ഇര ആകുന്നവർ
(രചന: Joseph Alexy)
” ചെയ്ത കാര്യം ഓർത്ത് നിനക്ക് കുറച്ചു പോലും കുറ്റബൊധം തോന്നുന്നില്ലെ ?? ”
“എന്തിന് ??? ” അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞു നിന്നിരുന്നു.
” നിന്റെ കാമുകന്റെ മുഖത്തു ആ സി ഡ്
ഒഴിച്ചതിന് ആണ് നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.. എന്നിട്ടും നിനക്ക് യാതൊരു കൂസലും ഇല്ലേ ?? ”
എസ് ഐയുടെ പിടി വിട്ട് തുടങ്ങിയിരുന്നു.
“എന്നെ ചതിച്ചിട്ട് ഈ ലോകത്ത് അവൻ ജീവിക്കണ്ട. കൊ ല്ലാൻ ചെയ്തതാ പക്ഷെ ചത്തില്ല… എങ്കിലും എനിക്ക് അതിൽ യാതൊരു കുറ്റബോധവും ഇല്ലാ”
അവൾ തല കുനിച്ചു തഴെക്ക് നോക്കി ഇരുന്നു.
” നീ അവനെ സ്നേഹിച്ചിരുന്നു എങ്കിൽ കൊല്ലണം എന്ന ചിന്ത വരുമായിരുന്നൊ ?”
” ഇത്രയും കാലം പെണ്ണുങ്ങൾ അല്ലെ അനുഭവിച്ചേ ഇനി കുറച്ചു ഓക്കേ അവന്മാരും അനുഭവിക്കട്ടെ, ഞാൻ ചെയ്തത് തെറ്റ് ആണെന്ന് എനിക്ക് തോന്നുന്നില്ല അതോണ്ട് യാതൊരു കുറ്റ ബോധവും ഇല്ലാ ” അവൾ തല ഉയർത്താതെ ആണ് മറുപടി പറഞ്ഞത്.
” എന്തിനാ നീ അങ്ങനെ ചെയ്തത് ?? പ്രേത്യേകിച്ചു കാരണം എന്തെങ്കിലും ഉണ്ടോ ?? ” എസ് ഐ അഞ്ചന സിദ്ധാർഥ് അവൾക്ക് മുന്നിൽ ആയ് കസേര ഇട്ട് ഇരുന്നു.
” നീനാ .. നിന്നോട് ആണ് ചോദിച്ചത് എന്തിനാണ് നീ ആ സി ഡ് അറ്റാക്ക് നടത്തിയത് എന്ന് ??? “ഇത്തവണ അഞ്ചനയുടെ ശബ്ദം ഉയർന്നിരുന്നു.
” അവന് ഞാൻ പോരാ !! എന്റെ അടുത്തു നിന്ന് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ അവന് ഞാൻ പോരാ !!! ഇനി എന്തെങ്കിലും അറിയണോ ??? ഞാൻ അറിയാണ്ടെ വേറെ പെണ്ണുങ്ങളെ വിളിയും ചാറ്റിങും..
ഞാൻ കൊറേ തവണ ക്ഷമിച്ചതാ.. എന്നെ കൊണ്ട് ഇനിയും പറ്റിയില്ല അതാ ഞാൻ..” നീനാ കിതക്കാൻ തുടങ്ങിയിരുന്നു.
“അപ്പോൾ.. നീ ആ സി ഡ് ഒഴിച്ചോ ??”
“അല്ലാ.. ഞാൻ ആദ്യമേ പറഞ്ഞിരുന്നു മറ്റു പെണ്ണുങ്ങളോട് സംസാരിക്കുന്നത് ഒന്നും എനിക്കിഷ്ടമല്ല എന്ന് എന്നിട്ടും ഞാൻ അറിയാണ്ടെ ആണ് എല്ലാം..
എപ്പോളും ഫോൺ ബിസി ആരിക്കും ഓൺലൈൻ ഉണ്ടേൽ തന്നെ എന്നെ മൈൻഡ് പോലും ആക്കില്ല എല്ലാം കൂടി എനിക്ക് ഭ്രാന്ത് ആയി ”
അവൾ കരഞ്ഞു തുടങ്ങിയിരുന്നു.
പിന്നെ വീണ്ടും തുടർന്നു..
” ഞാൻ ഇതും പറഞ്ഞു ചോദ്യം
ചെയ്തപ്പോൾ അവന് ബ്രേക്ക്‌പ്പ്
വേണം.. എന്റെ ജീവിതം തന്നെ അവൻ ആരുന്നു എനിക്ക് സഹിച്ചില്ല അതാ അതാ ഞാൻ.. ”
അവൾ തഴെക്ക് നോക്കി ഇരുന്നു വിതുമ്പാൻ തുടങ്ങിയിരുന്നു
” ഇവളെ സെല്ലിലെക്ക് മാറ്റ്.. ഇടക്ക് ശ്രെദ്ധ വേണം.. നിഷാന്ത് അകത്തേക്ക് വരൂ ”
ഓർഡർ കൊടുത്ത ശേഷം അഞ്ചന ക്യാബിനിലെക്ക് കയറി പോയി.
നിഷാന്ത് അവരെ അനുഗമിച്ചു.
” മാഡം ന്യൂസിൽ നിന്നും ആൾക്കാരു വന്നീട്ടുണ്ട് അവർക്ക് പ്രതിയെ കാണണം
എന്ന്. എന്താ ചെയ്യണ്ടേ ?? ”
മദ്ധ്യവയസ്കനായ ഒരു കോൺസ്റ്റബിൾ കടന്ന് വന്നു
” കേസ് റിപ്പോർട്ടും ഡീറ്റൈൽസും
കൊടുത്തോളു.. ഫോട്ടോ എടുക്കാൻ സമ്മതിക്കണ്ടാ ”
” ഓക്കേ മാഡം ”
അയാൾ തിരികെ പോയി.
” നിഷാന്ത്.. ആ പയ്യന് ഇപ്പോൾ എങ്ങനെ ഉണ്ട് ?? ”
” സീരിയസ് ആണ് മാഡം.. നാല് ദിവസം കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റും എന്ന് കരുതുന്നു.. !! വേണ്ട ഡീറ്റെയിൽസ് ഞാൻ എടുത്തിട്ടുണ്ട്.. നമുക്ക് അവിടെ ഒന്ന് പോണം മാഡം ”
” ഓക്കേ ..! അവനെ കാണാൻ റെഡി ആകുമ്പോൾ നിഷാന്ത് ജസ്റ്റ് പറഞ്ഞാൽ മതി ”
അവർ തന്റെ മറ്റ് കേസുകളിലേക്ക് തിരിഞ്ഞു.
നാല് ദിവസം കഴിഞ്ഞ് ഹോസ്പിറ്റൽ വാർഡിൽ പകുതി കരിഞ്ഞ മുഖത്ത് നീറ്റലും വേദനയും കടിച്ചമർത്തി കിടക്കുകയായിരുന്നു ആദി.
സഹിക്കാൻ പറ്റാത്ത വേദനയിൽ അവന്റെ കണ്ണുകൾ നിർത്താതെ ഒഴുകി കൊണ്ടിരുന്നു.
അവന്റെ ദുരവസ്ഥയിൽ അമ്മയും അനിയത്തിയും മനസ്സ് തളർന്ന്
കരയുന്നുണ്ടായിരുന്നു
” ആദി ഇത് നോക്കിയേ..” കൂട്ടുകാരൻ വച്ചു നീട്ടിയ ഫോൺ അവൻ കയ്യിലേക്ക് വാങ്ങി. അതിൽ കൂടി ശേഷിച്ച ഒറ്റ കണ്ണ് ഓടിച്ചു.
‘പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ
കാമുകന്റെ മുഖത്തു കാമുകി ആ സി ഡ് ഒഴിച്ചു ‘ ഓൺലൈൻ പേജിൽ വന്ന വാർത്തയുടെ കമന്റ് ബോക്സ് തുറന്നതും അവൻ ആകെ തളർന്ന് പോയി.
‘ അവൾ ആണ് പുലിക്കുട്ടി.. നല്ല ഒന്നാംതരം പെണ്ണ്. അവനെ
കൊല്ലണമായിരുന്നു ‘
‘ നന്നായി.. ചതിക്കാൻ നിന്നിട്ട് അല്ലെ ചെറ്റ അനുഭവിക്കട്ടെ അല്ല പിന്നെ ‘
‘ ഞാൻ അവളെ സപ്പോർട്ട് ചെയ്യുന്നു. അവൾ ആണ് പെണ്ണ്. ഇനിയാ പട്ടി ആരെയും ചതിക്കില്ല ‘
സത്യം തിരിച്ച് അറിയാതെ ആളുകൾ തങ്ങളുടെ മനസിലെ വിഷം കമന്റ് ആയ് രേഖപെടുത്താൻ തുടങ്ങിയിരുന്നു. ആദിയുടെ കണ്ണുകൾ കൂടുതൽ ശക്തിയോടെ നിറഞ്ഞു ഒഴുകാൻ തുടങ്ങി. ഉറക്കെ അലറി കരയാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു.
” ആദി ?? “വിളി കേട്ടതും അവൻ പതിയെ തിരിഞ്ഞു നോക്കി. പോലീസ് ആണ്.
“ആദിക്ക് സംസാരിക്കാൻ പറ്റുമോ ? കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ വേണ്ടി ആണ് .. ”
അഞ്ചന അവന് അരികിലായ് കസേര വലിച്ചിട്ട് ഇരുന്നു. അവൻ കുഴപ്പമില്ല
എന്നർത്ഥത്തിൽ തലയാട്ടി.
” ഓക്കേ.. നീന ഞങളുടെ കസ്റ്റടിയിൽ ആണ്.. ശരിക്കും അവൾ തന്നെ അറ്റാക്ക് ചെയ്യാൻ ഉള്ള മോട്ടിവ് എന്താണ് ??” ചോദ്യത്തിനു പുറമേ അവർ ആദിയെ തന്നെ നോക്കി നിന്നു.
” ഞാൻ.. ഞാൻ ഒരു ജയിലിൽ ആയിരുന്നു മാഡം ” അവൻ മെല്ലെ വിക്കി പറഞ്ഞു തുടങ്ങി…….
“ഒരു ദിവസം പോലും മര്യാദക്ക് മനസമാധാനത്തോടെ ഉറങ്ങാൻ പറ്റില്ലാ..
മാർകെറ്റിങ് ഫീൽഡിൽ ആണ് ജോലി..
ജോലിയുടെ ഭാഗം ആയി ഒരു പെണ്ണ് സംസാരിക്കുന്നത് വരെ..
അതിപ്പോൾ ഓഫിസ് സ്റ്റാഫ് ആയാൽ പോലും അവൾക്ക് ഇഷ്ടമില്ല.. ഞാൻ ആകെ മിണ്ടാനും അനങ്ങാനും പറ്റാതെ ആയിരുന്നു.. എല്ലാം കൊണ്ടും മടുത്തു പോയിരുന്നു മാഡം ” ആദി ഒന്ന് നിർത്തി നെടുവീർപ്പ് ഇട്ടു.
” സൊ താൻ ഒരു ട്ടോക്സിക് റിലേഷനിൽ ആയിരുന്നു.. അല്ലെ ?? ”
” അതെ.. മാഡം ഞാൻ അറിഞ്ഞു കൊണ്ട് ഇന്നേ വരെ അവളെ ചതിച്ചിട്ടില്ല..
ആദ്യം ഓക്കേ അവളുടെ പൊസെസ്സിവ് ഒരു തമാശ ആയെ ഞാൻ കണ്ടുള്ളൂ ..
പക്ഷേ എന്റെ ജോലിയിലും വീട്ടിലും എല്ലാ കാര്യത്തിലും അവളുടെ അമിതമായ ഇടപെടൽ മൂലം നാൾക്ക് നാൾ എനിക്ക് തിരിയാൽ പോലും പറ്റാത്ത അവസ്ഥ വന്നപ്പൊൾ ഞാൻ ദേഷ്യപെടാൻ തുടങ്ങി..
എന്നെ കൊണ്ട് പറയാൻ പറ്റുന്നതിന്റെ പരമാവധി പറഞ്ഞു ശരിയാക്കാനും കാര്യങ്ങൾ മനസിലാക്കി അവളെ തിരുത്താനും നോക്കി
പക്ഷേ….. ”
അവൻ ഒന്ന് നിർത്തി പിന്നേ ചുറ്റും നോക്കി.
” പക്ഷേ ??? ” നിഷാന്ത് ആദിയെ ചോദ്യഭാവത്തിൽ നോക്കി.
” പക്ഷേ.. കാര്യങ്ങൾ കൂടുതൽ
വഷളായി.. എനിക്ക് അവളെ മടുത്ത് തുടങ്ങിയതിനാൽ ആണ് ദേഷ്യം പിടിക്കുന്നത് എന്നും അവൾ അറിയാതെ എനിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്നും പറഞ്ഞു സംശയങ്ങൾ ആയ്..
എപ്പോളും വാട്ട്‌സ്ആപ്പ് SCREEN SHOT കൊടുക്കണം. ഒരു നിമിഷം പോലും എന്റെ ഫോൺ ബിസി ആയാൽ അന്നൊക്കെ വഴക്ക് ആയിരിക്കും..
രണ്ട് വർഷം എന്റെ ജീവിതം ഒരു ചങ്ങലയിൽ കെട്ടിയ പോലെ ആയി.. എല്ലാം കൂടി സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു.. ”
അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു.
” അതിന് നീന സമ്മതിച്ചിരുന്നൊ ?? എന്തായിരുന്നു അവളുടെ പ്രെതികരണം ? അഞ്ചന പുരികം ചുളിച്ചു അവനെ നോക്കി.
” അവളോട് ഇനിയും ഇങ്ങനെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് പറഞ്ഞു കുറച്ചു നാൾ കുഴപ്പമില്ലായിരുന്നു..
എന്നാൽ കുറച്ചു ദിവസം കഴിഞതും പഴയതിനെ ക്കാളും കണക്ക് ആയ്.. ഈ നിൽക്കുന്ന എന്റെ പെങ്ങളോട് പോലും മര്യാദക്ക് മിണ്ടാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ഞാൻ പിന്മാറി.. ”
അവന്റെ വലത് കണ്ണിൽ കൂടി ഒരു തുള്ളി കണ്ണ് നീർ ഒലിച്ചിറങ്ങി.
” അപ്പോൾ അതാണ് നീനയുടെ ആക്രമണത്തിന് പിന്നിലെ കാരണം ?? ”
ആദി ‘അതെ’ എന്നർത്ഥത്തിൽ തലയാട്ടി.
” ഓക്കേ ആദി..!! ഞാൻ വേണ്ട രീതിയിൽ കൈകാര്യം ചെയ്ത് കൊള്ളാം.. കേസ് എടുത്തിട്ടുണ്ട്..!! ടേക്ക് കെയർ ”
അവർ നടന്ന് അകലുന്നത് ആദി നോക്കി നിന്നൂ.
” നിഷാന്ത് എന്താടോ നമ്മുടെ യുവതല മുറക്ക് പറ്റിയത് ?? ഇതിപ്പോൾ ഈ മാസം രണ്ടാമത്തെ കേസ് ആണല്ലോ ?? ”
ഒരുമിച്ചു നടക്കുന്നതിനടയിൽ അഞ്ചന
ആണ് വിഷയം എടുത്തിട്ടത്
” ഈ കാര്യത്തിൽ ആണും പെണ്ണും കാണക്കാ മാഡം.. കഴിഞ്ഞ ആഴ്ച ആണ് ഒരു പെണ്ണിനെ ഒരുത്തൻ കു ത്തി കൊ ന്ന ത്..
അല്ല കേസുകൾ എങ്ങനെ കൂടാതിരിക്കും അമ്മാതിരി സപ്പോർട്ട് അല്ലെ.. ഇപ്പൊ തന്നെ ആ പയ്യന്റെ കേസിൽ ആ പെണ്ണ് ഹീറോ ആണ് ”
നിഷാന്തിന്റെ സംസാരത്തിൽ പുച്ഛം കലർന്നിരുന്നു.
” ഇത്തരം ക്രിമിനൽസ് നു കിട്ടുന്ന സപ്പോർട്ട് കാണുമ്പോൾ ശരിക്കും പേടി തോന്നുന്നു നിഷാന്ത് ” അഞ്ചന നെടുവീർപ്പിട്ടു.
“പ്രണയം തകർന്നാൽ ജീവൻ എടുക്കൽ ആണ് ഇപ്പോൾ ഫാഷൻ.. അതിന് സപ്പോർട്ട് ചെയ്യുന്നാ ആളുകൾ തകരാൻ ഉണ്ടായ കാരണമൊ ആ വ്യക്തിയുടെ മാനസികാവസ്ഥയോ ചിന്തിക്കുന്നില്ല.. കാലം പോയൊരു പോക്കേ .. അല്ലെ മാഡം ”
” തോന്നിയ പോലെ എന്തും ചെയ്യാം എന്നുള്ള തോന്നൽ മാറണമെങ്കിൽ ഇവിടെ നിയമം ശക്തം ആകണം അതെ വഴി ഉള്ളു.. എല്ലാം ശരിയാക്കണം ”
അഞ്ചന പറഞ്ഞവസാനിപ്പിച്ചു.
” നീനാ… ആദിയെ ഞാൻ കണ്ടിരുന്നു. നിങ്ങൾ തമ്മിൽ പിരിയാൻ ഉള്ള കാരണവും.. അയാൾ പറഞ്ഞു..
ഏത് കാര്യത്തിലും ഒരു മറുപുറം ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചത് പോലെ തന്നെ സംഭവിച്ചു..
നിന്റെ മൂത്ത സംശയവും ട്ടോക്സിക്ക് മെന്റാലിറ്റിയും ആണ് അവൻ പോകാൻ കാരണം.. ” അഞ്ചന രണ്ട് കയ്യും കൂട്ടി കെട്ടി നിന്നൂ.
” ശരിക്കും പ്രണയിച്ചിരുന്നു എങ്കിൽ
എന്ത് വന്നാലും അവൻ പോകില്ലായിരുന്നു ഇതൊക്കെ വെറും കാരണങ്ങൾ മാത്രം ആണ് ”
നീനയും വിട്ട് കൊടുത്തില്ല.
” പ്രണയം ചങ്ങല ആകരുത്.. പങ്കാളിയെ അടിമയെ പോലെ നിയന്ത്രിക്കാനും അനങ്ങാൻ പോലും ആക്കാതെ ചുറ്റിവരിയാനും ഉള്ള ലൈസൻസ്
അല്ല പ്രണയം..
പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം സ്വന്തം നിയന്ത്രണത്തിൽ ആകണം
എന്ന് വാശി പിടിക്കരുത്..!! ഓരോ വ്യക്തിയും സ്വതന്ത്രരാണ് അതാണ് നിങ്ങൾ കൊറേ എണ്ണം മനസിലാക്കാത്തത് ”
” പിന്നെ എന്റെ കന്യാകത്വം വരെ അവന് വേണ്ടി ഞാൻ കളഞ്ഞു.. എന്റെ ജീവിതം അവസാനിച്ചു.. ഞാൻ പിന്നെ എന്ത് ചെയ്യണം ആയിരുന്നു.. ” പൊടുന്നനെ നീനയുടെ ഭാവം മാറി.
” കന്യാകത്വം പോയാൽ ജീവിതം അവസാനിച്ചു എന്നൊക്കെ ഊളത്തരം,
ആരാടോ തന്നെ ഓക്കേ പറഞ്ഞു പഠിപ്പിച്ചേ ?? തലമുറ കൈ മാറി വന്ന ഇമ്മാതിരി മണ്ടത്തരം കാരണം ആണ്..
കാമുകൻ ഇട്ടിട്ട് പോയാൽ ഇപ്പോളും തൂങ്ങി ചാ വാ നും കൈ മു റി ക്കാനും നടക്കുന്നതും പ്രണയം അവസാനിച്ചാൽ കൊ ല്ലാനും ചാ കാനും നടക്കുന്നതും.. ”
അഞ്ചനയുടെ ശബ്ദം വല്ലാണ്ട് ഉയർന്നു.
അവൾ പിന്നെയും തുടർന്നു..
“പ്രണയം തകർന്നാൽ കൊല്ലാനും ആ സി ഡ് ഒഴിക്കാനും നടക്കുന്ന കൊറേ എണ്ണം.. എന്നിട്ട് കുറേ ന്യായങ്ങളും ”
” ഈ അവസ്ഥ വന്നാൽ മാത്രമേ നിങ്ങൾ മനസിലാക്കുകയുള്ളൂ.. ഞങ്ങളെ പോലുള്ളവരുടെ അവസ്ഥ എന്താന്ന് .. ഡയലോഗ് അടിക്കാൻ ആർക്കും പറ്റും മാഡം ”
നീന തന്റെ ഭാഗം ന്യായികരിച്ചു.
അഞ്ചന എഴുനേറ്റ്. അവളുടെ നേരെ അഭിമുഖം ആയ് നിന്നു തന്റെ യൂണിഫോം ഷർട്ടിന്റെ രണ്ട് ബട്ടൺസ് അഴിച്ചു.. ഷർട്ട് സൈഡിലെക്ക് വലിച്ചു.
അവളുടെ ഇടത് തോളെല്ലിനു മുകളിൽ ആയ് കുറച്ചു ഭാഗം പൊള്ളി കിടക്കുന്നു ണ്ടായിരുന്നു
” എട്ട് വർഷം മുമ്പ് കൃത്യമായ് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം ചാവാണ്ട് രക്ഷപെട്ടതാ..
ഒന്ന് മൂത്രം ഒഴിക്കാൻ പോകണമെങ്കിൽ വരെ കാമുകന്റെ അനുവാദം… ചോദിക്കെണ്ടി വന്നപ്പൊൾ ചില്ല് കൂട്ടിൽ പെട്ട അവസ്ഥയായിരുന്നു എന്റേത്..
ഒന്ന് പ്രതികരിക്കാൻ പോലും ഭയമായിരുന്നു.. ഒടുവിൽ ഒട്ടും പറ്റാതെ വന്ന് ബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ പക.. ഇന്നും എന്റെ ശരീരത്തിൽ അവശേഷിക്കുന്നു.. ”
അഞ്ചന ഷർട്ട് ശരിയാക്കി ഇട്ടു.
” കൊന്നും കൊല വിളിച്ചും നേടി എടുക്കണ്ട ഒന്ന് ആണോ പ്രണയം ?? ആണെന്ന് ഞാൻ കരുതുന്നില്ല … അന്ന് ഞാൻ ജീവിതം അവസാനിച്ചു എന്നും പറഞ്ഞ് ചാവാനും കൊല്ലാനും പ്രതികാരം ചെയ്യാനും അല്ല പോയത്..
എന്റെ ഉള്ളിലെ വേദനാ തീയായ് കത്തി എരിഞപ്പോൾ അതിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്ന് പൊങ്ങി..!! 8 വർഷത്തിന് ശേഷം ഇന്ന് ഞാൻ സബ് ഇൻസ്പെറ്റ്ർ അഞ്ചന സിദ്ധാർഥ് ആണ് ”
അവർ രണ്ട് പേരും കുറച്ചു നേരം മിണ്ടിയില്ല.
” ആ സി ഡ് ആക്രമണം എന്താണ് എന്നും നിന്റേത് എന്ത് പ്രണയം ആയിരുന്നു എന്നും എനിക്ക് അറിയാം.. ആ പയ്യന് നീതി കിട്ടാൻ ഏത് അറ്റം വരെയും ഞാൻ പോകും .. ഇവളെ സെല്ലിലെക്ക് മാറ്റ് ” അഞ്ചന ഓർഡർ ഇട്ടു.
“മാഡം എന്റെ ജീവിതം തകർക്കരുത് ..
എനിക്ക് ഒരു അബദ്ധം പറ്റിയതാ പ്ലീസ്
മാഡം ” ലേഡി കൊൻസ്റ്റബിൾമാർ അവളെ പിടിച്ചതും അവൾ അഞ്ചനയോട് അപേക്ഷിച്ചു.
” ഇനി നീ വാ തുറന്നാൽ നിന്റെ മോന്ത ഞാൻ അടിച്ചു പൊട്ടിക്കും.. കേട്ടോടി പുന്നാര മോളെ ” അഞ്ചന കൈ ചൂണ്ടി ആംഗ്യം കാണിച്ചു.
” നിഷാന്ത്..കേസ് ഷീറ്റ് തയ്യാർ ആക്ക് പെട്ടെന്ന് വേണമെല്ലാം.. അവളുടെ പ്രണയ പക മാങ്ങാതൊലി..” അഞ്ചന നിഷാന്തിനു പേപ്പർസ് കൈ മാറി.
” മാഡം പത്രക്കാർ വന്നിട്ടുണ്ട് അവർക്ക് ഫോട്ടോ എടുക്കണം എന്ന് ” മധ്യ വയസ്കൻ ആയ കൊൻസ്റ്റബിൾ കടന്ന് വന്നു.
” ഓക്കേ എടുത്തോളാൻ പറ ”
” അല്ല മാഡം എന്നാലും
ഫോട്ടോയൊക്കേ ” അയാൾ അവിടെ നിന്ന് ചുറ്റി തിരിഞ്ഞു.
” അതെന്താ ഫോട്ടോ എടുത്താൽ…?
ഞാൻ പഠിച്ച നിയമത്തിൽ പുരുഷ കുറ്റവാളി എന്നോ വനിതാ കുറ്റവാളി എന്നോ ഇല്ല അവർ കുറ്റവാളികൾ മാത്രം ആണ് ..
ഞാൻ വിശ്വസിക്കുന്ന നീതി ന്യായ വ്യവസ്ഥയിൽ കുറ്റ കൃത്യങ്ങൾക്ക് ജാതി മത വർഗ വർണ വിത്യാസങ്ങളില്ല..
അവ കുറ്റ കൃത്യങ്ങൾ മാത്രം ആണ്
യൂ പ്രൊസീഡ് ”
“ഓക്കേ മാഡം ”
അയാൾ തിരിച്ച് പോയി. അഞ്ചന അവളുടെ മറ്റ് കേസുകളിലേക്ക് ശ്രെദ്ധ തിരിച്ചു.