”” എനിക്ക് റോണിച്ചായന്റെ കൂടെ പോയാൽ മതി!!” സ്റ്റേഷനിൽ വെച്ച് മകൾ അങ്ങനെ പറഞ്ഞപ്പോൾ നെഞ്ചിൽ കൊളുത്തി വലിക്കുന്ന വേദന തോന്നി ഡേവിഡിന്.. കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ താൻ കൊണ്ടു നടന്ന തന്റെ മകളാണ് ഇന്നലെ കണ്ട ഒരുത്തനു വേണ്ടി തന്നെ തള്ളി പറഞ്ഞിരിക്കുന്നത്…
അയാളുടെ കണ്ണുകൾ നിറഞ്ഞു.. ഡേവിഡിനെക്കാൾ ഞെട്ടിക്കൊണ്ട് അടുത്തുതന്നെ ഭാര്യ എൽസയും നിൽക്കുന്നുണ്ടായിരുന്നു.. ഇത്രയും തകർന്ന് അവർ സ്വന്തം ഭർത്താവിനെ കണ്ടിട്ടില്ല.. മകൾ ആയിട്ട് കൂടി റോസിലിനോട് കടുത്ത ദേഷ്യം തോന്നി എൽസക്ക് അത്രത്തോളം ഡേവിഡ് അവളെ കൊഞ്ചിച്ചിരുന്നു.
ഡേവിഡിനും രണ്ടു മക്കൾ ആണ്.. മൂത്തത് ആണ് റോസിലിൻ, രണ്ടാമത്തേത് ഒരു ആൺകുട്ടിയാണ് സിറിൽ.. ഡേവിഡിനെ കുഞ്ഞുങ്ങൾ എന്നു പറഞ്ഞാൽ ജീവൻ ആയിരുന്നു ഉണ്ടായത് മുതൽ രണ്ടും അവരുടെ പപ്പയുടെ നെഞ്ചിൽ കിടന്നാണ് ഉറങ്ങിയത്.. പപ്പ രാവിലെ എഴുന്നേൽപ്പിക്കണം പപ്പ പല്ല് തേച്ചു കൊടുക്കണം എന്നിങ്ങനെ കൂടുതൽ വാശി റോസിലിന് ആയിരുന്നു..
അത് കാണുമ്പോൾ എല്ലാം എൽസ ചീത്ത പറയും മക്കളെ നിലത്ത് നിർത്തി വളർത്തണമെന്ന് ഉപദേശിക്കും!! നീ പോടി എന്റെ കുഞ്ഞുങ്ങളെ നോക്കാൻ എനിക്കറിയാം എന്നായിരുന്നു ഡേവിഡ് പറഞ്ഞിരുന്നത്.. അങ്ങനെ അയാൾ നോക്കി വളർത്തിയതാണ് അവളെ, എന്നിട്ടും ഈ ചതി ചെയ്തത് കൊണ്ട് അവളെ ഒന്ന് നോക്കാൻ പോലും തോന്നിയില്ല എത്സക്ക്..
സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ പാതി മരിച്ച പോലെ ആയിരുന്നു ഡേവിഡ്…
എന്നാൽ അതൊന്നും റോസിലിൻ ശ്രദ്ധിച്ചതേയില്ല
അപ്പോൾ അവൾക്ക് തന്റെ പ്രണയം മാത്രം മതിയായിരുന്നു.
റോണി അവളെയും കൂട്ടി നേരെ പോയത് അവന്റെ വീട്ടിലേക്കാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, ഇടുങ്ങിയ വഴിയിലൂടെയുള്ള ആ യാത്ര റോസിലിന് വലിയൊരു പ്രതീക്ഷയായിരുന്നു. റോണി വലിയൊരു മുതലാളിയുടെ മകനാണെന്നും, ഒരു വലിയ ബംഗ്ലാവിൽ അവർ സുഖമായി കഴിയുമെന്നും അവൾ വിശ്വസിച്ചിരുന്നു..
രണ്ടുദിവസം നഗരത്തിലെ മുന്തിയ ഹോട്ടലിൽ ട്രോണിക്കൊപ്പം അവൾ അടിച്ചുപൊളിച്ചു ഇത് തന്നെയാണ് സ്വർഗം എന്ന് അവൾക്ക് തോന്നി..
എന്നാൽ കയ്യിലുള്ള പണം തീർന്നപ്പോൾ റോണി അവളെ കൊണ്ടു പോയത് ഒരു ചേരി പ്രദേശത്തേക്കായിരുന്നു. പലയിടത്തും ചോർന്നൊലിക്കുന്ന മേൽക്കൂരയും, മാലിന്യം നിറഞ്ഞ തെരുവുകളും കണ്ടപ്പോൾ തന്നെ റോസിലിന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
”ഇതാണോ റോണിച്ചായ നമ്മൾ താമസിക്കാൻ പോകുന്ന വീട്?” അവൾ ചോദിച്ചു. അവളുടെ ശബ്ദത്തിൽ ചെറിയൊരു വിറയൽ ഉണ്ടായിരുന്നു.
”അതെ, ഇവിടെ എന്താ കുഴപ്പം? ഇവിടെ താമസിക്കുന്നതും മനുഷ്യന്മാർ തന്നെയാണ്..,” റോണി ദേഷ്യത്തോടെ പറഞ്ഞു.
അവിടെ എത്തിയപ്പോഴാണ് അവൾ കണ്ടത്, നാല് പെങ്ങന്മാരും അമ്മയും അടങ്ങുന്ന ഒരു വലിയ കുടുംബം ആണ് റോണിയുടേത് എന്ന്.. ആാാ ചെറിയ വീട്ടിൽ തിങ്ങിപ്പാർക്കുകയാണ് അവർ.
റോസിലിനെ കണ്ടതും റോണിയുടെ അമ്മയുടെ മുഖം ചുളിഞ്ഞു. “ഇവളെയും കൂടി എവിടെ കൊണ്ടിടും? എനിക്ക് വയ്യ ഇവളെ നോക്കാൻ. പണിയെടുക്കാൻ മടിയുള്ള നീ എന്തിനാ ഒരു പെണ്ണിനെയും കൂടെക്കൂട്ടിയത്?” റോണിയുടെ അമ്മ തുറന്നടിച്ചു.
റോണി അത് കേട്ട് അമ്മയെയും പെങ്ങന്മാരെയും അസഭ്യം പറഞ്ഞു. അത് കേട്ടപ്പോൾ റോസിലിന് ഭയമായി. അവൾക്ക് തോന്നി താൻ വലിയൊരു കുടുക്കിലാണ് ചെന്ന് പെട്ടത് എന്ന്.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ വീട്ടിലെ അവസ്ഥ അവൾക്ക് മനസ്സിലായി. കുടിക്കുന്ന പച്ചവെള്ളത്തിന് പോലും സമാധാനം ഉണ്ടായിരുന്നില്ല. റോണി അവളെ വെറും അടിമയെപ്പോലെയാണ് കണ്ടിരുന്നത്. ജോലിക്ക് പോകാത്ത അവൻ ദിവസവും കുടിച്ചു വന്ന് അവളെ ഉപദ്രവിച്ചു..
രാത്രിയിൽ അവന്റെ ഇങ്കിതത്തിന് വഴങ്ങണം ആയിരുന്നു.. ക്രൂരമായി അവൻ ഓരോരോ രാത്രിയും അവളെ പിച്ചി ചീന്തി..
നരകതുല്യമായ ജീവിതം ആയിരുന്നു അവിടെ അതോടെ അവൾക്ക് മനസ്സിലായി താൻ എടുത്തുചാടി ചെയ്തത് വലിയ മണ്ടത്തരമാണെന്ന്. അവൾ ഫോൺ എടുത്ത് ഡേവിഡിനെ വിളിക്കാൻ ശ്രമിച്ചു. ഫോൺ റിംഗ് ചെയ്യുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
”ഹലോ.. പപ്പാ..” അവൾ കരച്ചിലടക്കി വിളിച്ചു.
പക്ഷേ മറുപുറത്ത് എൽസയായിരുന്നു. ” അങ്ങോട്ട് വരട്ടെ എന്ന് ചോദിക്കാൻ വേണ്ടിയാ ഞാൻ വിളിച്ചത് മമ്മീ.. ഇനി എനിക്ക് ഇവിടെ നിൽക്കാൻ വയ്യ ഇവരെന്നെ കൊല്ലും..” റോസിലിൻ അപേക്ഷിച്ചു.
”നീ മേലിൽ ഈ നമ്പറിലേക്ക് വിളിക്കരുത്. നിനക്ക് നിന്റെ ആൾക്കാരെ മതി എന്ന് പറഞ്ഞിട്ടല്ലേ നീ പോയത്? ഇനി ഞങ്ങളെ വിളിക്കണ്ട. നീ ആരുടെ കൂടെയാണോ പോയത് അവിടെത്തന്നെ കിടന്നോ,” എൽസ കർശനമായി പറഞ്ഞു ഫോൺ വെച്ചു.
ഓരോ ദിവസവും അവൾ മരണത്തിന്റെ വക്കിലായിരുന്നു. അപ്പോഴാണ് അവൾ അറിയുന്നത് താൻ ഗർഭിണിയാണെന്ന്. ആ വാർത്ത റോണിയുടെ അമ്മയെ ചൊടിപ്പിച്ചു.
“നിനക്ക് ഇവളെ നോക്കാൻ ഗതിയില്ല, ഇതിനിടയിൽ ഇനിയൊരു കുഞ്ഞോ മര്യാദയ്ക്ക് കൊണ്ടുപോയി കളയാൻ പറ!!!”” അവർ അവനെ ഉപദേശിച്ചു എന്നാൽ അതിനു വിസമ്മതിച്ച അവളെ അവൻ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി. അതോടെ അവൾക്ക് അവിടെ നിൽക്കാൻ കഴിയില്ല എന്ന അവസ്ഥയായി.. ആത്മഹത്യ ചെയ്യാനും ഭയമായിരുന്നു . ആ കുഞ്ഞിനെ എങ്കിലും രക്ഷിക്കണമെന്ന ചിന്ത അവളിൽ ഉണ്ടായിരുന്നു. വിശപ്പും ദാരിദ്ര്യവും കൊണ്ട് അവൾ ഒടുവിൽ ഒരു ഗവൺമെന്റ് ഹോസ്പിറ്റലിൽ സഹായത്തിനായി ചെന്നു.
അവിടെ ജോലി ചെയ്തിരുന്ന ഒരു നേഴ്സ് അവളുടെ ശോചനീയാവസ്ഥ കണ്ട് അവളെ സഹായിച്ചു. ആ സിസ്റ്റർ റോസിലിന്റെ എല്ലാ കഥകളും കേട്ടു. അവൾക്ക് ഹോസ്പിറ്റലിൽ ഒരു ക്ലീനിംഗ് ജോലി ശരിയാക്കി നൽകി. ഒപ്പം ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിലും റൂം കണ്ടെത്തി.
”എന്തിനാണ് സിസ്റ്റർ എന്നെ ഇത്രയും സഹായിക്കുന്നത്?” റോസിലിൻ ചോദിച്ചു.
”മോളെ, എല്ലാം ദൈവം തീരുമാനിക്കുന്നത് പോലെ നടക്കും. നിന്റെ കണ്ണുനീർ കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു. ഇവിടെ സുരക്ഷിതമായിരിക്കും ,” ആ സിസ്റ്റർ മറുപടി നൽകി.
ദിവസങ്ങൾ കടന്നുപോയി. ഇതിനിടയിൽ റോണി ഒരു പിടിച്ചുപറി കേസിൽ കുടുങ്ങി ജയിലിലായി. ഒരു ദിവസം സിസ്റ്റർ അവളുടെ അടുത്ത് വന്ന് പറഞ്ഞു, “നിന്റെ പപ്പ ഡേവിഡ് ആശുപത്രിയിലാണ്. നിന്നെ കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഒന്ന് പോയി കാണണം.”
”എന്തിന് സിസ്റ്റർ? എന്നെ സ്നേഹിച്ച പപ്പയല്ലേ എൽസമ്മയുടെ വാക്കുകൾ കേട്ട് എന്നെ ഒഴിവാക്കിയത്? ഞാൻ പോവില്ല . എന്നെ വെറുത്തവർക്ക് എന്തുതന്നെ വന്നാലും എനിക്ക് പോയി കാണേണ്ട ആവശ്യം ഇല്ലല്ലോ,” റോസിലിൻ സങ്കടത്തോടെ പറഞ്ഞു.
സിസ്റ്റർ ദേഷ്യത്തോടെ അവളെ നോക്കി, “അല്ല റോസിലിൻ. നീ തെറ്റിദ്ധരിച്ചതാണ്. നീ ഇന്ന് ഈ ഹോസ്റ്റലിൽ കഴിയുന്നതും നിനക്ക് ചോറും കറിയും കിട്ടുന്നതും ഡേവിഡ് എന്നോട് പറഞ്ഞത് കൊണ്ടാണ്… എന്റെ ഭർത്താവിന്റെ സുഹൃത്താണ് അദ്ദേഹം ഒരിക്കൽ അവിടെ പോയപ്പോൾ ഞാനിവിടെയുള്ള ഗവൺമെന്റ് ആശുപത്രിയിലാണ് എനിക്ക് ജോലി എന്ന് പറഞ്ഞു..
അപ്പോൾ അദ്ദേഹം എന്നോട് അപേക്ഷിച്ചതാണ് എന്റെ മോളെ ഒന്ന് നോക്കണേ എന്ന്. അദ്ദേഹം ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ട്. നിന്നെ സഹായിക്കാൻ വേണ്ടി അയാൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അയാൾ ചെയ്തിട്ടുണ്ട്. എൽസമ്മ ദേഷ്യം കൊണ്ടാണ് ഫോൺ എടുത്ത് അങ്ങനെയൊക്കെ പറഞ്ഞത് അതെല്ലാം കേട്ടപ്പോൾ നീ വിഷമിക്കുന്നതിൽ കൂടുതൽ അവർ വിഷമിക്കുന്നുണ്ട്..,
ആ നിമിഷം റോസിലിൻ തകർന്നുപോയി. താൻ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് അവൾക്ക് അപ്പോൾ ബോധ്യമായി. ഡേവിഡ് അപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടായിരുന്നോ? താൻ ഒരുപാട് ദൂരേക്ക് ഓടിപ്പോയപ്പോൾ അദ്ദേഹം തന്നെയോർത്ത് നെഞ്ചുനീറി കഴിയുകയായിരുന്നു. ആ സിസ്റ്റർ തന്നെ അവൾക്ക് ആശുപത്രിയിൽ പോകാൻ വണ്ടി ഏർപ്പാടാക്കി കൊടുത്തു.
ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡേവിഡ് അവശനായി കിടക്കുകയായിരുന്നു. അവിടം മുഴുവൻ മരുന്നിന്റെ ഗന്ധമായിരുന്നു. മുറിയിൽ എൽസയും ഉണ്ടായിരുന്നു. അവളെ കണ്ടതും എൽസ തടഞ്ഞു. “നീ എന്തിനാ വന്നത്? ഇനി നിനക്ക് ഇവിടെ കാര്യമൊന്നുമില്ല.”
പക്ഷേ ഡേവിഡ് കണ്ണ് തുറന്നു. മെലിഞ്ഞു ഉണങ്ങിയ മകളെ കണ്ടപ്പോൾ അയാളുടെ മനസ്സ് അലിഞ്ഞു. റോസിലിൻ നേരെ ഡേവിഡിന്റെ അടുത്തേക്ക് ഓടി. ഡേവിഡിന്റെ കാലിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു.
”പപ്പാ.. എന്നോട് ക്ഷമിക്ക്. എനിക്ക് വലിയ തെറ്റ് പറ്റിപ്പോയി. എനിക്ക് ആരും ഇല്ല പപ്പാ.. പപ്പാ എന്നെ ഒഴിവാക്കരുത്,” അവൾ വിങ്ങിപ്പൊട്ടി.
ഡേവിഡ് അവളുടെ തലയിൽ തലോടി. “മോളെ… നീ വന്നല്ലോ.. അതൊന്നും സാരമില്ല.. പപ്പയ്ക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.” അയാൾ മെല്ലെ പറഞ്ഞു. എൽസയും അതുകണ്ട് മാറിനിന്നു കരഞ്ഞു. അവരുടെ ഉള്ളിലെ ദേഷ്യം അലിഞ്ഞുപോയിരുന്നു.
അന്ന് മുതൽ ഡേവിഡ് അവളെയും കുഞ്ഞിനെയും വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. റോണിയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തുവാൻ ഡേവിഡ് മുൻകൈ എടുത്തു. അതിനിടയിൽ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെയും അവളെയും ഡേവിഡ് തന്നെ ഏറ്റെടുത്തു. ഇപ്പോൾ അവൾ ഡേവിഡിന്റെ തണലിൽ സുരക്ഷിതയാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് തിരുത്താനും മാതാപിതാക്കളുടെ സ്നേഹത്തിന്റെ വില മനസ്സിലാക്കാനും അവൾക്ക് സാധിച്ചു.
ഡേവിഡിന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങുന്ന മകളുടെയും പേരക്കുട്ടിയുടെയും മുഖം കാണുമ്പോൾ അയാൾക്ക് തന്റെ ജീവിതം പൂർണ്ണമായതുപോലെ തോന്നി. സ്നേഹം ഒരിക്കലും മാഞ്ഞുപോകില്ലെന്നും അത് എപ്പോഴും തിരികെ വരുമെന്നും അവർ തിരിച്ചറിഞ്ഞു. വീണ്ടും വീടിനുള്ളിൽ പഴയതുപോലെ ചിരിയും സന്തോഷവും നിറഞ്ഞു. ഇനിയും താൻ എങ്ങോട്ടും പോകില്ലെന്നും, പപ്പയുടെ സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും റോസിലിൻ ഉറപ്പിച്ചു.
സ്റ്റോറി by ചന്ദ്ര
