” ഞാൻ പറഞ്ഞത് ചേച്ചി കേട്ടില്ലേ….” ദിവ്യ ചേച്ചി ധന്യയോട് ചോദിച്ചു.
” മ്.. കേട്ടു…” ധന്യ മൂളി കൊണ്ട് ബാഗിൻ്റെ സിബ് വലിച്ചിട്ടു.
” പിന്നെ എന്താ ഒന്നും മിണ്ടാതെ…”
” ഞാൻ എന്ത് പറയണം എന്ന നീ പറയുന്നത്… ഇപ്പൊ ഈ വീട് മുന്നോട്ട് കൊണ്ട് പോകാൻ ഞാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ… നിങ്ങളെ ആരെയും ഞാൻ അറിയിച്ചിട്ടില്ല, നിങ്ങളാരും അത് ചോദിച്ചിട്ടും ഇല്ല… അതിൻ്റെ കൂടെ നിൻ്റെയീ ആവശ്യം കൂടി എനിക്ക് പറ്റില്ല…” അവൾ പറഞ്ഞു കൊണ്ട് ബാഗെടുത്ത് ഉമ്മറത്തേക്ക് നടന്നു.
” അങ്ങനെ പറഞ്ഞാ എങ്ങനെ ശരിയാകും…” ദിവ്യ പിന്നാലെ പോയി.
” ഇപ്പൊ എനിക്ക് ഇതേ പറയാനുള്ളു…” ധന്യ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അമ്മ മുന്നിൽ വന്ന് നിന്നു.
” അവള് പറഞ്ഞതിന് ഒരു തീരുമാനം പറഞ്ഞിട്ട് പോ നീ…” അവർ പറഞ്ഞു. അപ്പോഴേക്കും ദിവ്യയും അവരുടെ അടുത്തേക്ക് വന്നു.
” ചുമ്മാതെ ഒന്നും അല്ലല്ലോ ഞാൻ ചോദിക്കുന്നത് എൻ്റെയും കൂടെ അവകാശമാണ്. ചേച്ചി ഇപ്പോ ചെയ്യുന്ന ഈ ജോലി പോലും അച്ഛൻ മരിച്ചത് കൊണ്ട് ചേച്ചിക്ക് കിട്ടിയതല്ലേ അതിൽ നിന്ന് കിട്ടുന്നതിന് ഉള്ള അവകാശം എനിക്കും ഉണ്ട്… അന്ന് അമ്മയും കൂടി നിർബന്ധം പിടിച്ചിട്ട് ആണ് ഞാൻ ഈ ജോലി ചേച്ചിക്ക് തരാം എന്ന് സമ്മതിച്ചത്…” ദിവ്യ അമ്മയെ നോക്കി പറഞ്ഞു…
” ആ.. അവള് പറഞ്ഞത് കേട്ടല്ലൊ.. ഞാൻ നിർബന്ധിച്ചിട്ട് ആണ് ഇപ്പോ…”
” മതി ഒന്ന് നിർത്തോ… നിങ്ങളുടെ രണ്ട് പേരുടെയും ഔദാര്യം കൊണ്ട് അല്ല ഈ ജോലി എനിക്ക് കിട്ടിയത്… അച്ഛൻ്റെ സർവീസിൽ എനിക്ക് കിട്ടിയ നിങ്ങളീ പറഞ്ഞ ജോലിയിൽ നിന്ന് കിട്ടിയിരുന്നുത് എന്താന്ന് അറിയോ നിങ്ങൾക്ക് രണ്ടാൾക്കും… പതിനെട്ടായിരം രൂപ, അതിലാണ് ഈ വീടിൻ്റെ ചിലവും ഇവളുടെ കല്ല്യാണവും ഒക്കെ ഞാൻ നടത്തിയത്… അതിൻ്റെ കടങ്ങൾ ഇപ്പഴും ഉണ്ട് എനിക്ക്, എല്ലാം കൂടി തികയില്ല എന്ന് മനസ്സിലായപ്പോൾ ആണ് ഞാൻ വൈകിട്ട് ആ ഷോപ്പിലുള്ള ജോലിയും കൂടെ ചെയ്യാൻ തുടങ്ങിയത്… ഒരു വിധം ഞാൻ എല്ലാം ചെയ്തു വരുനതേ ഉള്ള് അതിൻ്റെ കൂടെ ഇനി കൂടുതൽ ഒന്നും എടുത്ത് വയ്ക്കാൻ എനിക്ക് വയ്യ….” ധന്യ തീർത്തും പറഞ്ഞു.
” നീ പറയുന്നത് ന്യായമാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ ധന്യേ… അവളുടെ വീട് വയ്ക്കാനലേ ഇപ്പൊ അവളിത് ചോദിക്കുന്നത്…, ഇതിന് മുൻപ് എങ്ങും അവള് വന്നിട്ടില്ലല്ലൊ ഇത് പോലെ ഇവൾ…” അമ്മയാണ്..
” വന്നിട്ടില്ല എന്നോ… പണ്ട് മുതലേ അവളുടെ ആവശ്യങ്ങൾ കണക് പറഞ്ഞവൾ വാങ്ങിയിട്ടുണ്ട്, അത് പോലെ തന്നെ കല്ല്യാണവും, എവിടുന്നാ എങ്ങനാ എന്നൊന്നും അവൾക്ക് അറിയണ്ടായിരുന്നു, ദിലീപിൻ്റെ വീട്ടുകാർ ചോദിച്ചത്രയും സ്വർണ്ണം ഇട്ട ഇറക്കിയില്ലെങ്കിൽ കെട്ടി തൂങ്ങി ചാവും എന്ന് പറഞ്ഞ് നിന്നതും അന്നും അമ്മയിത് പോലെ അവളെ സപ്പോർട്ട് ചെയ്തതും ഒക്കെ എനിക്ക് ഓർമ്മയുണ്ട്… പിന്നെ അത് കഴിഞ്ഞ് പ്രസവം, ഈ നാട്ടിലെ ഏറ്റവും വലിയ പ്രൈവറ്റ് ഹോസ്പിറ്റലിൽ തന്നെ പോണം, കടിഞ്ഞൂൽ പ്രസവം പെൺവീട്ടുകാരാണെന്നും പറഞ്ഞു ചില്ലറയല്ല പൊടിച്ചത്… ഞാൻ ഒരു മനുഷ്യജീവിയാണ് എന്ന് പോലും ഓർത്തില്ല ലോ ആരും…” ധന്യ പറഞ്ഞു.
” അതൊക്കെ നിൻ്റെ കടമയാണ്…”
” ഹും!… കടമ… ഈ പറഞ്ഞ കടമയൊന്നും അമ്മയെന്നോട് കാണിചിട്ടില്ലല്ലോ… ഉണ്ടോ?.. ഈ നിൽക്കുന്ന ഇവളെക്കാൾ രണ്ട് വയസ് മാത്രമല്ലേ എനിക്ക് കൂടുതൽ ഉള്ളു,.. എനിക്ക് ഒരു ജീവിതം വേണമെന്ന് അമ്മയ്ക്ക് ഇതുവരെ തോന്നിയിട്ടില്ലേ… ഈ സ്നേഹമൊന്നും എന്നോടില്ലല്ലോ.. പണ്ട് അച്ഛനോടും നിങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നു, ഇന്ന് എന്നോടും… ഞാൻ അനുഭവിക്കുന്ന എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടോ.. ഓരോ മാസവും രണ്ടറ്റവും കൂട്ടി ചേർക്കാൻ ഞാൻ എന്തോരം ഓടുന്നുണ്ടെന്നറിയോ.. വേണ്ട ഒന്നും വേണ്ട, ഉപകരിചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നു കൂടെ…” ധന്യ തിരിച്ചു പ്രതികരിക്കുന്നു എന്തെങ്കിലും ഇടയ്ക്ക് അവളുടെ ശബ്ദം ഇടറി…
” ചേച്ചിയപ്പോ എല്ലാത്തിനും കണക്ക് വച്ചിട്ടുണ്ട് അല്ലേ…”
” എന്താ സംശയം, എല്ലാത്തിനും ഞാൻ വ്യക്തമായി കണക്ക് വച്ചിട്ടുണ്ട്… അല്ലെങ്കിൽ നീ എന്ത് ചെയ്തു എന്ന് ചോദ്യം വരുമ്പോൾ ഞാൻ പെട്ട് പോകും.. ഇപ്പൊഴത്തെ കാലത്ത് എല്ലാറ്റിനും കണക്ക് വേണം…”
” എനിക്ക് ഒന്നും അറിയേണ്ട… ഞാൻ പറഞ്ഞ കാര്യം നടക്കണം…” ദിവ്യ കട്ടായം പറഞ്ഞു.
അവളോട് ഇനിയും സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസിലായതും ധന്യ പുറത്തേക്ക് ഇറങ്ങി…
” ചേച്ചി… ചേച്ചി..” ദിവ്യയുടെ പിറകിൽ നിന്നുള്ള വിളി കേട്ടെങ്കിലും അവൾ തിരിഞ്ഞ് നോക്കീല്ല…
” അമ്മേ ഞാൻ ഇനി എന്ത് ചെയ്യും…”
” നമുക്ക് എന്തെങ്കിലും വഴി കാണാം മോളെ… ഇവളുടെ ഈ ചാട്ടം എത്രവട്ടം നമ്മൾ കണ്ടതാണ്… ഒരു ചൊവ്വാദോഷത്തിൻ്റെ പേരും പറഞ്ഞു കല്ല്യാണം പോലും കഴിപ്പിക്കാതെ അവളെ ഇങ്ങനെ നിർത്തിയിരിക്കുന്നത് തന്നെ നിൻ്റെ ജീവിതം ഒരു കരയ്ക്കെത്തിക്കാനാണ്,… എന്ത് വേണമെന്ന് എനിക്ക് അറിയാം….” അമ്മ എന്തോ മനസിലുറപ്പിച്ചപോലെ പറഞ്ഞു. അത് കേട്ട് ആശ്വാസത്തോടെ അവളും…
” ധന്യെ… ഡീ… ” ബസ്റ്റോപ്പിലേക്ക് ധൃതിയിൽ നടക്കവേ ആണ് പിറകിൽ നിന്നുള്ള വിളി… അമൃത ധന്യയുടെ ഏക കൂട്ടുകാരി… സങ്കടവും സന്തോഷവും എല്ലാം പറയുകയും കേൾക്കുകയും ചെയ്യുന്ന അവളുടെ മനസാക്ഷി…
വിളികേട്ട് ധന്യ തിരിഞ്ഞ് നോക്കി,
” എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു നിന്നെ, നീയിത് ഏത് ലോകത്താണ്…” അവൾ കിതച്ചു കൊണ്ട് ചോദിച്ചു.
” ഒന്നൂല്ല ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു… ”
” എന്താണാവോ ഇത്ര ആലോചിക്കാൻ..”
” ദിവ്യ വന്നിട്ടുണ്ട്…”
” ആഹാ, എന്താണാവോ ഇത്തവണത്തെ ആവശ്യം…” ധന്യ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
” അവൾക്ക് സ്വന്തമായി ഒരു വീട് വയ്ക്കണമത്രേ… അതിന് കനത്തിൽ എന്തെങ്കിലും കൊടുക്കാൻ പോലും…”
” എന്നിട്ട് നിനക്ക് ഒന്ന് കൊടുക്കായിരുന്നില്ല, കനത്തിൽ ആ ചെകിടത്ത് ഒരെണ്ണം… പിശാച്.. എന്ത് ജന്മമാടി അത്… ഒപ്പം ഒരു ആ പരട്ട തള്ളയും.. ശരിക്കും നീയവരുടെ മകളല്ലെ..” അമൃതയ്ക് കലികയറും പോലെയായി… ഇതുവരെയുള്ള ധന്യയുടെ കഷ്ടപ്പാട് അറിയുന്ന ഒരേയൊരാളാണ് അവൾ..
” ആവോ.. ആർക്കറിയാം അവർക്ക് ഞാൻ വെറും യന്ത്രം ആണ് എണ്ണയിട് ഓടുന്ന യന്ത്രം അത്രേയുള്ളൂ… ശരിക്കും മടുത്തു തുടങ്ങി ജീവിതം… വയ്യെനിക്ക് ഇനിയും ഓടാൻ…” ധന്യയുടെ കണ്ണുകൾ നിറഞ്ഞു…
” ഡീ… നീയാർക് വേണ്ടിയാണ് ഒരു ജീവിതം കെട്ടിപ്പടുക്കാതെ ഇങ്ങനെ കഷ്ടപ്പെടുന്നത്… ഒരു നിമിഷം പോലും നിന്നെ കുറിച്ച് ചിന്തിക്കാത്ത അവർക്ക് വേണ്ടി ഇനിയും ഒന്നും വേണ്ട എന്ന് വയ്ക്കാതെ, മുന്നിൽ വന്ന ജീവിതം തിരഞ്ഞെടുക്ക് നീ…” അമൃത പറയുമ്പോൾ അവൾ നിറഞ്ഞ കണ്ണ് തുടച്ച് അവളെ നോക്കി.
” നീ നോക്കണ്ട മഹേഷിൻ്റെ കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്..”
” നീയിത് വിട്ടിലേ… ”
” എത്ര കാലമായി അവൻ നിനക്കു വേണ്ടി കാത്തിരിക്കുന്നു. വലിയ സാമ്പത്തികം ഒന്നും ഇല്ലേലും നിന്നെ പൊന്ന് പോലെ നോക്കാനുള്ള മനസുണ്ടവന്.. ഇപ്പൊ വരെയും നിന്നെ സ്നേഹിക്കയല്ലാതെ ഒരു രീതിയിലും ശല്യം ചെയ്തിട്ടില്ലോ… ഇനിയെങ്കിലും നീ അവനെ കണ്ണ് തുറന്നൊന്ന് കാണൂ..” പറഞ്ഞു തീരുമ്പോഴേക്കും അവർ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു.
” ആ പറഞ്ഞു നാവെടുത്തില്ല ദേ നിൽക്കുന്നു ആള്..” അമൃത പറയുമ്പോൾ മുന്നോട്ട് നോക്കിയ ധന്യ കാണുന്നത് ബസ്റ്റോപ്പിന് സൈഡിൽ നിർത്തി ഇട്ടിരിക്കുന്ന ബൈക്കിൽ ചാരി തന്നെയും നോക്കി നിൽക്കുന്ന മഹേഷിനെയാണ്…
” ഹയ് മഹേഷ്…” അമൃതയാണ്
” ഹയ്… എന്താടോ തൻ്റെ കൂട്ടുകാരി ഇന്നും മൗനത്തിലാണോ…” മഹേഷ് ചോദിച്ചു.
” അതോ, അവൾക്ക് നിന്നോട് എന്തോ സംസാരിക്കണം എന്ന് ഇന്നവള് ലീവാത്രേ നീയവളെ പുറത്തെവിടെയെങ്കിലും കൊണ്ടോയി എന്താ പറയാൻ ഉള്ളത് എന്ന് കേൾക്ക്…” ആരുടെയും അനുവാദത്തിന് കാത്തുനിൽക്കാതെ അമൃത രണ്ടിനെയും പിടിച്ചു ബൈക്കിൽ കയറ്റി…
അപ്പോഴും ധന്യ അവളെ എന്തൊക്കെയൊ പറഞ്ഞു തടയുന്നുണ്ടായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും അമൃതയ്ക് അറിയാമായിരുന്നു ധന്യയ്കും അവനെ ഇഷ്ടം ആണ് എന്ന്, കിട്ടിയ അവസരം പാഴാക്കാതെ നന്നായി തന്നെ അവൾ ഉപയോഗിച്ചു.
എന്ത് പറയണം എന്നറിയാതെ അന്തിച്ചു നിന്ന മഹേഷിൻ്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് അവനെയും വണ്ടിയിൽ കയറ്റി, ആദ്യം അവനോട് ഒത്തു പോകുന്നത് ബുദ്ധിമുട്ട് ആയി തോന്നിയ ധന്യ പതിയെ പതിയെ ഈ യാത്ര അംഗീകരിച്ചു…
ഓളം വെട്ടുന്ന കായലലകളെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരം കഴിഞ്ഞു രണ്ട് പേരും …
” എന്താടോ ഇപ്പഴും ഒന്നും മിണ്ടാനില്ലേ തനിക്ക് ” മഹേഷ് തന്നെ തുടക്കം കുറിച്ചു..
” അമൃതയെ പോലെ തന്നെ എന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളാണ് മഹേഷ്, ഇഷ്ട കുറവ് കൊണ്ടല്ല… മറിച്ച് ഇഷ്ട കൂടുതൽ…”
” മതി…” ധന്യ പറഞ്ഞു തീരും മുൻപ് അവൻ അവളെ തടഞ്ഞു.
” ഇത്രയും കേട്ടാൽ മതി എനിക്ക്, ഈ മനസിൽ ഒരിടം അത് മാത്രം ആണ് ഞാൻ ആഗ്രഹിച്ചത്, അതെനിക്ക് കിട്ടി അത് മതി…” അവൻ്റെ കണ്ണുകൾ നിറഞ്ഞു.
” മഹേഷ്… ഞാൻ… എനിക്ക്… തരാൻ…” അവൾ ഇടർചയോടെ പറഞ്ഞു.
” എനിക്ക് തന്നെ മാത്രം മതിയന്നെ, തന്നേ പോലെ തന്നെ കഷ്ടപ്പാട് അറിഞ്ഞവനാ,ആ എനിക്ക് മനസ്തുറന്ന് സംസാരിക്കാനും ചായാൻ ഒരു തണലും ആണ് ആവശ്യം അതിന് തനിക്ക് പറ്റും.. താനും ആഗ്രഹിക്കുന്നില്ലേ ആശ്വാസം കണ്ടെത്താൻ ചായാനൊരിടം…” മഹേഷ് പറഞ്ഞു കൊണ്ട് അവളുടെ നിറഞ്ഞ കണ്ണ് തുടച്ചു… അവൾ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…
ഉള്ളിലൊതുക്കായതെല്ലാം പറഞ്ഞു തീർത്തപ്പോ ഒരു പെരുമഴ തോർന്നത് പോലെ ശാന്തമായിരുന്നു അവളുടെ മനസ്…
വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അവളെയും കാത്ത് ഇരിക്കുകയാണ് അമ്മയും അനിയത്തിയും, അവരെ കണ്ട് ദീർഘമായി ഒന്ന് നിശ്വസിച്ചു അവൾ അകത്തേക്ക് കയറി….
” ചേച്ചി എനിക്ക് ഒരു കാര്യം….” ദിവ്യ തുടക്കമിട്ടു.
” നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്കറിയാം. തൽക്കാലം അതൊന്നും കേൾക്കാൻ എനിക്ക് സൗകര്യമില്ല…” ധന്യ പറഞ്ഞു.
” അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശരിയാവുക അവളുടെ കാര്യം നടക്കണ്ടേ…” അമ്മയാണ്.
” അവൾ പറഞ്ഞ കാര്യം നടക്കില്ല എന്ന് ഞാൻ രാവിലെ തന്നെ പറഞ്ഞതാണ്, അവൾക്കൊരു വീട് വേണമെന്ന് ഉണ്ടെങ്കിൽ അവളും അവളുടെ ഭർത്താവും കൂടെയാണത് നടത്തേണ്ടത്, അതിന് എന്നാൽ കഴിയുന്ന ചെറിയ എന്തെങ്കിലും സഹായം ചെയ്യാമെന്ന് മാത്രമേ എനിക്കിപ്പോ പറയാൻ കഴിയൂ. അല്ലാതെ അവളുടെ ചോദിച്ച് തുകയൊന്നും കൊടുക്കാൻ എൻറെ കയ്യിൽ ഇല്ല ഉണ്ടെങ്കിലും ഞാൻ അത് കൊടുക്കുകയും ഇല്ല.. ഇനി മറ്റുള്ളവരെ സഹായിച്ച് എൻറെ ജീവിതം കളയാൻ ഞാൻ ഒരു കൊല്ലം എനിക്ക് സ്വന്തമായൊരു ജീവിതം വേണം, ദൈവകൃപ കൊണ്ട് അങ്ങനെ ഒരു ജീവിതം എൻറെ കൈ കുമ്പിളിൽ എത്തിയിരിക്കുകയാണ് ഞാനത് സ്വീകരിക്കുകയും ചെയ്തു…” അവൾ പറഞ്ഞത് എന്തെന്ന് മനസ്സിലാവാതെ അമ്മയും അനിയത്തിയും അവളെ മാറി മാറി നോക്കി…
” വരുന്ന ഞായറാഴ്ച ഇവിടുത്തെ മഹാദേവക്ഷേത്രത്തിൽ വച്ച് എൻറെ കല്യാണമാണ്… മേലാറ്റൂരിലെ മഹേഷ് ആണ് എന്നെ വിവാഹം കഴിക്കാൻ പോകുന്നത്… അന്യവരോട് പറയും പോലെ നിങ്ങളോട് പറയേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട് പക്ഷേ ഇന്നോളം എന്നോട് കാണിക്കാത്ത ഒരു സ്നേഹവും ഇനി തിരിച്ച് അങ്ങോട്ടും കാണിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു…” അവൾ തീർത്തും പറഞ്ഞു.
” നീ എന്തൊക്കെയാ പറയുന്നതെന്ന് വല്ല ബോധം നിനക്കുണ്ടോ ഒരു ചൊവ്വാദോഷം വച്ചുകൊണ്ട് നീ മറ്റൊരു ചെറുപ്പക്കാരന്റെ ജീവിതം കൂടെ ഇല്ലാതാക്കാൻ പോവുകയാണോ…” അമ്മ അവളിൽ നിന്ന് അങ്ങനെ ഒരു കാര്യം പ്രതീക്ഷിക്കാത്ത അന്താളിപ്പിൽ പറഞ്ഞു.
” ഒന്നു മതിയാക്കുന്നുണ്ടോ നിങ്ങളുടെ ഒരു ചൊവ്വാദോഷം എനിക്ക് ഒരു ദോഷവും ഇല്ല എന്ന് എനിക്ക് വ്യക്തമായി തന്നെ അറിയാം എന്നിട്ട് ഇത്രയും കാലം ഒന്നും അറിയാത്ത പോലെ ഞാൻ നടന്നത് നിങ്ങളാരും പേടിച്ചിട്ടല്ല രാവിലെ പറഞ്ഞല്ലോ കടമ എന്നൊരു കാര്യം അതോർത്ത് മാത്രമാണ് ഇനിയും ഇല്ലാത്ത ഒരു ദോഷത്തിന്റെ പേരും പറഞ്ഞുകൊണ്ട് എന്റെ ജീവിതം നിങ്ങൾക്ക് തട്ടികളിക്കിൻ വിട്ടുതരാൻ ഞാനില്ല, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ തീരുമാനിച്ച സമയത്ത് വിവാഹം നടക്കും ഇത്രയും കാലം അമ്മ എന്നെ ഊറ്റി ഇളയ മകൾക്ക് കൊടുത്ത ജീവിച്ചില്ലേ ഇനി അമ്മയുടെ കാര്യം അവള് നോക്കിക്കോളും…” ധന്യ പറഞ്ഞു….
അതുകേട്ടതും ദിവ്യയുടെ നെഞ്ച് വെള്ളിടി വെട്ടി അമ്മ ഇനി തന്റെ ഭാരമായി മാറുമോ എന്നൊരു തോന്നൽ അവൾക്കുണ്ടായി…
” നിൻറെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്ക് മനസ്സിലാവും പക്ഷേ ഇനിയുള്ള കാലം അമ്മയെ നീ തന്നെ നോക്കിയാൽ മതി ഇത്രയും കാലം ഞാനൊന്ന് ഒരു മകളും അവർക്കുണ്ടോ എന്നൊരു ബോധം പോലും ഇല്ലാതെയല്ലേ അവർ നിന്നെ മാത്രം സ്നേഹിച്ചത് ഇനിയും അങ്ങനെ തന്നെ മതി ഞായറാഴ്ച വിവാഹം കഴിയും ഞാൻ പോവുകയും ചെയ്യും നിങ്ങൾക്കായി തരാൻ എന്റെ കയ്യിൽ ഒന്നുമില്ല കഴിയുന്നതല്ല ഞാൻ തന്നുകഴിഞ്ഞു… ഇനിയുള്ളത് എന്റെ മാത്രം ജീവിതമാണ് അത് ഞാൻ ജീവിക്കാൻ തുടങ്ങുകയാണ്…” ജീവിതത്തിൽ ആദ്യമായി തനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്തു എന്നൊരു തോന്നൽ അവൾക്കുള്ളിൽ ആദ്യമായി തോന്നിത്തുടങ്ങി….
കാലങ്ങൾ കഴിഞ്ഞുപോകെ ധന്യ മഹേഷിന്റെ മാത്രമായി അവളുടെ ജീവിതം ജീവിച്ചു കൊണ്ടിരിക്കുന്നു….
ശുഭം
✍️ ശിവപദ്മ
