന്നു.

‘എന്തുപറ്റി..?’

അയാളൊരു സിഗരറ്റ് കത്തിച്ച് കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു. മാറിൽ നിന്ന് താനേയിളകി മാറിയ സാരി മടക്ക് വീണ്ടും മേലേക്ക് ഉയർത്തിക്കൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ടില്ലേയെന്ന് അവൾ ചോദിച്ചു.

‘നീ വഴങ്ങുമെന്ന് കരുതിയില്ല…!’

തന്റെ വ്യക്തിത്വത്തിന്റെ നെറ്റിയിൽ തറച്ചയൊരു അമ്പായിട്ടാണ് അയാളുടെ ആ മറുപടി അവളിൽ ചെന്ന് കൊണ്ടത്.

“ഇഷ്ട്ടപ്പെട്ട പുരുഷന് മുന്നിലല്ലാതെ മറ്റ് എവിടെയാണ് ഒരു സ്ത്രീ സന്തോഷത്തോടെ വഴങ്ങേണ്ടത്..!?”

ആ ചോദ്യത്തിന്റെ ഉത്തരമെന്നോണം പുക ചുരുളകളായി മേലേക്കൂതി ഉയർത്തിക്കൊണ്ട് ആർക്കറിയാമെന്ന് അയാൾ പറഞ്ഞു.

‘ ഞാൻ…. എനിക്ക്….. എന്റെ….!!’

അവളുടെ ശബ്ദം മുറിഞ്ഞു. ഒരിറ്റ് കണ്ണീര് പുറത്തേക്ക് ഒഴുക്കാതെ , വാക്കേറ്റ് നൊന്ത പ്രാണനേയും കൊണ്ട് അവൾ ആ മുറിവിട്ട് പുറത്തേക്കിറങ്ങി.

തന്റെ പ്രേമനോവലിലേക്കൊരു ശീലാവതിയായ പ്രണയിനിയിയെ കൊണ്ടുവരാൻ പറ്റാത്ത വിഷമത്തിൽ അയാൾ അവിടെ തന്നെയിരുന്നു.

വിഭ്രാന്തിയുടെ സംഘർഷങ്ങളിൽ പെട്ട് ചലനം നിൽക്കുമെന്ന് അവൾ കരുതിക്കാണില്ല. അന്ന് രാത്രി തന്നെ വലതുകയ്യിലെ സിര മുറിച്ച് അവൾ ആത്മഹത്യ ചെയ്തു. തന്റെ ചോർന്നുപോകുന്ന രക്തത്തിൽ പുരണ്ട് മയങ്ങി മരിച്ചിട്ടും , രംഗം നിശ്ചലമായെന്ന് അറിയാതെ അവളുടെ കണ്ണുകൾ തുറന്ന് തന്നെ കിടന്നിരുന്നു.

ആ വാർത്തയൊരു ഞെട്ടലോടെയാണ് അയാൾ കേട്ടത്. എങ്കിലും അവൾക്ക് തന്നോട് മരണം വരെ പോകാനുള്ള പ്രേമം ഉണ്ടായിരുന്നുവെന്ന അറിവിൽ അയാൾ നിർവൃതിയടഞ്ഞു.

കൊല്ലമൊന്ന് തികയും മുമ്പേ അവളുടെ പേരിലൊരു നോവൽ പ്രകാശനം ചെയ്യാൻ അയാൾക്കൊരു മടിയും ഉണ്ടായിരുന്നില്ല. അതുമാത്രമല്ല, തുടർന്നുണ്ടായ സ്വീകരണ നാളിൽ വായിച്ചവർ തന്റെ ഭാവനയെ പുകഴ്ത്തുന്നതും കേട്ട് ചുണ്ടുകളിൽ ഒരു അർത്ഥവുമില്ലാത്ത പതിവ് പുഞ്ചിരിയുമായി അയാൾ സദസ്സിൽ ഉണ്ടായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *