ഒട്ടും താത്പര്യം ഇല്ലാതെയാണ് ആ വീഡിയോയിലേക്ക് നോക്കിയതെങ്കിലും പെട്ടെന്ന് ഞെട്ടലിൽ അവളുടെ മിഴികൾ തുറിച്ചു. ശരീരമാസകലം വിറപൂണ്ടു. കാരണം

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ദീപു.. നമ്മുടെ പ്ലാൻ പോലെ ചെയ്തിട്ടുണ്ട്. അവന്റെ കാറിന്റെ ബ്രേക്ക്‌ ലൂസ് ആക്കി വിട്ടു .. വണ്ടി എടുക്കുമ്പോ അറിയില്ല ചെറിയ ബ്രേക്ക്‌ കിട്ടും പക്ഷെ ഓട്ടത്തിൽ ഫുൾ പൊയ്ക്കോളും.. എവിടേലും കൊണ്ട് ഇടിച്ചു കേറി തീർന്നോളും നാറി ”

ഫോണിലൂടെ കൂട്ടുകാരൻ പറഞ്ഞത് കേട്ട് പല്ലിറുമ്മി ദീപു.

” അത് മതി ടാ.. അത് കലക്കി.. അവൻ തീരണം. അവന്റെ പെങ്ങളെ ഞാൻ വളക്കാൻ നോക്കിയെന്ന് പറഞ്ഞു പട്ടിയെ പോലെ എന്നെ തല്ലിയതാ അവൻ. അതും ടൗണിൽ വച്ചിട്ട് നാട്ടുകാര് കാൺകെ. അവൻ ചത്ത് മലച്ചു കിടക്കുന്നത് എനിക്ക് കാണണം എന്നാലേ എന്റെ കലി അടങ്ങു..”

വല്ലാത്തൊരു ആവേശം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

” അളിയാ.. അത് സെറ്റ് ആണ്… അവന്റെ മരണ വാർത്ത നാളെ അറിയാം.. ഇനി പറയ് എന്തായി ഇന്നത്തെ കാര്യം.. നടക്കോ.. അവള് വന്നോ..”

കൂട്ടുകാരന്റെ വാക്കുകളിൽ ആകാംഷ നിറഞ്ഞിരുന്നു

” വരാറാകുന്നേ ഉള്ളു ഞാൻ വെയ്റ്റിംഗ് ആണ്.. ”

ദീപു കുറച്ചകലേക്ക് കണ്ണെത്തിച്ചു മറുപടി പറഞ്ഞു

” അളിയാ. ഇവളെയെങ്കിലും ഒറ്റക്ക് തിന്നാണ്ട് എനിക്കൂടെ തരണേ… ”

കൂട്ടുകാരന്റെ വാക്കുകൾ കേട്ട് ഒന്ന് ചിരിച്ചു ദീപു.

” സെറ്റാക്കാം അളിയാ.. നീ ഇപ്പോ ഫോൺ വച്ചോ.. അവള് ദേ വരുന്നു ”

പെട്ടെന്ന് കോൾ കട്ട് ആക്കി പോക്കറ്റിലേക്കിട്ട് അവൻ പ്രതീക്ഷയോടെ റോഡിലേക്ക് നോക്കി. അവിടെ നിന്നും അവൾ പതിയെ നടന്നു വരുന്നുണ്ടായിരുന്നു. ചിത്ര…

” ചിത്ര.. ഒന്ന് നിൽക്ക്..ഞാൻ നിന്നെ കാത്തു നിൽക്കുവാരുന്നു.. ”

അവൾ അരികിലെത്തിയതും പതിയെ മുന്നിലേക്ക് കേറി ദീപു. അവനെ കണ്ട പാടെ ആകെ ആസ്വസ്ഥയായി ചിത്ര.

” ദീപു.. പ്ലീസ്.. ഞാൻ നിന്നോട് പറഞ്ഞല്ലോ എനിക്ക് നിന്നോട് പ്രേമമൊന്നും ഇല്ല. എന്റെ കല്യാണം ഉറപ്പിച്ചതല്ലേ നിനക്കും അറിയാവുന്നതല്ലേ അത്. എന്നിട്ടും ഇങ്ങനെ പിന്നാലെ വരരുത് പ്ലീസ് ”

അവൾ അപേക്ഷിക്കുമ്പോൾ ദീപു ആകെ വിഷമത്തിൽ ആയി.

” ചിത്ര.. പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ മുതൽ നീ എന്റെ മനസ്സിൽ കടന്ന് കൂടിയതാ. പക്ഷെ അത് നിന്നോട് പറയാൻ പേടിയായിരുന്നു എനിക്ക്. പക്ഷെ നിന്റെ വിവാഹം ഉറപ്പിച്ചതോടെ എനിക്ക് ആകെ ടെൻഷൻ ആയി. ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോഴേക്കും വൈകി പോയി പക്ഷെ പ്ലീസ് എന്നെ നീ മനസിലാക്ക്. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ നിന്നെ.. ഒന്ന് സമ്മതിക്ക് “.

കെഞ്ചുകയായിരുന്നു അവൻ. അതോടെ ചിത്രയ്ക്ക് അരിശം കയറി.

” ദീപു ഇതിപ്പോ എത്രവട്ടമായി ഞാൻ പറയുന്നു പറ്റില്ല എന്ന്.. ഇനിയും നീ ഇങ്ങനെ എന്റെ പിന്നാലെ വരരുത്. നിനക്ക് എന്താ പറഞ്ഞാൽ മനസിലാകാത്തത്. രണ്ട് മാസം കഴിഞ്ഞാൽ എന്റെ വിവാഹം ആണ്. എന്നെ വിട്ടേക്ക് നീ.. ”

അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ വേഗത്തിൽ നടന്നു അവൾ. ഒരു പിൻവിളി പ്രതീക്ഷിച്ചെങ്കിലും ഒരു നിമിഷം പിന്നിൽ അനക്കമൊന്നും ഉണ്ടായില്ല എന്നാൽ പെട്ടെന്ന് ഓടിക്കയറി ചിത്രയുടെ മുന്നിൽ വഴി തടഞ്ഞു നിന്നു ദീപു. പെട്ടെന്നുള്ള അവന്റെ ആ പെരുമാറ്റത്തിൽ ഒന്ന് ഭയന്നു അവൾ.

“ദീപു നീ ഇതെന്തിനുള്ള പുറപ്പാടാ.. വഴീന്ന് മാറ് ”

ധൈര്യം സംഭരിച്ചു പറയുമ്പോൾ ആരേലും ചുറ്റുമുണ്ടോ എന്ന് ഒന്ന് കണ്ണോടിച്ചു ചിത്ര. അത് മനസ്സിലാക്കി ഒന്ന് പുഞ്ചിരിച്ചു ദീപു.

” നോക്കേണ്ട ആരും ഇല്ല. ആളില്ലാത്ത സ്ഥലം നോക്കി തന്നാ ഞാൻ നിന്നത് ”

അവന്റെ ഭാവം മാറിയിരുന്നു. അത് ചിത്രയെ ഭയപ്പെടുത്തി.

” എന്താ.. എന്താ നിനക്ക് വേണ്ടത്… വഴീന്ന് മാറ് എനിക്ക് വീട്ടിൽ പോണം ”

അവനെ തള്ളി മാറ്റി പോകാൻ ശ്രമിച്ചെങ്കിലും കയ്യിൽ പിടുത്തമിട്ടു ദീപു.

” ഒന്ന് നിൽക്ക് ചിത്ര ഒരു കാര്യം ഒരേ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ അത് കേട്ടിട്ട് പോ നീ.. ”

അത് പറഞ്ഞു കൊണ്ടവൻ പതിയെ തന്റെ ഫോൺ കയ്യിലെക്കെടുത്തു. എന്നിട്ട് അതിൽ ഒരു വീഡിയോ ഓൺ ആക്കി ചിത്രയ്ക്ക് നേരെ നീട്ടി.

” ഒന്ന് കണ്ട് നോക്ക് നീ.. എന്നിട്ട് മറുപടി പറയ് ”

ഒട്ടും താത്പര്യം ഇല്ലാതെയാണ് ആ വീഡിയോയിലേക്ക് നോക്കിയതെങ്കിലും പെട്ടെന്ന് ഞെട്ടലിൽ അവളുടെ മിഴികൾ തുറിച്ചു. ശരീരമാസകലം വിറപൂണ്ടു. കാരണം അവൾ ബാത്‌റൂമിൽ കുളിക്കുന്നത് ഒളിക്കാമറയിൽ പകർത്തിയ വീഡിയോയായിരുന്നു അത്.

” എങ്ങിനുണ്ട് കണ്ടിട്ട്.. സൂപ്പർ അല്ലെ ”

വഷളൻ ചിരിയോടെ ദീപു നോക്കുമ്പോൾ ചിത്രയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ഒരു നിമിഷം നടുക്കത്തിൽ എന്ത് പറയണം ന്ന് പോലും അറിയാതെ പകച്ചു പോയി അവൾ.

” ദീ.. ദീപു… ഇ.. ഇത്.. ”

നടുക്കം വിട്ടകലവേ അവന്റെ ചെകിടിൽ ആഞ്ഞടിച്ചു ചിത്ര.

” പന്ന.. തെമ്മാടി.. തോന്ന്യവാസം കാട്ടുന്നോ… ”

ചിത്ര തന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിടുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ദീപു. ശേഷമവൻ ചിത്രയുടെ ചുരിദാറിന്റെ കഴുത്തിൽ പിടുത്തമിട്ടു. അതോടെ അറിയാതെ അവളുടെ കൈകൾ അയഞ്ഞു പോയി. പെട്ടെന്ന് ഒന്ന് തെന്നി മാറി അവന്റെ പിടുത്തത്തിൽ നിന്നും രക്ഷപെട്ടു അവൾ.

“പുന്നാര മോളെ കൂടുതൽ ഷോ ഇറക്കിയാൽ ഇവിടിട്ടു വലിച്ചു കീറും ഞാൻ എല്ലാം ”

ദീപുവിനെ മുഖത്ത് ക്രോധം എരിയുമ്പോൾ പേടിച്ചു പോയി ചിത്ര.

” ദീപു പ്ലീസ്.. ഈ ചതി എന്നോട് കാണിക്കരുത് നീ.. നമ്മൾ ഒന്നിച്ചു പഠിച്ചവർ അല്ലെ.. എന്റെ വിവാഹമാണ് മൂന്ന് മാസങ്ങൾ കഴിഞ്ഞാൽ.. ദയവ് ചെയ്ത് ആ വീഡിയോ ഡിലീറ്റ് ആക്ക് ”

കൈ കൂപ്പി കെഞ്ചി അവൾ അത് കണ്ടിട്ട് പൊട്ടിച്ചിരിച്ചു ദീപു.

” കൊള്ളാം..കൊള്ളാം.. ഡിലീറ്റ് ആക്കാനോ.. പൊന്ന് മോളെ ഇതൊന്ന് സംഘടിപ്പിക്കാൻ എത്ര ദിവസമാ കഷ്ടപ്പെട്ടത് ന്ന് അറിയോ നിനക്ക്. ഒടുക്കം മിനിഞ്ഞാന്ന് നീ കുളിക്കാൻ കയറിയപ്പോഴാ തരപ്പെട്ടെ.. ഇതുവരെ കൊതി തീരെ ഒന്ന് കണ്ടത് പോലും ഇല്ല ഞാൻ. പിന്നെങ്ങനാ ഡിലീറ്റ് ആക്കുന്നെ. ”

കഴുകൻ നോട്ടത്തോടെ അവൻ പറയുമ്പോൾ ആകെ ചൂളി പോയി ചിത്ര.

” ദീപു പ്ലീസ് ഞാൻ നിന്റെ കാലു പിടിക്കാം. ”

വീണ്ടും കെഞ്ചി ചിത്ര..

” ഹാ.. ഉറപ്പായും പിടിക്കണം.. പക്ഷെ കാലിൽ അല്ല.. അതെവിടെയാണ് എവിടെ വച്ചാണ് എന്നത് ഞാൻ പറയാം.”

അവന്റെ വഷളൻ ചിരിയിൽ ഉദ്ദേശം എന്താണെന്ന് മനസിലായി ചിത്രയ്ക്ക്. ഒന്ന് ഞെട്ടി അവൾ. ആ ഞെട്ടൽ കണ്ട് ദീപുവിന് ഹരമായി.

” നീ എന്താടീ കരുതിയേ നിന്നെ കണ്ടിട്ട് ദിവ്യ പ്രേമം മൂത്ത് ഞാൻ പിന്നാലെ വന്നതാണെന്ന്. നിന്റെ ശരീരം കണ്ട് കൊതിച്ചു തന്നാ ഞാൻ നിന്റെ പിന്നാലെ കൂടിയേ. ആഗ്രഹിച്ചാൽ അത് ഞാൻ നേടിയിരിക്കും.

അതിനു വേണ്ടി തന്നാ കഷ്ടപ്പെട്ട് നിന്റെ കുളിസീൻ ഞാൻ ഈ ഫോണിൽ പകർത്തിയത്. പക്ഷെ അത് കൂടി കണ്ടത്തോടെ എന്റെ ആർത്തി ഇരട്ടിയായി. ഇനി നിന്നെ എനിക്ക് വേണം. നിന്റെ കല്യാണം കഴിയുന്നത് വരെയെങ്കിലും. ഞാൻ വിളിക്കുന്നിടത്ത് നീ വന്നേ പറ്റു.. അല്ലെ അറിയാലോ എന്താകും സംഭവിക്കുക എന്ന് ”

നടുങ്ങി തരിച്ചു നിന്നും പോയി ചിത്ര. അത്തരമൊരു ചതി അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.

” ദീപു പ്ലീസ്… എന്നോട് ഇത് ചെയ്യാൻ നിനക്ക് എങ്ങിനെ തോന്നുന്നു. എന്റെ ജീവിതം തകർക്കരുത് പ്ലീസ്.. നിന്റെ കാലു പിടിക്കാം ഞാൻ ”

നിറമിഴികളോടെ ചിത്ര കൈകൂപ്പി കെഞ്ചുമ്പോഴും ചിരിക്കുകയായിരുന്നു ദീപു.

” എന്റെ പെണ്ണെ ആരും അറിയില്ല. എന്റെ കസ്റ്റഡിയിൽ ഒരു ലോഡ്ജ് മുറിയുണ്ട്. സ്ഥിരം നിന്നെ പോലുള്ള കേസുകെട്ടുകളെ ഞാൻ അവിടെയാ കൊണ്ട് പോകാറ്. ഒരു ദിവസം രാവിലേ നമുക്ക് അവിടെ പോകാം നല്ലോണം അടിച്ചു പൊളിച്ചു ഉച്ച കഴിയുമ്പോ തിരിച്ചും വരാം. ആരും അറിയില്ല ഒന്നും.. സിമ്പിൾ പരിപാടി. കല്യാണം ഒക്കെ വരുവല്ലേ അതിനു മുന്നേ ഉള്ള ഒരു ട്രെയിനിങ് ആയി കൂട്ടിയാൽ മതി ഇത് ”

ചിത്രയുടെ മേനിയഴക് കണ്ണാലൊന്ന് ഉഴിഞ്ഞു കൊണ്ട് ദീപു മറുപടി പറഞ്ഞു.

ആ പറഞ്ഞത് കേട്ട് അറപ്പ് തോന്നിയെങ്കിലും ശാന്തയായി ചിത്ര.

” ദീപു പ്ലീസ്.. എന്നോട് നീ ഇങ്ങനെ ആവശ്യപ്പെടരുത്. എനിക്കതിനു കഴിയില്ല… എന്റെ ജീവിതം തകർക്കരുത് പ്ലീസ്.. ”

വീണ്ടും വീണ്ടും അവൾ കെഞ്ചുമ്പോൾ ദീപുവിന് ആവേശം കൂടി കൂടി വന്നു.

” ചിത്ര. വേറൊന്നും എനിക്ക് പറയാൻ ഇല്ല എന്ന്..ഇപ്പോൾ എന്നത് ഞാൻ വിളിച്ചു അറിയിക്കാം. കൂടുതൽ ഒന്നും പറയാൻ ഇല്ല ”

അത്രയും പറഞ്ഞു കൊണ്ടാവൻ തന്റെ ബൈക്കിലേക്ക് കയറി. അവൻ പോകാനുള്ള പുറപ്പാടാണെന്ന് മനസ്സിലാക്കിയതോടെ കൂടുതൽ ഭയന്ന് ചിത്ര. വേറെ വഴിയില്ലാതെ ഒടുവിൽ അവന്റെ കാലു പിടിച്ചു അവൾ.

” പ്ലീസ് ദീപു.. പ്ലീസ്.. ”

തന്റെ മാനത്തിന് വേണ്ടിയവൾ കെഞ്ചുമ്പോൾ ആ നിസ്സഹായാവസ്ഥയിൽ ആനന്ദം കണ്ടെത്തുകയായിരുന്നു ദീപു.

” ചിത്ര.. ഞാൻ പറഞ്ഞല്ലോ ആരും അറിയില്ല.. കൂടുതൽ ഒന്നും ചിന്തിക്കേണ്ട. നമുക്ക് കാണാം വൈകാതെ. ”

കാലു കൊണ്ട് അവളെ തട്ടി മാറ്റി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ദീപു. ശേഷം വീണ്ടും ഒന്ന് തിരിഞ്ഞു

” അറിയാലോ.. ഇത് ആരോടേലും പറഞ്ഞാൽ പിന്നെ നിന്റെ കുളി ഈ നാട്ടുകാര് കാണും… അതോർത്തോ ”

അവസാനത്തെ ആ ഭീക്ഷണി കൂടി കേൾക്കെ എന്ത് ചെയ്യണം ന്ന് അറിയാതെ പൊട്ടിക്കരഞ്ഞു ചിത്ര.. അത് കണ്ട് ചിരിച്ചു കൊണ്ട് ദീപു പതിയെ ആക്സിലേറ്ററിൽ കൈ അമർത്തി. ബൈക്ക് മുന്നിലേക്ക് പാഞ്ഞു…

എന്ത് ചെയ്യണമെന്നറിയാതെ മനസ്സുരുകി നിന്നു പോയി ചിത്ര. അവളുടെ ആ നിസ്സഹായാവസ്ഥ എത്ര കണ്ടിട്ടും മതിവരാത്ത പോലെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയാണ് ദീപു ബൈക്ക് ഓടിച്ചത്. അതുകൊണ്ട് തന്നെ മുന്നിലെ വളവിൽ പതിയിരുന്ന അപകടം അവൻ ശ്രദ്ധിച്ചില്ല.

നിർത്താതെയുള്ള ഹോൺ ശബ്ദവും വലിയൊരു ഒച്ചയും കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ചിത്ര കണ്ടത് വായുവിൽ ഉയർന്ന് നിലത്തേക്ക് തലയടിച്ചു വീഴുന്ന ദീപുവിനെയാണ്. നടുങ്ങി തരിച്ചവൾ നിൽക്കുമ്പോൾ നിയന്ത്രണം വിട്ടുവന്ന ആ കാറിന്റെ മുൻ ചക്രം അവന്റെ മേൽ കയറിയിറങ്ങിയിരുന്നു…

ആദ്യത്തെ നടുക്കം മാറി ഓടി അടുക്കുമ്പോൾ അവൾ കണ്ടത് ജീവൻ നഷ്ടപ്പെട്ട് കിടക്കുന്ന ദീപുവിനെയാണ്. അവനരികിൽ തന്നെ വണ്ടിയുടെ ചക്രം കയറിയിറങ്ങി തവിടു പൊടിയായി ആ ഫോണും കിടന്നിരുന്നു. സൈഡിലെ മരത്തിൽ ഇടിച്ചു നിന്ന ആ കാറിൽ നിന്നും തലയിൽ നിന്നും ചോര ഒളിച്ചുകൊണ്ട് ഡ്രൈവർ ഇറങ്ങി. ദീപുവിന്റെ ചേതനയറ്റ ശരീരം കണ്ട് അയാൾ ഭയത്താൽ തലയിൽ കൈ വച്ച് പോയി.

” വ.. വണ്ടി ടെ ബ്രേക്ക് പെട്ടെന്ന് കിട്ടാതെ ആയി.. അതാ.. ദൈവമേ.. ”

വിറയലോടെ അയാൾ നിലത്തേക്കിരിക്കുമ്പോൾ മാറ്റാരൊക്കെയോ അവിടേക്ക് ഓടി കൂടി

” ആള് തീർന്നു കേട്ടോ.. ”

ആരോ പറയുന്നത് കേട്ടു ചിത്ര. അവളുടെ നടുക്കം അപ്പോഴും മാറിയിരുന്നില്ല. കുറച്ചു സമയമായി കണ്മുന്നിൽ നടക്കുന്നതൊക്കെയും സ്വപ്നമാണോ സത്യമാണോ എന്ന് പോലും മനസ്സിലാകാതെ അവൾ അങ്ങിനെ നിന്നു.

” ആ കൊച്ചിനെ ഒരു ഓട്ടോ കേറ്റി വിട്ടേ ആരേലും. ഇത് കണ്ടിട്ട് ആകെ ഭയന്ന് നിൽക്കുവാ ”

കൂടിയവരിൽ ആരോ ചിത്രയുടെ നടുക്കം ശ്രദ്ധിച്ചു. ആരോ കൈ കാണിച്ചു നിർത്തിയ ഓട്ടോയിലേക്ക് കയറുമ്പോൾ അവൾ ഒരിക്കൽ കൂടി ദീപുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ചോരയൊലിച്ചു കിടക്കുന്ന അവന്റെ മുഖം അവൾളുടെ ഉള്ളിൽ പതിഞ്ഞു.

‘ ചിലപ്പോഴൊക്കെ ദൈവം അങ്ങിനെയാണ്. ചെയ്യുന്ന ദുഷ്പ്രവർത്തികൾക്ക് അപ്പോൾ തന്നെ ശിക്ഷ നൽകും ‘

ചിത്രയുടെ മനസ്സിൽ അപ്പോൾ അതാണ് തോന്നിയത്.

ആ തോന്നൽ സത്യമാകാം… കാരണം ഒരാളെ മരണത്തിലേക്ക് തള്ളി വിടുവാൻ കാറിന്റെ ബ്രേക്ക് ഇളക്കി വിട്ടപ്പോൾ ദീപു ഒരിക്കലും പ്രതീക്ഷിച്ചില്ല ആ കാർ തന്നെ തന്റെ കൊലയാളി ആകുമെന്ന്

Leave a Reply

Your email address will not be published. Required fields are marked *