നിന്റെ ഭാര്യ ഗർഭിണിയാണെന്ന് നീ പറഞ്ഞത് സത്യമാവും ശിവാ… പക്ഷെ അവളുടെ വയറ്റിലുള്ളത് നിന്റെ കുട്ടിയാണെന്ന് നീ വിശ്വസിയ്ക്കുന്നത് പോലെ…..

“നിന്റെ ഭാര്യ ഗർഭിണിയാണെന്ന് നീ പറഞ്ഞത് സത്യമാവും ശിവാ… പക്ഷെ അവളുടെ വയറ്റിലുള്ളത് നിന്റെ കുട്ടിയാണെന്ന് നീ വിശ്വസിയ്ക്കുന്നത് പോലെ ഞങ്ങൾ വിശ്വസിക്കില്ല..അല്ലേടാ വിഷ്ണൂ…?

സത്യം ചേട്ടാ…. അവരു ഗർഭിണിയൊക്കെ തന്നെയാവും… പക്ഷെ അത് ചേട്ടന്റെ കുഞ്ഞല്ലാന്ന് എനിയ്ക്കും അമ്മയ്ക്കും നമ്മുടെ അനിയത്തി ശിവാനിയ്ക്കുമെല്ലാം നല്ല ഉറപ്പുണ്ട്… ആ കുഞ്ഞ് ഏട്ടന്റെയാണെന്ന് നുണ പറഞ്ഞ് പറ്റിക്കുകയാണ് അവരേട്ടനെ…സത്യം…

തന്റെ ഭാര്യ സുമി ഗർഭിണിയാണെന്ന് സ്വന്തം അമ്മയോടും സഹോദരങ്ങളോടും ആവേശത്തോടെ ചെന്നു പറഞ്ഞ ശിവൻ അമ്മയുടെയും അനിയന്റെയും സഹതാപത്തോടെയുള്ള നോട്ടവും സംസാരവും കേട്ടതോടെ ആകെ തളർന്നു പോയ്….

അമ്മയിതെന്താണ് പറയുന്നതെന്ന് അമ്മയ്ക്ക് വല്ല വിവരവും ഉണ്ടോ… ഞാൻ താലിക്കെട്ടിയ എന്റെ ഭാര്യയാണ് സുമി… അമ്മയുടെ മൂത്ത മകനായ എന്റെ ഭാര്യ… എന്തെങ്കിലുമൊക്കെ വായിൽ വന്നത് വിളിച്ചു പറയുമ്പോൾ അതൂടി ഓർക്കണം അമ്മയും ബാക്കിയുള്ളവരും…

സങ്കടവും ദേഷ്യവും ഒരു പോലെകൂടിക്കലർന്നിരുന്നു അതു പറയുമ്പോൾ ശിവന്റെ ശബ്ദത്തിലും…

“നീയിനി എന്തൊക്കെ പറഞ്ഞാലും എത്രയെല്ലാം ദേഷ്യപ്പെട്ടാലും ഞങ്ങൾ പറഞ്ഞ സത്യം സത്യമല്ലാതെ ആവില്ലല്ലോ… ?
നീയൊരു കാര്യം ചെയ്യ് നിന്റെ ഗർഭിണി ഭാര്യയെ ഇങ്ങോട്ടൊന്ന് വിളിക്ക്… ഞാൻ ചോദിച്ചു പറഞ്ഞു തരാം നിനക്ക് ആരാണ് അവളുടെ വയറ്റിലുള്ളതിന്റെ തന്തയെന്ന്…

ഒരു പോരിനൊരുങ്ങി തന്നെയാണ് അമ്മയുടെ സംസാരം… അതിനു പിന്തുണ നൽകും പോലെ അമ്മയോടു ചേർന്നു തന്നെയാണ് തന്റെഅനിയനും അനിയത്തിയും നിൽക്കുക കൂടി ചെയ്യുന്നതെന്ന് കണ്ടതും കൂട്ടത്തിലൊറ്റപ്പെട്ടുപോയവന്റെ വേദന വർഷങ്ങൾക്കിപ്പുറവും താനനുഭവിക്കുന്നതായ് ശിവനു തോന്നി …..

“എന്താടാ ഭാര്യയെ വിളിക്കാൻ പറഞ്ഞപ്പോൾ നിന്റെ പരാക്രമമെല്ലാം തീർന്നു പോയോ… അപ്പോ നിനക്കറിയാം ഞാൻ ചോദിക്കേണ്ടതു പോലെ ചോദിച്ചാൽ അവള് സത്യം പറയുമെന്നും നീയാ കുഞ്ഞിന്റെ അച്ഛനല്ലെന്നും…. അല്ലേടാ….?

“മുറിയ്ക്കുള്ളിൽ കയറി അടച്ചിരിക്കാതെ ഇങ്ങോട്ടിറങ്ങി വാടീ പിഴച്ചവളെ… കണ്ടവന്റൊപ്പം നിരങ്ങി നീ വയറ്റിലുണ്ടാക്കിയതിനെ പെറ്റു പോറ്റാനുള്ളതല്ല എന്റെ ഈ വീട്… ഇറങ്ങി വാടീ…. ”

ശിവനു നേരെ അലച്ചാർത്തു ചോദിക്കുന്നതിനൊപ്പം ശിവന്റെ ബെഡ്റൂമിനു നേരെ ചെന്ന് വാതിലിൽ ശക്തമായ് അടിച്ചലറി അമ്മ…

“അമ്മ എന്താണിത് ചെയ്യുന്നത്…?

അമ്മയെ തടഞ്ഞ് ശിവൻ ചോദിയ്ക്കും നേരത്തു തന്നെയാണ് അവരുടെ മുറിയുടെ വാതിൽ തുറന്ന് സുമി പുറത്തേയ്ക്കിറങ്ങിയത്…

” സത്യം പറയെടി… നിന്റെ വയറ്റിലുള്ള കുഞ്ഞിന്റെ തന്തയാരാണെടീ….?

അമ്മായിഅമ്മയേയും ഭർത്താവിനേം കാര്യമെന്തന്നറിയാൻ നോക്കിയ സുമി അമ്മയുടെയാ എടുത്തടിച്ചതു പോലുള്ള ചോദ്യത്തിൽ ഞെട്ടി…. പകപ്പോടവൾ അമ്മയേയും ശിവനേയും മാറി മാറി നോക്കി…

“നീയിങ്ങനെ കണ്ണുകൊണ്ട് കഥക്കളി നടത്തി രക്ഷപ്പെടാനൊന്നും നോക്കണ്ട സുമീ.. നിന്നെ ഞാനങ്ങനെ വെറുതെ വിടില്ല…ആളുകളറിഞ്ഞ് കൂടുതൽ നാണം കെടുന്നതിനു മുമ്പ് ഉള്ള സത്യം ഉള്ളതുപോലെ തുറന്നു പറഞ്ഞാൽ അതിന്റെ ഗുണം നിനക്കാണ്… ഇല്ലെങ്കിൽ നാട്ടുക്കാരേം കുടുംബക്കാരേം മുഴുവൻ വിളിച്ചു കൂട്ടി അവർക്കിടയിൽ വെച്ച് ചോദിച്ചറിയും ഞാൻ എനിയ്ക്കറിയേണ്ടത്… നാണം കെടും നീയും നിന്റെ കുടുംബവും… നാണം കൊടുത്തും ഞാൻ….
അതു വേണ്ടാ എന്നുണ്ടെങ്കിൽ ഇപ്പോ സത്യം പറ നീ…..?

നിർത്താനൊരുക്കമല്ലാതെ ഒരു പോലീസുകാരിയുടെ കാർക്കശ്യത്തോടെ അവർ സുമിയ്ക്കും ശിവനും ഇടയിലായ് കയറി നിന്നു ചോദിച്ചതും അമ്മയെ തങ്ങൾക്കിടയിൽ നിന്ന് പിടിച്ചു മാറ്റി ശിവൻ….

“അമ്മയ്ക്ക് എന്താണോ ഇവളോട് ചോദിക്കാനുള്ളത് എന്ന് വെച്ചാൽ അത് വളച്ചുകെട്ടലില്ലാതെ നേരാവണ്ണം ചോദിയ്ക്ക്… അവൾ പറയും ഉത്തരങ്ങൾ.. അതിനു ശേഷം മതി നാട്ടുക്കാരേം വീട്ടുക്കാരേം വിളിക്കണോ വേണ്ടയോ ,നാണം കെടണോ എന്നെല്ലാം തീരുമാനിക്കൽ…. ”

അത്ര നേരം മനസ്സിനെ മദിച്ചിരുന്ന ദേഷ്യത്തെയപ്പാടെ തന്നിൽ നിന്ന് തൂത്തെറിഞ്ഞ് സുമിയെ തന്റെ ഇടം നെഞ്ചിലൊതുക്കി ശിവൻ പറഞ്ഞതും അവന്റെ നില്പും സംസാരവും ഇഷ്ടപ്പെടാത്തൊരു ഭാവം തെളിഞ്ഞു അവന്റെ അമ്മയിലും കൂടപ്പിറപ്പുകളിലും…

“സുമീ… നീ ഗർഭിണിയാണെന്നു ഇവൻ പറഞ്ഞെന്നോട്…. സത്യം ആണോ…?

അമ്മയുടെ ചോദ്യത്തിൽ ശിവന്റെ കണ്ണുകൾ സുമിയുടെ മുഖത്താണ്…

“ഞാൻ ഗർഭിണിയാണെന്ന് എന്റെ ഭർത്താവ് പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ഞാൻ ഗർഭിണി തന്നെയായിരിയ്ക്കും അമ്മേ…”

അമ്മയുടെ ചോദ്യത്തിലെ പരിഹാസമറിഞ്ഞ് അതിനൊത്ത ഉത്തരം സുമി പറഞ്ഞതും ശിവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു മാഞ്ഞു..

“നീ വല്ലാതങ്ങ് ആളുകളിക്കാതെടീ… നിനക്കൊരു വിജാരമുണ്ട് നീ വല്യ ബുദ്ധിമതിയും ഞങ്ങളൊക്കെ പൊട്ടന്മാരും ആണെന്ന്…. അതു ഈ വീട്ടിൽ വേണ്ട…. സത്യം പറഞ്ഞോ സുമീ നീ … നിന്റെ വയറ്റിലുള്ള കുഞ്ഞിന്റെ തന്തയാരാണെന്ന്… എവിടുന്ന് പിഴച്ചുണ്ടാക്കിയതാണെടീ നീ ഇതിനെ…. ?

അറപ്പുളവാക്കുന്ന അമ്മയുടെ സംസാരത്തിൽ ശിവനിൽ ദേഷ്യമെരിഞ്ഞവൻ അമ്മയ്ക്കു നേരെ തിരിഞ്ഞതും ശിവനെ തന്നോടു ചേർത്ത ണച്ചു പിടിച്ചു സുമി…

“അതെന്താ അമ്മേ എന്റെ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛൻ ശിവേട്ടനല്ല എന്ന് ഇത്ര ഉറപ്പിച്ച് അമ്മ പറയാൻ കാരണം… ?
അമ്മയുടെ ഈ നിൽക്കുന്ന മൂത്ത മകൻ ശിവൻ താലിക്കെട്ടി കൂടെ കൂട്ടിയ ഭാര്യയ്ക്കൊരു കുഞ്ഞിനെ കൊടുക്കാൻ പോലും കഴിലില്ലാത്തവനാണോ….?
അങ്ങനാണോ അമ്മ വിശ്വസിക്കുന്നത് ശിവേട്ടനെ പറ്റി…..?

ഒട്ടും പതറാതെ അമ്മയുടെ മുഖത്തു നോക്കി ഉറപ്പോടെ സുമി ചോദിച്ചതും ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലൊരു വിജയച്ചിരിതെളിഞ്ഞു അമ്മയുടെയും വിഷ്ണുവിന്റെയും മുഖത്ത്..

അതു വ്യക്തമായ് തന്നെ കാണുകയും ചെയ്തു ശിവൻ…

“നീ ആ ചോദിച്ചത് ശരിയായൊരു ചോദ്യം തന്നെയാണ്… എന്റെ ഈ നിൽക്കുന്ന മൂത്ത മകൻ ശിവന് ഒരിക്കലും ഒരു കുഞ്ഞിന്റെ അച്ഛനാവാൻ പറ്റില്ല… അതെനിയ്ക്കുറപ്പാണ്… അതു കൊണ്ടു തന്നെ നിന്റെ വയറ്റിലുള്ളത് ഇവന്റെ കുഞ്ഞല്ല… ”

അമ്മയൂടെ വാക്കുകൾ ശിവനിൽ വല്ലാത്തൊരു ഞെട്ടൽ സൃഷ്ടിക്കുന്നത് തന്റെ ശരീരം കൊണ്ട് തൊട്ടറിഞ്ഞു സുമി…

എന്റെ വയറ്റിലുള്ളത് ഈ നിൽക്കുന്ന അമ്മയുടെ മൂത്ത മകന്റെ കുഞ്ഞല്ലെങ്കിൽ തീർച്ചയായും അത് അമ്മയുടെ ഈ നിൽക്കുന്ന ചെറിയ മകൻ വിഷ്ണുവിന്റേതാവും…കാരണം ഇക്കഴിഞ്ഞ മൂന്നു മാസക്കാലവും ഈ വീട് വിട്ട് ഒരു നേരം പോലും ഞാൻ പുറത്തേയ്ക്ക് എവിടെയും പോയിട്ടില്ല….

എടുത്തടിച്ചതു പോലുള്ള സുമിയുടെ സംസാരം കേട്ട് ഞെട്ടിവിറച്ച് പകപ്പോടെ അവളെ നോക്കി വിഷ്ണു….

അമ്മയാണെങ്കിൽ ശബ്ദം നഷ്ടപ്പെട്ടതു പോലവളെ നോക്കി നിന്നു പോയ്…

“എന്തു പറഞ്ഞെടീ മൂധേവി നീ…?
പറഞ്ഞു പറഞ്ഞ് എന്തും പറയാം എന്നായോ നിനക്ക്….?

വിരൽ ചൂണ്ടി സുമിയ്ക്കു നേരെ ചെന്നു അമ്മ…

“ഈ വീട്ടിൽ സദാസമയവും നിങ്ങൾക്കിടയിൽ ജീവിച്ച എന്റെ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛൻ
ഈ നിൽക്കുന്ന ശിവേട്ടനല്ലെങ്കിൽ പിന്നെയത് വിഷ്ണു മാത്രമായിരിയ്ക്കും… അവിടെയും പക്ഷെ ഒരു ചെറിയ തിരുത്ത് വരും വിഷ്ണുവിനെ ഇന്നീ നിമിഷം വരെ ഞാൻ കണ്ടിരിയ്ക്കുന്നത് എന്റെ അനിയനായിട്ടാണ്.. പക്ഷെ ഈ കുഞ്ഞ് അവന്റെയാണെങ്കിൽ എന്നെയവൻ ഞാനറിയാതെ പീഡിപ്പിച്ചെന്നു പറഞ്ഞ് ഒരു കേസു ഞാനങ്ങ് കൊടുക്കും പോലീസിൽ….അപ്പോ അമ്മ ഇളയ മോനു വേണ്ടി എന്റെ കാലൊന്നും പിടിയ്ക്കാൻ വരരുത് … വന്നാലും ഞാൻ കേസ് പിൻവലിക്കില്ല… എനിയ്ക്കെന്റെ കുഞ്ഞിന് ഒരച്ഛനെ വേണ്ടേ….. അതു കൊണ്ടാ…”

യാതൊരു കൂസലുമില്ലാതെ വളരെ കൂളായ് കൈകൾ മാറിൽ പിണച്ചുകെട്ടി സുമി പറയുമ്പോൾ ആകെ വിയർത്തു പോയത് വിഷ്ണുവാണ്…

കാര്യം സുമിയെ ഇഷ്ടമല്ല അവനെങ്കിലും ഇന്നേ വരെ ഏടത്തി അമ്മ എന്നതിനപ്പുറം ഒരു മോശം കണ്ണുകൊണ്ടവളെ നോക്കിയിട്ടില്ല അവൻ…

“അമ്മേ… ഈ സ്ത്രീയ്ക്ക് ഭ്രാന്താണ്…കണ്ടില്ലേ ഓരോന്ന് വിളിച്ചു പറയുന്നത്… ഇതൊക്കെ ആരെങ്കിലും കേട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല… അവര് ഗർഭം ചുമക്കുവോ പ്രസവിക്കുവോ എന്നതെങ്കിലും ചെയ്തതോട്ടെ… നമ്മുക്കതിൽ ഇടപ്പെടണ്ട… അമ്മ വാ…. ”

അവിടെ നിന്ന് വേഗത്തിൽ അമ്മേം പെങ്ങളേം കൂട്ടി മടങ്ങാനൊരുങ്ങി വിഷ്ണു പറഞ്ഞതും അമ്മയ്ക്കു മുന്നിലായ് കയറി നിന്നു ശിവൻ…

” എനിയ്ക്കൊരു കുഞ്ഞിനെ ഇവൾക്ക് കൊടുക്കാൻ പറ്റില്ലാന്ന് എന്തടിസ്ഥാനത്തിലാണ് അമ്മ വിളിച്ചു പറഞ്ഞത്…?
അത് പറഞ്ഞിട്ട് പോയാൽ മതി നിങ്ങളിവിടുന്ന്….

അത്ര നേരമുണ്ടായിരുന്ന സൗമ്യത വെടിഞ്ഞ്
പരുക്കൻ ശബ്ദത്തിൽ ശിവൻ ചോദിച്ചതും വിഷ്ണു ഭയന്നമ്മയെ നോക്കി…

ഞാൻ ചോദിച്ചത് കേട്ടില്ലേ നിങ്ങള്… ?

ശിവന്റെ ശബ്ദം ഉയർന്നു

“അത് നീ കുറെ വർഷങ്ങളായിട്ട് ഗൾഫിൽ ഡ്രൈവറായിട്ട് ജോലി ചെയ്യുകയല്ലേ… അങ്ങനെ ഉള്ളവർക്ക് മക്കൾ ഉണ്ടാവില്ലാന്ന് ഇവനാ എന്നോടു പറഞ്ഞത്…”

വിഷ്ണുവിനെ ചൂണ്ടി അമ്മ പറഞ്ഞതും കണ്ണൊന്നിറുക്കി അടച്ചു പോയ് ശിവൻ… ഒരു നോവ് പിടഞ്ഞടിച്ചവന്റെ ഉള്ളിൽ…

“അമ്മ പറഞ്ഞതു ശരിയാണ് വർഷം കുറെയായ് ഞാനാ മണ്ണിൽ പണിയെടുക്കാൻ തുടങ്ങീട്ട്… അതും നിങ്ങൾക്കെല്ലാം വേണ്ടിയിട്ട്… എന്നിട്ട് നിങ്ങളെല്ലാം എനിയ്ക്ക് തിരികെ തന്നത് എന്തായാലും എനിക്കിഷ്ടപ്പെട്ടു… എന്നെ നിങ്ങളൊരു കറവപശു ആക്കുന്നുവെന്ന തോന്നലിൽ നിന്നാണ് നിങ്ങളുടെ പൈസ ചിലവാക്കലിന്റെ മുകളിൽ സുമി ചെറിയൊരു നിയന്ത്രണം വെച്ചത്… അതിന്റെ ദേഷ്യമാണ് നിങ്ങളിപ്പോ ഇവളോടും അതുവഴി എന്നോടും കാണിച്ചതെന്ന് മനസ്സിലായ് എനിയ്ക്ക്… ഇനി ഞാൻ ഉണ്ടാവില്ല നിങ്ങൾക്കൊപ്പം ഒന്നിനും… നിങ്ങളുടെ കാര്യം നോക്കി നിങ്ങൾക്ക് ജീവിയ്ക്കാം നിങ്ങള്ടെ ഇഷ്ടത്തിന്..
ഞാനും എന്റെ പെണ്ണും ജനിയ്ക്കാൻ പോവുന്ന ഞങ്ങളുടെ കുഞ്ഞിനു വേണ്ടി നിങ്ങൾക്കിടയിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുകയാണ് നാളെ തന്നെ… വെറുതെ പോലും നിങ്ങളാരും ആ വഴി വന്നു പോകരുതൊരിക്കലും… കേട്ടല്ലോ…. ”

ശക്തമായൊരു താക്കീതവർക്ക് നൽകി സുമിയെ ചേർത്തു പിടിച്ച് ശിവൻ മുറിയ്ക്കുള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചതും സുമിയെ പുറത്താക്കി ശിവനെ പഴയതുപോലെ തങ്ങളുടെ അടിമയാക്കി വെക്കാൻ സ്വപ്നം കണ്ട അവരമ്മയും മറ്റു രണ്ടു മക്കളും ഇനി മുന്നോട്ടുള്ള ജീവിതത്തിന് തങ്ങളെന്തു ചെയ്യുമെന്നൊരു ചിന്തയോടവിടെ തരിച്ചുനിന്നു….

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *