” നിങ്ങൾ എത്ര നിസ്സാരമായിട്ടാണ് മനോഹരേട്ടാ കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന് പറഞ്ഞത്..? എന്നെ സംബന്ധിച്ച് അതൊന്നും കഴിഞ്ഞു പോയ കാര്യങ്ങൾ അല്ല. എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചില അനുഭവങ്ങളാണ്. “

(രചന: ആർദ്ര)

“എന്തൊരു ശാപം പിടിച്ച ജന്മമാണ് എന്റേത്.. അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ..?”

ഒരു വിങ്ങലോടെ ലേഖ സ്വയം ചോദിച്ചു. അവളുടെ കൈകൾ തന്റെ ഉദരത്തെ പൊതിഞ്ഞിരുന്നു. ആ കാഴ്ച കണ്ടുകൊണ്ട് മുറിയിലേക്ക് കയറി വന്ന മനോഹരന് വല്ലാത്ത വേദന തോന്നി.

” എന്തിനാ ലേഖേ..നീ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് വീണ്ടും വീണ്ടും വിഷമിക്കുന്നത്..?”

അയാൾ അനുകമ്പയോടെ അവളോട് ചോദിച്ചു.അവൾ ഞെട്ടലോടെ മുഖമുയർത്തി അയാളെ നോക്കി.

” കഴിഞ്ഞു പോയ കാര്യങ്ങൾ..!”

അത് പറഞ്ഞു അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. അവളുടെ ആ ഭാവത്തിൽ മനോഹരൻ സ്വയം ചൂളിപ്പോയി.

” നിങ്ങൾ എത്ര നിസ്സാരമായിട്ടാണ് മനോഹരേട്ടാ കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന് പറഞ്ഞത്..? എന്നെ സംബന്ധിച്ച് അതൊന്നും കഴിഞ്ഞു പോയ കാര്യങ്ങൾ അല്ല. എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചില അനുഭവങ്ങളാണ്. ”

കണ്ണീരോടെ അവൾ അത് പറയുമ്പോൾ മനോഹരൻ തന്റെ നാവിൽ നിന്ന് വന്നു പോയ ആ വാക്കിനെ പഴിക്കുകയായിരുന്നു.

“ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. എങ്കിലും എപ്പോഴും ഇതുതന്നെ ഓർത്തിരിക്കാതെ നീ മറ്റെന്തിലേക്ക് എങ്കിലും മനസ്സിനെ വഴി തിരിച്ചു വിടണം. അല്ലെങ്കിൽ നിന്റെ മനസ്സിന് തന്നെയായിരിക്കും അതുകൊണ്ടുള്ള നഷ്ടം. പിന്നെ എനിക്കും.”

മനോഹരൻ അത് പറയുമ്പോൾ ലേഖ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.

” ശരിക്കും ഞാൻ ഒരു ഭാഗ്യം കെട്ട ജന്മം തന്നെയാണ് അല്ലേ..? അല്ലെങ്കിൽ പിന്നെ ആശിച്ചു മോഹിച്ചു നമുക്ക് കിട്ടിയ കുരുന്നു കൂടി എനിക്ക് നഷ്ടമാകില്ലായിരുന്നല്ലോ..!”

വേദനയോടെ അവൾ പറയുമ്പോൾ മനോഹരൻ അവളെ ശാസിച്ചു.

“നീ അങ്ങനെയൊന്നും ചിന്തിക്കരുത്. ഇങ്ങനെയൊക്കെ സംഭവിക്കാനായിരിക്കും വിധി. നീ എത്രയൊക്കെ കരഞ്ഞാലും, വിഷമിച്ചാലും പോയ കുഞ്ഞ് ഒരിക്കലും തിരിച്ചു വരില്ല.

നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ബാക്കിയാക്കിക്കൊണ്ട് ആ കുഞ്ഞ് നമ്മളിൽ നിന്ന് അകന്നു പോയി എന്ന സത്യം നീ ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ.”

മനോഹരൻ പറഞ്ഞിട്ടും ലേഖയുടെ മുഖഭാവത്തിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായില്ല.

” ഞാൻ എന്നെക്കുറിച്ച് തന്നെയാണ് ഓർക്കുന്നത്. ജനിച്ച ഉടനെ അമ്മയെ നഷ്ടപ്പെട്ടു.

പിന്നെ ആകെ ഉണ്ടായിരുന്നത് അച്ഛനാണ്. രണ്ടു വയസ്സു വരെ അച്ഛനും ഞാനും മാത്രമുള്ള ലോകം. ഒരുപക്ഷേ ഞാൻ ആ കാലഘട്ടത്തിൽ ആയിരിക്കും സന്തോഷിച്ചിട്ടുണ്ടാവുക.

എനിക്ക് രണ്ടു വയസ്സായതിനു ശേഷം ആണ് അച്ഛന് ഒരിക്കലും ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് വളർത്താൻ കഴിയില്ല എന്ന പേരു പറഞ്ഞ് അച്ഛമ്മ ചെറിയമ്മയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്.

ചെറിയമ്മയ്ക്ക് ആദ്യമൊക്കെ എന്നോട് നല്ല സ്നേഹമായിരുന്നു എന്ന് അച്ഛമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.

അതിന് എത്ര നാളത്തെ ആയുസ്സ് ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, എനിക്ക് ഓർമ്മയുള്ള കാലം മുതൽ എന്നെ ദ്രോഹിക്കുന്നവരിൽ ആദ്യത്തെ ആള് എന്റെ ചെറിയമ്മയാണ്.

എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ചെറിയമ്മയ്ക്ക് ഒരു കുഞ്ഞു ഉണ്ടാകുന്നത്. എന്റെ അനിയൻ. ഒരു കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

പക്ഷേ അവിടം മുതൽ എന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. കുഞ്ഞിന്റെ അടുത്ത് ഒന്നിരിക്കാനോ അവനെ സ്നേഹത്തോടെ ഒന്ന് നോക്കാനോ പോലും ചെറിയമ്മ എന്നെ സമ്മതിച്ചിട്ടില്ല.

അതിന് അവർക്ക് പറയാൻ ഒരു കാരണവും ഉണ്ടായിരുന്നു.ജനിച്ചപ്പോൾ തന്നെ അമ്മയെ കൊന്നിട്ട് വന്നതു കൊണ്ട് എനിക്ക്, ആ കുഞ്ഞിനോട് അസൂയ ആയിരിക്കുമെന്ന്.

എനിക്ക് കിട്ടാത്ത മാതൃസ്നേഹം അവന് കിട്ടുമ്പോൾ ഞാൻ അവനെ ശപിക്കും എന്ന്. അതോടെ അവന് എന്തെങ്കിലും ആപത്ത് വരുമെന്നൊക്കെ ചെറിയമ്മ പലപ്പോഴും പറയുന്നത് എനിക്ക് ഓർമ്മയുണ്ട്.

ചെറിയമ്മയുടെ വാക്കുകളെക്കാൾ എന്നെ വേദനിപ്പിച്ചത് അച്ഛന്റെ പ്രതികരണങ്ങൾ ആയിരുന്നു. ചെറിയമ്മ പറയുന്നതിനപ്പുറം ഒരു ലോകം ഇല്ലാത്ത രീതിയിലായിരുന്നു അച്ഛന്റെ ഓരോ പ്രവർത്തികളും.

ഞാൻ ആ വീട്ടിലുള്ളത് അനിയന് ദോഷമാണ് എന്ന് അമ്മ പറഞ്ഞതോടെ അച്ഛന് എന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് ഒഴിവാക്കി വിടണം എന്നൊരു ചിന്ത മാത്രമായി മാറി.

നിരന്തരം പലതും പറഞ്ഞ് എന്നെ ഉപദ്രവിക്കുക പതിവായി. ഒരു ദിവസം കുഞ്ഞിനെ കാണാനായി വീട്ടിലേക്ക് വന്ന അച്ഛമ്മ കാണുന്നത് എന്നെ തല്ലുന്ന അച്ഛനെയാണ്.

അടി കൊണ്ട് ഞാൻ നിലവിളിക്കുമ്പോഴും ഒരുതരം പകയോടെ അച്ഛൻ എന്നെ ഉപദ്രവിക്കുന്നത് കണ്ടതോടെ അച്ഛമ്മയ്ക്ക് കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലായി.

അതുകൊണ്ടു തന്നെയാണ് നിർബന്ധം പിടിച്ചു അച്ഛമ്മ എന്നെ അച്ഛമ്മയ്ക്ക് ഒപ്പം കൂട്ടിയത്.

ഞാൻ ആ വീട്ടിൽ നിന്ന് പടിയിറങ്ങുന്നത് അച്ഛനും ചെറിയമ്മക്കും ഒക്കെ സന്തോഷമായിരുന്നു. അവരുടെ തലയിൽ നിന്ന് ഭാരം ഒഴിവായി കിട്ടി എന്നൊരു തോന്നൽ. അച്ഛമ്മയുടെ അടുത്തേക്ക് വന്നതോടെ അച്ഛനിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറഞ്ഞു കിട്ടി.

അഛമ്മ തറവാട്ടിൽ ആയിരുന്നു താമസം.അവിടെ അച്ഛമ്മയെ കൂടാതെ ചെറിയച്ഛനും കുടുംബവും ഒക്കെയുണ്ട്.ചെറിയച്ഛൻ എന്നോട് സ്നേഹമായിരുന്നു.

ഒക്കെ ചെറിയമ്മ അങ്ങനെ ആയിരുന്നില്ല. എങ്കിലും ചെറിയച്ഛനെ പേടിയുള്ളത് കൊണ്ട് ഒരിക്കൽ പോലും ചെറിയമ്മ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. ചെറിയച്ഛന്റെ രണ്ടു മക്കളും എന്നോട് കൂട്ടുകൂടാൻ ശ്രമിക്കാറുണ്ടായിരുന്നു.

ഞാനും അവരോടൊപ്പം പോകാൻ ഒരുപാട് ആഗ്രഹിച്ചു.എന്റെ ആറാം വയസ്സിൽ അച്ഛമ്മയോടൊപ്പം വന്നതിനു ശേഷം ആണ് ഞാൻ പഠിക്കാൻ പോയി തുടങ്ങിയത്.

അച്ഛമ്മയുടെ പെൻഷൻ തുക ഉണ്ടായിരുന്നതു കൊണ്ട് അതിൽ നിന്നാണ് എന്നെ പഠിപ്പിക്കാനുള്ള വക അച്ഛമ്മ കണ്ടെത്തിയത് .”

അത്രയും പറഞ്ഞു കൊണ്ട് അവൾ ഒന്നു വിതുമ്പി. മനോഹരൻ ലേഖയുടെ ഓരോ വാക്കുകളും കേട്ട് നിൽക്കുകയായിരുന്നു.

അവൾ പറഞ്ഞതിൽ പല കാര്യങ്ങളും അവന് നേരത്തെ തന്നെ അറിവുള്ളതാണെങ്കിലും അവളുടെ നാവിൽ നിന്ന് കേൾക്കുമ്പോൾ അതിന് ശ്രദ്ധ കൊടുക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

” ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു അച്ഛമ്മ മരണപ്പെടുന്നത്.

സത്യം പറഞ്ഞാൽ അവിടെ മുതൽ എന്റെ ജീവിതം വലിയൊരു ദുരന്തമായി മാറുകയായിരുന്നു. അച്ഛമ്മ മരിച്ചതിനു ശേഷം ആ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.

അതിനു ശേഷം എന്നെ പഠിക്കാൻ പോകാൻ ചെറിയമ്മ സമ്മതിച്ചിട്ടില്ല. ചെറിയമ്മ വാശിപിടിച്ചു തുടങ്ങിയപ്പോൾ ചെറിയച്ഛൻ കൂടുതൽ എതിർത്തു നിൽക്കാനും കഴിയാതെയായി പോയി.

ഞാൻ കാരണം അവരുടെ കുടുംബജീവിതം ഇല്ലാതാകുന്നു എന്ന് തോന്നിയതോടു കൂടിയാണ് ഞാൻ എന്റെ ആഗ്രഹങ്ങളെല്ലാം ഉള്ളിൽ അടക്കി വച്ച് തുടങ്ങിയത്.

ആ വീട്ടിൽ ശമ്പളമില്ലാത്ത ഒരു ജോലിക്കാരിയായി ഞാൻ മാറി. 18 വയസ്സായ സമയത്താണ് മനോഹരേട്ടന്റെ ആലോചന ഏതോ ഒരു ബ്രോക്കർ കൊണ്ടു വരുന്നത്.

എങ്ങനെയെങ്കിലും ഞാൻ എന്ന ഭാരം ഒഴിവാക്കി വിടണം എന്ന ചിന്തിച്ചിരുന്ന ചെറിയമ്മയ്ക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. എന്നെ നട തള്ളുന്നത് പോലെയാണ് ഇവിടെ കൊണ്ടുവന്ന് ഇട്ടിട്ടു പോയത്.

ഇവിടെ വന്നപ്പോൾ മനോഹരേട്ടൻ എന്നോട് സ്നേഹമായിരുന്നെങ്കിലും അമ്മയ്ക്കും നാത്തൂന്മാർക്കും ഞാൻ ചതുർഥി ആയിരുന്നല്ലോ..!

അല്ലെങ്കിലും ധർമ്മ കല്യാണം പോലെ ഈ വീട്ടിലേക്ക് കയറി വന്ന് എന്നോട് അവർ സ്നേഹം കാണിക്കണം എന്ന് വാശി പിടിക്കാൻ ഒന്നും പറ്റില്ലല്ലോ.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചാറു വർഷമായി.

ഞാൻ ഒരു അമ്മയാവാത്തതിന്റെ പേരിൽ ഈ സമൂഹം മുഴുവൻ എന്നെ ആക്ഷേപിച്ചു തുടങ്ങി. അവിടെയാണ് പ്രതീക്ഷയുടെ ഒരു മുകുളം പോലെ എന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ നാമ്പിട്ടത്.

അതിന് ഭൂമിയിലേക്ക് എത്താനുള്ള ആയുസ്സ് ദൈവം വിധിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ മുഖം പോലും കാണാത്ത ആ കുരുന്നിനെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.സ്നേഹിച്ചിരുന്നു. മനസ്സിൽ ലാളിച്ചിരുന്നു.

അവന്റെ മുന്നോട്ടുള്ള ഓരോ ദിവസവും എങ്ങനെയാകണം എന്ന് കൃത്യമായി പ്ലാൻ ചെയ്തിരുന്നു. എന്റെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും വ്യർത്ഥമാക്കി കൊണ്ട് ഒരു സുപ്രഭാതത്തിൽ അവൻ എന്നെ വിട്ടു പോയി.

ഇതിൽ ഏതാണ് ഞാൻ മറന്നു കളയേണ്ടത്..? അങ്ങനെ മറവിക്ക് വിട്ടുകൊടുക്കാൻ പറ്റുന്ന എന്തെങ്കിലും ഒരു അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടോ..? ”

മനോഹരനെ നോക്കുമ്പോൾ അയാൾ കരയുകയായിരുന്നു.

അവളെ തന്നോട് ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ, ജീവിതാവസാനം വരെയും മുഖമില്ലാത്ത ആ കുരുന്നിനെ ഓർത്ത് അവൾ വിഷമിക്കും എന്ന് അയാൾക്കും അറിയാമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *