(രചന: Neethu)
രാവിലെ തന്നെ മുറ്റത്താരുടെയോ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. ചെവി വട്ടം പിടിച്ചു നോക്കിയപ്പോൾ അപ്പുറത്തെ രാഘവേട്ടന്റെ ശബ്ദമാണ്.
“എന്താ ദാസാ നിന്റെ മോളെ പുറത്തോട്ട് കാണാനില്ലല്ലോ “. അച്ഛനോടാണ്.
ശിവദാസൻ എന്ന എന്റെ അച്ഛൻ നാട്ടുകാരുടെ ദാസൻ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്.
“അവൾ എണീക്കുന്നെ ഉള്ളൂ രാഘവേട്ട, ഇന്നലെ എത്താൻ ലേറ്റ് ആയി ”
” കാലം പോയൊരു പോക്കെ, പെൺകുട്ടികൾ 10 മണി വരെ കിടക്കാ, നീയയത് കൊണ്ട് ഇതൊക്കെ നടക്കും.
ലേറ്റ് ആയി വരാൻ എന്താ ആൺകുട്ടി ആണോ നാളെ വേറൊരു വീട്ടിലേക് പോവേണ്ട കുട്ട്യാ,
ഇന്നലെ അവളെ ഒരു ചെക്കന്റെ ബൈകിന്റെ പിന്നിൽ കണ്ടു ന്ന് ആ ജയന്റെ മോൻ പറയണ കേട്ടു ഒരു ചീത്തപ്പേര് ഉണ്ടായാൽ മാറാൻ എളുപ്പല്യാ, ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ”
“ആഹാ ചുമ്മാതല്ല നമ്മുടെ നാട്ടിൽ സിസി ടീവി ക്ക് വലിയ വിലയില്ലാത്തത്..
“പറഞ്ഞു കൊണ്ട് ഞാൻ ഉമ്മറത്തെത്തി. ഞാനെ ആ ചെക്കനെ കല്യാണം കഴിക്കാൻ പൂവ്വാന്ന് ആ ജയേട്ടന്റെ മോനോട് ഒന്ന് പറഞ്ഞോളൂ ട്ടോ ”
“ഇപ്പൊ എന്തായി ദാസാ, ഇങ്ങനെ ജീൻസ് ഉം വലിച്ചു കേറ്റി നടക്കണ കുട്ട്യോളൊന്നും വീട്ടുകാർ പറഞ്ഞാൽ കേൾക്കില്ല ”
“ന്റെ രാഘവേട്ട, അവൾക്ക് ആരോടെങ്കിലും ന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അവൾ അവനോട് പറയും മുന്നേ അത് ന്നോട് വന്നു പറയും.
ആ ഒരു ഉറപ്പ് ന്റെ കുട്ടീടെ മേൽ നിക്ക് ഉണ്ട്. പിന്നെ അവൾ അവളുടെ ആൺസുഹൃത്തുക്കളുടെ കൂടെ പുറത്ത് പോവുന്നതും വരുന്നതും നിക്ക് അത്ര വല്യ തെറ്റായിട്ടൊന്നും തോന്നുന്നില്ല.
ഏത് ഡ്രസ്സ് ഇടണം എന്നത് അവളുടെ മാത്രം തീരുമാനം ആണ് അതിലും ഞാൻ കൈകടത്തില്ല. രാഘവേട്ടൻ ചെല്ല്. ആ ജയന്റെ മോനെ ഞാൻ സൗകര്യം പോലെ കണ്ടോളാം”.
അച്ഛന്റെ മാസ്സ് ഡയലോഗ് കേട്ട് ഞാൻ അകത്തേക്ക് പോയി..
“അനു… ”
നീട്ടിയുള്ള വിളി കേട്ടപ്പോ ഞാനൊന്ന് ഞെട്ടി, കയ്യിലിരുന്ന ഡയറി അടച്ചു വെച്ച് വേഗം ഉമ്മറത്തേക്ക് നടന്നു. പെട്ടെന്നുള്ള നടത്തത്തിൽ സാരി ഉമ്മറപ്പടിയിൽ തട്ടി വീഴാനാഞ്ഞു.
“ന്താ കുട്ടി, അവൻ വരാൻ നേരം അകത്തു കേറി ഇരിക്കണേ, അവനതൊന്നും ഇഷ്ടല്ല്യാന്ന് അറിഞ്ഞുടെ, ”
വിളറിയ ഒരു ചിരി മുഖത്ത് വിരിഞ്ഞു.
അല്ലെങ്കിലും ‘അവന്റെ ‘ഇഷ്ടത്തിനൊത്തു മാത്രമായി ഇപ്പോഴത്തെ ജീവിതം എന്നവൾ ഓർത്തു. ഓഫീസ് കഴിഞ്ഞു വരുമ്പോൾ എന്നും തന്നെ ഉമ്മറത്തു കാണണം..
മുറ്റത്തു പൈപ്പ് ഉണ്ടെങ്കിലും കിണ്ടിയിൽ ഉള്ള വെള്ളം എടുത്ത് താൻ തന്നെ കാല് കഴുകി കൊടുക്കണം.
അവൾ അവനെ കാത്തിരുന്നു. ഓർമ്മകൾ വീണ്ടും ഉണർന്നു വന്നു.
എത്ര പെട്ടെന്നാണ് ജീവിതം മാറി മറിഞ്ഞത്.
കഴിഞ്ഞ മാസം കൂട്ടുകാർക്കൊപ്പം ആശുപത്രിയിലെ രക്തദാന ക്യാമ്പിൽ എത്തിയതായിരുന്നു.
ചീറി പാഞ്ഞു വന്ന ആംബുലൻസിലേക്ക് അറിയാതെ നോട്ടം എത്തി. അതിൽ നിന്നും ഇറക്കിയത് തന്റെ അച്ഛനെ ആയിരുന്നു. വഴിയിൽ വീണു കിടന്നപ്പോൾ നാട്ടുകാരിൽ ആരോ എത്തിച്ചതാണ്.
അറ്റാക്ക് ആണെന്ന് ഡോക്ടർ വിധിയെഴുതി. ആശുപത്രി വിട്ട അച്ഛന് ഒരേ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു തന്റെ കല്യാണം. ആഗ്രഹത്തിനൊത്തു നിന്നു കൊടുത്തു.
താൻ കാരണം ഒരു വിഷമവും ആ ഹൃദയത്തിൽ ഏൽപിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട്. ഒരാഴ്ച കൊണ്ട് തന്നെ എല്ലാം ഉറപ്പിച്ചു, അഖിലേട്ടന്റെ പെണ്ണായി ഇവിടെ വന്നു കേറി.
എല്ലാത്തിനും തന്നെ ആശ്രയിക്കുമ്പോൾ തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു തോന്നി.
പക്ഷെ സ്ത്രീ എന്നാൽ പുരുഷന്റെ അടിമയാണ് എന്ന് പഠിച്ചു വളർന്നവന്റെ കയ്യിലാണ് എത്തിപെട്ടതെന്ന് രണ്ട് ദിവസം കൊണ്ട് മനസിലായി.
ആദ്യത്തെ സ്റ്റെപ് ജോലി റിസൈൻ ചെയ്യിക്കുക എന്നതായിരുന്നു, പെണ്ണ് പുറത്ത് പോയി കൊണ്ട് വന്നിട്ട് വേണ്ടത്രേ ഇവിടെ കഴിയാൻ.
രണ്ടാമത്തെ പ്രശനം തന്റെ വസ്ത്രധാരണവും. അന്ന് മുതൽ സാരി ഒഴികെ എന്റെ ഒരു ഡ്രെസ്സും ഇവിടെ കണ്ടില്ല.
ഉറക്കെ ഒന്ന് ചിരിക്കാൻ പോലും അനുവാദം ഇല്ലാത്ത വീട്. അടക്കോം ഒതുക്കോം ഉള്ള കുലസ്ത്രീകൾ അങ്ങനെയാണത്രെ.
വീട്ടിലെ കളി ചിരികൾ നിറഞ്ഞ ഓർമ്മകൾ അവളെ വന്നു പൊതിഞ്ഞു. എങ്കിലും അവൾ ആശ്വസിച്ചു അച്ഛനും അമ്മയും സന്തോഷമായി കഴിയുന്നല്ലോ എന്നോർത്ത്.