കമലാ ഞാൻ വേറെ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു.. അവളെ കൈവിടാൻ പറ്റുമെന്നു എനിക്കു തോന്നുന്നില്ല… അന്ന… ക്രി സ് ത്യാനിയായ അവളെ ബ്രാ ഹ്മ ണ നായ എനിക്കു ഒരിക്കലും വീട്ടുകാരുടെ സമ്മതത്തോടെ

കമലാകാന്തം
(രചന: Medhini Krishnan)

“എന്റെ കല്യാണത്തിന് വിളിച്ചാൽ അച്ഛൻ വരോ അമ്മേ”? മോളുടെ സങ്കടത്തോടെയുള്ള ആ ചോദ്യമാണ് കമലയെ ഉഡുപ്പിയിൽ എത്തിച്ചത്. ഇരുപത്തൊന്നു വർഷങ്ങളായിരിക്കുന്നു സേതുവേട്ടനെ പിരിഞ്ഞിട്ട്.

ഈ കാലങ്ങളത്രയും മോൾ ഒരിക്കലും അച്ഛനെ കുറിച്ച് ചോദിച്ചു തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. അവളോട്‌ പറഞ്ഞിട്ടുണ്ട്…

മോളുടെ അച്ഛൻ ഒരുപാട് സ്നേഹമുള്ള ആളായിരുന്നു.. അമ്മയെ ജീവനെ പോലെ സ്നേഹിച്ചതാണ്. അമ്മയ്ക്കും അങ്ങിനെ തന്നെയായിരുന്നു. ഒടുവിൽ പിരിയേണ്ടി വന്നു..വെറുപ്പോടെയല്ല. അവൾ അതു വിശ്വസിച്ചിരുന്നു..

അവളുടെ അച്ഛനെ കുറിച്ച് ആ മനസ്സിൽ മോശമായ ഒരു ചിന്ത പോലും വരരുതെന്ന് എന്തു കൊണ്ടോ കമല ആഗ്രഹിച്ചു.

മോളുടെ വിവാഹം നിശ്ചയിക്കുന്ന സമയത്ത് ഉള്ളിൽ അങ്ങനെ ഒന്ന് തോന്നിയിരുന്നു… എവിടെയാണെങ്കിലും കണ്ടുപിടിച്ചു പറയണം മോളുടെ വിവാഹം നിശ്ചയം ആയിരിക്കുന്നുവെന്ന്…

പക്ഷേ മനപ്പൂർവം വേണ്ടെന്നു വച്ചു… എന്തോ അതിനു ശേഷം മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത…

ഇടയ്ക്കു രാത്രിയിൽ സേതുവേട്ടനെ സ്വപ്നം കണ്ടു… നിറഞ്ഞ കണ്ണുകളോടെ സേതുവേട്ടൻ… എന്നോടൊന്നു പറയാരുന്നു.. കുറ്റബോധം തോന്നേണ്ട കാര്യമില്ല.. എന്നിട്ടും മനസ്സിന് വല്ലാത്ത വിങ്ങൽ…

ഒടുവിൽ മാളു അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല… സേതുവേട്ടനെ വിളിക്കണം.. കല്യാണത്തിന് വരാൻ പറയണം.. മോളുടെ കൈ പിടിച്ചു അവളുടെ ഭർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കേണ്ടത് സേതുവേട്ടൻ തന്നെയാണ്..

ഇനി വിവാഹത്തിന് ഇരുപതു ദിവസങ്ങൾ മാത്രം… വല്ലാത്ത ചങ്കിടിപ്പ്…
പിരിഞ്ഞതിന് ശേഷം അദ്ദേഹത്തിനെ പറ്റി അന്വേഷിച്ചിട്ടില്ല.. ഒരിക്കലും കണ്ടു മുട്ടാൻ ഇടവരരുതേയെന്നു പ്രാർത്ഥിച്ചു…

ഒരുപക്ഷേ കാണുമ്പോൾ ആ സ്ത്രീ കൂടെയുണ്ടെങ്കിൽ…ഇപ്പോഴും അങ്ങനെ ഒരു കാഴ്ച തനിക്കു താങ്ങാൻ പറ്റുന്നില്ല..

സേതുവേട്ടൻ നാടു വിട്ടു പോയിട്ട് വർഷങ്ങൾ ആയിരിക്കുന്നുവെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്…

പാലക്കാട്‌ വീട് പൂട്ടി കിടക്കുന്നു… അമ്മ മരിച്ചിട്ട് കൂടി വന്നില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്… എവിടെ അന്വേഷിക്കും…

ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു എങ്ങിനെ കണ്ടു പിടിക്കും. മോളുടെ ആഗ്രഹമാണ്.. സാധിച്ചു കൊടുത്തേ പറ്റു…

അന്ന് ചെന്നൈയിൽ ജോലി ശരിയായപ്പോൾ വല്ലാത്തൊരു അനുഗ്രഹമായി തോന്നി… പിന്നീട് ഈ വർഷങ്ങളത്രയും ചെന്നൈയിൽ തന്നെ… അച്ഛനും അമ്മയും തന്റെ കൂടെ പോന്നതോടെ നാടുമായുള്ള ബന്ധം പൂർണമായും വിട്ടു…

പക്ഷേ എന്തു കൊണ്ടോ കമല സേതുവിനെ മറന്നില്ല എന്നതാണ് സത്യം… ഒരിക്കലും അദ്ദേഹത്തോട് വെറുപ്പ്‌ തോന്നാത്തതു എന്തേ എന്ന് അത്ഭുതത്തോടെ ചിന്തിച്ചു പോയിട്ടുണ്ട്….

ഉത്തരം കമലക്കറിയാം… കമല സേതുവിനെ അത്ര സ്നേഹിച്ചിരുന്നു…

ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് വിവാഹമോചനത്തിനായി ഒപ്പിടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു… കൈകൾ വിറച്ചു.. “കമലാ ഇതു വേണ്ട ”
എന്ന് പലവട്ടം പറഞ്ഞു… ഹൃദയം തകരുന്ന വേദനയിലും കേട്ടതായി ഭാവിച്ചില്ല…

സേതുവേട്ടന്റെ ജീവിതത്തിൽ തനിക്കുള്ള രണ്ടാം സ്ഥാനം… അതിൽ നിന്നും രക്ഷപെടാൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് തോന്നിയ നിമിഷം… വിവാഹമോചനം… അതല്ലാതെ വേറെ ഒന്നും തോന്നിയില്ല…

മോളുടെ കൈ പിടിച്ചു അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങി… എത്ര മാത്രം സേതുവേട്ടൻ വേദനിച്ചിരിക്കും എന്നറിയാം.. അന്നതല്ലാതെ വേറെ ഒരു വഴി തനിക്കു തോന്നിയില്ല.. സ്വയം ഒരു ഒഴിഞ്ഞുമാറൽ..

അന്ന് ആദ്യമായി സേതുവേട്ടൻ തന്നെ കാണാൻ വന്ന ദിവസം…

സേതുവേട്ടൻ പറഞ്ഞു. “കമലാ ഞാൻ വേറെ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു.. അവളെ കൈവിടാൻ പറ്റുമെന്നു എനിക്കു തോന്നുന്നില്ല… അന്ന… ക്രി സ് ത്യാനിയായ അവളെ ബ്രാ ഹ്മ ണ നായ എനിക്കു ഒരിക്കലും വീട്ടുകാരുടെ സമ്മതത്തോടെ സ്വീകരിക്കാൻ കഴിയില്ല…

അതറിഞ്ഞു കൊണ്ടു തന്നെയാണ് സ്നേഹിച്ചത്.. പക്ഷേ ഇപ്പോൾ ഞാൻ ആ ത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന എന്റെ അച്ഛനെയും അമ്മയെയും കാണുമ്പോൾ…. അയാളുടെ സ്വരം ഇടറി… കമലയുടെ കണ്ണുകളിൽ നോക്കി സേതുമാധവൻ പറഞ്ഞു.

“കമല എന്തെങ്കിലും പറഞ്ഞു ഈ വിവാഹത്തിൽ നിന്നും ഒഴിയണം. ”
സേതുവേട്ടന്റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിലും ഏതോ ഒരു നിമിഷത്തിന്റെ സ്വാർത്ഥതതയിൽ അദ്ദേഹത്തെ വേണ്ടെന്നു വയ്ക്കാൻ തയ്യാറായില്ല..

ഏതൊരു പെണ്ണും മോഹിച്ചു പോകുന്ന അദ്ദേഹത്തെ പോലെയുള്ള ഒരാളെ വിട്ടു കൊടുക്കാൻ കമലയുടെ മനസ്സ് തയ്യാറായിരുന്നില്ല.. വിവാഹം കഴിഞ്ഞു ഏറെ നാൾ വേണ്ടി വന്നു സേതുവിന്‌ കമലയുമായി പൊരുത്തപ്പെടാൻ..

സേതുവിന്റെ കണ്ണുകളിൽ തളം കെട്ടി നിന്നിരുന്ന നഷ്ടപ്രണയത്തിന്റെ വിഷാദഭാവം കമലയെ അസ്വസ്ഥമാക്കിയിരുന്നു…

അന്ന എന്ന് പേരുള്ള ആ പെൺകുട്ടിയുടെ ഓർമ്മകൾ അദ്ദേഹത്തെ അലട്ടുന്നുവെന്ന് തോന്നി..
അന്നയെ പറ്റി എന്തെങ്കിലും ചോദിച്ചാൽ അയാൾ അസ്വസ്ഥനാകും..

“സേതുവേട്ടാ അന്നയ്ക്ക് എന്തു നിറമാ ഇഷ്ടം… അന്നയ്ക്ക് സാരിയാണോ ഇഷ്ടം.. “അങ്ങനെ എന്തെങ്കിലും ചോദിച്ചാൽ അയാൾ പറയും .” നീ ഒരിക്കലും അന്നയാവാൻ നോക്കരുത്… നീ കമലയായിരുന്നാൽ മതി “…

പിന്നെ ഒന്നും ചോദിക്കില്ല.. പിന്നെ പിന്നെ എപ്പോഴോ സേതു കമലയെ സ്നേഹിച്ചു തുടങ്ങിയിരുന്നു. കമലേ… എന്ന അദ്ദേഹത്തിന്റെ സ്നേഹം തുളുമ്പുന്ന വിളിയിൽ എല്ലാം മറന്നു സേതുവേട്ടനെ ജീവനെ പോലെ സ്നേഹിച്ച നാളുകൾ..

പക്ഷേ അപ്പോഴും അന്ന ഒരു
കനലായി മനസ്സിൽ കിടന്നിരുന്നു.
അന്നയെ കാണണമെന്ന മോഹവും…
മോളുണ്ടായതിനു ശേഷം സേതുവേട്ടന് തന്നോടുള്ള സ്നേഹത്തിനു അതിരുകളില്ലെന്ന് കമലക്കു തോന്നി പോയി.

ആ കണ്ണുകളിൽ നിഴലിച്ചിരുന്ന വിഷാദഭാവം പോയി മറഞ്ഞുവെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു. കമലാ എന്നുള്ള അദ്ദേഹത്തിന്റെ നീട്ടിയുള്ള വിളി കേൾക്കാതെ തനിക്കു ജീവിക്കാൻ ആവില്ലെന്ന് തോന്നി പോകാറുണ്ട്..

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു സാധു മനുഷ്യൻ… അങ്ങനെയാണ് കമലക്കു തോന്നാറുള്ളത്.. ഒരിക്കൽ മഴ പെയ്യുന്ന ഒരു രാത്രിയിൽ കമല ചോദിച്ചു… “സേതുവേട്ടാ… അന്നയുടെ കല്യാണം കല്യാണം കഴിഞ്ഞോ?”

സേതു പുറത്തെ മഴയിലേക്ക് നോക്കി ഇരുന്നതല്ലാതെ മറുപടി പറഞ്ഞില്ല.. “സേതുവേട്ടൻ ഇപ്പോഴും അന്നയെ സ്നേഹിക്കുന്നുണ്ടോ?”

അയാളുടെ കണ്ണുകൾ നനഞ്ഞുവെന്ന് തോന്നി… മൗനമായിരുന്നു മറുപടി… ആ മൗനം തന്നെ വേദനിപ്പിച്ചുവെങ്കിലും സേതുവേട്ടൻ ഒരിക്കലും കള്ളം പറയില്ലെന്ന് ബോധ്യമായി…

സേതുവേട്ടന് അപകടം പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായ ആ ദിവസം…. ആർത്തലച്ചു കരഞ്ഞു ഒരു പെരുമഴ പോലെ അന്ന കയറി വന്നു…. സേതുവേട്ടന് ബോധം ഉണ്ടായിരുന്നില്ല…

മോളെ മാറോടു ചേർത്തു വിങ്ങി പൊട്ടി നിന്ന ഞാൻ അന്നയെ അന്നാദ്യമായി കണ്ടു… മാലാഖയെ പോലെ സുന്ദരിയായ അന്ന… അവളുടെ അഴിച്ചിട്ട മുടി.. പൊട്ടിയൊഴുകുന്ന കണ്ണുകൾ.. നെഞ്ചു പൊട്ടിയുള്ള അവളുടെ കരച്ചിൽ….

തന്റെ കണ്ണുനീർ എവിടെയോ പോയി മറഞ്ഞു. സേതുവേട്ടന്റെ ജീവിതത്തിൽ പെയ്തൊഴിയാത്ത മഴയാണ് അന്നയെന്ന് തോന്നി പോയി..

അന്ന് ഒരു സത്യം മനസ്സിലായി.. സേതുവേട്ടന്റെ ജീവിതത്തിൽ തനിക്കൊരു രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.. കമലയിൽ അസ്വസ്ഥത സൃഷ്ടിച്ചു അന്ന പോയി..

പിന്നീടുള്ളതു പൊരുത്തക്കേടിന്റെ ദിവസങ്ങൾ..ഒരു രണ്ടാം സ്ഥാനത്തിന്റെ അപകർഷതാബോധം കുത്തി നോവിക്കുന്നു. എത്ര ശ്രമിച്ചിട്ടും അതിൽ നിന്നും മോചിതയാവുന്നില്ല… അറിയാതെ വന്നു പോയ അകൽച്ച കമലയെ ഭയപ്പെടുത്തി..

ഒടുവിൽ അന്നയെ കണ്ടു. മാലാഖയെ ഓർമിപ്പിക്കുന്ന അവളുടെ മുഖം. സൗന്ദര്യം. അസ്വസ്ഥതയാണ് ഉണ്ടാക്കിയത്.. അവൾ നനഞ്ഞ മിഴികളോടെ കമലയെ നോക്കി..

“അന്നാ നീ വിവാഹം കഴിക്കണം. എനിക്കു സ്വസ്ഥത വേണം.. ”

സ്വരം കടുത്തു പോയിയെന്ന് കമലക്കു തന്നെ തോന്നി… അവൾ ഒന്നും പറഞ്ഞില്ല.. ഒരു പൊട്ടികരച്ചിലോടെ അന്ന അകന്നു പോയി..
അന്ന് സേതുവേട്ടൻ കുറ്റപെടുത്തി.. കമല ചെയ്തത് തെറ്റാണു…

സേതുവേട്ടൻ പറഞ്ഞപ്പോൾ അരിശമാണ് തോന്നിയത്… അതോടെ ഒരു കാര്യം മനസ്സിലായി… അവർ പരസ്പരം കാണുന്നു… അതിനുമപ്പുറം ഒരു ബന്ധം…? ഭ്രാന്ത് പിടിക്കുമെന്ന് വരെ തോന്നിപോയി.. സേതുവേട്ടൻ പറയും..

“കമലാ… നിന്നോട് എല്ലാം തുറന്നു പറഞ്ഞിട്ടല്ലേ ഈ വിവാഹം നടന്നത്.. അന്നയെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്..

ഇപ്പോൾ എന്റെ ജീവിതത്തിൽ നീ മാത്രമേ ഉള്ളൂ… “അതു കേൾക്കുമ്പോൾ സമാധാനം തോന്നും. എന്നാലും അന്നക്കു ഒരു ജീവിതം ഉണ്ടായില്ലെങ്കിൽ അപകടം ആണെന്ന് തോന്നി കൊണ്ടിരുന്നു.

സേതുവേട്ടന്റെ സുഹൃത്തുക്കളിൽ നിന്നും അവർ തമ്മിലുള്ള പ്രണയം എത്രത്തോളം ആഴമേറിയതായിരുന്നു എന്ന് മനസ്സിലാക്കിയ നിമിഷം താൻ വലിയൊരു തെറ്റാണു ചെയ്തത് എന്ന് തോന്നിപ്പോയി..

അന്ന് സേതുവേട്ടൻ തുറന്നു പറഞ്ഞപ്പോൾ പിന്മാറി പോകാമായിരുന്നു… തന്റെ സ്വാർത്ഥത. അതിപ്പോൾ കൊല്ലാതെ കൊല്ലുന്നു..

അന്ന വിവാഹിതയായി എവിടെയെങ്കിലും പോയാൽ തന്റെ പ്രശ്നം തീരും… അങ്ങനെ തോന്നിയപ്പോൾ അവളെ ഒന്നുകൂടി കാണണം എന്ന് തോന്നി.. അന്നയ്ക്ക് സുഖമില്ലാത്ത കിടക്കുന്ന അമ്മ മാത്രമാണ് ഉള്ളത് എന്നറിഞ്ഞപ്പോൾ മനസ്സിൽ അസ്വസ്ഥതയുടെ ആഴം ഏറി..

അങ്ങനെ അവളെ വീണ്ടും കാണാൻ പോയി… ജൂണിലെ ഒരു പെരുമഴദിവസം… അന്ന് അവിടെ അവളുടെ വീട്ടിൽ സേതുവേട്ടന്റെ നെഞ്ചിൽ ചേർന്നു നിന്ന് കരയുന്ന അന്നയെയാണ് കമല കണ്ടത്.

നെഞ്ചിലൂടെ കടന്നുപോയ ഒരു മിന്നൽ. തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് തോന്നി. മുറിവേറ്റ ഹൃദയവുമായി ആ പെരുമഴ നനഞ്ഞു റോഡിൽ അലഞ്ഞു. കണ്ണിൽ ഇരുട്ട് കയറി ബോധം മറഞ്ഞ പോലെ…

പിന്നെ ബോധം തെളിയുമ്പോൾ സേതുവേട്ടൻ അടുത്തുണ്ട്. അന്നയിൽ നിന്നും ബലമായി പറിച്ചെടുത്ത ഹൃദയമാണ് തന്റെ അടുത്തിരിക്കുന്നത്…. താൻ അതു ചേർത്തു പിടിക്കാൻ ശ്രമിക്കുന്തോറും അതു വിങ്ങിപൊട്ടും… വേദനിക്കും… അകന്നു പോകും..

അങ്ങനെ തോന്നിയ നിമിഷം തീരുമാനിച്ചു. പിരിയാം… സേതു കമലയുടേതല്ല.. അന്നയുടേതാണ്.

അതാണ് സത്യം. താൻ ജീവനെ പോലെ കരുതുന്ന സേതുവേട്ടന്റെ ജീവൻ അന്നയാണ്. സേതുവേട്ടൻ എന്തൊക്കെ പറഞ്ഞിട്ടും ഒന്നും കേൾക്കാൻ തയ്യാറാവാതെ മോളെയും കൂട്ടി അഗ്രഹാരത്തിലെ വീട് വിട്ടിറങ്ങി.

ആ സമയത്ത് സ്വന്തം അച്ഛനും അമ്മയും പോലും സേതുവേട്ടന്റെ കൂടെ നിന്നില്ല. അവരുടെ ബന്ധം എല്ലാവർക്കും അറിയാവുന്ന ഒന്നായിരുന്നു..

നിയമപരമായി വിവാഹബന്ധം വേർപെടുത്തി… പിരിഞ്ഞു. പിന്നെ കണ്ടില്ല.. ഇതേ വരെ.. പക്ഷേ എന്തുകൊണ്ടോ കമല സേതുവിനെ വെറുത്തില്ല. താലി നെഞ്ചോട്‌ ചേർത്തു പിടിച്ചു സ്നേഹിച്ചു കൊണ്ടിരുന്നു.

വിട്ടു കൊടുത്തതാണ്. നാട്ടിൽ നിന്നും പോരുമ്പോൾ ആരോ പറഞ്ഞറിഞ്ഞു. സേതു അന്നയെ കൂട്ടി നാട്ടിൽ നിന്നും പോയിയെന്നു.. വേദന തോന്നി. നൊമ്പരത്തോടെയാണെങ്കിലും ഓർത്തു. സ്നേഹിക്കുന്നവർ തമ്മിലാണ് ചേരേണ്ടത്.

ബാല്യത്തിലും കൗമാരത്തിലും ഉഡുപ്പിയിലെ ബ്രാ ഹ്മ ണ മഠത്തിൽ കഴിഞ്ഞത് കൊണ്ടാകാം സേതുവേട്ടന് ഉഡുപ്പിയിലെ കൃഷ്ണനോട് വല്ലാത്ത പ്രിയമായിരുന്നു..

ഇടയ്ക്കിടെ സേതുവേട്ടൻ വന്നു പോകാറുള്ള ഇടം… അതുകൊണ്ട് തന്നെ കമലക്കു തോന്നിയിരുന്നു ഉഡുപ്പിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു…

അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ഇവിടുത്തെ അഡ്രസ്സ് തന്നത്.. മുൻപ് എപ്പോഴോ അയാൾ ഇവിടെ തൊഴാൻ വന്നപ്പോൾ കണ്ടത് കൊണ്ടു മാത്രം കിട്ടിയ മേൽവിലാസം. ഡ്രൈവർക്കു കൊടുത്ത അഡ്രസ്സ് അനുസരിച്ചു അയാൾ ആ വീടിനു മുന്നിൽ കാർ നിർത്തി…

കമലക്കു വല്ലാത്ത പരിഭ്രമം തോന്നി… ഹൃദയമിടിപ്പു ഏറുന്നു.. പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നുപോയി…

എങ്ങനെ സേതുവേട്ടനെ അഭിമുഖികരിക്കും… അന്നയെ കാണുമ്പോൾ ഒരു പക്ഷേ ഞാൻ തളർന്നു പോയാൽ… അവർക്കു കുട്ടികൾ ആയിട്ടുണ്ടാവില്ലേ.. അവർ ചോദിക്കില്ലേ “ഈ വന്നിരിക്കുന്നത് ആരാണെന്നു… ”

അവർക്കു വെറുപ്പ്‌ തോന്നില്ലേ.. മോളുടെ കല്യാണമാണെന്ന് അറിയുമ്പോൾ സേതുവേട്ടൻ എന്താ പറയാ… ഇത്ര കാലം ഇല്ലാത്ത ബന്ധം ഇനി വേണ്ടാന്ന് പറഞ്ഞാൽ… ദേഹം തളരുന്ന പോലെ തോന്നി..

ഉയരം കുറഞ്ഞ പഴയ ഒരു വീട്..വീടിന്റെ മുറ്റത്തു സൂചിമുല്ലകൾ പൂത്തു നിന്നിരുന്നു. വാതിലിനടുത്തു ഒരു മണി തൂക്കിയിരുന്നു.. അതിന്റെ ചരടിൽ വലിച്ചു..മണി നാദം ഹൃദയത്തിൽ വന്നലക്കും പോലെ തോന്നി.. ആരോ വരുന്നു. ഹൃദയമിടിപ്പു ഏറി.

വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആളെ ഒന്നൂടെ സൂക്ഷിച്ചു നോക്കി…. ഇതു സേതുവേട്ടൻ തന്നെയാണോ?
നരച്ചു നീണ്ട താടിയും മുടിയും… കാവി വേഷവും കമലയിൽ ഞെട്ടലുണ്ടായി…

അയാളുടെ കണ്ണുകളിൽ അത്ഭുതമോ.. പരിഭ്രമമോ തിളങ്ങി..” കമലാ”… അയാൾ ഉറക്കെ വിളിച്ചു പോയി..അതയാളുടെ ഉള്ളിൽ നിന്നാണ് ഉയർന്നതെന്നു കമലക്കു തോന്നി..

നിശബ്ദമായ നിമിഷങ്ങൾ. പെട്ടെന്നുള്ള ഞെട്ടലിൽ നിന്നും ഉണർന്നു അയാൾ കമലയെ അകത്തേക്ക് വിളിച്ചു. ഫാനുണ്ടായിട്ടും കമല വിയർത്തു. വാക്കുകൾ തൊണ്ടയിൽ അമരുന്നു.

എന്താണ് പറയുക. വല്ലാത്ത പരിഭ്രമം. അവൾ തറയിൽ കണ്ണുകൾ താഴ്ത്തിയിരുന്നു.. കരഞ്ഞു പോയേക്കുമോ എന്ന ഭയം. കണ്ണുകൾ നിറഞ്ഞു വരുന്നു.

“കമലാ… എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല… നീ എന്നെ തേടി ഇവിടെ വരിക…”അയാളുടെ സ്വരത്തിൽ വല്ലാത്തൊരു സന്തോഷം കമലക്കു അനുഭവപ്പെട്ടു.. കമല മിഴികൾ ഉയർത്തി അയാളെ നോക്കി…

പ്രായത്തേക്കാൾ കവിഞ്ഞു തോന്നുന്ന ആ വാർദ്ധക്യം അവളെ വേദനിപ്പിച്ചു..
ഉള്ളിലെവിടെയോ ഒരു വിങ്ങൽ…
അവൾ സമനില വീണ്ടെടുത്തു…

“എനിക്കു കുറച്ചു വെള്ളം വേണം.. ഒരു വിധം പറഞ്ഞു.. അയാൾ വേഗം അകത്തു പോയി ഒരു ഗ്ലാസിൽ വെള്ളം കൊണ്ടു വന്നു കൊടുത്തു. അതു കുടിക്കുമ്പോൾ കണ്ണുകൾ അന്നയെ തിരഞ്ഞു. പക്ഷേ എന്തോ അവിടെ ആരും ഉണ്ടെന്നു അവൾക്കു തോന്നിയില്ല. നിശബ്ദമായ വീട്..

കമല സേതുവിന്റെ കണ്ണുകളിലേക്കു നോക്കി. . ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

സേതുവേട്ടാ… കമല പതിയെ വിളിച്ചു.”എത്ര കാലമായി ഞാൻ ഈ വിളി കേട്ടിട്ട്…” സേതുവിന്റെ സങ്കടം നിറഞ്ഞ സ്വരം. ഉയർന്നു വരുന്ന സങ്കടം അമർത്തിപിടിച്ചു കമല പറഞ്ഞു.

“മോളുടെ വിവാഹമാണ്. ഈ മാസം ഇരുപത്തിയഞ്ചിന്… അവൾക്കു കല്യാണത്തിന് അച്ഛൻ വരണമെന്ന് പറയുന്നു… അവളുടെ ആഗ്രഹമാണ്. . അതൊന്നു പറയാനാണ് ഞാൻ സേതുവേട്ടനെ അന്വേഷിച്ചു ഇവിടെ വരെ വന്നത്‌.. ” കമല പറഞ്ഞു…

അയാൾ ഒരു നിമിഷം നിശബ്ദനായിരുന്നു… കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു… കമലക്കു സഹിക്കാൻ പറ്റില്ലെന്ന് തോന്നി പോയി… അവൾ കണ്ണുകൾ തുടച്ചു..

അന്ന എവിടെ?… കമല ചോദിച്ചു… അയാളുടെ മുഖം ചുവന്നു…

എനിക്കറിയില്ല… ആ മറുപടി അവളിൽ ഞെട്ടൽ ഉണ്ടാക്കി.. നിങ്ങൾ ഒരുമിച്ചല്ലേ താമസിക്കുന്നതു..

കമല ചോദിച്ചപ്പോൾ അയാളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു..
സേതുവിന്റെ ദേഷ്യഭാവം അവളെ അമ്പരിപ്പിച്ചു…

നിനക്കു ഒരു മാറ്റവുമില്ല കമലാ.. നീ എന്തേ കരുതിയത്… അന്ന് നീ എന്നെ വിട്ടു പോയപ്പോൾ ഞാൻ അന്നയെ ആ സ്ഥാനത്തേക്കു വിളിച്ചുവെന്നോ…
അഥവാ ഞാൻ വിളിച്ചാലും അവൾ വരുമായിരുന്നില്ല.

അവളോട്‌ വേറെ ഒരു വിവാഹത്തെ പറ്റി പറയാനാണ് അന്നവിടെ പോയത്. പറഞ്ഞപ്പോൾ അവൾ കരഞ്ഞു…ഞാൻ കാരണം കരയുന്ന പെണ്ണാണ്… ആ നിമിഷത്തിൽ അവളെ ഒന്ന് ചേർത്തു നിർത്തി ആശ്വസിപ്പിച്ചു പോയി…

അതിനാണ് നീ… ഞാൻ അവളെ സ്നേഹിച്ചിരുന്നു.. മനസ്സു കൊണ്ടു. നീ എന്നിലേക്ക്‌ കടന്നുവന്ന ശേഷം വേദനയോടെ തന്നെയാണ് ഞാൻ അവളെ മറന്നത്.. പക്ഷേ നീ വല്ലാതെ സ്വാർത്ഥയായിരുന്നു.

നീ പോയ ശേഷം ഞാൻ അവളെ കണ്ടു… ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.. അവളുടെ അമ്മ മരിച്ചു… മാനസികമായി അവളാകെ തകർന്നിരുന്നു.. ഒടുവിൽ അറിഞ്ഞത്‌ അവൾ മഠത്തിൽ ചേർന്നുവെന്നാണ്. പിന്നെ കണ്ടിട്ടില്ല ഇതു വരെ.

കമല സത്യം ഉൾകൊള്ളാൻ ആവാതെ തരിച്ചിരുന്നു പോയി. എത്ര വലിയ തെറ്റാണു താൻ ചെയ്തത്. അതിന്റെ ഓർമ്മയിൽ അവൾ സമനില നഷ്ടപ്പെട്ടവളായി. കമല കരഞ്ഞു പോയി.

കമല നീ എന്റെ പ്രാണനെയാണ് എടുത്തതു. എല്ലാം നഷ്ടപെട്ടവനായി ഞാൻ. അലഞ്ഞു തിരിഞ്ഞു. ഒടുവിൽ ദാ ഇവിടെ… ”

ഉ ഡു പ്പിയിലെ ആ ബ്രാ ഹ്മ ണ മഠത്തിലെ ഇരുൾ മൂടി നിൽക്കുന്ന മുറികളിലൊന്നിൽ കമല സേതു മാധവനു മുന്നിലായി ഇരുന്നു. താൻ തന്നെ നഷ്ടപ്പെടുത്തിയ സേതുവേട്ടന്റെ തനിച്ചുള്ള ആ ജീവിതത്തിന്റെ ആഴത്തിലേക്ക് നോക്കി കമല പകച്ചിരുന്നു.

പ്രായത്തേക്കാൾ വാർദ്ധക്യം ബാധിച്ചു കഴിഞ്ഞ ഈ ശരീരം എന്നെ കുത്തി നോവിക്കുന്നു…….

“കമലാ…. നമ്മൾ എന്തിന് വേണ്ടിയാണു വേർപിരിഞ്ഞത്.. എന്റെ സന്തോഷത്തിനു വേണ്ടിയായിരുന്നോ? നിന്റെ സമാധാനത്തിനു വേണ്ടിയോ?

അതോ നിനക്കു മുന്നേ ഞാൻ സ്നേഹിച്ച അന്ന എന്ന സാധു പെൺകുട്ടിക്കു വേണ്ടിയോ?” സേതുവിന്റെ ചോദ്യം കമലയെ തളർത്തി..

തന്റെ കഥയിൽ പാതി വഴിയിൽ കമല സേതുമാധവൻ സേതുമാധവൻ എന്ന കഥാപാത്രത്തെ ഉപേക്ഷിച്ചു വെറും കമലയായി യാത്ര തുടങ്ങി. തന്റെ ഒപ്പം മോളുണ്ടായിരുന്നു. സേതുവേട്ടനോ.. അന്നയിലേക്ക് മടങ്ങും എന്ന വിശ്വസം.

അതു തെറ്റായിരുന്നു. സേതുവേട്ടൻ ഇപ്പോഴും തനിച്ചു. കമല ഒരു നിമിഷം ആ നിറഞ്ഞ കണ്ണുകളെ നോക്കി പിന്നെ ആ കാല്പാദങ്ങളിൽ വീണു. ഒന്നുറക്കെ കരഞ്ഞു. കണ്ണുനീർ വീണു ആ പാദങ്ങൾ നനഞ്ഞു. സേതു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.

കമലാ….

“അന്ന എന്റെ സ്വപ്നവും പ്രണയവും ആയിരുന്നു. പക്ഷേ നീ എന്റെ ജീവനും ജീവിതവും ആയിരുന്നില്ലേ… ”

മറുപടി ഇല്ലാതെ കമല ആ നെഞ്ചിൽ മുഖം ചേർത്തു കരഞ്ഞു കൊണ്ടിരുന്നു..
സങ്കടം ഒന്നൊതുങ്ങിയപ്പോൾ കമല ചോദിച്ചു…”മോളെ കാണേണ്ട സേതുവേട്ടന് “…

വേണം.”

ഇടർച്ചയോടെ അയാൾ പറഞ്ഞു. കമലക്കു സമാധാനമായി.. ആ കണ്ണുകളിലെ തിളക്കം. നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷം.

വർഷങ്ങൾക്കു ശേഷം അണിഞ്ഞൊരുങ്ങി തലയിൽ ചൂടിയ മുല്ലപ്പൂവിന്റെ സൗരഭ്യത്തോടെ നിറഞ്ഞ മനസ്സോടെ സേതുവിന്റെ കൂടെ ഉഡുപ്പിയിലെ കൃഷ്ണനു മുൻപിൽ അവൾ തൊഴുതു പ്രാർത്ഥിച്ചു.

ഇനി നഷ്ടങ്ങൾ ഉണ്ടാവരുതേ എന്റെ കൃഷ്ണാ.. നിറഞ്ഞ സമാധാനത്തോടെ ശാന്തതയോടെ നിൽക്കുന്ന സേതുവിന്റെ മുഖം.

കമല കണ്ണുകളടച്ചു. അണിഞ്ഞൊരുങ്ങി നവ വധുവായി നിൽക്കുന്ന മകളുടെ കൈകളെ ചേർത്തു പിടിച്ച് ഭർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്ന സേതുവേട്ടൻ. കമലയുടെ കണ്ണുകളിൽ ആ കാഴ്ച്ച നിറഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *