(രചന: J. K)
“” കാവൂട്ടി അതായിരുന്നു അവളുടെ പേര് അല്ല അവളെ എല്ലാവരും അങ്ങനെയാണ് വിളിച്ചിരുന്നത്…
ആ നാട്ടിലെ തന്നെ പ്രമാണിമാരായ മേലെടത്തെ ജോലിക്കാരികൾ ആയിരുന്നു കാവൂട്ടിയുടെ വീട്ടുകാർ…
കാവൂട്ടിയുടെ അമ്മയ്ക്ക് വയ്യാതായതിൽ പിന്നെ അവൾ അവിടുത്തെ സ്ഥിരം ജോലിക്കാരിയായി മാറി…
അതുവരെ അവളുടെ അമ്മയായിരുന്നു അവിടുത്തെ ജോലികൾ മുഴുവൻ ചെയ്തിരുന്നത് അമ്മ വയ്യാതായി ഒരു മൂലയ്ക്ക് കിടന്നു.
പിന്നെ എല്ലാം അവൾ ഏറ്റെടുത്തു അവളുടെ അമ്മ പെട്ടെന്ന് തന്നെ അവളെ വിട്ടുപോയി… ആരോരുമില്ലാത്തതിന്റെ ദുഃഖം അവൾക്ക് തോന്നാത്തത് പോലും ആ കോലോത്തെ തമ്പുരാട്ടിമാരെ കാണുമ്പോഴാണ്..
അവർ തന്റേ ആരെല്ലാമോ ആണെന്ന് അവൾ വിശ്വസിച്ചു…
അവിടുത്തെ ജോലിക്കാരിയായി വിശ്വസ്തയായി..
തൊട്ടു തീണ്ടിക്കൂടാത്തവൾ അവിടുത്തെ പണിക്കാരി ആയ മുതൽ നാടുമുഴുവൻ മുറു മുറുപ്പ് തുടങ്ങി
അതിനുശേഷം ആണ് അവളുടെ പേര് ചീത്തയായത് അവിടുത്തെ ഇപ്പോഴത്തെ കാരണവർ വച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു നാട്ടുകാർ പറഞ്ഞുകൊണ്ട് നടന്നത്..
സ്വതവേ തടിച്ച ശരീരപ്രകൃതിയായിരുന്നു കാവൂട്ടിയുടെ.. നല്ല വെളുത്തിട്ടും അല്ല നല്ല കറുത്തിട്ടും അല്ല പക്ഷേ അവളുടെ നിറത്തിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു..
നീണ്ട മുടി.. വിടർന്ന കണ്ണുകൾ ഒരു ആന ചന്തം ഒക്കെയുണ്ട്..
അതുകൊണ്ടുതന്നെ ആരൊക്കെയോ അവളുടെ പുറകെ നടന്നിരുന്നു അവരെയെല്ലാം കയ്യിലിരുന്ന അരിവാളുകൊണ്ട് അവൾ ആട്ടി അകറ്റി…
അതോടെ അവർക്ക് എല്ലാം കാവൂട്ടിയോട് വിദ്വേഷമായി ആ വിദേശം അവർ പറഞ്ഞു തീർത്തത് അവളുടെ പേര് ചീത്തയാക്കി പുറത്ത് പറഞ്ഞു കൊണ്ടാണ്…
കോലോത്തെ തമ്പ്രാനാണ് അവളുടെ രഹസ്യക്കാരൻ എന്ന് അവർ പരസ്യമാക്കി..
എല്ലാവരും അത് വിശ്വസിച്ചു അതുകൊണ്ടുതന്നെയാണ് അമ്മ അമ്മൂമ്മമാരായി ജോലി ചെയ്തിരുന്ന കോലോത്തെ പടി അവൾക്ക് ഇറങ്ങേണ്ടി വന്നത്…കരഞ്ഞു പറഞ്ഞു അവൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്…
മച്ചിലെ ഭഗവതിയെ സാക്ഷി നിർത്തി പറഞ്ഞു നോക്കി എന്നിട്ടും ആത്തേമ്മ വിശ്വസിച്ചില്ല..
ഇടങ്ങഴി നെല്ലിലും മൂന്ന് മല്ലി മുണ്ടിലും അവരവളെ അവിടുത്തെ ബന്ധം മുറിച്ച് ഇറക്കിവിട്ടു..
തമ്പ്രാൻ ഇടയ്ക്ക് വന്ന് ചോദിച്ചത്രെ അവൾ എന്ത് തെറ്റാണ് ചെയ്തത് എന്തിനാണ് ഇറക്കിവിടുന്നത് എന്ന് ആത്തേമ്മയുടെ കത്തുന്ന മിഴിയായിരുന്നു അതിനു മറുപടിയായി അദ്ദേഹത്തിന് കിട്ടിയത് അതോടെ അദ്ദേഹവും മിണ്ടാതെയായി…
അവൾക്കത് താങ്ങാൻ കഴിഞ്ഞില്ല..
അമ്മൂമ്മ ഉള്ളപ്പോൾ മുതൽ.. ഓർമ്മയുറച്ചത് മുതൽ ഇവിടെയാണ് താൻ ഉണ്ടായിരുന്നത് ഇതുവരെയും ഇവിടം വിട്ട് ഒരു ജീവിതം ഉണ്ടായിട്ടില്ല മൂന്ന് സെന്റ് സ്വന്തമായി ഉണ്ടെങ്കിൽ പോലും അങ്ങോട്ടേക്ക് പോയിട്ട് ഇല്ല..
ഇവിടുത്തെ ചോറ് തിന്ന് ഇവർക്ക് വേണ്ടി പണി ചെയ്തു അങ്ങനെയാണ് തങ്ങളുടെ ജീവിതം പോലും..
കോലോത്തെ തമ്പുരാട്ടിമാർക്കും തമ്പ്രാന്മാർക്കും എപ്പോഴും ദൈവത്തിന്റെ സ്ഥാനമാണ് കൊടുത്തിട്ടുള്ളത്…
ഇവിടം വിട്ടിറങ്ങേണ്ടി വരുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല.. അതോർക്കും തോറും അവൾ വീണ്ടും വീണ്ടും തളർന്നു…
എല്ലാ വഴികളും അടഞ്ഞതോടുകൂടി അവൾക്ക് പിന്നെ അവിടെ നിൽക്കുക രക്ഷയില്ലാതെയായി ഇറങ്ങി നടന്നപ്പോൾ പലരും വന്നിരുന്നു അവളെ സ്വന്തം കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ..
അപ്പോഴും വീറോടെ അരിവാള് വീശി എല്ലാവരെയും ആട്ടി സ്വന്തമായി ഉണ്ടായിരുന്ന മൂന്ന് സെന്റിലുള്ള ചെറ്റപ്പുരയിലേക്ക് ആയിരുന്നു അവൾ പോയത്…
അവിടെയും അസൂയക്കാർ സ്വയ്ര്യം കൊടുത്തില്ല… രാത്രി അവളുടെ വാതിൽ തട്ടി വിളിച്ചു അവളെ.. നേരാവണ്ണം അവളുടെ കുടിലിൽ നിൽക്കാൻ പോലും സമ്മതിച്ചില്ല..
ഒരു ദിവസം ആരോ ശ്രദ്ധിച്ചു അവളുടെ വയറു വീർത്തു വീർത്തു വരുന്നത്..
കോലോത്തെ സന്തതി.. എല്ലാവരും തീർത്തു കൽപ്പിച്ചു.. അതോടെ പിഴച്ചവൾ എന്ന് മുദ്രകുത്തപ്പെട്ടു….
എല്ലാവരും കൂടി അവളുടെ വീട്ടിലേക്ക് ഭേദ്യം ചെയ്യാൻ പോകുന്നുണ്ട് എന്നറിഞ്ഞ നിമിഷത്തിനു മുൻപേ കോലോത്തെ തമ്പുരാട്ടി അവിടേക്ക് ഓടി വന്നിരുന്നു …
തന്റെ താലി കാക്കാൻ ഒരിക്കലും ഭർത്താവിന്റെ പേര് വിളിച്ചു പറയരുത് എന്ന് പറയാൻ..
ദൈവത്തോളം മനസ്സിൽ സൂക്ഷിച്ചവരോട് അപ്പൊ തോന്നിയത് പുച്ഛം ആയിരുന്നു..
“”ഞാള് തൊഴണ് ദൈവത്തിന്റെ കൂട്ടത്തിലാ അവിടത്തെ തമ്പ്രാന്മാര്.. ദൈവത്തെ കാമിക്കൂല്ല തമ്പ്രാട്ടി…””
എന്നു വീറോടെ പറഞ്ഞവളെ അത്ഭുതത്തോടെ നോക്കി തമ്പുരാട്ടി..
“” ഇനിയും നെല്ല് വേണമെങ്കിൽ വന്നോളൂ എന്നൊരു വാഗ്ദാനവും നൽകി..
“” എനിക്ക് തിന്നാൻ ഉള്ളത് എന്റെ വയറ്റിൽ ഉള്ളെന്റെ കാരണക്കാര് കൊണ്ടുവരും എന്ന് അവൾ പറഞ്ഞു അവരെ പറഞ്ഞയച്ചു നീണ്ടൊരു നിശ്വാസം എടുത്ത് അവർ അവിടെ നിന്ന് യാത്രയായി…
അപ്പോഴേക്ക് നാട്ടുകാർ കൂട്ടംകൂട്ടമായി എത്തി ഭേധ്യം ചെയ്യാൻ..
ഇറങ്ങി വരാൻ പറഞ്ഞപ്പോൾ അവൾ വീറോടെ ഇറങ്ങിവന്നു..
“” വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ പിതൃത്വമായിരുന്നു എല്ലാവർക്കും അറിയേണ്ടത് അത് ചോദിച്ചപ്പോൾ അവൾ വീറോടെ തന്നെ വിളിച്ചു,
“”മല്ലാ ന്ന്..
അകത്തുനിന്നും വീട്ടി കണക്ക് ദേഹമുള്ള ഒരുവൻ ഇറങ്ങി വന്നു..
ഇതുവരെ പുറകെ നടന്ന വരെ ഒന്ന് പരിഗണിക്കുക ചെയ്യും പോലും ചെയ്യാതെ ഒരു വരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നവളോട് വീണ്ടും നാട്ടുകാർക്കൊക്കെ പക…
പല്ലിരുമ്മി അവർ തിരിച്ചുപോയി..
പക്ഷേ രാത്രിയിൽ തിരിച്ചു വന്നിരുന്നു..
മീനമാസ ചൂടിൽ ഉണങ്ങിനിൽക്കുന്ന ഓലപ്പുരയ്ക്കു മുകളിൽ തീ പന്തം എറിഞ്ഞു കൊള്ളിക്കാൻ..
ഗാഢനിദ്രയിൽ ആയിരുന്നവർ ചുറ്റിനും തീ പടരുന്നത് പെട്ടെന്ന് ശ്രദ്ധിച്ചില്ല ഒടുവിൽ അവൾ ഞെട്ടി എണീറ്റപ്പോഴേക്ക് ആകെ തീ കത്തിപ്പടർന്നിരുന്നു വിളിച്ചപ്പോൾ അയാളും എണീറ്റു തന്റെ പ്രാണനെയും, അവൾ ചുമക്കുന്ന തന്റെ കുഞ്ഞിനെയും എങ്ങനെ പുറത്തെത്തിക്കും എന്നോർത്ത് വ്യസനിച്ചു…
പിന്നെ രണ്ടും കൽപ്പിച്ച് അവളെയും എടുത്ത് പുറത്തേക്ക് ഓടി..
എവിടെയൊക്കെയോ പൊള്ളി പിടഞ്ഞു എങ്കിലും ജീവൻ കയ്യിൽ പിടിച്ച് രണ്ടുപേരും പുറത്തെത്തി…
അവളെ ഒന്ന് നോക്കി നെറുകിൽ ഒന്ന് തലോടി മല്ലൻ ഇഹലോകവാസം വെടിഞ്ഞു..
അത് കണ്ട് താങ്ങാനാവാതെ അവൾ ഉറക്കെ ഉറക്കെ കരഞ്ഞു…
ഒറ്റയ്ക്കായപ്പോൾ ആരും കാണാതെ തന്റെ കുടിയിലിരുന്ന് കണ്ണീർ വാർത്തത് കണ്ട ഒരേ ഒരാൾ.. ദൂരെ ദേശത്തു നിന്ന് വന്നപ്പോൾ വെള്ളത്തിനായി എത്തിയതായിരുന്നു..
കാരണം ചോദിച്ചപ്പോൾ എല്ലാവരോടും ദേഷ്യപ്പെടുന്നത് മാതിരി ദേഷ്യപ്പെട്ടു പക്ഷേ അറിഞ്ഞില്ല എന്തോ അയാളോട് ഒരു പ്രത്യേകത തന്റെ മനസ്സിൽ തോന്നിയിട്ടുണ്ട് എന്ന്..
ഒടുവിൽ ആ കൈ കൊണ്ട് ഒരു താലി ഈ കഴുത്തിൽ ചാർത്തുന്നത് വരെ എത്തി..
ആരോടും പറഞ്ഞില്ല ആരും അറിയണ്ട എന്ന് വിചാരിച്ചു പക്ഷേ ഇപ്പോൾ എല്ലാം തനിക്ക് നഷ്ടപ്പെട്ട അറിഞ്ഞപ്പോൾ അവളെ കൊണ്ട് അത് സഹിക്കാൻ കഴിഞ്ഞില്ല ആ നാടിനെയും നാട്ടുകാരെയും ശപിച്ചു അവൾ തെക്കൻ കാട് കയറി…
തെക്കൻകാട് കയറിയാൽ പിന്നെ ആരും ഇറങ്ങി വരില്ല എന്നാണ് ശാസ്ത്രം…
അവളും വന്നില്ല…
നാടുമുടിഞ്ഞു ഒരിറ്റു വെള്ളം പോലും കിട്ടാതെ ആൾക്കാർ വലഞ്ഞു കന്നുകാലികൾ ചത്തൊടുങ്ങി…
ഒടുവിൽ ഒരു വിഗ്രഹം തീർത്ത് അതിനു പേരിട്ടു കാവൂട്ടിയമ്മ…. എല്ലാവരും കാണിക്ക അർപ്പിച്ചു.. കുഞ്ഞുങ്ങളെ നടക്കിരുത്തി അതുകണ്ട് മനസ്സലിഞ്ഞ് ആവാം വീണ്ടും ആ ഗ്രാമത്തിൽ വസന്തം വിരുന്നു വന്നത്….
പഴയ പോലായത്…