രചന: J. K)
ഇസിജി എടുത്തപ്പോൾ ചെറിയ വേരിയേഷൻ ഉണ്ടെന്നു പറഞ്ഞിട്ടാണ് ട്രോപ്ഐ ചെയ്യണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത്…
ദുബായിലെ പ്രശസ്തമായ ആ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഒരു മലയാളിയായിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹം വിശദമായി പറഞ്ഞു തന്നു..
മുപ്പത്തി രണ്ട് കൊല്ലമായി രാധാകൃഷ്ണൻ ദുബായിലെത്തിയിട്ട്. കൺസ്ട്രക്ഷൻ ഫീൽഡിൽ ആയിരുന്നു വർക്ക്. ആദ്യമൊക്കെ കഠിനമായ പണികൾ ആയിരുന്നു. ഇപ്പോൾ ഫോർമാനാണ്. അതുകൊണ്ടു തന്നെ വലിയ ജോലികൾ ഇല്ല….
ഇവിടുത്തെ കടുത്ത വേനലിൽ സഹിക്കാൻ പറ്റാതെ എത്രയോ തവണ നിന്നിട്ടുണ്ട് എന്നിട്ടും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല ഇത്തവണ എന്തോ വല്ലാത്ത ചൂടും ഒപ്പം പുറം കടച്ചിലും നെഞ്ചുവേദനയും….
വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.. ഭാര്യയും മോളും അതത്ര കാര്യമാക്കി എടുത്തില്ല….ഗ്യാസിന്റ ആവും എന്നു പറഞ്ഞു…
റൂമിൽ കൂടെ നിക്കുന്നവരാ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പറഞ്ഞയച്ചത്…
അതിൽ രണ്ടാളു കൂടേം വന്നു…
അതു കഴിഞ്ഞു ആഞ്ജിയോഗ്രാം കൂടെ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു…
ബ്ലോക്ക് ആണത്രേ..
ഇവിടെ നല്ല ചിലവെറിയതാണ്… നാട്ടിൽ പോയി ചെയ്തോളൂ രാധാകൃഷ്ണൻ, എന്ന് നിർദേശിച്ചത് ഡോക്ടർ ആണ്..
അങ്ങനെയാണ് സുമയോട് വിളിച്ചു പറഞ്ഞത്,
നാട്ടിലേക്കു വരുന്നുണ്ട് എന്ന്…
പത്ത് അമ്പത്തഞ്ചു വയസ്സ് ആയില്ലേ രാധേട്ടാ നല്ലൊരു വീടും അത്യാവശ്യത്തിന് സ്ഥിതിയും ഒക്കെ ഇങ്ങള് ഉണ്ടാക്കിയില്ലേ..?? ഇനി നാട്ടിൽ ഭാര്യയോടൊപ്പം ജീവിക്ക് നിങ്ങൾ “””
എന്നുപറഞ്ഞ് വിട്ടു ആത്മാർത്ഥ സുഹൃത്തുക്കൾ ഇനി ദുബായിലേക്ക് തിരിച്ചുവരവില്ല എന്ന് പറഞ്ഞാണ് അവരോടൊക്കെ യാത്ര പറഞ്ഞത് നാട്ടിൽ വരുമ്പോൾ കാണാം എന്ന പ്രതീക്ഷയിൽ അവരും യാത്രപറഞ്ഞ് പറഞ്ഞയച്ചു……
നാട്ടിൽ വന്ന് നല്ലൊരു ഹോസ്പിറ്റലിൽ പോയി ആൻജിയോ പ്ലാസ്റ്റി ചെയ്തു…
ഭാരമുള്ള ജോലികൾ ഒന്നും ഇനി കുറെ കാലത്തിന് ചെയ്യേണ്ട എന്ന് പറഞ്ഞത് പ്രകാരമാണ്, വീട്ടിൽ തന്നെ നിൽക്കാമെന്ന് കരുതിയത് ആദ്യമൊക്കെ രസമായിരുന്നു..
പക്ഷേ ക്രമേണ അയാൾക്ക് മനസ്സിലായി, പ്രവാസത്തിനിടയിൽ രണ്ടുമാസം ഇടയ്ക്കൊന്നു നിൽക്കാൻ വരുന്നതുപോലെയല്ല ദുബായിലുള്ള തന്റെ ജോലി പൂർണമായി ഉപേക്ഷിച്ചു നാട്ടിൽ വന്ന് നിൽക്കുന്നത് എന്ന്….
ഇത്രയും കാലത്തെ തന്റെ ആ മരുഭൂമിയിലെ കഷ്ടപ്പാടിന്റെ ഫലമായി ഒരു നല്ല തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ട് എന്നുള്ളത് ഉറപ്പായിരുന്നു അതായത് ഇനിയുള്ള ജീവിതം ഒരു അല്ലലും ഇല്ലാതെ കഴിയാൻ പറ്റുന്ന അത്രയും…..
അതുകൊണ്ടുതന്നെയാണ് വേറൊന്നും ചിന്തിക്കാതെ ഇനി താൻ തിരിച്ചു പോകുന്നില്ല എന്ന് വിചാരിച്ചത്…
പക്ഷേ തിരിച്ചുപോകും എന്ന് ഉറപ്പുള്ളപ്പോൾ വരുന്നതു പോലെ അല്ലായിരുന്നു ഇത്തവണ.. എല്ലാത്തിലും ഒരു മാറ്റം…. അവർ മീൻ മേടിക്കുന്നത് നിർത്തി.. ചോദിച്ചപ്പോൾ പൈസ ഇല്ലാത്രെ… അച്ഛാ എന്ന് പറഞ്ഞ് തലയിൽ കയറി നടന്നിരുന്ന മോള് ഒന്നും മിണ്ടാതെ ആയി…
അങ്ങനെ ഓരോ കാര്യങ്ങളിൽ ആയി രണ്ടാളും കുത്തി കുത്തി പറയാൻ തുടങ്ങി പൈസ ഇല്ല എന്ന്….
ഇടയ്ക്ക് അവൾ മോളോടും പറയും എന്ത് കണ്ടിട്ടാ ഇരിക്കുന്നത് എങ്ങനെ കല്യാണം കഴിപ്പിച്ച് വിടാം എന്ന് കരുതിയ എന്നെല്ലാം… ഇതൊക്കെ ഇനി പോണില്ല എന്ന് തീരുമാനിച്ച, തനിക്കുള്ള മറുപടികൾ ആണെന്ന് അയാൾക്ക് ബോധ്യമായി…
കുടിക്കുന്ന വെള്ളത്തിന് പോലും പിന്നെ സ്വൈര്യം തരാതായി… നാട്ടിലെത്തിയ പ്രവാസിക്ക് പുല്ലിന്റെ വിലപോലും കാണില്ല എന്ന് പണ്ട് ആരോ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് മനസ്സിലാക്കി…..
കിട്ടുന്ന പൈസ അവിടെ മുണ്ടുമുറുക്കിയെടുത്ത് ഇവൾക്ക് അയച്ചു കൊടുക്കുമായിരുന്നു ഞാൻ ഒരു നല്ല ഭക്ഷണമോ അല്ലെങ്കിൽ തനിക്കായി എന്തെങ്കിലും വാങ്ങിയിട്ട് കാലങ്ങളായി……
ഒരു അസുഖം പോലും വരുമ്പോൾ ഭയമാണ്… ആശുപത്രിയിൽ പോയാലും ഡോക്ടറെ കണ്ടാലും ഒരുപാട് പണം ചെലവാകുമല്ലോ എന്ന് അത് നാട്ടിലേക്ക് അയച്ചിട്ടുണ്ടെങ്കിൽ
അവർക്ക് അവരുടെ ഇഷ്ടപ്രകാരം നടക്കാമല്ലോ എന്ന് ഇവിടെ ഇവർ താമസിക്കുന്ന വീടിന്റെ കാർപോർച്ചിലെ സ്ഥലം പൊലുമില്ല അവിടെ തങ്ങൾ തിങ്ങിനിറഞ്ഞ താമസിക്കുന്ന റൂമിന്….
എങ്കിലും പരസ്പരം സ്നേഹം ഉണ്ടാകും….സമാധാനം ഉണ്ടാകും..
നാട്ടിലുള്ളവർ സൂക്ഷിച്ചു കഴിയുന്നല്ലോ എന്നോർത്ത് ഉള്ളിൽ ഒരു തണുപ്പും…..
ഇവിടെ താൻ താലികെട്ടിയ ഭാര്യക്കും തന്റെ രക്തമായ മകൾക്കും മുന്നിൽ താനൊരു അന്യനെപ്പോലെ അല്ലെങ്കിൽ ശല്യമായി തീരുമ്പോൾ വെറുതെ ഒന്ന് ചിന്തിച്ചു നോക്കി രാധേട്ടാ എന്നും പറഞ്ഞ് സ്നേഹത്തോടെ തന്റെ അടുക്കൽ വരുന്ന തന്റെ സഹപ്രവർത്തകരെ….
കിട്ടുന്നതെല്ലാം ഇവർക്ക് അയച്ചുകൊടുക്കും തന്റെ പേരിൽ ഒരു രൂപ പോലും വെക്കാറില്ല അതുകൊണ്ടുതന്നെ ഇപ്പോൾ താൻ ഇവരുടെ മുന്നിൽ വെറും ദാരിദ്രവാസിയായി…
വിലകെട്ട അവരുടെ സൗജന്യത്തിന് കാത്തുകിടക്കുന്ന ഒരാൾ… ഇതെല്ലാം തന്റെ വിയർപ്പ് ആണെന്ന് പോലും ഇവർ മറന്നു പോയിരിക്കുന്നു…
അങ്ങനെയാണ് വീണ്ടും പ്രവാസം തന്നെ സ്വീകരിക്കാൻ തയ്യാറായത്..
തന്റെ അർബാബിനോട് ഒന്ന് വിളിച്ചു പറഞ്ഞാൽ വിസക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്ന് രാധാകൃഷ്ണന് ഉറപ്പുണ്ടായിരുന്നു. കാരണം ഇത്രയും വർഷം അയാൾ തന്നെ കരുതിയത് സ്വന്തം കൂടെപ്പിറപ്പിനെ പോലെ തന്നെയാണ്..
അയാളുടെ കുടുംബത്തിലെ ഒരംഗമായി തന്നെ..
തിരികെ ആ മണലാരണ്യ കളിലേക്ക് തന്നെ ചെന്നു. അവിടെയെത്തിയപ്പോൾ കൂട്ടുകാർക്ക് എല്ലാം സന്തോഷമായി ഈ മണ്ണിൽ വച്ച് വീണ്ടും കാണാൻ കഴിയും എന്ന് കരുതിയതല്ലല്ലോ…
കേട്ട് അറിഞ്ഞു അവരെല്ലാം കാണാൻ വന്നു. അവർ സ്നേഹപൂർവ്വം തിരക്കി…ഞങ്ങൾക്ക് എന്താണ് കൊണ്ടുവന്നിട്ടുള്ളത് എന്ന്??
ഒന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും അവരുടെ സ്നേഹത്തിന്റേ അളവിന് ഒരല്പം പോലും കുറവ് വരില്ല എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു.. നാട്ടിലെ ആളുകളുടേത് പോലെ അല്ല!!!
കാരണം ഓരോ പ്രവാസിക്കും തങ്ങളുടെ അധ്വാനത്തിന്റെ വില അറിയാം അതുകൊണ്ടുതന്നെ അവർ പരസ്പരം എന്തുമാത്രം സ്നേഹിക്കുന്നു…
അവിടെ ജാതിയില്ല മതമില്ല എല്ലാവരും സഹോദരന്മാർ മാത്രമാണ്…..
“””””ഇത്തവണയാണ് ഏറെ വിലപ്പെട്ട ഒരു സമ്മാനം എനിക്ക് നിങ്ങൾക്കായി തരാൻ ഉള്ളത്… മറ്റൊന്നുമല്ല ഒരു ചെറിയ ഉപദേശം””””
അത് കേട്ട് അവർ പരസ്പരം നോക്കി…
“”” ഭാര്യക്കും വീട്ടുകാർക്കും പ്രവാസി ചെലവിന് കൊടുക്കുന്നതൊക്കെ നല്ലതുതന്നെ പക്ഷേ അപ്പോഴും ഒരു നൂറ് രൂപ അവൻ അവനായി മാറ്റിവയ്ക്കാൻ മറക്കരുത്…. നാളേക്ക് വേണ്ടി… നീരെല്ലാം അവർക്കായി വറ്റിച്ചു തൊണ്ടായി നാട്ടിൽ ചെല്ലുമ്പോൾ, ഒരു പട്ടിയെ പോലെ ആട്ടി അകറ്റാതിരിക്കാൻ…. “”””
അത്രയും പറഞ്ഞപ്പോഴേക്ക് ആ മിഴികൾ നിറഞ്ഞിരുന്നു…
എല്ലാവരും കൂടി അയാളെ ചേർത്തുപിടിച്ചു ചോദിച്ചു എന്താ കാര്യം എന്ന്,എല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞു ആ പാവം… അപ്പുറം ചേർത്ത് പിടിച്ച് അവർ ചോദിച്ചിരുന്നു ചേട്ടന് ഞങ്ങളില്ലേ എന്ന്…
“”അതേ.. അവരുണ്ട്!!!എവിടെയോ ജനിച്ച എവിടെയോ വളർന്നു കൂടെ പിറപ്പായവർ…””””
അപ്പോഴും അയാൾ ഒരു മന്ത്രണം പോലെ ഉരുവിട്ടു…. എല്ലാർക്കും ഈ ഗതി ഉണ്ടാവും എന്നല്ല…!!! എങ്കിലും ഇനി ആർക്കും വരാതിരിക്കട്ടെ…..