“അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമല്ലല്ലോ മോളായിട്ടുള്ളത്. ഇടയ്ക്കു അനുവിന്റെയും സതീശന്റെ അടുത്തും പോയി നിൽക്കണം. “

(രചന: മഴമുകിൽ)

“അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമല്ലല്ലോ മോളായിട്ടുള്ളത്. ഇടയ്ക്കു അനുവിന്റെയും സതീശന്റെ അടുത്തും പോയി നിൽക്കണം.

തറവാട് എനിക്കു തന്നെന്നു കരുതി ഉള്ള കാലം മുഴുവൻ ഞാൻ തന്നെ നോക്കണോ..?”

രാവിലെ തന്നെ സുലോചന അച്ഛന്റെയും അമ്മയുടെയും നേർക്കായി.

” എനിക്ക് കുടുംബവും കുട്ടികളും ഒക്കെയുണ്ട് അതിന്റെ കൂടെ എന്നും അച്ഛനെയും അമ്മയെയും ഹോസ്പിറ്റലിൽ കൊണ്ട് നടക്കാൻ സമയം വേണ്ടേ..

ദിനേശേട്ടൻ ഒന്നും പറയുന്നില്ലേന്നു കരുതി നിങ്ങൾ അതറിഞ്ഞു പെരുമാറണ്ടേ. നിങ്ങൾ ഇവിടുള്ളത് കൊണ്ടാണ് ഏട്ടന്റെ അച്ഛനും അമ്മയും ഇവിടേക്കു വന്നു നിൽക്കാത്തത്.”

രാഘവനും രമണിയും മുഖത്തോട് മുഖം നോക്കി കാരണം കുറെ കാലങ്ങളായി അവർ കേൾക്കാൻ തുടങ്ങിയതാണ് ഈ പാരായണം.

സുലോചന സതീശൻ അനു മൂന്നു മക്കളാണ് രാഘവനും രമണിക്കും. രമണി സ്കൂൾ അധ്യാപികയായിരുന്നു രാഘവൻ സാധാരണ ഒരു കൃഷിക്കാരനും.

പെൻഷൻ പറ്റിയപ്പോൾ കിട്ടിയ തുക മുഴുവനും മൂന്നു മക്കൾക്കുമായി വീതിച്ചു കൊടുത്തു. ഇപ്പോൾ ആകെ കൈമുതലായുള്ളത് മാസാമാസം വരുന്ന പെൻഷൻ ആണ്.

കുറെയധികം സ്ഥലം എല്ലാം മക്കൾക്ക് പങ്കുവെച്ചു കൊടുത്തു കാലശേഷം കൊടുക്കേണ്ടതിന് പകരം നേരത്തെ തന്നെ എല്ലാം എല്ലാവരുടെയും കയ്യിൽ എത്തി.

ഇപ്പോൾ അഗതികളെപ്പോലെ ഓരോരോ മക്കളുടെ അടുത്തായി മാറിമാറി നിൽക്കുകയാണ് രാഘവനും രമണിയും. സുലോചനയുടെ വീട്ടിൽ വന്നാൽ കുറച്ചധികം നാൾ നിന്നു പോകും അതുകൊണ്ടാണ് അവളുടെ ഈ പറച്ചിൽ.

സതീഷിന്റെ ഭാര്യയാണെങ്കിൽ രമണിയും രാഘവനും അവരുടെ വീട്ടിൽ ചെന്ന് നിൽക്കുന്നത് തന്നെ ഇഷ്ടമില്ല. രാഘവനെ എപ്പോഴും ശ്വാസംമുട്ടലിന്റെ കുഴപ്പമുണ്ട്.

അതുകൊണ്ടുതന്നെ ചുമക്കുന്നതും ഒന്നും സതീഷിന്റെ ഭാര്യക്ക് ഇഷ്ടമില്ല.. സതീഷിന്റെ ഭാര്യ അവരുടെ കുട്ടികളെ പോലും രാഘവനും മായും രമണിയുമായും അടുക്കാൻ സമ്മതിക്കില്ല.

അനുവിന് ആണെങ്കിൽ മക്കളില്ല അതുകൊണ്ടുതന്നെ അതിന്റെ മനപ്രയാസത്തിൽ ഇരിക്കുമ്പോൾ ഭർത്താവിന്റെ വീട്ടുകാരുടെ ആട്ടും തുപ്പും കേൾക്കണം.

അവരുടെ വീടിനടുത്തായി പ്രത്യേകം വീട്ടിലാണ് അനുവും ഭർത്താവും താമസിക്കുന്നത്. അവിടെ ചെല്ലുമ്പോഴത്തെ അവസ്ഥയും ഇതുതന്നെയാണ്..

ഓരോ മാസം ഓരോ മക്കളുടെ അടുത്തായി ഇങ്ങനെ റൂട്ട് ചുറ്റി നടക്കുകയാണ് രാഘവനും രമണിയും. കുറച്ചുനാളുകളായി രമണിക്ക് വയ്യായ്മയാണ്. ഓരോ മാസം ഓരോരുത്തരുടെയും വീടുകളിൽ നിൽക്കുക എന്നത് പ്രയാസമായി..

യാത്ര ചെയ്യാൻ പോയാലും കഴിയാത്ത അവസ്ഥയായപ്പോൾ മക്കൾ മൂന്നു പേരും കൂടി ചേർന്ന് എടുത്ത തീരുമാനമായിരുന്നു സുലോചനയുടെ വീട്ടിൽ തന്നെ അച്ഛനും അമ്മയും താമസിക്കട്ടെ ചിലവിനുള്ള കാശ് കൊടുക്കാമെന്ന്..

അങ്ങനെ ഇപ്പോൾ രണ്ടുമാസമായി സുലോചനയുടെ വീട്ടിലാണ് താമസിക്കുന്നത് അല്ലെങ്കിൽ ഇവിടെ വന്ന് നിൽക്കുന്ന സമയത്ത് സുലോചനയ്ക്ക് എന്തെങ്കിലുമൊക്കെ ഒരു കൈ സഹായം രമണി ചെയ്തുകൊടുക്കും.

പക്ഷേ ഇപ്പോൾ കുറച്ചുനാളായി വല്ലാത്ത അവശതയും ക്ഷീണവുമാണ് രമണിക്ക്. അതുകൊണ്ടുതന്നെ സുലോചനയ്ക്ക് കാര്യമായി സഹായം ഒന്നും ചെയ്തു കൊടുക്കാൻ അവളെ കൊണ്ട് കഴിയുന്നില്ല. അതിന്റെയൊക്കെ ദേഷ്യമാണ് സുലോചന ഈ പറയുന്നത്.

” എടി അവൾക്കാവുമെങ്കിൽ ഇങ്ങനെ കിടക്കുമോ… നിനക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തു തരും. നീ നനച്ചു വയ്ക്കുന്ന തുണികൾ വിരിക്കുന്നതും വീട് അടിച്ചു വൃത്തിയാക്കി, പച്ചക്കറികൾ കഷ്ണമാക്കി തരുന്നതും തേങ്ങ തിരുമ്മി തരുന്നതും.

എല്ലാം അവളല്ലേ നിനക്ക് അടുക്കളയിൽ നിന്ന് വയ്ക്കുന്ന ജോലി മാത്രമല്ലേ ഉള്ളൂ..”

” അല്ലെങ്കിലും അമ്മയെ എന്തെങ്കിലും പറഞ്ഞാൽ അച്ഛന് ഭയങ്കര വിഷമമാണ്. അങ്ങനെ വിഷമം സഹിക്കാൻ വയ്യെങ്കിൽ അമ്മയെയും കൊണ്ട് മറ്റെവിടെയെങ്കിലും മാറി കൊള്ളണം.”

രാഘവന് അത് കേൾക്കേ ചങ്കിനകത്ത് ഒരു പിടച്ചിൽ തോന്നി.

” എടീ അവൾക്ക് എത്ര ദിവസമായി സുഖമില്ല. എന്റെ കൂടെ ഒന്നു ഹോസ്പിറ്റലിൽ വരെ വന്ന് അവളെ കൊണ്ട് കാണിക്കാൻ പോലും നിനക്ക് സമയമില്ലല്ലോ. എത്രയായാലും പെറ്റ തള്ള അല്ലേ..”

” അച്ഛനിവിടെ ചുമ്മാതല്ലേ ഇരിക്കുന്നത്. അച്ഛൻ എന്താ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി കാണിച്ചാൽ.

എല്ലാത്തിനും ഞാൻ തന്നെ കൂടെ വരണം എന്നു പറയുന്നത് കഷ്ടമാണ്. എനിക്കിവിടെ വീട്ടിലെ ജോലികൾ ചെയ്തു തന്നെ സമയമില്ല. അതിനിടയിലാണ് ഇനി അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നിൽക്കുന്നത്.”

” എനിക്കിപ്പോൾ തളർച്ച ഒക്കെ കുറവുണ്ട്. വെറുതെ അവളെ ബുദ്ധിമുട്ടിക്കേണ്ട. എന്തെങ്കിലും വയ്യായ്മ കൂടുതൽ ആണെങ്കിൽ സതീശനെ ഒന്ന് വിളിക്കാം.. വളരെ ബുദ്ധിമുട്ടോടു കൂടിയാണ് രമണി അത് പറഞ്ഞത്..”

രാഘവൻ കയ്യിലുള്ള ഫോണിൽ നിന്നും സതീഷന്റെ നമ്പറിലേക്ക് വിളിച്ചു.

” എന്താ അച്ഛാ.. അത്യാവശ്യ കാര്യം വല്ലതും ആണോ,. ഇല്ലെങ്കിൽ പിന്നെ വിളിക്കാമായിരുന്നു.. ഞാൻ അല്പം തിരക്കിലാണ്..”

“എടാ.. അമ്മയ്ക്ക് തീരെ സുഖമില്ല. അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിക്കണം. നീ ഒന്ന് വണ്ടിയുമായി ഇവിടം വരെ വന്നാൽ അവളെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാമായിരുന്നു.”

” അച്ഛാ ഞാൻ അവിടെ ഇല്ല…. അല്ലെങ്കിൽ തന്നെ എനിക്ക് ഈ മാസം ഭയങ്കര തിരക്കാണ്. എന്റെ ടാർജറ്റ് ഒന്നും അച്ചീവ് ചെയ്തിട്ടില്ല. മാനേജരുടെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യ. അതുകൊണ്ട് അച്ഛൻ ഒരു കാര്യം ചെയ്യ് അനുവിനെയോ വിളിച്ചു ചേച്ചിയെയും കൂട്ടി അമ്മയെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറ.”

” ഞാൻ സുലോചനയോട് ചോദിച്ചതാ അവൾക്ക് നേരമില്ല. വീട്ടിലെ കാര്യങ്ങൾ നോക്കി കുട്ടികളുടെ കാര്യം നോക്കി അവൾക്ക് സമയമില്ലെന്ന് പറഞ്ഞ് അതുകൊണ്ടാണ് നിന്നെ വിളിച്ചത്.”

” എങ്കിൽ ഒരു കാര്യം ചെയ്യ് അച്ഛൻ അനുവിനെ വിളിച്ചു പറ അവളെയും കൂട്ടി ഹോസ്പിറ്റലിൽ പോകാൻ നോക്ക്…”

ഒന്നുമില്ലെന്ന് രമണി പറയുന്നുണ്ടെങ്കിലും അവളുടെ മുഖഭാവം കാണുമ്പോൾ അറിയാം ഒരുപാട് വേദന സഹിക്കുന്നുണ്ട് എന്ന്.രാഘവന് ഏറെനേരം അത് കണ്ടുനിൽക്കാൻ മനസ്സ് വന്നില്ല നേരെ അനുവിനെ വിളിച്ചു.

” ഇവിടെ ഏട്ടന്റെ അമ്മയും സഹോദരിയും ഒക്കെ ഉണ്ട്. ഇവിടുത്തെ ജോലി ഒഴിഞ്ഞ നേരമില്ല. പിന്നെ എങ്ങനെ ഞാൻ ഹോസ്പിറ്റലിൽ വരുന്നത്.

അച്ഛൻ എന്താ കൊണ്ടുപോയാൽ അമ്മയുടെ കാര്യങ്ങൾ നോക്കാൻ എന്താ അച്ഛനെ കൊണ്ട് വയ്യേ.”

ഒടുവിൽ മക്കൾ മൂന്നുപേരും ഓരോ ഒഴിവു കിഴിവുകൾ പറഞ്ഞ് പിന്മാറി അപ്പോൾ. രാഘവൻ തൊട്ടടുത്ത് താമസിക്കുന്ന ഓട്ടോക്കാരൻ വേണുവിനെ വിളിച്ചു.

” വേണു നിനക്കിന്ന് ഓട്ടം ഇല്ലെങ്കിൽ എനിക്കൊരു ഇടം വരെ പോകണമായിരുന്നു.”

” എവിടേക്കാ രാഘവേട്ടാ അത്യാവശ്യമാണോ..”

” രമണിയേയും കൊണ്ട് ഹോസ്പിറ്റൽ വരെ ഒന്നു പോകണം അവൾക്ക് എന്തോ കുറെ നാളുകൾ ആയിട്ട് ഒരു വയ്യായ്മയാണ്. ഇത്രയും ദിവസം വച്ചുകൊണ്ടിരുന്നു ഇനി അത് പറ്റില്ല .”

“അതിനെന്താ രാഘവേട്ടാ ഞാൻ വരാം ചേട്ടൻ വീട്ടിലേക്ക് ചെന്ന് ചേച്ചിയെ ഒരുക്കി ഇറക്കു..”

രാഘവൻ വീട്ടിലെത്തിയ ഉടനെ തന്നെ രമണിയെ ഒരുക്കി ഇറക്കി. ഓട്ടോയിൽ അവളെയും കൊണ്ട് ചെന്ന് കയറുമ്പോൾ വേണു സഹായിച്ചു.

” ചേച്ചിക്ക് നല്ല അവശത ഉണ്ടല്ലോ ചേട്ടാ നേരത്തെ കൊണ്ടുപോയി കാണിക്കാൻ വയ്യായിരുന്നു..”

“രമണി വിളിക്കുമ്പോൾ എല്ലാം കുഴപ്പമൊന്നുമില്ല എന്ന് പറയും.. ഇനിയും വച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല എന്ന് എനിക്ക് തോന്നി അതുകൊണ്ടാ ഇപ്പോഴെങ്കിലും ഇറങ്ങിയത്..”

ഹോസ്പിറ്റലിൽ മുന്നിലെത്തി വേണു തന്നെയാണ് വീൽചെയർ എടുത്തുകൊണ്ടു വന്നത്. രമണിയെ രണ്ടുപേരും കൂടെ ചേർന്ന് വീൽചെയറിൽ എടുത്തിരുത്തി… കാഷ്വാലിറ്റിയിൽ കൊണ്ട് ചെന്നവരെ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചു…

എന്തായാലും അന്നത്തെ ദിവസം അവിടെ അഡ്മിറ്റ് ചെയ്ത് ചില ടെസ്റ്റുകൾ ഒക്കെ നടത്താമെന്ന് ഡോക്ടർ പറഞ്ഞത് അനുസരിച്ച് രമണിയെ അവിടെ അഡ്മിറ്റ് ചെയ്തു….

ഓട്ടോയുടെ കാശുകൊടുത്ത് വേണുവിനെ പറഞ്ഞുവിട്ടു….

നേരം വൈകിയിട്ടും കാണാത്തതുകൊണ്ട് സുലോചന വിളിച്ച് അന്വേഷിക്കുമ്പോൾ രാഘവൻ കാര്യങ്ങൾ പറഞ്ഞു…

ഇവിടെ കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് ഉള്ളൂ അച്ഛാ.. അല്ലെങ്കിൽ ഞാൻ വന്നു കൂട്ടിരിക്കാം ആയിരുന്നു…

അത് വേണ്ട എന്തായാലും ഞാൻ ഇവിടെ ഉണ്ടല്ലോ…

അന്ന് രാത്രി എങ്ങനെയെങ്കിലും ഒക്കെ രാഘവനും രമണിയും കഴിച്ചുകൂട്ടി.. സതീശനും അനുവും വിളിച്ചു തിരക്കിയത് പോലുമില്ല കാര്യങ്ങൾ..

അടുത്ത ദിവസം ഡോക്ടർ ചില ടെസ്റ്റുകൾ ഒക്കെ നടത്തി.. ഒന്ന് രണ്ട് ടെസ്റ്റുകൾ പുറത്ത് അയച്ചു ചെയ്യിച്ചു അതിന്റെ റിസൾട്ട് വന്നതിനു ശേഷം മാത്രമേ എന്താണെന്ന് പറയാൻ കഴിയുകയുള്ളൂ..

ഏകദേശം ഒരാഴ്ചയോളം രമണിക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു.. ഇതിനിടയ്ക്ക് ഒന്ന് രണ്ട് തവണ സുലോചനയും അനുവും വന്നിട്ട് പോയി.. ഇന്നാണ് രമണിയുടെ റിസൾട്ട് കിട്ടുന്നത്.

നേരത്തെ തന്നെ നഴ്സ് വന്നു പറഞ്ഞിരുന്നു ഡോക്ടർക്ക് കാണണമെന്ന്.. രാഘവൻ നേരെ ഡോക്ടറുടെ റൂമിലേക്ക് ചെന്നു..

” രമണിയുടെ…”

“ഭർത്താവാണ് ഞാൻ രാഘവൻ..”

“മക്കളില്ലേ…”

” മൂന്നു മക്കൾ ഉണ്ട് രണ്ട് പെണ്ണും ഒരാണും..”

“അവരെ ആരെയെങ്കിലും ഇവിടേക്ക് വരുത്തുവാൻ കഴിയുമോ.,.,”

“സാരമില്ല ഡോക്ടർ എന്തുതന്നെയായാലും എന്നോട് പറഞ്ഞാൽ മതി.”

“നിങ്ങളുടെ വൈഫിനു ക്യാൻസറാണ്… അതും ചികിത്സിക്കാൻ പറ്റാത്ത അത്രയും പടർന്നു കഴിഞ്ഞിരിക്കുന്നു ബ്രസ്റ്റ് ക്യാൻസർ ആണ്..

ഇവിടെ ഇതിനുള്ള ട്രീറ്റ്മെന്റ് പരിമിതമാണ്.. അതുകൊണ്ട് നിങ്ങൾ കുറച്ചു കൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകണം.”

കൂടാം കൊണ്ട് തലയ്ക്കടിയേറ്റതുപോലെ രാഘവൻ ഇരുന്നു.

“ചികിത്സ കൊണ്ട് ഇനി പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല പക്ഷേ അസഹ്യമായ വേദന ഒരു പരിധി വരെയൊക്കെ പിടിച്ചു നിർത്തുവാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കഴിയും. എന്തായാലും വൈകുന്നേരത്തോടുകൂടി ഡിസ്ചാർജ് ചെയ്യാം…”

രാഘവൻ വേണുവിന്റെ നമ്പറിലേക്ക് വിളിച്ചു അയാൾ വൈകുന്നേരത്തോടു കൂടി ഓട്ടോയുമായി വന്നു…

നേരെ സുലോചനയുടെ അടുത്തേക്ക് പോയി. അച്ഛൻ പറയുന്ന കാര്യങ്ങൾ കേട്ട് സുലോചന അന്തം വിട്ടു നിന്നു. ഇനി ചികിത്സിക്കാനുള്ള പണമൊക്കെ എവിടെന്ന് ചെലവാക്കും എന്നതായിരുന്നു അവരുടെ ആലോചന..

വൈകുന്നേരം ദിനേശൻ വന്നപ്പോൾ സുലോചന കാര്യങ്ങൾ എല്ലാം പറഞ്ഞു.

” നിങ്ങൾ ഇതിൽ ഇടപെടാൻ ഒന്നും നിൽക്കണ്ട ഞാൻ അനുവിനോട് സതീഷിനോടും കൂടി സംസാരിച്ച് അവരോടും കൂടി പൈസ ചെലവാക്കാൻ പറയാം. അമ്മ എന്റെ മാത്രമല്ലല്ലോ അവരുടെയും കൂടിയല്ലേ.’

രാഘവൻ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..

ഏകദേശം ഒരു മാസത്തോളം മൂന്നു മക്കളുടേയും കാരുണ്യത്തിൽ അമ്മയ്ക്ക്കീമോയും റേഡിയേഷനും ഒക്കെ ചെയ്തു. അവശതയിൽ നിന്നും അവശതയിലേക്ക് രമണി കൂപ്പ് കുത്തുകയായിരുന്നു….

ഭാര്യയുടെ അവസ്ഥ കണ്ട് രാഘവന് കണ്ണീർ വാർക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ…
മിക്കവാറും ദിവസവും വേദന കൊണ്ട് രമണി പുളയും ആയിരുന്നു..

പതിവുപോലെ രാവിലെ അമ്മയുടെ അടുത്തേക്ക് വന്ന സുലോചന കാണുന്നത് ചരിഞ്ഞു കിടക്കുന്ന രമണിയെ ആണ്… ഒന്നുരണ്ട് ആവർത്തി കുലുക്കി വിളിച്ചിട്ടും അനക്കം ഉണ്ടായിരുന്നില്ല.. ഒടുവിൽ ബലമായി തിരിച്ചു കിടത്തി നോക്കുമ്പോൾ. അമ്മ മരിച്ചു കിടക്കുകയാണ് എന്ന് മനസ്സിലായി.

അച്ഛനെ നോക്കുമ്പോൾ അടുത്തെങ്ങും കാണാനുമില്ല. ഒടുവിൽ തിരഞ്ഞു പറമ്പിൽ എത്തുമ്പോഴാണ് അച്ഛൻ പറമ്പിന്റെ ഒഴിഞ്ഞ കോണിൽ കിടക്കുന്നതു കണ്ടത്….

കൃഷി ആവശ്യങ്ങൾക്കായി വാങ്ങി വച്ചിരുന്ന ഫ്യൂരിടാന്റെ ഒഴിഞ്ഞ കുപ്പി അച്ഛന്റെ അടുത്തായി…..

അമ്മക്കൊപ്പം അച്ഛനും യാത്രയായി……

ആരെയും ഇനിയും ബുദ്ധിമുട്ടിക്കുന്നില്ല… മക്കളാണ് ലോകമെന്നു കരുതി ജീവിച്ചു.. പക്ഷേ അതങ്ങനെ അല്ലെന്നു നിങ്ങൾ തെളിയിച്ചു……. ആർക്കും ഇനിയും ശല്യമാകുന്നില്ല…. മക്കൾക്ക്‌ നല്ലത് വരട്ടെ….

Leave a Reply

Your email address will not be published. Required fields are marked *