(രചന: J. K)
“” ഇത് എന്റെ വീടാ ഇവിടെ നിൽക്കുമ്പോൾ ഞാൻ പറയുന്നത് അനുസരിക്കേണ്ടിവരും…””
അമ്മായിയമ്മയുടെ ഉഗ്രശാസനം കേട്ട് ശരിക്കും ഞെട്ടിയിരുന്നു ദിവ്യ.. അവൾക്ക് എന്തുവേണമെന്ന് അറിയില്ലായിരുന്നു..
ദുബായിൽ എന്തോ ചിട്ടി പോലെയുള്ളതിൽ ചേർന്ന് കണ്ണേട്ടന് പൈസ കിട്ടിയപ്പോൾ പറഞ്ഞതാണ് നമുക്ക് ഒരു പത്തു സെന്റ് സ്ഥലം എടുക്കാം എന്ന്…
അതിന് ഉണ്ടാവാത്ത പുകിലൊന്നും ഇല്ല ഇവിടെ.. ആ പണം അമ്മയുടെ പേരിൽ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനാണ് അമ്മ പറയുന്നത്. ആവശ്യമുള്ളപ്പോൾ തരാം എന്ന്..
പക്ഷേ ഈ പറയുന്ന ആൾ അത് ഇനി ഒരിക്കലും തരാൻ പോകുന്നില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് കണ്ണേട്ടനോട് അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞത്…
കണ്ണേട്ടന്റെ പേരിൽ ബാങ്കിൽ ഇട്ടോളൂ.. അതല്ല എന്നുണ്ടെങ്കിൽ നമ്മുടെ പേരിൽ പത്ത് സെന്റ് സ്ഥലം മേടിക്കണം എന്നും പറഞ്ഞു കൊടുത്തത്…
കണ്ണേട്ടൻ ആള് ശുദ്ധനാണ് ആരെയും കണ്ണടച്ച് വിശ്വസിക്കും..
അതുകൊണ്ടുതന്നെയാണ് അമ്മയെയും ഭാര്യയെയും രണ്ട് തട്ടിൽ തൂക്കാതെ ഒരേപോലെ സ്നേഹിക്കുന്നത്…
അത് പക്ഷേ അത്തരത്തിൽ ഉള്ളവരെ മാത്രമാണ് വേണ്ടത് ഇതുപോലെ മുതലെടുക്കുന്നവരെ അതിനനുസരിച്ച് തന്നെ നിൽക്കണം എന്നാണ് എന്റെ അഭിപ്രായം…
അമ്മയെ വിളിച്ചപ്പോൾ കണ്ണേട്ടൻ സൂചിപ്പിച്ചു എന്ന് തോന്നുന്നു സ്ഥലം വാങ്ങുന്ന കാര്യം അതോടുകൂടി അമ്മയുടെ മട്ടും ഭാവവും മാറി..
“” നിങ്ങൾക്ക് ഇപ്പോൾ എന്തിനാ സ്ഥലം എന്നായിരുന്നു ചോദ്യം. ഈ വീട് അവനുള്ളതല്ലേ എന്ന്..
അത് കേട്ടപ്പോൾ ചിരിയാണ് വന്നത്…
ആറേഴു മാസം മുന്നേയാണ് കണ്ണേട്ടന്റെ വിവാഹ ആലോചന വരുന്നത് അപ്പോൾ പറഞ്ഞിരുന്നത് ഈ വീട് കണ്ണേട്ടനാണ് ഉള്ള പെങ്ങളെ കല്യാണം കഴിച്ചു കൊടുത്തു എന്നൊക്കെയാണ്…
എല്ലാ പെൺകുട്ടികളുടെയും അച്ഛന്മാർ ചെറുക്കന്റെ ബാധ്യത തന്നെയാണ് നോക്കുന്നത് യാതൊരു ബാധ്യതയും ഇല്ല എന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ് എന്നെ ഇങ്ങോട്ടേക്ക് കല്യാണം കഴിച്ചയച്ചതും…
ഇവിടെ വന്നു കയറിയപ്പോൾ മുതൽ തുടങ്ങിയതാണ് അമ്മ ദുർമുഖം കാണിക്കാൻ..
എന്ത് ചെയ്താലും കുറ്റം ഏതു ചെയ്താലും കുറ്റം അവരുടെ മകനെ പാട്ടിലാക്കാൻ വന്ന മോഹിനിയാണത്രേ ഞാൻ…
വിവാഹത്തിന്റെ മുന്നേ മകനേ പൂർണമായും അമ്മയ്ക്ക് തന്നെ കിട്ടും പക്ഷേ അതിനുശേഷം ഭാര്യയോട്.. അടുപ്പം കാണിക്കരുത് എന്ന് പറഞ്ഞാൽ എവിടെത്തെ ന്യായമാണ്…
ദുബായിലേക്ക് തിരിച്ചുപോയി ആദ്യത്തെ മാസം എനിക്ക് എന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചുതന്നത് മുതൽ തുടങ്ങിയതാണ് ഈ പ്രശ്നം..
അവൾക്കെന്തിനാ പൈസ തിന്നാനും ഉടുക്കാനും ഉള്ളത് ഇവിടെ നിന്ന് കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു അമ്മയുടെ ഭാഷ്യം..
അതുകഴിഞ്ഞും ഒരാൾക്ക് ചിലവുകൾ ഉണ്ട് എന്ന് അമ്മയോട് ഞാൻ പറഞ്ഞു…
ഇനി അതിനൊന്നും എന്റെ അച്ഛനെ ബുദ്ധിമുട്ടിക്കാൻ ആവില്ല എന്നും.. എന്റെ പഠനം കഴിഞ്ഞാൽ എനിക്കാവും വിധം ഞാനും കണ്ണേട്ടനെ സഹായിച്ചോളാം എന്നും കൂടി പറഞ്ഞപ്പോൾ അത് അവർക്ക് ഒട്ടും ഇഷ്ടമായില്ല..
എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിക്കൊണ്ടാവണം കണ്ണേട്ടനെ വിളിച്ചു പറഞ്ഞത് അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താൽ മതി അവൾക്ക് ആവശ്യമുള്ള പണം അമ്മ കൊടുത്തോളാമെന്ന്..
പക്ഷേ കണ്ണേട്ടൻ പറഞ്ഞു അവൾക്ക് അക്കൗണ്ട് ഉള്ളപ്പോൾ അതിലേക്ക് അയച്ചുകൊടുക്കുകയല്ലേ നല്ലത് അവൾക്ക് ഇഷ്ടപ്രകാരം എടുക്കാലോ എന്ന്..
ആ പ്രശ്നം അതോടെ അവിടെ അവസാനിച്ചുവെങ്കിലും പിന്നെ അമ്മയ്ക്ക് എന്നെ കാണുന്നത് തന്നെ ചതുർത്തിയായി..
ഇടയ്ക്ക് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു ഈ വീടും സ്ഥലവും അമ്മയുടെ പേരിലാണ് അത് മുഴുവൻ മകൾക്ക് എഴുതിവെച്ചു കൊടുക്കും നിങ്ങൾ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും എന്നൊക്കെ…
സാരമില്ല ഞങ്ങൾ അധ്വാനിച്ച് ഞങ്ങൾക്കുള്ളത് ഉണ്ടാക്കിക്കോളാം എന്ന് അമ്മയോട് മറുപടി പറയും..
ചേച്ചി ഇടയ്ക്ക് മാത്രമേ വീട്ടിലേക്ക് വരുള്ളൂ എങ്കിലും വല്ലാത്ത അധികാരമാണ്…
വന്നു കഴിഞ്ഞാൽ തുടങ്ങും അയ്യോ അത് കേടു വന്നല്ലോ ഈ പാത്രം പൊട്ടിയല്ലോ ഗ്യാസ് തുരുമ്പ് പിടിച്ചല്ലോ ഇവിടെ ഇതൊന്നും നോക്കുന്നില്ലേ എന്നൊക്കെ പറഞ്ഞു കൊണ്ട് …
പക്ഷേ പറച്ചിൽ മാത്രമേ ഉള്ളൂ സ്വന്തമായി ഒന്നും ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല…
അപ്പോ അമ്മയും കൂടെ ചേർന്ന് പറയുന്നത് കാണാം, “” നമ്മുടെ മുതലല്ലെടീ വന്നു കയറിയവർക്ക് അത് വല്ല നോട്ടവും ഉണ്ടോ എന്ന്.. “”‘
ഇതൊക്കെ സഹിച്ച് ഇവിടെ നിൽക്കാൻ കഴിയില്ല എന്ന് എന്നെ ഞാൻ മനസ്സിലാക്കിയിരുന്നു…
അതുകൊണ്ടാണ് എങ്ങനെയെങ്കിലും ഒരു പത്തു സെന്റ് എങ്കിലും വാങ്ങി നമുക്ക് സ്വന്തമായി ഒരു കുഞ്ഞു വീട് പണിയണമെന്ന് ഞാൻ കണ്ണേട്ടനോട് പറഞ്ഞുകൊണ്ടിരുന്നത്..
ഇപ്പോ ഈ പണം കിട്ടിയപ്പോൾ മുതൽ അടുത്ത പ്രശ്നം തുടങ്ങിയതാണ്..
ആദ്യം പറഞ്ഞു അമ്മയുടെ പേരിൽ ബാങ്കിലിടാൻ…
പിന്നെ പറഞ്ഞു ഈ വീട് ഒന്ന് നന്നാക്കണം എന്ന്…
ഞങ്ങളുടെ വിവാഹത്തിന് വീട് ഒരുവിധം കണ്ണേട്ടൻ നന്നാക്കിയതാണ് അന്ന് എന്നോട് പറഞ്ഞിരുന്നു വിവാഹത്തെക്കാൾ പൈസയായത് വീട് മോടി പിടിപ്പിക്കാനാണ് എന്നിട്ടാണ് ഇനിയും ഈ വീടിന് മുകളിൽ ചെലവാക്കാൻ പറയുന്നത്
അതും അമ്മ പെങ്ങൾക്ക് കൊടുക്കും എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഭീഷണിപ്പെടുത്തുന്ന ഈ വീട്..
അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും തീരുമാനത്തിന് മാറ്റമില്ല എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു കാരണം കണ്ണേട്ടനും ഏകദേശം ഇവിടുത്തെ അവസ്ഥ അറിയാം..
വീടിനെ കുറച്ചു ദൂരെയായി തന്നെ നല്ലൊരു സ്ഥലം ഞങ്ങൾക്ക് ആ പൈസക്ക് റെഡിയായി.. പിന്നെ ഒന്നു നോക്കിയില്ല അത് എന്റെ പേരിൽ രജിസ്റ്റർ ചെയ്തു..
പിന്നെ കണ്ടത് ആ അമ്മയെ ഒന്നുമായിരുന്നില്ല അങ്ങോട്ട് കയറാൻ പറ്റില്ല ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു എന്നോട്..
കണ്ണേട്ടൻ കുറെ പറഞ്ഞു നോക്കി.. പക്ഷേ അമ്മ സമ്മതിച്ചില്ല.. ആ വീട്ടിലെ ചിലവ് മുഴുവൻ ഇത്രയുംകാലം നോക്കിയിരുന്നത് കണ്ണേട്ടനാണ്.. ഇനിയും അങ്ങനെ തന്നെയാവും എന്ന് അമ്മയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു..
എന്നാലും അമ്മയ്ക്ക് തൃപ്തിയാകുന്നില്ലായിരുന്നു കണ്ണേട്ടൻ സമ്പാതിക്കുന്നത് മുഴുവൻ കിട്ടണം എന്നൊരു വാശി..
വിവാഹം കഴിഞ്ഞാൽ പിന്നെ ഭാര്യയുടെ കാര്യം കൂടി നോക്കണമല്ലോ സ്വന്തമായി ഒരു ജീവിതവും വേണം അതുകൊണ്ട് ആ വാശി നടക്കില്ല എന്ന് തീർത്തു തന്നെ അദ്ദേഹം പറഞ്ഞു..
എന്നെ വീട്ടിൽ കേറ്റാതിരുന്നത് കൊണ്ട്
കണ്ണേട്ടനോട് എന്തുവേണം എന്ന് വിളിച്ചു ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു നിന്റെ വീട്ടിലേക്ക് പൊയ്ക്കോളൂ എന്ന്..
ഞാൻ എന്റെ വീട്ടിലേക്ക് പോന്നു..
അമ്മയ്ക്ക് ചിലവിനുള്ള പണം കഴിച്ചു ബാക്കിയുള്ള തുക ഞാൻ നിനക്ക് അയച്ചുതരാം. നീയും ഒന്ന് ചെലവ് ചുരുക്കി ബാക്കി പൈസ മിച്ചം പിടിച്ചു നമുക്ക് കുഞ്ഞൊരു വീടുപണി തുടങ്ങാം എന്ന് കണ്ണേട്ടൻ പറഞ്ഞു…
എനിക്കും സമ്മതമായിരുന്നു.. എന്റെ സ്വർണവും കണ്ണേട്ടൻ ഒപ്പിച്ച തുകയും അച്ഛന്റെ സഹായവും ഒക്കെയായി ഒരു കുഞ്ഞു വീട് പണിതു ഞങ്ങൾ..
അടുത്ത തവണ കണ്ണേട്ടൻ വരുമ്പോൾ പാലുകാച്ചൽ ആണ്… ഇനി ഞങ്ങളുടെ കുഞ്ഞു സ്വർഗത്തിൽ ജീവിതം ആരംഭിക്കണം.. യാതൊരു അസ്വസ്ഥതകളും ഇല്ലാതെ…