(രചന: J. K)
ജയിലറുടെ കൂടെ കയറി വന്ന അവളുടെ നേരെ എല്ലാ തടവുപുള്ളികളുടെ യും കണ്ണുകൾ നീണ്ടു..
വെളുത്ത് കൊലുന്നനെ ഒരു പെണ്ണ്.. ഏറി പോയാൽ ഇരുപതോ ഇരുപത്തൊന്നോ വയസ്സ് പ്രായം കാണും..
കണ്ണിൽ നിസ്സംഗത.. എങ്ങോട്ടും നോക്കുന്നില്ല ആരെയും ശ്രദ്ധിക്കുന്നില്ല… മറ്റേതോ ലോകത്ത് ഉള്ളതുപോലെ അവൾ അവരുടെ കൂടെ നടന്നു ഒരു ചലിക്കുന്ന പാവ കണക്കെ….
ഓഫീസിലുള്ള ഫോർമാലിറ്റി ക്ക് ശേഷം അവളെയും കൊണ്ട് അവളുടെ സെല്ലിലേക്ക് നടന്നു വനിതാ പോലീസുകാർ…
“”ശ് ശ്.. എന്താ കുറ്റം “”
എന്ന് ആരൊക്കെയോ അവരോട്, ശബ്ദം താഴ്ത്തി ചോദിക്കുന്നുണ്ടായിരുന്നു..
“”കൊലപാതകാ.. “”
എന്ന് പൊലീസുകാരികളിൽ ഒരാൾ അവരോട് ശബ്ദംതാഴ്ത്തി പറഞ്ഞിരുന്നു…
അത് വിശ്വസിക്കാനാവാതെ പലതരത്തിലുള്ള കുശുകുശുപ്പ് അവിടെ നിറഞ്ഞുനിന്നു ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തിൽ മറ്റേതോ ലോകത്ത് എന്ന വിധം ആ പെണ്ണ് നടന്നുനീങ്ങി….
കഠിന തടവുകാർക്ക് നൽകുന്ന സെല്ലിൽ അവളെ കൊണ്ട് ചെന്ന് ഇരുത്തി, സെല്ലും അടച്ച് പോലീസുകാരികൾ തിരികെ പോന്നു…
മായ എന്നാണ് പേര്… നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്നും കൊന്നത് സ്വന്തം അമ്മയെ തന്നെയാണ് എന്ന് അവിടെയുള്ള പോലീസുകാരിൽ നിന്ന് സഹതടവുകാർ അറിഞ്ഞു..
അവർക്ക് എല്ലാം അത്ഭുതമായിരുന്നു കാരണം ഇത്രയും പഠിക്കുന്ന ഒരാൾ അതും ഈ ചെറു പ്രായത്തിൽ…. സ്വന്തം അമ്മയെ…
നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാൽ ഇങ്ങനെയൊക്കെ അവൾ ചെയ്തു കൂട്ടി എന്ന് ഒരാളും പറയില്ലായിരുന്നു…
അതുകൊണ്ടുതന്നെ അവരെല്ലാം അവളെ ചുറ്റിപ്പറ്റി നടന്നു യാഥാർത്ഥ്യം മനസ്സിലാക്കാൻ.. അവളാകട്ടെ ആരോടും മനസ്സുതുറന്നില്ല എപ്പോഴും തന്റേത് മാത്രമായ ഏതോ ലോകത്ത് മാത്രമായി ഒതുങ്ങിക്കൂടി…
പുതിയ തടവുകാരി കൾ വന്നാൽ റാഗിംഗ് പോലെ ഒരു സംഭവം അവിടെ പതിവായിരുന്നു അവൾക്കും അത് അനുഭവിക്കേണ്ടി വന്നു….
ഓരോരുത്തരെ ഓരോ സെക്ഷനിലേക്ക് മാറ്റും.. ഓരോ ദിവസം ഓരോ ജോലി ആയിരിക്കും നൽകുക…
പുതുതായി വന്ന തടവുകാരികളെ റാഗിംഗ് എന്ന പേരിൽ ആ സെക്ഷനിലെ മറ്റുള്ളവർ ഒത്ത് ചേർന്ന് എല്ലാ ജോലിയും അവരെ കൊണ്ട് മാത്രം ചെയ്യിപ്പിക്കും….
എന്തെങ്കിലും തടസ്സം പറഞ്ഞാലോ ചെയ്തില്ലെങ്കിലും നന്നായി ഉപദ്രവിക്കുകയും ചെയ്യും ഇവിടെയും അത് സംഭവിച്ചു..
ഒന്നും തിരികെ പറയാതെ അക്ഷരംപ്രതി മായ എല്ലാം അനുസരിച്ചു..
അതുകൊണ്ടുതന്നെ അവർക്കാർക്കും അവളോട് ഒരു വാക്ക് തർക്കത്തിനോ അല്ലെങ്കിൽ എതിർത്തു പറയാനോ ഓരവസരവും കിട്ടിയില്ല…. ക്രമേണ എല്ലാവരും അവളോടുള്ള ശീത സമരം അവസാനിപ്പിച്ചു സ്നേഹത്തോടുകൂടി പെരുമാറാൻ തുടങ്ങി…
അവൾ പതിയെ അവരിലൊരാളായി…
ഫീൽ അവൾക്കായി കൂട്ടു കിട്ടിയത് ലളിതാമ്മ ചേച്ചിയെയായിരുന്നു….
ആദ്യമൊന്നും അവരെ അവൾ അടച്ചിരുന്നില്ല ക്രമേണ അവർ രണ്ടുപേർക്കും ഇടയിൽ വല്ലാത്ത ആത്മബന്ധം ഉടലെടുത്തു…
സ്വന്തം മകളെ പീഡിപ്പിച്ചുകൊന്ന അധ്യാപകനെ വെട്ടിനുറുക്കി എന്നതായിരുന്നു ലളിതമ്മ ചെയ്ത കുറ്റം…
അത് കേട്ടതിന് ശേഷം വല്ലാതെ മായ ലളിതമ്മയോട് അടുത്തു.. എന്തോ ബഹുമാനം ആയിരുന്നു അവൾക്ക് അവരോട്..
അവർ ഒരുപാട് തവണ മായയോട് ചോദിച്ചിരുന്നു എന്തിനാണ് അമ്മയെ ഇങ്ങനെ ചെയ്തത് എന്ന്…. അപ്പോൾ ഒന്നും അവൾ ഉത്തരം പറഞ്ഞില്ല. ലളിതമ്മ ഒരിക്കലും അവളെ നിർബന്ധിച്ചില്ല അത് പറയാൻ വേണ്ടി…
ഒരിക്കൽ ഒരിക്കൽ മാത്രം അവൾ തന്റെ മനസ്സ് തുറന്നു… ചെറുപ്പത്തിൽ ആരുടെയോ കൂടെ ഇറങ്ങി പോന്ന അമ്മ… അയാളുടെ കൂടെ ജീവിതം ആരംഭിച്ചു…
ആദ്യത്തെ പുതുമ കഴിഞ്ഞപ്പോൾ വഴക്കായി… ഒടുവിൽ അയാൾ ഇട്ടിട്ടു പോയി.. മൂന്നുകുഞ്ഞുങ്ങളും ആയി….
അയാളോടുള്ള ദേഷ്യം മുഴുവൻ കുഞ്ഞുങ്ങളോട് തീർത്തു അവർ… പട്ടിണിക്കിട്ടും പീഡിപ്പിച്ചും…
എല്ലാം സഹിച്ചും അവരുടെ കൂടെ തന്നെ നിന്നു… മൂന്നു പെൺകുട്ടികളും പഠിക്കാൻ മിടുക്കികളായിരുന്നു….
ഒരിക്കൽ ഒരു രാത്രി പണത്തിനു വേണ്ടി ഞങ്ങളെ അമ്മ…. ബാക്കി പറയാൻ കഴിഞ്ഞില്ല അവൾക്ക്..
ലളിതമ്മ അവളെ ചേർത്ത് പിടിച്ചു…
“”” ഏറ്റവും ഇളയത് നാലാം ക്ലാസിലാണ്….
അതുങ്ങളെയാണ് ആ വൃത്തികെട്ട സ്ത്രീ…. “””
അതു പറയുമ്പോൾ അവളുടെ ഉടലാകെ വിറച്ചു.. ലളിതമ്മ അവളെ ഇറുകെ പുണർന്നു സ്വാന്ത്വനമേകി….
അതിനാ… അതിനാ ഞാനവരെ…
എന്നുപറഞ്ഞ് തേങ്ങുന്നവരെ എന്നുപറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ലളിതമ്മ കുഴങ്ങി….
സ്വന്തം അമ്മയെ കൊന്നു അവൾ പോകുമ്പോൾ താഴെ ഉള്ളത്ങ്ങളെ ഒരു ബന്ധു വീട്ടിൽ ഏൽപ്പിച്ചിരുന്നു…
ബന്ധു എന്നൊന്നും പറയാൻ പറ്റില്ല… നിവൃത്തി കേട് കൊണ്ട് ചെയ്തതാണ്.. മാനത്തിന് വില പറയില്ല അവിടെ എന്ന് മാത്രം..
അവർക്ക് അവിടെ പഠനത്തിനുള്ള സൗകര്യം ഉണ്ടായാൽ മതിയായിരുന്നു എന്ന് മാത്രമായിരുന്നു മായയുടെ പ്രാർത്ഥന… നന്നായി പഠിക്കുന്ന കുഞ്ഞുങ്ങളാണ് അവരിലാണ് അവളുടെ എല്ലാ പ്രതീക്ഷകളു അർപ്പിച്ചിരിക്കുന്നത്…..
അവരല്ലാതെ വേറെ ആരും ഇന്നവൾക്കില്ല.. അവൾ പോരുമ്പോൾ നെഞ്ച് പൊട്ടി കരയുന്ന അവരുടെ രൂപം മാത്രമാണ് ഉള്ളു നിറയെ…
ഒപ്പം അവൾ ഒന്നുകൂടി പറഞ്ഞിരുന്നു ലളിതമ്മയോട്… അവരെ അവൾക്ക് ഒരുപാട് ഇഷ്ടമാണ് എന്ന്…
അന്യപുരുഷനെ സ്വന്തം മക്കളുടെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട തങ്ങളുടെ അമ്മ എവിടെ, സ്വന്തം കുഞ്ഞിനെ നശിപ്പിച്ചവനെ കൊന്ന് ശിക്ഷ ഏറ്റു വാങ്ങിയ ലളിതമ്മ എവിടെ…..
ഇങ്ങനെ ഒരമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ ഒരുപാട് ആശിച്ചതാണ് എന്ന്….അവർ തമ്മിലുള്ള ബന്ധം ദൃഢമായി…
തന്നെ അമ്മേ എന്ന് തന്നെ മായയെ കൊണ്ട് അവർ വിളിപ്പിച്ചു…
കുറച്ചുകാലം കഴിഞ്ഞപ്പോൾ ലളിതാമ്മയുടെ ശിക്ഷാ കാലാവധി കഴിഞ്ഞിരുന്നു.. അവർ പുറത്തിറങ്ങി.. നേരെ പോയത് മായയുടെ താഴെയുള്ള കുഞ്ഞുങ്ങളെ കാണാനാണ്..
അവിടെ ഏറെ ബുദ്ധിമുട്ടി കഴിയുന്ന അവരെ കണ്ടപ്പോൾ മരിച്ചു പോയ തന്റെ കുഞ്ഞിനെ ഓർമ്മ വന്നു ലളിതക്ക്..
ഏറെനാളായി അവർ അവിടെ സ്കൂളിൽ പോകുന്നില്ല ആയിരുന്നു ആ വീട്ടിലെ ജോലികൾ ചെയ്ത് ശരിക്കും വേലക്കാരികളെ പോലെ അവിടെ കഴിഞ്ഞു കൂടുകയായിരുന്നു…
അവരെ കൂടെ വിളിച്ചപ്പോൾ മായ അക്ക പറഞ്ഞിട്ടാണ് എന്നുകൂടി പറഞ്ഞപ്പോൾ അവർ അവരുടെ കൂടെ ചെന്നു….
ജയിലിൽ നിന്നും കിട്ടിയ പൈസ കയ്യിൽ ഉണ്ടായിരുന്നു അത് വെച്ച് അവർക്കുവേണ്ട പുസ്തകങ്ങളും യൂണിഫോമും ഒക്കെ വാങ്ങ്ങുകയാണ് ലളിതമ്മ ആദ്യം ചെയ്തത്…..
അടുത്തദിവസം മുതൽ അവരെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ തുടങ്ങി.. മുടങ്ങിയ ക്ലാസുകൾ കുട്ടികൾ കഷ്ടപ്പെട്ട് പഠിച്ചെടുത്തു… അവരും ലളിതമ്മയെ ഒരു അമ്മയെ പോലെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു…
അതിനുശേഷമാണ് അവരെയും കൂട്ടി മായയുടെ അടുത്തെത്തിയത്… കുഞ്ഞുങ്ങളെയും ലളിതാമ്മയേയും ഒരുമിച്ചു കണ്ടപ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞ് തൂവി…
രണ്ടു കുട്ടികളും ഏറെ സന്തോഷത്തിലായിരുന്നു അത് അവളുടെ മനസ്സ് നിറച്ചു… സ്കൂളിൽ പോകാൻ തുടങ്ങി എന്നുകൂടി കേട്ടപ്പോൾ തൃപ്തിയായിരുന്നു മായക്ക്….
വേഗം വരണം എന്നും തങ്ങൾ നിനക്കായി കാത്തിരിക്കുകയാണ് എന്നും പറഞ്ഞ് അവർ അവിടെ നിന്നും പോയി….
അവളും അക്ഷമയോടെ കാത്തിരിക്കുകയാണ് ശിക്ഷ തീരാൻ… തന്റെ പുതിയ കുടുംബത്തിലേക്ക് എത്താൻ.. ആ വാത്സല്യ മഴ നനയാൻ.. താഴെ ഉള്ളതുങ്ങളുടെ സ്നേഹത്തിൽ അലിഞ്ഞു തീരാൻ…..