വൈഗ
(രചന: Ammu Ammuzz)
“സഹായത്തിനു വരുന്നവൾ അത് ചെയ്താൽ മതി… അല്ലാതെ കെട്ടിലമ്മ ആകാനൊന്നും നോക്കണ്ട… ”
മനസ്സ് കല്ലാക്കി അത് പറയുമ്പോൾ അടുക്കള ഭിത്തിയുടെ മറവിൽ കൂടി നോക്കുന്ന നിറഞ്ഞ രണ്ടു കണ്ണുകൾ എത്രയൊക്കെ അവൾ മറച്ചു പിടിക്കാൻ നോക്കിയിട്ടും കണ്ണിൽപ്പെട്ടിരുന്നു..
വീണ്ടും അമ്മയിലേക് തന്നെ നോട്ടം മാറ്റി.. “ഈ കല്യാണം നടക്കില്ല അമ്മ….. ഇനിയും ഒരിക്കൽ കൂടി വിഡ്ഢിയുടെ വേഷം അണിയാൻ എനിക്ക് പറ്റില്ല….”
കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മതിയാക്കി ആദിത്യൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ലക്ഷ്മിയമ്മ വേഗം വന്നു തടഞ്ഞു….
“അമ്മക്ക് വേണ്ടി ഒന്ന് സമ്മതിക്ക് മോനെ….. നിനക്കറിയാത്ത കുട്ടി ഒന്നും അല്ലല്ലോ വൈഗ… അതുകൊണ്ടും കൂടിയ പറഞ്ഞത്…..
ഇനിയും എത്ര നാളെന്ന് വിചാരിച്ച നീ ഇങ്ങനെ… എന്റെ കണ്ണടയും മുൻപ് നിനക്കൊരു ജീവിതം ഉണ്ടാകാൻ വേണ്ടി അല്ലേ… ”
അമ്മയുടെ ഇടറിയ ശബ്ദം കേൾക്കെ ഉള്ളിൽ ഒരു നീറ്റൽ തോന്നി..
മറുപടി പറയും മുൻപേ കണ്ണുകൾ വീണ്ടും അവൾ മറഞ്ഞു നിൽക്കുന്ന തൂണിന്റെ അടുത്തേക്ക് നീണ്ടു…. ഒരു വശത്തു കൂടി ചെറുതായി തല നീട്ടി അവനെ നോക്കി നിൽക്കുന്നുണ്ട്…
കലങ്ങിച്ചുവന്ന രണ്ടു കണ്ണുകളിലും ആ നിമിഷം നിറഞ്ഞു നിന്നത് ആകാംഷയോ ഭയമോ എന്ന് നിർവചിച്ചറിയാൻ കഴിയാത്ത ഭാവമായിരുന്നു…
ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയപ്പോളേക്കും പരിഭ്രമത്തോടെ മിഴികൾ മാറ്റി അവൾ അകത്തേക്ക് വലിഞ്ഞു…
അമ്മ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു… പക്ഷേ കേൾക്കാൻ നിന്നില്ല…. മുറിയിലേക്ക് നടക്കുമ്പോൾ ചില തീരുമാനങ്ങൾ എടുക്കാൻ ഒരിക്കൽ കൂടി ധൈര്യപ്പെടുകയായിരുന്നു മനസ്സ്..
മുറിയിലേക്ക് കയറി ചെന്നിട്ടും കരിമഷി പടർന്നു കലങ്ങിയ ആ കണ്ണുകൾ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു….
പണ്ടേ അങ്ങനെ ആയിരുന്നു അവളുടെ കണ്ണൊന്നു കലങ്ങിയാൽ പിന്നെ വല്ലാത്ത വേദനയായിരുന്നു…
കുറച്ചു നേരം വെറുതെ കൈപ്പത്തി കണ്ണുകൾക്ക് മുകളിലേക്ക് വച്ചു കണ്ണടച്ചു കിടന്നു…. പക്ഷേ ഒരല്പം പോലും ആശ്വാസം ലഭിച്ചില്ല….. വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്…
കുറച്ചേറെ നേരം കിടന്നു എന്ന് തോന്നിയപ്പോൾ പതിയെ ജനാലയുടെ അടുത്തേക്ക് ചെന്നു…
ഇരുട്ട് വീണു തുടങ്ങിയിരുന്നു… മുൻപൊക്കെ ആണെങ്കിൽ താനും വൈഗയും കൂടി വെറുതെ നിലാവ് കണ്ടു ഇരിക്കുമായിരുന്നു…
അവളുടെ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും പൊട്ടത്തരങ്ങളുമെല്ലാം അന്നവളുറക്കെ ചിരിച്ചുകൊണ്ടു അവനോടു പറയുമായിരുന്നു…
രണ്ടു വീടുകളും തമ്മിൽ ഒരു മതിൽക്കെട്ടിന്റെ അകലമേ ഉണ്ടായിരുന്നുള്ളു…. ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ ആയിരുന്നു അടുത്ത വീട്ടിലെ പുതിയതായി വാടകയ്ക്ക് വന്ന താമസക്കാരെ കാണുന്നത്…
ആദ്യം കണ്ണിൽ പെട്ടത് അവളായിരുന്നു…. രണ്ടിലോ…മൂന്നിലോ മറ്റോ ആണെന്ന് തോന്നുന്നു…. മുടി രണ്ടായി പിന്നിയിട്ട്… വിടർന്ന കണ്ണുകൾ ഉള്ള ഒരുവൾ…
അന്ന് മുതൽ അവളായിരുന്നു പിന്നീടുള്ള കൂട്ട്… ഇങ്ങോട്ട് വന്നു എപ്പോഴും കലപില സംസാരിച്ചു കൂട്ട് കൂടുന്നവൾ….. “ആദിയേട്ട….” എന്നുള്ള വിളിയോടെ അടുത്തേക്ക് ഓടി വരുന്നവൾ….
അവളെ കൂട്ടാതെ മാറ്റാരോടെങ്കിലും തമാശകൾ പറഞ്ഞു ചിരിക്കുമ്പോൾ പരിഭവത്തോടെ നോക്കി നിൽക്കുന്നവൾ…
എവിടേക്ക് തിരിഞ്ഞാലും ഞാനുമുണ്ട് “ആദിയേട്ട ” എന്നൊരു വിളിയോടെ തനിക്ക് പിന്നാലെ ഓടി വരുന്ന അവളുടെ മുഖം ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു..
കൗമാരം കടന്നപ്പോളായിരുന്നു സങ്കല്പത്തിലെ പ്രണയിനിക്ക് അവളുടെ രൂപം വന്നു ചേർന്നത്…
പല വട്ടം മറക്കാൻ ശ്രമിക്കുമ്പോളും കൂടുതൽ തെളിമയോടെ അവളുടെ മുഖം വീണ്ടും വീണ്ടും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു…
ഇല്ലാത്ത ധൈര്യം ഉണ്ടാക്കിയാണ് അന്ന് ഇഷ്ട്ടം പറയാൻ ചെന്നത്….
ചെറുതായി വിറയ്ക്കുന്ന കൈകളെ മുഷ്ടി ഒന്ന് ചുരുട്ടി അടക്കി നിർത്തി ഇഷ്ടം പറഞ്ഞപ്പോൾ “ആദിയേട്ടനെ എനിക്കൊരിക്കലും അങ്ങനെ കാണാൻ സാധിക്കില്ല” എന്ന മറുപടിയായിരുന്നു കിട്ടിയത്…
ഒരു തിരിഞ്ഞു നോട്ടം പോലും നൽകാതെ അവൾ നടന്നു നീങ്ങുമ്പോൾ ഉള്ളിൽ വല്ലാത്ത വാശി നിറയുന്നുണ്ടായിരുന്നു…
അവളോട് ഇഷ്ടം പറയാൻ വേണ്ടി ധൈര്യം തന്ന കൂട്ടുകാരുടെ മുൻപിൽ തല കുനിയുമ്പോൾ ആ വാശിക്ക് മൂർച്ച കൂടുകയായിരുന്നു..
അവളെ കണ്ടില്ല എന്ന് തന്നെ നടിച്ചു അതിന് ശേഷം…. പലപ്പോഴും എന്തൊക്കെയോ പറയുവാൻ വേണ്ടി അവളരികിലേക്ക് ഓടി വരുന്നത് കാണാം…
മുഖം തിരിച്ചു അവളെ കാണാത്ത ഭാവത്തിൽ നടക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കൺകോണുകളിലൂടെ എത്രയോ കണ്ടിരിക്കുന്നു…
അതേ വാശിക്ക് തന്നെ ആയിരുന്നു അമ്മ തീരുമാനിക്കുന്ന ഏതൊരു ബന്ധത്തിനും സമ്മതമാണെന്ന് ഒന്നും നോക്കാതെ സമ്മതിച്ചത്…
എല്ലാം അമ്മയുടെ ഇഷ്ടത്തിന് മാത്രം വിട്ട് കൊടുത്തു നിൽക്കുമ്പോളും എടുത്ത തീരുമാനത്തിലെ ശെരിയും തെറ്റും കണ്ടുപിടിക്കാൻ മനസ്സിന് കഴിഞ്ഞില്ല…
ബ്രോക്കർ വഴി ആശയുടെ ആലോചന വന്നപ്പോളും എതിരഭിപ്രായം ഉണ്ടായിരുന്നില്ല….
പെണ്ണ് കാണാൻ പോകുന്ന വിശേഷം അമ്മ പറയുമ്പോൾ കണ്ണും നിറച്ചവൾ നോക്കുന്നുണ്ടായിരുന്നു….. തിരികെ വന്നിട്ട് വിശേഷങ്ങൾ പറയാമെന്നു അമ്മ വാക്ക് പറയുമ്പോളും കേൾക്കാൻ അവൾ നിന്നില്ല…
വൈകുന്നേരം അമ്മ പറയുമ്പോളാണ് എന്തോ കോഴ്സ് പഠിക്കാനുണ്ട് എന്ന് പറഞ്ഞവൾ മാമന്റെ വീട്ടിലേക്ക് മാറി എന്ന് അറിയുന്നത്… അതിന്റെ കാരണം അറിഞ്ഞിട്ടോ എന്തോ പിന്നീട് ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല….
അവളെക്കാൾ വേദന തനിക്കാണെന്ന് തോന്നി…. ഓരോ തവണയും അവളിലേക്ക് തിരിച്ചു പോകാനായി മനസ്സ് വാശി പിടിക്കുമ്പോഴും ശ്രമപ്പെട്ടു അടക്കി നിർത്തി…
വിവാഹ നിശ്ചയം ക്ഷണിച്ചപ്പോൾ പോലും പരീക്ഷയുടെ തിരക്ക് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി….
നിശ്ചയത്തിന്റെ അന്ന് രാവിലെ പെണ്ണ് ഒളിച്ചോടിയ വിവരം അറിഞ്ഞപ്പോൾ ചുറ്റിലും ഉയരുന്ന മുറുമുറുപ്പുകൾക്കിടയിൽ പല അഭിപ്രായങ്ങൾ ഉണ്ടായിരുന്നു…. മണ്ഡപത്തിൽ എത്തും മുൻപ് വിവരം അറിഞ്ഞത് ഭാഗ്യമാണെന്നും…..
നിശ്ചയം മുടങ്ങിയത് കഷ്ടമായിപ്പോയി എന്നുമുള്ള അഭിപ്രായങ്ങൾ ഉയരുമ്പോളും ഒന്നിനും പ്രതികരിച്ചില്ല…. മനസ്സപ്പോഴും അവളിൽ മാത്രം ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു…
കഴിഞ്ഞ മാസമാണ് അവളെ വീണ്ടും കാണുന്നത്…. വീട്ടിലേക്ക് വന്നപ്പോൾ അമ്മയുടെ കൂടെ അടുക്കളയിൽ ഇരുന്ന് തമാശ പറഞ്ഞു ചിരിക്കുന്ന അവളെ കണ്ടപ്പോൾ എന്ത് വികാരം ആയിരുന്നു ആദ്യം മനസ്സിലേക്ക് എത്തിയത് എന്നറിയയില്ല…
ഓടി അവളുടെ അടുത്ത് എത്താൻ തോന്നി എങ്കിലും ഒരു വാക്ക് പോലും പറയാതെ അവൾ പോയതോർത്തപ്പോൾ ഉള്ളിൽ വീണ്ടും പരിഭവം നിറഞ്ഞു….
പുച്ഛം കലർന്ന ഒരു ചിരി അവൾക്കായി നൽകി മുറിയിലേക്ക് പോകുമ്പോഴും മനസ്സാകെ സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു.. ഓർമ്മകളിൽ അവനൊന്നു പുഞ്ചിരിച്ചു…
ഇനിയും ഈ ഒളിച്ചുകളി നീട്ടാൻ തോന്നിയില്ല… അവളുടെ കലങ്ങിയ കണ്ണുകൾ അത്രമേൽ മുറിവേൽപ്പിക്കുന്നു മനസ്സിനെ…
അവളെ ഒന്ന് കാണാൻ തോന്നി… പുറത്തേക്ക് ഇറങ്ങിയപ്പോൾ നടുമുറ്റത്തിലേക്ക് കാലിട്ട് തൂണിൽ ചാരി ഇരിക്കുന്നത് കണ്ടു….
പരിഭവത്തോടെ വീർത്തിരിക്കുന്ന ആ കവിളിൽ ഉണങ്ങിയ കണ്ണുനീർ ചാലുകൾ അപ്പോഴും കാണാമായിരുന്നു…. അവനവളോട് പെട്ടെന്നൊരു വാത്സല്യം തോന്നി…
അടുത്തേക്ക് ചെന്നപ്പോൾ എന്തൊക്കെയോ പിറുപിറുക്കുന്നത് കണ്ടു… ഇടയ്ക്കിടെ കൈകൾ കൊണ്ട് കണ്ണ് തുടക്കുന്നും ഉണ്ട്..
ശബ്ദമുണ്ടാക്കാതെ അടുത്തേക്ക് നടന്നു…
“”സഹായി ആണത്രേ സഹായി…. “”വൈഗ ഒരിക്കൽ കൂടി കണ്ണുകൾ അമർത്തിത്തുടച്ചു…
“”ഇഷ്ടം ഉള്ളോണ്ടല്ലേ ഇങ്ങനെ വരുന്നേ….. ദേഷ്യമാണെന്ന് അറിയാമെങ്കിലും ദൂരെ നിന്നെങ്കിലും ഒന്ന് കാണാനല്ലേ എപ്പോ ഒഴിവ് കിട്ടിയാലും ഓടി ഇങ്ങോട്ട് വരണേ… “”
അവൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു…
“”എന്താടി ഉണ്ടക്കണ്ണി ഇരുന്ന് പിറുപിറുക്കുന്നെ..””.
പെട്ടെന്ന് അരികിൽ ഒരു ശബ്ദം കേട്ടപ്പോൾ ഞെട്ടി എഴുന്നേറ്റു പോയി….
കുസൃതി നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കുന്ന ആദിയെയാണ് കാണുന്നത്….
അവളുടെ മുഖത്ത് വീണ്ടും പരിഭവം നിഴലിച്ചു….
“ഓഹ്… ഇന്നത്തെ സഹായം കഴിഞ്ഞ സ്ഥിതിക്ക് വീട്ടിലേക്ക് പോകാം എന്ന് പറയുകയായിരുന്നു… “അവനെ നോക്കി ചുണ്ടൊന്ന് കോട്ടി പറഞ്ഞു…
അവളുടെ വാശി കണ്ടപ്പോൾ പക്ഷേ അവന് ചിരിയാണ് വന്നത്…
“”ആര് പറഞ്ഞു നിന്റെ സഹായം കഴിഞ്ഞെന്ന്…. ഇനിയും ഉണ്ട് വലിയ ഒരു ജോലി കൂടി…. “”
അവനത് പറയുമ്പോൾ കണ്ണുകൾ കൂർപ്പിച്ചു തുറിച്ചു നോക്കി നിന്നവൾ…
“”എനിക്കേ…. ഒരു ഭാര്യേടെ കുറവുണ്ട്…. ആ സഹായം കൂടി ചെയ്തു തരാൻ റെഡി ആണെങ്കിൽ ഈ ജോലി നമുക്ക് അങ്ങ് ശെരിയാക്കാം… “”ഒരു കണ്ണിറുക്കി അവൻ പറയുന്നത് കേട്ടപ്പോൾ അങ്ങനെ തന്നെ നിന്ന് പോയി…
കേട്ടത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. ഹൃദയം വല്ലാതെ മിടിക്കുന്നു… നെഞ്ചിടിപ്പ് കൂടി ഒരുവേള താൻ മരിച്ചു പോകുമോ എന്ന് പോലും അവൾക്ക് തോന്നി…
ഉറഞ്ഞു കൂടിയ കണ്ണുനീർ മുൻപിൽ തെളിഞ്ഞു കണ്ട അവന്റെ രൂപം മറച്ചപ്പോളായിരുന്നു തുടച്ചു മാറ്റിയത്….
ചെറുതായി വിറയ്ക്കുന്ന ചുണ്ടുകളും… കലങ്ങിയ കണ്ണുകളും ചോന്നു തുടുത്ത മൂക്കിന്റെ തുമ്പും ഒക്കെയായി തനിക്ക് മുൻപിൽ നിൽക്കുന്ന അവളുടെ രൂപം ഹൃദയത്തിനുള്ളിലേക്ക് ഇറങ്ങും പോലെ തോന്നി അവന്…
ബലമായി പിടിച്ചു മടിയിലേക്ക് ഇരുത്തിയപ്പോളേക്കും അവൾ കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു ….
“വേണ്ട…… എന്നേ തൊടണ്ട….. ന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞില്ലേ….. സഹായത്തിനു വരുന്നവളാണെന്ന്…..”” പറയുമ്പോൾ സങ്കടം കൊണ്ട് വിതുമ്പി തുടങ്ങിയിരുന്നു…
“”നീയും പറഞ്ഞിട്ടില്ലേ എന്നേ ഇഷ്ടമല്ല എന്ന്….”” അവളെ പോകാൻ സമ്മതിക്കാതെ ചിരിയോടെ ചോദിച്ചു….
അവളുടെ മുഖമൊന്നു കുനിഞ്ഞു…. “”അതെനിക്ക്… അത് കഴിഞ്ഞിട്ടല്ലേ ഇഷ്ടം തോന്നിയെ…..അത് പറയാൻ ഞാൻ വന്നപ്പോൾ ഒക്കെ കേൾക്കാൻ നിന്നില്ലല്ലോ…”” വീണ്ടും പരിഭവം കലർന്ന സ്വരം…
“”നിനക്ക് പിടിച്ചു നിർത്തി പറഞ്ഞൂടാരുന്നോ…. ഒന്നുമില്ലെങ്കിലും നിന്നെ നോക്കി ഇത്രയും വർഷം കാത്തിരുന്നതല്ലെടി ഞാൻ…”
മീശയൊന്ന് പിരിച്ചോണ്ടുള്ള അവന്റെ ചോദ്യത്തിന് പക്ഷേ മറുപടിയായി നെഞ്ചിൽ നല്ലൊരു ഇടിയാണ് കിട്ടിയത്…
“ആഹ്….. കിട്ടണമെടി കിട്ടണം…. കഷ്ടപ്പെട്ട് കൂട്ടുകാരന്റെ കാമുകി ടെ കല്യാണ ആലോചന ബ്രോക്കർ വഴി കൊണ്ട് വന്നു… നിശ്ചയത്തിന്റെ തലേന്ന് അവർക്ക് ഒളിച്ചോടാൻ സഹായവും ചെയ്തു…. ആ പേരും പറഞ്ഞു നിനക്ക് വേണ്ടി ഇത്രയും നാള് കാത്തിരുന്ന എനിക്കിത് കിട്ടണം….”
നെഞ്ചോന്ന് ഉഴിഞ്ഞുകൊണ്ട് അവളെ പതിയെ ഒളികണ്ണിട്ട് നോക്കി അവൻ പറഞ്ഞു…
അവളുടെ മുഖത്തെ ദേഷ്യം മാറി പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ വിടരുന്നത് അവൻ കണ്ടു…
ഇപ്പോൾ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കും എന്ന് വിചാരിച്ചു കൈകൾ നിവർത്താൻ പോയപ്പോളേക്കും വീണ്ടും ഒന്ന് കൂടി കിട്ടി…
“ദുഷ്ടൻ…. ഞാനെത്ര ഉരുകി എന്നറിയാമോ….”
ക്ഷീണിക്കും വരെ മാറി മാറി തല്ലിയും നുള്ളി നോവിച്ചും ഒടുവിൽ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു കരയുമ്പോൾ വാത്സല്യത്തോടെ ആ കൈകളും അവളെ ചേർത്ത് പിടിച്ചിരുന്നു…
“നീ വേണ്ട എന്ന് പറഞ്ഞതിന് ഒരു കുഞ്ഞ് പ്രതികാരം നടത്താം എന്ന് വിചാരിച്ചു അല്ലായിരുന്നോ….
ഇത് കേൾക്കുന്നുടനെ നീ ഓടി വന്നു ഇഷ്ടം പറയും എന്ന് വിചാരിച്ചപ്പോൾ നാട് വിട്ട് മാമന്റെ വീട്ടിലേക്ക് പോയിരിക്കുന്നു… ന്നിട്ട് രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോൾ കേറി വന്നിരിക്കുന്നു… ”
ഉള്ളിലെ കനലിന് മീതെ ആരോ തണുപ്പ് കൊണ്ട് പുതക്കും പോലെ തോന്നി അവൾക്ക്…. ആദ്യമായി വേണ്ട എന്ന് പറഞ്ഞ അന്ന് മുതൽ ഇന്ന് വരെയുള്ള രാത്രികളിലെല്ലാം അവന് വേണ്ടി ആയിരുന്നു ഉറക്കം കളഞ്ഞത്….
അവനായി മാത്രമായിരുന്നു ഒളിച്ചോടിയത്.. ഒടുവിൽ അവനുവേണ്ടി മാത്രമായിരുന്നു അവനിലേക്ക് തിരിച്ചു വന്നത്….
“ഇനി പറയ്…. ഇഷ്ടമാണോടി നിനക്ക്…”” മുടിയിഴകളിൽ കൂടി വിരലോടിച്ചു അവൻ ചോദിച്ചപ്പോൾ പതിയെ മുഖമുയർത്തി അവനെ നോക്കി….
ഒരു കൊച്ച് കുട്ടിയുടെ ആകാംഷയോടെ നോക്കി ഇരിക്കുന്നു…. ആ കണ്ണുകൾ തന്റെ മുഖമാകെ അവന് വേണ്ട ഉത്തരങ്ങൾ തേടുന്നുണ്ട്…
അന്നാദ്യമായി അവളവന്റെ കണ്ണുകളിലേക്ക് പരിഭ്രമം ഇല്ലാതെ നോക്കി….
എല്ലാ അധികാരങ്ങളോടും കൂടിയ ചുംബനം അവനായി പകർന്നു നൽകുമ്പോൾ ഇനിയുമൊരു ചോദ്യവും ഉത്തരവും അവശേഷിക്കുന്നില്ലായിരുന്നു…