“എന്തിനാടാ ഈ കൊലച്ചിരി? ഇത്രയൊക്കെ ആയിട്ടും അടങ്ങിയില്ലേ നിന്റെയീ കൊ ലവിളി….. ഒന്നോർത്തോ നീ ഒന്ന് വീണുപോയപ്പോൾ ആരുമുണ്ടായില്ല നിനക്ക്.

ഹോം നേഴ്സ്
(രചന: അഭിരാമി അഭി)

“മധുമതി പോയല്ലേ…. ”

“പോയതല്ല ഞാൻ പറഞ്ഞുവിട്ടതാ… ഇത്രയും ദിവസമിവിടെ നിന്നപ്പോൾ അവൾക്കെന്തോ ഒരധികാരഭാവം വന്നത് പോലെ.

എന്നേ കേറിയങ്ങ് ഭരിച്ചുകളയാമെന്ന് അവൾ കരുതി. അതിന് നിന്നുകൊടുക്കാൻ ഈ ജീവൻ വീണ്ടുമൊരിക്കൽ കൂടി ജനിക്കണം…. ”

കസേരയിലൊന്നുകൂടി നിവർന്നിരുന്ന് എരിഞ്ഞുതീരാറായ സി ഗ രറ്റൊന്നുകൂടി ആഞ്ഞുവലിച്ച് പുകച്ചുരുളുകൾ വായുവിലേക്ക് ഊതിവിട്ടുകൊണ്ട് ഒരുതരം ഹുങ്കോടെ ജീവൻ പറഞ്ഞു.

“നിനക്കെന്താ ജീവാ പറ്റിയത്? അതിനെയെന്തിനാ പറഞ്ഞുവിട്ടത്? ഇവിടെ ഈ വീടിന്റെ ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കോളുമായിരുന്നില്ലേ നിനക്കൊരു തുണയായി?. ”

ഫ്രഡിയത് ചോദിക്കുമ്പോൾ പൊട്ടിച്ചിരിച്ചുപോയിരുന്നു ജീവൻ. അവന്റെയാ ചിരി കണ്ട് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു ഫ്രഡിക്ക്.

“എന്തിനാടാ ഈ കൊലച്ചിരി? ഇത്രയൊക്കെ ആയിട്ടും അടങ്ങിയില്ലേ നിന്റെയീ കൊ ലവിളി….. ഒന്നോർത്തോ നീ ഒന്ന് വീണുപോയപ്പോൾ ആരുമുണ്ടായില്ല നിനക്ക്.

ആ പെണ്ണേയുണ്ടായിരുന്നുള്ളൂ ഒരു താങ്ങാവാൻ . കിടന്നകിടപ്പിൽ നിന്റെ മ ലവും മൂ ത്രവും വരെ എടുക്കാൻ ഒരു മടിയും കാണിച്ചിട്ടില്ലവൾ….. ”

പറയുമ്പോൾ ഫ്രെഡിയുടെ സ്വരത്തിൽ നന്നേ നീരസം നിറഞ്ഞിരുന്നു. മുഖം വലിഞ്ഞുമുറുകിയിരുന്നു.

“നിർത്തെടാ കോപ്പേ….. ശരിയാ നീയീ പറഞ്ഞതൊക്കെ…. എന്റെയെല്ലാക്കാര്യങ്ങളുമവൾ ചെയ്തിട്ടുണ്ട്. പക്ഷേ അത് നീയീപറയുന്നത് പോലെ വെറുതെ ഓശാരത്തിനല്ല.

നല്ല പച്ചനോട്ടെണ്ണിക്കൊടുത്തിട്ട് തന്നെയാ…..അതുകൊണ്ട് അവളുടെ കൊണവതികാരമൊരുപാട് എന്റെ മുന്നിലോട്ടെഴുന്നള്ളിക്കണ്ട. ”

” ആയിക്കോട്ടെ നിന്നെയുപദേശിക്കാനൊന്നും ഞാനാളല്ല….. ഞാനിറങ്ങുവാ. മെറിനെ ഇന്നാ ചെക്കപ്പിന് കൊണ്ടുപോകണ്ടത്. ”

പറഞ്ഞിട്ടൊരു മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവൻ പുറത്തേക്ക് പോകുന്നത് നോക്കി ജീവനവിടെത്തന്നെ ഇരുന്നു.

ഫ്രെഡി കൂടിപ്പോയപ്പോൾ വല്ലാത്തൊരൊറ്റപ്പെടൽ തന്നേവന്ന് മൂടുന്നതവനറിയുന്നുണ്ടായിരുന്നു.

കുറച്ചുസമയം കൂടിയങ്ങനെ ഇരുന്നപ്പോൾ തലക്ക് ഭ്രാന്തെടുക്കുന്നത് പോലെ തോന്നിയ അവൻ വേഗത്തിൽ അകത്തേക്ക് കയറിപ്പോയി.

മേശപ്പുറത്ത് നേരത്തെയെടുത്തുവച്ച മ ദ്യ മതേപോലെ ഇരിക്കുന്നത് കണ്ട് അവൻ വേഗം ചെന്നത് കയ്യിലെടുത്തു.

” ഓഹ് ഈ മരുന്ന് വീണ്ടും തുടങ്ങാനായിരുന്നോ ഡോക്ടറ് പറഞ്ഞ മരുന്നൊക്കെ സ്വയമങ്ങ് നിർത്തിയത് ??? ”

” ആണെങ്കിൽ ???? ”

” എനിക്കൊന്നുല്ല…. പക്ഷേ ഒരപേക്ഷയുണ്ട് മുറിവിപ്പോഴും തീർത്തങ്ങുണങ്ങിയിട്ടില്ല. അപ്പോഴേക്കും ഈ കള്ളെല്ലാംകൂടി വലിച്ചുകേറ്റരുത്. ”

കിടക്കവിരി നിവർത്തി വിരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിലായിരുന്നു അവളത് പറഞ്ഞത്.

” അതേ….. കൂടുതൽ ഭരണമൊന്നും വേണ്ട…..ഞാനാഗ്രഹിക്കുന്നത് പോലെ എന്റെ കാര്യങ്ങൾ നടക്കാൻ ചൊളയെണ്ണിത്തന്ന് നിർത്തിയേക്കുന്ന വെറുമൊരു ഹോം നേഴ്സാ നീ. അതോർമവച്ചിട്ട് മതി ഈ ഭരണമൊക്കെ…. ”

അവന്റെ മറുപടി മറിച്ചാവില്ലെന്നറിയാമായിരുന്നത് കൊണ്ടാവാം ഏതൊക്കെയോ അർഥതലങ്ങളുള്ള വെറുമൊരു ചിരിയോടെ അവൾ തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു.

” ആഹ് പിന്നെ….. ”

ഗ്ലാസിലേക്ക് പകർന്ന മ ദ്യവുമെടുത്ത് പുറത്തേക്ക് പോകാനൊരുങ്ങിയിട്ട് പെട്ടന്ന് തിരിഞ്ഞുനിന്നിട്ട് അവൻ വിളിച്ചു. ചോദ്യഭാവത്തിൽ അവളുമവനെ നോക്കി.

” ഇപ്പൊ എനിക്ക് കുഴപ്പമൊന്നുമില്ല…. അതുകൊണ്ടിനിയിവിടൊരു ഹോം നേഴ്സിന്റെ ആവശ്യവുമില്ല. നീ നാളെത്തന്നെ തിരിച്ചുപൊക്കോ….. ”

ആ വാക്കുകൾ കേട്ടതും എന്തോ പ്രതീക്ഷിക്കാത്തത് കേട്ടത് പോലെ ഒരു ഭാവമായിരുന്നു അവളിൽ. കയ്യിലിരുന്ന കിടക്കവിരി അറിയാതെ ഊർന്ന് നിലത്തേക്ക് വീണു.

അത് തിരികെയെടുക്കുകയോ മറുത്തൊന്നും പറയുകയോ ചെയ്യാതെ കാറ്റുപോലെ പുറത്തേക്ക് പോയവളെ അമ്പരപ്പോടെയാണ് ജീവൻ നോക്കി നിന്നത്. അവളുടെ പ്രവർത്തിയുടെ ഫലമോ എന്തോ എടുത്ത മ ദ്യം കുടിക്കാൻ തോന്നിയില്ല. മേശയിലേക്ക് തന്നെ വച്ചിട്ടവനും പുറത്തേക്ക് .

ഇറങ്ങിച്ചെന്നു. അപ്പോഴേക്കും മധുമതി പോകാൻ ഒരുങ്ങിവന്നിരുന്നു. ഉടുത്തിരുന്ന അതേ സാരി തന്നെയായിരുന്നു വേഷം. കയ്യിൽ അന്നീ വീട്ടിലേക്ക് കയറി വരുമ്പോൾ ഉണ്ടായിരുന്ന അതേ മുഷിഞ്ഞ തുണിസഞ്ചി മാത്രമുണ്ടായിരുന്നു.

” ദാ ഇതുകൂടി വച്ചോ… ”

മടിയിൽ നിന്നെടുത്ത കുറച്ചുനോട്ടുകൾ അവൾക്ക് നേരെ നീട്ടുമ്പോൾ ഒരു പുച്ഛമായിരുന്നുവൊ ആ മുഖത്ത്. ആവോ അല്ലെങ്കിലും വെറുമൊരു ഹോം നേഴ്സ് ആയ അവളെയെന്തിന് അത്ര കൃത്യമായി ശ്രദ്ധിക്കണം…..

” വേണ്ട…. ഇന്നലെ വരെയുള്ള എന്റെ ശമ്പളം കൃത്യമായി എനിക്ക് കിട്ടിയിട്ടുണ്ട്. ഇന്നുവരെ ആരിൽ നിന്നും വെറുതെയൊന്നും പറ്റിയിട്ടില്ല ഇനിയുമത് വേണ്ട. ”

പറഞ്ഞിട്ട് കൂസലില്ലാതെ ഇറങ്ങിനടന്ന ആ പെണ്ണിനെയവനൊരുനിമിഷം വെറുതെ നോക്കി നിന്നു. അവളകന്ന് പോകും തോറും പ്രീയപ്പെട്ടതെന്തോ അകന്നുപോകുന്ന പോലൊരു വെപ്രാളം തന്നിൽ ചിരകടിച്ചുയരുന്നതവനറിഞ്ഞു.

മണിക്കൂറുകൾക്ക് മുൻപ് നടന്നതൊക്കെയും ഒന്നുകൂടി ഓർത്തെടുത്തതും എന്തോ അത് കുടിക്കാൻ തോന്നിയില്ല.

നേരെ കൊണ്ട് വാഷ് ബേസിനിലേക്ക് കമിഴ്ത്തി. തിരികെ കിടക്കയിലേക്ക് വന്ന് ചായുമ്പോൾ ഉള്ള് നിറയെ അവളായിരുന്നു മധുമതി.

നാട്ടിലെ തന്നെ അറിയപ്പെടുന്ന പ്രൈവറ്റ് ബാങ്കിലെ ജീവനക്കാരനെന്നായിരുന്നു വയ്പ്പെങ്കിലും പലിശ കൃത്യമായി അടയ്ക്കാത്തവരെയും പണമെടുത്തിട്ട്

മുങ്ങി നടക്കുന്നവരെയും നടുറോഡിലും തടഞ്ഞുനിർത്തി കുത്തിന് പിടിക്കാനും അടിച്ചുപല്ലുകൊഴിക്കാനും മടിക്കാത്ത ഒരു റൗഡിയുടെ വേഷത്തിലായിരുന്നു പലപ്പോഴും ഞാനയാളെ കണ്ടിരുന്നത്.

പ്രായവും സ്ഥാനവുമൊന്നും നോക്കാതെ ആരുടെ മുന്നിലുമൊരു ചെകുത്താന്റെ രൂപമായിരുന്നത് കൊണ്ടുതന്നെ അയാളെ കാണേണ്ടി വരുന്ന സന്ദർഭങ്ങളിലൊക്കെയും എന്റെ മുഖം വികൃതമായിപ്പോവുക പതിവായിരുന്നു.

അങ്ങനെയിരിക്കേ ജോലിക്കെത്താൻ താമസിച്ചുപോയ ഒരു ദിവസം കയ്യിലാകെയുണ്ടായിരുന്ന മുപ്പതുരൂപയുടെ ബലത്തിൽ കൈ കാണിച്ച് കയറിയ ഓട്ടോ അല്പം മുന്നോട്ട് നീങ്ങിയതും പിടിച്ചുകെട്ടിയത് പോലെ ബ്രേക്കിട്ടത് പെട്ടന്നായിരുന്നു.

” ഇതെന്താ ചേട്ടാ ഈ കാണിക്കുന്നത് ഇപ്പൊ ആളെക്കൊന്നേനേല്ലോ ??? ”

മുന്നോട്ടാഞ്ഞ് മുന്നിലെ കമ്പിയിലിടിച്ച നെറ്റിയമർത്തി തടവിക്കൊണ്ട്‌ ചോദിക്കുമ്പോഴായിരുന്നു ഓട്ടോയുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ടിരുന്ന അയാളെ കണ്ടത്.

ആ മുഖം കണ്ടതും എന്നിൽ ദേഷ്യമിരച്ചുകയറുകയാണ് ചെയ്തതെങ്കിൽ ആ ഓട്ടോക്കാരനിൽ കണ്ടത് മറ്റെന്തൊക്കെയോ ഭാവങ്ങളായിരുന്നു.

” ജീവാ….. ഞാൻ…. ഞാനങ്ങോട്ട് വരാനിരിക്കുവായിരുന്നു. ഉദ്ദേശിച്ച സമയത്ത് കാശൊത്തില്ല. അതാ ഞാൻ”

” ഓഹ് അതൊന്നും സാരമില്ല മനോജേ…. ഇനിയിപ്പോ ഞാനിങ്ങ് വന്നില്ലേ ഇനി നീ ബുദ്ധിമുട്ടണ്ടാ.

ഇങ്ങോട്ടൊന്നിറങ്ങിത്തന്നാൽ ഈ ഓട്ടോയുമെടുത്ത് ഞാനങ്ങ് പൊക്കോളാം. പിന്നെ ബാങ്കിൽ കെട്ടാനുള്ള പൈസ കെട്ടിയിട്ട് എപ്പോഴാണെന്ന് വച്ചാൽ നിന്റെ സൗകര്യം പോലെ വന്നോട്ടോയെടുത്തോണ്ട് പൊക്കോ….. ”

” ജീവാ….. ജീവാ വേണ്ട….. പനി പിടിച്ചുകിടന്നിട്ടിന്നാ ഓടിത്തുടങ്ങിയത്. ഇനിയിന്നൂടെ ഓടിയില്ലെങ്കിൽ വീട് പട്ടിണിയാ….. ഉപദ്രവിക്കരുത് ജീവാ ഒരാഴ്ചക്കുള്ളിൽ എങ്ങനെങ്കിലും ഞാൻ പലിശ കൊണ്ടുവന്നടച്ചോളാം. ”

” നിന്ന് വാചകമടിക്കാതെ ഇങ്ങോട്ട് മാറെടാ…. ”

കൈകൂപ്പി നിന്നപേക്ഷിച്ച ആ മനുഷ്യനെ ഒരു കൈ കൊണ്ട് തൂക്കി റോഡിലേക്ക് വലിച്ചെറിയുന്നത് കൂടി കണ്ടപ്പോഴേക്കും എന്നിലെ ക്ഷമ പൂർണമായും നശിച്ചിരുന്നു.

” ഡോ….. തനിക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാവില്ലെ ??? എന്തിനാ ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? ”

വണ്ടിയിൽ നിന്നിറങ്ങി ഉറഞ്ഞുതുള്ളുന്നവളിലേക്ക് ഒരു കൗതുകത്തോടെയാണവൻ നോക്കിയത്. അതുവരെ കാണാത്തൊരു ഭാവമാ കണ്ണുകളിൽ നിറഞ്ഞത് കലിപൂണ്ടുനിന്നിരുന്നവൾ പോലുമറിഞ്ഞില്ല.

“ഒത്തിരി നിന്നങ്ങ് തിളക്കാതെഡീ പെണ്ണേ….. നിനക്കത്ര നോവുന്നെങ്കിൽ നീയൊരു കാര്യം ചെയ്യ് എന്റെ കൂടിങ്ങ് വാ…… ഈ ദിവസം നീയെന്നേയൊന്ന് രസിപ്പിച്ചാൽ ഞാനെന്റെ കയ്യിലെ കാശെടുത്ത് ഇവന്റെകടം തീർക്കാം…. എന്താഡീ പറ്റുമോ നിനക്ക്?”

വിറയാർന്ന കീഴ്ചുണ്ടിനെ വിരലുകൾക്കിടയിലിട്ടമർത്തിത്തിരുമ്മി ചോദിച്ചവന്റെ മുഖത്തേക്കാഞ്ഞടിക്കാൻ രണ്ടാമതൊന്നുകൂടി ആലോചിക്കാനുണ്ടായിരുന്നില്ല.

കാരണം ഈ നടുറോഡിൽ കൂടി നിൽക്കുന്നവരുടെ ഇടയിലിട്ട് അയാൾ വില പറഞ്ഞതെന്റെ മാനത്തിനായിരുന്നു.

ഒരുനിമിഷമവിടമാകെ ഒരു നിശബ്ദതതയിലമർന്നു. പക്ഷേ പ്രതീക്ഷകൾക്ക് വിപരീതമായി ഈ പെണ്ണിന്റെ നിറഞ്ഞ മിഴികളിലേക്കൊന്നുറ്റുനോക്കി നിന്നിട്ട് ഒരക്ഷരം മിണ്ടാതെ അവൻ തിരിഞ്ഞുനടക്കുകയാണ് ചെയ്തത്.

ദിവസങ്ങൾ കൊഴിഞ്ഞു തീരുന്നതിനിടയിലെപ്പോഴോ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഒരപകടം പറ്റി ഒരേ കിടപ്പ് കിടക്കുന്ന

ഒരാളെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞുവന്ന ആളിനൊപ്പം പുറപ്പെടുമ്പോൾ ഒരിക്കൽ പോലും കരുതിയിരുന്നില്ല പരിചരിക്കാമെന്നേറ്റ രോഗി ജീവനായിരിക്കുമെന്ന്.

ആരുമില്ലാതെ ഒറ്റയ്ക്കൊരു വീട്ടിൽ പരസഹായമില്ലാതൊന്നനങ്ങാൻ പോലും കഴിവില്ലാതെ കിടക്കുന്ന ആ ശരീരത്തെ പരിചരിക്കുന്നതിനിടയിലെപ്പോഴോ

അറിഞ്ഞു ഫൈനാൻസിന് വേണ്ടി ചെയ്ത ഏതോ കർമഫലമാണ് മദ്യപിച്ച് ലക്ക്കെട്ട ഒരു രാത്രി ഇരുട്ടടിയുടെ രൂപത്തിൽ ആളെ ഈ അവസ്ഥയിലെത്തിച്ചതെന്ന്.

കുറച്ചു പണം കൊടുത്ത് ഫിനാൻസ് ഉടമകളും കടമയൊഴിഞ്ഞിരുന്നു. അല്ലെങ്കിലും അവർ പറയുമ്പോൾ പറയുന്നവരുടെയൊക്കെ തല വെട്ടാൻ പോലും മടിയ്ക്കാത്ത ജീവനിൽ നിന്നും വെറുമൊരു ജീവച്ഛവമായ ജീവനെ അവർക്കുമാവശ്യാമില്ലല്ലോ…..

പക്ഷേ ഞാൻ തിരിച്ചറിഞ്ഞിരുന്നു താൻ കണ്ട തെമ്മാടിടിയുടെ ഉള്ളിൽ അവനൊളിച്ചുവച്ച മറ്റൊരു ജീവനുണ്ടെന്ന്….. ജീവിതയാഥാർഥ്യങ്ങൾ മുറിപ്പെടുത്തിയ…..

ഒറ്റപ്പെടലിൽ തളർന്നുപോയ.. ഒരു പാവം ജീവൻ. ഓർമ്മകളിൽ നിന്നോടിയൊളിക്കാൻ അവൻ സ്വയമെടുത്തണിഞ്ഞതാണ് ഈ ആരെയും വകവെക്കാത്ത തെമ്മാടിയുടെ മുഖംമൂടിയെന്ന്.

അതിലുപരി ആ മുഖംമൂടി വലിച്ചുകീറി അതിനുള്ളിലൊളിച്ച ആ ഹൃദയത്തിനിണയാവാൻ എപ്പോഴൊക്കെയോ ഈ അനാഥപ്പെണ്ണും മോഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നും.

“ആഹാ സാറിന്ന് പച്ചക്കാണല്ലോ എന്തുപറ്റി? ”

വൈകുന്നേരം വരുമ്പോഴും അല്പം പോലും മ ദ്യ പിക്കാതെ ഏതോ ബുക്കും കയ്യിൽ പിടിച്ചിരിക്കുകയായിരുന്ന ജീവനെ കണ്ട് ചിരിയോടെയാണ് ഫ്രഡി ചോദിച്ചത്.

” ആഹ്….. മെറിനെങ്ങനെയുണ്ട്? ഡോക്ടറെ കണ്ടോ? മധൂ ഒരു ചായ…..”

ഫ്രഡിയോട് വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ തന്നെ അകത്തേക്കൊന്നെത്തി നോക്കി അവൻ വിളിച്ചുപറഞ്ഞു.

പക്ഷേ പെട്ടന്ന് തന്നെ അവളില്ലായ്മയിൽ ആ മുഖം വിഷാദഛായയണിഞ്ഞു. അത് കണ്ട് അടുത്തിരുന്ന ഫ്രഡി അർഥഗർഭമായൊന്ന് ചിരിച്ചു.

” ഡു യൂ മിസ്സ്‌ ഹേർ ???? ”

” ഏയ്…. അങ്ങനെ…. അങ്ങനെയൊന്നുമില്ല. പിന്നെ കുറേ നാളായി ഇവിടെയുണ്ടായിരുന്നതല്ലേ.. പിന്നെ പോയതോർത്തില്ല….. ”

മുഖത്തെ പതർച്ച മറയ്ക്കാനെന്നവണ്ണം മുഖമമർത്തി തുടച്ചുകൊണ്ട് വാക്കുകൾ പെറുക്കിക്കൂട്ടി അവൻ പറഞ്ഞു.

” മുഖം തുടച്ച അത്ര എളുപ്പത്തിൽ നിന്റെ ഉള്ളം തുടച്ച് നീക്കാൻ കഴിയുമോ ജീവാ ??? ”

” നീ…. നീയിതെന്തൊക്കെയാ ഈ പറയുന്നത് ??? എന്റെ…. എന്റുള്ളിലെന്തുണ്ടെന്നാ ???? ”

” ഒന്നുല്ലേ ???? ”

” ഇല്ല….. ഒന്നുമില്ല…. ”

തന്റെ മിഴികളിലേക്ക് തന്നെ കൂർപ്പിച്ചുനോക്കിക്കൊണ്ടിരുന്നുള്ള ഫ്രഡിയുടെ ചോദ്യത്തിൽ ഉള്ളമൊന്ന് പിടഞ്ഞെങ്കിലും അതിനെ സമർത്ഥമായി മറച്ചുകൊണ്ട് ജീവൻ പറഞ്ഞു.

” എന്നോട് നീ കള്ളംപറഞ്ഞൊ ജീവാ….. പക്ഷേ എന്തിനാ ഇങ്ങനെ സ്വന്തം മനസാക്ഷിയെപ്പോലും കബളിപ്പിക്കുന്നത്? സത്യം പറ നീയവളെ സ്നേഹിക്കുന്നില്ലേ?

അതെപ്പോഴെങ്കിലും അവൾക്ക് മുന്നിൽ വെളിപ്പെട്ടുപോകുമോ എന്ന ഭയമല്ലേ ധൃതിയിൽ അവളെയിവിടുന്ന് പറഞ്ഞുവിടാൻ നിന്നെ പ്രേരിപ്പിച്ചത്.

അങ്ങനെയല്ല അവളെ നീ സ്നേഹിക്കുന്നില്ല എങ്കിൽ അവളിവിടുന്ന് പോയിട്ടൊരാഴ്ചയായിട്ടും നിന്റെ മനസ്സിൽ നിന്നവൾ പോകാത്തതെന്താ ??? ”

” ഫ്രഡി ഞാൻ….. എനിക്ക്…. അവൾ….. ”

ഫ്രെഡിയത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഇനിയവന് മുന്നിലൊന്നുമില്ല ഒളിക്കാനെന്ന തിരിച്ചറിവിൽ ജീവനൊരുനിമിഷം മൗനമായിരുന്നു. കയ്യിലിരുന്ന പുസ്തകം ഊർന്ന് നിലത്തേക്ക് വീണു. അവന്റെ ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.

” നീ പറഞ്ഞതൊക്കെ ശരിയാഡാ…. ഞാൻ….. ഞാനവളെ സ്നേഹിക്കുന്നു. ഈ ലോകത്തിന് മുന്നിൽ ഞാനണിഞ്ഞിരിക്കുന്ന മുഖംമൂടി ചീന്തിയെറിഞ്ഞ് ആ സ്നേഹമെപ്പോഴെങ്കിലും അവൾക്ക് മുന്നിൽ വെളിപ്പെട്ടുപോകുമെന്ന് ഞാൻ ഭയന്നു.

അതറിയുമ്പോൾ ഒരുപക്ഷേ ‘നോ ‘ എന്നാണവളുടെ മറുപടിയെങ്കിൽ അതെനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു. അത് മാത്രമല്ല അവളിലും ഞാൻ ഗാഥയെ കണ്ടിരുന്നു പലപ്പോഴും. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കുമെന്ന് നീ കേട്ടിട്ടില്ലേ?

അതാണ് ഇപ്പൊ എന്റവസ്ഥ. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിയില്ലാതെ കൂലിപ്പണി ചെയ്യുന്നു എന്നൊരൊറ്റകാരണം കൊണ്ട് മാത്രം മൂന്നുമാസത്തെ ദാമ്പത്യത്തിന്റെ ചരട് പൊട്ടിച്ചെറിഞ്ഞകന്നുപോയ ഗാഥ……

അവളെപ്പോലെ തന്നെയൊരു പെണ്ണല്ലേ ഇവളും….. ഗാഥ പറഞ്ഞത് പോലെ സ്വപ്നങ്ങൾ ഇവൾക്കുമുണ്ടാവാം. പിന്നെ അതിനെയൊക്കെ മറികടന്ന് സ്നേഹിക്കാൻ മാത്രം നല്ലതൊന്നും എന്നിലവൾ കണ്ടിട്ടില്ലല്ലോ…..

അവൾ കാണുന്ന കാലം തൊട്ട് കൊല്ലാനും ചാവാനും മടിയില്ലാത്ത വെറുമൊരു തെരുവുഗുണ്ടയല്ലേ ഈ ജീവൻ….. പക്ഷേ അവൾക്കറിയില്ലല്ലോ ഒരിക്കൽ കയ്യിൽ നിന്നും വീണുടഞ്ഞുപോയ ജീവിതത്തിന്റെ നീറുന്ന ഓർമ്മയിൽ വെന്തെരിയുന്ന ഒരു വിഡ്ഢിയാണീ ഞാനെന്ന്…. ”

” ജീവാ….. ”

ദൂരെയെവിടേക്കോ നോക്കി നിന്ന് പറഞ്ഞവന്റെ തോളിൽ പതിയെ തൊട്ടുകൊണ്ട് വിളിക്കുമ്പോൾ ഫ്രഡിയുടെ സ്വരത്തിലും നോവലിഞ്ഞിരുന്നു. അവൻ പക്ഷേ ചുവന്നകണ്ണുകളെങ്ങോട്ടൊക്കെയോ ചുഴറ്റി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

” ജീവാ….. നിന്നെ ഞാൻ കുറ്റം പറയില്ല. നിന്റെ ജീവിതമാണ് നിന്നെയിങ്ങനെയൊക്കെയാക്കിയത്.

പക്ഷേ നീയൊന്ന് മനസിലാക്കണം. എല്ലാപെണ്ണുമൊരുപോലെയല്ല. നീയൊരിക്കലും ഗാഥയുടെ തട്ടിൽ വച്ച് മധുമതിയെ തൂക്കിനോക്കരുത്. രണ്ടുപേരും പെണ്ണാണ് പക്ഷേ പെണ്ണിന്റെ രണ്ട് ഭാവങ്ങളാണിരുവരും. ”

അവൻ പറഞ്ഞതൊക്കെ കേട്ട് നിൽക്കുമ്പോൾ മറുത്തുപറയാനൊരു വാക്കുപോലുമുണ്ടായിരുന്നില്ല ജീവനിൽ.

കാരണം അഞ്ചുമാസമൊരു കൂരയ്ക്ക് കീഴിൽ ഒരുമിച്ച് ജീവിച്ചതിന്റെ ഓർമ്മകൾ മാത്രം മതിയായിരുന്നു അവന് തന്റെ ചിന്തകൾക്കുമപ്പുറമാണ് മധുമതിയെന്ന പെണ്ണെന്ന് തിരിച്ചറിയുവാൻ.

” ഒരിക്കൽ കൂടി ചോദിച്ചോട്ടെ…. നീയവളെ സ്നേഹിക്കുന്നില്ലേ ജീവാ ???”

കസേരയിലേക്കിരുന്നവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നുള്ള ഫ്രഡിയുടെ ചോദ്യത്തിന് മറുപടിയൊന്നും നൽകിയില്ലെങ്കിലും ഒരു നേർത്ത ചിരിയവന്റെ അധരങ്ങളെ പൊതിഞ്ഞിരുന്നു. അത് മാത്രം മതിയായിരുന്നു ഫ്രെഡിക്കുമവന്റെ ഉള്ളറിയാൻ.

” നീയിരിക്ക് ഞാനീ വേഷമൊന്ന് മാറ്റിയിട്ടുവരാം. നമുക്കൊന്ന് പുറത്തുപോകാം. ”

” എങ്ങോട്ടാ ??? ”

മനസ്സിലെ ഭാരമൊക്കെ തൂത്തെറിയാനെന്നപോലെ ഇരുന്നയിരുപ്പിൽ ശ്വാസമൊന്നാഞ്ഞുവലിച്ചെണീറ്റുകൊണ്ട് പറഞ്ഞ ജീവനെ നോക്കി അമ്പരപ്പോടെ ഫ്രഡി ചോദിച്ചു.

” എന്റെ ഹോം നേഴ്സിനെ സ്ഥിരമായിങ്ങ് കൊണ്ടുപോരാൻ….. എനിക്ക്…. എനിക്കവളെ വേണമെടാ….. ഇനിയവളില്ലാതെ വയ്യെനിക്ക്…. ”

മുഖത്തേക്ക് നോക്കാതെ അവനത് പറയുമ്പോൾ ഇരുവരുടേയും കണ്ണുകൾ നനഞ്ഞിരുന്നു.

” മധുമതിയോ ആ കുട്ടിയിവിടുന്ന് പോയല്ലോ. നിങ്ങളുടെ വീട്ടിൽ നിന്നും തിരികെ വന്ന് ഇനി ജോലിക്ക് വരില്ലെന്ന് പറഞ്ഞിട്ടാ പോയത്. ”

മധുമതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്റെ മുന്നിലിരിക്കുമ്പോൾ അയാളിൽ നിന്നും കേട്ടവാക്കുകൾ ജീവനെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു.

” ആളിന്റെ അഡ്രെസ്സൊന്ന് തരാൻ പറ്റുമോ? അത്യാവശ്യമായി ഒന്ന് കാണേണ്ട കാര്യമുണ്ടായിരുന്നു ”

ജീവന്റെ അവസ്ഥയവന്റെ ഇരുപ്പിൽ നിന്ന് തന്നെ മനസ്സിലാക്കിയ ഫ്രെഡി തന്നെ അയാളോട് പറഞ്ഞു.

” അങ്ങനെ കൃത്യമായ അഡ്രസൊന്നും തന്നിരുന്നില്ല ഇവിടെ. ഇവിടുത്തെ സാറിന്റെ ഒരു ഫ്രണ്ടുണ്ട് ഇവിടടുത്തൊരു കോളേജിൽ പഠിപ്പിക്കാൻ.

അങ്ങേരടെ സ്റ്റുഡന്റോമറ്റോ ആയിരുന്നു ആ കൊച്ചെന്നും പറഞ്ഞ് അങ്ങേരാ അതിനിവിടെ ജോലി ശരിയാക്കിയത്.

അതുകൊണ്ട് തന്നെ ഐഡി പ്രൂഫുകൾ പോലും വാങ്ങിയിട്ടില്ല. ഇടയ്ക്ക് സംസാരത്തിനിടയിലോമറ്റോ അരുവിക്കരയാണ് വീടെന്ന് പറഞ്ഞിരുന്നു.. അതിൽ കൂടുതലൊന്നുമറിയില്ല. ആ സാറിന് ചിലപ്പോൾ അറിയാമായിരിക്കും. ”

” ശരിയെന്നാൽ ഞങ്ങളിറങ്ങട്ടെ…. ”

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്ത്‌ ചെയ്യണമെന്ന് പോലുമറിയാത്ത വിധമൊരു ശൂന്യതയായിരുന്നു ജീവനിൽ.

” അവളെപ്പറ്റി കൂടുതലൊന്നും ഞാൻ പറയുന്നില്ല. അത് നിങ്ങളവളിൽ നിന്ന് തന്നെയറിഞ്ഞാൽ മതി. അഡ്രെസ്സ് ഞാൻ തരാം. ”

ഒരു തുണ്ടുപേപ്പറിൽ എന്തോ എഴുതിയവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞ ആ അധ്യാപകനൊരു പുഞ്ചിരിയാൽ നന്ദിയറിയിച്ചിട്ട് കാറിലേക്ക് കയറുമ്പോൾ നടുക്കടലിലൊരു കച്ചിത്തുരുമ്പ് കിട്ടിയവന്റെ ഭാവമായിരുന്നു ജീവനിൽ.

കയ്യിലുള്ള അഡ്രെസ്സ് തേടി ഏതൊക്കെയോ ഊടുവഴികളിലൂടെയൊക്കെ ചാഞ്ചാടി നീങ്ങുന്ന വണ്ടിയിൽ പരസ്പരമൊന്നും മിണ്ടാതെയിരിക്കുമ്പോഴും ചെന്നടുക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു അവരിരുവരുടേയും ഉള്ളിൽ.

” ഈ വഴിയിവിടെ തീരുകയാണല്ലോ ജീവാ…… അവളുടേതെന്ന് സംശയിക്കാവുന്ന തരത്തിലൊരു വീടുമിവിടെങ്ങുമില്ലല്ലോ….. ”

കടന്നുവന്ന ചെമ്മൺവഴി ചെന്നവസാനിക്കുന്നിടത്തെ പഴയ മാതൃകയിൽ പടിപ്പുരയൊക്കെയുള്ള ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടിയൊതുക്കിയിട്ടുകൊണ്ട് ഫ്രെഡി ചോദിക്കുമ്പോൾ ആ പരിസരമാകെ കണ്ണുകൾ കൊണ്ടുഴിയുകയായിരുന്നു ജീവൻ.

” അതേ ഈ രാമനാഥന്റെ വീട് എവിടെയാ ??? ”

ആ വീടിന്റെ പടിപ്പുരകടന്നുവന്ന അല്പം പ്രായമായ ഒരാളെക്കണ്ട് ഡോർ തുറന്നുപുറത്തേക്ക് ഇറങ്ങിക്കൊണ്ട്‌ ഫ്രെഡി ചോദിച്ചു.

” നിങ്ങളന്വേഷിച്ചുവന്ന രാമനാഥ അയ്യരുടെ വീടിന് മുന്നിൽ തന്നെയാ നിങ്ങളീ നിൽക്കുന്നത്. ”

പടിപ്പുരക്കലേക്ക് കൈ ചൂണ്ടിക്കൊണ്ട്‌ അയാൾ പറയുമ്പോൾ ജീവനും ഫ്രഡിയും ഒരുപോലെ ഞെട്ടിയിരുന്നു.

” ഏഹ് ഇതോ ??? അല്ല ചേട്ടന് തെറ്റിയിട്ടൊന്നുമില്ലല്ലോ…. അയാൾക്ക്….. അയാളുടെ മകളുടെ പേര് മധുമതിയെന്നാ….. ”

” ആഹ് അത് തന്നെ….. പക്ഷേ ആ കൊച്ച് രാമനാഥന്റെ മകളല്ല. അയാളുടെ ചേട്ടൻ രാമാനുജന്റെ മകളാണ്. അതിന്റെ അപ്പനുമമ്മയുമൊക്കെ മരിച്ചിട്ട് വർഷങ്ങളായി. അപകടത്തിൽ മരിച്ച രാമാനുജന്റെ ശവം കണ്ട് ചങ്ക് പൊട്ടിയാ അയാളുടെ ഭാര്യ ശ്രീദേവി മരിച്ചത്.

അങ്ങനെ ഒരേദിവസം തന്നെ അച്ഛനുമമ്മയും പോയി ആ കൊച്ചനാഥയായി. ചേട്ടന്റെ മോളെ നോക്കാനെന്നും പറഞ്ഞ് അന്ന് കയറിയതാ രാമനാഥനും കുടുംബവുമിവിടെ. അതിന്റെ പേരിലുള്ള ഇട്ടുമൂടാനുള്ള സ്വത്ത്‌ തന്നെയായിരുന്നു ലക്ഷ്യം.

ഒത്തിരി കഷ്ടപ്പെടുത്തിയിട്ടുണ്ടതിനെ. അതീനാട്ടുകാർക്കൊക്കെ അറിയുകയും ചെയ്യാം. പക്ഷേ ഒരു ബന്ധവുമില്ലാത്ത നമുക്കൊക്കെ എന്ത്‌ ചെയ്യാൻ കഴിയും. പിന്നെ രാമനാഥനെ എതിർക്കാനുള്ള കഴിവുള്ളവരും ഈ നാട്ടിൽ കുറവാ.

കുറച്ചുനാള് മുൻപ് ഏതോ ഒരു പൊട്ടന്റെ കൂടെ ആ കൊച്ചിന്റെ കല്യാണമുറപ്പിച്ചതിന്റെ പിറ്റേന്ന് ആരുമറിയാതെ ഈ നാട് വിട്ടുപോയതാ അത്. പക്ഷേ ഒരാഴ്ച മുൻപ് വീണ്ടുമെവിടുന്നോ പിടിച്ചോണ്ട് വന്നാ ഇപ്പൊ കല്യാണം നടത്താൻ പോണത്. പാവം അതിന്റെയൊരു വിധി….”

അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് പിന്നീടൊന്നും ചോദിക്കാതെ അയാൾ നടന്നുനീങ്ങുമ്പോൾ തരിച്ചുനിൽക്കുകയായിരുന്നു ജീവനും ഫ്രഡിയും. ഒരുനിമിഷത്തെ മരവിപ്പിന് ശേഷം മുണ്ട് മടക്കിക്കുത്തി ഉറച്ചചുവടുകളോടെ അകത്തേക്ക് നടക്കുമ്പോൾ എന്തൊക്കെയോ ദൃടനിശ്ചയമെടുത്തിരുന്നു ജീവൻ.

അവരകത്തേക്ക് ചെന്ന അതേസമയം തന്നെയായിരുന്നു വധൂവേഷത്തിലണിയിച്ചൊരുക്കിയ മധുമതിയേയും മുറ്റത്തൊരുക്കിയിരുന്ന പന്തലിലേക്ക് കൊണ്ടുവന്നത്.

അവളുടെ കരഞ്ഞുവീർത്ത കൺപോളകളും അടികൊണ്ട് തിണർത്ത കവിളുകളും പൊട്ടിയ അധരങ്ങളുമൊക്കെ കാൺകെ ജീവന്റെ ഉള്ള് പിടഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് വരെ തന്റെ ചുറ്റുമെപ്പോഴും പാറിനടന്നിരുന്ന ആ കിലുക്കാംപെട്ടി പെണ്ണിനെയോർക്കെ നെഞ്ച് വിങ്ങുന്നതവനറിഞ്ഞു. അപ്പോഴും അവിടെ നടക്കുന്നതൊന്നും അറിയാതെ ആരുടെയോ നിയന്ത്രണത്തിൽ ചലിക്കുന്ന ഒരു പാവപോലെ നിൽക്കുകയായിരുന്നു അവൾ.

” മധൂ……. ”

നാദസ്വര മേളത്തെപ്പോലും കവച്ചുവയ്ക്കുന്ന ഉച്ചത്തിൽ ജീവന്റെ വിളി മുഴങ്ങിയതും ആ സ്വരം തിരിച്ചറിഞ്ഞ് ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ അവൾ ഞെട്ടിയുണർന്നു.

അതുവരെ നീർവറ്റിയിരുന്ന ആ മിഴികൾ നിറഞ്ഞു. അധരങ്ങൾ വിറച്ചു. അരികിലേക്ക് നടന്നടുക്കുന്ന അവനിൽ മാത്രം തങ്ങി നിന്നിരുന്ന ആ മിഴികൾ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു.

” ആരാടാ നീ….. ”

” അത് ദേ ഇവൾക്കറിയാം….അല്ലാതെ ആരെയുമെനിക്കൊന്നും ബോധിപ്പിക്കാനുമില്ല…… ”

” ആയിക്കോട്ടെ….പക്ഷേ ഇങ്ങോട്ടുള്ള ഈ എഴുന്നള്ളത്തിന്റെ ഉദ്ദേശം നീയിവിടെ ബോധിപ്പിച്ചേ പറ്റൂ….. ”

ആരെയും കൂസാതെയുള്ള ജീവന്റെ മറുപടികേട്ട് ചുറ്റുപാടും നിന്നിരുന്ന തന്റെ ആളുകളെയൊന്ന് പാളിനോക്കി പുച്ഛത്തോടെ രാമനാഥൻ പറഞ്ഞു.

” എനിക്ക് വേണ്ടപ്പെട്ട ഒന്നുണ്ടിവിടെ അതെനിക്ക് വേണം. അതിന് വേണ്ടിമാത്രാ ഇത്രദൂരം ഞാൻ വന്നത്…..”

പറഞ്ഞുകൊണ്ട് അയാളെക്കടന്ന് അവൻ മധുമതിയുടെ അടുത്തേക്ക് ചെന്നു. അപ്പോഴും പെയ്തുകൊണ്ടിരുന്ന ആ മിഴികളിൽ തെളിഞ്ഞിരുന്ന രക്ഷിക്കണേയെന്ന ഭാവം തിരിച്ചറിഞ്ഞതും

അവിടെയുണ്ടായിരുന്നവരെയാകെയൊന്ന് നോക്കി തൊട്ടരികിലെ താലത്തിലൊരുക്കി വച്ചിരുന്ന മഞ്ഞച്ചരടിൽ കൊരുത്ത താലി കുനിഞ്ഞെടുത്തവനവളുടെ കഴുത്തിൽ കെട്ടി.

മറ്റുള്ളവരുടെയൊക്കെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകിയപ്പോൾ നടക്കുന്നത് സത്യമോ മിഥ്യയോ എന്ന് പോലുമറിയാതെ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ആ പെണ്ണ്.

” അനുവാദം ചോദിച്ചില്ല…… നിന്നെ….. നിന്നെ വിട്ടുകളയാൻ വയ്യ പെണ്ണേയെനിക്ക്…. ”

ആ മഞ്ഞച്ചരടിലെ മൂന്നാമത്തെ കെട്ടുംമുറുക്കി അവളിലേക്ക് തന്നെ നോക്കി പറയുമ്പോൾ ജീവന്റെ സ്വരവുമിടറിയിരുന്നു. ആ ഒരുവാക്ക് മതിയായിരുന്നു ആ പെണ്ണിനും.

ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ മാറിലേക്കവൾ വീഴുമ്പോൾ നഷ്ടപ്പെട്ടുവെന്ന് കരുതിയതെന്തോ തിരികെക്കിട്ടിയ സന്തോഷത്തോടെ അവനുമവളെ വരിഞ്ഞുമുറുക്കി.

” ഒരേ ദിവസം തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥത്വത്തിന്റെ ആഴംപോലും തിരിച്ചറിയാൻ കഴിയാതെ നിന്ന എന്റെ സംരക്ഷണമേറ്റെടുത്തുകൊണ്ടായിരുന്നുചെറിയച്ചനും കുടുംബവും താമസം വീട്ടിലേക്കാക്കിയത്.

ദിവസങ്ങൾ കടന്നുപോകെ ഞാൻ തിരിച്ചറിയുകയായിരുന്നു അനാഥത്വത്തിന്റെ നൊമ്പരം. പതിയെപ്പതിയ സ്വന്തം വീട്ടിൽ ഞാനാരുമല്ലാതെ ആയിമാറുന്നതും വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. വളരുംതോറും ഞാനവർക്കൊരു ഭാരമായി മാറിക്കൊണ്ടിരുന്നു.

അങ്ങനെയാണ് ചെറിയച്ഛന്റെ കൂട്ടുകാരന്റെ മകനായ ആ പൊട്ടനെന്നെ കെട്ടിച്ചുകൊടുക്കാൻ തീരുമാനമായത്. ആ ചടങ്ങ് വാക്കാലുറപ്പിച്ച ദിവസം രാത്രിയാണ് അവിടെനിന്നും രക്ഷപെട്ട് ഞാനിവിടേക്ക് വന്നത്.

പിറ്റേദിവസം തന്നെ കോളേജിൽ പഠിപ്പിച്ച സാറിന്റെ കെയറോഫിൽ അവിടെ ജോലിക്ക് പോകുമ്പോൾ ചെറിയഛന്റെ കണ്ണിൽ പെടാതെ സുരക്ഷിതമായൊരിടം മാത്രമായിരുന്നു ലക്ഷ്യം. അതിൽ പെട്ടൊരിടമായിരുന്നു ഈ വീടും…..

ആ ദിവസങ്ങൾ ഞാൻ വല്ലാത്തൊരു സുരക്ഷിതത്വമനുഭവിച്ചിരുന്നു. എപ്പോഴൊക്കെയോ ഈ നെഞ്ചോടുചേർന്നിങ്ങനെ പോകാൻ മോഹിച്ചിരുന്നു.

പക്ഷേ പെട്ടന്നൊരുദിവസം പോകാൻ പറഞ്ഞപ്പോൾ അവസാന ആശ്രയവും നഷ്ടമായ അവസ്ഥയിലെത്തിയിരുന്നു ഞാൻ. അതോടെ ഈ നാടും വിട്ട് പോകാനുറപ്പിച്ചാണ് ഇനി ജോലിക്ക് വരില്ലെന്ന് പറഞ്ഞ് അവിടെനിന്നുമിറങ്ങിയത്. പക്ഷേ ആ യാത്ര ചെന്നവസാനിച്ചത് ചെറിയച്ചന്റെ മുന്നിലായിരുന്നു. ”

മലർന്നുകിടക്കുകയായിരുന്ന ജീവന്റെ നെഞ്ചിൽ തല വച്ചുകിടന്നുകൊണ്ട് പറയുമ്പോഴും അവളുടെ മിഴികളിൽ നിന്നിറ്റുവീണിരുന്ന കണ്ണുനീരവന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ടിരുന്നു.

” അന്ന് ഞാൻ വന്നില്ലായിരുന്നെങ്കിൽ നീയെന്തുചെയ്തേനെ ???? ”

” ഞാനാ പകൽ താണ്ടില്ലായിരുന്നു….. ”

വല്ലതുറച്ച സ്വരത്തിൽ അവൾ പറയുമ്പോൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ജീവന്റെ കൈകൾ അവളെയൊന്ന് കൂടി തന്നിലേക്ക് ചേർത്തണച്ചു.

” നിന്നെയങ്ങനെ വിട്ടുകളയാൻ കഴിയുമോ പെണ്ണേയെനിക്ക്…… ”

ചോദിച്ചുകൊണ്ടാ നെറുകയിലെ ചുവപ്പുരാശിയിൽ ചുണ്ടമർത്തുമ്പോൾ മരണത്തിന്റെ മുനമ്പിൽ നിന്നും തിരികെക്കിട്ടിയ ജീവിതത്തിന്റെ തിളക്കമുണ്ടായിരുന്നു അവളുടെ മിഴികളിൽ.

(ഇനിയവൾ ജീവിക്കട്ടെ ഹോം നേഴ്സ് ആയല്ല….. ജീവന്റെ ജീവനായി. അവന്റെ മാത്രം മധുവായി)

Leave a Reply

Your email address will not be published. Required fields are marked *