കുറ്റവാളി
(രചന: രമേഷ്കൃഷ്ണൻ)
കനത്ത നിശബ്ദതക്കൊടുവിൽ
എവിടെയോ ഇരുമ്പ് ഗേറ്റ് തുറന്നടയുന്ന ശബ്ദം കേട്ടു അകന്നുപോകുന്ന ബൂട്ടിന്റെ നേർത്ത ശബ്ദം
വായുവിൽ അലിഞ്ഞില്ലാതായി കമ്പിയഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ വരാന്തക്കപ്പുറം ചെടിചട്ടികൾ നിരത്തി വെച്ച വഴിയിലൂടെ
പുകമഞ്ഞിൽ കുളിച്ച് സാരിതലപ്പുകൊണ്ട് പുതച്ച് കൊണ്ട് ഒരു രൂപം അടുത്തേക്ക് നടന്നടുക്കുന്നതായി തോന്നി..
വരാന്തകടന്ന് കമ്പിയഴിക്കടുത്തേക്ക് വന്നപ്പോൾ ഭയത്തോടെ പിറകിലേക്ക് മാറി കമ്പിയഴിയിൽ പിടിച്ച് ഒരു വശം തകർന്ന ര ക്ത മൊലിച്ചിറങ്ങുന്ന തലയുമായി അവൾ ചോദിച്ചു..
“എന്തിനാണേട്ടാ എന്നെ കൊ ന്നു കളഞ്ഞത്..”
ഞെട്ടിയുണർന്ന് തലക്ക് പിറകിൽ വെച്ച മൺകുടത്തിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ച് വീണ്ടും നിലത്തു വിരിച്ച പുല്ലുപായയിൽ മലർന്നു കിടന്നു..
സിമന്റ് പൊളിഞ്ഞടർന്ന കോൺക്രീറ്റ് മേൽക്കൂരയിൽ വെള്ളം കിനിഞ്ഞിറങ്ങിപരന്ന പാടുകളിലേക്ക് നോക്കി കിടന്നു.. തൊട്ടപ്പുറത്ത് മൂന്നുപേരെ വെട്ടിനുറുക്കിയ ആൽബി സുഖമായി ഉറങ്ങുന്നത് കണ്ടു
“ഇവനെങ്ങനെ സുഖമായി ഉറങ്ങാനാവുന്നു എന്ന് ചിന്തിച്ചു”
നേരം പുലരാനിനിയും നേരമുണ്ടെന്ന് പുറത്തേക്ക് നോക്കിയപ്പോൾ മനസിലായി.. വരാന്തയിൽ കത്തിനിന്ന ചിലന്തിവലകെട്ടിയ നരച്ചബൾബിൽ നിന്ന് വെളിച്ചം മുറ്റത്തേക്ക് പരന്നു കിടക്കുന്നു..
തൊപ്പിയഴിച്ച് മുഖത്തേക്ക് വെച്ച് ബൾബിനു കീഴെ ഒരു പോലീസേമാൻ മേശ മേലേക്ക് കാൽ കയറ്റി വെച്ച് ഉറങ്ങുന്നത് കമ്പിയഴികൾക്കിടയിലൂടെ കണ്ടു..
സ്വതന്ത്രമായ ലോകത്തുനിന്ന് എത്രവേഗമാണ് എല്ലാവരാലും വെറുക്കപ്പെട്ട് നാലുചുമരുകൾക്കുള്ളിൽ കുടുങ്ങി പോയതെന്നോർത്തു
മുറിക്കും എനിക്കുമിപ്പോൾ അഡ്രസില്ല വെറും നമ്പർ മാത്രം
ഉറക്കം വരാതെ ആൽബിയെ ഉണർത്താതെ മുറിയിൽ അങ്ങോളമിങ്ങോളം നടന്നു.. ടോയ്ലറ്റിൽ നിന്നും മൂത്രത്തിന്റെ മണം വരുന്നുണ്ടായിരുന്നു…
സ്വന്തമായി എന്തുണ്ടെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു പ്ലെയ്റ്റും ഗ്ലാസും ഒരു പുല്ലുപായയും രണ്ടുജോഡി വെള്ള ഡ്രസും മാത്രം..
ചപ്പാത്തി പൊടി മണക്കുന്ന പ്രഭാതങ്ങളും.. പൂന്തോട്ടത്തിലെ ചാണകപൊടി മണക്കുന്ന ഉച്ചകളും കഴിഞ്ഞാൽ പുല്ലുചെത്തലും ജയിൽ തൊടിയിലെ ചെത്തിക്കോരലും പച്ചക്കറി ഉണ്ടാക്കലും കഴിഞ്ഞ്
വരിവരിയായി അവനവന്റെ സെല്ലുകളിലേക്ക് തലയെണ്ണി തിട്ടപ്പെടുത്തി ഏമാൻമാർ തള്ളിക്കയറ്റും… ഒരുമാറ്റവുമില്ലാതെ തുടരുന്ന ദിനരാത്രങ്ങൾ..
കമ്പിയഴികളിൽ പിടിച്ച് പുറത്തെ നരച്ച ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിന്നു… രേണുകയുമൊത്തുള്ള പഴയകാലങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു..
കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ഒരു ഉച്ചനേരത്ത് തട്ടിൻ മുകളിലെ പലകകളിളകുന്ന മുറിയിൽ മാറിലേക്ക് തലവെച്ചവൾ ചോദിച്ചു
“നന്ദേട്ടനാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ..”
“പ്രണയിച്ചിട്ടില്ല… പക്ഷേ ഇപ്പോൾ പ്രണയിക്കുന്നുണ്ട്…”
“തമാശ പറയല്ലേ നന്ദേട്ടാ… എനിക്ക് ചിരിക്കാൻ വയ്യ..”
“അതെന്താ… നിനക്ക് മുൻപ് ഞാനാരെയെങ്കിലും പ്രണയിച്ചതായി തോന്നുന്നുണ്ടോ..”
“ഇന്നത്തെ കാലത്ത് അതില്ലാത്തവരുണ്ടോ.. ”
” നിനക്കുണ്ടായിരുന്നോ പ്രണയം.. ”
” ഉം… ഉണ്ടായിരുന്നു… ”
സംശയത്തോടെ അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു
” നന്ദേട്ടൻ വിജാരിക്കുന്ന പോലെയുള്ള ആരോടുമല്ല… മ ദർതെ രേസയോട്…. പുസ്തകങ്ങളോട്.. പിന്നെ കുറച്ച് അസൂയയും തോന്നിയിട്ടുണ്ട് അത് പൂമ്പാറ്റകളോടാണെന്നു മാത്രം.. എന്ത് ഭംഗിയുള്ള ചിറകുകളാണവക്ക്..
ഇഷ്ടമുള്ള സ്ഥലത്തൊക്കെ യഥേഷ്ടം സ്വാതന്ത്ര്യത്തോടെ അവ പാറി നടക്കുന്നത് കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട്.. അവയെ നോക്കി പലപ്പോഴും സ്വയം പറഞ്ഞിട്ടുണ്ട്.. ഞാനും നിന്നെ പോലെ ഒരിക്കൽ സ്വതന്ത്രയാവും.. പക്ഷേ അതെല്ലാം വെറും മോഹം മാത്രമാണല്ലോ ”
” നന്ദേട്ടനങ്ങനെയൊന്നിനോടും തോന്നിയിട്ടില്ലേ പ്രണയം.. ”
” ഉവ്വ് രേണൂ.. എനിക്ക് കാറ്റിനോട് അസൂയയും പുഴയോട് പ്രണയവും മാമലകളോട് പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പവുമുണ്ടായിരുന്നു…
ചുറ്റിലുമുള്ളതിനെക്കാളും ഉയരത്തിൽ നിൽക്കുന്ന പർവ്വതങ്ങൾക്ക് മുകളിൽ കയറി സ്വയം ലോകത്തോട് വിളിച്ചു പറയണമെന്നുണ്ടായിരുന്നു.. ഞാൻ വിജയി മാത്രമാണെന്ന്… ജീവിതത്തിൽ തോൽവികളേറ്റു വാങ്ങുമ്പോൾ ഉള്ളിൽ തോന്നുന്ന ഒരു മോഹം”
” ആഹാ.. അത് കൊള്ളാലോ.. രണ്ടുപേർക്കും അപ്പോൾ പ്രണയമുണ്ടായിരുന്നു… പക്ഷേ ആദ്യം പറഞ്ഞതിൽ അല്പം കള്ളമില്ലേ.. ”
” ഇല്ല രേണൂ… ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്..നിനക്ക് തിരിച്ചറിയാനാവാത്ത വിധം ഉള്ളിലെനിക്ക് നിന്നോട് പ്രണയമാണ് ”
” ഉം… കേൾക്കാനൊരു സുഖമൊക്കെയുണ്ട്… ”
പിന്നീടെപ്പോഴാണ് പ്രണയം പകയായി മാറിയത്… ഉടവു തട്ടിയ ശരീരവുമായി ചുമരിനോട് ചേർന്ന് അവൾ തിരിഞ്ഞു കിടന്നതുമുതലാണോ.. അല്ല…ശരീരം ഞങ്ങൾക്കിടയിലൊരു ഘടകമേ അല്ലായിരുന്നല്ലോ…
സംശയത്തിന്റെ നിഴലുകൾ ജീവിതത്തിലേക്ക് പടർന്നപ്പോൾ അറിയാതെ വഴിതെറ്റിപോയ മനസുമായി ജീവിച്ചതായിരുന്നു പരാജയമായത്…
പലരാത്രികളിലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നത് മനസിലെന്തോ സംശയത്തിന്റെ മുനകൾ കുത്തിനോവിച്ചതിനാലാവാം…
കാലം ചെല്ലും തോറും ശരീരവും മനസീം കൂടുതൽ കൂടുതൽ അകന്നു തുടങ്ങുന്നുണ്ടോ എന്നൊരു സംശയം കാരണമെന്തായിരിക്കാം എന്ന് ചിന്തിച്ചപ്പോൾ അരുതാത്ത ചിന്തകൾ പലപ്പോഴും മനസിനെ കീഴ്പ്പെടുത്തി യിരുന്നു..
അന്ന് വേർപിരിഞ്ഞിരുന്നെങ്കിൽ ഇന്നും രേണു ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ…
ഞാനോ..ഏതെങ്കിലുമൊരു ബാ റിന്റെ വരാന്തയിൽ സെക്യുരിറ്റിക്കാരനെടുത്ത് റോഡിലേക്ക് തള്ളുന്നത് വരെ കിടക്കുമായിരിക്കും… അല്ലെങ്കിൽ ഏതെങ്കിലും പാസഞ്ചർ ട്രെ യിനിനിടയിൽ പെട്ട് ച ത ഞ്ഞരഞ്ഞ് തീർന്നിട്ടുണ്ടാകും..
വരാന്തയിലൂടെ പാറാവുകാരന്റെ ബൂട്ടിന്റെ ശബ്ദം കേട്ടു തുടങ്ങിയപ്പോൾ ചിന്തയിൽ നിന്നുണർന്ന്.. വീണ്ടും പുല്ലുപായയിൽ പോയി ചെരിഞ്ഞു കിടന്നു…
ഉറക്കം വരാതെ നരച്ച ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോൾ ബൂട്ടിന്റെ ശബ്ദം അടുത്തെത്തി വീണ്ടും അകന്നു പോയി.. അരിച്ചെത്തിയ നിശബ്ദതയിൽ മിഴികൾ പൂട്ടി കിടന്നു.. അന്നത്തെ ആ രാത്രി ചിന്തയിലേക്കോടിയെത്തി
വൈകുന്നേരം ഓഫീസ് വിട്ട് പോരുമ്പോൾ ബാ റിൽ കയറി രണ്ട് പെ ഗ്ഗ് കഴിക്കുന്ന ശീലമുണ്ടായിരുന്നു.. അന്നും പതിവുപോലെ രണ്ട് പെ ഗ്ഗ് കഴിക്കാനായി ബാ റിൽ കയറി..
നീലയും ചുവപ്പും ബൾബുകൾ കത്തുന്ന ബാ റിന്റെ ഇരുട്ടിടങ്ങളിൽ പകൽമാന്യൻമാരിൽ പലരും പാതി ചത്ത തലച്ചോറുമായി അട്ടഹസിക്കുന്നുണ്ടായിരുന്നു..
തിരക്കൊഴിഞ്ഞ ഒരു ടേബിളിൽ പോയിരുന്ന് ബെയററെ വിളിച്ച് ഓർഡർ ചെയ്തപ്പോഴാണ് തൊട്ടുമുന്നിലെ കസേരയിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്.. അയാൾ കസേരയിൽ നിന്നും മുന്നോട്ട് നീങ്ങിയിരുന്ന് കൊണ്ട് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു
“നന്ദാ.. ഞാനൊരു കമ്പനികിട്ടാതെ ഇരിക്കുകയായിരുന്നു നീ വന്നത് നന്നായി.. ഏതായാലും സാധനം വരട്ടെ നമുക്ക് ചിയേഴ്സടിച്ചു തുടങ്ങാം ആദ്യമായാണല്ലോ നിന്നെ ഇവിടെ കിട്ടുന്നത്..”
ശബ്ദം കേട്ടപ്പോൾ ആളെ മനസിലായി നഗരത്തിലെ അറിയപ്പെടുന്ന വ ക്കീലായ മോഹനേട്ടനാണതെന്ന്
കുറച്ച് കൂടി മുൻപിലേക്ക് നീങ്ങിയിരുന്ന് അയാൾ തന്നെയാണെന്ന് ഉറപ്പ് വരുത്തി..
കഴിഞ്ഞയാഴ്ച കോളിളക്കമുണ്ടാക്കി ഡെലിവറി ബോയിക്കൊപ്പം ഒളിച്ചോടിപോയ മിസിസ് രാധിക മോഹനന്റെ ഭർത്താവ്..
അപ്പോഴേക്കും ബെയറർ വി സ് കി യും സോഡയും മേശപ്പുറത്ത് കൊണ്ടുവന്ന് വെച്ചു..സോഡപൊട്ടിച്ച് രണ്ടു ഗ്ലാസിലേക്കുമൊഴിച്ച് ബെയറർ ചോദിച്ചു
“കഴിക്കാനെന്തെങ്കിലും വേണോ സാർ..”
“ഒരു എഗ്ഗ് ചില്ലി കുരുമുളക് പൊടി വിതറിയത് തരാമോ…”
“പിന്നെന്താ… തരാലോ…”
അയാളതുപറഞ്ഞ് പോയപ്പോൾ മോഹനേട്ടൻ പറഞ്ഞു…
“ഉം.. കഴിച്ചോ.. കഴിച്ചോ മനസമാധാനം കിട്ടണമെങ്കിൽ ഇത്പോലെ രണ്ടെണ്ണമകത്തു ചെല്ലണം..”
ഗ്ലാസിലുണ്ടായിരുന്ന അല്പാല്പമായി കുടിച്ചു കൊണ്ടിരുന്നപ്പോഴും മോഹനേട്ടനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. രണ്ടു പെഗ്ഗും തീർന്നു തുടങ്ങിയപ്പോഴാണ് എഗ്ഗ് ചില്ലി എത്തിയത് അപ്പോൾ മോഹനേട്ടൻ പറഞ്ഞു
” വെറുതെയിരുന്ന് എഗ്ഗ് ചില്ലി കഴിക്കാനെന്ത് രസമാണ് നന്ദാ… കൂടെ ഒരെണ്ണം കൂടി പറയ്..”
“വേണ്ട മോഹനേട്ടാ.. ഇതാണെന്റെ ലിമിറ്റ് ഇതിലധികം ഞാൻ കഴിക്കാറില്ല”
“ക ള്ള് കു ടിയിൽ ലിമിറ്റ് വെച്ചിട്ടെന്തു നേടാനാണ്.. ആദ്യമായി നമ്മൾ കൂടുകയല്ലേ എന്റെ വകയാവട്ടെ ഇന്നത്തെ നന്ദന്റെ ചിലവ് ”
അതുപറഞ്ഞ് മോഹനേട്ടന് രണ്ട് ലാ ർ ജും. എനിക്ക് രണ്ട് പെ ഗ്ഗും മോഹനേട്ടൻ തന്നെ ഓർഡർ കൊടുത്തു.. വേണ്ടെന്ന് കുറേ പറഞ്ഞെങ്കിലും അത് സമ്മതിക്കാൻ മോഹനേട്ടൻ തയ്യാറായില്ല
ഗ്ലാസിലുണ്ടായിരുന്ന അവസാനതുള്ളി മ ദ്യ വും കഴിച്ച് ചാറി തുടച്ച് കൊണ്ട് മോഹനേട്ടൻ പറഞ്ഞു
” നീയറിഞ്ഞില്ലേ മിസിസ്… രാധിക ഒളിച്ചോടിയ കാര്യം.. അവൾക്കെന്തിന്റെ കുറവായിരുന്നു.. അവൾക്കെന്തും എന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു…എന്നിട്ടും..”
“അവൾ പോയതിന് മോഹനേട്ടനിങ്ങനെ കു ടിച്ചു നശിക്കണോ…”
“കു ടിച്ചാൽ നശിക്കുമെന്നാരാണ് പറയാറ്… അവളായിരുന്നു എന്നോട് അത് പറഞ്ഞിരുന്നത്… എന്നിട്ടവൾ പോയില്ലേ… ഇതിലും വലിയ നാശത്തിലേക്ക്”
” നന്ദാ.. വിശ്വസിക്കാൻ പാടാല്ലാത്തതൊന്നേയുള്ളൂ ഈ ലോകത്ത് അത് പെ ണ്ണാ ണ്.. അവളെന്നോട് എത്ര മധുരതരമായാണ് സ്നേഹം അഭിനയിച്ചത്…”
” എല്ലാവരും ഒരു പോലെയാവില്ല മോഹനേട്ടാ.. ചിലർക്ക് ആത്മ്ർത്ഥത ഉണ്ടാവും.. ”
” നന്ദാ… ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ എത്ര ഡൈവോഴ്സ് കേസുകൾ കൈകാര്യം ചെയ്യുന്നു… എല്ലാറ്റിലും ഓരോ കാരണങ്ങൾ…. മൊബൈൽ വന്നതോടെ ഡൈവോഴ്സിന്റെ എണ്ണവും കൂടി ”
അപ്പോഴേക്കും മോഹനേട്ടൻ ഓർഡർ ചെയ്തു വരുത്തിയ രണ്ടുപെ ഗും തീർന്നിരുന്നു… തലക്ക് ചെറുതായി പിടിക്കാൻ തുടങ്ങിയിരുന്നു.. അറിയാതെ മോഹനേട്ടന്റെ വാക്ചാതുര്യത്തിലേക്ക് കൂപ്പുകുത്തി വീണു…
ബാ റ ടക്കാനായപ്പോളെപ്പോഴോ ബാറിൽ നിന്നിറങ്ങി മോഹനേട്ടനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു
കോളിംഗ്ബെല്ലടിച്ച് ചുമരിൽ ചാരി നിന്നു
വാതിൽ തുറന്ന് രേണു സ്നേഹത്തോടെ ചോദിച്ചു
“ഓ… ഇന്നും ഫി റ്റാണല്ലോ നന്ദേട്ടൻ.. ഇങ്ങനോരാളിവിടെ ഉണ്ടെന്ന് നന്ദേട്ടൻ മറന്നോ”
അപ്പോൾ മോഹനേട്ടൻ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി
ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ഡ്രസ് അഴിച്ചിട്ട് ബാത്റൂമിൽ കയറി തലയിലൂടെ വെള്ളമൊഴിച്ചപ്പോഴൊരു സുഖം തോന്നി… എങ്കിലും തലയുടെ പെരുപ്പ് മാറിയില്ല
രേണു അടുക്കളയിലേക്ക് ഭക്ഷണം വിളമ്പി വെക്കാൻ പോയപ്പോൾ അവളുടെ മൊബൈൽ മേശപ്പുറത്തിരിക്കുന്നത് കണ്ടു അതെടുത്ത് ലോക്ക് തുറന്ന് നോക്കിയപ്പോൾ മായാവി എന്ന പേരിൽ നിന്ന് കുറേ വീഡിയോ കാളുകളും വാട്സപ്പ് മെസേജുകളും കണ്ടു..
മോഹനേട്ടന്റെ ദാമ്പത്യം തകർത്തു വില്ലൻ മൊബൈലാണെന്ന് തോന്നി അതുപോലെ തന്റെ വീട്ടിലും അശാന്തി പരത്തുന്ന മൊബൈലിനോട് ദേഷ്യം തോന്നി മെസേജുകളോരോന്നായി തുറന്ന് നോക്കിയപ്പോൾ ഗുഡ് നൈറ്റും ഗുഡ്മോർണിംഗും..
മോളെ എന്ന വിളിയും… ഉറക്കം വരുന്നില്ലെന്ന മെസേജും നിന്നെ കാണാൻ തോന്നുന്നുണ്ടെന്നും എത്ര നാളായി കണ്ടിട്ട് എന്നമെസേജും വായിച്ചപ്പോഴേക്കും മനസിൽ പറഞ്ഞു
“വഞ്ചകി..നീ സ്നേഹമഭിനയിച്ച് ഇത്രനാളുമെന്നെ പറ്റിക്കുകയായിരുന്നല്ലേ..”
അടുക്കളയിലേക്ക് ചെന്ന് രേണുവിന്റെ മുടിക്ക് കു ത്തി പിടിച്ചതും അ ടി ച്ച തുമൊന്നും സ്വബോധത്തോടെയായിരുന്നില്ല…
അവൾക്ക് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ വർദ്ധിതവീര്യത്തോടെ അവളെ എടുത്തെറിഞ്ഞപ്പോൾ അവൾ ചുമരിൽ ത ലയടിച്ച് തോഴോട്ട് ഊർന്നിറങ്ങുന്നത് കണ്ടു
” നീയെന്നെ വഞ്ചിച്ചില്ലേ… അവിടെ കിടന്ന് ചാ വ്”
എന്ന് പറഞ്ഞ് അകത്തേ റൂമിൽ കയറി വാതിലടച്ച് കിടന്നു
പിറ്റേന്ന് രാവിലെ എണീറ്റപ്പോഴാണ് മേശപ്പുറത്ത് എന്നും കണികാണാറുള്ള ബെഡ് കോഫി ഇല്ലെന്ന് മനസിലായത്.. തലേന്ന് രാത്രി നടന്ന കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു… പെട്ടെന്ന് വാതിൽ തുറന്ന് അടുക്കളയിലേക്കോടി…
ചിതറിക്കിടക്കുന്ന വറ്റുകൾക്കിടയിൽ ര ക്തം വാ ർന്ന് തണുത്ത് മരവിച്ച് മ രി ച്ചുകിടക്കുന്ന രേണുവിനെകണ്ട് വാവിട്ട് കരഞ്ഞു… കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികളോട് പറഞ്ഞു
“ഞാനാണ്.. ഞാനാണെന്റെ രേണുവിനെ കൊ ന്നത്..”
ആരോ പോലീസിൽ വിവരമറിച്ച് പോലീസെത്തി വെള്ളതുണിപുതപ്പിച്ച് രേണുവിനെ എടുത്തുകൊണ്ട് പോകുന്നത് പോലീസ്ജീപ്പിന്റെ പിറകിലിരുന്ന് നിറമിഴികളോടെ കണ്ടു
റിമാന്റ് ചെയ്ത് ജയിലിലേക്ക് കയറിയ മൂന്നാം നാൾ മോഹനേട്ടൻ വക്കാലത്തൊപ്പിടീക്കാനായി വന്നപ്പോൾ ചോദിച്ചു
“നന്ദാ… എന്താണുണ്ടായത്.. സത്യം പറയ്.. പുറത്തിറങ്ങാനെന്തെങ്കിലുമൊരു വഴി കാണാതിരിക്കില്ല…”
“എല്ലാം മോഹനേട്ടനോട് തുറന്ന് പറഞ്ഞു… അതോടൊപ്പം തന്നെ പറഞ്ഞു എന്നെ പറത്തിറക്കരുത് മോഹനേട്ടാ…രേണുവില്ലാതെ എനിക്ക് പുറത്തിറങ്ങിയാൽ ജീവിക്കാനാവില്ല… എന്ത് ശിക്ഷ വേണമെങ്കിലും ഞാനേറ്റു വാങ്ങിക്കോളാം… ”
മോഹനേട്ടൻ പറഞ്ഞു
” നന്ദാ.. എനിക്ക് പറ്റിയ തെറ്റ് നിനക്ക് പറ്റരുതെന്നുണ്ടായിരുന്നു.. അന്ന് അതോണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞത്.. പക്ഷേ നിനക്ക് പറ്റിയ തെറ്റ് തിരുത്താനാവാത്തതാണ്.. ”
നീ കരുതിയ പോലെയല്ല കാര്യങ്ങൾ
“മായാവി.. എന്ന നമ്പറിൽ നിന്ന് വന്ന മെസേജ് കണ്ട് നിനക്ക് രേണുവിനെ സംശയിക്കേണ്ട കാര്യമില്ലായിരുന്നു.. ഇനി അഥവാ അങ്ങനെ സംശയം തോന്നിയാൽ പിറ്റേന്ന് രാവിലെ നയത്തിൽ ചോദിച്ച് മനസ്സിലാക്കാമായിരുന്നു…
അതിനൊന്നും നിൽക്കാതെ നീ ചെയ്തത് വലിയ അപരാധമായി പോയി…”
“നിന്നെ കാണാൻ എന്റെ കൂടെ രണ്ടാൾ വന്നിട്ടുണ്ട് അവരെ വിളിക്കാം അപ്പോൾ നിനക്ക് മനസിലാകും നീ ചെയ്ത തെറ്റ് എത്ര വലുതാണെന്നത്…”
മോഹനേട്ടൻ പുറത്ത് പോയി അവരെ കൂട്ടി കൊണ്ടുവന്നു.. വീൽചെയറിൽ ഒരുവശം തളർന്നിരിക്കുന്ന അറുപത് വയസിനോടടുത്ത് പ്രായമുള്ള ഒരൂ സ്ത്രിയെ തളളികൊണ്ട് വായിൽ പല്ലില്ലാത്ത വാർദ്ധക്യം കാർന്നു തിന്ന ഒരു വൃദ്ധൻ കമ്പിയഴിക്കപ്പുറത്ത് വന്ന് നിന്നുകൊണ്ട് പറഞ്ഞു
“എന്നാലും നീയിത്ര മനസാക്ഷി ഇല്ലാത്തവനായി പോയല്ലോടാ… ഇത് നോക്ക് ഞങ്ങൾ വിവാഹം കഴിച്ചിട്ട് നാല്പത്തഞ്ച് കൊല്ലമാകുന്നു ഇവൾ വീൽചെയറിലായിട്ട് ഏതാണ്ട് പതിനഞ്ച് കൊല്ലമാകുന്നു… ഇന്നും ഞങ്ങൾ ഒരുമിച്ച് തന്നെയാണ്..ഞങ്ങളിലൊരാൾ ഇല്ലാതായാൽ പിന്നെ ഞങ്ങളില്ല….
നിനക്കറിയാത്ത പല കാര്യവുമുണ്ടായിരുന്നു രേണുമോൾക്ക്… നിന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് അവൾക്ക് ചാരിറ്റി പ്രവർത്തനമുണ്ടായിരുന്നു പാവങ്ങളുടെ കണ്ണീരൊപ്പാനായിരുന്നു അവൾക്ക് മോഹം…
ഒരിക്കലൊരു ക്യാംപിൽ വെച്ചാണവളെ ഞങ്ങളാദ്യമായി കാണുന്നത് പിന്നെ അവളുടെ പെരുമാറ്റവും കരുതലും അടുത്തറിഞ്ഞപ്പോൾ കുട്ടികളില്ലാത്ത ഞങ്ങൾക്ക് അവൾ ഞങ്ങൾക്ക് പിറക്കാതെ പോയ മോളെപോലെ ആയി മാറി …
വിവാഹശേഷം നീയവളെ ഇങ്ങോട്ട് കൊണ്ടുവന്നതിൽ പിന്നെ അവൾ വീട്ടിൽ തനിച്ചാവുമ്പോഴൊക്കെ ഞങ്ങളെ വിളിക്കാറുണ്ടായിരുന്നു..
ചില ദിവസങ്ങളിൽ ഇവളെ കാണാനായി വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു… പാതി തളർന്നു കിടക്കുന്ന ഇവൾ അവൾക്ക് അമ്മയെ പോലെ ആയിരുന്നു…
വിഷമം വന്നാലും സന്തോഷം വന്നാലും അവൾ ഞങ്ങളോടത് പങ്കുവെക്കാറുണ്ടായിരുന്നു.. കുട്ടികളില്ലാത്തതിനാൽ കുട്ടികളെ വലിയ ഇഷ്ടമായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും…
കുട്ടികളുടെ ഇഷ്ടചങ്ങാതിയായ മായാവി എന്ന പേര് രേണു തന്നെയാണ് എനിക്കിട്ടത് അതിന് കാരണവുമുണ്ട്… സ്ഥിരമായി ഞാനും ഇവളും ചിത്രകഥകൾ വായിക്കുമായിരുന്നു.. ഒരിക്കലവൾ ചോദിച്ചു..
“ഈ ബാ ല രമയിലെ ഏത് കഥാപാത്രമാണ് രണ്ടാൾക്കുമിഷ്ടം..”
ഒരേ സ്വരത്തിൽ ഞങ്ങൾ പറഞ്ഞു
“മാ യാവി..”
അന്നുമുതൽ രേണുമോളുടെ മായാവിയാണ് ഞാൻ… ഇവൾ ഡാ കിനി അമ്മൂമ്മയും…
“മോളെ എന്നല്ലാതെ അവളെ ഞങ്ങൾ വിളിച്ചിട്ടില്ല… ഞങ്ങൾക്ക് പിറക്കാതെ പോയ മോളായിരുന്നു അവൾ… എന്നിട്ടും നീയതിനെ കൊന്നുകളഞ്ഞില്ലേടാ… ”
” നിനക്കവൾ വെറുമൊരു മാം സ ക ഷ്ണം മാത്രമായിരുന്നു… ഞങ്ങൾക്ക് അവൾ ഞങ്ങളുടെ ജീവൻ തന്നെയായിരുന്നു… ഇത്ര കാലം ഒരുമിച്ച് കഴിഞ്ഞിട്ടും നിനക്കവളെ മനസിലാക്കാനാവാതെ പോയല്ലോ.. ”
അത് പറയുമ്പോൾ ആ വൃദ്ധന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.. വീൽ ചെയറിലിരിക്കുന്ന വൃദ്ധയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…
കമ്പികളിൽ പിടിച്ച വിരലുകൾ അഴയുകയും ചുറ്റിലും ഇരുട്ട് പരക്കുകയും ചെയ്തു… കണ്ണുതുറക്കുമ്പോൾ നാലുപാടും പോലീസുകാരായിരുന്നു…
ഓർമ്മകളിൽ നിന്നകന്ന് ഇടക്കൊന്ന് തിരിഞ്ഞുകിടന്നപ്പോൾ ചപ്പാത്തിക്ക് മാവ് കുഴക്കാനുള്ള ബെൽ മുഴങ്ങി സെല്ലുകൾക്ക് മുന്നിൽ വന്ന് കമ്പികളിൽ തട്ടി സെല്ലിലുള്ളവരെ ഉണർത്താൻ പോലീസുകാർ കൂട്ടമായി വരുന്നതിന്റെ ശബ്ദം കേട്ടു..
ഇനിയൊരിക്കലും കാത്തു നിന്നാൽ കാണാൻ കഴിയാത്ത ഇന്നലെകളിൽ
നഷ്ടപെട്ട സ്നേഹത്തിന്റെ ഫോസിലുകളായി മുറിഞ്ഞു തുടങ്ങിയ ചില ഓർമ്മകൾ മാത്രമാണോ ഈ നിറം മങ്ങിയ ചുവരിലെ നേർത്ത രേഖകൾ…
അതെ ആ രേഖകളിലെല്ലാം രേണുവുണ്ട്… അവൾക്കെന്നോടുള്ള സ്നേഹമുണ്ട് ഞാൻ തിരിച്ചറിയാതിരുന്ന സ്നേഹം..