എങ്ങിനെ തോന്നിയെടോ… എന്റെ മോളോട് ഇത് ചെയ്യാൻ….. ” ആ ചോദ്യത്തിന് മുന്നിൽ അന്ധാളിച്ചു പോയി…

കാമം

✍️ Prajith Surendrababu
******

” അമ്മാ… എനിക്ക് അമ്മേടടുത്തു പോണം ….. അമ്മാ …….. ”

അയാളുടെ ബലിഷ്ഠമായ കരവലയത്തിനുള്ളിൽ ആ കുരുന്നിന്റെ നിലവിളി പുറത്താരും കേൾക്കാത്ത വിധം നിശ്ചലമായി.ഏറെ നേരത്തെ പിടച്ചിലിനും ചെറുത്തു നിൽപ്പുകൾക്കുമൊടുവിൽ പതിയെ പതിയെ അവളുടെ എതിർപ്പുകൾ നിലച്ചു തുടങ്ങിയിരുന്നു. തുറിച്ചു നിന്ന ആ കുഞ്ഞു മിഴികൾ കൂമ്പിയടഞ്ഞു. കണ്ഠനാളത്തിലെ അവസാന ഇരമ്പലും അവസാനിച്ചു. അതേ സമൂഹത്തിലെ കാമവെറി പൂണ്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ അയാളുടെ ഇരയായി ആ നാലു വയസ്സുകാരി.. അവൾ ലോകത്തോട് വിട പറഞ്ഞു. ചീന്തിയെറിയപ്പെട്ട സ്കൂൾ യൂണിഫോമിന്റെ തുണ്ടുകൾ അവളുടെ നഗ്നതയ്ക്കുമേൽ
വലിച്ചെറിഞ്ഞു കൊണ്ട് തിരിയുമ്പോൾ അയാളുടെ മിഴികളിൽ വജ്രത്തിളക്കമായിരുന്നു.. ഇരയെ വേട്ടയാടി കീഴ്പ്പെടുത്തിയ ആനന്ദവും

******************************

ജോലിത്തിരക്കുകൾ മൂലം അന്ന് ഏറെ വൈകിയാണ് മായ കവലയിൽ വന്നു ബസ്സ്‌ ഇറങ്ങിയത്. ഇറങ്ങിയ പാടെ വീട്ടിലേക്ക് ഓടുകയായിരുന്നു അവൾ

” എന്താ മായ മോളെ… ഇത്ര വെപ്രാളത്തിൽ ഓടുന്നെ…. എന്തേലും പ്രശ്നമുണ്ടോ ”

” ഒന്നുല്ല നാരായണേട്ടാ…. ഓഫീസിലെ തിരക്കുമൂലം ഇന്ന് ഇറങ്ങാൻ ഇച്ചിരി വൈകി ദേവൂട്ടി സ്കൂളിൽ പോയിട്ട് വന്നിട്ടുണ്ടാകുമേ… വീട്ടിൽ അവൾ ഒറ്റയ്ക്കല്ലേ എന്നെ കാണാണ്ട് അവള് വിഷമിക്കുന്നുണ്ടാകും… ”

ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി വരുന്ന നാരായണന്റെ കുശാലന്യോഷണത്തിനു ഒന്ന് മുഖം കൊടുത്ത ശേഷം വേഗത്തിലവൾ വീണ്ടും പാഞ്ഞു.

” മോളെ സൂക്ഷിച്ചു പോണേ… പോകുംവഴി ആ വർഗീസ് മാപ്പിളയുടെ വീടിനു മുന്നിലേക്കെത്തുമ്പോ ഒന്ന് ശ്രദ്ധിച്ചേക്കണം.. നേരം ഏറെ വൈകി.. വെടക്ക് സ്ഥലാ അത്.. കള്ളന്മാരുടെ ശല്യമെന്നും പറഞ്ഞു സന്ധ്യയാകുമ്പോഴേ അയാൾ പട്ടിയെയും അഴിച്ചു വിടും.. അവറ്റകൾ ഇടയ്ക്കിടക്ക് ഗേറ്റ് ചാടി റോഡിലേക്കിറങ്ങാറുമുണ്ട് ”

നാരായണൻ പിന്നാലെ വിളിച്ചു ഓർമിപ്പിക്കുമ്പോൾ ഒരു നിമിഷം ഭയത്താൽ മായയുടെ ഉള്ളൊന്ന് പിടഞ്ഞു. പക്ഷേ ആ ഭയത്തെ അതിജീവിക്കുവാൻ ദേവൂട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന തോന്നൽ മാത്രം മതിയായിരുന്നു…

നടന്നു നടന്നു വർഗീസ് മാപ്പിളയുടെ വീടിനു മുന്നിലേക്കെത്താറായപ്പോൾ വീണ്ടും ഭയത്തിന്റെ അലയൊലികൾ അവളുടെ ഉള്ളിലേക്കടിച്ചു കയറി തുടങ്ങിയിരുന്നു. പടുകൂറ്റൻ ചുറ്റുമതിലിനുള്ളിൽ വളർത്തുനായ്ക്കളുടെ ഓരിയിടൽ ശബ്ദം ആ ഭയത്തെ ഇരട്ടിയാക്കി. തീർത്തും വിജനമായ പ്രദേശമാണ് വർഗീസ് മാപ്പിളയുടെ വീടിനരുകിൽ. റോഡിനൊരു വശം പടുകൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട വലിയ മാളിക.. മറുവശം തീർത്തും വിജനമായ കുറ്റിക്കാടുമാണ്. പകൽ പോലും അതുവഴി പോകുവാൻ ആരുമൊന്ന് ഭയക്കും.ചുറ്റുമതിലുകളുടെ വലിപ്പവും റോഡിൽ നിന്ന് വീട്ടിലേക്കുള്ള ദൂരക്കൂടുതലും മൂലം പുറത്ത് നടക്കുന്നതൊന്നും തന്നെ വർഗീസ് മാപ്പിളയുടെ കുടുംബം അറിയാറുമില്ല. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും കളവുമെല്ലാം അതിരു കടന്നു തുടങ്ങിയപ്പോഴാണ് മാപ്പിള രണ്ട് വളർത്തു നായ്ക്കളെ വാങ്ങിയതും… പണ്ടൊരു വഴിപോക്കനെ കവർച്ച ചെയ്ത് ഒടുവിൽ കൊന്നു കുറ്റിക്കാട്ടിലെറിഞ്ഞ ചരിത്രം ബാക്കി നിൽക്കുന്നത് കൊണ്ട് തന്നെ അതുവഴി രാത്രി കാലങ്ങളിൽ കാൽനടയാത്രക്കാരും കുറവാണ്. നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിൽ പഞ്ചായത്തിൽ നിന്നും സ്ട്രീറ്റ് ലൈറ്റ് വച്ചുവെങ്കിലും സാമൂഹ്യ വിരുദ്ധരുടെ ഏറുകൊണ്ട് അവശനായി ഒടുവിൽ ആ ലൈറ്റും മരണം പൂകി.അല്പം ഉൾഭയത്തോടെ തന്നെ അതുവഴി ചുവടുകൾ വച്ചു മായ.. റോഡരുകിൽ കേൾക്കുന്ന ചെറിയ ശബ്ദങ്ങൾ പോലും അവളെ ഏറെ ഭയപ്പെടുത്തി. വേഗത്തിൽ മുന്നിലേക്ക് നടന്നു പോകുമ്പോഴാണ് യാദൃശ്ചികമായി കുറ്റിക്കാടോട് ചേർന്ന് നിലത്തു കിടന്നിരുന്ന ഒരു സ്കൂൾ ബാഗ് അവളുടെ ശ്രദ്ധയിൽ പെട്ടത്. ഒറ്റ നോട്ടത്തിൽ ആ ബാഗ് തിരിച്ചറിയവേ ഒരു നിമിഷം മായയുടെ ഉള്ളൊന്ന് പിടഞ്ഞു.

“ദേ.. ദേവൂട്ടിയുടെ… ബാ… ”

വാക്കുകൾ പാതി മുറിയുമ്പോൾ അറിയാതെ അവളുടെ പാദങ്ങൾ നിശ്ചലമായി.ഒരു നിമിഷം നോക്കി നിന്ന ശേഷം വേവലാതിയോടെ മായ ഓടി ആ ബാഗിനരുകിലെത്തി ‘അതേ….. ഇത് ദേവൂട്ടിയുടെ ബാഗ് തന്നെയാണ് ..’ ഞെട്ടലോടെ അവൾ അത് കയ്യിലേക്കെടുത്തു

” ഭഗവാനേ.. ഇത്… ഇതെങ്ങനെ ഇവിടെ… എന്റെ മോള് …..”

ഉൾഭയത്തോടെ പിടഞ്ഞെഴുന്നേറ്റു ചുറ്റും പരതുമ്പോൾ കുറ്റിക്കാടിനു മറുവശം ഒരു ഞരക്കം കേട്ടു മായ. വർദ്ധിച്ച ഭയത്താൽ അവിടേക്കു തുറിച്ചു നോക്കുമ്പോൾ ആദ്യം അവളുടെ മിഴികളിൽ തടഞ്ഞത് പടർന്നു പന്തലിച്ചു കിടക്കുന്ന കാടിനിടയിൽ കിടക്കുന്ന ദേവൂട്ടിയുടെ യൂണിഫോമിന്റെ കീറിയെറിഞ്ഞ കഷ്ണങ്ങളാണ്.ഒരു നിമിഷം സ്തബ്ദയായി നോക്കി നിന്ന മായയുടെ മിഴികളിൽ ഇരുട്ട് കയറി.കൈകാലുകൾ വിറപൂണ്ടു.ഒരു നിമിഷം കൊണ്ട് മനസ്സിൽ ഉടലെടുത്ത അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി അവൾ പതിയെ വിറയാർന്ന പാദങ്ങളാൽ കുറ്റിക്കാടിനുള്ളിലേക്ക് ചുവടുകൾ വച്ചു. വളർന്നു പന്തലിച്ചു കിടന്നിരുന്ന കള്ളിമുൾ ചെടികൾ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറവെ മായയുടെ ഉള്ളം പിടയുകയായിരുന്നു. ഇരുട്ടു പരന്നു തുടങ്ങിയതിനാൽ തന്നെ മൊബൈലിലെ അരണ്ട വെളിച്ചത്തിൽ ചുറ്റുമൊന്നു പരതിയ അവൾ ഒരു നിമിഷം നടുങ്ങി തരിച്ചു നിന്നു പോയി.അറിയാതെ ഫോൺ കയ്യിൽ നിന്നും ഊർന്ന് താഴേക്കു വീണു. മിഴികളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകവെ കാഴ്ച മറയുന്ന പോലെ തോന്നി മായയ്ക്ക്. കണ്മുന്നിൽ അതാ ചോരയിൽ കുളിച്ചു നിശ്ചലയായി കിടക്കുന്നു തന്റെ പൊന്നു മകൾ.. കീറിയ വസ്ത്രങ്ങൾ വാരി വലിച്ചിട്ടു അവളുടെ നഗ്നത പാതി മറച്ചിട്ടുണ്ട്. പൊടുന്നനെ മറ്റൊരു കാഴ്ച കൂടി അവളെ ഏറെ ഞെട്ടിച്ചു അർധനഗ്നയായ കുഞ്ഞിനരികിലായി ഒരു യുവാവ്…കൂസലേതുമില്ലാതെ ദേവൂട്ടിയുടെ നോട്ട് ബുക്കിൽ കുത്തി വരച്ചിരിക്കുന്ന ആ മുഖങ്ങൾ ഒറ്റ നോട്ടത്തിൽ മായ തിരിച്ചറിഞ്ഞു… കേശു… ഭ്രാന്തൻ കേശു….

ഉള്ളിലെ നടുക്കം വിട്ടു മാറാതെ നടുങ്ങി തരിച്ചു നിന്ന മായയാകട്ടെ.. ഉച്ചത്തിൽ നിലവിളിക്കുവാനാഞ്ഞെങ്കിലും ഒച്ച പുറത്തു വന്നിരുന്നില്ല. ഭീതിയോടെ ഒന്ന് പിന്നിലേക്ക് വേച്ചു പോയ അവൾ നിലതെറ്റി തെറിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ അറിയാതെ തന്നെ ഉറക്കെ നിലവിളിച്ചു പോയി അവൾ…

” ആരെങ്കിലുമൊന്ന് ഓടി വരണേ… രക്ഷിക്കണേ.. എന്റെ മോള് … എന്റെ മോള് ……… ”

നെഞ്ച് പൊട്ടിയുള്ള ആ അമ്മയുടെ നിലവിളി അവിടമാകെ മുഴങ്ങി കേട്ടു..

“മോളെ… എന്താ.. എന്താ മോളെ…..എന്ത് പറ്റി നിനക്ക്. ”

പരിഭ്രാന്തിയോടെ ആദ്യം ഓടിയെത്തിയത് നാരായണനാണ്. പിന്നാലെ മറ്റു പലരും…. നിലത്തേക്ക് വീണു കിടന്നിരുന്ന മായയെ താങ്ങിയെടുത്ത് മടിയിലേക്ക് കിടത്തുമ്പോൾ ഭീതിയാൽ നാരായണനും വിറയ്ക്കുന്നുണ്ടായിരുന്നു

” എന്താ മോളെ.. എന്താ പറ്റിയത് നിനക്ക്…… ”

പാതി മറഞ്ഞ ബോധത്താൽ കുറ്റിക്കാട്ടിലേക്ക് വിരൽ ചൂണ്ടുമ്പോൾ മായയുടെ മിഴികൾ തുളുമ്പി

” നാരായണേട്ടാ… ന്റെ മോള്… ന്റെ ദേവൂട്ടിയെ … അവിടെ… ”

നിമിഷങ്ങൾക്കകം ഒരു കൂട്ടം ചെറുപ്പക്കാർ അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് പാഞ്ഞു. കള്ളിമുൾ ചെടികൾ വകഞ്ഞു മാറ്റി അവർ a കുറ്റിക്കാടിനുള്ളിലേക്ക് പ്രവേശിച്ചു. പോയവരൊക്കെയും ഒരു നിമിഷം ആ കാഴ്ച കണ്ട് പകച്ചു നിന്നു പോയി…

” പന്ന നായെ… #%#@&@&%##… മോനെ… വട്ട് അഭിനയിച്ചു തെണ്ടി തിരിഞ്ഞു നടന്നത് ഇതിനായിരുന്നോടാ….. തല്ലി കൊല്ല് ഈ നാറിയെ ”

നിമിഷങ്ങൾക്കകം ആരൊക്കെയോ ചേർന്ന് കേശുവിനെ കീഴടക്കി കൈകാലുകൾ ബന്ധിച്ചു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ട് വന്നു. മർദ്ദനത്തിൽ ചുണ്ടുകൾ പൊട്ടിയൊലിക്കുമ്പോഴും ഭ്രാന്തമായി പുഞ്ചിരിക്കുകയായിരുന്നു അവൻ.

” നാരായണേട്ടാ…. ആ കുഞ്ഞ് പോയി… ”

കൂട്ടത്തിലാരോ വിളിച്ചു പറയുമ്പോൾ മായയുടെ ബോധം പൂർണ്ണമായും മറഞ്ഞിരുന്നു. അവളെ നിലത്തേക്ക് കിടത്തി കലി തുള്ളിക്കൊണ്ട് ചാടിയെഴുന്നേറ്റ നാരായണന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വലതു കാലുയർത്തി കേശുവിന്റെ അടി വയറ്റിൽ ആഞ്ഞു ചവിട്ടുമ്പോൾ ആ വൃദ്ധന്റെ ശൗര്യം ഏറിയിരുന്നു.ഒരു യോദ്ധാവിനെ പോലെ അയാൾ വീണ്ടും കേശുവിനു നേരെ പാഞ്ഞടുത്തു.എന്നാൽ അടികൊണ്ട് നിലത്തേക്ക് വീഴുമ്പോഴും കേശുവിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു.

” എങ്ങിനെ തോന്നിയെടാ.. ഈ കുഞ്ഞിനോട്……. തല്ലി കൊല്ല് ഈ നായയെ ”

നാരായണൻ അലറി വിളിക്കുമ്പോഴേക്കും ചുറ്റും കൂടി നിന്നവർ മർദ്ദിച്ചവശനാക്കിയിരുന്നു കേശുവിനെ. അതിനിടയിൽ ആരോ പറഞ്ഞറിഞ്ഞു വർഗീസും കുടുംബവും പുറത്തേക്കെത്തിയിരുന്നു അവരുടെ കാറിൽ അപ്പോൾ തന്നെ മായയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയും ചെയ്തു. വൈകാതെ തന്നെ പോലീസ് എത്തി നിയന്ത്രണമേറ്റെടുത്തു. അടികൊണ്ട് അവശനായ കേശുവിനും അടിയന്തിര വൈദ്യ സഹായം ആവശ്യമായിരുന്നു. പോലീസ് വാഹനത്തിൽ തന്നെയാണ് അവനെ ഹോസ്പിറ്റലിൽ എത്തിച്ചതും. നിയമ നടപടികൾ വേഗത്തിൽ തീർത്തു ചേതനയറ്റ ആ കുഞ്ഞ് ശരീരം ആംബുലൻസിലേക്ക് കയറ്റുമ്പോൾ കണ്ടു നിന്നവരൊക്കെയും മിഴിനീർ പൊഴിച്ചിരുന്നു. നാട്ടുകാർക്കൊപ്പം തന്നെ മീഡിയക്കാരും വന്നു കൂടുമ്പോൾ നിമിഷങ്ങൾക്കകം വാർത്ത നാടെങ്ങും പരന്നു. അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ നാരായണൻ മറുപടി പറയുവാൻ കഴിയാതെ വിങ്ങി പൊട്ടി.

” കുറെ നാളുകളായി അവൻ ഈ നാട്ടിൽ വന്നു കൂടിയിട്ട്… തലയ്ക്ക് സ്ഥിരതയില്ലാത്ത അലഞ്ഞു തിരിയും എന്നതല്ലാതെ അവനെ കൊണ്ട് ഈ നാട്ടിൽ ആർക്കും ഒരു ശല്യവും ഇല്ലായിരുന്നു ഇതുവരെ… പക്ഷേ.. ഒക്കെയും അഭിനയമായിരുന്നുവെന്ന് തിരിച്ചറിയുവാൻ ഞങ്ങൾ ഏറെ വൈകിപ്പോയി. പാവം കുഞ്ഞ് … അതിനോട് ഈ ക്രൂരത ചെയ്തവനെ ജീവിച്ചിരിക്കുവാൻ അനുവദിക്കരുത്.കൊല്ലണം പച്ചയ്ക്ക് കൊത്തിയരിഞ്ഞു കൊല്ലണം. ”

മീഡിയയ്ക്കു മുന്നിൽ രോക്ഷത്തോടെ നാരായണൻ വിളിച്ചു കൂവുമ്പോൾ അയാൾക്ക്‌ ചുറ്റും കൂടി നിന്നവരും അത് ഏറ്റു പറഞ്ഞു.

പോസ്റ്റുമോർട്ടത്തിൽ കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമം വ്യക്തമായി തന്നെ തെളിഞ്ഞു. നാലു വയസ്സ്കാരി ദേവിക എന്ന ദേവൂട്ടിയുടെ ദാരുണ അന്ത്യം ചാനലുകാർ ആഘോഷമാക്കി. മകളുടെ വിയോഗം മായയുടെ മനോനില പോലും തകരാറിലാക്കിയിരുന്നു. തെളിവെടുപ്പിനായി ഹോസ്പിറ്റലിൽ എത്തിയ പൊലീസിന് മുന്നിൽ ഒരു ഭ്രാന്തിയെ പോലെ അവൾ അലറി വിളിച്ചു. ആ വേദന കാൺകെ ഒരു നിമിഷം പോലീസുകാര് പോലും പതറിയിരുന്നു.

” ഞങ്ങൾ മറ്റൊരവസരത്തിൽ വരാം അതാകും നല്ലത് ”

മായയ്ക്ക് സഹായമായി നിന്നവരെ ഒന്ന് നോക്കിയിട്ട് എസ് ഐ യും സംഘവും പതിയെ തിരിഞ്ഞു.. ആ സമയം ഓടി കിതച്ചെത്തിയ വർഗീസ് മാപ്പിള പൊലീസിന് മുന്നിൽ ഒരു നിമിഷം പകപ്പോടെ നോക്കി നിന്നു

******************************

“ഭർത്താവ് മരിച്ച കുട്ടിയാ മായാമോൾ അവൾക്ക് കൂട്ടിനു ആകെയുണ്ടായിരുന്നതാ ഈ കുഞ്ഞ് അതിനോടാ ഈ ക്രൂരത കാട്ടിയെ … ഇനി ഞങ്ങൾ അല്ലാതെ ആരാ അവൾക്കുള്ളത്… ”

ഹോസ്പിറ്റലിനു മുന്നിൽ കൂടി നിനക്ക് മീഡിയക്കാർക്ക് മുന്നിൽ വിങ്ങി പൊട്ടിയാണ് നാരായണൻ ഉള്ളിലേക്ക് കയറിയത്. വാർഡിലേക്ക് ചെല്ലുമ്പോൾ തെളിവെടുപ്പിനായെത്തിയ പോലീസുകാർ പോയിരുന്നില്ല ഒപ്പം വർഗീസ് മാപ്പിളയും. കരഞ്ഞവശയായിരിക്കുന്ന മായയെ ഒന്ന് നോക്കി നിന്ന ശേഷം അയാൾ പതിയെ പോലീസുകാർക്ക് നേരെ തിരിഞ്ഞു.

” പൊന്നു സാറേ ഇങ്ങനെ വിങ്ങി പൊട്ടിയിരിക്കുന്ന ഈ പാവത്തിനെ ഇനിയും കുത്തി നോവിക്കണോ.. അതും… പിഞ്ചു കുഞ്ഞിനോട് പോലും ക്രൂരത കാട്ടിയവനെ സർക്കാർ ചിലവിൽ ചികിൽസിക്കുവാൻ കൊണ്ടിട്ടിട്ട്. ഒന്ന് വെറുതെ വിട് സാറേ……. ”

മിഴിനീർ തുടച്ചു കൊണ്ട് നാരായണൻ ബെഡിലേക്കിരിക്കുമ്പോൾ പതിയെ അയാൾക്കരികിലേക്ക് ചെന്നു എസ്. ഐ

” നാരായണൻ…. നടന്ന സംഭവം എത്രത്തോളം ക്രൂരമാണെന്ന് അറിയാഞ്ഞിട്ടല്ല പക്ഷേ ഇത് ഞങ്ങടെ ഡ്യൂട്ടിയാണ്.
മകളുടെ കൊലയാളിയെ അവളുടെ ചിതയെരിയുന്നതിനു മുൻപ് നിയമത്തിനു മുന്നിൽ കൊണ്ട് വരണം എന്ന ഒരു പെറ്റമ്മയുടെ അപേക്ഷ… അത് തള്ളിക്കളയുവാൻ ഞങ്ങൾക്കാകില്ലല്ലോ…
മനുഷ്യരല്ലേടോ ഞങ്ങളും.. ”

എസ് ഐ യുടെ ശാന്തമായ മറുപടിക്ക് മുന്നിൽ ഒരു നിമിഷം നെറ്റി ചുളിച്ചു നാരായണൻ…

” സാറേ അപ്പോൾ… അപ്പോൾ ആ ഭ്രാന്തൻ… അവനല്ലേ കുറ്റവാളി… ”

സംശയത്തോടെ അയാൾ മുഖത്തേക്ക് ഉറ്റു നോക്കുമ്പോൾ പതിയെ പുഞ്ചിരി തൂകി എസ് ഐ

” നാരായണാ…. ഏത് കേസിനും ദൈവത്തിന്റെ ഒരു അദൃശ്യ കരങ്ങൾ പതിഞ്ഞിട്ടുണ്ടാകും… ഇവിടെ ഈ കേസിലും അതുണ്ടായി.. അതാണ് സത്യം…… ”

“ഉവ്വോ….. ആരാ.. ആരാ സാറേ ഈ ക്രൂരത ചെയ്തത്… സാർ പറയ് എവിടെയാണേലും പോയി പൊക്കിയിരിക്കും ഞങ്ങൾ ”

ആവേശത്തോടെ ചാടിയെഴുന്നേറ്റ് മായയ്ക്ക് നേരെ തിരിഞ്ഞു നാരായണൻ

” മോളെ….. നിന്റെ നഷ്ടം.. അത് മറക്കാൻ പറ്റില്ല പക്ഷേ… അവനെ… അവനെ ആര് വെറുതെ വിട്ടാലും ഈ നാരായണൻ വിടില്ല അത് വാക്ക് ”

ആവേശത്തോടെ അയാൾ ഉറഞ്ഞു തുള്ളുമ്പോൾ ആ മുഖത്തേക്ക് തുറിച്ചു നോക്കിയിരിക്കുവായിരുന്നു മായ. ആ നോട്ടത്തിനു മുന്നിൽ ഒരു നിമിഷം നാരായണൻ ഒന്ന് പതറി.പതിയെ മുഖം തിരിക്കവേ അയാളുടെ അരികിലേക്ക് എഴുന്നേറ്റു ചെന്നു മായ

” നാരായണേട്ടാ …. വർഗീസ് മാപ്പിളയുടെ വീടിനു പരിസരം അപകടം നിറഞ്ഞതാണ് എന്ന് നിങ്ങൾ തന്നെയല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്… എന്നിട്ട് അവിടെ അവരൊരു സിസി ടിവി ക്യാമറ വച്ചത് നിങ്ങൾ അറിഞ്ഞില്ലേ…. ”

അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം നിന്നുരുകി പോയി നാരായണൻ…

” മോ… മോളെ….ഞാ….. ”

വിറളി വെളുത്ത അയാളുടെ മുഖത്തേക്ക് നോക്കവേ മായയുടെ മിഴികളിൽ കോപാഗ്നി എരിഞ്ഞു… കോപത്താൽ അടിമുടി വിറച്ചു അവൾ

” എങ്ങിനെ തോന്നിയെടോ… എന്റെ മോളോട് ഇത് ചെയ്യാൻ….. ”

ആ ചോദ്യത്തിന് മുന്നിൽ അന്ധാളിച്ചു പോയി നാരായണൻ. അയാളുടെ നെറ്റിയിൽ വിയർപ്പു കിനിയുമ്പോൾ പിന്നിലൂടെത്തി ഷർട്ടിന്റെ കോളറിൽ കടന്നു പിടിച്ചിരുന്നു എസ്. ഐ.

” നാരായണോ…. കള്ളങ്ങൾ ആലോചിക്കേണ്ട ഇനി…. ക്യാമറക്കണ്ണുകൾ കളവ് പറയില്ലല്ലോ…. എല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ട് ”

കള്ളി വെളിച്ചത്തായ നിമിഷം അടിമുടി വിറച്ചു തുടങ്ങി നാരായണൻ. അടുത്ത നിമിഷം മായയുടെ വലതു കൈ അയാളുടെ കവിളിൽ പതിഞ്ഞു.

” നായെ… അച്ഛന്റെ സ്ഥാനത്താ നിങ്ങളെ ഞാൻ കണ്ടിട്ടുള്ളത്… അപ്പുപ്പാ ന്ന് വിളിച്ചു തന്റെ കയ്യിൽ തൂങ്ങി നടന്നവളല്ലേ ന്റെ ദേവൂട്ടി…. എന്നിട്ട് അവളോട്… എങ്ങിനെ തോന്നിയെടോ…. ”

അടികൊണ്ട് നിലത്തേക്ക് വീണു പോയ നാരായണനു നേരെ അലറി വിളിച്ചു കൊണ്ട് പാഞ്ഞടുത്ത മായയെ തടുത്തു നിർത്തുവാൻ ചുറ്റും കൂടി നിന്നവർ ഏറെ പണിപ്പെട്ടു

ഇനി രക്ഷയില്ല എന്ന് മനസ്സിലായതോടെ നിരുപാധികം കീഴടങ്ങിയിരുന്നു നാരായണനും.

“പറ്റി പോയി മോളെ അറിയാതെ പറ്റി പോയി…..”

തൊഴുകൈയ്യോടെ നിലത്തേക്ക് മുട്ടുകുത്തിയ അയാളെ ആഞ്ഞു ചവിട്ടി വർഗീസ്…

” പന്ന %#%#&$$@%@ മോനെ… തെണ്ടിത്തരം കാട്ടിയിട്ട് ആ പാവം പൊട്ടൻ ചെക്കനെ കരുവാക്കി അല്ലേ… നീ ഈ ക്രൂരത ചെയ്തു പോയ ശേഷമാണ് ആ പാവം അവിടെ വന്നത് വഴിയിൽ ചിതറിക്കിടന്ന നോട്ട് ബുക്ക്‌ കണ്ടിട്ടാ അവൻ അവിടേക്ക് കയറിയത്.. അവനറിയില്ലല്ലോ തൊട്ട് മുന്നിൽ കിടക്കുന്നത് ചേതനയറ്റ ഒരു കൊച്ചു കുഞ്ഞാണെന്ന്… അറിയാനുള്ള ബുദ്ധിയുമില്ല പാവത്തിന്…. അടി കിട്ടിയപ്പോൾ അത് എന്തിനാ എന്ന് പോലും അറിയില്ല അതിനു… അപ്പോൾ പിന്നെ താൻ അങ്ങ് രക്ഷപ്പെട്ടു എന്ന് കരുതി അല്ലേ ”

നിലത്തേക്ക് വീണു കിടന്ന നാരായണനെ പോലീസ് വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ട് പോകുമ്പോഴേക്കും തളർന്നവശയായ മായയുടെ ബോധം മറഞ്ഞിരുന്നു.

യഥാർത്ഥ കൊലയാളി നിയമത്തിനു മുന്നിലെത്തിയപ്പോൾ നടുങ്ങി തരിച്ചു പോയി ആ നാട്ടുകാർ ഒന്നടങ്കം… തെളിവെടുപ്പിനായി വീണ്ടും സംഭവസ്ഥലത്തേക്ക് നാരായണനെ കൊണ്ട് വരുമ്പോൾ ജനരോക്ഷം തടുത്തു നിർത്തുവാൻ പോലീസിനും കഴിഞ്ഞില്ല. അടിയേറ്റ് അവശനായി ജയിലിലടക്കപ്പെട്ട നാരായണന് പിന്നെ അധികം ആയുസുണ്ടായില്ല. അയാളുടെ മരണവാർത്ത സന്തോഷത്തോടെയാണ് പൊതു ജനം ഏറ്റെടുത്തത്തതും

” കൊച്ചു കുഞ്ഞുങ്ങളോട് ഈ ക്രൂരത ചെയ്യുന്നവന്മാർ ഇങ്ങനെ നരകിച്ചു തന്നെ ചാകണം ”

പൊതു ജനം ഒന്നടങ്കം അതേറ്റു പറഞ്ഞു. പിന്നെ വർഗീസ് മാപ്പിളയുടെ വീടിനു മുന്നിൽ ആ കുറ്റിക്കാടുണ്ടായില്ല. നാട്ടുകാർ ഒന്നടങ്കം അവിടം വൃത്തിയാക്കി. ഇന്നവിടെ ഒരു കച്ചവട സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഹോസ്പിറ്റൽ വിട്ടിറങ്ങിയ കേശുവിനെ പിന്നെ നാട്ടിൽ അലയാൻ വിട്ടില്ല ആരും.നാട്ടുകാർ തന്നെ മുൻകയ്യെടുത്ത് ഒരു അഗതി മന്ദിരത്തിലേക്ക് മാറ്റി അവനെ. അസുഖം പൂർണ്ണമായും ഭേതമായില്ലെങ്കിലും അവരുടെ സംരക്ഷണത്തിൽ സുഖമായി അവനവിടെ കഴിയുന്നു

അതേ സമയം ഹോസ്പിറ്റൽ വിട്ടിറങ്ങിയെങ്കിലും സമനില നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മായ. പിന്നീട് അവളെ ചികിൽസിപ്പിച്ചതെല്ലാം വർഗീസ് മാപ്പിള തന്നെയാണ്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം നൊന്തു പെറ്റ മകളുടെ വേർപാടിൽ നിന്നുണ്ടായ ദുരന്തത്തെ അതിജീവിച്ചു അനേകം അനാഥരായ കുഞ്ഞ് മക്കൾക്ക് തുണയായി ഒരനാഥാലയത്തിൽ ജോലി നോക്കുന്നു മായ………….

എങ്കിലും ദേവൂട്ടിയുടെ പുഞ്ചിരി ഇന്നും ആ ഗ്രാമത്തിൽ ഒരു നോവായി തന്നെ ബാക്കിയുണ്ട്…….

Leave a Reply

Your email address will not be published. Required fields are marked *