“അവൾക്ക് തീരെ സുഖമില്ല ഇന്നലെയും രണ്ടുമൂന്നു വട്ടം ഛർദ്ദിച്ചു. നല്ലപോലെ കഫക്കെട്ട് ഉണ്ട്. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചിട്ടും

(രചന: അംബിക ശിവശങ്കരൻ)

മഞ്ഞുകാലമായതോടെ അസുഖവും വന്നെത്തി ഡോക്ടറെ കാണലും ആവി പിടിക്കലും ഉപ്പുവെള്ളം വായിൽ കൊള്ളലും ഒക്കെയായി പനിയും തൊണ്ടവേദനയും തലവേദനയുമൊക്കെ വിട്ടെങ്കിലും

കഫക്കെട്ട് മാത്രം ഉടുമ്പ് പിടിച്ച പോലെ തൊണ്ടയിൽ അള്ളി പിടിച്ചു അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാതെ രാത്രി കിടന്നുറങ്ങാൻ പോലും ബുദ്ധിമുട്ടുന്നത് കണ്ടാണ് ഭർത്താവ് സുധി അവൾക്ക് നല്ല ചൂട് വെള്ളം ഉണ്ടാക്കി കൊടുത്തത്

” ഈ വെള്ളം ചൂടോടുകൂടി തന്നെ കുടിക്ക് ദേവു കഫക്കെട്ട് നന്നായിട്ട് ഇളക്കി പോട്ടെ.. ”

നല്ല ചൂട് തോന്നിയെങ്കിലും അത് അകത്തേക്ക് ചെല്ലുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരു വലിയ ഗ്ലാസ് നിറയെ വെള്ളം ഊതി ഊതി കുടിച്ചു കഴിഞ്ഞപ്പോഴേക്കും തൊണ്ടയിൽ കുടുങ്ങി നിന്നിരുന്ന കഫം പുറത്തേക്ക് വരുന്നതുപോലെ തോന്നി.

രണ്ടുമൂന്ന് വട്ടം ഛർദ്ദിച്ചു കഴിഞ്ഞാപ്പോഴേക്കും നല്ല ആശ്വാസം തോന്നി. പിന്നീട് സുഖമായി വന്നു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ എണീറ്റതും പിന്നെയും രണ്ടുവട്ടം ചർദ്ദിച്ചതോടെ അവൾ ആകെ ക്ഷീണിതയായി.

“അവൾക്ക് തീരെ സുഖമില്ല ഇന്നലെയും രണ്ടുമൂന്നു വട്ടം ഛർദ്ദിച്ചു. നല്ലപോലെ കഫക്കെട്ട് ഉണ്ട്. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചിട്ടും വരുന്നില്ല. കുറച്ചുനേരം കിടന്നോട്ടെ…”

അടുക്കളയിൽ പണി ചെയ്തുകൊണ്ടിരുന്ന അമ്മയോട് അത് പറയുമ്പോൾ അവനും നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു.

സമയം ഏറെ വൈകിയാണ് അവൾ ഭക്ഷണം കഴിക്കാൻ ഇരുന്നത്. ഒരു ദോശ എടുത്ത് വേണ്ട വെറുക്കനെ കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് സുധിയുടെ അമ്മയുടെ ചോദ്യം.

” കുളി ഒന്നും തെറ്റിയിട്ടില്ലല്ലോ ല്ലേ”

ചർദ്ദിച്ചു അവശയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ആ ചോദ്യം കേട്ടതും അവൾക്ക് ദേഷ്യം വന്നു.

ഇല്ലെന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റു.

കല്യാണം കഴിഞ്ഞ് മൂന്നാമത്തെ മാസം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ചോദ്യം അതും ബന്ധുക്കളിൽ നിന്ന് മാത്രമല്ല നാട്ടുകാരിൽ നിന്നും.

കല്യാണം കഴിക്കുന്നത് കുട്ടികൾ ഉണ്ടാവുക എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രമാണോ? അതിനപ്പുറത്തേക്ക് വിവാഹ ജീവിതത്തിന് ഒരു പ്രാധാന്യവും ഇല്ലേ?

അമ്മയാകുക എന്ന കർമ്മത്തിനപ്പുറത്തേക്ക് അവളുടെ സ്വപ്നങ്ങൾക്ക് എന്നുമുതലാണ് പ്രാധാന്യം ലഭിക്കുക? മനസ്സുകൊണ്ട് കൂടി തയ്യാറെടുക്കുമ്പോൾ അല്ലേ ഒരു സ്ത്രീ പൂർണ്ണമായും അമ്മയാകുക?

കൈ കഴുകി അവൾ മുറിയിൽ ചെന്ന് മിണ്ടാതെ കിടന്നു ചർദ്ദിക്കാനായി മുകളിലേക്ക് തികട്ടി വന്നെങ്കിലും ഒരു വിക്സ് മിട്ടായി എടുത്ത് വേഗം വായിലേക്ക് ഇട്ടു.

” എന്താടോ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ഞാൻ എത്രാമത്തെ തവണയാ പറയുന്നത് നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന് താനെന്തിനാ ഇങ്ങനെ ചെറിയ കുട്ടികളെപ്പോലെ വാശിപിടിക്കുന്നത്? സ്വന്തം ആരോഗ്യം എങ്കിലും നോക്കണ്ടേ? ”

സുധി മുറിയിലേക്ക് വന്നതും അവളുടെ ഇരിപ്പ് കണ്ട് ശകാരം തുടങ്ങി.

“ഈ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് എന്തേലും അസുഖം വന്നാൽ പോലും ഒന്ന് ഛർദ്ദിക്കാൻ നിവർത്തിയില്ലെന്റെ സുധിയേട്ടാ..
അപ്പോ തിരക്കും എല്ലാരും വിശേഷം ഉണ്ടോന്ന്… ഈ വാക്ക് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ അരിശം വരുവാ..

എന്നാൽ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു ഇതേവരെ എന്റെ പഠിത്തം എന്തായി എന്നോ ജോലി നോക്കുന്നുണ്ടോ എന്നൊന്നും ആരും തിരക്കിയില്ലല്ലോ… ഒരു പെണ്ണിന്റെ ജീവിതത്തിൽ എന്താ അതിനൊന്നും ഒരു സ്ഥാനവും ഇല്ലേ?

ദേഷ്യം മിഴിനീരായ് കിനിഞ്ഞു തുടങ്ങിയപ്പോൾ അവൻ അവളുടെ ചാരത്തായിരുന്നു

“എന്താ ദേവൂ അതിനുമാത്രം എന്താ ഇപ്പോൾ ഉണ്ടായത്?”

അവൻ നിർബന്ധിച്ചപ്പോൾ അവൾ നടന്ന കാര്യം പറഞ്ഞു.

” അത്രേ ഉള്ളോ അമ്മയ്ക്ക് ഒരു പേരക്കുട്ടിയെ കാണാനുള്ള കൊതി കൊണ്ടായിരിക്കും. നീയത് കാര്യമാക്കണ്ട. ”

“അമ്മയുടെ കാര്യം ഞാൻ കണക്കാക്കുന്നില്ല സുധിയേട്ടാ… സ്വാഭാവികമായും അമ്മയ്ക്ക് ആഗ്രഹം കാണും.
പക്ഷേ ബാക്കിയുള്ളവർക്ക് എന്താ നമ്മുടെ പേഴ്സണൽ ലൈഫിൽ കാര്യം? അവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണോ നമുക്ക് കുഞ്ഞുണ്ടാകേണ്ടത്?”

അവളുടെ കോപം ശമിക്കുന്നതുവരെയും അവൻ മിണ്ടാതിരുന്നു.

“സുധിയേട്ടാ…”

“ഉം”

“ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ സുധിയേട്ടന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ?”

“എന്തിനാ എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നത്? കുട്ടികൾ കുറച്ചു കഴിഞ്ഞു മതിയെന്ന് നമ്മൾ ഒരുമിച്ചല്ലേ തീരുമാനിച്ചത്.. പിന്നെന്താ?”

കുറച്ചു സമയത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല

“സുധിയേട്ടനോട് ഞാൻ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടില്ലേ…

ഒരുപാട് കഷ്ടപ്പാടും ദുരിതവും അറിഞ്ഞു വളർന്നവളാണ് ഞാൻ ബാല്യം എന്നത് നിറമുള്ള ഒരു ഓർമ്മയും എനിക്ക് സമ്മാനിച്ചിട്ടില്ല.

പൊട്ടാത്ത ഒരു സ്ലേറ്റും, സിബിനു പകരം പിന്ന് കുത്താത്ത ഒരു നല്ല ബാഗും, കാലിലിടാൻ ലൂണാറിന്റെ തേഞ്ഞു പഴകിയതല്ലാത്ത ഒരു നല്ല ചെരുപ്പും അതൊക്കെയായിരുന്നു ചെറുപ്പത്തിലെ എന്റെ സ്വപ്നങ്ങൾ

ഓലമേഞ്ഞ കുടിലിൽ പ്ലസ് ടു വരെ കറണ്ടില്ലാതെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഞാൻ ഇരുന്നു പഠിച്ചത്. ആ സമയത്ത് കറണ്ടില്ലാത്ത ഒരേയൊരു വീട് ഞങ്ങളുടെതായിരുന്നു.

ഞാൻ ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുമ്പോൾ എന്നെയും ചേച്ചിയെയും അമ്മയെയും ഉപേക്ഷിച്ച് അച്ഛൻ ഒരു പോക്ക് അങ്ങ് പോയി. രണ്ടു പെൺമക്കളെയും ചേർത്ത് പിടിച്ച് ജീവിക്കണോ മരിക്കണോ എന്ന് അറിയാതെ അമ്മ നിന്നൊരു നിൽപ്പുണ്ട്.

കോളേജിൽ ഫീസ് അടയ്ക്കാൻ ഇല്ലാതെ ദിവസങ്ങളോളം ക്ലാസിൽ പോകാതെ ഇരുന്നതും എക്സാം ഫീസ് അടയ്ക്കാനായി ആയിരം രൂപയ്ക്ക് വേണ്ടി അമ്മ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി നിന്നതും ഒരിക്കലും ഞാൻ മറക്കില്ല.

പിന്നീട് ഹോട്ടലിൽ പാത്രം കഴുകിയാണ് അമ്മ ഞങ്ങളെ നോക്കിയത്. വൈകുന്നേരം വിശപ്പോടെ അമ്മ വരുന്നതും നോക്കിയിരിക്കും. കവറിൽ ഹോട്ടലിൽ ബാക്കി വന്ന എന്തെങ്കിലും ഇത്തിരി ചാറ് കാണും അതും കൂട്ടി ആർത്തിയോടെ വയറു നിറച്ചുണ്ണും

അന്ന് അമ്മ ഞങ്ങളോട് പറഞ്ഞ ഒരു കാര്യമുണ്ട് അമ്മയ്ക്ക് ഉണ്ടായ അവസ്ഥ ഒരിക്കലും നിങ്ങൾക്ക് ഉണ്ടാകരുതെന്ന് പഠിക്കാൻ പറ്റാവുന്നിടത്തോളം പഠിക്കണം സ്വന്തം കാലിൽ നിൽക്കണമെന്ന്.

ഡിഗ്രി കഴിഞ്ഞ് പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിട്ടും ജോലിക്ക് പോയത് വീട്ടിലെ അവസ്ഥ കണ്ടിട്ടായിരുന്നു. മെലിഞ്ഞുണങ്ങി കഴുത്തിലെ എല്ലുകൾ ഉന്തിനിൽക്കുന്ന അമ്മയുടെ രൂപം കണ്ടപ്പോൾ പിന്നീട് പഠിക്കാൻ മനസ് അനുവദിച്ചില്ല.

ഇരുപതാമത്തെ വയസ്സിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയതാണ്. അഞ്ചുവർഷം ഇടവേളയില്ലാതെ അത് തുടർന്നു. വീട്ടിലെ കടങ്ങൾ വീട്ടി. അമ്മയെ ബുദ്ധിമുട്ടിക്കാതെ സ്വന്തം അധ്വാനം കൊണ്ട് വിവാഹം കഴിച്ചു.

അപ്പോഴും പഠനം എന്നത് മനസ്സിനെ പിന്തുടർന്നതുകൊണ്ടാണ് വിവാഹശേഷവും ഞാൻ പഠനം തുടർന്നത്.

കുട്ടികൾ ഇപ്പോൾ വേണ്ടെന്ന് വെച്ചത് അടിച്ചുപൊളിച്ചു ജീവിക്കാനോ കുഞ്ഞുങ്ങളെ നോക്കാനുള്ള മടി കൊണ്ടോ ഒന്നുമല്ല.

നമ്മൾ അനുഭവിച്ചത് പോലെ കഷ്ടതകൾ നിറഞ്ഞ ഒരു ബാല്യം അവർക്ക് ഉണ്ടാകാതിരിക്കാനാണ്.

എല്ലാം നിറവേറ്റാൻ സാധിച്ചില്ലെങ്കിലും ഒന്നും നിറവേറ്റാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട് അതിന് ആദ്യം നമുക്ക് ഒരു നിലനിൽപ്പ് വേണം.

ഇനി കഷ്ടിച്ച് ആറുമാസം കൂടിയേ ഉള്ളൂ എന്റെ പഠനം തൽക്കാലം ഞാൻ അത് പൂർത്തിയാക്കട്ടെ…അതാണ് ഇപ്പോൾ എനിക്ക് ഏറ്റവും പ്രാധാന്യമായി തോന്നുന്നത്.”

അവളുടെ മിഴികൾ നിറഞ്ഞു.

“എന്തിനാ ദേവു നീ കരയുന്നത് ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം നീ പിജി കമ്പ്ലീറ്റ് ചെയ്ത് കാണാൻ ഏറ്റവും ആഗ്രഹം എനിക്കല്ലേ.. പറയുന്നവർ എന്തും പറയട്ടെ നമ്മുടെ സ്വപ്നങ്ങളെ പറ്റി നമുക്കല്ലേ അറിയൂ നീ വിഷമിക്കാതെ..”

അവനവളെ സമാധാനിപ്പിച്ചുകൊണ്ട് ചാരയായി കിടന്നു അവളുടെ മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു.

ഒരു സ്ത്രീ ആയതുകൊണ്ടാണോ മറ്റുള്ളവർ തന്റെ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്നത്?

ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ ഒരു പെൺകുട്ടി വിവാഹം കഴിച്ചിരിക്കണം അഥവാ ഇല്ലെങ്കിൽ ജാതക ദോഷം ഉണ്ടോ മറ്റെന്തെങ്കിലും ദോഷം ഉണ്ടോ എന്നായി അന്വേഷണം നിരന്തരം ഇവരുടെ ഇടപെടലുകൾ വീട്ടുകാരുടെ മനസ്സമാധാനം പോലും ഇല്ലാതാക്കുന്നു.

ഇനി കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടിയാണെങ്കിലോ… ഒരു വർഷത്തിനകം ഗർഭിണിയായിരിക്കണം ഇനി അഥവാ അല്ലെങ്കിൽ കാണേണ്ട ഡോക്ടറുടെ അഡ്രസ്സ് വരെ അവർ തരും.

ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കുന്നതിനിടയ്ക്ക് അകന്ന ബന്ധത്തിലെ ഒരു സ്ത്രീ ചോദിച്ച ചോദ്യം വീണ്ടും അവളുടെ മനസ്സിലേക്ക് പാഞ്ഞെത്തി.

“കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയില്ലേ… വിശേഷം ഒന്നും ആയില്ലല്ലോ.. ഡോക്ടറെ കാണിച്ചില്ലേ?”

സത്യം പറഞ്ഞാൽ ആ ചോദ്യം കേട്ട് അന്ന് താൻ ഞെട്ടിയതാണ്. ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന തീരുമാനങ്ങൾ എന്തെന്ന് പോലും അറിയാതെ മുൻവിധിയോടെ സംസാരിക്കാൻ ആരാണ് ഈ കൂട്ടരെ പഠിപ്പിച്ചത്?

അവർ മാനസികമായി ഒരമ്മയും അച്ഛനും ആകാൻ തയ്യാറാണോ അല്ലയോ എന്നുപോലും മനസ്സിലാക്കാതെ സർവ്വ അധികാരങ്ങളും എടുത്ത് സംസാരിക്കാൻ എന്ത് അവകാശമാണ് ഇക്കൂട്ടർക്ക് ഉള്ളത്?

വെറുതെ ഒരു കുഞ്ഞിന് ജന്മം നൽകിയത് കൊണ്ട് മാത്രം തീരുമോ ഒരച്ഛന്റെയും അമ്മയുടെയും കടമ?

ആ കുഞ്ഞിന് നല്ല ഭക്ഷണം, വസ്ത്രം,നല്ല വിദ്യാഭ്യാസം ഇതെല്ലാം നൽകാൻ കഴിയുമെന്ന് ആത്മവിശ്വാസം കൂടി അവർക്ക് വേണ്ടേ? ”

പലരും തന്നോട് പലവട്ടം പറഞ്ഞതായി ഓർക്കുന്നു കുഞ്ഞുങ്ങളുടെ കാര്യം വേഗം നോക്കിക്കോ ഇല്ലെങ്കിൽ ചിലപ്പോൾ വേണമെന്ന് തോന്നുമ്പോൾ കിട്ടാതെ വരും എന്ന്.

ഒരു പ്രായപരിധി കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകാനുള്ള ചാൻസ് കുറയുന്നു എന്നാൽ അതിനർത്ഥം വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഗർഭം ധരിക്കണം എന്നാണോ?

ജീവിതത്തിലുടനീളം ഇത്തരം തീരുമാനങ്ങൾ ഒരു സ്ത്രീയുടെ മേൽ അടിച്ചമർത്തപ്പെടുന്നു. ഒരു സ്ത്രീ ഏതെല്ലാം വഴികളിലൂടെയാണ് പോകേണ്ടത് എന്ന് സമൂഹമാണ് തീരുമാനിക്കുന്നത്.

അവൾ ഗർഭം ധരിച്ചാൽ കൂടിയും അടുത്ത ഭീഷണി സുഖപ്രസവമേ പാടുള്ളൂ എന്നതാണ്. സുഖപ്രസവത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകുന്നവർ ഭാഗ്യവതികൾ… സിസേറിയൻ എന്നത് എന്തോ അപരാധം എന്ന പോലെയാണ് ഇക്കൂട്ടരുടെ മനോഭാവം.

ഓഹ്… അവൾക്ക് നൊന്ത് പ്രസവിക്കാൻ മേലാഞ്ഞിട്ടാണ് പോലും.., പെണ്ണുങ്ങളായാൽ വേദനയറിഞ്ഞു തന്നെ പ്രസവിക്കണം,

വേദനയറിഞ്ഞ് പ്രസവിച്ചാലെ കുഞ്ഞിന് അമ്മയോട് സ്നേഹം ഉണ്ടാവുകയുള്ളൂ ആരെല്ലാമോ പറഞ്ഞു കേട്ട് പഴകിയ ഡയലോഗുകൾ ഇന്നും നിൽക്കാതെ തുടർന്ന് കേൾക്കുന്നു.

സിസേറിയൻ ചെയ്താൽ വേദനയുണ്ടാകില്ല എന്ന പടു വിഡ്ഢിത്തം ആരാണ് പറഞ്ഞു പരത്തിയത്?.

ഒന്നുറക്കെ തുമ്മിയാൽ പോലും കൊളുത്തി വലിക്കുന്ന സ്റ്റിച്ചിന്റെ വേദന കടിച്ചമർത്തി എത്രയോ നാളാണ് അവർ തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നത്.

നടക്കാനും ഇരിക്കാനും കിടക്കാനും പറ്റാതെ വേദന കൊണ്ട് പുളയുമ്പോഴും തന്റെ കുഞ്ഞിന് അവർ പാലൂട്ടുന്നു.

പിന്നീട് കാലാകാലങ്ങളോളം അനുഭവപ്പെടുന്ന നടുവേദനയും ഇതിന്റെ ഫലം അല്ലേ? പിന്നെ ആരാണ് സുഖപ്രസവത്തെ മാത്രം മഹത് വൽക്കരിച്ചത്?

മാറ്റിവയ്ക്കുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കണം. കുഞ്ഞു വളർന്ന് സ്കൂളിൽ പോകുന്നവരെയും സ്ത്രീകൾ തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ ആണ് പതിവ്.

“ഇനിയിപ്പോ കുട്ടിയൊന്ന് വലുതാകട്ടെ എന്നിട്ട് നോക്കാം… ” പലരും പറഞ്ഞു കേട്ട വാചകമാണത്.

“ദേവു നീ എന്താ ആലോചിക്കുന്നത്? ”

ചിന്തകളിൽ നിന്നുണർന്നതും അവൾ പുഞ്ചിരിച്ചു

“ഏയ് ഒന്നുമില്ല സുധിയേട്ടാ”.
അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു

” മറ്റുള്ളവർ ഒരിക്കലും എന്റെ സ്വപ്നങ്ങൾ നേടി തരില്ല അത് ഞാൻ തന്നെ നേടിയെടുക്കണം. ആരെന്തൊക്കെ പറഞ്ഞാലും എന്റെ സ്വപ്നങ്ങൾക്ക് ഞാൻ ചിറകുകൾ നൽകിയിരിക്കും. ” അവൾ മനസ്സിൽ ഉറപ്പിച്ചു

ഒരാളുടെ ജീവിതം അത് തികച്ചും വ്യക്തിപരമാണ് അതിൽ കൈകടത്താതിരിക്കുക എന്നതാണ് ഏറ്റവും മാന്യതയുള്ള കാര്യം.

പെൺകുട്ടികൾ സമൂഹത്തിന്റെ കളിപ്പാവകൾ അല്ല സ്വന്തമായി തീരുമാനങ്ങളും നിലപാടുകളും അവർക്കുണ്ട് വിദ്യാഭ്യാസം, വിവാഹം, കുട്ടികൾ, ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ താൽപര്യങ്ങളാണ്.

അതിൽ നിരന്തരമായ ഇടപെടലുകൾ നടത്തി മറ്റുള്ളവരുടെ ജീവിതത്തിലെ ഇതിൽ കണ്ണികൾ ആകാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *