“ഭാര്യയെ കെട്ടി പിടിച്ച് വീട്ടിലടയിരിയ്ക്കാൻ അങ്ങേരുടെ കല്യാണം കഴിഞ്ഞത് ഇന്നോ ഇന്നലെയോ ഒന്നും അല്ലല്ലോ… കൊല്ലം പത്തിരുപതായില്ലേ അവരുടെ കല്ല്യാണം കഴിഞ്ഞിട്ട്….?
‘ഇതൊക്കെ അവരുടെ അടവാണ് കണ്ണേട്ടാ…. ഇങ്ങോട്ടു വരാതിരിക്കാനുള്ള അടവ്….
“നിങ്ങളുടെ ചേട്ടന് ഏടത്തിഅമ്മയെ പിരിഞ്ഞൊരു നിമിഷം പോലും ഇരിക്കാൻ വയ്യാന്നങ്ങ് പറഞ്ഞാൽ പിന്നെ എല്ലാമങ്ങ് എളുപ്പത്തിൽ കഴിഞ്ഞു കിട്ടുമല്ലോ അവർക്ക്…. അങ്ങനൊന്ന് പറഞ്ഞാൽ പിന്നെ നിങ്ങളും വാ തുറക്കില്ല അവരോട്… അതവർക്കും അറിയാം..
“ഇതങ്ങേർക്ക് സ്വന്തം ഭാര്യയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലെന്ന് എനിയ്ക്കും നിങ്ങൾക്കും നന്നായറിയാം കണ്ണേട്ടാ….
ഇവിടെ വന്നമ്മയെ രണ്ടു ദിവസം നോക്കാൻ പോലും വയ്യവർക്ക് രണ്ടാൾക്കും…. അതിനുള്ള ഓരോ നുണകൾ….
എന്തിനും ഏതിനും അവർക്കു വേണ്ടി ഓടാൻ നിങ്ങളും അതിനൊപ്പിച്ച് പണിയെടുക്കാൻ ഞാനുമുണ്ടല്ലോ ഇവിടെ.. –
അതു തന്നെയാണവർ എല്ലാറ്റിൽ നിന്നും മാറി നിൽക്കാൻ കാര്യവും…
“തറവാട്ടിലെ യാതൊന്നും അറിയണ്ടവർക്ക്… പെറ്റമ്മയുടെ സുഖവിവരങ്ങൾ അറിയണ്ട…. ഒന്നും വേണ്ട… മാസാമാസം പറമ്പിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ കണക്ക് മാത്രം കൃത്യമായിട്ട് വേണം താനും രണ്ടാൾക്കും… അപ്പോഴവർക്ക് തിരക്കുമില്ല ഒന്നുമില്ല…. വല്ലാത്ത രണ്ടു ജന്മങ്ങൾ തന്നെ നിങ്ങടെ ഏട്ടനും ഭാര്യയും….
എത്ര പറഞ്ഞിട്ടും നിർത്താൻ ഭാവമില്ലാതെ കവിത പിന്നെയും പറഞ്ഞു കൊണ്ടിരുന്നതും തലയിൽ കൈവെച്ചു കണ്ണൻ…
എന്റെ പൊന്നു കവി…. നീയൊന്ന് നിർത്തെടി ഇനിയെങ്കിലും… നിനക്ക് ഇതെന്തിന്റെ കേടാണ്… ഏട്ടനും ഏടത്തിയമ്മയും അങ്ങനൊക്കെ തന്നാണെന്ന് ഇവിടെ വന്നപ്പോഴേ മനസ്സിലായതല്ലേ നിനക്ക്… അതോ അമ്മയെ നോക്കുന്നത് നിനക്കും ബുദ്ധിമുട്ടായോ….?
കണ്ണന്റെയാ ചോദ്യം ഇഷ്ടപ്പെടാത്തൊരു ഭാവം കവിതയുടെ മുഖത്തു തെളിഞ്ഞത് പെട്ടന്നാണ്… അവനെ ഒന്നിരുത്തി നോക്കിയവൾ….
“എനിയ്ക്ക് അമ്മയെ നോക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ടൊന്നുമല്ല ഞാനവരോട് രണ്ടു ദിവസത്തേക്കെങ്കിലും ഇവിടെ വന്നു നിന്നമ്മയെ നോക്കാൻ പറഞ്ഞത്…. അമ്മയ്ക്കും ഉണ്ടാവൂലോ അമ്മ പ്രസവിച്ച മൂത്ത മകനെ ഒന്ന് കാണാനാനുള്ള ആഗ്രഹം…?
‘നമ്മൾ കേൾക്കേ അമ്മ അതൊന്നും പറയുന്നില്ല എന്നു വെച്ച് അമ്മയ്ക്ക് അങ്ങനൊരു ആഗ്രഹമില്ലാ എന്നല്ലല്ലോ കണ്ണേട്ടാ അതിനർത്ഥം.. ?
എത്ര മാസമായി ഏട്ടൻ വന്നൊന്ന് അമ്മയെ കണ്ടു പോയിട്ട്…..?
എന്തിന് നേരാവണ്ണം ഫോണിൽ പോലും അവരൊന്നും അമ്മയോട് മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ല…. കണ്ണേട്ടൻ കണ്ടിട്ടുണ്ടോ…?
കവിത ചോദിയ്ക്കും നേരം കണ്ണനോർത്തതും അതാണ്…. ഏട്ടൻ വന്നമ്മയെ കണ്ടു പോയിട്ട് എട്ടൊൻപത് മാസമായിരിക്കുന്നു… വരുന്ന കാര്യം എപ്പോൾ ചോദിച്ചാലും സ്കൂൾ ടീച്ചറായ ഏടത്തിയമ്മയ്ക്ക് ലീവില്ല… തനിച്ചവരെ നിർത്തി വരാൻ വയ്യ എന്നൊരൊറ്റ മറുപടി മാത്രം….പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന രണ്ടാൺക്കുട്ടികളുണ്ടവർക്ക്… എന്നാലും ഏടത്തിയമ്മയുടെ പേരു പറഞ്ഞൊഴിവാക്കും ഏട്ടൻ ഇങ്ങോട്ടേയ്ക്കുള്ള വരവ്….
കണ്ണേട്ടാ…..
കവിത വിളിച്ചതും ചിന്തകളിൽ നിന്നൊന്ന് ഞെട്ടി കണ്ണൻ….
“നാളെ ഞാനൊന്ന് വീട്ടിൽ പൊയ്ക്കോട്ടെ… കണ്ണേട്ടനൊപ്പം അമ്മയുടെ കാര്യങ്ങൾക്ക് ഒന്ന് വന്നു സഹായിച്ചു തരാൻ ഞാനപ്പുറത്തെ രമണി ചേച്ചിയോട് പറഞ്ഞിട്ടുണ്ട്… ഏട്ടൻ കടയിലേക്ക് പോവുമ്പോൾ രമണി ചേച്ചി നോക്കിക്കോളും അമ്മയെ…. ഞാൻ വേഗം പോയി വരാം…. ”
കവിത പറഞ്ഞതു കേട്ടതും അവളെ ഞെട്ടിയെന്ന പോലെ നോക്കി കണ്ണൻ….
അമ്മയുടെ കാര്യങ്ങൾക്ക് കവിത ഇല്ലാതെ ഒരു നിമിഷം എന്നതു പോലും ചിന്തിക്കാൻ വയ്യവന്…
നീ എന്തിനാ കവീ ഇപ്പോ വീട്ടീ പോണത്…?
ഉള്ളിലെ പരിഭ്രമം മറച്ചവൻ ചോദിച്ചതും അവനെ കണ്ണുരുട്ടി നോക്കി കവിത… ആ നോട്ടത്തിലൊരു കുറ്റപ്പെടുത്തലുണ്ടെന്നു കണ്ടെതും വേഗത്തിൽ അവളിൽ നിന്ന് തന്റെ നോട്ടം മാറ്റി കണ്ണൻ…
“എനിയ്ക്കെൻ്റെ സ്വന്തം വീട്ടിലൊന്ന് ചെന്ന്, എന്നെ പ്രസവിച്ചു വളർത്തിയ എൻ്റെ അമ്മയെ ഒന്നു കണ്ടിട്ടു പോരാനാണ് ഞാൻ നാളെ വീട്ടിലൊന്ന് പോട്ടേന്ന് ചോദിച്ചത്.. കുറച്ചായില്ലേ ഞാൻ അമ്മയെ കണ്ടിട്ട്….
അമ്മയ്ക്ക് ഈയിടെയായ് ഒരുഷാറു കുറവുണ്ടെന്ന് പല പ്രാവശ്യമായ് ചേച്ചി പറയുന്നു….
എന്റെ അമ്മയ്ക്കും ഉണ്ടാവില്ലേ ഞാനൊന്നവിടേയ്ക്ക് ചെല്ലണമെന്ന്… വയ്യെങ്കിലും ഇവിടുത്തെ അവസ്ഥയറിഞ്ഞ് എപ്പോഴും അമ്മ ഇവിടെ വന്നല്ലേ എന്നെ കാണാറ്…
ഇപ്പോഴിപ്പോ എന്നു വിളിച്ചാലും ചേച്ചി ചോദിയ്ക്കും എന്നാണ് അങ്ങോട്ടേയ്ക്കൊന്ന് ചെല്ലുന്നതെന്ന്….
എനിക്ക് പിന്നെ പണ്ടാരോ പറഞ്ഞതുപോലെ കുടുംബ കാര്യം കഴിഞ്ഞിട്ട് സ്വന്തം കാര്യം നോക്കാൻ സമയം ഇല്ലാത്തത്ര തിരക്കല്ലേ…. ആരോടു പറയും ഞാനിതൊക്കെ… ആരറിയുന്നു എന്റെ വിഷമവും വേദനയും…. ”
പരിഭവവും പരാതിയും എല്ലാം കൂടിക്കലർന്നൊരു ശബ്ദത്തിൽ പറയുന്നതിനിടയ്ക്ക് ഒന്നിടറി കവിതയുടെ ശബ്ദം ….
അതറിഞ്ഞവളെ നോക്കിയ കണ്ണനുള്ളിലും ഒരു നൊമ്പരം തിങ്ങിനിറഞ്ഞു….
ഈ വീടിനെയും താനും അമ്മയും തങ്ങളുടെ രണ്ട് മക്കളും അടങ്ങുന്ന തന്റെയീ കൊച്ചു കുടുംബത്തെയും ഉള്ളം കയ്യിലെന്നെ പോലെ യാതൊരു കുറവുകളുമറിയാതെ നോക്കുന്നവളാണ്… ഒരു കാര്യത്തിനും അനാവശ്യമായ് പരാതിയോ പരിഭവമോ ഒന്നുമവൾ പറയാറില്ല.. ഈ വീട്ടിൽ പോക്കു പോലും അത്രയും ആവശ്യമായതുകൊണ്ടാവും….
നീ നാളെ പൊക്കോടി പെണ്ണേ വീട്ടിലേക്ക്.. ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.. നീ നാളെ അമ്മയുടെയും ചേച്ചിയുടെയും ഒപ്പം തങ്ങീട്ട് മറ്റന്നാ രാവിലെ ഞാൻ കടയിൽ പോവുമ്പോഴേക്ക് ഇങ്ങ് പോന്നേക്ക്…. അതു പോരെ….
കവിതയുടെ തലയിലൊന്ന് തട്ടി മറ്റാരും അടുത്തില്ലെന്നുറപ്പിച്ചവളുടെ കവിളിലൊന്ന് അമർത്തി ചുംബിച്ച് കണ്ണൻ ചോദിച്ചതും വിടർന്ന കണ്ണോടെയവനെ നോക്കി കവിത….
എന്റെ ചക്കര കണ്ണേട്ടൻ…..
പറയലും അതിനൊപ്പവന്റെ ചുണ്ടിലൊന്നമർത്തി ഉമ്മ വെയ്ക്കുകയും ചെയ്തു കവിത സന്തോഷത്താൽ…
പിറ്റേ ദിവസം പുലർച്ചെ കവിത മക്കളെയും കൂട്ടി വീട്ടിലേക്ക് പോയതും ഒച്ചയനക്കങ്ങൾ നിലച്ച വീട്ടിൽ കണ്ണനും അമ്മയും തനിച്ചായ്..
കവിത ആ വീടിന്റെ ശബ്ദമായിരുന്നെന്നും അമ്മയുടെ വെളിച്ചമായിരുന്നെന്നും കുറച്ചു സമയം കൊണ്ടു തന്നെ മനസ്സിലായ് കണ്ണനും…
സാധാരണ എന്തെങ്കിലുമൊക്കെ സംസാരിക്കുന്ന അമ്മ അന്ന് പതിവിലുംമേറെ നിശബ്ദയായതും ആ വീടിന്റെ നിശബ്ദത അവനെയും ശ്വാസം മുട്ടിച്ചു വല്ലാതെ…
ഒച്ചിഴയും വേഗത്തിൽ സമയം നീങ്ങി ഉച്ചകഴിഞ്ഞതും ആകെ മടുത്തു പോയ കണ്ണൻ കവിതയെ മടക്കി വിളിക്കാനായ് ഫോണെടുക്കും നേരം തന്നെയാണ് മുറ്റത്തൊരു വണ്ടി വന്നു നിന്നത്….
മുഖം നിറഞ്ഞ ചിരിയുമായ് അകത്തേക്ക് കയറി വരുന്ന കവിതയെ കണ്ടതും ഒരു പിടപ്പുയർന്നു കണ്ണനുള്ളിൽ നിന്ന്….
“വീട്ടിൽ ചെന്നമ്മയെ കണ്ടു കഴിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരസ്വസ്ഥത കണ്ണേട്ടാ… അവിടെ അമ്മയെ ചേച്ചി നന്നായിട്ടാണല്ലോ നോക്കുന്നത്… ഇവിടെ കണ്ണേട്ടൻ അമ്മയെ നോക്കിയാൽ ശരിയാവുമോ ,അമ്മയ്ക്ക് വല്ല ബുദ്ധിമുട്ടോ സങ്കടമോ വരുമോ എന്നൊക്കെയൊരു തോന്നല്… അല്ലാ നിങ്ങളമ്മയും മകനും ആണെങ്കിലും അമ്മയുടെ ചിട്ടയും രീതികളുമൊന്നും കണ്ണേട്ടനത്രപരിചയമില്ലല്ലോ… അതോണ്ടാണ്….”
ഒരു ചമ്മലോടെ ഓരോന്നൊക്കെ പറഞ്ഞ് വീടിനകത്തേക്ക് കയറിയവൾക്ക് പുറകെ കണ്ണനും ചെന്നതും കണ്ടു വന്ന വേഷം പോലും മാറാതെ വേഗത്തിൽ അമ്മ കിടക്കുന്ന മുറിയിലേക്ക് ചെല്ലുന്നവളെ…..
മയങ്ങുന്ന അമ്മയെ അല്പനേരം നോക്കി നിന്ന കവിത അമ്മയെ നേരെ പുതപ്പിച്ചു കിടത്തിയതിനു ശേഷം അമ്മയുടെ കവിളിലൊന്നു ചുണ്ടുചേർക്കുന്നതും കണ്ടതും എന്തിനെന്നറിയാതെ കവിഞ്ഞൊഴുകി കണ്ണന്റെ മിഴികൾ….
ഒന്നുക്കൂടി അമ്മയെ നോക്കി മുറിയിൽ നിന്നിറങ്ങാൻ തുടങ്ങിയ കവിത കണ്ണനെ തൊട്ടു പുറകിൽ കണ്ടതും നിറഞ്ഞ തന്റെ മിഴികൾ തുടച്ചവന്റെ നീർ നിറഞ്ഞ മുഖത്തേക്ക് നോക്കി….
“കുറച്ചു നേരം അമ്മയെ കാണാതെയായപ്പോ എന്തോ ഒരു വയ്യായ്ക പോലെ കണ്ണേട്ടാ… ഒരു ശ്വാസംമുട്ടൽ പോലൊക്കെ….. ഇപ്പോ മാറി… ഇനി ഞാൻ ചെന്ന് വല്ലതും കഴിക്കട്ടെ… വല്ലാത്തൊരു വിശപ്പ്…. വീട്ടിന്ന് കഴിച്ചിട്ടൊന്നും അങ്ങോട്ടിറങ്ങുന്നില്ലായിരുന്നു… അതാവും…
നിറഞ്ഞ കണ്ണും വിതുമ്പുന്ന ചുണ്ടുമായ് പറയുന്ന കവിതയെ തന്റെ നെഞ്ചോരംമുറുക്കി പിടിച്ചവളെ ഭ്രാന്തു പിടിച്ചതു പോലെ ചുംബിച്ചു പോയ് കണ്ണനാ നിമിഷത്തിൽ….
അതിനിടയിലും കണ്ടവൻ അത്ര നേരം മങ്ങിയ മുഖത്തോടെ മയങ്ങി കിടന്നിരുന്ന അമ്മയുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരിക്കിടയിലും നിറഞ്ഞൊഴുകുന്ന മിഴികളെ….
താനെന്ന മകനെക്കാൾ ഈ നേരമത്രയും അമ്മ പ്രതീക്ഷിച്ചു കാത്തിരുന്നത് കവിതയെ ആണെന്നതിന്റെ തെളിവാണ് അമ്മയുടെ ആ നിറമിഴിയും തെളിഞ്ഞ മുഖവുമെന്നറിവ് അവനെന്ന മകന്റെ ഭർത്താവിന്റെ ഏറ്റവും വലിയ സന്തോഷം തന്നെയാണപ്പോൾ…
ചുറ്റും ഒരുപാടു പേർ ഉണ്ടാവുന്നതിലല്ല കാര്യം….മറിച്ച് ഉള്ള ഒരുപാടെണ്ണെത്തിൽ നമ്മളെ മനസ്സിലാക്കുന്ന സംരക്ഷിക്കുന്ന ഒരാളുണ്ടാവുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ പുണ്യവും ഭാഗ്യവുമെന്നപ്പോൾ തിരിച്ചറിഞ്ഞു കണ്ണനും….
✍️ രജിത ജയൻ
