“എനിക്ക് പറ്റില്ല അമ്മ….. ആ പട്ടിക്കാട്ടിൽ പോയി താമസിക്കാൻ…. റേഞ്ച് എന്ന് പറയുന്ന സാധനം ഉണ്ടോ അവിടെ….. സാധനങ്ങൾ വാങ്ങാനോ ഭക്ഷണം കഴിക്കാനോ

എന്നെന്നും
(രചന: Ammu Ammuzz)

“”ആരെന്തു പറഞ്ഞാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല….”” പറയുമ്പോൾ വല്ലാതെ ദേഷ്യം നിറഞ്ഞിരുന്നു സ്വരത്തിൽ….

“”വൈഗ…..” രേവതി അവളെ ശാസനയോടെ വിളിച്ചു…

“എനിക്ക് പറ്റില്ല അമ്മ….. ആ പട്ടിക്കാട്ടിൽ പോയി താമസിക്കാൻ…. റേഞ്ച് എന്ന് പറയുന്ന സാധനം ഉണ്ടോ അവിടെ…..

സാധനങ്ങൾ വാങ്ങാനോ ഭക്ഷണം കഴിക്കാനോ ഒരു നല്ല കട എങ്കിലും ഉണ്ടോ…. എനിക്ക് വയ്യ എന്റെ ജീവിതം അങ്ങനെ ഒരു സ്ഥലത്ത് കളയാൻ…. ”

അമ്മയുടെ ദേഷ്യം കലർന്ന മുഖം കണ്ടില്ല എന്ന് നടിച്ചു വൈഗ വീണ്ടും പറഞ്ഞു…

പതിയെ രേവതിയുടെ മുഖത്ത് നിരാശ നിഴലിക്കുന്നത് കണ്ടു… “”എന്റെ കണ്ണടയും മുൻപ് നിന്നെ ഒരു കൈയിൽ ഏൽപ്പിക്കാൻ അല്ലേ മോളെ….. നിന്റെ അച്ഛൻ പോകും മുൻപ് എന്നോട് അവസാനമായി പറഞ്ഞത് നിന്നെ അഭിക്ക് കൊടുക്കണമെന്ന…. “”

അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവൾക്കും എന്തോ വയ്യായ്ക തോന്നി….

പക്ഷേ സമ്മതം മൂളാൻ കഴിഞ്ഞില്ല…. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ജീവിതം തന്നെ ആയിരുന്നു അത്…..

കൂട്ടുകാരോടൊക്കെ ഒന്ന് ചാറ്റ് ചെയ്യാൻ പറ്റാതെ….. ഷോപ്പിങ്ങോ സിനിമയോ കാണാൻ പോകാൻ പറ്റാതെ എങ്ങനെയാണ് തനിക്ക് ജീവിക്കാൻ കഴിയുക…. കറന്റ്‌ പോലും ഉണ്ടോ ആവോ എല്ലാ ദിവസവും…

“അമ്മക്കിപ്പോ എന്താ വേണ്ടേ….. നാട്ടിലേക്ക് ഒന്ന് പോണം…. അത്രയല്ല ഉള്ളു… നമുക്ക് പോകാം… എല്ലാരുടെയും കൂടെ കുറച്ചു ദിവസം നിൽക്കാം…

പക്ഷേ ഈ വിവാഹത്തിന് അമ്മ എന്നേ നിർബന്ധിക്കരുത്… തീരെ പറ്റാഞ്ഞിട്ട അമ്മ….”

അവൾ അമ്മയുടെ മടിയിലേക്ക് തല വച്ചു കിടന്നു പതുക്കെ പറഞ്ഞു…

അവളുടെ തീരുമാനം ഉള്ളിൽ വിഷമം ഉണ്ടാക്കി എങ്കിലും എതിര് പറയാതെ രേവതി സമ്മതം മൂളി…. അവൾക്കിഷ്ടമല്ലാത്ത ഒരു ബന്ധത്തിന് അവളെ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല…

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നതിനെ പറ്റിയുള്ള ചിന്തകളിൽ തന്നെ ചുറ്റിത്തിരിയുകയായിരുന്നു മനസ്സ്….

ഓർമ്മകൾ അയാളിലേക്കെത്തി അഭിമന്യു ശേഖർ… അമ്മയുടെ ആങ്ങളയുടെ മകനാണ്…. വർഷത്തിൽ ഒരിക്കൽ അമ്മയുടെ തറവാട്ടിൽ പോകുമ്പോഴാണ് കാണുക….

താൻ കുഞ്ഞായിരുന്നപ്പോൾ വലിയ സ്നേഹമായിരുന്നു… ഇടക്കെപ്പോഴോ അറിയാതെ ഗൗരവം കലർന്നു നോട്ടത്തിലും ഭാവത്തിലും ഒക്കെ….

തന്നോട് അധികം ഒന്നും സംസാരിക്കാറില്ല… ഇപ്പോൾ നാലഞ്ചു വർഷം ആയിരിക്കുന്നു കണ്ടിട്ട്….. മെഡിസിൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു ചെന്നപ്പോൾ ഒക്കെ…

അവസാനമായി തറവാട്ടിൽ ചെന്നിട്ട് ഇപ്പോൾ രണ്ടു വർഷം ആയിരിക്കുന്നു…..

അച്ഛന്റെ കൂടെയാണ് പോയത്…..ആ ഓർമ്മകൾ മനസ്സിലേക്ക് വരുന്നത് കൊണ്ടാകാം ഓരോ തവണയും പോകാൻ മനസ്സ്കൊണ്ടു തയ്യാറെടുക്കുമ്പോളും ഒടുവിൽ പിൻവലിയുന്നത്…

ഓരോന്നോർത്തു കിടന്നു എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല…. രാവിലെ എഴുന്നേൽക്കുമ്പോൾ അമ്മ നല്ല ഉത്സാഹത്തോടെ ജോലി ഒക്കെ ഒതുക്കുന്നത് കണ്ടു… വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു…

വലിയ താല്പര്യം ഒന്നും ഇല്ലാതെ റെഡി ആയി…. അത്രയും ദൂരം വണ്ടി ഓടിക്കാൻ വയ്യാത്തത്കൊണ്ട് ടാക്സിയിൽ ആയിരുന്നു പോയത്….

കണ്ടുകൊണ്ടിരുന്ന സിനിമ ഇടക്ക് വച്ചു നിന്നപ്പോളാണ് സ്ഥലം എത്തി എന്ന് മനസ്സിലായത്…. ഒരു മെസ്സേജ് അയക്കാൻ പോലും ഉള്ള റേഞ്ച് ഇല്ല. ദേഷ്യത്തോടെ ഫോണെടുത്തു ബാഗിൽ വച്ചു…

അല്ലെങ്കിലും അതുകൊണ്ടിപ്പോൾ വലിയ കാര്യം ഒന്നും ഇല്ലല്ലോ….

ടാറിട്ട റോഡിൽ നിന്നും മാറി വണ്ടി ഇടവഴിയിൽ കൂടി സഞ്ചരിച്ചു തുടങ്ങിയിരുന്നു….. കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നപ്പോൾ രണ്ടു നിലയിൽ തല ഉയർത്തി നിൽക്കുന്ന തറവാട് കണ്ടു…. മാറ്റമൊന്നുമില്ല….

പുറത്തേക്ക് ഇറങ്ങിയപ്പോളെ അമ്മമ്മ ഓടി അടുത്ത് വന്നിരുന്നു…. അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ തോന്നി…. പലവട്ടം അമ്മ ഇങ്ങോട്ടേക്കു വരാൻ നിന്നപ്പോൾ തടഞ്ഞത് താനായിരുന്നു…

“”അഭി എവിടെ അമ്മേ….” മുത്തശ്ശിയേയും കെട്ടിപ്പിടിച്ചു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ആയിരുന്നു അമ്മയുടെ ചോദ്യം എത്തിയത്…

എന്തിനെന്നറിയാത്ത ഒരു കൗതുകം അവളിലും ഉണ്ടായിരുന്നു…

“”അവനിപ്പോ ഇവിടെ ആ പൂട്ടിക്കിടന്ന ക്ലിനിക് നോക്കി നടത്തുവല്ലേ…. ഉച്ച കഴിഞ്ഞും ചിലപ്പോൾ രോഗികൾ ഉണ്ടാകും…. എല്ലാർക്കും വലിയ കാര്യാ അവനെ….”

മുത്തശ്ശിയുടെ വാക്കുകളിൽ വല്ലാത്ത ഒരു അഭിമാനം ഉണ്ടായിരുന്നു… അമ്മയുടെ മുഖത്തേക്കും അത് പ്രതിഭലിച്ചിരുന്നു…

ചെന്ന വഴിയേ ചെറുതായി ഒന്ന് മയങ്ങാൻ കിടന്നു…. ഭക്ഷണം ഒക്കെ പിന്നെ മതി എന്ന് പറഞ്ഞിരുന്നു അമ്മായിയോട്…

നല്ല തണുപ്പ് ഉണ്ടായിരുന്നു മുറിയിൽ…. ചുറ്റും മരങ്ങൾ നിറഞ്ഞത് കൊണ്ടാകാം….. ഏസിയും ഫാനും ഒന്നും ഇല്ലെങ്കിലും ഇത്രയും തണുപ്പ് ആദ്യമായിട്ടായിരുന്നു…. എന്തോ വല്ലാത്ത ഇഷ്ട്ടം തോന്നി…

ഉച്ചക്ക് ഊണ് കഴിച്ചോണ്ട് ഇരിക്കുമ്പോളായിരുന്നു അഭിയേട്ടൻ വന്നത്….

ഞാൻ പ്രതീക്ഷിച്ച രൂപമേ ആയിരുന്നില്ല…. നല്ല പഴഞ്ചൻ ആയ ഒരാളെ പ്രതീക്ഷിച്ചപ്പോൾ ഷർട്ടും പാന്റും ഒക്കെ ഇട്ട് എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ഒരാളെ ആണ് കണ്ടത്…

കണ്ടാൽ ഒരു ചന്തം ഒക്കെ ഉണ്ട്…..ആള് എല്ലാരേം നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോകുന്നത് കണ്ടു…

“”ഓഹ്… ജാഡ… “”ചുണ്ട് കോട്ടി വീണ്ടും കഴിക്കാൻ തുടങ്ങി….

കഴിച്ചിട്ട് എഴുന്നേറ്റപ്പോളേക്കാണ് ആള് കുളിച്ചിട്ട് വന്നത്…. നേരെ അമ്മയുടെ അടുത്തേക്ക് പോയി ഇരിക്കുന്നത് കണ്ടു…. രണ്ടാളും എന്തൊക്കെയോ പറയുന്നുണ്ട്…. ഇടക്ക് അഭിയേട്ടൻ ഇങ്ങോട്ട് നോക്കുന്നത് കാണാം…

താനിന്നലെ വേണ്ട എന്ന് പറഞ്ഞത് വല്ലോം അമ്മ പറയുമോ എന്നൊരു പേടി തോന്നി അവൾക്ക്.. അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് മുറിയിലേക്ക് ചെന്നു…

കുറച്ചു കഴിഞ്ഞു വാതിലിൽ മുട്ട് കേട്ടു….. നോക്കിയപ്പോൾ അഭിയേട്ടനാണ്… കൈയിൽ എന്തോ ഒരു പൊതി ഉണ്ട്….

എത്രയൊക്കെ ആകാംഷ മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ ചതിച്ചിരുന്നു….

പതിയെ അടുത്ത് വന്നിരുന്നപ്പോളേക്കും ചക്കപ്പഴത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി… കൈയിലേക്ക് തരും മുൻപേ പിടിച്ചു വാങ്ങിയിരുന്നു…. രണ്ടെണ്ണം കഴിച്ചു കഴിഞ്ഞിട്ടാണ് അത്ഭുതത്തോടെ നോക്കി ഇരിക്കുന്ന അഭിയേട്ടനെ കാണുന്നത്…

ആകെ നാണം കെട്ട ഭാവത്തിൽ ഞാൻ ഇരിക്കുമ്പോളേക്കും ആള് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…. പതിയെ പതിയെ ഓരോന്ന് ചോദിച്ചും പറഞ്ഞും ഉള്ളിലെ മഞ്ഞു പതിയെ ഉരുകുന്നുണ്ടായിരുന്നു….

അഭിയേട്ടൻ ആശുപത്രിയിൽ നിന്നും വന്നു കഴിഞ്ഞു വൈകുന്നേരം ആളുടെ കൂടെ വെറുതെ നാട് കാണാൻ ഇറങ്ങും…. അഭിയേട്ടനെ കാണുമ്പോളെ പിള്ളേരൊക്കെ ഓടി വന്നു കാര്യം പറയുന്നത് കാണാം…

പലരും അവർക്കുള്ള രോഗലക്ഷണങ്ങളെക്കുറിച്ചും തീരാറായ മരുന്നിനെക്കുറിച്ചുമെല്ലാം വഴിയിൽ നിന്നും പറയും….

ഒട്ടും മടുപ്പില്ലാതെ എല്ലാർക്കും ക്ഷമയോടെ ഉത്തരം കൊടുക്കുന്നത് കാണാം… ആളോട് വലിയ സ്നേഹമാണെന്ന് തോന്നുന്നു നാട്ടിലെ എല്ലാർക്കും…

ഉള്ളിൽ ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങുന്നുണ്ടെങ്കിലും ഈ നാട്ടിലെ പരിമിതമായ സൗകര്യങ്ങൾ ഓർക്കുമ്പോൾ അതൊക്കെ വീണ്ടും കുഴിച്ചു മൂടും….

ആളെന്തായാലും ഈ നാട് വിട്ട് ടൗണിലേക്ക് വരില്ല എന്ന് ഏകദേശം ഉറപ്പായിരുന്നു…. ഈ നാട്ടിലെ ഓരോ വീട്ടിലെയും അംഗം തന്നെ ആയിരുന്നു അഭിയേട്ടൻ…

ടൗണിൽ സ്വന്തമായി ഒരു ഹോസ്പിറ്റൽ ഓഫർ ചെയ്തുള്ള കല്യാണാലോചന വേണ്ടെന്ന് വച്ച കഥ അമ്മമ്മയിൽ നിന്നും അറിഞ്ഞപ്പോളെ കാര്യങ്ങൾ ഏകദേശം തീരുമാനമായിരുന്നു..

വൈകുന്നേരം വെറുതെ മുറ്റത്തേക്ക് നോക്കി തൂണിലേക്ക് തല ചായ്ച്ചു ഇരിക്കുകയായിരുന്നു വൈഗ…. എത്ര വേഗമാണ് അഭിയേട്ടൻ മനസ്സിലേക്ക് ഇടിച്ചു കയറിയത്….

പ്രണയത്തിന് ഇത്രയും ശക്തി ഉണ്ടെന്ന് അറിഞ്ഞില്ല…. ഓരോ നിമിഷവും മനസ്സ് അവനിലേക്ക് മാത്രം ചുരുങ്ങുന്നു…. ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ല എന്നാണ് വിചാരിച്ചത് ഇവിടെ വരും വരെ…

പക്ഷേ ഓരോ ധാരണകളും തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു…. കൂട്ടുകാരോട് ചാറ്റ് ചെയ്യാതെ സോഷ്യൽ മീഡിയകളിൽ ഒന്നും കേറാതെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു….

മുൻപ് സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യമായിരുന്നു അത്…

“”എനിക്ക് ആളുകളെ ഫോണിൽ വിളിച്ചു സംസാരിക്കാനാടോ ചാറ്റ് ചെയ്യുന്നതിലും ഇഷ്ട്ടം….. നമ്മള് നേരിൽ സംസാരിക്കുന്നത് തന്നെയാ എപ്പോഴും നല്ലത്…..

പിന്നെ വാർത്തകൾ അറിയാനായി ടീവിയും കേബിളും ഇല്ലേ….. അത്യാവശ്യത്തിനു നെറ്റ് ഉപയോഗിക്കാൻ കമ്പ്യൂട്ടറും ഉണ്ട്…. പിന്നെന്താ പ്രശ്നം…. “”

വീർപ്പുമുട്ടിയുള്ള ജീവിതത്തേക്കുറിച്ച് ചോദിച്ചപ്പോൾ അഭിയേട്ടൻ പറഞ്ഞ മറുപടി വീണ്ടും ഒരിക്കൽ കൂടി കാതിൽ മുഴങ്ങി…. ആ പറഞ്ഞത് അനുസരിച്ചു താനും മാറി തുടങ്ങിയോ…

ഓരോന്നാലോചിച്ചു ഇരിക്കുന്നതിനിടയിൽ അഭിയേട്ടൻ അടുത്ത് വന്നിരുന്നത് അറിഞ്ഞില്ല…

“”എന്താണ് മാഡം…. തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടോ… “”കാതോരം കുസൃതി നിറഞ്ഞ ഒരു സ്വരം കേട്ടപ്പോൾ ആയിരുന്നു ഞെട്ടി നോക്കിയത്…

ചിരിയോടെ അരികിൽ ഇരിപ്പുണ്ട് ആള്…

“”എന്നാലും ഒരു വൈഫൈ വെക്കേണ്ട കാര്യത്തിന് കല്യാണം ഒക്കെ വേണ്ടെന്ന് വെക്കാമോ എന്റെ പെണ്ണെ….”” പറയുമ്പോൾ ചിരി കടിച്ചമർത്തുന്നത് കണ്ടു…

ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ചു നോക്കി…

“”നെറ്റ് മാത്രം അല്ല…… ഇവിടെ ഒരു പാർക്ക്‌ ഉണ്ടോ…… സിനിമ കാണാൻ തീയേറ്റർ ഉണ്ടോ…… ഒരു ഓഫീസിലോ ആശുപത്രിയിലോ പോയാൽ ഒരു ലിഫ്റ്റ് എങ്കിലും ഉണ്ടോ… സ്റ്റെപ്പ് കേറി മനുഷ്യൻ മടുക്കും…. “”അവനെ നോക്കി വീറോടെ പറഞ്ഞു…

അഭി ചിരിച്ചതേ ഉള്ളു…. പിന്നെ കൈ നീട്ടി അവളുടെ മൂക്കിന്റെ തുമ്പിൽ ഒന്ന് പിടിച്ചു….”” നീ പോയി പെട്ടെന്ന് ഒരുങ്ങി നിൽക്ക്.. “”

എന്തിന് എന്ന് ചോദിക്കാൻ വരുമ്പോളേക്കും ആളെഴുന്നേറ്റ് അകത്തേക്ക് പോയിരുന്നു…

പറഞ്ഞതനുസരിച്ചു വേഗം തന്നെ ഒരുങ്ങി നിന്നു….. ബൈക്കിന്റെ പിന്നിൽ അവനോട് ചേർന്നിരിക്കുമ്പോൾ തണുപ്പ് കാരണം പല്ലുകൾ കൂട്ടിഇടിക്കുന്നുണ്ടായിരുന്നു…

തണുപ്പ് മാറാൻ വേണ്ടി അവനിലേക്ക് ഒന്ന് കൂടി ചേർന്ന് കണ്ണുകൾ അടച്ചു പുറത്തേക്ക് ചാഞ്ഞിരുന്നു…. കുറേ ദൂരം പോയപ്പോൾ ബൈക്ക് നിന്നു എന്ന് തോന്നിയപ്പോളാണ് കണ്ണ് തുറക്കുന്നത്…

ഒരു ഗ്രൗണ്ട് പോലെ തോന്നുന്ന ഒരു സ്ഥലത്തായിരുന്നു ബൈക്ക് നിർത്തിയത്…. നിലത്താകെ പച്ചപുല്ല് വളർന്നു കിടക്കുന്നു…..

ചുറ്റുമുള്ള മരങ്ങളുടെ ആകും നല്ല തണുപ്പ് ഉണ്ടായിരുന്നു…. അസ്തമയ സൂര്യന്റെ ചുവപ്പ് രാശി കൂടി കലർന്നു വല്ലാത്ത ഒരു ഭംഗി തോന്നുന്നുണ്ടായിരുന്നു അപ്പോൾ…

“”ചെരുപ്പഴിക്ക്…. എന്നിട്ട് വെറുതെ ഒന്ന് നടന്നു നോക്ക്…. “”അവൻ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് സംശയിച്ചു എങ്കിലും പതിയെ ചെരുപ്പഴിച്ചു ആ പുല്ലിലേക്ക് പതിയെ ചവിട്ടി…. ഉള്ളം കാലിൽ നിന്നും ഒരു തണുപ്പ് നെറുക വരെ പടരുന്നതായി അറിഞ്ഞു….

കണ്ണുകൾ അടച്ചു വെറുതെ ഒരടി കൂടി മുന്നോട്ട് വച്ചു… ആ തണുപ്പ് ഉള്ളിലേക്ക് ആവഹിക്കുമ്പോളേക്കും അഭിയേട്ടൻ പിന്നിലൂടെ തന്നെ ശരീരത്തോട് ചേർത്ത് നിർത്തി തോളിൽ മുഖമമർത്തിയിരുന്നു…

ശരീരമൊന്ന് വിറച്ചത് പോലെ തോന്നി അവൾക്ക്…..

“നിനക്ക് പാർക്കിലും മറ്റും പോണമെന്നു തോന്നുമ്പോൾ ഞാനിങ്ങോട്ട് കൊണ്ടു വന്നാൽ പോരെ പെണ്ണെ….. പിന്നെ സിനിമ പോലും കാണാത്ത അത്രയും പഴഞ്ചൻ ഒന്നും അല്ല കേട്ടോ ഞാൻ…..

നീ കണ്ടതിലും കൂടുതൽ ഒരുപക്ഷേ തീയേറ്ററിയിൽ പോയി ഞാൻ കണ്ടു കാണും…… “”ചെവിയോട് ചേർന്ന് അവൻ പറഞ്ഞപ്പോൾ ചിരിയോടെ മുഖം താഴ്ത്തി…

ഉള്ളിൽ നിറയുന്ന സന്തോഷത്തിന്റെ തരിപ്പ് ശരീരമാകെ പടരുന്നുണ്ടായിരുന്നു…

“”ദാ ആ മല കണ്ടോ…. അവൻ മുന്നിലേക്ക് വിരൽ ചൂണ്ടി…. അവിടെ നിന്നുള്ളതാണ് ഞാനിതുവരെ കണ്ട ഏറ്റവും മനോഹരമായ ഉദയവും അസ്തമനവും… “”അവന്റെ പറച്ചിൽ കേട്ട് മുന്നിലേക്ക് നോക്കി…

ചെറിയ ഒരു കുന്ന് പോലെ ഉണ്ട്…. മുകളിലേക്ക് പോകാനായി വഴി തെളിച്ചു ഇട്ടിട്ടുണ്ട്… ഓറഞ്ച് നിറം അവിടാകെ പടർന്നു തുടങ്ങിയിരുന്നു… അസ്തമനത്തിന് ഇനി അധിക സമയമില്ല എന്ന് സൂചിപ്പിക്കുന്ന വിധം… ആവേശത്തോടെ അവനെ നോക്കി…

“”ഇനി നിന്റെ അടുത്ത പരാതി….””. അവളെ വല്ലാത്ത ഒരു ഭാവത്തിൽ നോക്കി മീശ ഒന്ന് പിരിച്ചു….

കാര്യമെന്താ എന്ന് മനസ്സിലാക്കുമ്പോളേക്കും രണ്ടു കൈകളിലുമായി പൊക്കി എടുത്തിരുന്നു… ഒരു നിലവിളിയോടെ അവന്റെ കഴുത്തിൽ ചുറ്റി കിടന്നപ്പോൾ ചിരിക്കുന്നത് കേട്ടു….

“”നാട്ടിൻപുറമല്ലേ ഇവിടെ ഈ ലിഫ്റ്റെ കിട്ടു…. ഇനിയെന്തായാലും എന്റെ പെണ്ണ് സ്റ്റെപ് കയറി ക്ഷീണിക്കണ്ട…. “” അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചുകൊണ്ട് ഒരു കണ്ണിറുക്കി അഭി പറഞ്ഞു..

നാണം കലർന്ന ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തുമ്പോൾ ആ ഹൃദയമിടിപ്പ് എന്റേത് കൂടി ആകുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *