ആ കയ്യിൽ കിടക്കുന്ന വളകളും കഴുത്തിൽ കിടക്കുന്ന മാലകളും പിന്നെ ഈ മോതിരവും കൊലുസ്സുമൊക്കെ ഇങ്ങ് ഊരി തന്നേക്ക്. ഞാൻ സൂക്ഷിച്ചു വച്ചോളാം. അല്ലേലും സൂക്ഷിക്കാൻ മാത്രം പെരുത്തൊന്നും ഇല്ലല്ലോ. എല്ലാം കൂടി ഒരു ഇരുപതോ ഇരുപത്തി അഞ്ചോ അല്ലേ ഉണ്ടാവു.
നവ വധുവിന്റെ വേഷത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന മൂത്ത മകന്റെ ഭാര്യയായ മിനിയോട് ഭാനുമതി പറഞ്ഞു. അവരുടെ വാക്കുകൾ കേട്ട് മിനി ഒന്ന് ഞെട്ടി. പറ്റില്ലെന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ വന്ന് കയറിയ ദിവസം തന്നെ അമ്മായി അമ്മയെ മുഷിപ്പിച്ചാൽ പിന്നീട് അവിടെയുള്ള ജീവിതം ദുസ്സഹമായിരിക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.
അതുപോലെ ഭാനുമതിക്ക് ഒട്ടും താല്പര്യം ഇല്ലാതിരുന്ന കല്യാണമാണ് ഇത്. അവരുടെ തറവാടിത്തവും വച്ച് നോക്കുമ്പോ മിനിയുടെ വീട്ടുകാർ ഒന്നുമല്ല. ഒരു കാലത്തു വലിയ പൈസക്കാർ ആയിരുന്നു ഭാനുമതിയും കുടുംബവും. എന്നാൽ തന്റെ സ്വത്ത് കല്യാണം കഴിഞ്ഞു കുടുംബമായി ജീവിക്കുന്ന ഇളയ രണ്ട് മക്കൾക്ക് വീതം വച്ച് നൽകിയതോടെ അവരുടെ കഷ്ടകാലം തുടങ്ങി. സ്വത്തുക്കളുടെ പകുതി മുക്കാലും മക്കൾ ബിസിനസ്സ് നടത്തി തുലച്ചു.
അതുകാരണം നിലവിൽ തറവാട്ട് മഹിമയും പാരമ്പര്യവും പിന്നെ എട്ട് കെട്ടും അതിനോട് ചേർന്നുള്ള 2 ഏക്കർ പുരയിടവും മാത്രമേ ഭാനുമതിക്ക് ഉള്ളു. അത് മാധവനു ഉള്ളതാണ് എന്നാണ് ഭാനുമതി പറയാറ്. പക്ഷേ അവന്റെ കല്യാണം കഴിഞ്ഞിട്ടില്ലാത്ത കൊണ്ട് വില്പത്രം എഴുതിയിട്ടില്ല.
മൂത്ത മകൻ മാധവനു ഒരു കാലിൽ ചെറിയൊരു സ്വാധീന കുറവുള്ളത് കൊണ്ട് ഒരു ബന്ധവും ഒത്തു വരുന്നുണ്ടായിരുന്നില്ല. അങ്ങനെ പെണ്ണ് നോക്കി നോക്കി മടുത്തിരിക്കുമ്പോ ആണ് ബ്രോക്കർ നാണു മിനിയുടെ ആലോചന മുന്നോട്ടു വച്ചത്.
ഇനിയും മകന് പെണ്ണ് നോക്കി നടന്നാൽ അവന്റെ കെട്ട് നടക്കില്ലെന്നും പ്രായം കഴിഞ്ഞു പോകുമെന്നും ഓർത്ത് മാത്രമാണ് ഭാനുമതി ഈ ആലോചന ഓക്കേ പറഞ്ഞത്. മാധവനു വയസ്സ് 34 കഴിഞ്ഞു. മാധവന്റെ അച്ഛൻ നടത്തിയിരുന്ന ഒരു textile നോക്കി നടത്തുന്നതാണ് അവന്റെ ജോലി. മിനിക്ക് 24 വയസ്സേ ഉള്ളു. ഡിഗ്രിയും കഴിഞ്ഞു പിജിയും കഴിഞ്ഞു പി എസ് സി ക്ലാസ്സിന് പോകുന്നുണ്ട് അവൾ.
“നീ ഇത് എന്ത് ഓർത്ത് കൊണ്ട് നിൽക്കാ കൊച്ചേ. വേഗം ആഭരണം എല്ലാം ഊരി താ.” ഭാനുമതി ഒച്ച ഉയർത്തി.
“കൊലുസ് സ്വർണം അല്ല അമ്മേ.
പേടിച്ചു പേടിച്ചു ആണ് അവളത് പറഞ്ഞത്.
“ഇത്രേം ഗതികെട്ടവൻ ആണോ നിന്റെ തന്ത. ആകെ കൊണ്ട് വന്നത് കഷ്ടിച്ച് ഇരുപത്തി 5 പവൻ എങ്ങാണ്ട്. അതിൽ മുക്കുപണ്ടവും ഉണ്ടോ?”
ഭാനുമതിക്ക് കലി കയറി.
കൊലുസ് കൂട്ടാതെ തന്നെ ഇരുപത്തി ഏഴ് പവൻ ഉണ്ടമ്മേ. ഇത് തന്നെ ഉണ്ടാക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടമ്മേ.
മിനി ചുണ്ടുകൾ കടിച്ചു പിടിച്ച് സങ്കടം നിയന്ത്രിച്ചു.
ഈ വീട്ടിനു ഒരു നിലയും വിലയും ഉണ്ട്. അതിന്റെ അന്തസ്സ് വിട്ട് ഒരു കളിക്ക് നിൽക്കാൻ എന്നെ കിട്ടില്ല. പിന്നെ മാധവൻ ഇനി പെണ്ണ് കണ്ട് ചായേം കുടിച്ച് നടക്കാൻ വയ്യ. ഇത് തന്നെ മതി എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്.
മകന് പെണ്ണ് കിട്ടാതെ വന്നപ്പോ നിവർത്തി കേട് കൊണ്ടാണ് തങ്ങൾ ഈ കല്യാണത്തിന് സമ്മതിച്ചതെന്ന് അവൾക്ക് മുന്നിൽ സമ്മതിച്ചു കൊടുക്കാൻ നാണക്കേട് ഉള്ളത് കൊണ്ടാണ് അവരങ്ങനെ പറഞ്ഞത്.
മിനി അത് കേട്ട് തലയാട്ടി കൊണ്ട് തന്റെ ശരീരത്തിലെ ആഭരണങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.
“ആ കമ്മലും ഒരു മാലയും ഓരോ വള വീതവും നിന്റെ ദേഹത്ത് തന്നെ കിടന്നോട്ടെ. ആരെങ്കിലും പെട്ടെന്ന് വീട്ടിലേക്ക് വന്ന് കയറുമ്പോ ദേഹത്ത് പൊന്നൊന്നുമില്ലാതെ നിൽക്കുന്ന കണ്ടാൽ നാണക്കേട് ഈ തറവാടിന.
ഭാനുമതിയുടെ വാക്കുകൾ കേട്ട് അവൾക്ക് അത്രയെങ്കിലും ആഭരണം തന്റെ കയ്യിൽ വയ്ക്കാൻ അനുവാദം കിട്ടിയല്ലോ എന്നോർത്ത് ചെറിയൊരു ആശ്വാസം തോന്നി..
“പിന്നെ ഇവിടെ ചില ചിട്ടാവട്ടങ്ങൾ ഒക്കെയുണ്ട്. അത് അനുസരിച്ചു വേണം ഇവിടെ ജീവിക്കാൻ. അതൊക്കെ ഞാൻ പറഞ്ഞു തരുന്നുണ്ട്.”
ഭാനുമതി നാളെ മുതൽ അവൾ ആ തറവാട്ടിൽ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു കൊടുത്തു. മിനി എല്ലാം മിണ്ടാതെ തലയാട്ടി കേട്ട് കൊണ്ട് നിന്നു.
ഭാനുമതിയുടെ മൂത്ത മകനാണ് മാധവൻ. അവന് താഴെയുള്ള അനുജന്മാർ രണ്ടും കല്യാണം കഴിഞ്ഞു അടുത്തടുത്തു തന്നെയാണ് താമസം. അവർക്ക് കിട്ടിയ ഓഹരി ബിസിനസ്സ് തുടങ്ങി നശിപ്പിച്ചെങ്കിലും ഭാര്യമാർ പൈസക്കാർ ആയത് കൊണ്ട് അന്തസ്സോടെ പണപ്പെരുമ കാട്ടി ജീവിക്കാൻ കഴിയുന്നുണ്ട്. പക്ഷേ രണ്ട് പേർക്കും അതോടെ ഭാര്യയുടെയും ഭാര്യ വീട്ടുകാരുടെയും അടിമയാകേണ്ടി വന്നു. സ്വന്തമായി ഒരു അഭിപ്രായവും അവർക്കില്ല.
പിന്നെ ഉള്ളത് അവർക്കും താഴെ ഒരു പെൺകുട്ടി ആണ്. ചിത്തിര എന്നാണ് പേര്. 22 വയസ്സുണ്ട്. അവൾക്കും ആലോചനകൾ വരുന്നുണ്ട്.
മിനി പാവപെട്ട വീട്ടിലെ ആയത് കൊണ്ട് അക്ഷരാർത്ഥത്തിൽ അവൾ ആ വീട്ടിലെ വേലക്കാരി ആയി മാറി. ഭാനുമതി വേലക്കാരിയെ പറഞ്ഞ് വിട്ട് എല്ലാ ജോലിയും അവളെ കൊണ്ട് ചെയ്യിക്കും. മിനി വീട്ടിൽ വിളിച്ചു സങ്കടം പറയുമ്പോ ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതാണ് സഹിച്ചു നിൽക്കണം എന്നാണ് ഉപദേശം കിട്ടുന്നത്.
ആദ്യരാത്രി തന്നെ മാധവനും അവളോട് അമ്മയെ അനുസരിച്ചു നിൽക്കണം എന്നാണ് ഉപദേശിച്ചത്. അതിന്റെ കാരണമായി അവൻ പറഞ്ഞത് അമ്മയെ സന്തോഷിപ്പിച്ചു നിന്നാലേ സ്വത്തുക്കൾ അവന്റെ പേരിൽ എഴുതി കൊടുക്കു എന്നാണ്. കല്യാണം കഴിയുന്ന മുറയ്ക്കാണ് ഭാനുമതി മക്കൾക്ക് അവരുടെ സ്വത്തുക്കൾ എഴുതി നൽകിയത്. ഇപ്പോ തന്റെ കല്യാണം കഴിഞ്ഞത് കൊണ്ട് അധികം വൈകാതെ തനിക്ക് ഉള്ളത് എഴുതി തരുമെന്ന് അവൻ ആശിച്ചു.
ഭാനുമതി അമ്മ മിനിയുടെ പി എസ് സി ക്ലാസ്സിൽ പോക്ക് നിർത്തിച്ചു കളഞ്ഞു. അതവളെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. പക്ഷേ ആരും ആശ്രയത്തിനു ഇല്ലാത്തത് കൊണ്ട് വലിയ വീടിന്റെ വേലക്കാരി മരുമകൾ ജീവിതം അവൾക്ക് ജീവിക്കേണ്ടി വന്നു.
ഭാനുമതിയും ചിത്തിരയും മിനിയോട് നന്നായി പോരിന് നിൽക്കാറുണ്ട്. അവൾ അതെല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോയി.
അങ്ങനെ വർഷം രണ്ട് കടന്ന് പോയി. അപ്പോഴാണ് ചിത്തിരയ്ക്ക് ഒരു കോളേജ് അധ്യാപകന്റെ ആലോചന വരുന്നത്. പെണ്ണ് കാണാൻ വന്നപ്പോൾ പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്തു. അവർ ഇവരേക്കാൾ വലിയ കാശുകാർ ആണ്. അതുകൊണ്ട് സ്ത്രീധനമായി ചോദിച്ചത് 200 പവനും 10 ലക്ഷം രൂപയും ഒരു കാറുമാണ്. ചിത്തിരയ്ക്ക് ചെക്കനെ ഇഷ്ടപ്പെട്ട കാരണത്താലും അവർ വലിയ തറവാടികൾ ആയത് കൊണ്ടും ഭാനുമതി അതിന് സമ്മതം പറഞ്ഞു.
“അമ്മ എന്തിനാ ഈ ആലോചനയ്ക്ക് സമ്മതിച്ചു കൊടുത്തത്. 200 പവൻ ഒക്കെ എങ്ങനെ വാങ്ങാനാണ്. ഇപ്പോഴത്തെ സ്വർണ വില അമ്മയ്ക്ക് അറിയാത്തതാണോ?
മാധവൻ ചോദിച്ചു.
“നിന്റെ അനിയന്മാർ സഹായിച്ച തന്നെ ഈ കല്യാണം സുഖമായി നടക്കും.
ഭാനുമതി പറഞ്ഞു.
അവരെ കയ്യിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട എന്ന് ഇത് കേട്ടപ്പോൾ തന്നെ അവരെ ഭാര്യമാർ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഓഹ് അങ്ങനെ ആണോ. അച്ചി കോന്തന്മാർ.
ഭാനുമതി പുച്ഛിച്ചു.
“അവൾക്കുള്ള സ്വർണം ഓർത്ത് നീ പേടിക്കണ്ട. ഒരു 100 പവൻ എന്റെ കയ്യിൽ കാണും. പിന്നെ നിന്റെ ഭാര്യേടെ സ്വർണം എടുക്കാം. ബാക്കി സ്വർണം ഒരേക്കർ വിറ്റ് വാങ്ങാം. അതിൽ നിന്നുള്ള ബാക്കി പൈസ എടുത്ത് കാറും വാങ്ങാം ബാക്കി സ്ത്രീധനതുകയും കൊടുക്കാം. കല്യാണ ചിലവിനുള്ളതും അതിൽ നിന്ന് തന്നെ കിട്ടുമല്ലോ.
തനിക്ക് തരാൻ വച്ച പറമ്പ് എടുത്താണ് അമ്മ വിളിക്കാമെന്ന് പറയുന്നത്. ചിത്തിരയുടെ പേർക്കുള്ളത് അല്ലെന്ന് മാധവൻ ഞെട്ടലോടെ ഓർത്തു. ഇതിന് വേണ്ടി ആയിരിക്കും അമ്മ തനിക്ക് സ്വത്ത് എഴുതി തരാത്തതെന്ന് അവന് മനസ്സിലായി.
ഭാനുമതിയുടെ സംസാരം കേട്ട് നിന്ന മിനി ക്ക് അത് കേട്ടതും ആധിയായി. തന്റെ അച്ഛൻ മുണ്ട് മുറുക്കി ഉടുത്തു കഷ്ടപ്പെട്ട് വാങ്ങി തന്ന സ്വർണം ആണ്. അത് നന്ദിയില്ലാത്ത നാത്തൂനു കൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല. ഇവിടെ എങ്കിലും താൻ പ്രതികരിക്കണമെന്നും തന്റെ ഭർത്താവ് പോലും തനിക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നും അവൾക്ക് ഉറപ്പായി.
ചിത്തിരയുടെ കല്യാണത്തിന് എന്റെ സ്വർണ്ണം എടുക്കാൻ ഞാൻ സമ്മതിക്കില്ല അമ്മേ. അത് എന്റെ അച്ഛൻ അധ്വാനിച്ചു ഉണ്ടാക്കി തന്നതാണ്.
“നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല. നിന്റെ സ്വർണം ഞങ്ങൾക്ക് അവകാശപ്പെട്ടതാ. അതിനി നിനക്ക് തിരിച്ചു വേണം എന്നാണെങ്കിൽ നിന്റെ സ്ഥാനം ഈ പടിക്ക് പുറത്തായിരിക്കും.
അങ്ങനെ ആയാലും സാരമില്ല. എനിക്ക് ഇത്രയേ ദാമ്പത്യ ജീവിതം വിധിച്ചിട്ടുള്ളു എന്ന് ഞാൻ കരുതും. കാലിന് സ്വാധീനം ഇല്ലാത്ത നിങ്ങടെ മോന് പെണ്ണ് കിട്ടാത്ത കൊണ്ടല്ലേ എന്നെ ഇങ്ങോട്ട് കെട്ടികൊണ്ട് വന്നത്. എന്നെ ഇറക്കി വിട്ടിട്ട് നിങ്ങൾ മോന് വേറെ പെണ്ണ് നോക്കിക്കോ. കുട്ടികൾ ഒന്നും ഉണ്ടാവാത്തത് കൊണ്ട് എനിക്ക് രണ്ടാമതൊരു കല്യാണം നടക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
പിന്നെ ഈ വീട്ടിൽ കിടന്ന് വേലക്കാരിയേ പോലെ ജോലി ചെയ്ത് ഞാനും മടുത്തു. നട്ടെല്ലിന്റെ സ്ഥാനത്തു വാഴ പിണ്ടി ഉള്ള എന്റെ ഭർത്താവിനും എന്നോട് സ്നേഹമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് എന്റെ സ്വർണ്ണം തന്നാൽ ഞാനായി തന്നെ അങ്ങ് പോയേക്കാം.
ഭാനുമതിയുടെ മുഖത്ത് നോക്കി അത്രേം പറഞ്ഞിട്ട് അവൾ മാധവനു നേർക്ക് തിരിഞ്ഞു.
ഞാനീ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല. എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇനിയും നിങ്ങൾക്ക് കഴിയില്ലെങ്കിൽ എന്നെ വിട്ടേക്ക്. ജീവിക്കുന്ന അത്രയും നാൾ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയണം എന്നാണ് എന്റെ ആഗ്രഹം.
അത്രയും പറഞ്ഞിട്ട് അവൾ അകത്തേക്ക് കേറിപ്പോയി.
അഹങ്കാരി പറഞ്ഞിട്ട് പോയത് നീ കേട്ടോ. എത്ര ധൈര്യമുണ്ട് ഇവൾക്ക് ഇങ്ങനെ പറയാൻ. ആ സ്വർണ്ണം എടുത്തു അവളുടെ മുഖത്തോട്ട് എറിഞ്ഞിട്ട് ഇറക്കി വിടണം വിഷത്തിനെ.
ഭാനുമതി ഉറഞ്ഞു തുള്ളി.
അവൾ പറഞ്ഞിട്ട് പോയതിൽ ഒരു തെറ്റും ഇല്ല. എന്റെ ജീവിതം നശിച്ചാലും അമ്മയ്ക്കും മോൾക്കും സുഖമായി കഴിയണം അല്ലെ. ഇത്രയും നാൾ അമ്മ പറഞ്ഞ കേട്ട് ഞാൻ ജീവിച്ചു. ഇനിയും അങ്ങനെ കഴിഞ്ഞാൽ എനിക്ക് എന്റെ കുടുംബം ആയിരിക്കും നഷ്ടപ്പെട. അവൾ ഉപേക്ഷിച്ചു പോയാൽ ഈ ഞൊണ്ടി കാൽ ഉള്ളവനെ ആര് കെട്ടാൻ വരുമെന്ന അമ്മ വിചാരിച്ചത്. പിന്നെ ഇനിയെങ്കിലും ഞാൻ പറയുന്നത് കേട്ടാൽ അമ്മയ്ക്ക് അവസാന കാലത്ത് വെള്ളം തരാൻ ഞാനും എന്റെ ഭാര്യയും കാണും. അത് വേണ്ട എന്നാണെങ്കിൽ ഈ സ്വത്ത് ഉപേക്ഷിച്ചു ഭാര്യയുമായി പടി ഇറങ്ങാനും എനിക്ക് മടിയില്ല.
അത്രേം പറഞ്ഞിട്ട് മാധവൻ എഴുന്നേറ്റു പോയി. അവന്റേം മിനിയുടേം മാറ്റം കണ്ട് ഭാനുമതി ഞെട്ടി നിന്നു. ഇതേസമയം അകത്തു എല്ലാം കേട്ട് നിന്ന മിനിക്ക് ഭർത്താവിന്റെ മാറ്റം ഓർത്ത് സന്തോഷം തോന്നി.
✍️ അമന്യ
