നിനക്ക് മാസാ മാസം അടിവസ്ത്രവും പാടും വാങ്ങാനൊന്നുമല്ല എന്റെ മോൻ ജോലിക്ക് പോയി കഷ്ടപ്പെടുന്നത്. അതുകൊണ്ട്….

നിനക്ക് മാസാ മാസം അടിവസ്ത്രവും പാടും വാങ്ങാനൊന്നുമല്ല എന്റെ മോൻ ജോലിക്ക് പോയി കഷ്ടപ്പെടുന്നത്. അതുകൊണ്ട് എന്റെ കൈയ്യിൽ നിന്ന് ചില്ലി കാശ് കിട്ടുമെന്ന് നീ വിചാരിക്കണ്ട. ഇതിൽ നിന്ന് ഒരു രൂപ പോലും ഞാൻ നിനക്ക് തരില്ല.

കമലാക്ഷി അമ്മ വായിൽ കിടന്ന മുറുക്കാൻ മുറ്റത്തേക്ക് നീട്ടി തുപ്പി.

അമ്മേ… കഴിഞ്ഞ വർഷം ഓണത്തിന് ഒരു മാക്സി എടുത്തപ്പോഴാണ് എനിക്ക് 2 അടിവസ്ത്രം വാങ്ങിയത്. അത് കീറി പോയത് കൊണ്ടല്ലേ വേറെ വാങ്ങാൻ കാശ് ചോദിച്ചത്. അല്ലാതെ മാസം മാസം ഞാൻ എന്തിനാ കാശ് ചോദിക്കുന്നത്. ഒരു പാട് വാങ്ങാൻ പോലും രണ്ടോ മൂന്നോ മാസം കൂടുമ്പോ അല്ലേ മുപ്പതു രൂപ എണ്ണിപെറുക്കി തരുന്നത്.

ദിവ്യ കരച്ചിലിന്റെ വക്കോളാം എത്തി.

അടിവസ്ത്രം കീറിപോയെങ്കിൽ തത്കാലം അത് തുന്നി ഉപയോഗിക്ക്. വേറൊന്ന് വാങ്ങുന്നത് രണ്ട് മാസം കഴിഞ്ഞു നോക്കാം. ഈ മാസവും അടുത്ത മാസവും എന്തായാലും പറ്റില്ല.

മാളുവും കുട്ടികളും സ്കൂൾ വെക്കേഷൻ തുടങ്ങിയത് കൊണ്ട് അടുത്ത ആഴ്ച ഇങ്ങോട്ട് വരാനിരിക്ക. വന്ന പിന്നെ അവർ രണ്ട് മാസം ഇവിടെ ഉണ്ടാവൂന്ന് നിനക്ക് അറിയാലോ. അപ്പോ ചിലവ് നല്ലോണം കൂടുതൽ ആയിരിക്കും.

നുള്ളിപെറുക്കി ചിലവാക്കിയാലേ ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റു.

അമ്മേ… തുന്നി ഇടാൻ പറ്റുന്ന കോലം ഒന്നുമല്ല. അല്ലേ തന്നെ എത്ര തവണയാ തുന്നുക.

ഞങ്ങളും ഇങ്ങനെ ഒക്കെ തന്നെയാ ജീവിച്ചത്. എന്റെ മോൻ കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കി കൊണ്ട് വരുന്ന കാശാണ്. അത് നിനക്ക് വെറുതെ ആവശ്യം ഇല്ലാതെ ദൂർത്തടിക്കാൻ തരാൻ ഉള്ളതല്ല.

കമലാക്ഷി കട്ടായം പറഞ്ഞു.

എന്നാ അമ്മ പാട് വാങ്ങാൻ ഒരു മുപ്പതു രൂപ എങ്കിലും തരു.

ദിവ്യ കെഞ്ചി.

നീ പാടും കെട്ടി ഓഫീസ് ഉദ്യോഗത്തിനൊന്നും പോകുന്നില്ലല്ലോ. അതുകൊണ്ട് വല്ല തുണിയും കീറി വയ്ക്ക് പെണ്ണേ. ഞങ്ങളൊക്കെ തുണി കെട്ടി വച്ച് തന്നെയാ നടന്നത്. അല്ലേലും ഈ പരിഷ്കാരമൊക്കെ ഇപ്പോൾ വന്നതല്ലേ. നീ ചോദിക്കുമ്പോ ചോദിക്കുമ്പോ അതൊക്കെ വാങ്ങാൻ പൈസ തന്നിട്ടാണ് നിനക്കിത്ര അഹമ്മതി.

കമലാക്ഷി അമ്മ ദേഷ്യത്തോടെ പറഞ്ഞു.

അവരുടെ വാക്കുകൾ കേട്ട് ദിവ്യയ്ക്ക് തന്റെ നിസ്സഹായാവസ്ഥ ഓർത്ത് സ്വയം പുച്ഛം തോന്നി. തന്റെ ഏത് ആവശ്യത്തിനും ഇങ്ങനെ അമ്മായി അമ്മയ്ക്ക് മുന്നിൽ കാര്യ കാരണം ബോധിപ്പിച്ചു ഇരക്കേണ്ട ഗതികേട് ഉണ്ടാക്കി വച്ചത് തന്റെ ഭർത്താവ് തന്നെ ആണല്ലോ എന്നവൾ ചിന്തിച്ചു.

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് തന്റെ അവസ്ഥയെ പഴിച്ചു കൊണ്ടവൾ മുറിയിലേക്ക് പോയി.

അവിടെ കട്ടിലിൽ അടിഭാഗം മൊത്തത്തിൽ കീറിപോയ അടിവസ്ത്രം കണ്ടതും ദിവ്യയുടെ തൊണ്ട കുഴിയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. കണ്ണീർ വന്ന് കാഴ്ച്ച മറച്ചപ്പോൾ അവൾ കണ്ണ് തുടച്ചു കൊണ്ട് ഒരു പഴയ കോട്ടൺ സാരിയിൽ നിന്നും കുറച്ച് ഭാഗം വെട്ടി എടുത്ത് അടിവസ്ത്രത്തിന്റെ കീറി പോയ ഭാഗത്ത്‌ തുന്നി പിടിപ്പിക്കാൻ തുടങ്ങി.

ആ കാഴ്ച കണ്ട് കൊണ്ടാണ് ദിവ്യയുടെ ഭർത്താവ് സുമേഷ് മുറിയിലേക്ക് കയറി വന്നത്. എന്തോ അവനത് കണ്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. ഇത്രയും ഗതികെട്ടിട്ടാണ് അവൾ രണ്ടെണ്ണം പുതിയയത് വാങ്ങാനുള്ള കാശിനായി തന്റെ അമ്മയ്ക്ക് മുന്നിൽ കൈനീട്ടിയതെന്ന് അവന് മനസ്സിലായി. വരാന്തയിൽ ഇരിക്കുകയായിരുന്ന അവൻ ഭാര്യയും അമ്മയും തമ്മിലുള്ള സംഭാഷണങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ദിവ്യ എപ്പോഴത്തെയും പോലെ തന്റെ ആവശ്യത്തിന് അവനോടാണ് ആദ്യം പൈസ ചോദിച്ചത്.

എന്നാൽ ശമ്പളം കിട്ടുമ്പോ ചില്ലറ സഹിതം എണ്ണിപെറുക്കി അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്ന സുമേഷിന്റെ കയ്യിൽ മിച്ചം ഒന്നും ഉണ്ടാവാറില്ല. അവന് പോലും ദിവസം ബസ്സിന് പോയി വരാൻ കാശ് കൊടുക്കുന്നത് അമ്മയാണ്. ഒരു രൂപ പോലും അവർ കൂടുതൽ കൊടുക്കാറില്ല. അവനും സ്വന്തം ആവശ്യങ്ങൾക്ക് അമ്മയോട് തന്നെയാണ്‌ ചോദിക്കുന്നത്. സുമേഷ് ജോലിക്ക് പോകുന്നവൻ ആയത് കൊണ്ട് കമലാക്ഷി അവന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പൈസ കൊടുക്കും. പക്ഷേ വാങ്ങിയ സാധനങ്ങൾ ബിൽ ഉൾപ്പെടെ അവരെ കാണിക്കണം. അതിൽ അവർക്ക് അനാവശ്യമാണെന്ന് തോന്നുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോ തന്നെ തിരിച്ചു കൊണ്ട് കൊടുത്തു പൈസ തിരിച്ചു മേടിക്കാൻ പറയും.

കമലാക്ഷിയുടെ ഈ സ്വഭാവം തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണെന്ന് ആണ് സുമേഷിന്റെ പറച്ചിൽ. അമ്മ അനാവശ്യമായി പൈസ ചിലവാക്കില്ലെന്നും അതുകൊണ്ട് അമ്മ പറയുന്നത് അനുസരിച്ചു ധൂർത്തു കുറച്ച് അവരെ അനുസരിച്ചു ജീവിക്കുന്നതാണ് നല്ലതെന്ന് അവൻ ഭാര്യയെ ഉപദേശിക്കും.

അതിനാൽ അവർ എന്തെങ്കിലും വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സുമേഷ് മറുത്തൊരു വാക്ക് പറയില്ല.

അവന്റെ ശമ്പളം വാങ്ങി വച്ച് വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും അവർ ആണ് നോക്കുന്നത്. എല്ലാം അവർ പറയുന്നത് പോലെയാണ് നടക്കുന്നത്. ദിവ്യ ഒരു വേലക്കാരിയെ പോലെ കമലാക്ഷിയുടെ ആജ്ഞ അനുസരിക്കണം.

പക്ഷേ മകനോടും മകളോടും പിശുക്ക് സ്വഭാവം കാണിക്കുന്ന കമലാക്ഷി സ്വന്തം മോൾടെ അടുത്ത് ഇങ്ങനെ ഒന്നും അല്ല. സുമേഷിന്റെ ശമ്പളം പിശുക്കി പിശുക്കി ചിലവാക്കുന്നതിനാൽ അവർ മിച്ചം പിടിക്കുന്ന കാശ് കൂട്ടി വച്ച് മകൾ മാളു വീട്ടിൽ വന്നു നിൽക്കുമ്പോ അവർക്കും പിള്ളേർക്കും വേണ്ടി യഥേഷ്ടം ചിലവാക്കുകയാണ് പതിവ്.

ഇത് പലതവണ ദിവ്യ സുമേഷിനോട് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവൻ അവളോട് പറയുന്നത് മാളു വല്ലപ്പോഴും അല്ലെ വന്നു നിൽക്കുന്നത് അവൾക്ക് കൊടുക്കാൻ ഞാൻ അല്ലെ ഉള്ളു. അച്ഛൻ ഇല്ലാത്ത കുട്ടി അല്ലെ എന്നൊക്കെയാണ്. ആ സമയം തന്റെ ഭാര്യയ്ക്കും ആവശ്യങ്ങൾ ഉണ്ടെന്ന് അവൻ മറന്ന് പോകും.

വാതിൽക്കൽ വന്നു നിന്ന് തന്നെ നോക്കുന്ന സുമേഷിനെ കണ്ടതും ദിവ്യ ചാടി എഴുന്നേറ്റു.

ഇനി നിങ്ങളുടെ ഭാര്യയായി ഇവിടെ അടിമ ജീവിതം ജീവിക്കാൻ എനിക്ക് കഴിയില്ല. ഈ ഒന്നര കൊല്ലം ഞാൻ ഇതെല്ലാം സഹിച്ചു നിന്നത് എന്നെങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കി നിങ്ങൾ മാറുമെന്നാണ്. പക്ഷേ നിങ്ങൾ നിങ്ങടെ അമ്മേടെ വാക്കും കേട്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് ഇന്നത്തോടെ എനിക്ക് ബോധ്യമായ്.

കെട്ടിച്ചു വിട്ട മോൾ വീട്ടിൽ വന്ന് നിന്നാൽ എന്റെ താഴെയുള്ള അനിയത്തിമാർക്ക് നല്ലൊരു ബന്ധം വന്നില്വങ്കിലോ എന്ന് പേടിച്ചാണ് വീട്ടിൽ ഇതൊന്നും പറയാതെ ഞാൻ എല്ലാം സഹിച്ചത്. ഇത്രയും വർഷം എന്റെ വീട്ടിൽ ജീവിച്ചിട്ടും എന്റെ അമ്മയോ അച്ഛനോ ഞങ്ങൾ മൂന്ന് പെൺമക്കൾക്ക് ഇങ്ങനെയൊരു ഗതികേട് വരുത്തിയിട്ടില്ല.

ഞാൻ എന്ന് നിങ്ങടെ ഭാര്യ ആയോ അന്ന് തുടങ്ങി എന്റെ കഷ്ടപ്പാടും ദുരിതവും. ഇനിയും ഇതൊന്നും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് വയ്യ. ഞാൻ എന്റെ വീട്ടിൽ ഇവിടുത്തെ എന്റെ അവസ്ഥ ഇങ്ങനെ ഒക്കെ ആണെന്ന് പറയാൻ പോവാ. എന്റെ അവസ്ഥ അറിഞ്ഞ പിന്നെ എന്റെ അച്ഛനും അമ്മയും ഇത്രയും ഗതികെട്ട് ഇവിടെ നിൽക്കാൻ പറയില്ല.

വീട്ടിൽ പോയി നിന്നാൽ എനിക്ക് സ്വാതന്ത്ര്യത്തോടെ ജോലിക്ക് പോയി ആവശ്യമുള്ളതൊക്കെ വാങ്ങി സന്തോഷത്തോടെ അന്തസ്സായി കഴിയാം.

പിന്നെ നിങ്ങടെ അമ്മ എന്നോട് മാത്രം ആണ് ഈ നീതികേട് കാണിക്കുന്നത്. നിങ്ങടെ പെങ്ങൾ വന്നാൽ ഉരുട്ടി ഉരുട്ടി കൊടുക്കാനും എന്ത് കുന്തം വാങ്ങി കൊടുക്കാനും കാശ് മുടക്കാൻ ഒരു പ്രശ്നവും ഇല്ല. ഇത് നിങ്ങൾ കണ്ടിട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു നടക്കുവല്ലേ. ഞാൻ ഇവിടെ ജീവിക്കും പോലെ ആണോ നിങ്ങടെ പെങ്ങൾ അവളെ ഭർത്താവിന്റെ വീട്ടിൽ ജീവിക്കുന്നത്. എന്റെ ഈ അവസ്ഥ നിങ്ങടെ പെങ്ങൾ അനുഭവിക്കണം. എന്നാലേ എന്റെ അവസ്ഥ മനസ്സിലാക്കാൻ നിങ്ങൾക്ക് മനസ്സിലാവു.

അത്രയും നാൾ മനസ്സിൽ അടുക്കി വച്ചതെല്ലാം അവൾ പുറത്തേക്കിട്ടു.

അത്രയും പറഞ്ഞിട്ട് ദിവ്യ കലി അടങ്ങാതെ കട്ടിലിന്റെ അടിയിൽ നിന്നും ബാഗ് വലിച്ചെടുത്തു അവളുടെ കുറച്ചു മാത്രമുള്ള വസ്ത്രങ്ങൾ അതിൽ എടുത്തു വയ്ക്കാൻ തുടങ്ങി.

ദിവ്യ പറഞ്ഞതൊക്കെ സത്യം ആണെന്ന് സുമേഷിനു അറിയാം. പക്ഷേ അമ്മയെ എതിർക്കാൻ ധൈര്യം ഇല്ലാത്തത് ആണ് അവന്റെ പ്രശ്നം. അതുപോലെ ദിവ്യയെ ഉപേക്ഷിക്കാനും അവന് കഴിയില്ല.

എന്നെ വിട്ട് പോകല്ലേ ദിവ്യ. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും മോളേ. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ പ്രശ്നം ഞാൻ പരിഹരിച്ചോളാം.

ദിവ്യയുടെ കൈകളിൽ പിടിച്ചു അവളോട് മാപ്പ് ചോദിച്ചു കൊണ്ട് അവൻ പറഞ്ഞു.

ഇത് വെറുതെ പറയുന്നത് ആണെങ്കിൽ പിന്നെ ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല. പിന്നെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷം ആയെ ഉള്ളു. ഡിഗ്രി വരെ ഞാൻ പഠിച്ചിട്ടുണ്ട്. വയസ്സ് 22 ആയെ ഉള്ളു. നമുക്ക് കുട്ടികൾ എനിക്ക് ഒരു 27 ആയിട്ട് മതി. ഈ ഒന്നര വർഷം ഞാൻ ഈ വീട്ടിലെ ജോലി ചെയ്ത് ഒതുങ്ങി പോയി. ഇനി അത് പറ്റില്ല. എന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പറ്റിയ ഒരു ജോലി കണ്ട് പിടിച്ചു തരണം എത്രയും പെട്ടെന്ന്. ഇതൊക്കെ സമ്മതം ആണെങ്കില് ഞാൻ ഇവിടെ നിക്കാം.

ദിവ്യയുടെ ആവശ്യങ്ങൾ ന്യായമായതിനാൽ സുമേഷ് ഒന്നും എതിർത്തില്ല. എല്ലാം സമ്മതിച്ചു കൊടുത്തു.

കൂടാതെ പിറ്റേ ദിവസം കൂട്ടുകാരന്റെ കൈയ്യിൽ നിന്ന് കടം വാങ്ങി ദിവ്യയ്ക്ക് ആവശ്യം ഉള്ളതൊക്കെ വാങ്ങി നൽകുകയും കുറച്ചു കാശ് അവൾക്ക് കൊടുക്കുകയും ചെയ്തു.

പിറ്റേ മാസം ശമ്പളം കിട്ടിയപ്പോ പകുതി കാശ് അവൻ സ്വന്തം കൈയ്യിൽ വച്ചു. ഓവർ ടൈം ചെയ്തിട്ടാണ് ഇത്ര നാളും അത്രേം പൈസ കിട്ടിയതെന്നും ഡിസ്ക് കംപ്ലയിന്റ് ആയോണ്ട് ഇനി പഴയ പോലെ ഓവർ ടൈം ജോലി ചെയ്യാൻ പറ്റില്ലെന്ന് അവൻ നുണ പറഞ്ഞു.

അതിന് ശേഷം 2 മാസം കൂടി കഴിഞ്ഞപ്പോ സുമേഷ് ജോലി ചെയ്യുന്ന പ്രൈവറ്റ് കമ്പനി യിൽ ദിവ്യയ്ക്കും അവൻ ജോലി ശരിയാക്കി കൊടുത്തു. അവൾ ജോലിക്ക് പോയത് കമലക്ഷിക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും അവളുടെ ശമ്പളം കൂടി വാങ്ങി പെട്ടിയിൽ വയ്ക്കാം എന്നവർ കരുതി. പക്ഷേ ദിവ്യ ശമ്പളം കിട്ടിയപ്പോ ഒരു ചില്ലി കാശ് പോലും കൊടുത്തില്ല. കൂടാതെ തന്നെ ദ്രോഹിക്കാൻ ശ്രമിച്ച മോനേ ഉപേക്ഷിച്ചു പോകുമെന്ന് പറഞ്ഞ് ദിവ്യ അവരെ ഭീഷണി പെടുത്തി.. അതോടെ തള്ള ഒതുങ്ങി.

ഇപ്പോൾ ദിവ്യക്ക് ആഗ്രഹിച്ചത് വാങ്ങാനും ജോലിക്ക് പോകാനും ഒക്കെ കഴിയുന്നുണ്ട്.

✍️ അമന്യ

Leave a Reply

Your email address will not be published. Required fields are marked *