(രചന: J. K)
“””നീ സമ്മതിക്കണം രശ്മീ… എല്ലാവരും പറയുന്നത് നിന്റെ നല്ലതിനു വേണ്ടിയാണെന്ന് നീ ഓർക്കണം”””
എന്നൊരു ഉപദേശം പോലെ എന്നോട് പറയുന്ന അഭിയെ അവൾ അത്ഭുതത്തോടെ നോക്കി…
ഇത്രയും നാൾ ഈ ഒരു രീതിക്ക് അല്ലായിരുന്നു അയാളുടെ സംസാരം എന്ന് അവൾ ഓർത്തു ഇപ്പോൾ അയാൾ ആകെ മാറി പോയിരിക്കുന്നു…
എല്ലാം ഓർക്കുംതോറും അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…
“” അഭിയേട്ടാ എന്റെ ഉള്ളിൽ കിടക്കുന്നത് നമ്മുടെ കുഞ്ഞാണ് അവർ അതിനെ ഒഴിവാക്കാൻ ആണ് പറയുന്നത് ‘””
“”” അവർ പറയുന്നത് അല്ലേ ശരി നമ്മുടെ കല്യാണം കഴിഞ്ഞിട്ടുണ്ടോ അല്ലെങ്കിൽ തന്നെ നമുക്ക് അതിനുള്ള പ്രായമായിട്ടുണ്ടോ പിന്നെ എന്ത് വിശ്വാസത്തിലാണ് നമ്മൾ ഈ കുഞ്ഞിനെ വളർത്തുക…. “”””
രശ്മിയുടെ മുഖത്ത് ഒരു പുച്ഛ ചിരി വിരിഞ്ഞു..
ഗർഭിണിയാണ് എന്ന് അറിയുമ്പോൾ കെട്ടിപ്പിടിച്ച് വട്ടം കറക്കുന്ന നായകനെ ഒന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല
പക്ഷേ, രണ്ടുപേരും ഒരേപോലെ ചെയ്ത തെറ്റിന്റെ ഫലം വയറ്റിൽ വളരുന്നുണ്ട് എന്നറിഞ്ഞാൽ തന്നെ ഉപേക്ഷിക്കില്ല എന്നൊരു വിശ്വാസം അവൾക്കുണ്ടായിരുന്നു
അതാണ് ഇപ്പോൾ തെറ്റിപ്പോയത് തനിക്ക് ആശ്രയത്തിനായി ഒന്ന് ചാരാൻ പോലും ആരുമില്ല എന്നുള്ള വലിയ യാഥാർത്ഥ്യം അവൾ വ്യസനത്തോടെ ഓർത്തു…
ഈ വലിയ തറവാട്ടിലെ ജോലികളെല്ലാം ചെയ്താണ് തങ്ങളുടെ കുടുംബം ജീവിച്ചു പോയിരുന്നത്… അവരുടെ അകന്ന ബന്ധുക്കൾ ആണെങ്കിൽ പോലും.. അക്ഷരാർത്ഥത്തിൽ വേലക്കാരി തന്നെയായിരുന്നു…
ഇവിടുത്തെ വല്യമ്മക്ക് രണ്ട് ആൺകുട്ടികളാണ് മൂത്തയാൾ ഡൽഹിയിലാണ് രണ്ടാമത്തെ ആള് ദുബായിലും…
ഇവിടെ വലിയച്ഛൻ മരിച്ചതിനുശേഷം ഈ വല്യമ്മ തനിച്ചാണ്…
അവർക്ക് കൂട്ടായി ആണ് ഇവിടെ നിന്നിരുന്നത് ആദ്യമൊക്കെ അമ്മയായിരുന്നു വന്ന് കിടന്നിരുന്നതും മറ്റും പിന്നീട് അമ്മൂമ്മയ്ക്ക് വയ്യാതായപ്പോൾ അമ്മയ്ക്ക് വന്ന് നിൽക്കാൻ പറ്റാതെയായി
അങ്ങനെയാണ് ഞാൻ ഇങ്ങോട്ട് രാത്രി കാവൽ കിടക്കാൻ വേണ്ടി വരാൻ തുടങ്ങിയത്….
ഡൽഹിയിലുള്ള മകന്റെ മൂത്ത മകൻ കുറച്ചു നാൾ ചെലവിടാൻ വരുന്നു എന്ന് വിളിച്ചു പറഞ്ഞിരുന്നു…
വല്യമ്മ അതിന്റെ സന്തോഷത്തിലായിരുന്നു എപ്പോഴെങ്കിലും മാത്രമാണ് അവർക്ക് സ്വന്തക്കാരെ ഒന്ന് കാണാൻ കഴിയുക ഇതുപോലെ വല്ലപ്പോഴും ആരെങ്കിലും ഒക്കെ ഒന്ന് വന്ന് നിൽക്കുമ്പോൾ….
അപ്പോൾ അവർ ഓരോന്ന് അവർക്ക് വേണ്ടി ഒരുക്കും എന്നിട്ട് കാത്തിരിക്കും പലപ്പോഴും അവർക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞ് അവർ നിരാശയാവുന്നത് ഞാൻ കണ്ടിട്ടുണ്ട്…..
ഇത്തവണയും വെറുതെ പറഞ്ഞതാകും എന്നാണ് ഞാൻ കരുതിയത് പക്ഷേ അയാൾ വന്നു അഭിരാം…
വല്യമ്മ ഓരോന്ന് വെക്കേഷന് വരുന്ന പേരക്കുട്ടിക്കായി ഒരുക്കുന്നുണ്ടായിരുന്നു ഞാനും കൂടെ നിന്ന് സഹായിച്ചു…
അഭിക്ക് അത് ഇഷ്ടമാ ഇത് ഇഷ്ടമാ എന്നൊക്കെ പറഞ്ഞു ഒരുപാട് സാധനങ്ങൾ ഉണ്ടാക്കി വച്ചു..
ഒടുവിൽ ആളെത്തിയപ്പോൾ വലിയമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു അത് കാണെ എനിക്കും സന്തോഷം തോന്നി പാവം എത്രകാലമായി ഇവിടെ ഒറ്റയ്ക്ക് ഇങ്ങനെ…
ഏതു തരക്കാരന് എന്നറിയാത്തതുകൊണ്ട് അഭിയേട്ടനോട് ഞാനും കൂടുതൽ വർത്താനത്തിനൊന്നും പോയില്ല പക്ഷേ ആള് ഭയങ്കര കമ്പനിയായിരുന്നു….
ഇങ്ങോട്ട് വന്ന് വർത്തമാനം പറഞ്ഞു എല്ലാവർക്കും ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമായി ഡൽഹിയിൽ വലിയ ജോലിയുള്ള ഭയങ്കര പടിപ്പുള്ള ആളാണ് എന്നൊരു ജാഡയും ഇല്ലായിരുന്നു ആൾക്ക്…..
അത് തന്നെയാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ട് തന്നെ അഭിയേട്ടനോട് എന്റെ ഉള്ളിലും എന്തോ ഒരു മതിപ്പ് തോന്നിയിരുന്നു…..
ഒരിക്കൽ അഭിയേട്ടനാണ് എന്നോട് വന്നു പറഞ്ഞത് എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് ആദ്യമൊക്കെ ഞാൻ കുറെ എതിർത്തു.
എനിക്ക് ഞാൻ നിൽക്കുന്ന സ്ഥാനം നന്നായി അറിയാമായിരുന്നു. പക്ഷേ വിടാതെ പുറകെ നടന്നതും തിരിച്ച് എനിക്ക് ഇഷ്ടമാണ് എന്ന് പറയിപ്പിച്ചതും അഭിയേട്ടൻ ആയിരുന്നു….
പിന്നെ പ്രണയത്തിന്റെ നാളുകൾ ഈ പ്രണയത്തിന് വല്ലാത്ത ലഹരിയാണ് അത് നമ്മുടെ ബുദ്ധിയെ കേറിയങ്ങ് ഭരിക്കും. ഒന്നും നമുക്ക് തിരിച്ചറിയാനാവില്ല നല്ലതും പൊട്ടയും ഒന്നും…
എവിടെയും അതുതന്നെയാണ് സംഭവിച്ചത് കാവിലെ ഉത്സവത്തിന് പോയതായിരുന്നു ഞങ്ങൾ… അമ്മയോട് അനുവാദം ചോദിച്ച് എന്റെ കൂട്ടി പോയത് അഭിയേട്ടൻ തന്നെയാണ് വരുന്ന വഴിക്കാണ് പെട്ടെന്ന് ഒരു മഴ…..
നല്ല മഴ ആയതു കൊണ്ട് ഞങ്ങൾ അവിടെ തന്നെയുള്ള ഒരു പൊളിഞ്ഞ വീട്ടിൽ മഴയിൽ നിന്ന് അഭയം തേടി
പക്ഷേ, അവിടെ വെച്ച് എനിക്ക് എന്നെ തന്നെ നഷ്ടമായി കുറേ എതിർത്തെങ്കിലും പ്രണയപൂർവ്വമുള്ള ആ സാമീപ്യത്തിനു മുന്നിൽ ഞാൻ അറിയാതെ കീഴ്പ്പെട്ടു പോവുകയായിരുന്നു….
അവിടെവച്ച് അഭിയേട്ടൻ എന്റെ സമാധാനത്തിനായി അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്ന് മാല അഴിച്ച് എന്റെ കഴുത്തിൽ കെട്ടിത്തന്നു ഇത് ഞാൻ കെട്ടുന്ന താലിയായി കരുതിക്കോളാൻ പറഞ്ഞു…
അതുകേട്ടപ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു എനിക്ക് വലിയമ്മ അറിയാതെ ഞങ്ങൾ ആ വീട്ടിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ താമസിച്ചു..
എന്റെ കരുത്തിൽ താലികെട്ടിയിട്ടുണ്ടല്ലോ എന്നായിരുന്നു എന്റെ സമാധാനം… ആരും അറിയാതെയാണെങ്കിൽ കൂടി… ഒരു പൊട്ടി പെണ്ണിന്റെ മൂഡത്തം….
എല്ലാം കൈവിട്ടു പോയപ്പോഴാണ് സംഗതി വലിയൊരു അബദ്ധമായിരുന്നു എന്ന് എനിക്ക് മനസ്സിലായത് അഭിയേട്ടൻ കയ്യൊഴിഞ്ഞു അമ്മയും വല്യമ്മയും അറിഞ്ഞു…
ആരും അറിയാതെ ഇത് ഇല്ലാതാക്കാനാണ് അവരെല്ലാം ശ്രമിച്ചത് ആൾക്കാരെ അറിഞ്ഞാൽ അഭിമോന് നാണക്കേട്…. അവരുടെ കുടുംബത്തിന് നാണക്കേട്…. എന്നെ പറ്റിയോ എന്റെ മാനസികാവസ്ഥയോ ചിന്തിക്കാൻ ആരും തയ്യാറായില്ല….
കുഞ്ഞിനെ ഇല്ലാതാക്കി മറ്റാരുടെയോ തലയിൽ എന്നെ കെട്ടിവയ്ക്കാനുള്ള പ്ലാൻ…
ആരു പറഞ്ഞാലും ഈ കുഞ്ഞിനെ കളയില്ല എന്നൊരു വാശിയുണ്ടായിരുന്നു എനിക്ക്…..
ചെയ്തത് തെറ്റാണ് അതിന്റെ ഫലം എന്റെ വയറ്റിലുണ്ട് അത് പരിഹരിക്കാൻ ആ കുഞ്ഞിനെ ഇല്ലാതാക്കുക എന്ന മറ്റൊരു തെറ്റല്ലല്ലോ നീതി എന്ന് ഞാൻ ചിന്തിച്ചു….
ആളുകൾ തന്തയില്ലാത്ത എന്റെ കുഞ്ഞിന്റെ അച്ഛനെ ചോദിച്ചു വന്നു അഭിയേട്ടനാണ് എന്ന് ഞാൻ ധൈര്യപൂർവ്വം ചൂണ്ടിക്കാട്ടി…
അയാൾ എല്ലാം നിഷേധിച്ചു… അത് ഞാൻ പ്രതീക്ഷിച്ചതായിരുന്നു..
അത് കൊണ്ട് എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല ഒടുവിൽ കേസ് ആവും അയാൾ കുടുങ്ങും എന്നൊക്കെ അറിഞ്ഞതുകൊണ്ട് അയാൾ എന്റെ കഴുത്തിൽ താലികെട്ടാൻ തയ്യാറായി അതും ആരുടെയൊക്കെയോ നിർബന്ധപ്രകാരം…..
“””” എനിക്ക് ഇയാളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന് തന്നെ ഞാൻ വിവാഹാലോചനയുമായി വന്നവരുടെ മുഖത്ത് നോക്കി പറഞ്ഞു…
ഒരു പെണ്ണിനെ ഇഷ്ടമാണ് എന്ന് പറഞ്ഞു, അവളെ ഈ അവസ്ഥയിലാക്കിയിട്ട് ഒരു കുറ്റബോധവും ഇല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി പോകുന്നയാളെ എനിക്ക് ജീവിതത്തിൽ കൂട്ടായി വേണ്ടാ എന്ന് തന്നെ ഞാൻ പറഞ്ഞു……
ഈ കുഞ്ഞിനെ ഞാൻ വളർത്തുമെന്നും…
അതിന്റെ അച്ഛൻ ആരാണെന്ന് നാട്ടുകാർക്കൊക്കെ ഒരുവിധം ബോധ്യമായിട്ടുണ്ട്… അത് മതി എനിക്ക്…
എല്ലാവരും ചേർന്ന് കുറെ നിർബന്ധിച്ചു നിന്റെ ജീവിതം നശിക്കും എന്നൊക്കെ… ഈ ഒരാളെ കല്യാണം കഴിച്ചാൽ നശിക്കുന്ന അത്രത്തോളം അത് ഉണ്ടാവില്ല എന്ന് തന്നെ ഞാൻ പറഞ്ഞു…
ഇനി ജീവിക്കണം…. തല ഉയർത്തിപ്പിടിച്ച് തന്നെ ഒരു തെറ്റുപറ്റി… അത് ഇങ്ങനെയെങ്കിലും തിരുത്തണം….