(രചന: രജിത ജയൻ)
” ഒരു രണ്ടാം കെട്ടുകാരനു മുന്നിൽ സമർപ്പിക്കാനാണോ ടീ നീയിത്രയും നാൾ നിന്റെയീ ശരീരം ആരും കാണാതെ കെട്ടി പൊതിഞ്ഞു നടന്നത്..?
“ബാക്കിയുള്ളവൻ ഇക്കണ്ട കാലം മുഴുവൻ നിനക്ക് പുറകെ പട്ടിയെ പോലെ നടന്നിട്ടും ഒന്നു തിരിഞ്ഞു നോക്കാത്ത നിനക്കിപ്പോ കൊച്ചുള്ള ഒരുത്തനെ കെട്ടാൻ ഒരു പ്രശ്നവും ഇല്ല ല്ലെ..?
“എനിക്കുള്ളതൊക്കെ തന്നെയാണെടീ അവനും ഉള്ളത് ,നിന്നെ ഞാൻ അവനൊപ്പം ജീവിക്കാൻ സമ്മതിക്കില്ലെടീ ..
തനിക്ക് മുമ്പിൽ നിന്ന് ദേഷ്യത്തിൽ വിറച്ചു തുള്ളി ആക്രോശിക്കുന്ന വിജീഷിനെ ഗായത്രി നിസ്സംഗതയോടെ നോക്കി നിൽക്കുന്നതു കണ്ട് ഗോവിന്ദിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു
” വിജീഷേ നീ വീട്ടിൽ പോവാൻ നോക്ക് ,ഗായത്രിക്ക് നിന്നെ വിവാഹം കഴിക്കാനും ,ഞങ്ങൾക്ക് അവളെ നിനക്ക് തരാനും താൽപര്യമില്ലാന്ന് എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞതാണ്..
“ഇനി അതിലൊരു വർത്താനത്തിന്റെ ആവശ്യം ഇല്ല, നീ പോവാൻ നോക്ക്.
അമ്മായീ കാത്തിരിക്കുന്നുണ്ടാവും നിന്നെ.. ചെല്ല് നീ
ഗോവിന്ദിന്റെ ശബ്ദം തനിക്ക് നേരെ ഉയർന്നതും വിജീഷ് അവനോടെന്തോ പറയാനായ് വാ തുറന്നെങ്കിലും ഗൗരവത്തിൽ തന്നെ, തന്നെ നോക്കി നിൽക്കുന്ന ഗോവിന്ദിന്റെ മുഖത്തെ ഭാവം കണ്ട് ഭയന്നെണ്ണ വണ്ണം അവൻ നിലത്തുറയ്ക്കാത്ത തന്റെ കാലുകൾ വലിച്ചുകൊണ്ട് ആടിയാടി ആ വീടിന്റെ പടി കടന്നു പോയിട്ടും അവനിൽ നിന്ന് പുറത്തു വന്ന മദ്യത്തിന്റെ മണം അവിടെയാക്കെ നിറഞ്ഞു നിന്നു ..
പടികടന്നു പോവുന്ന വിജീഷിനെ ഒന്നു നോക്കി വീടിനകത്തേക്ക് നടക്കാനൊരുങ്ങിയ ഗായത്രിയുടെ കൈയിൽ പിടിച്ചു തനിക്ക് നേരെ നിർത്തി ഗോവിന്ദവളുടെ മുഖത്തേക്ക് നോക്കി ..
“മോളെ, നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ ..?
നീ ചിന്തിച്ചെടുത്ത തീരുമാനം തന്നെയല്ലേ മോളെ ..?
“നിനക്ക് ഗിരിയേയും മോളെയും പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ കഴിയുമെന്ന് ഉറപ്പല്ലേ .. ?
ഗായത്രിയുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമുറപ്പിച്ച് ഒരു ഉറപ്പിനെന്ന പോലെ ഗോവിന്ദതു ചോദിക്കുമ്പോൾ ഗായത്രിക്ക് മനസ്സിലാക്കുന്നുണ്ടായിരുന്നു തന്റെ ഏട്ടന്റെ മനസ്സിലെ ആകുലതകൾ ..
തന്റെ ജീവിതത്തിൽ ഏട്ടന് സ്ഥാനങ്ങൾ പലതാണ്, തന്റെ അച്ഛനും അമ്മയും എല്ലാം ഏട്ടനാണ്,
കുഞ്ഞുനാളിലൊരപകടത്തിലൂടെ മാതാപിതാക്കളെ നഷ്ട്ടമായനാഥരായ് തീർന്നവരാണ് തങ്ങൾ .അന്നു മുതലിന്നോളം തനിക്കെല്ലാം ഏട്ടനാണ്
ചോദ്യഭാവത്തിൽ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ഏട്ടന്റെ കവിളിൽ ഗായത്രി അമർത്തി ഒന്നുമ്മ വെച്ചു
“എന്റെ തീരുമാനങ്ങൾ ഉറച്ചതാണ് ഏട്ടാ .. അതിനൊരു മാറ്റവുമില്ല .
അമ്മുമോൾക്കൊരു അമ്മയായും ഗിരിയേട്ടനൊരു നല്ല ഭാര്യയായ് മാറാനും ഞാനെടുത്ത എന്റെ തീരുമാനത്തിൽ മാറ്റമില്ല ..
”പിന്നെ ഇപ്പോഴിവിടെ നിന്നിറങ്ങി പോയ വിജിഷിനെ പറ്റിയോർത്താർത്താണ് ഇപ്പോഴീ ചോദ്യമെങ്കിൽ അന്നും ഇന്നും എന്നും വിജീഷേട്ടൻ എനിക്കെന്റെ ഏട്ടൻ മാത്രമാണ് .. അതിലും അപ്പുറം ഏതൊരു സ്ത്രീയേയും കാമത്തിന്റെ കണ്ണിലോടെ മാത്രം നോക്കുന്ന അയാളെ എനിക്ക് അറപ്പുമാണ് ..
”ഏട്ടൻ കൂടുതലൊന്നും ആലോചിക്കാതെ വേഗം ജോലികളെല്ലാം ചെയ്തു തീർത്തേ .. രണ്ടു ദിവസം കഴിഞ്ഞാലീ അനിയത്തി കുട്ടിയുടെ കല്യാണമല്ലേ, അതും ഏട്ടന്റെ ചങ്കായ ഗിരിയേട്ടനുമായിട്ട് .. വേഗം കാര്യങ്ങൾ നടത്തൂ..
നിറചിരിയോടെ അവനോടു പറഞ്ഞു കൊണ്ടവൾ അകത്തേക്ക് നടന്നു.
തന്റെ കയ്യിലെ ഫോണിൽ ഗിരിയുടെയും അമ്മു മോളുടെയും ഫോട്ടോകൾ നോക്കിയാ കട്ടിലിൽ ഇരിക്കുമ്പോൾ സ്വയം വിശ്വസിക്കാൻ കഴിയാതെ എന്നവണ്ണം ഗായത്രി തന്റെ കഴുത്തിലെ താലിമാലയിലേക്ക് നെറുകയിലെ സിന്ദൂരത്തിലേയ്ക്കും വീണ്ടും വീണ്ടു നോക്കി..
എന്തിനെന്നറിയാതെ നിറയുന്ന മിഴികൾ തുടച്ചു മാറ്റുമ്പോൾ ഫോണിലെഗിരിയുടെ ഫോട്ടോയവൾ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു
ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്നു കരുതി മനസ്സിൽ മറ്റാരും അറിയാതെ താൻ സൂക്ഷിച്ചതന്റെ പ്രണയം ഇന്നിതാ തനിക്ക് സ്വന്തമായിരിക്കുന്നു ..
മനസ്സിലും ശരീരത്തിലും പ്രണയം വിരിയുന്ന പ്രായത്തിൽ അറിയാതെ എന്നോ മനസ്സിൽ കയറിയതാണ് ഗിരിയേട്ടൻ ,ഗോവിന്ദേട്ടന്റെ ഉറ്റ സുഹൃത്ത്..
കൗമാരം മുതൽ തന്റെ രാവുകളിലും പകലുകളിലും എന്നും നിറഞ്ഞു നിന്നത് ഗിരിയേട്ടനായിരുന്നു ..
ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഗിരിയേട്ടനിലായിരുന്നു ,ആരോടും പറയാതെ താൻ മനസ്സിൽ സൂക്ഷിച്ച തന്റെ പ്രണയം ഗിരിയേട്ടൻ …
ഗിരിയേട്ടനോടും ഗോവിന്ദേട്ടനോടുംപറയാൻ ധൈര്യം ഉണ്ടായിരുന്നില്ല തനിക്ക്..
പക്ഷെ തന്നെ കാണുമ്പോൾ ഗിരിയേട്ടന്റെ മുഖത്തുണ്ടാവുന്ന സന്തോഷം കണ്ടപ്പോൾ താനും കരുതിയിരുന്നത് ഗിരിയേട്ടനും തന്നെ ഇഷ്ട്ടമാണെന്നായിരുന്നു ..
പക്ഷെ തീരെ പ്രതീക്ഷിക്കാതൊരു ദിവസം ഗോവിന്ദേട്ടൻ വന്ന് ഗിരിയേട്ടന്റെ വിവാഹം ഉറപ്പിച്ചു എന്നു പറഞ്ഞപ്പോൾ തകർന്നു പോയ് താൻ
അമ്മ മാത്രം സ്വന്തമായുണ്ടായിരുന്ന ഗിരിയേട്ടൻ അമ്മയുടെ ആവശ്യപ്രകാരം അമ്മ കണ്ടെത്തിയ പെൺകുട്ടിയെ താലിചാർത്തി ഭാര്യയാക്കിയപ്പോൾ ചിതറി തെറിച്ചു തകർന്നുപോയത് തന്റെ ഹൃദയമായിരുന്നു, ആരുമറിയാതെ സൂക്ഷിച്ച തന്റെ പ്രണയമായിരുന്നു ..
തകർന്ന മനസ്സോടെയായിരുന്നു തന്റെ പിന്നീടുള്ള ജീവിതം കളി ചിരികൾ മറന്നു പോയ് താൻ, ഏട്ടൻ പോലും തന്റെ മൗനത്തിന്റെ കാരണമറിയാതെ ഉഴറി,
ഇതിനിടയിൽ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു വിജീഷേട്ടൻ ശല്യപ്പെടുത്താൻ തുടങ്ങി യതും തന്റെ മൗനത്തിന്റെ കനം കൂട്ടി
മനസ്സിൽ പതിഞ്ഞു പോയ ഗിരിയേട്ടന്റെ മുഖം പറിച്ചു മാറ്റാൻ കഴിയാതെ താൻ തളർന്നപ്പോഴും മനസ്സ് എന്നും ആഗ്രഹിച്ചത് ഗിരിയേട്ടന്റെ സന്തോഷമായിരുന്നു.
അവരെന്നും സന്തോഷത്തോടെ ജീവിക്കണമെന്നുമായിരുന്നു.. സ്വന്തമാക്കുന്നത് മാത്രമല്ലല്ലോ പ്രണയം ..?
ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ച് പതിരായ് മാറിയ പ്രണയം കാരണം പിന്നീടൊരാളും മനസ്സിൽ ഇടം നേടിയില്ല, തന്റെവിവാഹത്തിന് ഏട്ടൻ നിർബന്ധം പിടിച്ചപ്പോൾ താനത് ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്നു മാത്രം പറഞ്ഞു ,കൂടുതൽ പഠിച്ചു നല്ല ജോലി വാങ്ങി ..
ഇതിനിടയിൽ ഒരപകടത്തിൽ ഗിരിയേട്ടന്റെ ഭാര്യ പ്രതീക്ഷിക്കാതെ മരണത്തിന് കീഴടങ്ങിയപ്പോൾ താൻ ശരിയ്ക്കും തകർന്നു, കയ്യിലൊരു പൊടി കുഞ്ഞുമായ് ഗിരിയേട്ടൻ കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ ദൈവങ്ങളോടു പോലും ദേഷ്യമായ് ഇത്രയും വലിയൊരു ക്രൂരത ആ ജീവിതത്തിൽ ചെയ്തതിന് ..
പ്രാർത്ഥിച്ചത് മുഴുവൻ അവരുടെ നല്ല ജീവിതത്തിന് വേണ്ടിയായിരുന്നു .. തന്നാൽ കഴിയുംവിധം ഗിരിയേട്ടനെ ആശ്വസിപ്പിച്ച് ആ കൂടെ നിന്നപ്പോൾ താനൊരു കൂട്ടുകാരി മാത്രമായിരുന്നു ..
ഗിരിയേട്ടന്റെ മോൾക്ക് അഞ്ചു വയസ്സായപ്പോൾ മുതൽ ഗിരിയേട്ടന്റെ അമ്മ വീണ്ടും ഗിരിയേട്ടന് വിവാഹം നോക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മനസ്സ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും ഇനിയെങ്കിലും നല്ലൊരു സന്തോഷമുള്ള ജീവിതം അദ്ദേഹത്തിനും മോൾക്കും ലഭിക്കണേ എന്നു മാത്രമായിരുന്നു …
ഒടുവിലെപ്പോഴോ കറങ്ങി തിരിഞ്ഞയാ വിവാഹാലോചന തനിലെത്തിയപ്പോൾ പകച്ചു പോയ് താൻ .. നേടണമെന്നാഗ്രഹിച്ച പ്രണയമായിരുന്നു പക്ഷെ എന്നിട്ടും പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല, അറിയാതെ എങ്കിലും ഗിരിയേട്ടന്റെ ഭാര്യയുടെ മരണത്തിന് കാരണമായ് തന്റെ പ്രണയം മാറിയോ എന്ന അരുതാത്ത ചിന്ത വന്നു പലപ്പോഴും മനസ്സിൽ ..
ഒടുവിലെപ്പോഴോ താനും സമ്മതമറിയിച്ചു ആ ജീവിതത്തോട് ചേരാൻ, തന്നെ പോലെ ആ അച്ഛനെയും മകളെയും സ്നേഹിക്കാനും സാന്ത്വനം പകരാനും വേറെ ഒരാൾക്കും കഴിയില്ല എന്ന തിരിച്ചറിവിൽ താനാ താലി സ്വികരിച്ചു ..
ആരുംഅറിയാതെ മനസ്സിൽ സൂക്ഷിച്ച തന്റെ പ്രണയത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇന്നെങ്കിലും അവളുടെമനസ്സ് വീണ്ടും ഒന്നൂടെ തയ്യാറാവുകയായിരുന്നു ഗിരിയെ ഉൾക്കൊള്ളാൻ അവന്റെ നല്ലൊരു ഭാര്യയാവാൻ ,അമ്മു മോൾക്ക് നല്ലൊരു അമ്മയാവാൻ …
ചില പ്രണയങ്ങൾ കാലം തെറ്റി നമ്മുക്ക് തന്നെ സ്വന്തമാവുമെങ്കിലും അതിൽ പലപ്പോഴും പലരുടെയും സങ്കടങ്ങൾ കലർന്നിട്ടുണ്ടാവും ,
ആരോടും പറയാതെ പതിരായ് പോയ ഗായത്രിയുടെ പ്രണയം ഇന്നവൾ നേടി, ഇനി മുന്നോട്ട് ഒരു നല്ല ഭാര്യയായ് അമ്മയായ് മാറാൻ തനിക്ക് സാധിക്കണേ എന്ന പ്രാർത്ഥനയോടെ ആ മുറിയിൽ ഗായത്രി ഗിരിയേയും കാത്തിരുന്നു ,ഒത്തിരി പുതിയ പ്രതീക്ഷയുടെ പുൽനാമ്പുമായ് ,ആരുമറിയാതെ മനസ്സിൽ സൂക്ഷിച്ച അവനോടുള്ള പ്രണയവുമായ് ….