തന്റെ കയ്യിൽ നിന്ന് കുതറി രക്ഷപ്പെടാൻ നോക്കുന്ന അഭിരാമിയെ തന്റെ ശരീരത്തിലേക്കൊന്നു കൂടി ചേർത്തു നിർത്തി……

“കയ്യിൽ കിടന്ന് വെറുതെ കുതറാതെ ടീ അഭിമോ…ളെ… നീ….. നിന്നെ പറ്റി ഞങ്ങൾക്കുള്ള ചെറിയൊരു സംശയം തീർത്തിട്ട് നിന്നെ ഞങ്ങളിപ്പോ തന്നെ വിട്ടോളാം… അതല്ലാതെ, പഠിച്ച കരാട്ടയും കളരിപ്പയറ്റുമെല്ലാം ഞങ്ങളുടെ മേൽ പരീക്ഷിക്കാനാണ് പൊന്നുമോളുടെ തീരുമാനമെങ്കിൽ നിന്നെ പറ്റി ഞങ്ങൾക്കുള്ള സംശയങ്ങൾ ഇനിയും കൂടും… അതൊക്കെ നിന്റെയീ ബോഡിയിൽ ഞങ്ങള് തീർക്കുവേം ചെയ്യും… പിന്നെ ഞങ്ങള് പീഡിപ്പിച്ചെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷൻ കയറി നിരങ്ങി നടക്കേണ്ടി വരും നീ… അതല്ല ഒതുങ്ങി നല്ല കുട്ടിയായിട്ട് ഇവിടെ അടങ്ങി നിന്നാൽ ഒരഞ്ചു മിനിട്ട് കൊണ്ട് ഞങ്ങള് നിന്നെയങ്ങ് വിടും….

 

തന്റെ കയ്യിൽ നിന്ന് കുതറി രക്ഷപ്പെടാൻ നോക്കുന്ന അഭിരാമിയെ തന്റെ ശരീരത്തിലേക്കൊന്നു കൂടി ചേർത്തു നിർത്തി ആന്റോ ശബ്ദം കടുപ്പിച്ച് പറഞ്ഞതും അവന്റെ കയ്യിൽ കിടന്നുള്ള പിടച്ചിലവസാനിപ്പിച്ച് അഭിരാമി അവനെയും അവനൊപ്പമുള്ള രണ്ട് അവന്റെ രണ്ടു കൂട്ടുക്കാരെയും ഒന്നു നോക്കി

ഹാ… ചേട്ടൻ മര്യാദയ്ക്ക് പറഞ്ഞപ്പോ കൊച്ചിനത് വേഗം മനസ്സിലായല്ലോ… മിടുക്കി…

പ്രതിരോധം അവസാനിപ്പിച്ച് തന്റെ കയ്യിലൊതുങ്ങി നിൽക്കുന്ന അഭിയെ നോക്കി വിജയഗർവ്വോടെ ആന്റോ പറഞ്ഞതും അവനു നേരെ തിരിഞ്ഞു അഭിരാമി…

‘നിങ്ങളുടെ എന്തു സംശയം തീർക്കാനാണ് നിങ്ങളെന്നെ ഇവിടെയിപ്പോ പിടിച്ചു വെച്ചിരിയ്ക്കുന്നത്…?

ആണൊരുത്തന്റെ കൈക്കുള്ളിലാണ് താൻ നിൽക്കുന്നതെന്ന യാതൊരു ഭയവും മുഖത്ത് തൊട്ടു തീണ്ടാതെയുള്ള അഭിരാമിയുടെ ചോദ്യം ചെറുതായൊന്ന് അമ്പരപ്പിയ്ക്കുക തന്നെ ചെയ്തു ആന്റോയെയും കൂട്ടരെയും….

“അങ്ങനെ വലിയ സംശയം ഒന്നുമല്ല അഭിരാമി…. കൊച്ചൊരു പുലിക്കുട്ടിയാണെന്നും പെണ്ണെന്ന് പറയുമെങ്കിലും ആണിന്റെ സ്വഭാവവും കൈ കരുത്തും ആണ് കൊച്ചിനെന്നുമാണല്ലോ നമ്മുടെ ഈ കോളേജിലെ എല്ലാവരും പറയുന്നത്… അപ്പോ ഞങ്ങൾക്കൊരു സംശയം ഇനി ശരിയ്ക്കും നീയൊരു ആണാണോയെന്ന്…. അതൊന്ന് തീർക്കാമെന്ന് കരുതിയാണ് ഞങ്ങൾ…..

വൃത്തിക്കെട്ടൊരു ചിരിയോടെ പറയുന്നതിനൊപ്പം തന്നെ ആൻേറായുടെ കൈകൾ അഭിരാമി ധരിച്ചിരുന്ന ഷർട്ടിനു മുകളിലൂടെ അവളുടെ മാറിടങ്ങളിൽ അമരാൻ തുടങ്ങിയതും തന്റെ കണ്ണൊന്നു ചിമ്മി തുറന്നഭിരാമി…..

ആന്റോയുടെ കൈക്കുള്ളിൽ നിന്ന് അവനറിയും മുമ്പേ പുറത്തെത്തിയ അഭിരാമിയുടെ വലംകാൽ ഉയർന്നു താഴ്ന്നു ശക്തമായ് പതിച്ചത് ആന്റോയുടെ മർമ്മഭാഗത്തേയ്ക്ക് തന്നെയാണ്….

ആഞ്ഞുള്ളിലേയ്ക്ക് വലിച്ചെടുത്ത ശ്വാസം പുറത്തേയ്ക്ക് തള്ളാനാവാതെ കൈകൾ രണ്ടും തുടകൾക്കിടയിലേക്ക് പൊതിഞ്ഞു പിടിച്ച് കണ്ണും തുറിച്ച് ആന്റോ നിലത്തേക്കിരുന്നതും ഭയന്നവനെയും അഭിരാമിയെയും മാറി മാറി നോക്കി ആൻേറായുടെ കൂട്ടുകാർ….

തിരിച്ചഭിരാമിയെ ആക്രമിക്കാനോ കൂട്ടുക്കാരനെ ആശ്വസിപ്പിയ്ക്കാനോ ഒന്നും സമയം കിട്ടിയില്ല അവർക്ക്… അതിനുമുമ്പുതന്നെ അഭിരാമിയുടെ കൈകൾ ശക്തമായ് അവരിൽ പതിച്ചിരുന്നു…

“ഞാനൊരു പെണ്ണാണോ എന്നറിയാൻ എന്റെ ശരീരം തപ്പുന്നതിലും നിനക്കൊക്കെ നല്ലത് നിന്നെയൊക്കെ പാലൂട്ടി വളർത്തിയ സ്വന്തം അമ്മയുടെ നെഞ്ചത്ത് തന്നെ തപ്പുന്നതാണ്… അവർക്കുള്ളതൊക്കെ തന്നെയാണ് എനിയ്ക്കുമുള്ളത്… കേട്ടോ ടാ… പിന്നെ എനിയ്ക്കുള്ള തന്റേടവും എന്റെ കൈ കരുത്തും അത് ഞാൻ സ്വന്തമാക്കിയത് നിന്നെ പോലെയുള്ള സംശയ രോഗികളിൽ നിന്നിത് പോലെ സ്വയരക്ഷ നോക്കാനാന്ന്… പറയാതെ തന്നെ മനസ്സിലായല്ലോ ല്ലേ അത്… ഇനി മറക്കരുത്… മരണം വരെ.. ”

കൈ ചൂണ്ടി തങ്ങളോടു പറയുന്നവളെ നോക്കാൻ കൂടി ഭയന്നവർ നില്കേ യാതൊന്നും സംഭവിക്കാത്തതുപോലെ അവിടെ നിന്ന് തലയുയർത്തി നടന്നു പോയ് അഭിരാമി..

അഭിരാമി വീട്ടിലെത്തിയതും കണ്ടു കോളേജിൽ നടന്നതെല്ലാം കേട്ടറിഞ്ഞ് തന്നെ വിചാരണ ചെയ്യാനൊരുങ്ങി വന്നു നിൽക്കുന്ന ചേച്ചി അനുപമയെ….
അവൾക്കു പുറകിലായ് തന്നിൽ തന്നെ നോട്ടമുറപ്പിച്ച് നിൽക്കുന്ന അച്ഛനമ്മമാരെ കൂടി കണ്ടതും ദീർഘമായൊന്ന് ശ്വാസമയച്ച് തന്റെ ബുള്ളറ്റിൽ നിന്നിറങ്ങി അവർക്കടുത്തേയ്ക്ക് നടന്നു അഭിരാമി…

അനുപമയുടെ കണ്ണുകളും ബുള്ളറ്റിൽ നിന്നിറങ്ങി നടന്നു വരുന്ന അഭിരാമിയിൽ തന്നെയാണ്…

ആരും വീണ്ടുമൊന്നു കൂടി നോക്കി പോവുന്നത്രപ്രൗഡിയുണ്ട് അഭിരാമിയ്ക്കും അവളുടെ നടത്തതിനും എന്നു കണ്ടതും എന്തിനെന്നറിയാത്തൊരു ദേഷ്യമിരച്ചു അനുപമയ്ക്കുള്ളിൽ അഭിയോട്..

“പഠിക്കാനെന്ന് പറഞ്ഞ് നീ കോളേജ്ജിൽ പോണത് കണ്ട ചെക്കന്മാരെ തല്ലിച്ചതച്ച് ആശുപത്രിയിൽ ആക്കാനാണോടീ… ?
ഓരോ ദിവസവും ഓരോ പരാതിയാണല്ലോ നിന്നെ കുറിച്ച്…? നാണംകെട്ട് ജീവിക്കാൻ പറ്റാതെയായ് നീയൊരുത്തി കാരണം…

അഭിരാമി അടുത്തെത്തിയതും അതുവരെ കടിച്ചമർത്തിയ ദേഷ്യത്തോടെ അവൾക്കു നേരെ ചീറി അനുപമ…

“ഞാനാരെയും വെറുതെ കയറി തല്ലാറില്ല ചേച്ചി… പിന്നെ അവന്മാരെ തല്ലിയത് അവർക്കെന്നെ പറ്റിയുള്ള ചില സംശയങ്ങൾ തീർത്തു കൊടുത്തതിന്റെയാണ്….”

കൂസലേതുമില്ലാതെ അഭി പറഞ്ഞതും ഒരു പുച്ഛ ചിരി തെളിഞ്ഞു അനുപമയുടെ മുഖത്ത്

” ആ ചെക്കന്മാര് സംശയിച്ചതിൽ എന്താണെടീ തെറ്റ്…
പെണ്ണാണെന്ന് വെറുതെ പറഞ്ഞു നടന്നാൽ മാത്രം പോര അഭി..
അതിനു തക്ക രൂപവും കൂടി വേണം കയ്യിൽ…

“ചേച്ചി പറഞ്ഞതെനിയ്ക്ക് മനസ്സിലായില്ല… വ്യക്തമാക്കി ഒന്നു പറഞ്ഞേ…?

അനുപമയുടെ പരിഹാസം മനസ്സിലായിട്ടും യാതൊന്നും അറിയാത്തവളായ് ചോദിച്ചു അഭി

“ഇതിലിത്ര മനസ്സിലാക്കാൻ മാത്രം ഒന്നുമില്ല..
ഇപ്പോ തന്നെ നിന്നേം എന്നേം ഒന്നു നോക്കിക്കേ നീ…
നമ്മൾരണ്ടാളുംപെണ്ണുങ്ങളാണ്…ഒരച്ഛനമ്മമാരുടെ മക്കൾ… പക്ഷെ എന്തൊരു വ്യത്യാസമാണ് നമ്മളെ രണ്ടാളേം കാണാൻ….
നീ തന്നെ നോക്ക്….
അല്ലെങ്കിൽ ദേ ഇരിയ്ക്കുന്നു നമ്മുടെഅച്ഛനും അമ്മയും… നീ ചോദിയ്ക്കവരോട്, നിന്നെ കണ്ടാൽ ആണിനെ പോലെ ഇല്ലേന്ന്…. ?

മുഖവും വീർപ്പിച്ച് ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്ന അനിയത്തി അഭിരാമിയെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും വീണ്ടും ഹരം കയറി അനുപമയ്ക്ക്…..

“ഞാൻ പറഞ്ഞത് സത്യമല്ലേ അമ്മേ… ഇവള് പെണ്ണാണെന്ന് ഇവളു പറയുമ്പോഴല്ലാതെ ഇവളെ കാണുന്ന ആർക്കേലും തോന്നുമോ ഇവൾ പെണ്ണാണെന്ന്….
ആണുങ്ങളെ പോലെ മുടിയും വെട്ടി അവരെ പോലെ ഡ്രസ്സും ഇട്ട് അഭിരാമിയെന്ന പേര് അഭിയെന്ന് ചുരുക്കി നടക്കുന്ന ഇവൾ ശരിയ്ക്കും ഒരു ആൺക്കുട്ടി തന്നെയാണ് എന്റെ കണ്ണിലും….”

“എനിയ്ക്ക് ഇവളെ പറ്റി തോന്നിയ അതേ സംശയം ഇവളുടെ കോളേജിലെ ആ ചെക്കന്മാർക്കും തോന്നിയിട്ടുണ്ടാവും … അതാവും അവരിവളുടെ നെഞ്ച് വിരിവ് നോക്കാൻ വന്നത്… അതിനവരെ തല്ലി കയ്യും കാലും ഒടിച്ച് ആശുപത്രിയിലിട്ട് ഇവിടെ ഇങ്ങനെ തെളിഞ്ഞിവൾ നിൽക്കുന്നത് നിങ്ങള് രണ്ടാളും അവളെയൊന്നും പറയില്ലാന്നുള്ള ധൈര്യം അവൾക്കുള്ളതുകൊണ്ടാണ്…

എന്തായാലും എന്റെ ഗണേശേട്ടൻ ഇവളെ ഈ കേസിൽ നിന്നൂരിയെടുക്കുമെന്ന് നിങ്ങളാരും കരുതണ്ട… ഇവളുണ്ടാക്കുന്ന കേസിൽ നിന്നിവളെ രക്ഷിക്കാൻ വേണ്ടിയല്ല എന്റെ ഗണേശേട്ടൻ കഷ്ടപ്പെട്ട് പഠിച്ച് വക്കീൽ ആയത്….
പോയ് കിടക്കട്ടെ ഇവള് കുറച്ചു നാള് ജയിലിൽ… അന്നേരം നിർത്തിക്കോളും ഇവളിവളുടെ നാടു നന്നാക്കലും തല്ല് ഉണ്ടാക്കലും….

തനിയ്ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ് അനുപമ ,അഭിയേയും അച്ഛനെയും അമ്മയേയും എല്ലാം മാറി മാറി ഒന്നു നോക്കി… അഭിയുടെ കാര്യത്തിൽ ഇടപ്പെടാൻ തന്നെ അവർ ഇനിയും നിർബന്ധിക്കും എന്ന പ്രതീക്ഷയോടെ തന്നെ….

എന്നാൽ അനുപമ എന്നൊരു മകളെയോ അവളുടെ വാക്കുകളെയോ ഒട്ടും ശ്രദ്ധിക്കാതെ അഭിയെ ഒരു ചെറുചിരിയോടെ തന്റെ നെഞ്ചിക്കേണച്ചുപിടിച്ചു അച്ഛൻ…

“എത്ര ദിവസം എടുക്കുമെടി കാന്താരീ അവന്മാര് ആശുപത്രി വിടാൻ…?

ചിരിയോടെ അഭിയെ നോക്കി ചോദിയ്ക്കുന്ന അമ്മയേയും അവളെ നെഞ്ചോരം ചേർത്തു പിടിച്ച അച്ഛനെയും പകപ്പോടെ മാറി മാറി നോക്കി അനുപമ…

“രണ്ടവന്മാർ ചിലപ്പോ വേഗം ഇറങ്ങും അച്ഛാ ഹോസ്പ്പിറ്റലി നിന്ന്…. പക്ഷെയാ ആന്റോ ഇറങ്ങാൻ ഇത്തിരി താമസിയ്ക്കും, അവന് മൂത്രതടസം ഉണ്ടാവാനുള്ളൊരു സാധ്യത ഞാൻ കാണുന്നുണ്ട്…. ”

ചിരിയോടെ പറയുന്ന അഭിയെ അതിലും ചിരിയോടെ നോക്കുന്ന അച്ഛനമ്മമാരെ പകച്ചു നോക്കി അനുപമ…

അമ്മേ.. നിങ്ങളിത്….’

എന്തോ പറയാനായ് അനുപമ വാ തുറന്നതും കൈ നീട്ടിയത് തടഞ്ഞു അമ്മ…

“നിനക്ക് പറയാനുള്ളതെല്ലാം നീ പറഞ്ഞ് കഴിഞ്ഞില്ലേ… ഇനി മതി… നീ ചെല്ലാൻ നോക്ക് നിന്റെ കെട്ടിയവൻ ഗണേശേട്ടന്റെ അടുത്തേയ്ക്ക്…”

ഗൗരവത്തിൽ പറയുന്ന അമ്മയെ തുറിച്ചു നോക്കി അനുപമ…

“നീയെന്നെ ഞങ്ങളുടെ മൂത്ത മകൾ എന്നും സ്വന്തം കാര്യത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നവളാണെന്ന് നിന്റെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞവരാണ് ഞങ്ങൾ… എന്നാൽ നിന്നെ പോലെ ആയിരുന്നില്ല അഭി… അവൾക്കെല്ലാവരോടും സ്നേഹമാണ്… നിന്നോടും… നിനക്ക് പക്ഷെ അസൂയയും കുശുമ്പും ഒക്കെയാണ് നിന്റെയീ കൂടപ്പിറപ്പിനോട്…

അതറിയുന്നതു കൊണ്ടു തന്നെയാണ് നാളെ ഞങ്ങളില്ലാതെ ആയാലും ഞങ്ങളുടെ കുഞ്ഞിന് മറ്റൊരാളെ പ്രത്യേകിച്ച് അവളെ തീരെ ഇഷ്ടമില്ലാത്ത നിന്നെ ഒരു കാര്യത്തിനും ആശ്രയിക്കേണ്ടി വരരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചത്…
ഞങ്ങളുടെ ആ ആഗ്രഹമാണ് ഞങ്ങളുടെ ഈ മകൾ… അവളാരായാലും എന്തായാലും ഞങ്ങൾക്കൊന്നറിയാം അവളിന്നത്തെ കാലത്തെ പെൺകുട്ടിയാണ്… സ്വന്തം കാര്യം സ്വയം നോക്കാനറിയുന്ന ഒരു കാര്യത്തിനും ഒരാളെയും ആശ്രയിക്കാത്ത പെൺകുട്ടി… എന്നും അവൾ അങ്ങനെ തന്നെയാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും…’

പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതും അഭിയെ ചേർത്തു പിടിച്ചവർ അകത്തേയ്ക്ക് നടന്നപ്പോൾ സ്വന്തം അനിയത്തിയോടുള്ള അടങ്ങാത്ത അസൂയയും മനസ്സിൽ നിറച്ച് തലയും കുനിച്ച് തിരിച്ചു നടന്നു അനുപമ… തന്നെ എപ്പോഴും കളിയാക്കുന്ന, കുത്തുവാക്കുകൾ പറയുന്ന ഭർത്താവിന്റെ അടുത്തേയ്ക്ക് തന്നെ….. അഭിയുടെ പാതി ധൈര്യമുണ്ടായിരുന്നെങ്കിൽ താനതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന ചിന്തയോടെ തന്നെ….

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *