“സാറെ…. പട്ടാപകൽ നാടും നാട്ടുക്കാരും ചുറ്റും ഉള്ളപ്പോൾ സ്വന്തം അമ്മയായ എന്നെ കയറിപിടിച്ച ഇവനെയൊക്കെ എന്തു വിശ്വാസത്തിന്റെ പേരിലാ ഞാനെന്റെ കൂടെ ഇനിയും താമസിപ്പിയ്ക്കുന്നത്… എനിയ്ക്ക് പറ്റില്ല സാറെ… എനിയ്ക്കിനിയൊന്നും അനുഭവിക്കാനും കാണാനുമുള്ള ശക്തിയോ മനസ്സോ ഒന്നുമില്ല… ”
ചുറ്റും കൂടി നിൽക്കുന്ന ഒരു കൂട്ടം ആളുകൾക്കും പോലീസുകാർക്കും ഇടയിൽ നിന്ന് കരഞ്ഞു കണ്ണീരോടെ സതി വിങ്ങിപൊട്ടി പറയുമ്പോൾ അവിടെ കൂടി നിൽക്കുന്നവരുടെയെല്ലാം വെറുപ്പും ദേഷ്യവും കലർന്ന നോട്ടം ചെന്ന് പതിച്ചത് ഇതെല്ലാം കണ്ടും കേട്ടും നിലത്തൊരു മൂലയിൽ തലയുംക്കുനിച്ച് നിൽക്കുന്ന സതിയുടെ മകൻ ശരണിലേക്കാണ്….
ഒരക്ഷരം മിണ്ടാതെ ചുറ്റിനുമുള്ളവരെ ഒന്നു തലയുയർത്തി നോക്കുക പോലും ചെയ്യാതെ തെറ്റ് ചെയ്തവനെ പോലെ ഒരേ നിൽപ്പ് നിൽക്കുമ്പോഴും അവന്റെ കണ്ണുകൾ എരിഞ്ഞിരുന്നത് പക്ഷെ അവിടെയാരും കണ്ടില്ല….
“ചേച്ചീ…. ചേച്ചിയിങ്ങനെ കരയാതെ… ദൈവം സഹായിച്ച് അരുതാത്തത് ഒന്നും സംഭവിച്ചില്ലല്ലോ… അവനും കള്ളും പുറത്ത് പറ്റിയതാവും ഇത്… അറിഞ്ഞു കൊണ്ടിതുപോലൊരിക്കലും അവൻ ചേച്ചിയോട് ചെയ്യില്ല…. ഒന്നൂല്ലെങ്കിലും ചേച്ചിയുടെ മോനല്ലേ ….. ചേച്ചി തന്നെ പറഞ്ഞിട്ടില്ലേ ഇവനിപ്പോ എപ്പോഴും കള്ളും കഞ്ചാവും വലിച്ച് നടപ്പാണെന്ന്…..
അടുത്തുള്ള സ്കൂളിലെ അധ്യാപികയായ ഗീത സതിയെ ആശ്വസിപ്പിച്ച് ഓരോന്നു പറയുന്നതിനിടയിലും രൂക്ഷമായ് നോക്കുന്നുണ്ട് ശരണിനെ…..
“എന്തു തന്നെ വലിച്ച് കുടിച്ച് നടന്നാലും അവനെ പെറ്റു പോറ്റിയ എന്നോടവനിങ്ങനെ ചെയ്യാവോ ഗീതേ… അതും ശരീരം തളർന്ന് ഒന്നനങ്ങാനോ മിണ്ടാനോ പറ്റാതെ കിടക്കുന്ന ഇവന്റെ അച്ഛന്റെ മുന്നിൽ വെച്ച്…. ചെന്നു നോക്കി നോക്ക് നിങ്ങള് അകത്തേയ്ക്ക് നെഞ്ചു പൊട്ടി കണ്ണീരിൽ മുങ്ങി കിടക്കുന്ന ആ പാവത്തിനെ കാണാം നിങ്ങൾക്കും…. ”
ശരൺ ചെയ്ത തെറ്റിനെ ന്യായീകരിയ്ക്കും വിധം ഗീത സംസാരിച്ചതും മുഖം പരന്നൊഴുക്കുന്ന കണ്ണുനീർ തുള്ളികളെ വാശിയോടെ തൂത്തെറിഞ്ഞ് ഗീതയ്ക്ക് നേരെ ശബ്ദമുയർത്തി സതി….
അന്നേരം മാത്രമാണ് അവിടെ കൂടിയിരുന്ന പലരുടെയും നോട്ടം അകത്തെ മുറിയിൽ ശരീരം തളർന്നു കിടക്കുന്ന സുരേഷിലേക്കെത്തിയത്….
അവിടെ നടക്കുന്നതെല്ലാം കണ്ടും കേട്ടും ഒന്നനങ്ങാനോ സംസാരിക്കാനോ സാധിക്കാതെ നിശബ്ദനായ് കണ്ണീർ വാർക്കുന്ന അയാളുടെ രൂപം അവിടെ കൂടിയവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു….
നാട്ടുകാർക്ക് അത്രയും വേണ്ടപ്പെട്ടവനായിരുന്ന സുരേഷിന്റെ ഇന്നത്തെ ആ ദയനീയമായ കിടപ്പും അവിടെ അരങ്ങേറിയ സംഭവങ്ങളും എല്ലാവരിലും ശരണെന്ന അവരുടെ മകനെ ജീവനോടെ എരിയ്ക്കാനുള്ള പകയേറ്റി….
കണ്ണിലെ കൃഷ്ണമണിയ്ക്ക് തുല്യം സുരേഷും സതിയും വളർത്തി കൊണ്ടുവന്ന അവരുടെ പത്തൊൻപതുക്കാരൻ മകനാണ് കള്ളും കഞ്ചാവും വലിച്ചു കയറ്റി അച്ഛന്റെ മുമ്പിൽ വെച്ചമ്മയെ കയറിപിടിച്ചിരിയ്ക്കുന്നത്….
സ്വന്തം മകനിൽ നിന്നുണ്ടായ പ്രവർത്തിയുടെ ഞെട്ടലിൽ തരിച്ചുനിന്നു പോയാദ്യം സതിയെങ്കിലും മകൻ ചെയ്തത് എന്താണെന്ന് പൂർണ്ണ ബോധ്യം വന്നതും അവനെ തന്നിൽ നിന്നടർത്തി എറിഞ്ഞ് അലറി വിളിച്ചവനെ തല്ലിച്ചതയ്ക്കുക തന്നെയായിരുന്നു…
സതിയുടെ ആക്രോശങ്ങളും കരച്ചിലും വീടിനു വെളിയിലേക്കും കേട്ടത്തോടെയാണ് ആളുകൾ അവിടേക്ക് പാഞ്ഞെത്തിയതും…
സതിയേയും ശരണിനേയും പിടിച്ചക്കറ്റിയതും…
എന്താണ് നടന്നതെന്ന് ഓടി വന്നവരാരോ തിരക്കുമ്പോഴേയ്ക്കും സതി തന്റെ ഫോണിൽ പോലീസിനെയും വിളിച്ചു വരുത്തി കഴിഞ്ഞിരുന്നു…
“ഞാൻ പ്രസവിച്ചു വളർത്തിയ എന്റെ മകൻ എന്നെ കയറി പിടിച്ചുപദ്രവിയ്ക്കാൻ നോക്കി സാറെയെന്ന ‘സതിയുടെ നിലവിളി അവിടെ ഓടിക്കൂടിയ ഓരോരുത്തരുടെയും നെഞ്ചിലൊരു മിന്നൽ തന്നെ സൃഷ്ടിച്ചിരുന്നു……
കാതിൽകേട്ടതു വിശ്വസിക്കാനാവാതെ പരസ്പരം ഞെട്ടി നോക്കി ഓടി പാഞ്ഞെത്തിയവരും…
‘ശരണിനോളം നല്ലൊരു ആൺക്കുട്ടി ആ പ്രദേശത്തെ ഒരു വീട്ടിലും ഇല്ല… പഠിച്ചിരുന്നിടത്തും നാട്ടിലുമെല്ലാം ഒന്നാമനായിരുന്നവനെന്നും… എല്ലാവരും എന്നും നല്ലതുമാത്രം പറഞ്ഞിരുന്നൊരുവൻ…
എല്ലാ സന്തോഷവും അവസാനിച്ചിട്ടിപ്പോൾ വർഷം രണ്ടാവാറായിരിയ്ക്കുന്നു…
രണ്ടു വർഷം മുമ്പൊരു നാളിലാണ് സുരേഷ് ബാത്ത് റൂമിലൊന്ന് കാൽ തെറ്റിവീണത്… ബോധം മറഞ്ഞു ബാത്ത് റൂമിൽ കിടന്ന സുരേഷിനെ അയൽവാസികൾ ചേർന്നാണന്ന് ഹോസ്പ്പിറ്റലിൽ എത്തിച്ചത്….
സാധാരണ ഒരു വീഴ്ചയായ് എല്ലാവരും അതു കണ്ടെങ്കിലും ആ വീഴ്ചയിൽ സുരേഷിന്റെ തല ശക്തമായ് ബാത്ത് റൂമിനുള്ളിലെ ചെറിയ അലക്കു കല്ലിൽ അടിച്ചിരുന്നതും തലയിൽ രക്തം കട്ടപിടിച്ചതുമെല്ലാം എല്ലാവരും അറിഞ്ഞത് ഡോക്ടർ പറഞ്ഞപ്പോഴാണ്….
അന്നേ ദിവസം വരെ ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെയും നാട്ടിലെയും ഓരോ കാര്യവും ചെയ്തു കൊണ്ടിരുന്ന സുരേഷ് ഇനിയൊരിക്കലും എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിക്കാത്ത വിധം തളർന്നു പോയെന്നത് ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്….
“സുരേഷിന്റെ ആ അവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത് ശരണിനെയാണ്…
എവിടെയും എന്നും ഒന്നാമനായ് നിന്നിരുന്ന ശരൺ പിന്നീടൊരിക്കലും ആ സ്ഥാനത്തെത്തിയില്ല… ഒടുവിലിപ്പോഴിതാ കണ്ണിൽ കണ്ട ലഹരി വസ്തുക്കളെല്ലാം വലിച്ചു കയറ്റി സ്വന്തം അമ്മയെ തന്നെ കയറി പിടിയ്ക്കുന്ന അവസ്ഥയിലേക്ക് തരം താണിരിയ്ക്കുന്നു…
“ഇവനുള്ള വീട്ടിൽ വയ്യാത്ത എൻെറ സുരേഷേട്ടനൊപ്പം ജീവിയ്ക്കാൻ എനിയ്ക്ക് ഭയമാണ് സാർ….ഇവൻ ചെയ്ത തെറ്റിന് നിങ്ങളിവനെ അറസ്റ്റ് ചെയ്തു കൊണ്ടു പൊയ്ക്കോ സാറേ…. ഞാനേതു കോടതിയിൽ വേണോങ്കിലും വരാം സാറെ ഇവനെതിരെ സാക്ഷി പറയാൻ…..”
എസ് ഐയ്ക്ക് മുന്നിൽ കൈകൂപ്പി കരഞ്ഞു യാചിയ്ക്കും വിധം സതി പറയുമ്പോൾ എസ് ഐ യുടെ നോട്ടം തങ്ങി നിന്നത് പക്ഷെ ശരണിലാണ്….
സതിയെ ശരൺ നോക്കുന്ന ഓരോ നോട്ടത്തിലും അവന്റെ കണ്ണിലെരിയുന്നത് അവന്റെ അമ്മയെ ജീവനോടെ എരിയ്ക്കാനുള്ള പകയും ദേഷ്യവും ആണെന്നു തിരിച്ചറിഞ്ഞതും അവനെ നോക്കി നിന്ന അയാളിലൊരു സംശയത്തിന്റെ വിത്തുപാകി
അമ്മയെ എരിയുന്ന മിഴികളാൽ നോക്കുന്നവന്റെ കണ്ണുകൾ അച്ഛനിലേക്കെത്തുമ്പോൾ അവയിൽ തെളിയുന്ന നിസ്സാഹായത….
സംശയത്തിന്റെ ഒരു നെരിപ്പോടു വീണുനീറി എസ്ഐയ്ക്കുള്ളിൽ….
കൺമുന്നിൽ കാണുന്നതൊന്നുമല്ല സത്യമെന്ന് അയാൾക്കുള്ളിലിരുന്നാരോ പറയുന്നതു പോലെ….
എസ്ഐയുടെ ശരണിന് നേരെയുള്ള നോട്ടം കരച്ചിലിനിടയിലും കണ്ട സതിയുടെ നെഞ്ചൊന്ന് പിടഞ്ഞടിച്ചു….
“സാറെ…ഞങ്ങളുടെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയുമൊക്കെ ഉള്ളതാണ്….ഈ ചുറ്റുവട്ടത്തൊക്കെ തന്നെയാണ് ഞങ്ങളും താമസിയ്ക്കുന്നത്…. ഇവനെ പോലെ പെറ്റ തള്ളയെ പോലും കയറി പിടിയ്ക്കാൻ മടിക്കാത്തൊരുവൻ ഞങ്ങൾക്കിടയിൽ തന്നെ ഉള്ളത് ഞങ്ങൾക്കും പേടിയാണ്….
സാറെത്രയും വേഗം ഇവനെ ഇവിടെ നിന്ന് കൂട്ടികൊണ്ടു പോ സാറെ….. ”
കൂട്ടത്തിൽ മുതിർന്നൊരാൾ എസ് ഐ യുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞതും അതുവരെ അവരെയൊന്നും ശ്രദ്ധിയ്ക്കാതെ അലസമെന്നോണം നിന്ന ശരണിന്റെ കണ്ണിലെ അഗ്നിയ്ക്ക് കാഠിന്യമേറിയത് ക്ഷണനേരം കൊണ്ടാണ്…..
“നിന്റെ വീട്ടിലെ പെണ്ണുങ്ങളെ നീ സൂക്ഷിക്കേണ്ടത് നിന്റെ മകൻ പ്രവീണിൽ നിന്നാണെടോ…. അവനാണ് അമ്മേനം പെങ്ങളേം തിരിച്ചറിയാത്തത്…
അതു കൊണ്ടല്ലേ അവന്റെ അമ്മയുടെ പ്രായമുള്ള എന്റെ അമ്മയെന്ന് പറയുന്ന ഈ സ്ത്രീയുടെ അടുത്തവൻ എന്നും രാത്രി ആരും അറിയാതെ കൂട്ടു കിടക്കാൻ വരുന്നത്…
” അങ്ങനൊരു നാൾ അവൻ വന്നത് എന്റെ അച്ഛൻ കണ്ടോണ്ട് വന്നതുകൊണ്ടല്ലേ അവനും എന്റെ അമ്മയായ ഈ സ്ത്രീയും കൂടി ചേർന്ന് എന്റെ അച്ഛനെ അടിച്ചുവീഴ്ത്തി ഈ കിടപ്പ് കിടത്തിയത്…?
ചെന്ന് ചോദിയ്ക്ക് നിന്റെ മോനോട് നീ… അല്ലെങ്കിൽ ദേ ഈ കരഞ്ഞു കൂവി നിൽക്കുന്ന ഇവരോട് ചോദിയ്ക്ക് ഞാൻ പറഞ്ഞത് സത്യമല്ലേന്ന്…
ദേ ഇന്നും കൂടി ഇവരുടെ അടുത്തേയ്ക്ക് അവൻ വന്നില്ലേന്ന് ചോദിയ്ക്ക്…. ആ കിടക്കുന്ന എന്റെ അച്ഛന് മുമ്പിൽ വച്ചല്ലേ അവരു രണ്ടാളും ശരീരം പങ്കിട്ടെടുത്തതെന്ന് ചോദിയ്ക്ക്… അതു കണ്ടു കൊണ്ടുവന്നതുകൊണ്ടല്ലേ ഞാൻ അമ്മയെ കയറി പിടിയ്ക്കുന്ന ആഭാസനായതും കള്ളും കഞ്ചാവും തിന്നുന്ന വൃത്തികെട്ടവനായതെന്നും ചോദിയ്ക്ക്…. ചോദിയ്ക്ക് സാറെ….. ”
പൊട്ടിത്തെറിച്ച് അയാൾക്കു നേരെ ചീറിയടുത്ത് ശരൺ വിളിച്ചു പറഞ്ഞതോരോന്നും അവിടെ നിന്നവരിൽ പകപ്പു സൃഷ്ടിച്ചെങ്കിൽ തന്റെ ഊഹം ശരി തന്നെ എന്നൊരു ഭാവമായിരുന്നു എസ് ഐയിൽ അന്നേരം….
അവിടെ വന്നെത്തിയ നേരം മുതൽ അയാളിലെ പോലീസ് കണ്ണവിടെ കണ്ട ഓരോന്നിലും വ്യക്തമായ് തന്നെ പതിഞ്ഞിരുന്നു….
“സാറെ… അയ്യോ…. ഇവനിത് എന്തൊക്കെയാണ് ഈ പറയുന്നത്… എനിക്കിനി ജീവിക്കണ്ട ഈ ഭൂമിയിൽ… അയ്യോ…..”
ശരണിന്റെ വെളിപ്പെടുത്തലിൽ വിളറി വെളുത്ത് ഭയന്നു നിന്ന സതി എസ് ഐ യുടെ നോട്ടം തനിയ്ക്ക് നേരെ തിരിഞ്ഞെന്ന് കണ്ടതും വലിയ വായിൽ നെഞ്ചത്തടിച്ച് നിലവിളിച്ചു….
അവർക്കു മുമ്പിൽ ചെന്ന് കൈ രണ്ടും നെഞ്ചിൽ പിണച്ച് കെട്ടി നോക്കി നിന്നു എസ്ഐയും…
“നിങ്ങളൊന്നു സ്റ്റേഷനിലേക്ക് വരണം ഇവനൊപ്പം….”
ശാന്തമായ് എസ് ഐ പറഞ്ഞതു കേട്ട് മിഴിഞ്ഞു സതിയുടെ കണ്ണങ്കിൽ എസ് ഐ യുടെ നോട്ടം അവരുടെ വാരിവലിച്ചുടുത്ത ഡ്രസിലും അവരുടെ പുറം കഴുത്തിലായ് നീലിച്ചു കിടക്കുന്ന പാടുകളിലുമാണ്….
ആ നോട്ടമറിഞ്ഞതും തന്റെ കൈകളാൽ അവിടമെല്ലാം മറയ്ക്കാനൊരു ശ്രമം നടത്തി സതിയും…..
“ഞാ…. ഞാനെന്തിനാ… സാറെ പോലീസ് സ്റ്റേഷനിൽ വരുന്നത്….?
വിറച്ചും പതറിയും സതി ചോയ്ക്കേ അവരെ ഗൂഡമായൊന്നു നോക്കി അയാൾ…
“ശരൺ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ…? നിങ്ങൾക്കൊപ്പം ഇന്ന് ഒരുവനുണ്ടായിരുന്നുവെന്ന്…?
നിങ്ങളടെ ഭർത്താവിന്റെ ഈ അവസ്ഥയ്ക്ക് കാരണം നിങ്ങളും നിങ്ങൾക്കൊപ്പം
ഉള്ളവനും ആണെന്ന്… നിങ്ങളവനെ ഇല്ലാത്ത പീഡനം പറഞ്ഞ് കുടുക്കിയതാണെന്ന്… ഇതെല്ലാം ശരിയോ തെറ്റോ എന്നറിയാൻ ഏറ്റവും എളുപ്പവഴി നിങ്ങളെയൊന്ന് ഹോസ്പ്പിറ്റലിൽ കൊണ്ടു പോയ് എക്സാമിൻ ചെയ്യുകയാണ്…. അതിന്റെ ആദ്യപടിയാണ് സ്റ്റേഷനിൽ പോക്ക്…. പോയാലോ……?
ശരൺ പറഞ്ഞതിനെ ശരിവെച്ച് എസ് ഐ പറഞ്ഞതും വിളറി വെളുത്ത് നിന്നു സതി… അവരുടെ തകർന്നുള്ള ആ നിൽപ്പ് നോക്കി കൊണ്ടാണ് ഗീത ടീച്ചർ എസ് ഐയ്ക്ക് അടുത്തെത്തിയത്….
“സത്യം തെളിയിക്കണം സാറെ…. കാരണം സ്വന്തം അമ്മയുടെ പ്രവർത്തികൾ കണ്ട് കരഞ്ഞു തളർന്ന് ശരൺ ആദ്യം വന്നത് എന്റെ അടുത്താണ്… ഞാനവന് അത്രയും പ്രിയപ്പെട്ട ടീച്ചറാണ്…. എടുത്ത് ചാടാതെ കാര്യങ്ങളുടെ നിജസ്ഥിതി മുഴുവനറിഞ്ഞിട്ട് വേണ്ടതു ചെയ്യാമെന്ന് അവനു വാക്കു കൊടുത്തതും ഞാനാ….കാരണം അവൻ പറഞ്ഞത് സത്യമാണെന്നൊരു തോന്നൽ എനിയ്ക്കും ഉണ്ടായിരുന്നു…. പലതും ഇവർക്കടുത്തിരുന്ന് ഞാനും കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ…?
ഗീത ടീച്ചർ പറഞ്ഞു നിർത്തുമ്പോൾ തന്നെ ആൾക്കൂട്ടത്തിനിടയിലൂടെ ആരോ പ്രവീണിനെ വലിച്ചു കൊണ്ടവിടെ ഇട്ടിരുന്നു…. അവന്റെ അന്നേരത്തെ ദയനീയ ഭാവം ഉറക്കെ അവരോടെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു ശരൺ പറഞ്ഞതാണ് ശരിയെന്ന്….
തലയും കുനിച്ചുപിടിച്ച് നാട്ടുകാരുടെ കൂവിവിളികൾക്കിടയിലൂടെ സതിയും പ്രവീണും പോലീസ് വാഹനത്തിലേക്ക് കയറുമ്പോൾ അകത്ത് അച്ഛന്റെ കണ്ണുനീർ ഒപ്പുകയായിരുന്നു ശരൺ…. ഇനിയൊരിക്കലും ആ കണ്ണുകൾ നിറയാൻ അനുവദിക്കില്ല എന്ന വാശിയോടെ തന്നെ…..
✍️രജിത ജയൻ
