(രചന: J. K)
“” രമേശേട്ടൻ എവിടെ? ഇത്ര വൈകിട്ടാണോ പുള്ളി വരിക? “”
എന്ന് ചോദിച്ചപ്പോൾ സുമ നിന്ന് പരുങ്ങുന്നത് കണ്ടു..
“” പുള്ളി വരാൻ വൈകും ചിലപ്പോൾ നാളെ രാവിലെ എത്തു.. “”
സുമ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല..
ഒരു റേഷൻ കടക്കാരന് നട്ടപ്പാതിര വരെ അല്ലെങ്കിൽ പിറ്റേദിവസം രാവിലെ വരെ എന്താണ് ജോലി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മുഖത്തെ ഭാവം എന്നെ ചോദ്യം ചോദിക്കുന്നതിൽ നിന്നും വിലക്കി.
ഇവിടെ വച്ച് ഒരു ടെസ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് സുമയെ വിളിച്ച് ഇവിടേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞത് അപ്പോൾ അവൾക്കായിരുന്നു നിർബന്ധം മറ്റൊന്നും നോക്കണ്ട എവിടെയും താമസിക്കേണ്ട ഇവിടേക്ക് തന്നെ വരണം എന്ന്….
ഇനി അവൾ പറഞ്ഞത് കേട്ടില്ലെങ്കിൽ പിന്നെ അതുമതി ഒരു മാസത്തിന് മുഖം വീർപ്പിച്ചു ഇരിക്കാൻ പണ്ട് കൂടെ പഠിച്ചവരിൽ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നത് സുമയും അതുപോലെയുള്ള ഒന്നോ രണ്ടോ പേര് മാത്രമാണ് അവർ പിണങ്ങിയാൽ വല്ലാത്ത ബുദ്ധിമുട്ട് ആണ്..
അതുകൊണ്ടാണ് ശ്രീയേട്ടനോട് സുമയുടെ വീട്ടിലേക്ക് പോയി നില്ക്കാമെന്ന് പറഞ്ഞ് ഇങ്ങോട്ട് പോന്നത്…
സുമയുടെ വീട്ടിൽ എന്ന് പറഞ്ഞതുകൊണ്ടാണ് ജോലി തിരക്ക് കൊണ്ട് അദ്ദേഹം വരണ്ട എന്ന് വെച്ചത് ഇവിടെയാകുമ്പോൾ ഞാൻ കംഫർട്ട് ആണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു….
പക്ഷേ ഇവിടെ വന്നപ്പോൾ ആകെ ഒരു മാറ്റം. ഞാൻ കണ്ട… അറിഞ്ഞ.. സുമ ഒന്നുമല്ല ഇവിടെയുള്ളത് ആകെ കൂടി വാടി തളർന്ന് ഒരു പ്രസരിപ്പും ഇല്ലാത്ത അവളെ എനിക്ക് മനസ്സിലാകുന്നതെ ഉണ്ടായിരുന്നില്ല…
കഴിഞ്ഞ തവണ വന്നപ്പോഴും ഇതുപോലെ ഒന്നുമല്ലായിരുന്നു അവൾ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.
രമേശേട്ടൻ വന്നിട്ട് ഊണ് കഴിക്കാം എന്ന് പറഞ്ഞ് ഇരുന്ന എന്നെ അവൾ നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു.. രമേശേട്ടൻ ചിലപ്പോൾ വരില്ല എന്ന് പറഞ്ഞു…
“” എടി നീ എന്നിൽ നിന്ന് എന്തെങ്കിലും ഒളിക്കുന്നുണ്ടോ? “”
എന്ന് ചോദിച്ചപ്പോൾ..
“”ഏയ് ഇല്ല ഞാൻ എന്ത് ഒളിപ്പിക്കാൻ” എന്ന് പറഞ്ഞു…. പിന്നെ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല അവൾക്ക് ഇഷ്ടമില്ലാതെ ഒന്നും പറയേണ്ടല്ലോ . ഞാൻ മുറിയിലേക്ക് പോന്നു..
സ്കൂളിലും കോളേജിലും ഞങ്ങൾ ഒരുമിച്ച് ആയിരുന്നു വലിയ കൂട്ടായിരുന്നു ഞാനും സുമയും തമ്മിൽ എപ്പോഴും ഒന്നിച്ച് നടപ്പും ഒന്നിച്ച് ഇരിപ്പും എല്ലാം. അതുകൊണ്ട് കൂട്ടുകാർ സയാമീസ് ഇരട്ടകൾ എന്ന് വരെ ഞങ്ങളെ വിളിച്ച് കളിയാക്കാറുണ്ട്…
രമേശേട്ടനോടുള്ള അവളുടെ പ്രണയം പോലും ആദ്യമായി തുറന്നു പറഞ്ഞത് എന്നോടാണ് ഞാൻ വഴിയാണ് വീട്ടുകാർ എതിർത്ത സമയത്തൊക്കെ അവർ കത്ത് കൈമാറിയിട്ടുള്ളത്…
പിന്നെ ഒരു ദിവസം എന്നെ വിളിച്ചവൾ പറഞ്ഞിരുന്നു രമേശേട്ടൻ വന്ന് വിളിക്കുമ്പോൾ അവൾ ഇറങ്ങിപ്പോകും എന്ന്…
വീട്ടുകാരുടെ സമ്മതപ്രകാരം ഈ വിവാഹം നടക്കില്ല എന്ന്..
പ്രണയിക്കുന്നവർ തമ്മിൽ ഒന്നാകണം എന്ന് തന്നെയായിരുന്നു എന്റെയും തീരുമാനം അതുകൊണ്ട് തന്നെ ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..
അവൾ പറഞ്ഞതുപോലെ രമേശേട്ടനുമായി ഇറങ്ങിപ്പോയി അവരുടേതായ ഒരു കുടുംബം അവർ നയിച്ചു സന്തോഷപ്രദമായിരുന്നു അവരുടെ ജീവിതം
ഒരു കുഞ്ഞില്ല എന്നത് ഒഴിച്ചാൽ അവർ സന്തോഷവതി ആയിരുന്നു..
പിന്നെ ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല..
ഇത്തിരി കഴിഞ്ഞപ്പോഴേക്ക് മുറിയിൽ എന്തോ ആളനക്കം കേട്ടിരുന്നു. എണീറ്റ് ലൈറ്റ് ഇട്ടപ്പോഴാണ് അവളെ കണ്ടത് സുമ..
കരയുകയാണ്..
“” നിന്നോട് തുറന്നു പറയാതെ എനിക്ക് സമാധാനം കിട്ടില്ലടീ.. “‘
എന്നുപറഞ്ഞ് അവൾ കരയാൻ തുടങ്ങി..
ഒന്നും മിണ്ടാതെ ഞാൻ അവളെ കേട്ടിരുന്നു..
“” രമേശേട്ടൻ മറ്റൊരു സ്ത്രീയുമായി ഇപ്പോൾ ബന്ധമുണ്ട്.. അതിൽ ഒരു കുട്ടിയും.. “”
ഞാനാകെ ഞെട്ടിപ്പോയി അവളോട് എന്ത് പറയണം എന്നറിയാതെ ഇരുന്നു ഇതെല്ലാം അറിഞ്ഞും അവൾ എങ്ങനെ ഇവിടെ പിടിച്ചുനിൽക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതമായിരുന്നു…
“”എന്തൊക്കെയാടി നീ പറയുന്നത്?””
എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു,
“” സത്യമാണ് എല്ലാം ഞാൻ അറിഞ്ഞത് കുഞ്ഞ് ജനിച്ചതിനുശേഷമാണ് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു കുറ്റബോധവും ഇല്ലാതെ എന്നോട് പറഞ്ഞു അയാൾക്ക് വേറൊരു ബന്ധമുണ്ട് എന്ന്.. ”
എന്നിട്ട് നീ എന്താ ഇവിടെ നിന്നും പോവാതിരുന്നത്.. അയാളോട് പോയി പണി നോക്കാൻ പറഞ്ഞിട്ട് നിനക്ക് ഇവിടെ നിന്നും ഇറങ്ങായിരുന്നില്ലേ??
“” എങ്ങോട്ട് ഞാൻ എങ്ങോട്ട് പോകണം?? സ്വന്തം വീട്ടുകാരെ ധിക്കരിച്ചാണ് ഞാൻ ഇവിടെക്ക് ഇറങ്ങിവന്നത്.. തിരിച്ചു ചെന്നാൽ അവർ സ്വീകരിക്കില്ല..
പിന്നെ മായേ നിനക്കറിയോ ഒരുപാട് കാലം കുട്ടികൾ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ഡോക്ടറെ കാണിച്ചിരുന്നു എനിക്കാണത്രെ കുഴപ്പം… എന്തിനാണ് എന്നെപ്പോലെ ഒരുത്തിയെ അദ്ദേഹം ചുമക്കുന്നത് എന്ന് ഞാൻ കരുതി..
ഇപ്പോഴും എന്നെ ഒപ്പം കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വലിയ മനസ്സല്ലേ… അതുകൊണ്ട് അറിഞ്ഞതെല്ലാം ഞാൻ എന്റെ ഉള്ളിൽ തന്നെ കുഴിച്ചുമൂടി… പക്ഷേ പിന്നീട് അദ്ദേഹം വല്ലപ്പോഴുമേ ഇങ്ങോട്ട് വരാറുള്ളൂ… “”
“” എടീ എല്ലാം കൂടെ കേട്ടിട്ട് എനിക്ക് നിന്നെ മുഖത്ത് ഒന്ന് ഇട്ടു തരാൻ ആണ് തോന്നുന്നത്. എല്ലാം അവൾ സഹിച്ച ഇവിടെ നിൽക്കുകയാണ് സർവ്വം സഹയായി..””
“” നാളെ തന്നെ നീ എന്റെ കൂടെ വരും.. നിന്റെ വീട്ടിൽ ഞാൻ സംസാരിക്കാം നിന്റെ അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരിപ്പുണ്ടല്ലോ. ഇനി അവര് നിന്നെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ ഞാനുണ്ട് നിനക്ക് “”
അത് കേട്ട് അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.. പറഞ്ഞതുപോലെ തന്നെ അവളെയും കൂട്ടി ഞാൻ അവിടെ നിന്ന് ഇറങ്ങി.. പോകുന്ന വഴിക്ക് അയാളെ കണ്ട് രണ്ടു വർത്തമാനം പറയാനും മറന്നില്ല…
എല്ലാം ഉപേക്ഷിച്ച് ഒരു പെണ്ണിനെ കൂടെ കൊണ്ടുവന്നിട്ട് ഇങ്ങനെയാണോടോ താൻ കാണിക്കുന്നത്, നട്ടെല്ലില്ലാത്തവൻ…
എന്തു പറഞ്ഞിട്ടും അയാൾക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല സുമയുടെ വീട്ടിൽ സംസാരിച്ചപ്പോൾ അവർ അവളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു ഇതുവരെയും അവർ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും ഒന്നിക്കാൻ സമ്മതിക്കാതിരുന്നത് രമേശനാണ്..
ഡിവോഴ്സിനു അപ്ലൈ ചെയ്തത് സുമയുടെ വീട്ടുകാർ തന്നെയായിരുന്നു അവൾക്കും അതിന് പൂർണ്ണ സമ്മതമായിരുന്നു..
വക്കീൽ അത് പരമാവധി വേഗത്തിൽ നേടിക്കൊടുക്കാനും സഹായിച്ചു.. അങ്ങനെ അയാളിൽ നിന്ന് അവൾ മുക്തയായി..
വീട്ടുകാർ നിർബന്ധിച്ചു അവളെക്കൊണ്ട് മറ്റൊരു വിവാഹവും കഴിപ്പിച്ചു..
വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്ക് അവൾ എന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നു അവൾ ഗർഭിണിയാണ് എന്ന്..
എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു അവളുടെ കുഴപ്പം കൊണ്ടാണ് ആദ്യത്തെതിൽ കുട്ടികൾ ഉണ്ടാവാത്തത് എന്നാണ് അവൾ എന്നോട് പറഞ്ഞിരുന്നത്…
പക്ഷേ ഇതിപ്പോൾ..
അപ്പോഴാണ് അവൾ ഞെട്ടിക്കുന്ന ആ വിവരം പറഞ്ഞത്.. എല്ലാം രമേശന്റെ പണിയായിരുന്നത്രേ.. ഡോക്ടറോട് പറഞ്ഞ് അവൾക്കാണ് കുഴപ്പം എന്ന് വരുത്തി തീർത്തത് അതിന്റെ പേരിൽ അവളെ ഒരു അടിമയെ പോലെ വച്ചത്..
അയാൾക്ക് ആ പെണ്ണും ആയി ആദ്യമേ ബന്ധം ഉണ്ടായിരുന്നു പോലും..
ഇപ്പോ അവളും ഉപേക്ഷിച്ച് ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടക്കുകയാണ്…
എന്തായാലും ആ ദുഷിച്ച മനസ്സുള്ള ആളിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു അവളുടെ വാക്കുകളിൽ മുഴുവൻ.. എനിക്ക് എന്റെ പഴയ സുമയെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസവും..