“ആണുങ്ങളായാൽ അവർക്കോരോ ഇഷ്ടങ്ങളും താൽപ്പര്യങ്ങളുമെല്ലാം ഉണ്ടാവും കെട്ടാൻ പോണ പെൺക്കുട്ടിയെ കുറിച്ച്… ഞങ്ങളുടെ വിനുവിനും ഉണ്ട് അങ്ങനെ ചില ഇഷ്ടങ്ങളും താൽപര്യവുമെല്ലാം…. ”
അമ്മായിയും അമ്മാവനും രാവിലെ തന്നെ ഒരു ചിരിയോടെ വീട്ടിൽ വന്നു കയറിയിരുന്നു പറഞ്ഞു തുടങ്ങിയതും ചാന്ദിനിയുടെ നോട്ടം ഒന്ന് തന്റെ അച്ഛനമ്മമാരിലേക്കും അവർക്കരികിൽ നിൽക്കുന്ന ചേച്ചി നന്ദിനിയിലേയ്ക്കും പാറി വീണു….
അമ്മാവനും അമ്മായിയും പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലായതിന്റെ ഒരു തെളിച്ചമുണ്ടവരുടെ മുഖത്തെങ്കിൽ ചേച്ചിയുടെ മുഖത്തുള്ളത് ആഗ്രഹിച്ച, മോഹിച്ച ഒന്ന് കയ്യിൽ വരാൻ പോകുന്നതിന്റെ, തന്റെ സ്വന്തമാവാൻ പോവുന്നതിന്റെ നിറഞ്ഞ സന്തോഷമാണ്….
“ഞങ്ങളെന്താണ് പറഞ്ഞു വരുന്നതെന്ന് ശിവനും സുലുവിനും മനസ്സിലായല്ലേ….?
അച്ഛന്റെയും അമ്മയുടെയും മുഖത്ത് പ്രകടമായ സന്തോഷം കണ്ടതും അമ്മാവനൊരു ചിരിയോടെ ചോദിച്ചതും അമ്മായി വന്ന് നന്ദിനിചേച്ചിയെ തന്നോടു ചേർത്തു പുണർന്ന് ഉമ്മ വെയ്ക്കുന്നത് ഒരു കാഴ്ചക്കാരിയുടെ ലാഘവത്തോടെ നോക്കി നിന്നു ചാന്ദിനി….
വിനുവിന്റെ സങ്കല്പത്തിലെ പെൺക്കുട്ടിയാണെത്രേ നന്ദിനിമോൾ… അവന്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും എല്ലാം ഒത്തിണങ്ങിയവൾ… ഇവളെ ഞങ്ങൾക്കു വേണം ശിവാ മരുമകളായിട്ടല്ല മകളായിട്ട്… നീ തരില്ലേ….?
അമ്മായി ചേച്ചിയെ പുണർന്നു പിടിച്ചു കൊണ്ട് തന്നെ അച്ഛനോടു ചോദിയ്ക്കുന്നതും അച്ഛൻ നിറഞ്ഞ സ്നേഹത്തോടെ തന്നെ തന്റെ പെങ്ങളെയും മകളെയും ചേർത്തു പിടിയ്ക്കുന്നതു കൂടി കണ്ടതും മെല്ലെ കാഴ്ചകൾ മതിയാക്കി അകത്തേയ്ക്ക് നടന്നു ചാന്ദ്നി… ചാന്ദിനിയുടെ ആ പിൻമാറ്റം ഇടം കണ്ണാൽ കണ്ട നന്ദിനിയുടെ ചുണ്ടൊന്ന് തന്റെ അനിയത്തിയോടുള്ള പുച്ഛത്താൽ കോടിയതു പക്ഷെ ആരും കണ്ടില്ല…
“നീയെന്താടീ ചന്തൂ അവിടെ നിന്നവരുടെ സംസാരം മുഴുവൻ കേൾക്കാതെ അകത്തേയ്ക്ക് വന്നത്…?
നിനക്ക് വിഷമം വന്നോ അമ്മായി എന്നെ വിനുവേട്ടനുവേണ്ടി പെണ്ണു ചോദിയ്ക്കുന്നത് കണ്ടിട്ട്…?
വന്നവരെല്ലാം തിരികെ പോയതും ചാന്ദിനിയുടെ മുറിയിലേക്ക് തള്ളിക്കയറി വന്ന് ഒട്ടൊരുപരിഹാസത്തോടെ നന്ദിനി ചോദിച്ചതും അവളെ വെറുതെ അലസമെന്നോണം ഒന്നു നോക്കി ചാന്ദ്നി….
” ഞാൻ ചോദിച്ചത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ… ?
അതാണോ നീ ഇങ്ങനെ മിണ്ടാതെ തുറിച്ചു നോക്കുന്നത്….?
ചാന്ദിനിയെ കൊണ്ട് സംസാരിപ്പിച്ചേ അടങ്ങുവെന്നൊരു വാശിയുണ്ട് നന്ദിനിയിലാകെ
“എന്റെ പൊന്നു ചേച്ചീ… നിന്നെയവരു വന്ന് വിനോദേന്റെ പെണ്ണായി കൊടുക്കുവോ എന്ന് ചോദിച്ചതിന് എനിയ്ക്കെന്തു വിഷമം വരാനാ… നീയല്ലേ വിനോദേട്ടന്റെ മനസ്സിൽ കയറി പറ്റാൻ വേണ്ടി വിനോദേട്ടനിഷ്ട്ടമുള്ള പോലെയൊക്കെ നടന്നതും മാറിയതും… അല്ലാതെ ഞാനല്ലല്ലോ… ഞാനെന്നും എപ്പോഴും ഞാനായിട്ടേ ജീവിച്ചിട്ടുള്ളു… ഇനി മുന്നോട്ടും അങ്ങനെയേ ജീവിയ്ക്കുള്ളു… ആരുടെയും ഇഷ്ടത്തിനു വേണ്ടി മാറാനും മാറ്റാനും ഉള്ളതല്ലല്ലോ എന്റെ ജീവിതം…”
നന്ദിനിയിലൊരു പകപ്പു തീർക്കും വിധം വ്യക്തമായും സ്പഷ്ടമായും ചാന്ദ്നി പറഞ്ഞതും നന്നായ് തന്നെ അവൾക്കു മുമ്പിൽ വിളറി നന്ദിനി…
നിനക്കേ നല്ല അസൂയ ആണെടി എന്നോട്… നീ ആഗ്രഹിച്ച വിനുവേട്ടനെ എനിയ്ക്ക് സ്വന്തമായ് കിട്ടാൻ പോവുന്നതിന്..
ചാന്ദ്നിയ്ക്ക് മുന്നിൽ ചൊടിച്ചു കൊണ്ടെഴുന്നേറ്റു നിന്ന് നന്ദിനി പറഞ്ഞതും ദേഷ്യം നിറഞ്ഞു ചാന്ദ്നിയിലും…
“വെറുതെ എന്റെ മുറിയിൽ ഇടിച്ചു കയറി വന്ന് എന്നോടനാവശ്യം പറയരുത് ചേച്ചി… പറഞ്ഞാൽ ഞാൻ കേട്ടു നിന്നെന്നു വരില്ല… പറഞ്ഞേക്കാം….,
നന്ദിനിയ്ക്കു മുന്നിൽ ചാന്ദ്നിയുടെ ശബ്ദം വല്ലാതെ ഉയർന്നതും അച്ഛനും അമ്മയും ഓടിയെന്നതു പോലെ ചെന്നവിടേയ്ക്ക്…
ചെന്നു കയറിയതും ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ അമ്മ ചാന്ദിനിയുടെ ചുമലിൽ അവൾക്കു വേദനിയ്ക്കും വിധം ഒന്നടിച്ചതും വേദനയാൽ അറിയാതൊന്നേങ്ങി പോയ് ചാന്ദ്നി…. അതു കണ്ടതും ആഗ്രഹിച്ചതു നടന്ന സംതൃപ്തിയുടെ ചിരി തെളിഞ്ഞു നന്ദിനിയിൽ…
“ഇത്രയൊക്കെയായിട്ടും ഒരു പെണ്ണിനു വേണ്ട അടക്കവും ഒതുക്കവും പഠിക്കാതെ എന്റെ കൊച്ചിന്റെ മെക്കിട്ട് കയറുന്നോടീ അസത്തേ നീ…. ?
അവളു പറഞ്ഞത് സത്യമല്ലേ….?
നിനക്ക് നീ ആഗ്രഹിച്ചത് കിട്ടാത്തതിന്റെ അസൂയ തന്നെയാണ് ചന്തൂ നീയീ പറഞ്ഞു തീർക്കുന്നത്…..
അമ്മ അടിച്ചതിനെക്കാൾ കൂടുതൽ വേദനിച്ചു ചാന്ദ്നിയ്ക്ക് അമ്മയുടെ വാക്കുകൾ കേട്ട്…..
“ഞാനെപ്പോഴാണമ്മേ നിങ്ങളോടെനിയ്ക്ക് വിനോദേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ളത്…?
ഇതെല്ലാം കണ്ടിട്ടുംനിശബ്ദനായ് നിൽക്കുന്ന അച്ഛനെ അവഗണിച്ച് അമ്മയ്ക്ക് നേരെ തിരിഞ്ഞു ചാന്ദ്നി….
” നീ പറഞ്ഞിട്ടില്ലേ ടീ നിനക്ക് പോലീസുക്കാരെ വല്ലാതെയിഷ്ടമാണെന്ന്… വിനുവേട്ടൻ പോലീസല്ലേ… അതും സ്ഥലം എസ് ഐ….
വീറോടെ ചോദിയ്ക്കുന്ന നന്ദിനിയെ കണ്ടതും ചിരിപ്പൊട്ടി ചാന്ദ്നിയ്ക്ക്….
“നീയിത്രയും മണ്ടിയാണോ ചേച്ചീ…. കഷ്ടം… ഞാൻ പറഞ്ഞത് എനിയ്ക്ക് പോലീസുക്കാരെ ഇഷ്ടമാണെന്നാണ്… അല്ലാതെ പോലീസായ നിന്റെ വിനുവേട്ടനെ ഇഷ്ടമാണെന്നല്ല…. അല്ലെങ്കിലും കുഞ്ഞു നാൾ മുതൽ നിനക്കയാളോടുള്ള ഇഷ്ടം അറിയുന്ന ഞാനെന്തിനാടീ നീ പ്രേമിയ്ക്കുന്നവനെ തന്നെ ഇഷ്ടപ്പെടുന്നത്….?
ചാന്ദ്നിയുടെ വെട്ടിതുറന്ന ചോദ്യത്തിനു മുന്നിൽ നിശബ്ദരായ് നിന്നവരമ്മയും മകളും…
“അച്ഛാ….
അത്ര നേരവും നിശബ്ദനായൊരു കാഴ്ചക്കാരന്റെ റോളിൽ ഒതുങ്ങി നിൽക്കുന്ന അച്ഛനരികിൽ ചെന്ന് ചാന്ദ്നി വിളിച്ചതും തന്റെ മകളെ നിസ്സഹായതയോടെ നോക്കി അയാൾ….
അവരമ്മയും മകളും എന്തിനും ഏതിനും ചാന്ദ്നിയോട് വഴക്കിടുമ്പോൾ സ്വയമറിയാതെ തന്നെ നിശബ്ദനായ് പോവാറുണ്ടയാൾ…
“അച്ഛാ… ഞാനൊരിക്കലും അച്ഛന്റെ ചേച്ചിയുടെ മകനായ വിനോദിനെ ഇഷ്ടപ്പെട്ടിട്ടില്ല… ഇഷ്ടപ്പെടുകയും ഇല്ല…. പോലീസെന്ന പദവിയിലൂടെ ഈ രാജ്യത്തിനു വേണ്ടി സോഷ്യൽ സർവ്വീസ് ചെയ്യുന്ന ആളാണ് വിനോദേട്ടൻ…
‘പക്ഷെ എന്റെ അറിവിൽ പുള്ളിയിന്നും എന്നും സ്വന്തം ഇഷ്ടത്തിനും ആഗ്രഹത്തിനും ഒത്ത് മാത്രം ജീവിയ്ക്കുന്നൊരാളാണ്…. വിനുവേട്ടൻ വിവാഹം കഴിക്കുന്ന പെണ്ണിന് നീണ്ട മുടി വേണ്ടെന്നു പറഞ്ഞ് ചേച്ചിയുടെ മുടി ആദ്യം മുറിപ്പിച്ചു വിനോദേട്ടൻ… അതുപോലെ ചേച്ചി എന്തു കഴിക്കണം, എത്ര കഴിക്കണം, ഏതു ഡ്രസിടണം എന്നെല്ലാം തീരുമാനിയ്ക്കുന്നത് അയാളാണ്… ചേച്ചിയ്ക്ക് ചേച്ചിയുടേതായ ഇഷ്ടങ്ങളൊന്നും ഇല്ലേ… എല്ലാം വിനുവേട്ടന്റെ ഇഷ്ടത്തിനായാൽ നാളെയത് ചേച്ചിയുടെ ജീവിതത്തെയും സാരമായ് ബാധിയ്ക്കും… അയാളുടെ അടിമയാവും ചേച്ചി…. അതു കൊണ്ട്
ഈ വിവാഹം നടത്തണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിയ്ക്കുന്നത് ചേച്ചിയുടെ ഭാവിയ്ക്ക് നല്ലതാ അച്ഛാ…. ”
വരുംവരായ്കൾ ചിന്തിച്ചെന്ന പോലെ ചാന്ദ്നി പറഞ്ഞു നിർത്തിയതും ഇത്തവണ ചാന്ദിനിയുടെ ശരീരത്തിൽ പതിച്ചത് അച്ഛന്റെ കൈകളാണ്….
“എന്നെക്കാളധികം നീ വളർന്നിട്ടില്ലെടീ ഈ കുടുംബത്തിലെ കാര്യങ്ങൾ തീരുമാനിക്കാൻ…. കെട്ടുന്നവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിയ്ക്കുന്നത് നല്ല പെൺകുട്ടികളുടെ ലക്ഷണമാണ്.. നീയൊരു നല്ല പെണ്ണല്ല…. നിനക്കസൂയ ആണ് നന്ദിനിയോട്…..
ഇവരോരോ പ്രാവശ്യവും നിന്നെ പറ്റി ഓരോന്നു പറയുമ്പോഴും ഞാനതൊന്നും വിശ്വസിച്ചിരുന്നില്ല… പക്ഷെ ഇപ്പോ മനസ്സിലായെനിയ്ക്ക് നിന്റെ മനസ്സെത്ര ദുഷിച്ചതാണെന്ന്… ഇനി നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി… ഞങ്ങളുടെ ഒരാളുടെയും കാര്യത്തിൽ നീയ്യിനി ഇടപ്പെടരുത്…. സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ മതി ഇവിടുന്നങ്ങോട്ടു നീ….
തനിയ്ക്കു നേരെ വിരൽ ചൂണ്ടി വിറച്ചു പറയുന്ന അച്ഛനെയും തന്നെ പരിഹാസത്തിൽ നോക്കുന്ന ചേച്ചിയേയും ഒന്നു നോക്കി ആ മുറി വിട്ടിറങ്ങി ചാന്ദിനി പോവുമ്പോൾ ഇനിയൊരിക്കൽ കൂടി നന്ദിനിയുടെ ജീവിതത്തിടപെടില്ലെന്നുറപ്പിച്ചിരുന്നവൾ…
തീർത്തും ഒരപരിചിതയെ പോലെയാണ് നന്ദിനിയുടെ വിവാഹത്തിലും തുടർന്നുള്ള സൽക്കാരത്തിലുമെല്ലാം ചാന്ദ്നി പങ്കെടുത്തത്…
ദിവസങ്ങൾ മാസങ്ങളും വർഷങ്ങളുമായ് കടന്നു പോയ്….
രണ്ടു വർഷങ്ങൾക്കു ശേഷം ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് വാങ്ങി ചാന്ദ്നി വീട്ടിലെത്തുമ്പോൾ തിരിച്ചറിയാൻ പോലും പ്രയാസമുള്ളത്ര ക്ഷീണിച്ച നിലയിൽ നന്ദിനി അവിടെ ഉണ്ടായിരുന്നു….
“എന്റെ മോളെ നീ പറഞ്ഞതെല്ലാം ശരിയായിരുന്നെടീ…ഈ കഴിഞ്ഞ രണ്ടു കൊല്ലം എന്റെ കുഞ്ഞിനെയവൻ അവിടെയിട്ട് അവന്റെ ഇഷ്ടത്തിന് കൊല്ലാക്കൊല ചെയ്യുകയായിരുന്നു….. അവനെ അങ്ങനെ വിടരുത് മോളെ… അവൾക്കായ് എന്തെങ്കിലും ചെയ്യണം നീ… നിന്റെ വാക്കിന് വിലയുണ്ടെന്ന് അവനെ അറിയിച്ചു കൊടുക്കണം നമുക്ക്…”
ചാന്ദ്നിയുടെ കൈകൾ കൂട്ട് പിടിച്ചമ്മ പറഞ്ഞതും നേർത്തൊരു പുഞ്ചിരിയോടെ അമ്മയുടെ കൈ തന്റെ കയ്യിൽ നിന്ന് വേർപ്പെടുത്തി അകത്തേയ്ക്ക് നടന്നു ചാന്ദ്നി….
ഒന്നും മിണ്ടാതെയുള്ള അവളുടെ ആ പ്രവർത്തിയിൽ മിഴിഞ്ഞു അവരുടെ കണ്ണുകൾ…
മോളെ…
ദയനീയമായ് വിളിച്ചവളെ അച്ഛൻ….
“ഞാനെന്നും അച്ഛനെന്നോട് അന്ന് പറഞ്ഞത് അനുസരിയ്ക്കും അച്ഛാ… ഇവളുടെ ഒരു കാര്യത്തിലും ഞാനിടപ്പെടില്ല… ഒരിക്കലും…. അന്നച്ഛൻ പറഞ്ഞ വാക്കുകൾ അച്ഛൻ മറന്നാലും അന്നതു കേട്ട് മുറിഞ്ഞ എന്റെ മനസ്സിലാ മുറിവ് ഇന്നുമുണ്ട്… എന്റെ മരണം വരെ ഉണ്ടാവുകയും ചെയ്യും…’
ഉറപ്പോടെ പറഞ്ഞ് അകത്തേയ്ക്ക് നടന്നു മറയുന്നവളെ നിസ്സഹായായ് നോക്കി നിൽക്കുകയല്ലാതെ അവളോടു പറയാനൊരു മറുപടി അവരുടെ പക്കൽ ഉണ്ടായിരുന്നില്ല… ഉണ്ടാവുകയുമില്ല ഒരിക്കലും…..
✍️രജിത ജയൻ
