(രചന: ആർദ്ര)
” നിനക്ക് ഇനിയെങ്കിലും പഴയതൊക്കെ മറന്നു പുതിയൊരു ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൂടെ.. നിന്നെ ഓർത്ത് വേദനിക്കുന്ന നിന്റെ അമ്മയെ കുറിച്ച് എങ്കിലും നീ ഒന്ന് ഓർത്തു നോക്കൂ. ”
കൂട്ടുകാരൻ ശ്യാം അങ്ങനെ പറയുമ്പോൾ അഖിലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അഖിൽ ശ്യാമിനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.
“ഞാൻ എന്തു മറക്കണം എന്നാണ് നീ എന്നോട് പറയുന്നത്..? അങ്ങനെ മറന്ന് കളയാൻ സാധിക്കുന്ന എന്തെങ്കിലുമാണോ എന്റെ ജീവിതത്തിൽ ഉണ്ടായത്..?”
വേദനയോടെ അഖില് അത് ചോദിക്കുമ്പോൾ അതിന്റെ ആഴം അറിയുന്നതു പോലെ ശ്യാമിന്റെ കണ്ണുകളും നിറഞ്ഞു. എങ്കിലും അത് പുറത്തു കാണിക്കാതെ അവൻ അഖിലിനെ ഗൗരവത്തോടെ നോക്കി.
” മുൻപ് എപ്പോഴോ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് കരുതി ഇനിയും അങ്ങനെയൊക്കെ ആകും എന്ന് കരുതുന്നതാണ് നിന്റെ തെറ്റ്.
ഒരാൾ അങ്ങനെയാണ് എന്ന് കരുതി നീ ഇനി കാണുന്ന ആളുകളും അങ്ങനെയായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.
നിന്നെ നീയായി സ്നേഹിക്കുന്ന അംഗീകരിക്കുന്ന ആരെങ്കിലുമൊക്കെ ഈ ലോകത്ത് ഉണ്ടാവും. അവർക്ക് വേണ്ടി വേണം നമ്മൾ അന്വേഷണം നടത്താൻ. ”
ശ്യാം അങ്ങനെ പറയുമ്പോൾ അഖിൽ പുച്ഛത്തോടെ ജീവിച്ചു.
“ഒരിക്കലുമല്ല. ഒരാളെന്നല്ല എല്ലാവരും അങ്ങനെയാണ്. എല്ലാവരും സ്വാർത്ഥരാണ്. എല്ലാവർക്കും അവരവരുടെ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്ത. അല്ലെന്ന് നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റുമോ..?”
ശ്യാമിന് മറുപടിയുണ്ടായിരുന്നില്ല. അല്ലെങ്കിലും അഖിൽ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നുമില്ല.
“ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ.. അവിടെ അമ്മ ഒറ്റയ്ക്കാണ്.”
അത്രയും പറഞ്ഞുകൊണ്ട് അഖിൽ ആൽത്തറയിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. പാടത്ത് കൂടി വീട്ടിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓടി വരുന്നുണ്ടായിരുന്നു.
നാട്ടുകാർക്ക് പ്രിയപ്പെട്ട ബാലൻ മാസ്റ്ററിന്റെയും ശ്രീദേവി ടീച്ചറുടെയും മകനാണ് അഖിൽ. സ്കൂളിൽ വച്ച് ക്ലാസ് എടുക്കുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് ബാലൻ മാഷ് മരണപ്പെട്ടത്.
അതിനു ശേഷം ശ്രീദേവി ടീച്ചറും മകനും മാത്രമുള്ള ലോകമായിരുന്നു അവരുടെത്.
ഒരു വിധവയെ പല രീതിയിലും സമീപിക്കാൻ മുഖം മൂടിയിട്ട മാന്യന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ടാവുമല്ലോ.ശ്രീദേവി ടീച്ചറിന്റെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെയായിരുന്നു സംഭവിച്ചത്.
പലപ്പോഴും പല രാത്രികളിലും അവരുടെ വീടിനു ചുറ്റും പലരും ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും അവരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരണം എന്നൊരു ആഗ്രഹത്തിൽ അവരുടെ പിന്നാലെ അലയുന്ന ഒരുപാട് ആളുകൾ ആ നാട്ടിൽ ഉണ്ടായിരുന്നു.
പക്ഷേ ആരുടെയും യാതൊരു തരത്തിലുള്ള പ്രലോഭനങ്ങളിൽ വീണു പോകാതെ തലയുയർത്തി പിടിച്ചു കൊണ്ട് അവർ അഖിലിനു വേണ്ടി ജീവിച്ചു.
അവനും അമ്മയേക്കാൾ വലിയൊരു ലോകം ഉണ്ടായിരുന്നില്ല. എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുന്ന ഒരു മകനായിരുന്നു അവൻ.
ചെറുപ്പം മുതൽക്കേ തന്നെ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടു വളർന്നതു കൊണ്ട് അമ്മയെ അധികമൊന്നും ബുദ്ധിമുട്ടിക്കാൻ അവൻ തയ്യാറായിരുന്നില്ല.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ അവനെക്കൊണ്ട് പറ്റുന്ന പണികൾക്കൊക്കെ അവൻ പോകാറുണ്ടായിരുന്നു.
പലപ്പോഴും ശ്രീദേവി ടീച്ചർ അവനെ എതിർത്തിട്ടുണ്ടെങ്കിലും,തന്റെ പോക്കറ്റ് മണിക്ക് ആവശ്യമായ പണം കണ്ടെത്താൻ അവൻ എപ്പോഴും ശ്രമിച്ചിരുന്നു.
അഖിൽ കോളേജിൽ പഠിക്കുമ്പോഴാണ് അവന്റെ ജീവിതത്തിലേക്ക് ശ്യാമ കടന്നു വരുന്നത്.
ശാലീന സുന്ദരിയായ അവളെ കണ്ടപ്പോൾ തന്നെ അഖിലിന്റെ മനസ്സിൽ അവളോട് ഒരു പ്രത്യേക താല്പര്യം ഉടലെടുത്തിരുന്നു.അത് അവൻ ആദ്യം പറയുന്നതും അവന്റെ അമ്മയോട് തന്നെയായിരുന്നു.
അത് കേട്ടപ്പോൾ പുഞ്ചിരിച്ചു കൊണ്ട് മകന്റെ തോളിൽ തട്ടുകയാണ് അമ്മ ചെയ്തത്. പിന്നെ അവന് ഒരു ഉപദേശവും കൊടുത്തു.
” നിന്റെ ഈ പ്രായത്തിൽ ഇങ്ങനെയുള്ള തോന്നലുകൾ ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഇത് പിന്നീടും അങ്ങോട്ട് ഉണ്ടാവുക എന്നുള്ളതാണ് പ്രധാനം. നീ ഇപ്പോൾ എന്തായാലും നിന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം തുറന്നു പറയണ്ട.
നിനക്ക് ആ കുട്ടിയെ കണ്ടപ്പോൾ ഉള്ള വെറും അട്ട്രാക്ഷൻ മാത്രമാണ് ഇതെങ്കിലും കുറച്ചു ദിവസത്തിനുള്ളിൽ തന്നെ അത് നിന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകും. അതല്ല യഥാർത്ഥത്തിലുള്ള ഇഷ്ടമാണെങ്കിൽ, ഒരിക്കലും അത് നിന്റെ മനസ്സിൽ നിന്ന് പോകില്ല.
അങ്ങനെയാണെങ്കിൽ നിനക്ക് ആ കുട്ടിയോട് നിന്റെ ഇഷ്ടം തുറന്നു പറയാം. നീ ഇഷ്ടം പറയുമ്പോൾ തന്നെ ആ കുട്ടിയും നിന്നെ ഇഷ്ടപ്പെടണം എന്നുള്ള വാശി ഒന്നും നിനക്ക് പാടില്ല.
ഒരുപക്ഷേ നിനക്കു മുന്നേ ആ കുട്ടിയുടെ മനസ്സിൽ മറ്റാരെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും അവരെ തമ്മിൽ അകറ്റാൻ നീ ശ്രമിക്കരുത്.”
അമ്മയുടെ വാക്കുകൾ അവൻ അക്ഷരംപ്രതി അനുസരിച്ചു. അമ്മ പറഞ്ഞതു പോലെ തനിക്ക് അവളോടുള്ളത് വെറുമൊരു ആകർഷണം മാത്രമാണോ എന്നറിയാൻ അവൻ ശ്രമിച്ചു നോക്കി.
അത് അങ്ങനെയല്ല എന്ന് മനസ്സിലാക്കിയപ്പോൾ തന്നെ അവൻ അമ്മയോട് അത് തുറന്നു പറയുകയും ചെയ്തു. അമ്മയുടെ സപ്പോർട്ട് തന്നെയാണ് അവൻ അവളോട് ഇഷ്ടം തുറന്നു പറഞ്ഞത്.
അമ്മ പറഞ്ഞതു പോലെ ആദ്യം അത് ആക്സെപ്റ്റ് ചെയ്യാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നെങ്കിലും അധികം വൈകാതെ അവന്റെ ഇഷ്ടത്തിന് അവളും സമ്മതം മൂളി.
വല്ലാത്ത സന്തോഷമായിരുന്നു അവന് ആ നിമിഷം ഉണ്ടായിരുന്നത്.താനും അമ്മയും മാത്രമുള്ള ലോകത്തേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു എന്നൊരു ചിന്ത അവന് വല്ലാത്ത സന്തോഷമായിരുന്നു.
ആ വരുന്നവൾ ആരായാലും തന്റെയും അമ്മയുടെയും പ്രിയപ്പെട്ടവൾ ആയിരിക്കും എന്ന് അവന് ഉറപ്പായിരുന്നു.
അവളും അമ്മയും തമ്മിൽ അടുക്കണം എന്നുള്ളത് അഖിലിന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടു തന്നെ മിക്കപ്പോഴും, അഖിൽ അമ്മയെ കുറിച്ച് അവളോട് പറയാറുണ്ടായിരുന്നു.
എന്നുമാത്രമല്ല അവളെയും അമ്മയെയും പരസ്പരം ഫോണിൽ സംസാരിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു.
പക്ഷേ പെട്ടെന്നൊരു ദിവസം അവൾ അവനോട് പൊട്ടിത്തെറിച്ചു.
” ഇത് കുറച്ച് കഷ്ടമാണ്. എന്തു പറഞ്ഞു തുടങ്ങിയാലും അത് അവസാനിക്കുന്നത് നിങ്ങളുടെ അമ്മയുടെ കാര്യത്തിലാണ്. സത്യം പറഞ്ഞാൽ നമുക്ക് മാത്രമായി ഒരു സ്പേസ് നീ അനുവദിച്ചു തരുന്നില്ല.
എപ്പോഴെങ്കിലും നിന്നോട് കുറച്ചു നേരം സംസാരിക്കാം എന്നുള്ള ആഗ്രഹത്തിൽ നിന്റെ അടുത്തേക്ക് ഓടി വന്നാൽ നിനക്ക് പറയാനുള്ളത് മുഴുവൻ നിന്റെ അമ്മയെ കുറിച്ച് ആയിരിക്കും.
എന്നെക്കുറിച്ച് എന്റെ സ്നേഹത്തിനെ കുറിച്ചോ നിനക്ക് ഒരു വാക്ക് പറയാനില്ല.എല്ലാംകൊണ്ടും എനിക്ക് മടുക്കുന്നുണ്ട്.”
അവൾ പറഞ്ഞ വാക്കുകൾ അവൻ അമ്പരപ്പോടെയാണ് കേട്ടത്.
” നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്.?അതിനു വേണ്ടി എന്ത് തെറ്റാണ് ഞാൻ ചെയ്തത്. ആദ്യം തന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ് അമ്മയും ഞാനും മാത്രമുള്ള ഒരു ലോകമായിരുന്നു ഞങ്ങളുടേത് എന്ന്. ആ ലോകത്തിലേക്കാണ് നീ കയറി വരുന്നത്.
അപ്പോൾ സ്വാഭാവികമായും അമ്മയും നിന്നോട് അടുക്കണം എന്നുള്ളത് എന്റെ ആഗ്രഹമാണ്. നിങ്ങൾ രണ്ടാളും എന്റെ പ്രിയപ്പെട്ടവരായതു കൊണ്ട് തന്നെ എപ്പോഴും നിങ്ങൾക്കിടയിൽ സ്നേഹം ഉണ്ടാകണം എന്നുള്ളതും എന്റെ താൽപര്യമാണ്.
അതിനു വേണ്ടിയാണ് നിന്നോട് ഞാൻ അമ്മയെക്കുറിച്ച് സംസാരിക്കുന്നതും അമ്മയെ കൊണ്ട് സംസാരിപ്പിക്കുന്നത്.നിനക്ക് എന്തുകൊണ്ടാണ് ഇതൊന്നും അംഗീകരിക്കാൻ കഴിയാത്തത്..? ”
അവൻ വേദനയോടെ ചോദിച്ചു.
” എനിക്കെന്തോ ഇതൊന്നും തീരെ അംഗീകരിക്കാൻ പറ്റുന്നില്ല. പ്രണയിക്കുന്ന സമയത്ത് തന്നെ നിനക്ക് അമ്മയെ കുറിച്ചുള്ള പുരാണങ്ങൾ ആണ് പറയാനുള്ളത് മുഴുവൻ.
ഇങ്ങനെയാണെങ്കിൽ കല്യാണം കഴിച്ചാലും നീ അമ്മയെ മാത്രം സ്നേഹിക്കുന്ന ഒരു മകനായിരിക്കും. എനിക്ക് ഒരിക്കലും നിന്നെ കിട്ടാൻ പോകുന്നില്ല.
കല്യാണം കഴിഞ്ഞാലും അമ്മയുടെ ചൊൽപ്പടിക്ക് നിൽക്കാൻ മാത്രമേ നിനക്ക് പറ്റൂ. എനിക്ക് അങ്ങനെ ഒരാളിനെ അല്ല ആവശ്യം. നിനക്ക് എന്നെ വേണമെന്ന് ഉണ്ടെങ്കിൽ അമ്മയെ നാട്ടിൽ നിർത്തിയിട്ട് നീ എന്നോടൊപ്പം ബാംഗ്ലൂർക്ക് വരണം.
അവിടെ നമുക്ക് നല്ല ജോലി നോക്കാം. അമ്മയ്ക്ക് ഇപ്പോൾ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലല്ലോ.. തനിച്ച് നിന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ”
അവൾ പറഞ്ഞ വാചകങ്ങൾ അവന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായിരുന്നു.
“മതി ശ്യാമേ.. നീ പറഞ്ഞ കാര്യത്തിനോട് എനിക്ക് യാതൊരുവിധ യോജിപ്പുമില്ല. നിന്നെ എന്റെ ജീവിതത്തിൽ നിലനിർത്താൻ വേണ്ടി ഒരിക്കലും എനിക്ക് എന്റെ അമ്മയെ ഉപേക്ഷിക്കാൻ കഴിയില്ല.
പെണ്ണുപോയാൽ വേറെ പെണ്ണിനെ കിട്ടും. പക്ഷേ എന്റെ അമ്മ അങ്ങനെയല്ല. ഈ നിമിഷം നമുക്ക് ഈ റിലേഷൻ ഇവിടെ അവസാനിപ്പിക്കാം.”
അതായിരുന്നു അവർ തമ്മിലുള്ള അവസാന കൂടിക്കാഴ്ച. അധികം വൈകാതെ തന്നെ അവൾ ബാംഗ്ലൂര് സെറ്റിൽ ചെയ്തതും അവിടെ തന്നെയുള്ള ഒരു മലയാളിയെ വിവാഹം കഴിച്ചതും ഒക്കെ അറിഞ്ഞിരുന്നു. അതിലൊന്നും തീരെ വേദന തോന്നിയില്ല.
തന്നെ മനസ്സിലാക്കാത്ത ഒരാൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങി പോയി എന്നു മാത്രമേ തോന്നിയിട്ടുള്ളൂ.
അത്രയും ചിന്തിച്ചു കഴിയുമ്പോഴേക്കും അവൻ വീടിന്റെ ഉമ്മറത്ത് എത്തിയിരുന്നു.
അവനെയും കാത്തിരിക്കുന്ന ശ്രീദേവി ടീച്ചറിനെ കണ്ടപ്പോൾ ഉള്ളിലെ മറ്റുള്ള ചിന്തകൾ ഒക്കെയും മാറ്റിവെച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് ആ അമ്മയുടെ മാത്രം മകനായി അവൻ വീട്ടിലേക്ക് കയറി.