7 B യിലെ താമസക്കാരൻ
മൂന്ന് ദിവസമായി നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴ.2018 ലെ പ്രളയ സമയത്ത് സംഭവിച്ചത് പോലെ… നഗരത്തിലെ
സാഫല്യം അപ്പാർട്ട്മെൻ്റിൻ്റെ താഴത്തെ നിലയുടെ പകുതി വെള്ളം കയറി.താമസക്കാരെ മുകളിലെ നിലയിലെ ഒഴിഞ്ഞ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം മഴ ഇനിയും കനക്കാൻ സാദ്ധ്യതയുണ്ട്.
ഫ്ലാറ്റ് 7Aയിലെ ബാൽക്കണിയിൽ അരുണ നിൽക്കുന്നു.അവൾ മഴ കാണുകയാണ്,കയ്യിലൊരു കാപ്പി കപ്പ് പിടിച്ചിരിക്കുന്നു.അവളുടെ കണ്ണുകൾ വിദൂരതയിലാണ്.ആരെയോ കാത്ത് നിൽക്കുന്ന പോലെ.
“പാലെടുക്കാൻ വാതിൽ തുറന്നപ്പോൾ 7C യിലെ വിമലേച്ചി അരുണയെ നോക്കി ചിരിച്ചു.
“എന്തുണ്ട് അരുണ മോളെ.കിരൺ വിളിക്കാറുണ്ടോ.അവനെ കണ്ടിട്ട് കുറെ നാളായല്ലോ.ലീവെടുത്ത് ഭാര്യയെ വന്ന് കാണാൻ പോലും അവന് സമയമില്ലേ.”
“അടുത്ത മാസം എന്തായാലും വരാതിരിക്കില്ല വിമലേച്ചി.ചെറിയമ്മേടെ മോളുടെ കല്യാണമാണ്.”
“അത് നന്നായി.അവനെ ഒന്ന് കാണണം.ഈ സുന്ദരിക്കുട്ടിയെ തനിച്ചാക്കി എങ്ങനെ അവനവിടെ ഒറ്റയ്ക്ക് കഴിയുന്നു.”
അരുണ ചിരിച്ച് കൊണ്ട് തിരിഞ്ഞു നടന്നു.അവളുടെ മുഖം വലിഞ്ഞ് മുറുകി.മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടാനാണ് എല്ലാവർക്കും താൽപര്യം.എന്തൊരു ലോകമാണ്.എല്ലാവർക്കും അവരവരുടെ പ്രൈവസിയല്ലേ വലുത്.വിമലേച്ചിക്ക് കാണുമ്പോൾ കാണുമ്പോൾ അരുണയെ നന്നാക്കാനാണ് താൽപര്യം.
ഒരു ദിവസം 7B യുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു.അവിടെ പുതിയ താമസക്കാരനായി വന്നത് യോഗേഷ് എന്ന ചെറുപ്പക്കാരനാണ്.അവനൊരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.
യോഗേഷ് വന്നപ്പോഴേക്കും മഴ ശമിച്ച് തുടങ്ങിയിരുന്നു.എന്നാലും പൊതുഗതാഗതം ആകെ താറുമാറായി കിടന്നിരുന്നു.രാവിലെ ബെഡ് കോഫിയുമായി അരുണ ബാൽക്കണിയിൽ വന്ന് നിന്നു.
“ഹായ് ചേച്ചി , ഞാൻ യോഗേഷ്.ഇവിടെ പുതിയ താമസക്കാരനാണ്.”
അടുത്ത ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു.
നല്ല ഭംഗിയുള്ള ചിരിയാണവൻ്റേത്.നല്ല തിളക്കമുള്ള മീൻ കണ്ണുകൾ.
“ഇന്ന് ഓഫിസിൽ പോകണ്ടേ.”
“ഈയാഴ്ച വർക്ക് ഫ്രം ഹോം ആണ്.”
“കോഫി കുടിച്ചോ.”
“ഇല്ല, ഞാൻ പാൽ വാങ്ങാൻ മറന്നു.”
അരുണ ബാൽക്കണിയുടെ ഗ്രില്ലിലൂടെ യോഗേഷിന് ഒരു കോഫീ കപ്പ് നീട്ടി.
“ഇതാണ് സൗകര്യം, ബാൽക്കണിയിൽ നിന്നുള്ള സംസാരം.7C യിലെ വിമല ചേച്ചി എൻ്റെ അവിഹിതം കണ്ട് പിടിക്കാൻ നടക്കുകയാണ്.”
രണ്ട് പേരും ചിരിച്ചു കൊണ്ട് കോഫി കുടിച്ചു.കൈകൾ നീട്ടിയാൽ തൊടാവുന്ന ദൂരമേ ബാൽക്കണികൾ തമ്മിലുള്ളൂ.
“ആഹാ കടുപ്പമുള്ള കോഫിയും നേർത്ത മഴയും.എനിക്ക് കവിത വരുന്നു.”
“ഇത് രണ്ടും എനിക്കും ഇഷ്ടമാണ്.”
“ആണോ അപ്പോൾ നമ്മൾ ചേരേണ്ടവർ തന്നെ.”
അവർ കുറെയേറെ സംസാരിച്ചു.യോഗേഷിൻ്റെ തമാശ കേട്ട് അരുണ പൊട്ടിച്ചിരിച്ചു.
“വിശക്കുന്നു.ഞാൻ പോയി ബ്രഡ് റോസ്റ്റ് ഉണ്ടാക്കട്ടെ.”
“അരമണിക്കൂർ കഴിഞ്ഞ് വന്നാൽ ചൂട് ഇഡ്ഡലിയും സാമ്പാറും തരാം.”
യോഗേഷ് തലയാട്ടി സമ്മതിച്ചു.
“അതേ,ബെല്ലടിക്കണ്ട.ഞാൻ വാതിൽ ചാരത്തേയുള്ളൂ.ആ വിമലേച്ചിയുടെ കാര്യം അറിയാമല്ലോ.”
രാവിലത്തെ ചെറിയ കുശലം പറച്ചിലിൽ തുടങ്ങിയ സൗഹൃദം പിന്നീട് വളർന്ന് വലുതായി.അവർ ഇടയ്ക്കിടെ ഒന്നിച്ച് മഴ കണ്ട് കാപ്പി കുടിക്കാനും സിനിമ കാണാനും തുടങ്ങി.
“അരുണയിവിടെ ഒറ്റയ്ക്കാണോ.?”
“കിരണേട്ടൻ വല്ലപ്പോഴും മാത്രമേ നാട്ടിൽ വരാറുള്ളൂ.ചോദിച്ചാൽ ജോലി തിരക്കാണ് എന്ന് പറയും.”
“അത് നന്നായി.എൻ്റെ അരുണയെ എനിക്ക് എപ്പോഴും എൻ്റെ അടുത്ത് കിട്ടുമല്ലോ.”
“ഒരു പുരുഷൻ്റെ സ്നേഹം കൊതിക്കാത്ത സ്ത്രീകളുണ്ടോ.”
“അതിനല്ലേ ഞാൻ,നീയെൻ്റേതാണ് അരുണ.”
യോഗേഷ് പ്രേമപൂർവ്വം അരുണയെ ചുംബിച്ചു.
അരുണയുടേയും കിരണിൻ്റേയും വിവാഹ ഫോട്ടോയുടെ മുന്നിൽ നിന്നുള്ള പ്രേമപ്രകടനം യോഗേഷിനെ അസ്വസ്ഥനാക്കി.
“ഇത് അയാളുടെ ബെഡ്റൂം അല്ലേ.ഇവിടെ വച്ചിനി ഒന്നും വേണ്ട.”
ധൃതിയിൽ വസ്ത്രം ധരിക്കുന്നതിനിടയിൽ യോഗേഷ് അരുണയോട് പറഞ്ഞു.അവളപ്പോഴും പൂർണ്ണ നഗ്നയായി കിടക്കയിൽ കിടക്കുകയായിരുന്നു.
“എനിക്ക് നിന്നെ മനസ്സിലാകും.നിൻ്റെ ആവശ്യങ്ങൾ മനസ്സിലാകും.”
അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് യോഗേഷ് പറഞ്ഞു.
“എനിക്ക് നിന്നെ ജീവനാണ് യോഗേഷ്.”
“എനിക്കറിയാം.പക്ഷേ ഈ മുറി എന്നെ അസ്വസ്ഥനാക്കുന്നു.വീര്യം ചോർന്നു പോകുന്നു.നമുക്ക് ആ മുറിയിലേയ്ക്ക് നമ്മുടെ പ്രണയത്തെ മാറ്റി നടാം.”
“അത് കിരണേട്ടൻ്റെ സ്വകാര്യ മുറിയാണ്.അവിടെ എനിക്ക് പ്രവേശനമില്ല.താക്കോൽ എവിടെയാണെന്ന് കൂടി എനിക്ക് അറിയില്ല.”
“നീ രാത്രിയിൽ അങ്ങോട്ട് വരൂ.ഞാൻ കാത്തിരിക്കും.”
“7C യിലെ സിസിടിവി ഉറങ്ങാൻ പന്ത്രണ്ട് മണി കഴിയും.അത് കഴിഞ്ഞ് ഞാൻ വരാം.”
പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി.അരുണ പെട്ടെന്ന് വസ്ത്രങ്ങൾ ധരിച്ച് പോയി വാതിൽ തുറന്നു.യോഗേഷ് കർട്ടന് പിന്നിൽ മറഞ്ഞ് നിന്നു.
“മോൾ ഉറക്കമായിരുന്നോ?’
“അല്ല വിമലേച്ചി കുളിക്കാൻ കയറിയതാ.”
“അപ്പുറത്തെ ഫ്ലാറ്റിൽ പുതിയ താമസക്കാരൻ വന്നിട്ടുണ്ട്,മോൾ സൂക്ഷിക്കണം.ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് വിവാഹിതരായ,ഏകയായി താമസിക്കുന്ന പെണ്ണുങ്ങളെയാണ് നോട്ടം.ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടേൽ രാത്രി ഞാൻ വന്ന് കൂട്ട് കിടക്കാം.”
“ഏയ് രണ്ട് ദിവസത്തിനുള്ളിൽ കിരണേട്ടൻ വരും.”
“ഇന്നലെ രാത്രി ഒരു മണിക്ക് ഇവിടെ ആരുടെയോ സംസാരം കേട്ടു.ഞാൻ വിചാരിച്ചു കിരൺ വന്നെന്ന്.”
“അത് ടി വി യിൽ സിനിമ.”
“ഓഹ് ടിവി ആയിരുന്നോ.”
വിമലേച്ചി പോയപ്പോൾ യോഗേഷ് കർട്ടന് പുറത്ത് വന്നു.
“ഇവരാരാ ഡിറ്റക്ടീവോ.സൂക്ഷിക്കണേ മോളെ.”
യോഗേഷ് വിമലയെ അനുകരിച്ചു.
അരുണ പൊട്ടിച്ചിരിച്ചു.യോഗേഷ് അവളെ സ്നേഹിച്ചു വീർപ്പ് മുട്ടിച്ചു.
“അരുണാ,നിനക്ക് അയാളെ ഡിവോഴ്സ് ചെയ്തു എൻ്റേത് മാത്രമായിക്കൂടെ.”
“എന്നും ഒരാളുടെ കൂടെ ജീവിച്ചാൽ നമുക്ക് ബോറടിക്കില്ലേ കുട്ടാ.”
“എന്ന് വച്ചാൽ.”
“എന്ന് വച്ചാൽ ഒന്നുമില്ല.രാത്രിയിൽ കാണാം.
”
അരുണ അവൻ്റെ ചെവിയിൽ കാമത്തോടെ കടിച്ചു, ചുംബിച്ചു.
ദിവസങ്ങളും ആഴ്ചകളും കടന്ന് പോയി.യോഗേഷിനെ സംബന്ധിച്ച് അരുണ ഒരു അത്ഭുതമായിരുന്നു.ഇത്രേം ഊർജ്ജവും സൗന്ദര്യവുമുള്ള ഒരു സ്ത്രീയെ അവൻ കണ്ടിട്ടേയില്ല.മറ്റൊരു വിവാഹത്തെ കുറിച്ച് പോലും അവനിപ്പോൾ ചിന്തിക്കാറില്ല.
എല്ലാം രാത്രികളിലും അവർ യോഗേഷിൻ്റെ ഫ്ലാറ്റിൽ കണ്ട് മുട്ടും.അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞു വന്നു.അരുണയെ നിരീക്ഷിക്കാൻ വിമലേച്ചി എപ്പോഴും സമയം കണ്ടെത്തിയിരുന്നു.
രാവിലെ ബാൽക്കണിയിൽ നിന്നും യോഗേഷ് അരുണയോട് പരിഭവം പറഞ്ഞു.
“നീ എന്നെ മറന്നോ അരുണാ, ഇന്നലെ ഞാൻ കാത്തിരുന്നു മടുത്തു.”
“ഇന്നലെ വിമലേച്ചിയുടെ വീട്ടിലെ ബർത്ത്ഡേ പാർട്ടി കഴിഞ്ഞു ആളുകൾ പിരിഞ്ഞത് ഒരു മണിയ്ക്കാണ്.ഞാൻ വന്നിരുന്നെങ്കിൽ അവരെന്നെ കയ്യോടെ പിടികൂടിയേനെ.”
“ഞാൻ കരുതി നീയെന്നെ മറന്നെന്ന്.”
“എൻ്റെ പൊന്നിൻ്റെ എനിക്ക് മറക്കാൻ പറ്റുമോ.”
തുടർന്നുള്ള ദിവസങ്ങളിലും അരുണയെ കാണാഞ്ഞ് യോഗേഷ് വയലൻ്റായി.അവന് ഭ്രാന്ത് പിടിച്ചു.
അവൻ 7A പോയി ബെല്ലടിച്ചു.
“അരുണ കാറും കൊണ്ട് പുറത്തേക്ക് പോയല്ലോ.എന്താ യോഗേഷ് കാര്യം.”
“ചേച്ചി എനിക്ക് കുറച്ച് പഞ്ചസാര വേണമായിരുന്നു.”
“അതിനെന്താ, ഞാൻ തരാമല്ലോ മോനേ.”
അകത്ത് അരുണ ഉണ്ടെന്ന് യോഗേഷിൻ്റെ മനസ്സ് പറഞ്ഞു.അവൻ വിമലേച്ചിയുടെ കണ്ണ് വെട്ടിച്ച് 7A യുടെ വാതിൽ തുറന്നു അകത്തു കയറി.
വീട് വളരെ വൃത്തിയാക്കി ഇട്ടിരിക്കുന്നു.പക്ഷെ അരുണ അവിടെയില്ല.പൂട്ടിയിട്ട മുറിയിൽ മാത്രമേ ഇനി നോക്കാനുള്ളൂ.അവൻ ആ മുറി ചവിട്ടി തുറന്നു.അതിനകത്തെ കാഴ്ച കണ്ട് അവന് ശ്വാസം മുട്ടി.
ഭംഗിയായി അലങ്കരിച്ച കട്ടിലിൽ നല്ല രീതിയിൽ വസ്ത്രം ധരിച്ച് ഒരു പുരുഷൻ കിടക്കുന്നു.മുറിയിൽ ഏസി ഇട്ടിരിക്കുന്നു.ശരീരം അഴുകിയ രൂക്ഷ ഗന്ധം പുറത്തേക്ക് പടർന്നു.തലയിലെ മുറിവിൽ രക്തം കട്ട പിടിച്ചിരിക്കുന്നു.
“കിരണിൻ്റെ കൊന്നതാണോ.”
യോഗേഷ് പേടിച്ചു വിറച്ചു ഫോൺ കയ്യിലെടുത്തു.
“നീ എൻ്റെ സ്വാതന്ത്രത്തിൽ കൈ കടത്താറായോ.കിരണിനെ ഞാൻ അനുവദിച്ചിട്ടില്ല,പിന്നെയാണ് നീ.ഞാനിവിടെ ക്യാമറ വച്ചിരിക്കുന്നത് വെറുതെയാണോ.മുറിയിലെ ക്യാമറ എൻ്റെ ഫോണുമായി ലിങ്ക് ആണ് മഠയാ.”
യോഗേഷ് തിരിഞ്ഞ് നോക്കി.ഭദ്രകാളിയെ പോലെ അരുണ നിൽക്കുന്നു.കയ്യിലിരുന്ന കട്ടിയുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് അവൻ്റെ തല ലക്ഷ്യമാക്കി അവൾ വീശി.അവന് ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല.തല പൊട്ടി ചോര ഒഴുകി.അവൻ നില വിളിച്ചു നിലത്ത് വീണു.
അരുണ ബോധം മറഞ്ഞ യോഗേഷിനെ കാലിൽ പിടിച്ച് വലിച്ച് കട്ടിലിനടിയിലാക്കി.അവൾ നനഞ്ഞ തുണി കൊണ്ട് തറയിലെ ചോരപ്പാടുകൾ തുടച്ച് മാറ്റി.
കോളിംഗ് ബെൽ മുഴങ്ങി.അരുണ വാതിൽ തുറന്നു.മുന്നിൽ വിമലേച്ചി.
“നിങ്ങൾക്ക് ഇപ്പോൾ എന്താണ് വേണ്ടത്.”
അരുണയുടെ ഭയാനകമായ മുഖം കണ്ട് വിമല തിരികെ നടന്നു.അവർ പേടിച്ചു പോയിരുന്നു.
പത്ത് മിനിറ്റ് കഴിഞ്ഞ് കാണും.വീണ്ടും കോളിംഗ് ബെൽ മുഴങ്ങി.അരുണ ദേഷ്യപ്പെട്ടു വാതിൽ തുറന്നു.മുന്നിൽ പോലീസ്.അരുണ ചിരിച്ചു കൊണ്ട് അവരെ നേരിട്ടു.
“എന്താ സാർ.”
“ഇത് കിരണിൻ്റെ പേരിലുള്ള ഫ്ലാറ്റല്ലേ.കിരണിനെ ഒന്ന് വിളിക്കാമോ.”
“കിരണേട്ടൻ സിംഗപ്പൂർ ഷിപ്പിലാണ് ജോലി.രണ്ടാഴ്ച കഴിഞ്ഞേ വരൂ.”
“ആ ഷിപ്പിംഗ് കമ്പനിയുടെ ഡീറ്റെയിൽസ് ഒന്ന് തരണേ.ഇപ്പോൾ അകത്തുള്ള യോഗേഷിനെ ഒന്ന് വിളിക്കാമോ.”
“യോഗേഷ് 7B യിലെ താമസക്കാരനാണ്.അയാൾക്കിവിടെ എന്ത് കാര്യം.”
“വെറുതെ പറയുകയാണ് സർ, ഞാൻ കണ്ടതാണ് യോഗേഷ് അകത്തേക്ക് പോകുന്നത്.അതിന് പിറകേ അരുണ വന്നു കയറി.അത് കഴിഞ്ഞ് യോഗേഷിൻ്റെ നിലവിളി ഞാൻ കേട്ടതാണ്.”
അരുണയെ തള്ളി മാറ്റി പോലീസ് അകത്തേക്ക് കടന്നു.പൂട്ടിയിട്ട മുറിയിൽ നിന്നും പരിക്കേറ്റ നിലയിൽ യോഗേഷിനെ കണ്ടെത്തി.രണ്ട് മാസത്തോളം പഴക്കമുള്ള ഒരു ശവശരീരം കട്ടിലിൽ കിടന്നിരുന്നു.ഫ്ലാറ്റ് മാനേജരും സെക്യുരിറ്റിയും വിമലയും കിരണിൻ്റെ ഷർട്ടും വാച്ചും തിരിച്ചറിഞ്ഞു.
“ഒരു രാത്രിയിൽ കിരൺ തിരികെ വന്നത് ഞാൻ കണ്ടിരുന്നു.താഴത്തെ സെക്യൂരിറ്റി ക്യാമറ നോക്കി ഞാൻ അത് ഉറപ്പ് വരുത്തിയിരുന്നു.പക്ഷേ അരുണയോട് ചോദിച്ചപ്പോൾ അവൾ സമ്മതിച്ചില്ല.മാത്രമല്ല നഗരത്തിൻ്റെ പല ഭാഗത്ത് വച്ചും അരുണയെ പലരോടൊപ്പം കണ്ടതായി അയൽപക്കകാർ പറഞ്ഞിട്ടുണ്ട്.ഞാൻ അരുണയെ നിരീക്ഷിക്കാൻ തുടങ്ങി.യോഗേഷ് അങ്ങനെ അവളുടെ ഫ്ലാറ്റിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല.ഇന്ന് ആദ്യമായി യോഗേഷ് പഞ്ചസാര ചോദിച്ചു വന്നപ്പോൾ എനിക്കൊരു സംശയം.കുറച്ച് കഴിഞ്ഞപ്പോൾ അരുണ കൊടുങ്കാറ്റ് പോലെ മടങ്ങിയെത്തി.പിന്നെ നിലവിളി കേട്ടു.”
“എന്തൊരു ക്രൂരയായ സ്ത്രീ.സ്വന്തം ഭർത്താവിനെ കൊന്ന് മുറിയിൽ വച്ചിരിക്കുന്നു.”
ആളുകൾ മൂക്കത്ത് വിരൽ വച്ചു.
“എന്നെ കിരണേട്ടന് സംശയമായിരുന്നു.എൻ്റെ അവിഹിതങ്ങൾ കയ്യോടെ പിടിക്കാനായി ഒരു രാത്രിയിൽ പറയാതെ വന്ന് കയറിയപ്പോൾ,എൻ്റെ കൂടെ 5F ലെ ഇബ്രാഹിം ഉണ്ടായിരുന്നു.അവൻ ഓടി രക്ഷപ്പെട്ടു.എൻ്റെ കഴുത്തിന് പിടിച്ചപ്പോൾ കയ്യിൽ കിട്ടിയ ഇരുമ്പ് ദണ്ഡ് കൊണ്ട് ഞാനൊരടി കൊടുത്തു.കൊല്ലണമെന്ന് ഞാൻ കരുതിയില്ല.പക്ഷേ കിരണേട്ടൻ മരിച്ചു പോയി.ഞാൻ ഉണരുമെന്ന് പ്രതീക്ഷിച്ച് രാത്രി കാവലിരുന്നു.പിന്നെ ഉണർന്നതേയില്ല.എനിക്ക് കിരണേട്ടനെ പേടിയാണ്.”
കിരണിൻ്റെ വീട്ടുകാർ വന്ന് കിരണിൻ്റെ മൃതദേഹം ഏറ്റുവാങ്ങി യഥാവിധി സംസ്കരിച്ചു.അരുണയെ സ്വന്തം മാതാപിതാക്കൾ പോലും തള്ളി പറഞ്ഞു.
തലയിൽ സാരമായി പരിക്ക് പറ്റിയെങ്കിലും രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം യോഗേഷ് ഫ്ലാറ്റിൽ തിരികെയെത്തി.
“വിമല ചേച്ചി ഇല്ലായിരുന്നു എങ്കിൽ കിരണിൻ്റെ അവസ്ഥ ആയേനെ എൻ്റെ മകനും..”
യോഗേഷിൻ്റെ അമ്മ വിമലയോട് നന്ദി പറഞ്ഞു.മാതാപിതാക്കളോടൊപ്പം ഫ്ലാറ്റ് ഒഴിഞ്ഞു പോകുമ്പോൾ അറിയാതെ അവൻ്റെ കണ്ണുകൾ 7A യുടെ നേരെ നീണ്ടു.
7A സീൽ ചെയ്തിരിക്കുന്നു.യോഗേഷിൽ നിന്നും അറിയാതെ ഒരു ദീർഘ നിശ്വാസം ഉയർന്നു.
✍️നിഷ പിള്ള
