”” അതെ ഞങ്ങൾ ഇപ്പോ ഒരു കാർ വാങ്ങാനുള്ള പ്ലാനിങ്ങിൽ ആണ് ഈ സമയത്ത് പിഎഫിൽ നിന്ന് വേറെ ലോൺ എടുക്കാൻ പറ്റില്ല!””
സന്ധ്യ അത് എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞപ്പോൾ ഒന്നും പറയാനില്ലാതെ രമേഷ് തലയും താഴ്ത്തി ഇരുന്നു..
അമ്മാവന്മാരും അവരുടെ ഭാര്യമാരും എല്ലാവരും ഉണ്ട് അവരുടെ മുന്നിൽ വച്ചാണ് അവൾ അങ്ങനെ പറഞ്ഞത്..
സുമതിയുടെ കണ്ണുകൾ നിറഞ്ഞു..
സ്വന്തം മരുമകൾ ഇങ്ങനെ മുഖത്ത് അടിച്ചത് പോലെ പറഞ്ഞു കളയും എന്ന് അവർ കരുതിയില്ല..
എല്ലാവരും സഹതാപത്തോടെ സുമതിയെ നോക്കി ചിലരുടെ മുഖങ്ങളിൽ ഇത് ഇങ്ങനെ തന്നെ വേണം എന്ന ഭാവം ആയിരുന്നു.
തന്റെ മകൻ മരുമകളെ എതിർത്ത് എന്തെങ്കിലും ഒന്ന് പറയുമെന്ന് അവർ കരുതി പക്ഷേ അങ്ങനെ ഒന്ന് ഉണ്ടായില്ല..
വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു വീടാണ് സുമതിയുടേത് എങ്കിലും സമാധാനം ഉണ്ടായിരുന്നു ഭർത്താവ് ശേഖരന് തടിമില്ലിൽ ആയിരുന്നു ജോലി.. തുച്ഛമായ വരുമാനം മാത്രമേ ഭർത്താവിന് ഉണ്ടായിരുന്നുള്ളൂ എങ്കിലും അയാൾ ആ പണം കൊണ്ട് അവരെയെല്ലാം പൊന്നുപോലെ നോക്കിയിരുന്നു അവർക്ക് രണ്ടു മക്കളാണ് രമേശും രമ്യയും.. രമേഷ് ഉണ്ടായി 7 വർഷം കഴിഞ്ഞിട്ടാണ് രമ്യ ഉണ്ടായത്..
രണ്ടുപേരും പഠിക്കാൻ മിടുക്കനായിരുന്നു പ്രത്യേകിച്ച് രമേഷ് അതു കൊണ്ടു തന്നെ ശേഖരന് എത്രയൊക്കെ കഷ്ടപ്പെട്ടാലും അവർക്ക് വിദ്യാഭ്യാസം കൊടുക്കണം എന്നായിരുന്നു എന്നാൽ രമേഷ് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായ ഒരു അപകടത്തിൽ ശേഖരൻ മരിച്ചു, രമ്യ അപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു..
പിന്നീടങ്ങോട്ട് കുടുംബത്തിന്റെ ഭാരം മുഴുവൻ സുമതി ഏറ്റെടുത്തു അടുത്ത വീടുകളിൽ ജോലിക്ക് പോയി, തൊഴിലുറപ്പിന് പോയി കിട്ടുന്ന പണം കൊണ്ട് വീട്ടിൽ ചിലവ് നടത്തി
ഇതിനിടയിൽ ശേഖരന്റെ ഇൻഷുറൻസ് തുക കിട്ടി ആ പണം കൊണ്ട് സുമതി രമേശിനെ നന്നായി പഠിപ്പിച്ചു.. മിടുക്കനായ രമേഷ് ഒരു ഗവൺമെന്റ് ജോലി വാങ്ങി എടുത്തു..
ഇതോടെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം തീരും എന്ന് സുമതി മനക്കോട്ട കെട്ടി..
തന്റെ കുഞ്ഞനിയത്തിയായ രമ്യയുടെ കാര്യം രമേഷ് നോക്കിക്കോളും എന്നും അവർ കണക്ക് കൂട്ടി.
അതുകൊണ്ട് സുമതി കിട്ടിയ തുക മുഴുവൻ രമേഷിന്റെ പഠനത്തിനു വേണ്ടി ചിലവാക്കി.
എന്നാൽ നാട്ടിലെ തന്നെ പ്രമാണിയായ വിജയന്റെ മകൾ സന്ധ്യയുടെ വിവാഹാലോചന അവന് വന്നതോടെ അവരുടെ തലവര മാറുകയായിരുന്നു..
ആദ്യം ദരിദ്രവാസിയായ വിജയൻ പിന്നീട് ഗൾഫിൽ പോയി ഇപ്പോൾ പുത്തൻ പണക്കാരൻ ആയാണ് തിരിച്ചു വന്നിരിക്കുന്നത്.
റോഡരികിൽ തന്നെ കൊട്ടാരം പോലുള്ള ഒരു വീട് അയാൾ പണിത് വച്ചിട്ടുണ്ട്.. പണം ഉള്ളതുകൊണ്ട് തന്നെ അയാൾ ഇപ്പോൾ എല്ലാവർക്കും സ്വീകാര്യനാണ്.
വിജയനെ പോലെ ഒരാൾ തന്റെ വീട്ടിലേക്ക് വിവാഹാലോചനയുമായി വന്നത് വലിയ അഭിമാനത്തോടെയാണ് സുമതി സ്വീകരിച്ചത്..
എന്നാൽ അതൊരു വലിയ കെണി ആയിരുന്നു എന്ന് പിന്നീട് അവർക്ക് മനസ്സിലായി വിവാഹം കഴിഞ്ഞതോടെ സന്ധ്യ രമേശിനെയും വിളിച്ച് അവളുടെ വീട്ടിലേക്ക് പോയി..
ഒരു രൂപ പോലും വീട്ടിലേക്ക് കൊടുക്കാൻ സന്ധ്യ രമേഷിനെ പിന്നീട് അനുവദിച്ചില്ല.. എനിക്ക് ജോലി കിട്ടിയാൽ അമ്മ പിന്നെ ഒരു ജോലിക്കും പോകണ്ട എന്ന് മകൻ പറഞ്ഞിരുന്നു.. എന്നാൽ ആ അമ്മയ്ക്ക് എല്ലാ ജോലിക്കും വീണ്ടും പോകേണ്ടി വന്നു..
അമ്മയുടെ കഷ്ടപ്പാട് കണ്ട് രമ്യ ഇനി പഠിക്കുന്നില്ല എന്ന് പറഞ്ഞതും അച്ഛന്റെ മോഹം ഇതായിരുന്നു എന്ന് പറഞ്ഞു സുമതി പഴയതുപോലെ കഷ്ടപ്പെട്ട് തന്നെ അവളെ പഠിപ്പിച്ചു അതിനിടയിലാണ് നല്ല ഒരു വിവാഹാലോചന അവൾക്ക് വന്നത്..
ചെറുക്കന്റെ കൂട്ടർ സ്ത്രീധനം ഒന്നും ചോദിച്ചിരുന്നില്ല എങ്കിലും മാന്യം മര്യാദയ്ക്ക് പെണ്ണിനെ ഇറക്കി വിടാനും വേണമല്ലോ പൈസ..
കുറച്ച് ചിട്ടിയും മറ്റും ആയി കിട്ടും.. ബാക്കിയുള്ളത് വീട് പണയപ്പെടുത്തി എടുക്കാം എന്ന് കണക്ക് കൂട്ടി സുമതി.. അക്കാര്യം എല്ലാവരോടും അവതരിപ്പിക്കുന്നത് നിശ്ചയത്തിന്റെ അന്ന് ആകാം എന്നും കരുതി.
ചെറുക്കന്റെ കൂട്ടർ ഇറങ്ങിയപ്പോൾ തന്റെ മനസ്സിലുള്ളത് സുമതി അവിടെ പറഞ്ഞു അതോടെ സന്ധ്യ ആണ് എതിർത്തത്.. വീട് അവർക്ക് കൂടി അവകാശപ്പെട്ടതാണ് അങ്ങനെ പണയം വയ്ക്കാൻ ഒന്നും പറ്റില്ല എന്ന് അവൾ എല്ലാവരുടെയും മുഖത്ത് നോക്കി തന്നെ പറഞ്ഞു…
അന്നേരം ആരോ ഒരാൾ, എന്നാൽ പിന്നെ പിഎഫിൽ നിന്ന് ലോണെടുത്ത് നിങ്ങൾ സഹായിക്കു എന്ന് പറഞ്ഞു
അതിനാണ് അവൾ ഈ ബഹളം മുഴുവൻ ഉണ്ടാക്കിയത്.. എന്നാൽ രമേഷ് ഒരക്ഷരം മിണ്ടിയില്ല എന്നതാണ് സുമതിയെ ഏറെ തളർത്തിയത്..
”രമേശേ… നീയെങ്കിലും ഒന്ന് പറയ്, നിന്റെ പെങ്ങളല്ലേ ഇത്…” സുമതി വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.
രമേഷ് പതുക്കെ തലയുയർത്തി. “അമ്മേ… സന്ധ്യ പറയുന്നത് കേട്ടില്ലേ, ഞങ്ങൾക്ക് ഒരു കാർ അത്യാവശ്യമാണ്. ലോൺ എടുത്താൽ പിന്നെ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടും. അമ്മ ഈ വീടിന്റെ കാര്യം ഇപ്പോൾ പറയേണ്ടായിരുന്നു.”
സന്ധ്യ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
“നോക്ക,, ഈ വീട് പഴയതാണെങ്കിലും ഇതിന് നല്ല വില കിട്ടും. ഇതിന്മേൽ ലോൺ എടുത്ത് ഞങ്ങളെ കൂടി ബാധ്യതയിലാക്കാൻ സമ്മതിക്കില്ല. ഇതിൽ രമേഷിനും അവകാശമുണ്ട്.”
ബഹളം കേട്ട് രമ്യ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. “അമ്മേ, എനിക്ക് ഈ കല്യാണം വേണ്ട. നമുക്ക് ആരുടെയും സഹായം വേണ്ട അമ്മേ…”
സുമതി മകളെ ചേർത്തുപിടിച്ചു. “വേണ്ട മോളെ, നിന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു നിന്റെ വിവാഹം. അത് ഞാൻ നടത്തും.”
ബന്ധുക്കളെല്ലാം ഓരോന്നായി പിരിഞ്ഞു പോയി.
പലരും പുറത്തിറങ്ങി സുമതിയെ കളിയാക്കി സംസാരിച്ചു. മകൻ കൈവിട്ടതോടെ സുമതിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഒടുവിൽ അവർ ആ കഠിനമായ തീരുമാനമെടുത്തു. വീട് വിൽക്കുക!
രമേഷിനെ വിളിച്ച് അവർ പറഞ്ഞു, “രമേശേ, നിനക്ക് പണം വേണമല്ലോ. ഞാൻ ഈ വീട് വിൽക്കാൻ തീരുമാനിച്ചു. ഇതിന്റെ പകുതി പണം നിനക്ക് തരാം. ബാക്കി പണം കൊണ്ട് രമ്യയുടെ കല്യാണം നടത്താം.”
രമേഷിനും സന്ധ്യയ്ക്കും അതിൽ എതിർപ്പുണ്ടായിരുന്നില്ല. വീട് വിറ്റു. പണം കൈപ്പറ്റുമ്പോൾ സന്ധ്യയുടെ മുഖത്ത് ചിരിയായിരുന്നു. രമേഷ് അപ്പോഴും ഒന്നും മിണ്ടിയില്ല.
രമ്യയുടെ വിവാഹം ഭംഗിയായി നടന്നു. കല്യാണം കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. “അമ്മ എന്റെ കൂടെ വരണം. അമ്മയെ ഇവിടെ തനിച്ചാക്കി എനിക്ക് പോകാൻ വയ്യ.”
സുമതി ചിരിച്ചു. “അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല മോളെ. എനിക്ക് പോകാൻ ഒരിടമുണ്ട്.”
കല്യാണ ചടങ്ങുകൾ കഴിഞ്ഞ് സുമതി തന്റെ തുണികൾ ഒരു ചെറിയ ബാഗിലാക്കി. അവൾ ഇറങ്ങാൻ നേരം രമേഷ് അടുത്തു വന്നു. “അമ്മ എങ്ങോട്ടാ? വേണമെങ്കിൽ ഞങ്ങളുടെ കൂടെ നിൽക്കാം.”
സുമതി മകനെ ഒന്ന് നോക്കി. “വേണ്ട രമേശേ, മക്കളുടെ ഓശാരത്തിൽ കഴിയാൻ എനിക്ക് താല്പര്യമില്ല. എനിക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം ഞാൻ ഒരു വൃദ്ധസദനത്തിൽ ഏൽപ്പിച്ചിട്ടുണ്ട്. അവിടെയുള്ള വയസ്സായവരെ ശുശ്രൂഷിക്കാൻ ഉള്ള ജോലി ഞാൻ സ്വമേധയാ ഏറ്റെടുത്തു. വയസ്സായി കിടക്കുന്നവരെ നോക്കുക, അവർക്ക് ഭക്ഷണം മരുന്ന് ഒക്കെ കൃത്യസമയത്ത് നൽകുക. താമസവും ഭക്ഷണവും അവിടെ സൗജന്യമായി കിട്ടും.”
സന്ധ്യ പുച്ഛത്തോടെ നോക്കി. പക്ഷേ സുമതിക്ക് അതൊന്നും പ്രശ്നമായിരുന്നില്ല.
”അമ്മേ, ഇത് കഷ്ടപ്പാടല്ലേ?” രമേഷ് ചോദിച്ചു.
”അല്ല രമേശേ… മറ്റുള്ളവരുടെ വീടുകളിൽ പണിക്കു പോയി നിന്നെ പഠിപ്പിച്ച ഈ അമ്മയ്ക്ക്, അവശരായവരെ നോക്കുന്നത് കഷ്ടപ്പാടല്ല. നിന്റെ വീട്ടിൽ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടുന്നതിനേക്കാൾ വലിയ സമാധാനം എനിക്ക് അവിടെ കിട്ടും. ആരുടെയും ദയയില്ലാതെ എനിക്ക് അവിടെ കഴിയാം.”
ബാഗും തൂക്കി സുമതി ആ പടിയിറങ്ങി.
മകളുടെയും മകന്റെയും ജീവിതം അവർ ആഗ്രഹിച്ച പോലെയായി. ഇനി തനിക്ക് വേണ്ടി ജീവിക്കണം. വയസ്സായവരെ ശുശ്രൂഷിക്കുമ്പോൾ കിട്ടുന്ന ആ സ്നേഹവും സമാധാനവും മതി സുമതിക്ക് ഇനിയുള്ള കാലം.
സ്റ്റോറ്റി ബൈ ചന്ദ്ര
