ഇന്നിപ്പോ ഞാൻ ഇല്ലാത്ത നേരം നോക്കി അവൻ എന്റെ വീട്ടിൽ കേറി കൊച്ചിനെ… അതിനൊന്നു ഒച്ചയെടുത്തു കരയാൻ പോലും പറ്റില്ല സാറേ ….

“സാറേ.. ഞാൻ ഒരുത്തനെ കൊന്നു”

ചോരയൊലിക്കുന്ന വാക്കത്തിയുമായി സ്റ്റേഷനു മുന്നിൽ എത്തിയ ആ മധ്യവയസ്കൻ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി എസ് ഐ സാജൻ.

അമ്പതിനോടടുത്ത പ്രായം. കീറിയ ഷർട്ടും ലുങ്കിയും വേഷം. രണ്ടിലും ചോരക്കറയുണ്ട് നെറ്റിയിലും കയ്യിലുമൊക്കെ മുറിവുകളും ചോരപ്പാടുകളും കയ്യിൽ ചോരയിൽ മുങ്ങിയ വാക്കത്തി.. ഒറ്റ നോട്ടത്തിൽ പറഞ്ഞത് സത്യമാണെന്ന് തന്നെ ഉറപ്പിക്കാം..

” ചേട്ടാ.. ഇതെന്താണ്.. കൊന്നോ.. ആരെയാണ് നിങ്ങൾ കൊന്നത് ”

കോൺസ്റ്റബിൾ സന്തോഷ്‌ വെപ്രാളത്തിൽ അയാൾക്കരികിലേക്ക് ഓടിയെത്തി.

” സാറേ.. എന്റെ.. എന്റെ മോളെ നശിപ്പിക്കാൻ നോക്കിയതാ അവൻ.. ഞാൻ കൊന്നു… വെട്ടി വെട്ടി കൊന്നു… അല്ലേൽ എന്റെ കൊച്ചിനെ അവൻ….”

ഒരു തരം വിഭ്രാന്തിയിലായിരുന്നു അയാൾ.

” എന്താണ് സാജാ… എന്താ പ്രശ്നം ”

പുറത്തേക്കിറങ്ങിയ സി ഐ മാധവും മൊത്തത്തിൽ ഒരു പന്തികേട് കണ്ട് തിരക്കി.
അവനെ കണ്ടപാടേ ഓടി അരികിൽ ചെന്ന് കാര്യങ്ങൾ വിവരിച്ചത് സാജനാണ്. ഒക്കെയും കേൾക്കെ മാധവിന്റെയും നെറ്റി ചുളിഞ്ഞു. അവൻ പതിയെ ആ വൃദ്ധന്റെ അരികിലേക്ക് ചെന്നു.

” ചേട്ടാ.. നിങ്ങൾ ടെൻഷൻ ആകേണ്ട.. എന്താ സംഭവം.. ക്ലിയർ ആയി ഒന്ന് പറയ്.. ”

“സാറേ… എന്റെ മോള്.. കൊച്ചിന് ജന്മനാ മിണ്ടാൻ പറ്റില്ല… കുറെ നാളായി ഒരുത്തൻ.. അവൻ… എന്റെ കൊച്ചിനെ ശല്യം ചെയ്യുവാ.. പലവട്ടം പറഞ്ഞ് വിലക്കാൻ നോക്കി… അപേക്ഷിച്ചു ഞാൻ .. എന്നിട്ടും അവൻ കേട്ടില്ല.. ഞങ്ങൾ പാവങ്ങളാ സാറേ… ആരും സഹായിക്കാൻ ഇല്ല.. ഇന്നിപ്പോ ഞാൻ ഇല്ലാത്ത നേരം നോക്കി അവൻ എന്റെ വീട്ടിൽ കേറി കൊച്ചിനെ… അതിനൊന്നു ഒച്ചയെടുത്തു കരയാൻ പോലും പറ്റില്ല സാറേ …. ”

പറഞ്ഞ് നിർത്തവേ പൊട്ടിക്കരഞ്ഞു പോയി അയാൾ. എന്നാൽ പെട്ടെന്ന് തന്നെ ആ മിഴികളിലേക്ക് രോഷം ഇരച്ചു കയറി.

” സാറേ.. വേറെ വഴിയില്ലായിരുന്നു എനിക്ക്… അവന്റെ ആരോഗ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് ആയില്ല ഒടുവിൽ ഈ വാക്കത്തിയെടുത്ത് വെട്ടി ഞാൻ… അവൻ മരിച്ചു. ”

പല്ലിറുമ്മി കൊണ്ട് അയാൾ പറഞ്ഞ് നിർത്തുമ്പോൾ അത് കെട്ടു കഥയല്ല എന്ന് ഉറപ്പിച്ചു മാധവ്.

” ചേട്ടാ.. ഈ ബോഡി ഇപ്പോ എവിടെയാണ്.. ”

ചോദിച്ചത് സാജൻ ആയിരുന്നു.

” എ.. എന്റെ വീട്ടിൽ…. ”

വിറച്ചു വിറച്ചു അയാൾ മറുപടി പറഞ്ഞു.
അതോടെ മുന്നിലേക്ക് കയറി മാധവ്.

“മോളും ആ വീട്ടിലാണോ… ”

“അതേ സാറേ.. എന്റെ കൊച്ച് ആകെ പേടിച്ചിരിക്കുവാ ഞാൻ ആരെയും ഒന്നും അറിയിച്ചിട്ടില്ല.. നേരെ ഇവിടേക്ക് ആണ് വന്നത്.. ”

മിഴികൾ തുടച്ചു കൊണ്ടയാൾ പറഞ്ഞു

” നിങ്ങൾ എങ്ങിനെയാ നിങ്ങൾ വന്നത്.. ”

സന്തോഷ്‌ ഇടയ്ക്ക് കയറി.

” എന്റെ.. ദേ.. എന്റെ സ്‌കൂട്ടിയിൽ ആണ് സാറേ … ”

ഓരത്ത് നിർത്തിയേക്കുന്ന സ്‌കൂട്ടിയിലേക്ക് വിരൽ ചൂണ്ടി അയാൾ. ഒക്കെയും കേട്ട് അല്പസമയത്തേക്ക് ചിന്തയിലാണ്ടു മാധവ്.. ശേഷം കൂടെയുള്ളവർക്ക് നേരെ തിരിഞ്ഞു

“നിങ്ങള് ജീപ്പിലേക്ക് കയറ്… ഇയാളെയും കയറ്റ് നമുക്ക് ഉടനെ ആ വീട്ടിലേക്ക് പോകാം… ”

പിന്നേ എല്ലാം വേഗത്തിലായിരുന്നു. അയാളെയും കയറ്റി മാധവും സന്തോഷും സാജനും നേരെ വീട്ടിലേക്ക് പാഞ്ഞു.

” സ്റ്റേഷനിലെ വേറെ ആരും തത്കാലം ഒന്നും അറിയണ്ട.. എന്തുകൊണ്ടാണെന്ന് സീക്രട്ട് ആക്കുന്നത് എന്ന് ഞാൻ പറയാം…. ”

മാധവ് നിർദ്ദേശിക്കുമ്പോൾ മറ്റു രണ്ടാളും തലയാട്ടി.

വൈകാതെ അവർ ആ ചെറിയ വീണ്ടിന് മുന്നിൽ എത്തി. പോലീസ് ജീപ്പ് കണ്ടപാടെ തന്നെ ചുറ്റും ആൾക്കാർ കൂടി ഒപ്പം അതിൽ നിന്നും ആ വൃദ്ധൻ ഇറങ്ങുന്നത് കൂടി കൺകെ എല്ലാവരുടെയും നെറ്റി ചുളിഞ്ഞു..

” എന്താ .. എന്താ പ്രശ്നം ”
” എന്തിനാ പോലീസ് ഒക്കെ.. ദേ അയാളുടെ കോലം നോക്കിയേ.. എന്തോ പ്രശ്നം ഉണ്ട് ”

ആരൊക്കെയോ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

ആ വൃദ്ധനൊപ്പം വീടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ മാധവ് കണ്ടു നിലത്ത് ചോരയൊലിപ്പിച്ചു കിടക്കുന്ന ഒരു ചെറുപ്പക്കാരൻ. കണ്ടിട്ട് മുപ്പത്ത് വയസോളം പ്രായം.. ആള് മരിച്ചു എന്നത് ഒറ്റ നോട്ടത്തിൽ വ്യക്തം.. പെട്ടെന്ന് അകത്തെ മുറിയിൽ ഒരു ഞരക്കം കേട്ട് ശ്രദ്ധിക്കവേ അവിടെ പേടിച്ചു ഭയന്നിരിക്കുന്ന ഒരു പെൺകുട്ടിയെയും അവൻ കണ്ടു. ഏകദേശം പതിനഞ്ചു പതിനാറു വയസ്സ് പ്രായം.. പേടിച്ചരണ്ട് മുറിയുടെ ഒരു മൂലയിൽ പമ്മിയിരിക്കുകയാണവൾ

” സാറേ.. നോക്ക്യേ.. കണ്ടിട്ട് ഇയാൾ പറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നുന്നു… ദേ ആ മോള്. ആകെ ഭയന്ന് ഇരിക്കുവാ.. ”

സാജൻ അടക്കം പറയുമ്പോൾ ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചു മാധവ്.

” രേഖ ഇന്ന് എവിടെയാണ് ഡ്യൂട്ടി. എവിടേ ആയാലും വേഗം ഇവിടേക്ക് വരാൻ പറയ് ”

അവൻ പറഞ്ഞത് കേൾക്കെ വേഗം ഫോണുമായി പുറത്തേക്കിറങ്ങി സന്തോഷ്‌.

” മോളെ…. ”

പൊട്ടിക്കരഞ്ഞു കൊണ്ട് ആ വൃദ്ധൻ അരികിലേക്ക് ചെന്നിരിക്കുമ്പോൾ അയാളുടെ മാറിലേക്ക് ചാഞ്ഞു ആ പെൺകുട്ടി. അവളപ്പോഴും പേടിച്ചു ഭയന്ന് മാനസിക നില പോലും തെറ്റിയ അവസ്ഥയിൽ ആയിരുന്നു. ഒരു നിമിഷം ആ അച്ഛന്റെയും മോളുടെയും ദയനീയാവസ്ഥ കണ്ടിട്ട് മാധവിന്റെ മിഴികൾ തുളുമ്പി.

പിന്നേ എല്ലാം വേഗത്തിലായിരുന്നു വാർത്ത നാട്ടിൽ പരന്നു.. ആൾക്കാരായി ബഹളമായി… ഇതിനിടയിൽ ആംബുലൻസ് എത്തി ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റി.. ആ വൃദ്ധനും മകളും ജീപ്പിലേക്ക് കയറുമ്പോഴാണ് കേട്ട വാർത്ത പലരും പൂർണമായും വിശ്വസിച്ചത്.

***************************

“ഏട്ടാ.. ആ പെൺകുട്ടിയെ ഇന്ന് കോടതി വെറുതേ വിട്ടു ല്ലേ.. ”

ഭാര്യ ശ്രുതിയുടെ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിയോടെ അതേ ന്ന് തലയാട്ടി മാധവ്.

” അതൊരു സംസാരിക്കാൻ കഴിയാത്ത കുട്ടി അല്ലെ.. പാവം അവൾക്ക് നിയമത്തിന്റെ പരിഗണന ഉണ്ട്.. ആക്രമിക്കാൻ ചെന്നപ്പോൾ സ്വയ രക്ഷയ്ക്ക് ചെയ്ത കൊലപാതകം. അതും കൊല്ലാൻ വേണ്ടി ചെയ്തതല്ല ചെറുത്ത് നിൽപ്പിനിടക്ക് ആള് മരിച്ചതാണ്.. പിന്നേ ഈ മരിച്ചവൻ ഒരു ഫ്രോഡ് ആയിരുന്നു പെണ്ണ് കേസൊക്കെ വേറെ കുറെ ഉണ്ടായിരുന്നു. എല്ലാം കൂടിയായപ്പോൾ ആ കുട്ടിയെ വെറുതെ വിട്ടു ”

മാധവിന്റെ മറുപടി കേൾക്കെ അവനോട് വല്ലാത്ത ബഹുമാനം തോന്നി ശ്രുതിയ്ക്ക്.

” ഏട്ടൻ ചെയ്തത് ഒരു വലിയ കാര്യമാണ്. ”

സംതൃപ്തിയിൽ അവൾ പറയുമ്പോൾ ഒന്ന് പുഞ്ചിരിച്ചു മാധവ്.

” മനുഷ്യത്വമുള്ള ആരും ഇതേ ചെയ്യുള്ളു ശ്രുതി… ആ അച്ഛൻ കോടതിയ്ക്ക് മുന്നിൽ എത്തിയാൽ ഉറപ്പായും ശിക്ഷിക്കപ്പെടും. അയാൾ ജയിലിൽ പോയാൽ എന്താകും ആ കുട്ടിയുടെ അവസ്ഥ. അടുത്ത ബന്ധുക്കൾ പോലും ഇല്ല അവർക്ക്.. അതിനാണേൽ സംസാരിക്കാൻ പോലും കഴിയില്ല.. അന്വേഷിച്ചപ്പോ അയാൾ പറഞ്ഞതെല്ലാം സത്യാണെന്ന് തെളിഞ്ഞു അതാണ് അവരെ കാര്യം പറഞ്ഞ് മനസിലാക്കി അയാൾക്ക് പകരം ആ കുട്ടി ചെയ്തു എന്നാക്കിയത്…. അവൾക്ക് നിയമത്തിന്റെ പരിരക്ഷ കിട്ടുമെന്ന് ഉറപ്പ് ആയിരുന്നു. പിന്നെ ഒപ്പം ഉണ്ടായിരുന്ന സാജനും സന്തോഷും രേഖയും ഒരേ മനസ്സോടെ ഒപ്പം നിന്നു.. എല്ലാം മംഗളമായി ”

പറഞ്ഞ് നിർത്തുമ്പോൾ ഉള്ളിൽ ഒരു സംതൃപ്തി തോന്നി മാധവിനു. അപ്പോഴേക്കും അവരുടെ മകളും ഓടിയെത്തി..

“മോളെ വാ… ”

മകളെ എടുത്തു മടിയിൽ ഇരുത്തി ശ്രുതിക്ക് നേരെ നോക്കി മാധവ്.

” എടോ.. വിധി വന്ന ശേഷം ആ അച്ഛനും മകളും എന്നെ കാണാൻ വന്നു. എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി അവരുടെ സന്തോഷം കണ്ടിട്ട്.. ആ പെൺകുട്ടി എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..പാവം… ചെയ്തത് കൊലപാതകമാണ് അതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. പോലീസുകാർ എന്ന നിലയിൽ ഞങ്ങൾ ചെയ്തതിനും ന്യായീകരണം അർഹിക്കുന്നില്ല. പക്ഷെ എല്ലാത്തിനും മുകളിൽ സർവ്വേശ്വരന്റെ കോടതിയിൽ ഞങ്ങൾ തെറ്റുകാരല്ലാ… അത് ഉറപ്പ് ആണ്. ”

മകൾക്ക് ഒരു മുത്തം നൽകി മാധവ് നിവരുമ്പോൾ അവനരുകിൽ ചെന്നിരുന്നു ചുമലിലേക്ക് ചാഞ്ഞു ശ്രുതിയും..

” നിങ്ങൾ ചെയ്തതാണ് ശെരി ഏട്ടാ.. കേട്ടിടത്തോളം അവൻ ചാവേണ്ടവൻ തന്നെയാണ്. ആ അച്ഛന്റെയും മകളുടെയും പ്രാർഥന എന്നും നമ്മുടെ കുടുംബത്തിനുണ്ടാകും ”

ആ വാക്കുകൾ കേട്ട് പുഞ്ചിരിച്ചു മാധവ്…

” അവര് ഇനിയേലും സന്തോഷമായി ജീവിക്കട്ടെ.. ആ കുട്ടിയുടെ കാര്യം ഇപ്പോൾ മന്ത്രി തലത്തിൽ ഒക്കെ ചർച്ച ചെയ്യപ്പെട്ടതാ…. അവൾക്ക് ഉറപ്പായും ഏതേലും സർക്കാർ സ്ഥാപനത്തിൽ ജോലി കിട്ടും… അവര് ഹാപ്പി ആകും.. നമ്മളും ഹാപ്പി ”

 

(ശുഭം )

Leave a Reply

Your email address will not be published. Required fields are marked *