(രചന: നിഹാരിക നീനു)
ദേഹത്ത് എന്തോ ഇഴയുന്നത് പോലെ തോന്നി… ഒരു നിമിഷം മേഘ ഒന്ന് നോക്കി ഒന്നും ഇല്ല എന്നു ഉറപ്പു വരുത്തിയപ്പോൾ വീണ്ടും സീറ്റിൽ ചാരി കിടന്നു…
ഭയങ്കര ക്ഷീണം… ഒന്ന് ഉറങ്ങാൻ പോലും ആവാത്ത ക്ഷീണം…
ഫോൺ ഒന്നെടുത്തു നോക്കി… ചാർജ് തീർന്ന് ഓഫ് ആയിരിക്കുന്നു..
രാത്രി ഏതാണ്ട് ഏഴു മണി ആയിക്കാണും… കണ്ണടച്ചു ഒന്നൂടെ ചാരി ഇരുന്നു…
ഇത്തവണ മനസിലായി തോന്നലല്ല എന്ന്… ശ്രദ്ധിച്ചപ്പോൾ മനസിലായി പുറകിലിരിക്കുന്ന ആരുടെയോ കൗതുകം വർധിച്ചതാണ് എന്ന്…
സീറ്റിനു അടിയിലൂടെ കൈ കൊണ്ടുള്ള തടവൽ ആണ്…
ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പത്തു അന്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരമ്മാവൻ..
ഞാനിരിക്കുന്ന സീറ്റിലേക്ക് തല വച്ചു ഭയങ്കര ഉറക്കം…. ഒന്നും അറിയാത്ത പോലെ…
ദേഷ്യമോ സങ്കടോ ഒക്കെ കൂടി വന്നു.. പക്ഷേ എല്ലാം ഒരു രൂക്ഷമായ നോട്ടത്തിൽ ഒതുക്കി….
ആയാൾ നോക്കുന്നില്ല എങ്കിലും എല്ലാം അറിയുന്നുണ്ട് എന്നെനിക്ക് വ്യക്തമായിരുന്നു…
ഗതികേട് കൊണ്ടാണ് ഇന്ന് ഈ സൂപ്പർ ഫാസ്റ്റ് ബസിൽ പോരേണ്ടി വന്നത്..
ജോലി സമയം കഴിയാറായപ്പോഴാ അപ്പച്ചൻ വിളിച്ചു പറഞ്ഞത് അമ്മാമ്മച്ചിക്ക് തീരെ മേലാടീ കൊച്ചേ, കെട്ട്യോനേം കൂട്ടി ഒന്നിങ്ങു വന്നു കണ്ടച്ചു പോടീ… എന്നു…
ലീവ് ഒരു പ്രശ്നമായി മുന്നിൽ വന്നു നിന്നെങ്കിലും..
വരാം”” എന്നു തന്നെ പറഞ്ഞു…
അവിടന്ന് അപ്പൊ തന്നെ ജോജിയെ വിളിച്ചു..
“നിനക്കെന്താ മേഘ, ഇതിപ്പോ ഇച്ചിരി ദൂരമാണോ.. തന്നെയും അല്ലഎനിക്കിപ്പോ ലീവ് എടുക്കാനും പറ്റില്ല… ”
“ജോജി…. ഞാൻ പറഞ്ഞിരുന്നല്ലോ ഞാൻ അമ്മച്ചി പോയെ പിന്നെ അമ്മാമ്മച്ചിയാ എന്നെ…”
“മേഘ അങ്ങനെ എല്ലാരുടേം ലൈഫിൽ കാണും ഓരോരോ സെന്റിമെൻസ്… അതൊക്കെ നോക്കാൻ നിന്നാൽ അതിനെ നേരം കാണൂ… താൻ വേണേൽ പൊയ്ക്കോ… എനിക്ക് പറ്റില്ല…”
തന്റെ മാത്രം ചോയ്സ് ആയിരുന്നു ജോജി.. ശരിക്കും വർക്ക് ഹോളിക്..
ഒന്നിനും നേരം ഇല്ല. ഒരു കുഞ്ഞിക്കാൽ പോലും ജീവിതത്തിൽ ബാധ്യതയായി കാണുന്നവൻ….
ഇത്തിരി കൂടെ കഴിഞ്ഞപ്പോ വീണ്ടും അപ്പച്ചൻ വിളിച്ചു തീരേം വയ്യ അമ്മാമ്മച്ചിക്ക് എന്നു പറയാൻ…
കിട്ടിയ ബസ്സിൽ കേറി പുറപ്പെട്ടതാ… അപ്പോഴാ ഇങ്ങനെ…
ഒന്ന് കണ്ണടച്ചപ്പോഴും ജോജിയുടെ വാക്കുകൾ ആയിരുന്നു കേൾക്കാൻ കഴിഞ്ഞത്..
വീണ്ടും അലോസരപ്പെടുത്തി ആ കൈ ഇഴയാൻ തുടങ്ങിയിരുന്നു… ഇത്തവണ കഴുത്തിനു പുറകിലൂടെ ബ്ലൗസ്സിനുള്ളിലേക്ക് നൂണ്ട് കയറ്റാൻ ഉള്ള ശ്രമമായിരുന്നു…
ക്ഷമ നശിച്ചിരിക്കുകയായിരുന്നത് കൊണ്ടു അയാളുടെ കൈ മുറുകെ പിടിച്ചു ചോദിച്ചു,
“തനിക്കെന്താടോ വേണ്ടേ കിളവാ ” എന്ന്..
“വേണ്ടത് പറഞ്ഞാ നീ തരുമോടീ” എന്നു പറഞ്ഞു അയാൾ എന്റെ നേർക്ക് വന്നു…
ഇത്തവണ രണ്ട് പേര് വന്നു “”എന്താ പെങ്ങളെ പ്രശ്നം എന്നും ചോദിച്ച്… “”
പിന്നീട് വഴക്ക് അവർ തമ്മിലായി…
എല്ലാം കണ്ടു കരച്ചിലോളം എത്തിയിരുന്നു… ഒന്നും ചെയ്യാനാവാത്ത അവസ്ഥ മനസ്സാണോ ശരീരമാണോ കൂടുതൽ തളർന്നത് എന്നറിയില്ല…
വേഗം ഒന്നെത്തി കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു പ്രാർത്ഥന…
ഒപ്പം ജോജിയോട് തോന്നിയ നീരസവും.. ഇത്രയും മടുപ്പിക്കുന്നൊരു യാത്ര ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..
സ്റ്റോപ്പ് എത്തി ഇറങ്ങി എങ്ങും നോക്കാതെ ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു…
ഒൻപതു മണി ആയിട്ടുണ്ട്..
വീട്ടിലെത്തി ഇറങ്ങിയപ്പോഴേ അപ്പച്ഛനെ കണ്ടു ഉമ്മറ തിണ്ണയിൽ.. സ്ഥിരം ഇരിക്കാറുള്ളിടത്ത്…
വേഗം അങ്ങോട്ട് നടന്നു…
“അവൻ പൊന്നില്ലയോ “”
എന്നു ചോദിച്ചപ്പോൾ വരും എന്നു മാത്രം പറഞ്ഞു.. സീനിയർ ആയി പഠിച്ചവനെ മാത്രേ കല്യാണം കഴിക്കൂ എന്നു പറഞ്ഞുതനായി നടത്തിയതാ…
അന്ന് എല്ലാത്തിനും കൂടെ നിന്നവൻ ഇങ്ങനെ മാറും എന്നു കരുതീതല്ല.. ഓർത്തപ്പോൾ എവിടെയോ ഒരു വിങ്ങൽ.. അമ്മാമ്മച്ചിയുടെ അരികെ ചെന്നു…
ശ്വാസം എടുത്തു പിടിച്ചു വലിക്കുന്നുണ്ട്..
ആകെ എല്ലും തോലും ആയി ഇതെന്റെ അമ്മാമ്മച്ചിയെ അല്ല എന്നു തോന്നും….
പതിയെ വിളിച്ചപ്പോൾ അയാസപ്പെട്ട് കണ്ണ് തുറന്നു..
എന്തോ പറയാൻ ശ്രമിച്ചിരുന്നു പക്ഷെ ഒന്നും പുറത്തു വന്നില്ല… പക്ഷെ ആ മിഴികൾ നിറഞ്ഞൊഴുകി
അവസാനം, പുറകിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത് കണ്ടു…
ജോജിയെ ആവും..
പയ്യെ അമ്മമ്മച്ചി അവിടേക്ക് കൈകൾ നീട്ടി…
“അവിടെ ആരും ഇല്ല അമ്മാമ്മച്ചി ജോജി വരില്ല “”
എന്നു മെല്ലെ പറയാനായി ഇരുന്നതും പെട്ടെന്നൊരാൾ വന്നു അമ്മാമ്മച്ചിയുടെ കൈ പിടിച്ചു…
“ജോജി”
ഒരു നിമിഷം സ്വപ്നം ആണോ എന്നു ശങ്കിച്ചു..
ഇത്തിരി നേരം കൂടെ അവിടെ ഇരുന്ന് പുറത്തേക്ക് കടന്നപ്പോ ജോജി ചേർത്ത് പിടിച്ചിരുന്നു….
അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി നിന്നപ്പോ അവൻ പറഞ്ഞു,
നീ വിളിച്ചു വച്ചപ്പോ പിന്നെ ഒരു അസ്വസ്ഥത….
പിന്നെ ഒന്ന് റിവൈൻഡ് ചെയ്തടോ നമ്മുടെ ലൈഫ്…
ഞാൻ എന്നെ… എന്റെ സ്നേഹം എല്ലാം തനിക്ക് നഷ്ടപ്പെടുത്തുവാ എന്നു മനസിലാക്കാൻ ഏറെ പ്രയാസമില്ലാരുന്നു…
പിന്നെ തന്നെ വിളിച്ചു ഞാനും ഉണ്ടെന്നു പറയാൻ… സ്വിച് ഓഫ് ആരുന്നു…
പിന്നെ ഇങ്ങു പോന്നു…
ദേഷ്യം ഉണ്ടോടോ തനിക്ക്….
“ഉണ്ടായിരുന്നു ജോജി… പക്ഷേ ഇപ്പോ ഉണ്ടല്ലോ വെറും സ്നേഹം മാത്രാ… വാശി പിടിച്ചു നേടിയെടുത്തത് വിലപിടിപ്പുള്ള ഈ മനസ്സാ എന്ന അഭിമാനമാ….
ആ നെഞ്ചിൽ ചേരുമ്പോൾ പുതിയൊരു ജീവിതം രണ്ടു പേരുടേം മുന്നിൽ അങ്ങനെ നീണ്ടു കിടന്നു….
ചില തിരിച്ചറിവുകൾക്ക് ഒരൊറ്റ നിമിഷം മതിയല്ലേ….