ഭാര്യയെയെക്കാൾ ചേച്ചിയ്ക്കാണ് തന്റെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമെന്ന് രാഖിയെ മ്പോധ്യപ്പെടുത്താനായ് ഓരോ ദിവസവും വീട്ടിൽ ഓരോ….

”ഏതു നേരവും ആ ചെക്കന്റെ അടുത്തിങ്ങനെ അടയിരിക്കാതെ നീയാ അടുക്കളയിൽ ബാക്കിയുള്ള പണികളെന്തൊക്കെയാണെന്നു വെച്ചാൽ ചെന്ന് ചെയ്യ് രാഖീ… ”

ഓഫീസിൽ നിന്നും വന്നു കയറിതേ തലവേദനയാണെന്നു പറഞ്ഞ് നെറ്റിയുഴിഞ്ഞ് സോഫയിലിരുന്ന പ്രകാശന്റെ നെറ്റിയിൽ പുരട്ടാനുള്ള ബാം ഷെൽഫിൽ നിന്നെടുത്ത് തിരിഞ്ഞതേ തന്റെ പുറകിൽ കേട്ട നിർദ്ദേശത്തിൽ പ്രതീക്ഷിച്ചതെന്തോ സംഭവിച്ചതുപോലൊരു ദീർഘശ്വാസമുതിർന്നു രാഖിയിൽ നിന്ന്….

“അടുക്കളയിലെ ജോലികളെല്ലാം തീർന്നു ചേച്ചി… ഞാൻ പ്രകാശേട്ടന് തലവേദനയാണെന്നു പറഞ്ഞപ്പോ ബാം എടു….

പറഞ്ഞു പൂർത്തിയാക്കിയില്ല രാഖി അതിനു മുമ്പുതന്നെ അവളുടെ കയ്യിൽ നിന്നാ ബാംതട്ടിപ്പറിച്ചന്നെ പോലെ വാങ്ങിയിരുന്നു പ്രവിതയെന്ന പ്രകാശിന്റെ ചേച്ചി…

“അവന് ഞാനിട്ടു കൊടുത്തോളാം ബാം… നീ ചെന്ന് വേറെയെന്തെങ്കിലും ജോലി ഉണ്ടെങ്കിലത് ചെയ്തു തീർക്കാൻ നോക്ക്…”

പ്രകാശന്റെ അടുത്തേയ്ക്ക് ബാം കയ്യിലെടുത്ത് നടന്ന് പ്രവിത പറഞ്ഞതും ഉള്ളിൽ ഇരച്ചെത്തുന്ന ദേഷ്യമടക്കി പിടിച്ചവരെ നോക്കി നിന്നു രാഖി….

‘നിനക്ക് തലവേദന ഉണ്ടായിട്ട് നീയെന്താ പ്രകാശാ എന്നോടു പറയാതിരുന്നത്… ഞാനിവിടെ ഉള്ളത് നീ കണ്ടില്ലായിരുന്നോ…?

രാഖി ബാം എടുത്ത് വരുന്നതും പ്രതീക്ഷിച്ച് സോഫയിലിരുന്ന പ്രകാശൻ ചേച്ചിയെ പെട്ടന്ന് മുമ്പിൽ കണ്ടതും ഒന്നു വിളറി ചിരിച്ചു പോയി…. നിസ്സഹായത നിറഞ്ഞു വിളറി പോയതാണ് ആ ചിരിയെന്നു പക്ഷെ പ്രവിതയറിഞ്ഞില്ല…

മുറിയിൽ പോയി കിടന്നാൽ ചേച്ചി രാഖിയ്ക്ക് പുറകെ മുറിയിൽ വരും എന്നറിയാവുന്നതുകൊണ്ടാണ് ഇവിടെയീ ഹാളിലിരുന്നത്… എന്നിട്ടും….

മനസ്സിലോർത്ത് പ്രകാശൻ അടുക്കളയിലേക്കൊന്ന് പാളി നോക്കിയതും കണ്ടു തന്നെ നോക്കുന്ന രാഖിയെ…. അവൾക്കൊപ്പം അല്പനേരം ഇരിക്കാമെന്നു കരുതിയാണ് ഓഫീസിൽ നിന്നിത്തിരി നേരത്തെ ഇറങ്ങിയതും ഇല്ലാത്തൊരു തലവേദന പറഞ്ഞിവിടെ ഇരുന്നതും …. അതും നേരത്തെ വന്നതെന്തിനാണെന്ന ചേച്ചിയുടെ നൂറു ചോദ്യങ്ങളിൽ നിന്ന് രക്ഷനേടാൻ….

എല്ലാം വെറുതെയായെന്ന ചിന്തയോടെ പ്രകാശൻ സോഫയിലമർന്നിരുന്ന് കണ്ണുകളടച്ചതും പ്രവിത അവന്റെ നെറ്റിയിൽ കയ്യിലിരുന്ന ബാം പുരട്ടി തുടങ്ങിയിരുന്നു…

ഇല്ലാത്ത തലവേദനയ്ക്ക് ആവശ്യമില്ലാതെ പുരട്ടുന്ന ബാമിന്റെ പൊള്ളൽ നെറ്റിയിൽ നിറഞ്ഞതും കണ്ണു നിറഞ്ഞവന്റെ…

അതു കണ്ടതും നല്ല തലവേദന ആണോടാ എന്നൊരു ചോദ്യത്തോടെ കയ്യിലുള്ള ബാം കുറച്ചധികമെടുത്ത് അവന്റെ നെറ്റിയിൽ പ്രവിത പുരട്ടിയതും ഒന്നും അവരോടു പറയാൻ വയ്യാത്തൊരു നിസ്സഹായതയോടെ അതേ ഇരിപ്പവിടെ ഇരുന്നു പ്രകാശനും

രാഖി തന്റെ ഭാര്യയായ് വന്നതിൽ പിന്നെയാണ് ചേച്ചി ഇത്രത്തോളം തന്റെ ജീവിതത്തിൽ കൈകടത്തി തുടങ്ങിയതെന്ന ചിന്തയിൽ കണ്ണൊന്നു തുറക്കാൻ ശ്രമിച്ചു പ്രകാശനെങ്കിലും അസഹ്യമായ പൊള്ളലിലും നീറ്റലിലും അവന്റെ കണ്ണുകൾ വേഗത്തിലടഞ്ഞു….

അമ്മയില്ലാത്ത തന്നെ അമ്മയുടെ സ്ഥാനത്തു നിന്ന് വളർത്തിയത് വളർത്തിയത് ചേച്ചിയാണെന്നും പറഞ്ഞാണ് തന്റെ ജീവിതത്തിലെ എല്ലായിടത്തും ചേച്ചിയീ അധികാരം കാണിയ്ക്കുന്നത്…. രാഖിയോട് ഓരോ പ്രാവശ്യവുമത് ചേച്ചി ഓർമ്മിപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോഴും ചേച്ചി മറന്നു പോവുന്ന മറ്റൊന്നുണ്ട് രാഖി തന്റെ ജീവിതത്തിലേക്ക് പ്രണയമായ് വന്നതിനു ശേഷമാണ് തങ്ങളുടെ അമ്മ മരിച്ചതെന്ന്….. തന്നെയും തന്റെ വീട്ടുക്കാരെയും തന്നോളം തന്നെ അവൾക്കും അറിയാമെന്ന്….

ഭാര്യയെയെക്കാൾ ചേച്ചിയ്ക്കാണ് തന്റെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമെന്ന് രാഖിയെ മ്പോധ്യപ്പെടുത്താനായ്
ഓരോ ദിവസവും വീട്ടിൽ ഓരോ പ്രശ്നങ്ങളുണ്ടാകും ചേച്ചി… രാഖി വഴക്കുണ്ടാക്കാൻ വേണ്ടി മാത്രം… പക്ഷെ ഇന്നുവരെ രാഖി ചേച്ചിയെ എതിർത്തൊന്നും പറയാൻ നിൽക്കാതെ സ്വയം മാറിയൊഴിഞ്ഞ് പോയിട്ടേയുള്ളു… ദാ ഇപ്പോൾ കൂടി….

വിവാഹം കഴിഞ്ഞ് ഭർത്താവും കുട്ടികളുമെല്ലാം ഉണ്ട് ചേച്ചിയ്ക്ക്..
നല്ലൊന്നാന്തരമൊരു വീടും ഉണ്ടവർക്ക് ഇവിടുന്ന് കുറച്ചു മാറിയിട്ട്…. എന്നാലും സ്വന്തമായ് വീട്ടിലുണ്ടെങ്കിൽ ചേച്ചിയിവിടെയേ നിൽക്കുള്ളു…
അതും തനിയ്ക്കൊപ്പമേ നിൽക്കൂ…അതിനി പകലും രാത്രിയുമെല്ലാം കണക്കാണ്…
അന്നേരം കൂടെ അളിയനോ മക്കളോ ഒന്നും വേണമെന്നില്ല ചേച്ചിയ്ക്ക്…

“പ്രകാശേട്ടാ… ദേ ഈ ചായ കുടിച്ച് നോക്ക്…. നല്ല കടുപ്പത്തിലുണ്ടാക്കിയതാണ് ഞാൻ.. തലവേദന പോവും….”

നിറഞ്ഞ ചിരിയോടെ തനിയ്ക്കു നേരെ ചായ കപ്പ് നീട്ടുന്ന രാഖിയുടെ മുഖത്തേയ്ക്ക് വർദ്ധിച്ച സ്നേഹത്തോടെ നോക്കി ചായകപ്പ് വാങ്ങാൻ പ്രകാശൻ കൈ നീട്ടിയതും അവനും മുമ്പേയാ കപ്പ് വാങ്ങി സ്വന്തം ചുണ്ടോടു ചേർത്തിരുന്നു പ്രവിത

ഇതൊക്കെയാണോ രാഖീ കടുപ്പത്തിലുള്ള ചായ…. ഒരു ചായ നേരെ ഇടാനും കൂടി അറിയില്ലേ നിനക്ക്….?

ആകെ രസമില്ലായ്കയുടെ ഒരു ഗോഷ്ഠി മുഖത്തു വരുത്തി കൊണ്ട് ചേച്ചി ചോദിച്ചതു കേട്ടതും പ്രകാശൻ കണ്ണൊന്നടച്ചു തന്റെ ദേഷ്യം നിയന്ത്രിച്ചു വേഗത്തിൽ…..

“നീയൊരു അഞ്ചു മിനിട്ട് ഇവിടെ കണ്ണടച്ച് കിടക്ക് പ്രകാശാ… അപ്പോഴേയ്ക്കും നല്ല കടുപ്പത്തിലൊരു ചായ ഞാനുണ്ടാക്കി തരാം നിനക്ക്… അല്ലാതെ ഈ കാടിവെള്ളം പോലെയുള്ള ചായക്കുടിച്ചാലൊന്നും നിന്റെ തലവേദന പോവില്ല…. ഇതിവളുതന്നെ കുടിച്ചോട്ടെ…. ”

പ്രകാശനോടിത്തിരി ഗൗരവത്തിൽ പറയുന്നതിനൊപ്പം കയ്യിലെ ചായ കപ്പ് തിരികെ രാവിയുടെ കയ്യിൽ തന്നെയേൽപ്പിച്ച് ചേച്ചി കിച്ചണിലേക്കു നടന്നതും രാഖിയെ ഒന്നു നോക്കാൻ കൂടി ധൈര്യപ്പെടാതെ സോഫയിലേക്ക് തല അമർത്തിയവൻ… ഏതൊരു ഭാര്യയുടെയും ക്ഷമ അളക്കുന്ന പ്രവർത്തികളാണ് ചേച്ചിചെയ്യുന്നത്… എന്നിട്ടും രാഖി അതെല്ലാം കണ്ടില്ലെന്നു നടിയ്ക്കുന്നത് താനൊരാൾക്ക് വേണ്ടിയാണ്….

“എന്റെ പ്രകാശേട്ടാ ഞാനിത് പ്രതീക്ഷിച്ചു തന്നെയാണ് വന്നത്…… ദേ ഈ ചായ പോലും ഞാനെന്റെ ടേസ്റ്റിനാണ് ഉണ്ടാക്കിയത്… ചേച്ചിയെ എനിക്കറിയാലോ….

ചിരിയോടെ രാഖി പറയുമ്പോഴും ശബ്ദം നഷ്ടപ്പെട്ടതു പോലെ അവൾക്കു മുമ്പിലിരുന്നതേയുള്ളു പ്രകാശൻ….

“സത്യം പറ പ്രകാശേട്ടാ…. തലവേദനാന്ന് കള്ളം പറഞ്ഞതല്ലേ ചേച്ചിയെ പറ്റിക്കാനായ്…. ഇവിടെ എന്റൊപ്പം കുറച്ചു നേരം ഇരിക്കാൻ വേണ്ടി ഓഫീസിന്ന് ചാടിയതല്ലേ ശരിയ്ക്കും പ്രകാശേട്ടൻ…?

തന്റെ മനസ്സറിഞ്ഞ് ചോദിക്കുന്നവളെ മറുപടിയേതുമില്ലാതെ നോക്കി കണ്ടു പ്രകാശൻ…..

“രാഖീ…. ചായ ഞാൻ പാകമാക്കി വെച്ചിട്ടുണ്ട്…ചെന്നെടുത്തു വാ…. ”

ഒരല്പസമയം പോലും അവരെ തനിച്ചു വിടില്ലെന്നതു പോലെ അവർക്കിടയിലേക്ക് വേഗത്തിൽ വന്നിരുന്ന് കല്പ്പിക്കുന്ന പ്രവിതയെ പല്ലുകടിച്ചൊന്നു നോക്കി പോയ് പ്രകാശൻ….

”രാഖീ…. ഞാൻ ദൂരെ എവിടേലും സ്ഥലം മാറ്റം നോക്കിയാലോ…ചേച്ചിയിങ്ങനെ തുടങ്ങിലത് ശരിയാവില്ലല്ലോ… പോയ്പോയ് അവരിനിയിപ്പോ നമ്മുടെ ഈ ബെഡ് റൂമിൽ മാത്രമേ അധികാരം കാണിക്കാത്തത് ഉള്ളു… ഇങ്ങനാണ് ചേച്ചിയുടെ പ്രവർത്തിയെങ്കിൽ അധികം വൈകാതെ തന്നെ ഇവിടെ നമുക്കിടയിലേക്കും വരും ചേച്ചി…. ”

സ്വന്തം കൂടപ്പിറപ്പിനെ കൊണ്ട്ആകെ മടുത്തു പോയൊരുവന്റെ ശബ്ദമാണതെന്ന് വേഗം തിരിച്ചറിഞ്ഞു രാഖിയും

ചേച്ചിയുടെ ഞങ്ങൾക്കിടയിലെ ഈ അവകാശം കാണിക്കൽ ശരിയല്ലെന്ന് പ്രകാശേട്ടൻ ചേച്ചിയുടെ മുഖത്തു നോക്കി പറഞ്ഞതിന് ഇനി ഞാൻ ജീവിച്ചിരിക്കില്ലെന്ന നിലവിളിയോടെ മുറിയിൽ കയറി കഴുത്തിൽ കുരുക്കിട്ട ചേച്ചിയുടെ പ്രവർത്തിയോർത്തുള്ള ഭയം കൊണ്ടാണ് അവരെ വീണ്ടും എതിർക്കാൻ എല്ലാവർക്കും ഭയം….

സ്വന്തം വീടുണ്ടായിട്ടും ഭാര്യവീട്ടിലിങ്ങനെ ഇടയ്ക്കിടെ വന്നു നിൽക്കുന്നതിന്റെ ചെറിയൊരു നാണക്കേട് അളിയനും ഉണ്ടെങ്കിലും ചേച്ചിയുടെ സ്വഭാവത്തെ ഭയമാണ് സുധാകരളിയനും…

ദിവസങ്ങൾ മുന്നോട്ടു പോവുംതോറും രാഖി പ്രകാശന്റെ കാര്യങ്ങളിൽ വലിയ ശ്രദ്ധ കൊടുക്കാതെ അവനെ തഴഞ്ഞെന്ന പോലെ നടക്കുന്നതും തന്റെ ഭർത്താവ് സുധാകരന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും പ്രവിത ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു…

തുടക്കത്തിലെല്ലാം അലസമായതിനെ കൈകാര്യം ചെയ്ത പ്രവിതപക്ഷെ സുധാകരനുമിപ്പോൾ സംസാരിക്കുന്നതേറെയും രാഖിയെ പറ്റിയാണെന്നത് ശ്രദ്ധിച്ചതും അസ്വസ്ഥയായ്…

“ചേച്ചീ…. സുധാകരേട്ടനെവിടെ…പുറത്തൊന്നും കാണുന്നില്ലല്ലോ… മുറിയിലാണോ….?

പിറ്റേ ദിവസം കയ്യിലൊരു കപ്പ് ചായയുമെടുത്ത് തന്റെ ഭർത്താവിനെ അന്വേഷിയ്ക്കുന്ന രാഖിയെ ചോദ്യഭാവത്തിൽ നോക്കി പ്രവിത…

“ഞാനിടുന്ന ചായ അടിപൊളിയാണെന്ന് കഴിഞ്ഞ ദിവസം സുധാകരേട്ടൻ പറഞ്ഞിരുന്നു.. ഉണ്ടാക്കുമ്പോഴെല്ലാം കൊടുക്കാനും പറഞ്ഞിരുന്നെന്നോട്… ഏട്ടൻ മുറിയിലാണോ ചേച്ചീ…?

ചിരിയോടെ പറഞ്ഞ് സുധാകരനെ തിരഞ്ഞ് രാഖി തങ്ങളുടെ ബെഡ്റൂമിലേക്ക് നടന്നതും നിയന്ത്രണം വിട്ടു പ്രവിതയ്ക്ക്…

” നീ ആ ചായ ഇങ്ങ് തന്നേക്ക്, ഞാൻ കൊടുക്കാം ഏട്ടന്… പ്രകാശൻ ഓഫീസിൽ പോവാനായില്ലേ… നീ അവന് കാപ്പി എടുത്ത് കൊടുക്ക്….. ”

രാഖിയിൽ നിന്ന് ചായ കപ്പ് വാങ്ങാനെന്നോണം കൈ നീട്ടി പ്രവിത പറഞ്ഞതും അതു വേണ്ടന്നു പറഞ്ഞൊഴിഞ്ഞു രാഖി…

” പ്രകാശേട്ടന് പതിവായിട്ട് ഭക്ഷണം ചേച്ചിയല്ലേ നൽക്കാറ്…. ഇന്നിനി അതിനു മാറ്റം വരുത്തണ്ട… ഇത് ഞാൻ കൊടുത്തോളാം… എനിയ്ക്ക് സുധാകരേട്ടനോട് ഒന്നു രണ്ട് കാര്യങ്ങൾ ചോദിയ്ക്കാനും ഉണ്ട്…”

പ്രവിതയോടു പറഞ്ഞ് നടന്ന് രാഖി പോയതും സമാധാനം നഷ്ടപ്പെട്ടു പ്രവിതയ്ക്ക്… അതോടെ യാതൊന്നും ചെയ്യാൻ കഴിയാതെ പിന്നീടങ്ങോട്ടവൾ രാഖിയെ ചുറ്റിപറ്റി തന്നെ നിന്നു…

രാഖിയാണെങ്കിലും സുധാകരനാണെങ്കിലും പ്രവിതയുടെ ശ്രദ്ധ തങ്ങളിലാണെന്നറിഞ്ഞുതന്നെ കൂടുതൽ അടുപ്പത്തോടെ പരസ്പരം പെരുമാറി തുടങ്ങി…

പ്രകാശനെന്നൊരാളെ ശ്രദ്ധിയ്ക്കുക പോലും ചെയ്യാതെ എന്തിനും ഏതിനും സുധാകരനെ രാഖി വിളിച്ചു തുടങ്ങിയതും അതോടൊപ്പം തന്നിൽ നിന്ന് പ്രകടമായുള്ള സുധാകരന്റെ അകൽച്ചയും പ്രവിതയെ വല്ലാതെ തളർത്തി….

“പ്രകാശാ… ഞങ്ങളിന്നു മുതൽ അവിടെ ഞങ്ങളുടെ വീട്ടിലാണെടാ നിൽക്കുന്നത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ നീ വിളിച്ചാൽ മതി ഞാൻ വന്നോളാം…’

കൂടുതൽ സംസാരത്തിനു മുതിരാതെ പിറ്റേന്നു വൈകുന്നേരം തന്നെ പ്രവിത എല്ലാവരെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങും വഴി പറഞ്ഞതും ഉള്ളിൽ പൊട്ടി വന്ന ചിരിയടക്കി പ്രകാശനും രാഖിയും പിന്നെ സുധാകരനും….

“വലിയൊരാനെയെ പേടിപ്പിക്കാൻ ഇത്തിരിയുള്ള തോട്ടി മതി… പിന്നെയാണൊരു പ്രവിതേച്ചി അല്ലേടി രാഖീ…”

പടിക്കടന്ന് പ്രവിത മറഞ്ഞതും രാഖിയെ ഇടുപ്പോടെ ചുറ്റിവരിഞ്ഞു നെഞ്ചോടടുക്കി പ്രകാശൻ ചോദിച്ചതും ആ വീടിനുള്ളിലാകെ സ്വാതന്ത്ര്യം ലഭിച്ചതു പോലെ രാഖിയുടെ പൊട്ടിച്ചിരി നിറഞ്ഞവിടെയൊന്നാകെ…..

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *