(രചന: J. K)
“”നീ എന്താ പറയുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ നിധി…?? അരുൺ അവളോട് ചോദിച്ചപ്പോൾ മിഴികൾ നീറുന്നുണ്ടായിരുന്നു അവൾക്ക്…
“” എല്ലാ ഞാൻ തീരുമാനിച്ചു തന്നെയാണ് അരുൺ പറഞ്ഞത്… താൻ വേറെ ഒരു വിവാഹം കഴിക്കണം!!””””
പൊട്ടി വന്ന കരച്ചിൽ പാടുപെട്ട ഒതുക്കി അവൾ…
“” ഈ പറഞ്ഞതിന് ന്യായീകരണം കൂടി ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു”””
പുച്ഛത്തോടെ അരുൺ ചോദിച്ചു…
“”” ഇത്തവണ കൂടി നാട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞതാണ് അരുൺ, അരുണിന്റെ ഒരു കുഞ്ഞിനെ മരിക്കും മുമ്പ് താലോലിക്കണം എന്ന്…
എനിക്ക് അതിനുള്ള കഴിവില്ല എന്ന് തിരികെ പറയണമെന്നുണ്ടായിരുന്നു പക്ഷേ എന്നോട് താൻ പറഞ്ഞിരുന്നത് അല്ലേ അത് ആരെയും അറിയിക്കേണ്ട എന്ന്…
അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാൻ ഒന്നും പറയാതിരുന്നത് പക്ഷേ എത്രകാലം എന്ന് വെച്ചാണ് അവരുടെ മനസ്സ് ഇങ്ങനെ വേദനിപ്പിക്കുക… ഇനിയും എനിക്ക് വയ്യ അരുൺ തന്റേ ജീവിതത്തിൽ ഇങ്ങനെ കടിച്ചുതൂങ്ങി നിൽക്കാൻ… ഒരു അധികപ്പറ്റായി… “”””
കുറെനാളായി ഇത്തരത്തിലുള്ള വർത്തമാനം നിർത്തിവച്ചത് ആയിരുന്നു നിധി… ഇതിനിടക്കാണ് അമ്മയ്ക്ക് തീരെ വയ്യ എന്ന് പറഞ്ഞ് നാട്ടിൽ ഒന്നു പോയി വന്നത് അപ്പോൾ വീണ്ടും തുടങ്ങി വച്ചു….
പിന്നെയും അവിടെ നിന്നാൽ അവൾ പറഞ് പറഞ് ആളെ ഇറിറ്റേറ്റ് ചെയ്യും എന്ന് അറിയുന്നത് കൊണ്ട് വേഗം പുറത്തേക്കിറങ്ങി…. കൂട്ടുകാരുടെ അടുത്തേക്ക് പോയി, ഒന്ന് മൈൻഡ് ഫ്രഷ് ആവാൻ…
അറിയാമായിരുന്നു ഒറ്റയ്ക്ക് ഇരുന്നാൽ അവൾക്ക് ഏറെ നോവും എന്ന്… പക്ഷേ വേറെ വഴിയില്ല.. അവിടെ നിന്നാൽ ഇനിയും ആവശ്യമില്ലാത്ത ഓരോന്ന് പറഞ്ഞു മനുഷ്യനെ ഭ്രാന്ത് ആക്കും…
കൂട്ടുകാർ നിർബന്ധിച്ചത് കൊണ്ട് അല്പം കഴിച്ചിട്ടാണ് വീട്ടിലേക്ക് തിരിച്ചത്… അവിടെ എത്തിയതും അവളെ കണ്ടു കണ്ണൊക്കെ ആകെ ചുവന്നു തടിച്ച്… പോയതിനു ശേഷം അവൾ ഏറെനേരം കരഞ്ഞിരിക്കുന്നു എന്ന് വ്യക്തം…
ഒന്നും മിണ്ടാതെ റൂമിൽ പോയി കിടന്നു ലൈറ്റ് പോലും ഇടാതെ… ഇത്തിരി കഴിഞ്ഞപ്പോൾ അവൾ വന്നിരുന്നു എന്റെ അടുത്തേക്ക് എന്റെ തൊട്ടരികിൽ അവളെ ഇരിക്കുന്നത് അറിഞ്ഞു…
“”‘അരുൺ.. ഞാൻ കാരണോ ഇന്ന് കഴിച്ചത്???”””
“””എന്റെ പൊന്നു നിധീ.. രഞ്ജുന്റെ മോൾടെ ബർത്ത്ഡേ ആയിരുന്നു.. അതിന്റെ ട്രീറ്റ് തന്നതാ.. പ്ലീസ് നീ എന്നെ വെറുതെ ഓരോന്ന് പറഞ്ഞു വട്ടാക്കാതെ….”””
അത്രയും പറഞ്ഞപ്പോൾ അവൾ എന്റെ അരികിൽ നിന്നും എണീറ്റ് അപ്പുറത്തെക്ക് പോയി..
പിന്നെ ഞാൻ അവളെ പറ്റി ചിന്തിക്കാൻ തുടങ്ങി.. അച്ഛനും അമ്മയ്ക്കും കൂടി ആകെയുള്ള ഒരു മകളാണ്.. കോളേജിൽ എന്റെ ജൂനിയർ…
കോളേജിൽ പഠിക്കുമ്പോൾ തന്നെ അവളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.. പക്ഷേ അവളോട് തുറന്നു പറഞ്ഞാൽ ഏതുതരത്തിലാവും അവളുടെ മറുപടി എന്നറിയാത്ത കാരണം ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു..
കോളേജ് പഠനം കഴിഞ്ഞു പോകുമ്പോൾ അവൾ ഒരു നോവായി ഉള്ളിൽ കിടന്നിരുന്നു.. എങ്കിലും കാലം മറക്കാൻ സഹായിക്കും എന്ന വിശ്വാസത്തിൽ സ്വന്തം കാര്യം നോക്കാൻ തുടങ്ങി….
പിന്നെയാണ് ജോലിയൊക്കെ ശരിയായതും കല്യാണം അന്വേഷിക്കാൻ തുടങ്ങിയതും…
ദൈവഹിതം എന്നൊക്കെ പറയുന്നത് പോലെ അവളെ തന്നെ ഒരിക്കൽ പെണ്ണുകാണാൻ ചെന്നു രണ്ടുപേർക്കും അത്ഭുതമായിരുന്നു…
കോളേജിൽ വെച്ച് പരസ്പരം അറിയുന്നതുകൊണ്ട് വേറൊന്നും ചിന്തിച്ചില്ല…
എത്രയും പെട്ടെന്ന് അവളെ സ്വന്തമാക്കാനുള്ള തിടുക്കമായിരുന്നു പിന്നീട് എനിക്ക്….
ആദ്യരാത്രിയിൽ ആണ് അവൾ ആ സത്യം എന്നോട് വെളിപ്പെടുത്തിയത്, എനിക്ക് അവളോട് ഉള്ളതുപോലെ അവൾക്കും എന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്…. പറയാൻ മടിച്ച് മനസ്സിൽ സൂക്ഷിച്ചതായിരുന്നത്രെ….
ആരോടും പറയാതെ ഉള്ളിൽ സൂക്ഷിച്ച പ്രണയം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ രണ്ടുപേരും…
രണ്ടുപേർക്കും ഒരേ സ്ഥലത്ത് തന്നെ ആയിരുന്നു ജോലി ബാംഗ്ലൂർ!!! അതുകൊണ്ടുതന്നെ ആ നഗരത്തിലേക്ക് രണ്ടുപേരുടെയും ജീവിതം പറിച്ചുനട്ടു….
ജീവിതം വളരെ മനോഹരമായി മുന്നോട്ടു പോയി വർഷങ്ങൾ മൂന്നു പിന്നിട്ടു…
ഇനി ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കാം എന്ന് രണ്ടുപേരും ഒരുമിച്ചാണ് തീരുമാനിച്ചത് ഒപ്പം വീട്ടുകാരുടെ പ്രഷറും ഉണ്ടായിരുന്നു…
അതിനായി ശ്രമിച്ചിട്ടും ആവാതിരുന്നത് ചെറിയതോതിൽ ഞങ്ങളിൽ ടെൻഷൻ പടർത്തി.. അങ്ങനെയാണ് ഒരു ഗൈനക്കിനെ കൺസൾട്ട് ചെയ്തത്…
നിധിയെ പരിശോധിച്ച അവർക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. കൂടുതൽ പരിശോധനകൾക്ക് അവളെ വിധേയമാക്കി അങ്ങനെയാണ് അറിഞ്ഞത് അവൾക്ക് ഒരു അമ്മയാവാനുള്ള കഴിവില്ല എന്ന്…
അതോടെ അവൾ ആകെ തകർന്നിരുന്നു എന്റെ ജീവിതത്തിൽ ഇനി ഒരു അധികപ്പറ്റ് ആണെന്ന് അവൾ സ്വയം അങ്ങ് കരുതി.. എത്രയോ തവണ ഞാൻ അവളോട് പറഞ്ഞതാണ് ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിന്റെ ലക്ഷ്യം ഒരു കുഞ്ഞല്ല എന്ന്….
എന്തുപറഞ്ഞാലും അവള്ക്ക് മനസ്സിലാവില്ല.. കുറെ സമാധാനിപ്പിക്കുമ്പോൾ അവളും ആ രീതിക്ക് ഒക്കെ ആവും..
പക്ഷേ ആരെങ്കിലും പിന്നെ കുഞ്ഞിനെപ്പറ്റി പറഞ്ഞാൽ വീണ്ടും ഇതാണ് സ്ഥിതി… അതൊന്നും കാര്യമാക്കണ്ട എന്ന് പറഞ്ഞു മടുത്തു… എന്നാലും പിന്നെയും ഇങ്ങനെ തന്നെ…. ഒടുവിൽ ദേഷ്യം വരാൻ തുടങ്ങിയിരുന്നു
കുഞ്ഞു വേണ്ട അവളുമോത്തുള്ള ജീവിതമാണ് എനിക്ക് സന്തോഷകരം എന്ന് എത്ര പറഞ്ഞാലും മനസ്സിലാകാത്തവളെ എന്നുപറഞ്ഞ് അശ്വസിപ്പിക്കാനാണ്…
അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല…
നമ്മുടെ സമൂഹവും ആ രീതിക്ക് തന്നെയാണല്ലോ… സ്വയം നീറുന്ന അവരെ വീണ്ടും വീണ്ടും കുത്തിനോവിക്കാൻ ഒരു പ്രത്യേക താൽപര്യമാണ് എല്ലാവർക്കും..
ഒടുവിൽ കടുത്ത വിഷാദരോഗത്തിലേക്ക് അവൾ പോകും എന്ന് ഉറപ്പായി… അതുകൊണ്ടാണ് പുതിയ വഴികൾ തേടി അവളെയും കൊണ്ട് പിന്നെയും ആ ഡോക്ടറുടെ അടുത്തേക്ക് പോയത്….
വാടക ഗർഭധാരണം “””
നിധിക്ക് യൂട്രസിന് ആയിരുന്നു പ്രശ്നം…
ഒരു കുഞ്ഞിനെ വഹിക്കാൻ ഉള്ള കഴിവില്ല…
അതുകൊണ്ടുതന്നെ ഡോക്ടർ പറഞ്ഞു,
സറോഗസി എന്ന നൂതന മാർഗ്ഗത്തിലൂടെ ഞങ്ങളുടെ രണ്ടുപേരുടെയും കുഞ്ഞ് എന്ന മോഹം സഫലമാക്കാം എന്ന്….
ഞങ്ങളുടെ മോഹങ്ങൾക്ക് ചിറകു വെച്ചത് അവിടെ നിന്നായിരുന്നു. നാട്ടിൽ ഉള്ളവരോട് ഒക്കെ അവൾ ഗർഭിണിയാണ് എന്ന് പറഞ്ഞു…
അങ്ങോട്ട് വരാൻ പറഞ്ഞവരോട്, ഒട്ടും യാത്ര ചെയ്യാൻ വയ്യ എന്ന് പറഞ്ഞു അവർ ഇങ്ങോട്ട് വരുന്നത് എന്തൊക്കെയോ പറഞ്ഞു തടഞ്ഞു…
വാടകയ്ക്ക് ഗർഭധാരണത്തിനായി ഒരു സ്ത്രീയെ ഏർപ്പാടാക്കി തന്നത് എല്ലാം അവിടുത്തെ ഡോക്ടർ തന്നെയായിരുന്നു…
ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ കിട്ടി… അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ സ്വർഗ്ഗം…
സറോഗസി വഴിയാണ് കുഞ്ഞിനെ കിട്ടിയത് എന്ന് പറയാൻ മടി ആയിട്ടില്ല.. ഇപ്പോഴും നേരം വെളുക്കാത്ത ചിലർ നാട്ടിലുണ്ട്… അവരുടെ വായിൽ നിന്നും ഇനിയും വിഷം തുപ്പാതിരിക്കാൻ ചെറിയൊരു കള്ളം…
എത്രയൊക്കെ പ്രബുദ്ധരാണ് എന്ന് പറഞ്ഞാലും, പല മലയാളികൾക്കും ഇപ്പോഴും പണ്ടത്തെ നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയിട്ടില്ലല്ലോ…..