ഏതോ ഒരുത്തന്റെ കൊച്ചിനെയും വയറ്റിലിട്ടു കൊണ്ടുവന്നതും പോരാ.. ഇപ്പൊ പറയുന്നു അത് എന്റെ ഭർത്താവിന്റെ കുഞ്ഞാണെന്ന്..

(രചന: ശ്രേയ)

” ഛെ.. നിങ്ങളെന്റെ അമ്മയാണെന്ന് പറയാൻ തന്നെ എനിക്ക് അറപ്പും വെറുപ്പും ഒക്കെയാണ് തോന്നുന്നത്.

നിങ്ങൾക്ക് എങ്ങനെ ഇത്രയും തരംതാഴ്ന്ന് പ്രവർത്തിക്കാൻ കഴിയുന്നു..? ഏതോ ഒരുത്തന്റെ കൊച്ചിനെയും വയറ്റിലിട്ടു കൊണ്ടുവന്നതും പോരാ..

ഇപ്പൊ പറയുന്നു അത് എന്റെ ഭർത്താവിന്റെ കുഞ്ഞാണെന്ന്.. ഇങ്ങനെ പറയാൻ തന്നെ നിങ്ങൾക്ക് നാണക്കേട് തോന്നുന്നില്ലേ സ്ത്രീയെ.? എന്റെ ഭർത്താവ് എന്ന് പറയുന്നത് നിങ്ങളുടെ മരുമകനാണ്.

മകന്റെ സ്ഥാനം തന്നെയാണ് മരുമകൻ ഉള്ളത്. എന്നിട്ടും ഇത്രയും തരംതാഴ്ന്ന രീതിയിൽ സംസാരിക്കാൻ നിങ്ങൾക്ക് യാതൊരു നാണവും തോന്നുന്നില്ല..? ”

ദേഷ്യം കൊണ്ട് അലറുകയായിരുന്നു കീർത്തി. പക്ഷേ അപ്പോഴും അവൾ പറഞ്ഞതൊക്കെ കേട്ടിട്ടും അമ്മ തലകുനിച്ചു നിന്ന് കണ്ണീർ വാർക്കുന്നത് അല്ലാതെ അവളെ എതിർത്ത സംസാരിക്കാൻ ഒരു വാക്ക് പോലും ശ്രമിച്ചില്ല.

” കള്ള കണ്ണീരും പൊഴിച്ച് എന്റെ മുന്നിൽ ഇങ്ങനെ നിൽക്കണം എന്നില്ല.. നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും എന്റെ ഭർത്താവിനെ ഞാൻ അവിശ്വസിക്കാനും പോകുന്നില്ല.

നിങ്ങൾ ആരുടെ കൂടെ കിടന്നിട്ടാണോ ഈ കുഞ്ഞിനെ ഉണ്ടാക്കിയത് അയാളുടെ കൂടെ പൊക്കോളണം. വെറുതെ എനിക്കും എന്റെ ഭർത്താവിനും ചീത്ത പേരുണ്ടാക്കരുത്..”

ദേഷ്യത്തോടെ അത്രയും പറഞ്ഞുകൊണ്ട് മകൾ വീടിനകത്തേക്ക് കയറി വാതിൽ വലിച്ച് അടക്കുന്നതിന്റെ ശബ്ദം ചെവിയിൽ പതിഞ്ഞപ്പോൾ ഉഷ ഒന്ന് ഞെട്ടി.

ആ ഞെട്ടലോടെ തലയുയർത്തി നോക്കുമ്പോൾ അയൽപക്കങ്ങളിൽ നിന്ന് പല തലകളും ഇവിടത്തെ വിശേഷം അറിയാൻ വേണ്ടി പൊങ്ങി വരുന്നത് അവർ കണ്ടു.

ആളുകളുടെ മുന്നിൽ വീണ്ടും പരിഹാസ കഥാപാത്രമായി നിന്നുകൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് മാത്രം അവർ വേഗത്തിൽ അവിടെ നിന്ന് നടന്നു.

ഒരാളിനെ പോലും മുഖത്തു നോക്കാതെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തണം എന്നൊരു ചിന്ത മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്.

സ്വന്തം വീട്ടിലേക്ക് ചെന്ന് കയറി വാതിൽ അടച്ച് തന്റെ മുറിയിലിരുന്ന് അലറി കരയുമ്പോൾ തന്റെ അവസ്ഥ ഭൂമിയിൽ ഒരാളിനും വരരുത് എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്.

ഉഷയുടെ ഒരേയൊരു മകളാണ് കീർത്തി. ഉഷയുടെ ഭർത്താവ് ഉദയൻ വളരെ കാലം മുൻപ് തന്നെ ഒരു അപകടത്തിൽപ്പെട്ട് മരണപ്പെട്ടതാണ്. അതിനുശേഷം അമ്മയും മകളും മാത്രമുള്ള ലോകമായിരുന്നു അവരുടേത്.

ഉഷ കൂലിപ്പണിക്ക് പോയി കിട്ടുന്ന പണം മുഴുവൻ മകളുടെ സന്തോഷങ്ങൾക്കും അവളുടെ ഭാവിക്കും വേണ്ടി മാത്രമാണ് ആ അമ്മ ചെലവാക്കിയത്. ഒരിക്കൽ പോലും തന്റെ സുഖസൗകര്യങ്ങളെ കുറിച്ച് അവർ ചിന്തിച്ചിട്ടില്ല.

അമ്മയുടെ കഷ്ടപ്പാടും അമ്മയുടെ ജീവിത രീതികളും ഒക്കെ അറിയാവുന്നതു കൊണ്ട് തന്നെ തന്നാൽ കഴിയുന്ന സഹായങ്ങൾ ഒക്കെ കീർത്തി അമ്മയ്ക്ക് ചെയ്തു കൊടുക്കാറുണ്ട്.

കീർത്തി പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് അച്ചാറുകൾ ഉണ്ടാക്കി വിൽക്കാം എന്നൊരു പദ്ധതി ഉഷയുടെ മനസ്സിൽ ഉണ്ടാകുന്നത്. അങ്ങനെ അവർ അതൊരു പുതിയ സംരംഭമായി ആരംഭിച്ചു.

തൊട്ടടുത്തുള്ള കടകളിലും മറ്റും അവൾ അത് വിൽക്കാനായി കൊണ്ടുവന്ന് വയ്ക്കുകയും ചെയ്തു. പെട്ടെന്ന് പെട്ടെന്ന് അത് വിറ്റഴിഞ്ഞു പോകുമ്പോൾ അവർക്ക് കച്ചവടത്തിൽ നിന്ന് നല്ല ലാഭം കിട്ടിത്തുടങ്ങി.

അതോടെ പല ഭാഗത്തു നിന്നും പലതരത്തിലുള്ള ഓർഡറുകളും അവർക്ക് കിട്ടാൻ തുടങ്ങി. ഉഷയെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല എന്നൊരു സാഹചര്യത്തിൽ എത്തിയപ്പോൾ തൊട്ട അയൽപക്കങ്ങളിൽ ഉള്ള ചില സ്ത്രീകളെ ഒക്കെ സഹായത്തിന് വിളിച്ചു.

അവരെല്ലാവരും ചേർന്ന് വിജയകരമായി തന്നെ അച്ചാറിന്റെ പരിപാടി മുന്നോട്ടു കൊണ്ടുപോയി. തനിക്ക് ഒഴിവുള്ള സമയങ്ങളിൽ ഒക്കെ കീർത്തി അമ്മയെ സഹായിക്കാറുണ്ടായിരുന്നു.

കീർത്തി ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അവളുടെ ജീവിതത്തിലേക്ക് കിരൺ കടന്നുവരുന്നത്. അവളുടെ സീനിയർ ആയി പഠിച്ച വിദ്യാർഥിയായിരുന്നു കിരൺ.

അവൻ അവളോട് വന്ന് ഇഷ്ടം പറഞ്ഞപ്പോഴും അവൾ അത് കാര്യമാക്കിയില്ല.തന്റെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരുന്നു അവൾ ഒരിക്കലും പ്രണയബന്ധത്തിലേക്ക് പോകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.

അവൻ പിടിവിടാതെ പിന്നാലെ കൂടിയപ്പോൾ അവൾ അവനോട് പറഞ്ഞത് വീട്ടിൽ വന്ന് വിവാഹമാലോചിക്കാൻ ആയിരുന്നു.

അവൾ അങ്ങനെ പറയുമ്പോഴും ഒരിക്കലും അവൻ വീട്ടിലേക്ക് വരുമെന്ന് അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അവളുടെ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് അവൻ അവളുടെ വീട് തേടി വന്നു.

” അമ്മയുടെ ഈ നിൽക്കുന്ന മകളെ എനിക്ക് ജീവനാണ്. എന്റെ പാതിയായി ഇവൾ വരണം എന്നാണ് എന്റെ ആഗ്രഹം.

അമ്മയ്ക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ വിവാഹം നടത്തി തരണം. വിവാഹം എന്ന് കേട്ട് അമ്മ പേടിക്കുകയൊന്നും വേണ്ട. നിങ്ങൾ ഒരു ചെലവിനെക്കുറിച്ചും ആലോചിക്കേണ്ട. ഇവളെ മാത്രം എനിക്ക് തന്നാൽ മതി.. ”

അവന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെന്ന് ഉഷയ്ക്കും തോന്നി. അതുകൊണ്ടാണ് അവന്റെ വീട്ടുകാരെയും കൂട്ടി വരാൻ ഉഷ അവനോട് പറഞ്ഞത്.

അവർ പറഞ്ഞതുപോലെ തന്നെ കൃത്യമായി കിരണിന്റെ വീട്ടുകാർ വന്ന് കീർത്തിയെ കിരണിനു വേണ്ടി ആലോചിച്ചു. അതുകൂടി കണ്ടതു കീർത്തിക്ക് അവനെ വല്ലാതെ വിശ്വാസമായി.

വീട്ടുകാർ വഴി വന്ന ആലോചന ആയതുകൊണ്ട് തന്നെ രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. കീർത്തിയുടെ ഡിഗ്രി കഴിഞ്ഞാൽ ഉടനെ വിവാഹം നടത്തിക്കൊടുക്കാം എന്ന് ഉഷ വാക്കു പറഞ്ഞു.

അതോടെ പിന്നീട് രണ്ടാളുടെയും പ്രണയകാലമായിരുന്നു. വീട്ടുകാരുടെ അനുമതി കിട്ടിയതിനു ശേഷം ഉള്ള ബന്ധം ആയതുകൊണ്ട് തന്നെ രണ്ടുപേർക്കും അതിന്റേതായ സ്വാതന്ത്ര്യങ്ങളും പരസ്പരം ഉണ്ടായിരുന്നു.

ഒന്നരവർഷത്തെ പ്രണയത്തിനു ശേഷമാണ് അവരുടെ വിവാഹം നടന്നത്. ആ സമയം കൊണ്ട് തന്നെ കിരൺ ഉഷയുടെ മനസ്സിലും ഒരു മകന്റെ സ്ഥാനത്ത് എത്തിക്കഴിഞ്ഞിരുന്നു.

ഇടയ്ക്ക് കീർത്തിയും കിരണും അവരോടൊപ്പം വന്ന് താമസിക്കാറുണ്ട്. മിക്കപ്പോഴും കിരണിന്റെ വീട്ടിൽ തന്നെയായിരിക്കും അവർ.

ഉഷ ഒറ്റയ്ക്കായി പോകുന്നു എന്നുള്ളതിനെക്കുറിച്ച് ആകുലത പ്രകടിപ്പിച്ചത് കിരൺ ആയിരുന്നു. അമ്മയെ തനിച്ചു നിർത്തുന്നത് മോശമല്ലേ എന്ന് കിരൺ ഇടയ്ക്കിടയ്ക്ക് കീർത്തിയോട് ചോദിക്കാറുണ്ടായിരുന്നു.

അങ്ങനെയാണ് അവന്റെ വീട്ടുകാരെ പറഞ്ഞ സമ്മതിപ്പിച്ചു കിരണും കീർത്തിയും ഉഷയോടൊപ്പം താമസം ആരംഭിച്ചത്. ഉഷയ്ക്കും അത് സന്തോഷമുള്ള കാര്യം തന്നെയായിരുന്നു.

ദിവസങ്ങൾ നന്നായി കടന്നു പോകുന്നതിനിടയിൽ ഒരിക്കൽ ഒരു രാത്രിയിൽ ഉഷയുടെ ബെഡ്റൂമിലേക്ക് ഒരാൾ കടന്നു വന്നു. രാത്രിയുടെ മറ പറ്റി ഉഷയുടെ ശരീരത്തിന്റെ ചൂടു തേടി വന്നത് മറ്റാരുമായിരുന്നില്ല..കിരൺ ആയിരുന്നു..!

അവനെ കണ്ടതോടെ ഉഷ അലറി വിളിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കൈക്കരുത്തിനു മുന്നിൽ ഉഷ പതറിപ്പോയി. തന്റെ അലറി കരച്ചിലും ബഹളങ്ങളും കേട്ടിട്ട് കീർത്തി പോലും തന്നെ ശ്രദ്ധിച്ചില്ല എന്നോർത്ത് അവർ പൊട്ടിക്കരഞ്ഞു.

പക്ഷേ രാത്രിയിൽ അവൾക്ക് ഉറക്കഗുളിക കലക്കി കൊടുത്ത കാര്യം ഉഷ അറിയാതെ പോയി.

പിറ്റേന്ന് നേരം വെളുത്ത് അവർ മുറിക്ക് പുറത്തേക്കിറങ്ങി വരുമ്പോൾ തലകുനിച്ചുകൊണ്ട് മുറിക്ക് മുന്നിൽ നിൽക്കുന്ന കിരണിനെ ആണ് കാണുന്നത്.

” ഇന്നലെ മദ്യത്തിന്റെ പുറത്ത് പറ്റി പോയതായിരുന്നു.. അമ്മ ഇത് ആരോടും പറയരുത്..”

അവൻ അത് പറഞ്ഞപ്പോൾ ഉഷ അവനെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു. കാരണം അവനിൽ നിന്നും മദ്യത്തിന്റെ ഒരു ഗന്ധവും അവർക്ക് ലഭിച്ചില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

അന്ന് തന്നെ കിരണും കീർത്തിയും കിരണിന്റെ വീട്ടിലേക്ക് പോയി.

ദിവസങ്ങൾ പിന്നിട്ടപ്പോൾ തനിക്ക് സംഭവിച്ച അത്യാഹിതം മറക്കാൻ ഉഷ ശ്രമിച്ചു. പക്ഷേ അത് ഒരിക്കലും മറവിയിലേക്ക് പോകാതിരിക്കാൻ തക്കവണ്ണം ഒരു കുരുന്നു ഉഷയുടെ വയറ്റിൽ മൊട്ടിട്ടിരുന്നു.

അതറിഞ്ഞപ്പോൾ അവർക്ക് വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു. വിവരമറിഞ്ഞ ഉടനെ അത് കീർത്തിയോട് പങ്കുവയ്ക്കാനാണ് അവർക്ക് തോന്നിയത്.

കിരണിന്റെ വീട്ടിൽ പോയി അവളെ കണ്ടു വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.പക്ഷേ അവർ പറഞ്ഞതൊന്നും വിശ്വസിക്കാൻ അവൾ തയ്യാറായില്ല.

താൻ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഉഷയ്ക്ക് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. താൻ ജീവിച്ചിരിക്കുന്നോടത്തോളം കാലം ഈ കുഞ്ഞിന്റെ പേരിൽ താൻ വഴി കേൾക്കേണ്ടി വരും..

മരുമകനെ കയറിപ്പിടിച്ച സ്ത്രീയായി വരെ സമൂഹം തന്നെ തെറ്റിദ്ധരിച്ചു എന്ന് വരും. മകളുടെ കണ്ണിലെ വെറുപ്പും കണ്ടുകൊണ്ട് ഇനിയുള്ള കാലം മുന്നോട്ടു ജീവിക്കേണ്ടി വരും.. ഒരിക്കലും തനിക്ക് അതിനു കഴിയില്ല..!

ചിന്തകൾക്കൊടുവിൽ തന്റെ മരണമാണ് പ്രതിവിധി എന്നൊരു ചിന്ത അവർക്ക് ഉള്ളിൽ ഉണ്ടായി.

സന്തോഷത്തോടെ അവർ മരണം തേടി പോകുകയും ചെയ്തു..!

പിറ്റേന്ന് അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പോലും ആ മകളുടെ മനസ്സിൽ അമ്മ ഒരു ചീത്ത സ്ത്രീയായിരുന്നു.

പ്രായം കണക്കിലെടുക്കാതെ മറ്റാരോടോ ഒപ്പം അവർ കഴിഞ്ഞതിന്റെ കൈപ്പേറിയ പ്രതിഫലം ആയിരുന്നു അവരുടെ വയറ്റിൽ ഉണ്ടായ കുഞ്ഞ് എന്ന് കീർത്തി അടിയുറച്ചു വിശ്വസിച്ചു.

വർഷങ്ങൾക്കിപ്പുറം തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയെ കയറി പിടിച്ചു എന്ന കേസിൽ കിരണിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് വരെയും കിരൺ കീർത്തിയുടെ ഉള്ളിൽ ഉത്തമ പുരുഷൻ ആയിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം അവൾ തന്റെ അമ്മയെ കുറിച്ച് ഓർത്തു. ഒരുപക്ഷേ തന്റെ അമ്മ പറഞ്ഞത് സത്യമാണെങ്കിൽ…!!

ആ ഒരു ചിന്ത അവളെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി. തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദി താനും തന്റെ ഭർത്താവും മാത്രമാണ് എന്നൊരു ചിന്ത അവളിൽ ഉണ്ടായി.

ഇനിയുള്ള കാലം ആ കുറ്റബോധവും പേറി കീർത്തി ഉരുകി ഉരുകി ജീവിക്കും.

Leave a Reply

Your email address will not be published. Required fields are marked *