(രചന: പ്രജിത്ത് സുരേന്ദ്രബാബു)
‘പട്ടാപ്പകൽ നടുറോഡിൽ കാറിനുള്ളിൽ മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി മധ്യവയസ്ന്റെ അനാശാസ്യ പ്രവൃത്തികൾ . ഞെട്ടിപ്പിക്കുന്ന വീഡിയോ എസ്ക്ലൂസീവായി ഞങ്ങളുടെ ചാനലിന് ലഭിച്ചു.
റോഡരുകിൽ കാർ നിർത്തിയിട്ട് വിൻഡോ ക്ലാസുകൾ ഉയർത്തി പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നതും മുത്തം വയ്ക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണുവാൻ കഴിയുന്നത്.ഞങ്ങളുടെ ചാനൽ നടത്തിയ അന്യോഷണത്തിൽ ഇയാൾ ഒരു കോളേജ് അദ്ധ്യാപകൻ കൂടിയാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്.
മാത്രമല്ല കാറിൽ ഒപ്പമുള്ള പെൺകുട്ടി അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരിയാണ്. ഒരു അദ്ധ്യാപകനായിട്ട് കൂടി പൊതു നിരത്ത് കാട്ടി കൂട്ടിയ ഈ കാമകേളി സാംസ്കാരിക കേരളത്തിന് തന്നെ അപമാനമായിരിക്കുകയാണ് ‘
വൈകുന്നേരത്തെ ന്യൂസിൽ വന്ന വീഡിയോയും വാർത്തയും നാടൊട്ടുക്ക് വേഗത്തിൽ പടർന്നു. എരിവും പുളിയും അല്പം കൂടുതൽ ആയതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും വൈകിയില്ല.
” അല്ലാ.. ഇത് നമ്മടെ മാധവൻ മാഷല്ലേ.. ദേ അങ്ങേരുടെ വെള്ള സാൻട്രോ കാർ അല്ലെ ഇത്.. ”
” അതെ..അതെ അങ്ങേരു തന്നാ.. ആള് കൊള്ളാലോ കക്ഷി.”
ആളെ തിരിച്ചറിയാനും അധികം സമയം വേണ്ടി വന്നില്ല. സമൂഹത്തിൽ അന്തസായി ജീവിച്ചിരുന്ന മാധവൻ എന്ന കോളേജ് അദ്ധ്യാപകൻ നിമിഷ നേരം കൊണ്ട് ഒരു പെണ്ണുപിടിയൻ എന്ന ഇമേജ് സ്വന്തമാക്കി.
വൈകുന്നേരം അടുക്കളയിൽ പിടിപ്പതു പണിയിൽ നിൽക്കുമ്പോഴാണ് ശ്രീദേവിയുടെ മൊബൈൽ റിങ് ചെയ്തത്. അനിയൻ പത്മനാഭൻ ആയിരുന്നു വിളിച്ചത്..
” പറയടാ.. എന്തെ ഈ നേരത്ത്.. ”
“ചേച്ചി അളിയൻ ഉണ്ടോ അവിടെ.. ”
പത്മനാഭന്റെ സ്വരസത്തിൽ ഒരു പതർച്ച വേഗത്തിൽ തിരിച്ചറിഞ്ഞു ശ്രീദേവി.
” എന്താടാ നിനക്ക് ഒരു പരിഭ്രമം പോലെ.. എന്തേലും പ്രശ്നം ഉണ്ടോ.. ഏട്ടൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയേക്കുവാ ”
ശ്രീദേവിയുടെ നെറ്റി ചുളിഞ്ഞു.
” അതെ..ചേച്ചി.. ചെറിയൊരു പ്രശ്നം ഉണ്ട്. ചേച്ചി ആ വിഷൻ ചാനൽ ഒന്ന് വച്ചേ അതിൽ ഒരു ന്യൂസ് പോകുന്നുണ്ട്. അളിയനെ പറ്റിയാണ്. വേഗമൊന്നു നോക്ക്യേ.”
പത്മനാഭന്റെ വാക്കുകൾ കേട്ട് ശ്രീദേവിയും ടെൻഷൻ ആയി.
” ഏട്ടനെ പറ്റിയോ.. ഏട്ടനെ പറ്റി എന്ത് വാർത്ത.. എന്താ ടാ എന്തേലും പ്രശ്നം ആണോ.. ആള് കാറും കൊണ്ട് പുറത്ത് പോയേക്കുവാ.. ഇനി അപകടം എന്തേലും… ”
അവരുടെ ചിന്ത പോയത് ആ വഴിക്കാണ് .
” എന്റെ പൊന്ന് ചേച്ചി അങ്ങിനൊന്നും അല്ല ഇത് വേറെയാണ്.. ചേച്ചി വേഗം ന്യൂസ് വച്ച് നോക്ക്.. ഇച്ചിരി നാറ്റക്കേസ് ആണ്.”
“നാറ്റക്കേസോ…”
ആകെ പരിഭ്രമിച്ച് ടീവിക്കരികിലേക്ക് പാഞ്ഞു ശ്രീദേവി. ടീവി ഓൺ ആക്കി പത്മനാഭൻ പറഞ്ഞ ചാനൽ വച്ചു. അവരെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത അപ്പോഴും ലൈവ് ആയി പൊയ്ക്കോണ്ടിരിക്കുകയായിരുന്നു.
“എന്റെ ഭഗവതി.. ”
നടുക്കത്തോടെ അറിയാതെ സെറ്റിയിലേക്കിരുന്നു പോയി ശ്രീദേവി. അപ്പോഴേക്കും വീണ്ടും ഫോൺ റിങ് ചെയ്തു. പത്മനാഭൻ തന്നെയായിരുന്നു വിളിച്ചത്
” എന്താ ചേച്ചി ഇതൊക്കെ. ആരാ ആ കൊച്ച് അവളെങ്ങിനെ അളിയന്റെ കാറിൽ.. ”
പത്മനാഭനു സംശയങ്ങൾ അനവധിയായിരുന്നു
” എടാ.. ഈ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഞങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ പോയതാ ഈ മോളുടെ അഡ്മിഷന്റെ കാര്യത്തിനായി. ”
ശ്രീദേവിയുടെ മറുപടി കേട്ടിട്ട് ആകെ അമ്പരന്നു പത്മനാഭനും.
” ങേ.. ചേച്ചിയും ഉണ്ടായിരുന്നോ.. പിന്നെങ്ങിനെ ഇത് സംഭവിച്ചു. ഈ സമയം ചേച്ചി എവിടാരുന്നു ”
അവന്റെ ചോദ്യം കേട്ട് അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു ശ്രീദേവി.
” ഞങ്ങൾക്ക് മക്കൾ ഇല്ലാത്തത് കൊണ്ട് ഒന്ന് രണ്ട് കുട്ടികളെ ഞങ്ങൾ ഏറ്റെടുത്ത് പഠിപ്പിക്കുന്നത് നിനക്ക് അറില്ലേ.. അതിൽ ഒരു മോളാ ഇത്. ആരതി. ഇവളുടെ അഡ്മിഷന്റെ കാര്യത്തിന് പോയതാ ഞങ്ങൾ.
തിരിച്ചു വരുന്ന വഴിക്ക് മോൾക്ക് തല ചുറ്റുന്ന പോലെ തോന്നി വണ്ടി നിർത്തിയതാ. കുടിക്കാൻ ഒരു കുപ്പി വെള്ളം വാങ്ങാനായി ഞാൻ പുറത്ത് ഇറങ്ങി. മോളു ക്ഷീണിച്ചോണ്ട് ഏട്ടൻ അവളെ താങ്ങി പിടിച്ചു വണ്ടിയിൽ ഇരുന്നു. അതിനിടക്ക് ആരോ എടുത്ത വീഡിയോ ആണ് ഇത്. ”
” ദൈവമേ.. നാറികള് കണ്ണിൽ കാണുന്നത് എന്താ ന്ന് പോലും തിരക്കാതെ ഓരോന്ന് പടച്ചു വിടുവാ.. എന്തായാലും ഞാൻ അങ്ങട് വരുന്നുണ്ട് നമുക്ക് ഉടനെ എന്തേലും ചെയ്യണം.. ചേച്ചി അളിയനെ വിളിച്ചു വേഗം വീട്ടിൽ വരാൻ പറയ്. ”
അത്രയും പറഞ്ഞു കൊണ്ട് പത്മനാഭൻ കോൾ കട്ട് ആക്കി. അതിനു പിന്നാലെ തന്നെ ആരതിയുടെ
കോളും വന്നു
” അമ്മേ.. ന്യൂസ് കണ്ടില്ലേ.. ആരോ ചെയ്ത് വച്ചേക്കുന്നത് കണ്ടില്ലേ അമ്മേ.. ”
ഫോണിലൂടെ കരയുകയായിരുന്നു അവൾ.
” മോളു വിഷമിക്കാതെ.. ആരോ കാണിച്ച പോക്രിത്തരം ആണിത്. ഉടനെ തന്നെ ഞങ്ങൾ അതിനു വേണ്ടത് ചെയ്യും വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല ”
ശ്രീദേവിയുടെ ആശ്വാസവാക്കുകൾക്ക് ആരതിയുടെ വിഷമത്തെ തണുപ്പിക്കാൻ കഴിയുമായിരുന്നില്ല. കൂടുതൽ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നത് ശ്രീദേവിക്കും അറിയില്ലായിരുന്നു കാരണം അത്രമേൽ അവരും ടെൻഷനിൽ ആയിരുന്നു.
കോൾ കട്ട് ചെയ്ത് വീണ്ടും മാധവന്റെ നമ്പർ ഡയൽ ചെയ്തു ശ്രീദേവി. ഫോൺ റിങ് ചെയ്തു പക്ഷെ അത് മുറിയിൽ തന്നെയുണ്ടായിരുന്നു. ഫോൺ വീട്ടിൽ വച്ചിട്ടാണ് മാധവൻ പുറത്തേക്ക് പോയത്. അതോടെ അടങ്ങാത്ത വേവലാതിയിൽ മാധവനെയും കാത്തിരുന്നു ശ്രീദേവി.
സമയം അല്പം കൂടി കഴിയവേ മാധവന്റെ വെള്ള കളർ സാൻട്രോ കാർ വീടിനു മുന്നിലായി വന്നു നിന്നു. അതിൽ നിന്നും വിഷണ്ണനായി ഇറങ്ങുന്ന മാധവനെ കാൺകെ കാര്യങ്ങൾ അയാൾ അറിഞ്ഞു എന്ന് മനസിലാക്കി ശ്രീദേവി.
” ഏട്ടാ… ”
ഓടിയടുത്ത ശ്രീദേവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു മാധവൻ.
” ആരൊക്കെയോ എന്തോ.. വഴീല് കാറു തടഞ്ഞു നിർത്തി മനുഷ്യന്റെ തൊലിയുരിച്ചു. എന്ത് ചെയ്തിട്ട് ആണ് ഇങ്ങനെ ഓരോ നാണക്കേട്. പാവം ആ മോളു എന്ത് പിഴച്ചു. അവൾക്ക് എങ്ങിനെ പുറത്തിറങ്ങി നടക്കാൻ പറ്റും ഇനി.. ഓർത്തിട്ട് എനിക്ക് തല ചുറ്റുന്നു ”
അയാളുടെ വാക്കുകൾ പതറുന്നുണ്ടായിരുന്നു.
” ഏട്ടൻ ഇങ്ങനെ ടെൻഷൻ ആകാതെ.. ഞാനില്ലേ ഒപ്പം.. ആരതിയെ ഞാൻ വിളിച്ചിരുന്നു. അവൾക്ക് പ്രശ്നം ഒന്നും ഇല്ല. പിന്നെ പത്മനാഭൻ ഇങ്ങട് വരുന്നുണ്ട്. ഉടനെ തന്നെ വേണ്ടത് ചെയ്യാം നമുക്ക് ഇത്തരം തോന്ന്യവാസങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമപരമായി തന്നെ നേരിടണം ”
പൂർണ്ണ പിന്തുണയുമായി ശ്രീദേവി ഒപ്പമുള്ളത് വല്ലാത്ത ആശ്വാസമായി മാധവന്.
“ഞാനിനി എങ്ങിനെ കോളേജിൽ പോകും എന്റെ കുട്ട്യോളുടെ മുഖത്ത് എങ്ങിനെ നോക്കും ”
അതായിരുന്നു മാധവന്റെ പ്രധാന വിഷമം. അയാളുടെ മിഴികൾ തുളുമ്പുമ്പോൾ ശ്രീദേവിക്കും വാക്കുകൾ ഇല്ലായിരുന്നു ആശ്വസിപ്പിക്കുവാൻ. അപ്പോഴേക്കും പത്മനാഭനും എത്തി.
” അളിയൻ ടെൻഷൻ ആകേണ്ട… നമുക്ക് നേരെ സ്റ്റേഷനിൽ പോയി ഈ വാർത്തയ്ക്ക് എതിരെ ഒരു കംപ്ലയിന്റ് കൊടുക്കണം. പിന്നെ നമ്മുടെ ശശിചന്ദ്രൻ സാറിന്റെ ചാനലിൽ രാവിലത്തെ ന്യൂസിൽ തന്നെ നമുക്ക് ഈ വാർത്തയ്ക്ക് ഉള്ള മറുപടി കൊടുക്കണം.
അളിയനെയും ചേച്ചിയെയും പിന്നെ ആ മോളെയും ഇരുത്തി ലൈവായി സംഭവിച്ചത് പറയാമെന്നു അവര് ഏറ്റിട്ടുണ്ട്. അതിനുള്ളത് ചെയ്തിട്ടാ ഞാൻ വന്നേ. ചേച്ചി കൂടി ഒപ്പമുണ്ടായിരുന്നത് നമുക്ക് ഒരു ബലമായി. ആ മോളെ വിളിച്ചു കാര്യം പറഞ്ഞേക്ക് ”
പ്രതീക്ഷ നൽകുന്നതായിരുന്നു പത്മനാഭന്റെ വാക്കുകൾ.
” ഇന്നത്തെ രാത്രി ഈ വാർത്ത ആഘോഷമാക്കുന്നവർ അത് ചെയ്തോട്ടെ നാളെ രാവിലെ അവർക്കുള്ള മറുപടി കൊടുക്കാം നമുക്ക്. അളിയൻ വാ നമുക്ക് നേരെ സ്റ്റേഷനിൽ പോകാം… ഈ തോന്ന്യവാസം കാണിച്ച നാറി ആരായാലും അവനെ പൊക്കണം അത് പോലെ ആരേലും കൊണ്ട് കൊടുക്കുന്ന വാർത്തകൾ തോന്ന്യപോലെ പുറത്ത് വിടുന്ന ആ ചാനലുകാർക്കും പണി കൊടുക്കണം.”
കടുത്ത അമർഷത്തിൽ ആയിരുന്നു പത്മനാഭൻ. ഈ ഒരു അവസരത്തിൽ അയാളുടെ പിന്തുണയും അവസരോചിതമായ ഇടപെടലും ഏറെ ആശ്വാസമായി മാധവനും ശ്രീദേവിക്കും.
” ശെരിയാ ഏട്ടാ.. വേഗം ഒരു കേസ് രെജിസ്റ്റർ ചെയ്യണം. ഞാനും വരാം നിങ്ങൾക്കൊപ്പം.. ”
അത്രയും പറഞ്ഞു വേഗത്തിൽ വീടിനുള്ളിലേക്ക് പോയ ശ്രീദേവി. പെട്ടെന്ന് തന്നെ തിരികെയെത്തി. ശേഷം വീടിന്റെ മുൻ ഡോർ ലോക്ക് ചെയ്ത് പുറത്തേക്കിറങ്ങി. ഒക്കെയും നോക്കി മൗനമായി തന്നെ നിന്നു മാധവൻ.
” ഏട്ടൻ ഇങ്ങനെ ടെൻഷൻ അടിച്ചു നിൽക്കാതെ വണ്ടിയിൽ കേറൂ ”
വേഗത്തിൽ അവർ പത്മനാഭന്റെ കാറിലേക്ക് കയറി ഗേറ്റ് കടന്ന് കാർ പുറത്തേക്കിറങ്ങാൻ തുടസങ്ങവേ പെട്ടെന്ന് കുറെ ബൈക്കുകൾ വന്നു അവർക്ക് മുന്നിലായി നിന്നു. ഒരു നിമിഷം ഒന്ന് പേടിച്ചു പത്മനാഭൻ. ഇരുട്ട് ആയതിനാൽ പെട്ടെന്ന് ആരെയും തിരിച്ചറിയാൻ പറ്റിയില്ല. വന്നവർ കൂട്ടത്തോടെ ഇറങ്ങി കാറിന് മുന്നിലേക്ക് വരവേ പെട്ടെന്ന് അവരെ തിരിച്ചറിഞ്ഞു മാധവൻ
“എന്റെ കോളേജിലെ കുട്ടികൾ ആണ്.. ”
വേഗത്തിൽ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
” പിള്ളേര് ന്യൂസ് കണ്ടിട്ട് പ്രശ്നം ഉണ്ടാക്കാൻ വന്നതാണോ ചേച്ചി ”
സംശയത്തോടെ പത്മനാഭൻ നോക്കവേ ആ പേടി ശ്രീദേവിയെയും പിടികൂടി വേഗത്തിൽ അവരും ഡോർ തുറന്ന് പുറത്തേക്കിറങ്ങി. വിദ്യാർത്ഥികളിൽ ഒന്ന് രണ്ട് പേർ അവർക്കരികിലേക്ക് ചെന്നു.
” സാറെ.. ന്യൂസ് ഞങ്ങൾ കണ്ടു.. ”
അവർ പറഞ്ഞത് കേട്ട് തലകുമ്പിട്ടു മാധവൻ
” അതങ്ങിനെ ഒന്നുമല്ല.. ആരോ ഞങ്ങളെ ചീറ്റ് ചെയ്തതാണ്. ആ കാറിൽ ഞാനും ഉണ്ടായിരുന്നു ”
ശ്രീദേവിയാണ് മുന്നിലേക്ക് കയറി അവർക്ക് മറുപടി നൽകിയത്.
” അറിയാം ആന്റി.. ഞങ്ങൾക്ക് അറിയാം ഞങ്ങടെ സാറിനെ.. ആൺ പെൺ വ്യത്യാസം ഇല്ലാതെ ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങടെ സാറാ ഇത്. ആ സാറിനെ പറ്റി ആരെന്തു പറഞ്ഞുണ്ടാക്കിയാലും ഞങ്ങൾ വിശ്വസിക്കില്ല. ഞങ്ങൾ ഉണ്ട് ഒപ്പം അതാ ഈ രാത്രി തന്നെ വന്നത്. ”
വിദ്യാർത്ഥികളുടെ മറുപടി കേട്ട് മാധവന്റെ ആനന്ദത്താൽ മിഴികളിൽ നനവ് പടർന്നു. ശ്രീദേവിയും പത്മനാഭനും ഏറെ സന്തോഷമായി.
” മക്കളെ.. സന്തോഷമായി എനിക്ക്. നിങ്ങളുണ്ടല്ലോ എനിക്കൊപ്പം.. ഇനി പേടിക്കാനൊന്നുമില്ല എനിക്ക് ”
സന്തോഷത്താൽ മാധവൻ അത് പറയുമ്പോൾ വിദ്യാർത്ഥികളും ഒന്നടങ്കം അയാൾക്ക് ചുറ്റും കൂടി.
” സാറേ ഞങ്ങൾ ഇപ്പോഴേ സാറിനു വേണ്ടി ഒരു ക്യാമ്പയിൻ ആരംഭിക്കുവാ സോഷ്യൽ മീഡിയയിൽ. നമുക്ക് കണ്ട് പിടിക്കണം ആരാ ഈ തോന്ന്യവാസം ചെയ്തത് എന്ന് ”
അവരുടെ ആവേശം മാധവനും ഊർജ്ജമായി.
പിറ്റേന്ന് രാവിലത്തെ വാർത്തയിൽ തന്നെമാധവനും ശ്രീദേവിയും ആരതിയും പ്രത്യക്ഷപ്പെട്ടു. മാധവനു വേണ്ടി ശ്രീദേവിയാണ് സംസാരിച്ചത്. ഒരുപക്ഷെ ഭർത്താവിന് സപ്പോർട്ട് ആയി ഭാര്യ തന്നെ മുന്നിട്ടിറങ്ങുമ്പോൾ തീരാവുന്നതെ ഉള്ളു ഇത്തരം ദുഷ്പ്രചാരണങ്ങൾ. മാത്രമല്ല കോളേജ് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ നൽകിയ സപ്പോർട്ടും മാധവന്റെ മേലുള്ള തെറ്റിദ്ധാരണകൾ എളുപ്പത്തിൽ മാറ്റി.
പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിലും പെട്ടെന്ന് തന്നെ തീർപ്പുണ്ടായി. ആ വീഡിയോ പകർത്തി ചാനലിന് കൊടുത്ത ആളെ വേഗത്തിൽ കണ്ടെത്തി കേസ് രെജിസ്റ്റർ ചെയ്തു മാത്രമല്ല വ്യാജ വാർത്ത നൽകിയ ചാനലിന് എതിരെയും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.
” ശ്ശെടാ… ഇന്നലെ ആ വാർത്ത കണ്ടിട്ട് ആവേശത്തിൽ ആ മാഷിന്റെ കാറ് തടഞ്ഞു നിർത്തി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞും പോയല്ലോ.. ഇനീപ്പോ എങ്ങിനെ അയാളുടെ മുഖത്തു നോക്കും ”
നാട്ടുകാർക്കിടയിലും കുറ്റബോധം ഉടലെടുത്തു.
‘കയ്യിൽ ഒരു സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയിൽ ഒരു അകൗണ്ടും ഉണ്ടെങ്കിൽ ആർക്കെതിരെയും എന്ത് തെറ്റായ പ്രചാരണങ്ങളും നടത്താം എന്നതിന് ഒരു പ്രധാന ഉദാഹരണമാണ് ഇന്നലെ മാധവൻ എന്ന കോളേജ് അദ്ധ്യാപകന് എതിരെ ഉണ്ടായ ആരോപണം…
ഇത്തരം ദുഷ്പ്രചാരണങ്ങൾ നടത്തുന്നവരെ തിരിച്ചറിഞ്ഞാൽ കഠിനമായ ശിക്ഷ തന്നെ നൽകുന്നതാണ്. മാത്രമല്ല തന്നിലൂടെ സമൂഹത്തിലെ അഞ്ചോളം കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ നൽകി വരുന്ന നല്ല മനസ്സിനുടമകളായ മാധവൻ മാഷ്, ശ്രീദേവി ദാമ്പത്തികളോട് ഈ അവസരത്തിൽ മന്ത്രിയെന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു’
മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൂടി വന്നതോടെ മാധവൻ മാഷിന് മേലുണ്ടായ എല്ലാ ആരോപണങ്ങളും കാറ്റിൽ പറന്നു. ആരതിയും ഏറെ സന്തോഷിച്ചു. അവളെ തിരികെ വീട്ടിലാക്കി തങ്ങളുടെ വീട്ടിലേക്കെത്തുമ്പോൾ മാധവനും ശ്രീദേവിയും കണ്ടു തലേന്നത്തെ സംഭവത്തിൽ മാപ്പ് പറയാൻ കാത്തു നിൽക്കുന്ന നാട്ടുകാരെ..