അമ്മായിയമ്മ അത് പറഞ്ഞത് കേട്ടതും തന്റെ സാരിയുടെ കണക്ക് എങ്ങനെ അവർക്കറിയാം എന്ന് ജീന അത്ഭുതപ്പെട്ടു.. ജീന വീടിന്റെ പുറത്തെ വാതിൽ….

​”37 സാരിയുണ്ട് ആകെക്കൂടി! എന്റെ ഈശ്വരാ, വല്ല ടെക്സ്റ്റൈൽസിലേക്കും നോക്കുന്നതുപോലെയാ അലമാര തുറന്നാൽ…

എന്റെ ചെറുക്കനെ മുടിപ്പിക്കാൻ വേണ്ടി ഓരോന്ന് വന്നു കയറിയിരിക്കുകയാണ്. എന്റെ ദൈവമേ ആ ചെറുക്കൻ വല്ല നാട്ടിലും കിടന്നു ജോലിക്ക് പോയി ഉണ്ടാക്കുന്ന പണം മുഴുവൻ അവള് ഡ്രസ്സ് വാങ്ങി കൂട്ടുകയാ..”

എന്തോ പറഞ്ഞതിന് എതിരായി വത്സല പറഞ്ഞ വാക്കുകൾ ആണ് ഇത്..
അമ്മായിയമ്മ അത് പറഞ്ഞത് കേട്ടതും തന്റെ സാരിയുടെ കണക്ക് എങ്ങനെ അവർക്കറിയാം എന്ന് ജീന അത്ഭുതപ്പെട്ടു..

ജീന വീടിന്റെ പുറത്തെ വാതിൽ പൂട്ടി ഇറങ്ങുമ്പോൾ തന്നെ വത്സല അവരുടെ മുറിയിലേക്ക് കയറും.

ശേഷം ജീനയുടെ അലമാര തുറന്ന് അതിൽ എന്തൊക്കെ ഉണ്ട് എന്നുള്ളത് എല്ലാം എടുത്തു പരിശോധിക്കുന്നത് വത്സലയ്ക്ക് ഒരു ശീലമായിരുന്നു.

 

​ആദ്യം ഇതൊന്നും ജീനയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ പിന്നെപ്പിന്നെ വത്സല സംസാരിക്കുമ്പോൾ
​ഇത്തരത്തിലുള്ള കുത്തുവാക്കുകൾ കൂടിയപ്പോൾ ജീനയ്ക്ക് കാര്യം മനസ്സിലായി.

തന്റെ സ്വന്തം റൂമിൽ പോലും സ്വകാര്യതയില്ലെന്ന തിരിച്ചറിവ് അവളെ അസ്വസ്ഥയാക്കി.

ഇക്കാര്യം ഭർത്താവായ രമേശനോട് സൂചിപ്പിച്ചപ്പോൾ,

എന്റെ പൊന്നുജീന നീ ഇങ്ങനെ ഓരോന്ന്, ഊഹിച്ച് പറയാതെ… അമ്മ വല്ല ക്ലീൻ ചെയ്യാനും റൂമിലോട്ട് കയറിയതാകും.. മനുഷ്യന് അല്ലെങ്കിൽ തന്നെ ഇവിടെ 100 കൂട്ടം ടെൻഷൻ ഉണ്ട് അതിന്റെ കൂട്ടത്തിൽ നീയും ഇങ്ങനെ തുടങ്ങല്ലേ എന്നെ ഒന്ന് മനസ്സിലാക്കു!!”

എന്ന് അവൻ പറഞ്ഞു രമേഷിന്റെ സിറ്റുവേഷൻ ജീനയ്ക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു..

വലിയ ടെൻഷൻ ഉള്ള പണിയാണ് അവന് അതും വിദേശത്ത് തനിച്ച്.. ഇനി കൂടുതൽ ഒന്നും പറഞ്ഞ് അവനെ ടെൻഷൻ അടുപ്പിക്കില്ല എന്ന് അവൾ തീരുമാനിച്ചിരുന്നു..

 

എന്നാൽ ഇവിടെ വത്സലയുടെ ഉപദ്രവം തുടർന്നുകൊണ്ടിരുന്നു..

ഒടുവിൽ സഹികെട്ട് ഒരു ദിവസം പുറത്തുപോകുമ്പോൾ ജീന അലമാര പൂട്ടി താക്കോൽ കയ്യിൽ കരുതി.

 

​അന്ന് ആ വീട്ടിൽ നടന്നത് വലിയൊരു നാടകമായിരുന്നു. വത്സല ഉടൻ തന്നെ ഗൾഫിലുള്ള മകൻ രമേശിനെ ഫോണിൽ വിളിച്ച് കരച്ചിലോട് കരച്ചിൽ തുടങ്ങി.

​”രമേശേ, നിന്റെ ഭാര്യയ്ക്ക് എന്നെ ഒട്ടും വിശ്വാസമില്ലടാ… ഞാൻ അവളുടെ മുറിയിൽ കയറി വല്ലതും മോഷ്ടിക്കുമോ എന്ന് പേടിച്ചാവും അലമാരയും പൂട്ടി താക്കോലും കൊണ്ട് പോയേക്കുന്നത്.

എന്നെ ഒരു കള്ളിയാക്കി മാറ്റിയല്ലോടാ അവൾ! ഇത്രയും കാലം ഞാൻ ജീവിച്ചത് ഇതിനൊക്കെ വേണ്ടിയാണോ?”

വത്സല ഫോണിലൂടെ നെഞ്ചത്തടിച്ച് കരഞ്ഞു.

 

​രമേശ് ഉടൻ തന്നെ ജീനയെ ഫോണിൽ വിളിച്ചു. അവൻ രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കുന്ന ആളായിരുന്നു.

അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ അവന് സഹിച്ചില്ല.

​”ജീനാ, നീ എന്തിനാ അലമാര പൂട്ടി വെച്ച് അമ്മയെ വിഷമിപ്പിച്ചത്? അമ്മ അവിടെയുള്ളതല്ലേ, അത്രയ്ക്ക് പേടിയാണോ നിനക്ക്?” രമേശ് ദേഷ്യവും വിഷമവും കലർന്ന ശബ്ദത്തിൽ ചോദിച്ചു.

 

​”രമേശേട്ടാ, ഞാൻ വേറൊന്നും വിചാരിച്ചല്ല…” ജീന എന്തെങ്കിലും വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവൻ കേൾക്കാൻ തയ്യാറായിരുന്നില്ല.

​തന്റെ റൂമിൽ കയറി ഇത്രയൊക്കെ അതിക്രമം കാണിക്കുന്ന വത്സലയുടെ റൂമിലേക്ക് ജീനയ്ക്ക് ഒരിക്കലും പ്രവേശനം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഒരു ദിവസം വത്സലയുടെ മുറിയുടെ വാതിലിനടുത്ത് നിന്ന ജീനയോട് വത്സല മുഖത്തുനോക്കി പറഞ്ഞു, “എന്റെ റൂമിലേക്ക് നീ കയറണ്ട. ഇവിടെ വിലപിടിപ്പുള്ള പലതും ഇരിപ്പുണ്ട്. ആവശ്യമില്ലാതെ നീ ഈ വഴിക്ക് വരുന്നത് എനിക്ക് ഇഷ്ടമല്ല.”

എന്ന്.

​ആ വാക്കുകൾ ജീനയുടെ നെഞ്ചിലാണ് തട്ടിയത്. ഉള്ളിൽ വലിയ സങ്കടം തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.

താൻ എന്തെങ്കിലും തിരിച്ചുപറഞ്ഞാൽ അത് നൂറിരട്ടിയാക്കി മാറ്റി വത്സല രമേശിനോട് പറയും എന്ന് അവൾക്ക് അറിയാമായിരുന്നു.

 

ഗൾഫിലിരുന്ന് കഷ്ടപ്പെടുന്ന അവന്റെ സമാധാനം കളയേണ്ട എന്ന് കരുതി അവൾ എല്ലാ അപമാനങ്ങളും നിശബ്ദമായി സഹിച്ചു.

​വത്സലയുടെ റൂമിലേക്ക് ജീന പിന്നീട് അതിന്റെ പടിപോലും കയറിയിരുന്നില്ല. എന്നിട്ടും അധികം വൈകാതെ അടുത്ത പ്രശ്നം പൊട്ടിപ്പുറപ്പെട്ടു.

 

​ഒരു ദിവസം വത്സല വീട്ടിൽ വലിയ ബഹളം ഉണ്ടാക്കാൻ തുടങ്ങി. “എന്റെ കയ്യിലിരുന്ന പണം കാണാനില്ല! ചിട്ടി കിട്ടിയ പണം ഞാൻ പേഴ്സിൽ സൂക്ഷിച്ചു വച്ചേക്കുന്നതായിരുന്നു… ആരെടുത്തതാ എന്റെ പണം? ഈ വീട്ടിൽ വേറെ ആരുണ്ടെടോ എടുക്കാൻ!”

 

വത്സല ഒച്ചവെച്ചു.
​അത്രയും കൊണ്ട് തീർന്നില്ല, അവർ ജീനയുടെ മുറിയിലേക്ക് കയറിവന്ന് അലമാരയും വസ്ത്രങ്ങളും വലിച്ചിട്ടു കട്ടിലിനടിയും എല്ലാം തിരയാൻ തുടങ്ങി.

ജീന തടയാൻ നോക്കിയെങ്കിലും വത്സല അടങ്ങിയില്ല. ഒടുവിൽ വത്സല ജീനയുടെ നേരെ തിരിഞ്ഞു.

 

​”നീ ഇപ്പോൾ ഇട്ടിരിക്കുന്ന ഈ ഡ്രസ്സ് ഒന്ന് കുടഞ്ഞു കാണിക്ക്! പണം നിന്റെ കയ്യിലുണ്ടോ എന്ന് എനിക്കറിയണം!”

​വത്സലയുടെ ആ വാക്കുകൾ ജീനയുടെ അവസാനത്തെ സഹനസീമയും ലംഘിച്ചു.

ഇത്രയും കാലം ഉള്ളിലൊതുക്കിയ ദേഷ്യവും സങ്കടവും ഒരുമിച്ച് പുറത്തേക്ക് ചാടി.

അവളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു.

​”നിർത്തുന്നുണ്ടോ നിങ്ങൾ!” ജീന ഉറക്കെ പൊട്ടിത്തെറിച്ചു. “നിങ്ങളെക്കാൾ നല്ല രീതിയിൽ അന്തസ്സായി ജീവിച്ച കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്! എനിക്ക് നിങ്ങളെപ്പോലെ മറ്റുള്ളവരുടെ കട്ടെടുത്ത് ജീവിക്കേണ്ട ഒരു ആവശ്യവുമില്ല! എന്നെ ഇനിയും അപമാനിക്കാൻ നോക്കിയാൽ ഞാൻ അടങ്ങിയിരിക്കില്ല!”

അവൾ കത്തുന്ന കണ്ണുകളോടെ പറഞ്ഞു ആദ്യമായിട്ടാണ് ജീന ഇങ്ങനെ വത്സലയോട് പ്രതികരിക്കുന്നത്

​അതോടെ ആ വീട് ഒരു യുദ്ധക്കളമായി മാറി. വത്സല കരഞ്ഞുകൊണ്ട് വീണ്ടും രമേശിനെ വിളിച്ചു.

 

​”രമേശേ, നിന്റെ ഭാര്യ എന്നെ എന്തൊക്കെയാ വിളിച്ചു പറഞ്ഞത് എന്ന് അറിയാമോ? ഞാൻ കള്ളിയാണത്രേ! എന്നെ ഇങ്ങനെ വായിൽ വരുന്നത് ഓരോന്ന് വിളിച്ചു പറയാൻ ആണോ നീ അവളെ ഇങ്ങോട്ട് കെട്ടിക്കൊണ്ടുവന്നത്? എനിക്ക് ഇനി ഇവിടെ ജീവിക്കേണ്ട!” വത്സല ഉറക്കെ നിലവിളിച്ചു.

 

​എന്നാൽ ഇത്തവണ ജീനയും പിന്മാറാൻ തയ്യാറായിരുന്നില്ല. ഇത്രയും കാലം രമേശിന്റെ സമാധാനം കരുതി മറച്ചുവെച്ച കാര്യങ്ങളെല്ലാം അവൾ അവനോട് വിളിച്ച് പറഞ്ഞു.

അലമാര പരിശോധിക്കുന്നതും, വസ്ത്രങ്ങളെക്കുറിച്ച് കുറ്റം പറയുന്നതും, തന്നോട് കാണിച്ച ഓരോ ദുഷ്ടതകളും അവൾ കണ്ണീരോടെ വിവരിച്ചു.

 

​”എനിക്ക് ഇനി ഈ സ്ത്രീയുടെ കൂടെ ഒരു നിമിഷം പോലും നിൽക്കാൻ വയ്യ രമേശേട്ടാ. എന്റെ ആത്മാഭിമാനം പണയം വെച്ച് എനിക്ക് ഇവിടെ കഴിയാൻ പറ്റില്ല.

” ഇത്രയും പറഞ്ഞ് ജീന തന്റെ വസ്ത്രങ്ങളെല്ലാം എടുത്ത് സ്വന്തം വീട്ടിലേക്ക് പോയി.

 

​ദിവസങ്ങൾ കടന്നുപോയി. വീട്ടിൽ ജീനയില്ലാത്തതുകൊണ്ട് വത്സലയ്ക്ക് സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യേണ്ടിവന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അലമാരയിൽ നിന്ന് പഴയൊരു സാരി എടുക്കുമ്പോഴാണ് അതിനുള്ളിൽ മടക്കി വെച്ചിരുന്ന പേഴ്സ് വത്സലയ്ക്ക് കിട്ടുന്നത്.

അവർ തിരഞ്ഞ പണം ആ പേഴ്സിനുള്ളിൽ തന്നെ ഭദ്രമായി ഉണ്ടായിരുന്നു!

​താൻ വരുത്തിവെച്ച തെറ്റിനെക്കുറിച്ച് വത്സലയ്ക്ക് യാതൊരു കുറ്റബോധവും തോന്നിയില്ല.

 

വളരെ നിസ്സാരമായി അവർ രമേശിനെ ഫോണിൽ വിളിച്ചു.

 

​”ടാ രമേശേ, പണം ഇവിടെ ആ സാരിയുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നുട്ടോ.

ഞാൻ തന്നെ അലമാരയിൽ ഒരിടത്ത് സൂക്ഷിച്ച് വെച്ചതായിരുന്നു. ഏതായാലും നീ ആ ജീനയോട് ഇങ്ങോട്ട് വരാൻ പറ. വീട്ടിൽ പണിയൊക്കെ ചെയ്യാൻ ആളില്ലാതെ ബുദ്ധിമുട്ടാ.”

​വത്സലയുടെ ഈ വാക്ക് കേട്ടതോടെ ഗൾഫിലിരുന്ന രമേശിന്റെ ഉള്ളിലെ സങ്കടം മുഴുവൻ കത്തുന്ന ദേഷ്യമായി മാറി.

ജീനയോട് ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അതിന്റെ യാതൊരു കുറ്റബോധവും ഇല്ലാതെ, പണിയെടുക്കാൻ വേണ്ടി മാത്രം അവളെ ഇങ്ങോട്ട് വിളിക്കാൻ പറയുന്ന അമ്മയെക്കുറിച്ച് ഓർത്തപ്പോൾ പണ്ട് ജീന പറഞ്ഞതെല്ലാം ശരിയാണ് എന്ന് അവന് തോന്നി.

​”എന്താ അമ്മ പറഞ്ഞത്?” രമേശിന്റെ ശബ്ദം ഇടറി. “ഒരു പാവം പെൺകുട്ടിയെ കള്ളിയാക്കി, ആത്മാഭിമാനം ചോദ്യം ചെയ്ത് ഇറക്കിവിട്ടിട്ട് ഇപ്പോൾ ഒന്നുമറിയാത്തപോലെ അവളോട് തിരിച്ചു വരാൻ പറയുന്നോ? അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു അമ്മേ ഇങ്ങനെ പെരുമാറാൻ?”

അന്നത്തെ അവളുടെ കരച്ചിൽ ഓർത്ത് അല്പം സങ്കടത്തോടെ തന്നെ അവൻ ചോദിച്ചു..

​”അതിന് ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതാണോടാ… വെറുതെ ഒരു മറവി പറ്റിയതല്ലേ?” വത്സല ന്യായീകരിക്കാൻ ശ്രമിച്ചു.

​”മറവി പറ്റിയതാവാം, പക്ഷേ ആ മറവിയുടെ പേരിൽ അമ്മ അവളെ എത്രത്തോളം അധിക്ഷേപിച്ചു? അവൾ അനുഭവിച്ച മാനസിക വിഷമം അമ്മയ്ക്ക് മനസ്സിലാകുമോ? അന്ന് അമ്മയോട് തർക്കിക്കാതെ ഇറങ്ങിപ്പോയത് അവളുടെ മാന്യതയാണ്. ഇനി അവൾ ഈ വീട്ടിലേക്ക് വരുന്നില്ല! അവൾ അവളുടെ വീട്ടിൽ തന്നെ നിന്നോട്ടെ!” രമേശ് കടുപ്പിച്ചു പറഞ്ഞു.

 

​”അപ്പോൾ എന്റെ കാര്യമോ? ഞാൻ ഈ വയസ്സുകാലത്ത് ഒറ്റയ്ക്ക്…” വത്സല വീണ്ടും സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചു.

​”അമ്മ അതിനൊന്നും പേടിക്കണ്ട,” രമേശ് ദീർഘനിശ്വാസത്തോടെ പറഞ്ഞു. “അമ്മയ്ക്ക് ജീവിക്കാനും ചിലവിനും വേണ്ട പണം ഞാൻ കൃത്യമായി അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചു തരാം. ജോലിക്ക് ആരെയാണ് എന്ന് വെച്ചാൽ കണ്ടുപിടിച്ചോ..

അതുപോലെ ജീനയ്ക്ക് ജീവിക്കാനുള്ളത് ഞാൻ അവൾക്കും അയച്ചുകൊടുക്കാം. ഈ ദിവസേനയുള്ള വഴക്കും പ്രശ്നങ്ങളും കേട്ട് മടുത്തു. എനിക്ക് അല്പം സമാധാനം വേണം.”

അവൻ പറഞ്ഞു..

​വത്സല അതിനുശേഷവും എന്തൊക്കെയോ തർക്കങ്ങളും ന്യായീകരണങ്ങളും പറയാൻ നോക്കിയെങ്കിലും രമേശ് ഫോൺ കട്ട് ചെയ്തു.

​രണ്ടുപേരെയും ഒരുമിച്ച് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ നിർത്തി ഇനിയും കുടുംബം തകർക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് അവൻ ഉറപ്പിച്ചു.

 

അമ്മയ്ക്ക് വേണ്ട സാമ്പത്തിക സഹായവും ഭാര്യയ്ക്ക് അർഹിക്കുന്ന ബഹുമാനവും സമാധാനവും നൽകാൻ ഈ അകലമാണ് നല്ലതെന്ന് രമേശ് തിരിച്ചറിഞ്ഞു.

✍️സ്റ്റോറി ബൈ JK

Leave a Reply

Your email address will not be published. Required fields are marked *