(രചന: ശ്രേയ)
” എനിക്ക് അവളെ അത്രേം ഇഷ്ടായത് കൊണ്ടല്ലേ ഏട്ടത്തീ.. ഒന്ന് സമ്മതിക്കെന്നെ.. ”
അനിയൻ കെഞ്ചി പറയുമ്പോൾ അവൾ തന്റെ ഭർത്താവിനെ ഒന്ന് നോക്കി.അയാളുടെ മുഖത്തും അവൻ പറഞ്ഞത് സമ്മതിച്ചു കൊടുത്തേക്ക് എന്നൊരു ഭാവം ആണ്..!
“ഇത്രയും കാലം ഇങ്ങനെയൊരു ഇഷ്ടം നീ മനസ്സിൽ ഒളിപ്പിച്ചു കൊണ്ടു നടന്നല്ലോ..ഞങ്ങളോട് ആരോടും ഒരു വാക്കു പോലും പറയാനുള്ള മര്യാദ നീ കാണിച്ചില്ലല്ലോ..”
ഒരു പരിഭവം പോലെ ഏട്ടത്തി പറഞ്ഞു.അത് കേട്ടപ്പോൾ അവന് ആകെ ഒരു വിഷമം തോന്നി.
“ഒന്നിലും ഒരു തീരുമാനം ആകാതെ ഞാനെങ്ങനെയാണ് നിങ്ങളോടൊക്കെ പറയുക..?
ഈ പ്രണയം എന്നൊക്കെ പറയുന്നത് സക്സസ് ആവാൻ എല്ലായിപ്പോഴും 100% സാധ്യതയുള്ള കാര്യമൊന്നുമല്ലല്ലോ..! അതുകൊണ്ടുതന്നെ അത് എന്തെങ്കിലും ഒരു തീരുമാനം ആയിട്ട് നിങ്ങളോട് പറയാം എന്ന് കരുതി.”
അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
അത് കേട്ടപ്പോൾ ഏട്ടത്തി മുഖം വെട്ടിച്ചു.
അത് കണ്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.
” താൻ ഇങ്ങനെ മസില് പിടിക്കാതെ.. അവന്റെ ഇഷ്ടമല്ലേ നമ്മുടെ ഇഷ്ടം..? അവൻ അവന്റെ ഇഷ്ടത്തിന് എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ.. ”
ഏട്ടൻ കൂടി പറഞ്ഞതൊക്കെ ഏട്ടത്തി ഒന്ന് അയഞ്ഞു.
” ഞാൻ ഒന്നും പറയുന്നില്ല.. എന്താണെന്ന് വച്ചാൽ ചെയ്യട്ടെ.. ”
അവൾ അങ്ങനെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.
അവൻ വിഷമത്തോടെ ചേട്ടനെ നോക്കി. അയാൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.
” നീ അതൊന്നും കാര്യമാക്കണ്ട.. അവൾക്ക് നിന്നെ എത്രത്തോളം ഇഷ്ടമാണെന്ന് നിനക്കറിയാലോ..?
അങ്ങനെ ഉള്ളപ്പോ നീ അവളോട് ഒന്നും പറയാതെ മറച്ചു വച്ചു എന്നൊരു തോന്നലിൽ പരിഭവം കാണിക്കുന്നതാണ്.. വിഷമിക്കണ്ട.. ”
ഏട്ടൻ ആശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞപ്പോൾ അത് ശരിയായിരിക്കും എന്ന് അവനും തോന്നി.
കാരണം അമ്മയും അച്ഛനും ഇല്ലാത്ത മക്കൾ ആയിരുന്നു ഏട്ടനും താനും.. ഏട്ടൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഒരു ആക്സിഡന്റിൽ തങ്ങളുടെ മാതാപിതാക്കൾ മരണപ്പെടുന്നത്. അവിടന്ന് ഇങ്ങോട്ട് ഞങ്ങൾക്ക് ഞങ്ങളെ ഉള്ളൂ എന്നൊരു ധാരണയിൽ ആണ് ജീവിച്ചത്.
ഏട്ടന്റെ വിവാഹം കഴിഞ്ഞു ഏട്ടത്തി കൂടി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിട്ട് മൂന്ന് വർഷം ആകുന്നു. അന്ന് മുതൽ ഇന്ന് വരെ ഒരിക്കലും തന്നെ വേർതിരിച്ചു കണ്ടിട്ടില്ല..!
അവൻ ഓർത്തു.
കണ്ണന്റെ പ്രണയമാണ് ദിവ്യ.. അവളുടെ വീട്ടിൽ ഇപ്പോൾ ഇവരുടെ പ്രണയബന്ധം അറിഞ്ഞു ആകെ പ്രശ്നങ്ങൾ ആണ്. അതുകൊണ്ട് എത്രയും വേഗം വിവാഹം നടത്തണം എന്നുള്ള തീരുമാനത്തിൽ ആണ് അവർ.
അത് കണ്ണൻ വീട്ടിൽ അവതരിപ്പിച്ചതിന്റെ ബാക്കി പത്രം ആയിരുന്നു ഏട്ടത്തിയുടെ മുഖം വീർപ്പിക്കൽ..!
എന്തായാലും ഏട്ടത്തി അങ്ങനെ മുഖം വീർപ്പിക്കുക ഒക്കെ ചെയ്തെങ്കിലും, കണ്ണന്റെ വിവാഹവുമായി മുന്നോട്ടു പോകാൻ ഏട്ടന് പൂർണ സമ്മതം ആയിരുന്നു.
ആ പെൺകുട്ടിയെ വിളിച്ച് ഇറക്കി കൊണ്ടു വരാൻ തന്നെ കണ്ണൻ തീരുമാനിച്ചു. അവളുടെ വീട്ടിൽ സംസാരിച്ചിട്ട് യാതൊരു കാര്യത്തിലും നടപടിയില്ല എന്ന് കണ്ടതോടെ അവന്റെ തീരുമാനത്തെ ഏട്ടനും അനുകൂലിച്ചു.
പതിയെ പതിയെ ഏട്ടത്തിയും തന്റെ നയം മാറ്റി. വിവാഹത്തിന്റെ കാര്യത്തിൽ പൂർണ്ണമായ സഹകരണം തന്നെ ഏട്ടത്തിയും നൽകി.
ഏറ്റവും അടുത്ത കുറച്ചു ബന്ധുക്കളെ മാത്രം സാക്ഷി നിർത്തി കണ്ണൻ ദിവ്യയുടെ കഴുത്തിൽ താലികെട്ടി.
അവൾ ആ വീട്ടിലേക്ക് കയറി വന്നപ്പോൾ തന്നെ കണ്ണൻ അവനോട് പറഞ്ഞത് ഏട്ടനും ഏട്ടത്തിയും എന്നും അവൾക്ക് സ്വന്തമായിരിക്കണം എന്ന് മാത്രമാണ്. അവൾ അത് തലകുലുക്കി സമ്മതിക്കുകയും ചെയ്തു.
രാവിലെ കണ്ണന് ജോലിക്ക് പോകുമ്പോൾ ആഹാരം കൊണ്ടുപോകാനുള്ളത് കൊണ്ടു തന്നെ ദിവ്യ നേരത്തെ തന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് ചെല്ലും. ആ സമയത്ത് ഏട്ടത്തി അവിടെ പണികൾ തുടങ്ങിയിട്ടുണ്ടാവും.
അവൾ ചെല്ലുമ്പോൾ തന്നെ പറയുന്നത് മോള് ഒന്നും ചെയ്യേണ്ട റസ്റ്റ് എടുത്തോ എന്ന് മാത്രമാണ്. ആദ്യത്തെ ഒരാഴ്ചയൊക്കെ അവർ പറയുന്നതുപോലെ തന്നെ കാര്യങ്ങൾ മുന്നോട്ടു പോയി.
പക്ഷേ പിന്നെ ഒരു പണിയും എടുക്കാതിരിക്കുക എന്നുള്ളത് അവൾക്ക് ഒരു ബാധ്യതയായി. അതോടെ അവൾ പതിയെ പതിയെ ഓരോ പണികൾ ആയി ചെയ്തു തുടങ്ങി.
അവൾ കണ്ണനും അവന്റെ ഏട്ടനും ഒക്കെ പ്രിയപ്പെട്ടവൾ ആവാൻ അധികം സമയം വേണ്ടി വന്നില്ല. മിതമായ സംസാരിക്കുന്ന എല്ലാവരോടും ചിരിയോടെ ഇടപെടുന്ന ഒരു പെൺകുട്ടിയായിരുന്നു അവൾ. അതുകൊണ്ടുതന്നെ ആർക്കും അവളെ ഇഷ്ടമാകും.
” കണ്ണന് ചേർന്ന പെൺകുട്ടിയെ തന്നെയാണല്ലേ അവന് കിട്ടിയത്…? എല്ലാവരോടും ഇടപെടുന്ന കാര്യത്തിൽ ആണെങ്കിൽ പോലും അവൾ നല്ല കുട്ടിയാണ്. ”
കണ്ണന്റെ ഏട്ടൻ ഒരിക്കൽ ഏട്ടത്തിയോട് പറയുന്നത് ദിവ്യയുടെ ശ്രദ്ധയിൽപ്പെട്ടു. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നുകയും ചെയ്തു.
” എന്തൊക്കെ ആണെന്ന് പറഞ്ഞാൽ എന്താ..? പൊന്നേ കരളേ എന്ന് പറഞ്ഞ് നോക്കി വളർത്തിക്കൊണ്ടു വന്ന വീട്ടുകാരെ തള്ളിപ്പറഞ്ഞ് ഇറങ്ങി പോന്നതല്ലേ..? ഈ സന്തോഷങ്ങളൊക്കെ എത്ര കാലം കാണും എന്ന് കണ്ടറിയണം.”
ഏട്ടത്തി പറഞ്ഞ വാക്കുകൾ ദിവ്യയെ വല്ലാതെ വേദനിപ്പിച്ചു.
സങ്കടത്തോടെ അവൾ തിരിഞ്ഞു നടന്നു.
അതിനു ശേഷം പലപ്പോഴായി ഏട്ടത്തി പല കാര്യങ്ങളും പറഞ്ഞ് അവളെ വേദനിപ്പിക്കാൻ തുടങ്ങി. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല എങ്കിൽപോലും അവളുടെ വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്ത് അവളെ കുത്തി വേദനിപ്പിക്കുക എന്നുള്ളത് അവരുടെ ഒരു ശീലമായിരുന്നു.
ആദ്യമൊക്കെ കണ്ണനോട് അവൾ പരാതികൾ പറയാറില്ലായിരുന്നു. പക്ഷേ മിക്ക ദിവസവും കരഞ്ഞു കലങ്ങി അവളുടെ കണ്ണുകൾ കണ്ടു തുടങ്ങിയപ്പോൾ കണ്ണൻ കാര്യം അന്വേഷിച്ചു. ഒരുപാട് നേരം അവനോട് മറച്ചുവെക്കാൻ അവൾക്കും കഴിയില്ലായിരുന്നു.
കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞപ്പോൾ കണ്ണന് ആകെ ഷോക്കായി. ഒരിക്കലും ഏട്ടത്തി അങ്ങനെയൊന്നും ചെയ്യില്ല എന്ന് അവന് ഒരു തോന്നൽ ഉണ്ടായിരുന്നു.
അത് അവനവളോട് പറയുകയും ചെയ്തു.വെറുതെ ഒന്ന് ചിരിച്ചതല്ലാതെ അവൾ ഒരു വാക്കു കൊണ്ടു പോലും അത് എതിർത്തില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം കണ്ണൻ ഉച്ചയ്ക്ക് ജോലി കഴിഞ്ഞു വന്നു.
ദിവ്യയെ ഒരിടത്തും കാണാതെ പുറകുവശത്തേക്ക് അവൻ അന്വേഷിച്ച് ചെല്ലുമ്പോൾ കാണുന്നത് തുണികളുടെ ഒരു കൂമ്പാരത്തിന് മുന്നിൽ നിൽക്കുന്ന ദിവ്യയെയാണ്. അവളുടെ അടുത്ത് തന്നെ ഏട്ടത്തിയും ഉണ്ട്.
” ഇതൊക്കെ വേഗം അലക്കിയിട്.. അതുകഴിഞ്ഞാലേ ആഹാരം കഴിക്കാൻ പറ്റൂ..”
ഏട്ടത്തി പറഞ്ഞത് കേട്ട് കണ്ണൻ പകച്ചു പോയി. ഏട്ടത്തിക്ക് തന്റെയും ഏട്ടന്റെയും ഏട്ടത്തിയുടെയും ഒക്കെ കൂടി തുണി അലക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞതുകൊണ്ട് താനാണ് ഒരു വാഷിംഗ് മെഷീൻ ഇവിടെ വാങ്ങി വെച്ചത്.
ആ വാഷിംഗ് മെഷീനിൽ അലക്കാതെ എന്തുകൊണ്ടാണ് ദിവ്യയെ കൊണ്ട് അലക്കു കല്ലിൽ തുണിയലക്കിപ്പിക്കുന്നത്..? അതുതന്നെയുമല്ല ഇത്രയും തുണികൾ ഇവിടെ എവിടെ നിന്ന് വരുന്നു..?
അവൻ ആശ്ചര്യത്തോടെ ഓർത്തു.
” ഏട്ടത്തി ഞാൻ ആഹാരം കഴിച്ചു കഴിഞ്ഞിട്ട് അലക്കിയാൽ പോരെ..? അത് മാത്രവുമല്ല ഇതിൽ പല തുണികളും ഇന്നലെ ഞാൻ കഴുകി ഉണക്കി കൊണ്ടുവന്നു വച്ചതാണ്. ഇന്ന് വീണ്ടും അത് അലക്കേണ്ട കാര്യമുണ്ടോ..? ”
ദിവ്യ ചോദിച്ചപ്പോൾ ഏട്ടത്തിക്ക് ദേഷ്യം വരുന്നുണ്ട് എന്ന് കണ്ണൻ കണ്ടു.
“ഇവിടെ നിനക്ക് വേറെ പണി ഒന്നും ഇല്ലല്ലോ.. ഞാനെന്തൊക്കെ പറഞ്ഞാലും നിന്റെ ഭർത്താവ് അതങ്ങ് വിശ്വസിച്ചോളും.നീ പരാതി പറഞ്ഞാൽ അവൻ അത് കേൾക്കുക പോലും ഇല്ല.
പിന്നെ നിനക്ക് തിരികെ കയറിച്ചെല്ലാൻ വേറെ വീടോ വീട്ടുകാരോ ഒന്നുമില്ലല്ലോ.. അപ്പോൾ പിന്നെ ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ ജീവിക്കുന്നതാണ് നല്ലത്.”
പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ഏട്ടത്തി മുഖമുയർത്തി നോക്കിയത് കണ്ണനെയായിരുന്നു. ദേഷ്യം കൊണ്ട് വിറച്ച് അവന്റെ മുഖം കണ്ടപ്പോൾ ഏട്ടത്തിക്ക് ചെറിയൊരു ഭയം തോന്നാതിരുന്നില്ല.
” ഇവളെ എന്തിന് ഇവിടെ കഷ്ടപ്പെടുത്തുന്നു എന്ന് ഞാൻ ചോദിക്കില്ല.. കാരണം അതിനുള്ള മറുപടി ഏട്ടത്തി തന്നെ തന്നു കഴിഞ്ഞു.
പക്ഷേ ഞാനൊരു സംശയം ചോദിക്കട്ടെ.. ഇവളെ ഇങ്ങനെ ദ്രോഹിക്കാൻ മാത്രം എന്തെങ്കിലും തെറ്റ് ഏട്ടത്തിയോട് ഇവൾ ചെയ്തിട്ടുണ്ടോ..? ”
കണ്ണൻ ചോദിച്ചപ്പോൾ ഏട്ടത്തി മൗനം പാലിച്ചു. അവൻ ചോദ്യം ആവർത്തിച്ചപ്പോൾ അവർ ദേഷ്യത്തോടെ അവനെ നോക്കി.
” ഇവൾ ഈ വീട്ടിൽ കയറി വരുന്നത് വരെ എനിക്കായിരുന്നു ഇവിടെ സ്ഥാനം. നീയും നിന്റെ ഏട്ടനും എന്റെ അഭിപ്രായം അറിയാൻ എത്രത്തോളം ശ്രമിക്കാറുണ്ടായിരുന്നു.
പക്ഷേ ഇവൾ വന്നതിനു ശേഷം എന്തിനും ഏതിനും ഇവളുടെ അഭിപ്രായം മാത്രം നിങ്ങൾക്ക് കേട്ടാൽ മതി.ഞാനെന്ന വ്യക്തിയെ നിങ്ങളാരും പരിഗണിക്കുന്നതു പോലുമില്ല..!
എത്രയെന്ന് കരുതി ഇവളെ ഞാൻ ഇങ്ങനെ സഹിക്കും..? നിങ്ങളൊക്കെ എന്നോട് കാണിക്കുന്നതിനുള്ളതാണ് ഞാൻ അവൾക്ക് കൊടുക്കുന്നത്. ”
ഏട്ടത്തി വാശിയോടെ പറഞ്ഞപ്പോൾ കണ്ണന് പുച്ഛം തോന്നി.
“എന്തായാലും ഇവളെ ഇങ്ങനെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. എന്തുവേണമെന്ന് എനിക്കറിയാം..”
ദേഷ്യത്തോടെ ഏട്ടത്തിയോട് അതും പറഞ്ഞുകൊണ്ട് ദിവ്യയുടെ കൈയും പിടിച്ച് അകത്തേക്ക് കയറിയപ്പോൾ വാതിൽ പടിയിൽ ഏട്ടൻ നിൽക്കുന്നത് കണ്ടു.
അത് ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയി അവളുടെയും തന്റെയും സാധനങ്ങൾ മുഴുവൻ ബാഗിൽ ആക്കി.
“ഏട്ടനെ ധിക്കരിച്ചു പോകുന്നതാണ് എന്ന് കരുതരുത്.ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്ക് എന്റെ ഭാര്യയുടെ ശവം മാത്രമേ ബാക്കി കിട്ടു.അങ്ങനെയൊരു അവസ്ഥയിലേക്ക് അവളെ തള്ളി വിടാൻ എന്തായാലും എനിക്ക് താല്പര്യമില്ല.”
ദിവ്യയെയും പിടിച്ചുകൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോൾ കണ്ണന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ ഏട്ടന്റെയും കണ്ണുകളിൽ ഒരു നീർത്തിളക്കം ഏട്ടത്തി കണ്ടെത്തിയിരുന്നു.
പക്ഷേ അപ്പോഴും അവനും അവളും ഒഴിഞ്ഞു പോയല്ലോ എന്നൊരു സന്തോഷം മാത്രമായിരുന്നു ഏട്ടത്തിയിൽ ഉണ്ടായിരുന്നത്.
കാലം ഇതിനെല്ലാം തിരിച്ചടി നൽകും എന്നറിയാതെ അവർ ഉള്ളിൽ സന്തോഷിച്ചു.