കല്യാണം കഴിഞ്ഞ ഉടനെ അവൾക്ക് പീരിയഡ്സ് ആയതും, പിന്നാലെ ഹരിയുടെ മടക്കയാത്രയും കാരണം അവർക്ക് ഒന്നാകാൻ കഴിഞ്ഞിരുന്നില്ല.…

​”ഏടത്തിക്ക് ഈ പാവാട വേണ്ടല്ലോ? എനിക്കാണെങ്കിൽ ഈ കളർ ഇല്ല താനും!” ഹരിയേട്ടൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന പെട്ടിയിലെ മൂന്ന് അടിപ്പാവാടകളിൽ രണ്ടെണ്ണം കയ്യിൽ പിടിച്ചു കൊണ്ടാണ് ഹരിതയുടെ ചോദ്യം. ചോദ്യം എന്നതിനേക്കാൾ അതൊരു തീരുമാനമായിരുന്നു. ഹരി കൊണ്ടുവന്ന സാധനങ്ങളിൽ ഒരുവിധം എല്ലാം അവൾ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ബാക്കിയുള്ളത് ഹർഷയും കൈക്കലാക്കി. പെട്ടി തുറന്നപ്പോൾ മുതൽ അവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ കൊള്ളയടിക്കൽ വീണ നിശബ്ദയായി നോക്കി നിന്നു.

​അറിയാതെ ‘വേണ്ട’ എന്ന് വീണ തലയാട്ടി പോയതും ഹരിതയുടെ ചുണ്ടിൽ ഒരു വിജയചിരി വിടർന്നു. അവൾ അതും കൂടി എടുത്ത് തന്റെ കവറിലേക്ക് നിറച്ചു. എല്ലാം കണ്ടു കൊണ്ട് ഹരിയുടെ അമ്മ ഒരു വശത്ത് ചിരിയോടെ നിൽക്കുന്നുണ്ട്. മരുമകൾക്ക് കിട്ടുന്നതിനേക്കാൾ സ്വന്തം മക്കൾക്ക് എന്തെങ്കിലും ഒന്ന് കൂടുതൽ കിട്ടുന്നത് കാണുന്നതാണ് ആ അയമ്മയ്ക്ക് വലിയ സന്തോഷം. വീണയുടെ മുഖത്തെ മ്ലാനത അവർ കണ്ടില്ലെന്ന് നടിച്ചു.

അപ്പോഴേക്കും ഹരി അകത്തേക്ക് വന്നു. ഹരിതയുടെ ഭർത്താവ് വിവേക് അയാളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. ഹരി വിവേകിനെ നോക്കി പറഞ്ഞു, “ഒരു മിനിട്ട് അളിയാ, അത് മാത്രം ഞാൻ റൂമിലോട്ട് മാറ്റി വെച്ചിട്ടുണ്ട്, ഇപ്പോൾ എടുത്തിട്ട് വരാം!” ഹരി ഇത് പറഞ്ഞപ്പോൾ വിവേകിന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന വിദേശ മദ്യത്തിന്റെ കുപ്പി കാണുമ്പോൾ വിവേകിന് എപ്പോഴും ഈ ആവേശമാണ്. ഹരി മുറിയിൽ പോയി റെഡ് ലേബലിന്റെ ഒരു വലിയ ബോട്ടിൽ കൊണ്ടുവന്ന് വിവേകിന് കൊടുത്തു.

അത് വാങ്ങുമ്പോൾ വിവേക് ഹരിതയെ ഒന്ന് പാളി നോക്കി. അർത്ഥഗർഭമായി അവളൊന്ന് ചിരിച്ചു. എന്നിട്ട് ഹരിയെ നോക്കി പരിഭവം നടിച്ച് പറഞ്ഞു, “ഈ ഏട്ടന് എത്ര പണം ചെലവാക്കിയാലും മതിയാവില്ല! ഇനിയിപ്പോ ഹർഷയുടെ ഭർത്താവ് അരുൺ വരുമ്പോൾ അവനും കൊടുക്കണ്ടേ ഇതുപോലൊരെണ്ണം?” ഹരിതയുടെ ഈ വർത്തമാനം കേട്ടതും ഹർഷയ്ക്ക് ദേഷ്യം വന്നു. “അതെന്താ ഹരിതേച്ചി അങ്ങനെ ഒരു സംസാരം? വിവേകേട്ടന് മാത്രം മതിയോ കുപ്പി? അരുണേട്ടൻ വരുമ്പോൾ അവിടുള്ളവർ ചോദിക്കില്ലേ അളിയൻ എന്ത് കൊണ്ടുവന്നു എന്ന്?” രണ്ടു പെങ്ങന്മാരും തമ്മിൽ ഹരി കൊണ്ടുവന്ന സാധനങ്ങളുടെ പേരിൽ ചെറിയൊരു തർക്കം തന്നെ അവിടെ നടന്നു.

എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ വീണ ഒരു വശത്ത് നിന്നു. കല്യാണം കഴിഞ്ഞതിനുശേഷം ഹരി ആദ്യമായാണ് ലീവിന് വരുന്നത്. അതിന്റെ ഒരു വെപ്രാളവും പേടിയും വീണയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ തവണ ഹരി വന്നപ്പോൾ ഒരു വിവാഹം കഴിക്കണം എന്ന തീരുമാനത്തിലായിരുന്നു. പല ആലോചനകളും പരാജയപ്പെട്ട ഒടുവിൽ, ലീവ് തീരാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് അവൻ വീണയെ കാണുന്നത്. ദരിദ്രമായ ചുറ്റുപാടിൽ നിന്നുള്ള വീണയെ ഹരിയുടെ വീട്ടുകാർക്ക് അത്ര താല്പര്യമില്ലായിരുന്നു.

എന്നാൽ ഹരിയുടെ നിർബന്ധത്തിന് വഴങ്ങി ആ വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് ആകെ അഞ്ചാറു ദിവസമാണ് അവർക്ക് ഒന്നിച്ച് കിട്ടിയത്. വിരുന്നും മറ്റുമായി ആ ദിവസങ്ങളും കടന്നുപോയി. മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ പോലും അവസരം കിട്ടുന്നതിന് മുൻപേ ഹരി തിരികെ ഗൾഫിലേക്ക് പോയി.

​പിന്നീട് ഒരു വർഷത്തോളം ഫോണിലൂടെയായിരുന്നു സംസാരം. ഹരി സ്വതവേ ഗൗരവക്കാരനായതുകൊണ്ട് വീണയ്ക്ക് അങ്ങോട്ട് അധികം സംസാരിക്കാൻ പേടിയായിരുന്നു. ഇപ്പോൾ വീണ്ടും ഹരി വരുമ്പോഴും അവർക്കിടയിൽ ആ പഴയ അകലം നിലനിൽക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഹരിയുടെ അമ്മ ഒരു ഗ്ലാസ് പാൽ വീണയുടെ കയ്യിൽ കൊടുത്തുവിട്ടു. സത്യത്തിൽ അവർ തമ്മിൽ യഥാർത്ഥത്തിലുള്ള ഒരു ദാമ്പത്യ ജീവിതം തുടങ്ങിയിട്ടുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ ഉടനെ അവൾക്ക് പീരിയഡ്സ് ആയതും, പിന്നാലെ ഹരിയുടെ മടക്കയാത്രയും കാരണം അവർക്ക് ഒന്നാകാൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് അവർ മര്യാദയ്ക്ക് ഒരു രാത്രി ഒരു മുറിയിൽ കഴിയാൻ പോകുന്നത്.

​മുറിയിലേക്ക് കയറുമ്പോൾ വീണയുടെ ഉള്ളിൽ ചെറിയൊരു ഭയമുണ്ടായിരുന്നു. ഹരി അത് മനസ്സിലാക്കി അവളെ അരികിൽ പിടിച്ചിരുത്തി. പക്ഷേ ഹരിക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത് മുഴുവൻ തന്റെ അനിയത്തിമാരെയും അളിയന്മാരെയും കുറിച്ചായിരുന്നു.

“അവരൊക്കെ പാവങ്ങളാണ് വീണ, ഭയങ്കര സ്നേഹമുള്ളവരാ. എന്ത് കാര്യത്തിനും അവർ എന്റെ കൂടെ ഉണ്ടാകും,” ഹരി അഭിമാനത്തോടെ പറഞ്ഞു. എന്നാൽ വീണയുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. നനഞ്ഞ ഇടം കുഴിക്കാൻ നോക്കുന്ന സ്വാർത്ഥമതികളായിട്ടാണ് അവൾക്ക് അവരെ തോന്നിയത്. എന്തിനും ഏതിനും ഹരിയെ വിളിച്ച് പൈസ ചോദിക്കുന്ന അവരുടെ സ്വഭാവം വീണയ്ക്ക് അറിയാമായിരുന്നു. പക്ഷേ ഹരിയുടെ അടുത്ത് ഒന്നും പറയാനുള്ള സ്വാതന്ത്ര്യം അവൾക്ക് അന്നുണ്ടായിരുന്നില്ല.

​സംസാരത്തിനിടയിൽ ഹരി അവൾക്കായി കൊണ്ടുവന്ന ഒരു ബ്രേസ്‌ലെറ്റ് പുറത്തെടുത്തു. “ഇത് നിനക്ക് വേണ്ടി ഞാൻ പ്രത്യേകം വാങ്ങിയതാ,” അവൻ അത് അവളുടെ കയ്യിൽ അണിയിച്ചു. സന്തോഷം കൊണ്ട് വീണയുടെ കണ്ണുകൾ നിറഞ്ഞു. ഹരി അവളെ ചേർത്തുപിടിച്ചു. ആ രാത്രി അവർക്കിടയിലെ മഞ്ഞുരുകി.

​എന്നാൽ പിറ്റേദിവസം ഹർഷ ആ ബ്രേസ്‌ലെറ്റ് കണ്ടു. അത് തനിക്ക് വേണമെന്ന് പറഞ്ഞ് അവൾ അമ്മയുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു.

അമ്മ ഹരിയോട് കാര്യം പറഞ്ഞു. അമ്മയുടെയും അനിയത്തിയുടെയും നിർബന്ധത്തിന് മുന്നിൽ ഹരിക്ക് വഴങ്ങേണ്ടി വന്നു. ഒടുവിൽ വീണയുടെ കയ്യിലുണ്ടായിരുന്ന ആ ബ്രേസ്‌ലെറ്റ് ഹർഷ സ്വന്തമാക്കി. വീണ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ഉള്ളം വിങ്ങി. ഹരി അവളെ സമാധാനിപ്പിച്ചു, “സാരമില്ലെടോ, അടുത്ത തവണ ഇതിലും നല്ലത് ഞാൻ വാങ്ങിത്തരാം.”

ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി. ഹരി വീണ്ടും ഗൾഫിലേക്ക് പോയി. എന്നാൽ ഇത്തവണ കാര്യങ്ങൾ വിചാരിച്ച പോലെയായിരുന്നില്ല. ഹരിയുടെ ജോലിക്ക് അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായി. കമ്പനി പൂട്ടിയതോടെ അവന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കയ്യിൽ സമ്പാദ്യമൊന്നുമില്ലാതെ നാട്ടിലെത്തിയ ഹരി ശരിക്കും ഒറ്റപ്പെട്ടു. ഒരു ബിസിനസ് തുടങ്ങാൻ പണം ചോദിച്ച് അവൻ തന്റെ പെങ്ങന്മാരെ സമീപിച്ചു.

ഗൾഫിൽ ആയിരുന്നപ്പോൾ താൻ വാരിക്കോരി കൊടുത്തവരിൽ നിന്ന് ഒരു സഹായം അവൻ പ്രതീക്ഷിച്ചു. പക്ഷേ, പണം നൽകാൻ രണ്ടുപേരും തയ്യാറായില്ല. “ഇപ്പോൾ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല ഏട്ടാ” എന്നായിരുന്നു മറുപടി. അന്ന് ഹർഷയ്ക്ക് വാങ്ങി നൽകിയ ഗോൾഡ് എങ്കിലും തരാൻ പറഞ്ഞപ്പോൾ അവൾ മുഖം തിരിച്ചു.
​താൻ ഇത്രയും കാലം സ്നേഹിച്ചവരുടെയും സംരക്ഷിച്ചവരുടെയും ശരിക്കുള്ള സ്വഭാവം ഹരി അന്ന് തിരിച്ചറിഞ്ഞു.

ഹരി നിരാശനായി ഇരിക്കുമ്പോൾ, വീണ അവന്റെ അടുത്തേക്ക് വന്നു. അവൾ തന്റെ ആഭരണപ്പെട്ടി അവന്റെ മുന്നിൽ വെച്ചു. “ഇതെടുത്ത് എന്തെങ്കിലും ചെയ്യൂ ഏട്ടാ, എനിക്ക് ഇത് പിന്നീട് വാങ്ങാമല്ലോ,” ഒരു വാക്കുപോലും ചോദിക്കാതെ തന്റെ സ്വർണ്ണം മുഴുവൻ അവൾ അവന് നൽകി. വീണയുടെ സ്നേഹത്തിന് മുന്നിൽ ഹരിയുടെ കണ്ണുകൾ നിറഞ്ഞു.

​ആ സ്വർണ്ണം വിറ്റ കിട്ടിയ പണവും ഗൾഫിലെ ചില സുഹൃത്തുക്കളുടെ സഹായവും ചേർത്ത് ഹരി നാട്ടിൽ ഒരു ചെറിയ കച്ചവടം തുടങ്ങി. ഹരിയുടെ അധ്വാനവും വീണയുടെ പിന്തുണയും കൊണ്ട് ആ കട പച്ചപിടിച്ചു. ക്രമേണ അതൊരു വലിയ സ്ഥാപനമായി മാറി. ഗൾഫിൽ കിട്ടിയിരുന്നതിനേക്കാൾ വലിയ വരുമാനം അവന് നാട്ടിൽ തന്നെ ലഭിക്കാൻ തുടങ്ങി.

ഹരി പണക്കാരനായെന്ന് കണ്ടതോടെ പഴയ പെങ്ങന്മാരും അളിയന്മാരും പതുക്കെ ഒട്ടി വരാൻ തുടങ്ങി. സ്നേഹം നടിച്ച് അവർ അടുത്തുകൂടി.
​എന്നാൽ ഇത്തവണ ഹരി മാറിപ്പോയിരുന്നു. അവരെ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരു കൃത്യമായ അകലം അവൻ പാലിച്ചു.
മാത്രവുമല്ല ഇനി അവർക്ക് ഒരു രൂപ പോലും കൊടുക്കില്ല എന്ന് തീരുമാനിക്കുകയും ചെയ്തു..

അതോടെ പണം മാത്രം കണ്ടു വന്ന ആ ബന്ധങ്ങൾ അകന്നു..

ലോകത്ത് തനിക്ക് ഏറ്റവും വിശ്വസിക്കാവുന്നതും സ്നേഹിക്കാവുന്നതും തന്റെ ഭാര്യയെ മാത്രമാണെന്ന് അവൻ പഠിച്ചുകഴിഞ്ഞു. ഇപ്പോൾ അവരുടെ ജീവിതം സന്തുഷ്ടമാണ്. ആ സ്നേഹത്തിന്റെ അടയാളമായി അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാൻ പോകുന്നു. ആറുമാസം കൂടി കഴിഞ്ഞാൽ തങ്ങളുടെ കുഞ്ഞിനെ കൈകളിൽ ഏന്താമെന്ന പ്രതീക്ഷയിൽ വീണയും ഹരിയും സന്തോഷത്തോടെ കാത്തിരിക്കുന്നു.

സ്റ്റോറി ബൈ ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *